നാല്‌പാലക്കര ദേശത്തെ പെണ്ണുങ്ങൾ പ്രസവകാര്യങ്ങൾക്കായി ആശുപത്രികളെയൊന്നും അഭയം പ്രാപിച്ചിരുന്നില്ല. താന്താങ്ങളുടെ ഭവനങ്ങളിൽ സജ്ജീകരിക്കപ്പെടുന്ന പേറ്റ് മുറികളിൽ പ്രസവിച്ച് പോന്നു. പ്രസവ ശുശ്രൂഷകൾക്കനുയോജ്യമായ ആശുപത്രികളൊന്നും ആ ദേശത്ത് ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം.
പെണ്ണ് ഗർഭിണിയായാൽ വീട്ടിലെ മുതിർന്നവർ ജാഗരൂകരാകും. നാളും, തീയതിയും, മാസവുമൊക്കെ കൃത്യമായി കണക്ക് കൂട്ടി വയ്‌ക്കും. ഒൻപതാം മാസം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രസവമുറി സജ്ജമാക്കപ്പെടും. അതിനൊക്കെ എത്രയോ മുൻപേ, സൂതികർമ്മിണിയായ കാവമ്മയെ വിവരം ധരിപ്പിച്ചിരിക്കും.
കാവമ്മയുടെ ഒരു നോട്ടം അത്തരം വീടുകളിലുണ്ടാകും. എവിടെയെങ്കിലും പോകുന്ന വഴിയോ, പോയിട്ട് മടങ്ങിവരുമ്പോഴോ, ദിവസത്തിൽ ഒരിക്കലെങ്കിലും, കാവമ്മ ഗർഭിണികളുളള വീടുകളിൽ കയറി ക്ഷേമാന്വേഷണം നടത്താതിരിക്കയില്ല.
ഗർഭിണികൾ പേറ്റ് നോവ് വരുന്നതും കാത്തിരിക്കും. വേദനയുടെ നേരിയ ലക്ഷണമെങ്ങാനും തോന്നിയാൽ മതി, ഉടനെ പേറ്റ് മുറിയിൽ കടന്ന് കട്ടിലിൽ കയറിക്കിടക്കും. അതിനിടയിൽ കാവമ്മയ്‌ക്ക് ആള് പോയിട്ടുണ്ടാകും. അതിശീഘ്രം കാവമ്മ പാഞ്ഞെത്തുകയും വേദനയാൽ പിടയുന്ന ഗർഭിണിയ്‌ക്കുചുറ്റും കൂടി നിൽക്കുന്ന സ്‌ത്രീകളെയെല്ലാം പുറത്താക്കി കതക് അകത്തുനിന്ന് ബന്ധിക്കുകയും ചെയ്യും. പിന്നെ, ഒരുനിമിഷം പോലും മാറാതെ പ്രസവ ശുശ്രൂഷയുമായി അവൾ കുഞ്ഞിനേയും കൈയിലേന്തി, ഏതോ മത്സരത്തിൽ വിജയിയായ ഒരുവളുടെ ഹർഷോല്ലാസത്തോടെ മുറിക്ക് പുറത്തുവരും. അതാണ് പതിവ്.
സുലോചനയുടെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെയാണ് സംഭവിച്ചത്. അസഹ്യമായ പേറ്റ് നോവിനാൽ പിടയുന്ന സുലോചനയെ മെല്ലെ താങ്ങി, ബന്ധുക്കൾ മുറിക്കുളളിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തി. നിമിഷങ്ങൾക്കുളളിൽ കാവമ്മ ധൃതിപ്പെട്ട് വരുകയും പേറ്റ് മുറിക്കുളളിൽ കയറി കതകടയ്‌ക്കുകയും ചെയ്‌തു. പിന്നെ കുറെ നേരത്തേയ്‌ക്ക് ആണും പെണ്ണുമായ ഒരു ജീവിക്കും ആ മുറിക്കുളളിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
സുലോചനയുടെ ബന്ധുക്കൾ ശ്വാസമടക്കി പിടിച്ച് മുറിയ്‌ക്ക് പുറത്ത് കാവൽ നിന്നു. ചിലർ അസ്വസ്ഥരായി ഉലാത്താൻ തുടങ്ങി. കുറെപേർ നാട്ടുവർത്തമാനം പറയുന്നതിലും, ചർച്ചകളിലും മുഴുകി. ശേഷിച്ചവർ രാമനാമം ഉരുവിടുന്നതിൽ ആശ്വാസം കണ്ടെത്തി.
മുറിയ്‌ക്കകത്ത് സുലോചന വേദനയാൽ ഞരങ്ങുന്നതും മൂളുന്നതും പുറത്തുനിന്നവർ കേട്ടു. അസ്വസ്ഥവും സംഭ്രാന്തി നിറഞ്ഞതുമായ നിമിഷങ്ങൾ കടന്നു പോയ്‌ക്കൊണ്ടിരുന്നു.
പൊടുന്നനെ, ഞരക്കങ്ങൾക്കു മുകളിലൂടെ സുലോചനയുടെ നിലവിളി ഉയർന്ന് താണു. ഒപ്പം കിളിയുടെ ചിലമ്പൽപോലെ ഒരു കുഞ്ഞിന്റെ പൊട്ടിച്ചിരി മുറിയിൽ മുഴങ്ങി.
കുഞ്ഞിന്റെ കരച്ചിലിനായി കാത്തുനിന്നവരുടെയെല്ലാം കാതിൽ പതിച്ചത് കരച്ചിലിന് പകരം കുഞ്ഞിന്റെ പൊട്ടിച്ചിരിയായിരുന്നു. അത്ഭുതപ്പെട്ട്, അവർ പരസ്‌പരം നോക്കി. കരഞ്ഞുകൊണ്ട് പിറക്കുന്നതിനു പകരം, ചിരിച്ചുകൊണ്ട് കുഞ്ഞ് പിറക്കുകയോ? കാവമ്മ തലതിരിച്ച് ചിരി കേട്ട ഭാഗത്തേക്ക് നോക്കി.
കുഞ്ഞ്, കൈകാലുകൾ കുടഞ്ഞ് നിറുത്താതെ പൊട്ടിച്ചിരിച്ചുകൊണ്ട് കിടക്കുന്നു. സുലോചന, പ്രസവാനന്തരം അർദ്ധസുഷുപ്‌തിയിൽ മയങ്ങുകയായിരുന്നു. അപ്പോൾ, വാത്സല്യത്തോടെ കുഞ്ഞിനെയെടുത്തോമനിച്ച്, ഒരു കൈകൊണ്ട്, അടച്ചിരുന്ന കതകിന്റെ കൊളുത്ത് മാറ്റി കാവമ്മ മുറിയ്‌ക്ക് പുറത്തുവന്നു. കുഞ്ഞിന്റെ അച്‌ഛനേയും ചുറ്റും നിന്നവരേയുമെല്ലാം കാട്ടിയശേഷം, അച്‌ഛന്റെ കൈയിൽ കുഞ്ഞിനെ ഒരുനിമിഷം നൽകി, പിന്നെ തിരികെ വാങ്ങി, മുറിയിൽ കൊണ്ടുപോയി സുലോചനയുടെ ഒപ്പം കിടത്തി.
‘കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ട് പിറന്നുവീഴുന്നു’വെന്നാണ് നാല്‌പാലക്കര ദേശത്തേ അതുവരെയുളള ചരിത്രം രേഖപ്പെടുത്തിയിരുന്നത്. ‘പക്ഷേ, ഇതാ, ഇദംപ്രഥമമായി, ഒരു കുഞ്ഞ്, പൊട്ടിച്ചിരിച്ചുകൊണ്ട് പിറന്ന് വീണിരിക്കുന്നു’വെന്ന് അവിടെ കൂടിനിന്നവരിൽ ഒരാൾ അഭിപ്രായപ്പെട്ടു.
ഉടനെതന്നെ, ആ ചരിത്രം രേഖപ്പെടുത്താനായി ചരിത്രഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്ന ദേശീയ ചരിത്ര കൗൺസിൽ മന്ദിരത്തിലേയ്‌ക്ക്, അവിടെയുണ്ടായിരുന്ന ചരിത്രകാരൻമാരും ചരിത്രകാരികളും യാത്ര തിരിച്ചു.
വിചിത്രമായ ഈ സംഭവം ഒരു വലിയ വാർത്തയായി അതിവേഗം നാട്ടിലെങ്ങും പ്രചരിച്ചു. കുഞ്ഞിന്റെ പിറവിയ്‌ക്കുശേഷമുളള ഇരുപത്തിയേഴ് ദിവസങ്ങളിൽ ഇത്രയുമൊക്കെയാണ് സംഭവിച്ചത്.
ഇരുപത്തെട്ടാം ദിവസം കുളിപ്പിച്ച് ചന്ദനം തൊടീച്ച്, കാൽതളകളും വളകളുമണയിച്ച്, പൊന്നരഞ്ഞാണം കെട്ടി, പൊൻ പട്ടുടുപ്പിച്ച്, ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ, അമ്മ, സുലോചന കുഞ്ഞിന് പേർ വിളിച്ചു. “സദാനന്ദൻ.”
ചിരിച്ചുകൊണ്ട് ജനിക്കുകയും ഏതുനേരവും സന്തോഷവാനായി കഴിയുകയും ചെയ്‌തിരുന്നതിനാലാണ് കുഞ്ഞിന്, സദാനന്ദനെന്ന്, സുലോചന പേർ വിളിച്ചത്.
‘കരയാത്ത കുട്ടി’, ‘എപ്പോഴും ചിരിക്കുന്ന കുട്ടി’ എന്നൊക്കെ ആളുകൾ കുഞ്ഞിനെക്കുറിച്ച് പറയാൻ തുടങ്ങി.
‘കരയാത്ത കുട്ടിയോ, അതൊന്നറിയണമല്ലോ’ എന്ന് പറഞ്ഞ്, നാമകരണച്ചടങ്ങിൽ സംബന്ധിക്കാനെത്തിയ വേളയിൽ, കാവമ്മ, ആരും കാണാതെ കുഞ്ഞിന്റെ തുടയിൽ ആഴത്തിൽ നഖമാഴ്‌ത്തി നുളളി. ഇപ്പോൾ കുട്ടി വാവിട്ട് നിലവിളിക്കുമെന്ന് കാവമ്മ വിശ്വസിച്ചു. പക്ഷേ, അത്ഭുതം, എല്ലായ്‌പ്പോഴുമെന്നപോലെ, അപ്പോഴും കുഞ്ഞ് ചിരിച്ചതേയുളളു.
അപ്പോൾ തന്റെ മനസ്സിൽ പൂർവ്വാധികം ദൃഢതരമായിത്തീർന്ന വിശ്വാസത്തിന്റെ ബലത്തിൽ, കാര്യമാത്ര പ്രസക്തവും ഗൗരവമാർന്നതുമായ ശബ്‌ദത്തിൽ, ‘ഈ കുട്ടി ജീവിതത്തിലെ എല്ലാ സങ്കടങ്ങളെയും പ്രതിസന്ധികളെയും എന്നും ചിരിച്ചുകൊണ്ട് നേരിടാൻ പ്രാപ്‌തനായിരിക്കുമെന്നും ഒരിക്കലും സങ്കടങ്ങളിൽ പെട്ട് പോവുകയില്ലെന്നും’ കാവമ്മ പ്രവചിച്ചു.
ജനങ്ങൾ സമ്മിശ്രവികാരങ്ങളോടെ കാവമ്മയുടെ വാക്കുകൾ കേട്ട് നിന്നു.
വർഷങ്ങൾ കടന്നുപോയ നേരത്ത് സദാനന്ദൻ വളരുകയായിരുന്നു. അങ്ങനെ അയാൾ യുവാവായി.
ചിരിയും സന്തോഷവും നിറഞ്ഞ ജീവിതം കാംക്ഷിച്ച യുവതികൾ സദാനന്ദനെ വരനായി ലഭിക്കാൻ വ്രതം നോറ്റു.
പക്ഷേ, ദേശത്തെ അതിസുന്ദരിയെന്ന് പേരുകേട്ട ഇന്ദുമതിയെയായിരുന്നു ദൈവം സദാനന്ദനുവേണ്ടി തെരഞ്ഞെടുത്തത്. ആർഭാടപൂർവ്വം വിവാഹം കൊണ്ടാടപ്പെട്ടു. അങ്ങനെ സന്തോഷം നിറഞ്ഞ നാളുകൾ വന്നു.
“അച്‌ഛനമ്മമാരുടെ നാവിൽ ഗുളികൻ നിന്ന നേരത്താണ് ചേട്ടനവർ സദാനന്ദനെന്ന് പേരിട്ടത്, അതാണ് എപ്പോഴും ഇത്ര സന്തോഷം.” വിവാഹനാളുകളിലൊരിക്കൽ ഇന്ദുമതി അയാളോട് പറഞ്ഞു.
അത് കേട്ടിട്ടും അയാൾ ചിരിച്ചതേയുളളു.
കാലം കഴിഞ്ഞപ്പോൾ സദാനന്ദന്റെ ചിരിയിൽ വേദനയുടെ ചിലമ്പൽ കേൾക്കുന്നതായി സൂക്ഷ്‌മദൃക്കുകൾ മനസ്സിലാക്കി. പക്ഷേ, അയാളുടെ ചിരി നിലച്ചുപോയിരുന്നില്ല.
വർഷങ്ങൾ വെറുതെ വാടുന്നത് കണ്ട് വെന്തും വേദനിച്ചും നടന്നിരുന്ന സുലോചനയുടെ നെറ്റിയിൽ ചിന്തയുടെ ചുളിവുകൾ വീണു.
അങ്ങനെയിരിക്കെ ഒരുനാൾ “സദാനന്ദൻചേട്ടൻ, ഓരോരുത്തർ പറയുന്നത് കേട്ടോ. കൽപ്പിച്ച് കൂട്ടിയോ വെറുതെയോ എന്തൊക്കെയോ ധരിച്ചു വച്ചിരിക്കുകയാണ്, എന്ന് ഇടർച്ചയോടെ പറയുകയും, ‘കഷ്‌ടമുണ്ട് കേട്ടോ” എന്ന് കൂട്ടിച്ചേർത്ത് ഇന്ദുമതി കരയുകയും കാർക്കിച്ച് തുപ്പുകയും ചെയ്‌തു.
ഇന്ദുമതി കാർക്കിച്ച് തുപ്പിയപ്പോൾ, പരിഭ്രാന്തി മാറാതെ തന്നെ, ഒരുവേള മരുമകൾക്ക് ഓക്കാനവും ഛർദ്ദിയുമാരംഭിച്ചിരിക്കുകയാവുമോ എന്നോർത്ത് അതീവ ശ്രദ്ധയോടെ സുലോചന കാതോർത്തു. ഇന്ദുമതി ഓക്കാനിച്ചും ഛർദ്ദിച്ചും വശംകെടുന്നത് കാണാൻ കൊതിപൂണ്ടിരുന്ന സുലോചന ശ്വാസവേഗമടക്കിയും ഉത്സാഹത്തോടും ശ്രദ്ധിക്കുമ്പോൾ മനസ്സിലായി.
അവിടെ ഓക്കാനവുമില്ല, ഛർദ്ദിലുമില്ല.
പരിഷ്‌ക്കാരങ്ങളൊന്നും കടന്നുചെന്നിട്ടില്ലാത്ത നാല്‌പാലക്കരയിലെ ശുദ്ധഗതിക്കാരിയായ അമ്മയുടെ മനസ്സ്, തന്റെ ഇഷ്‌ടദൈവങ്ങൾക്ക് നേർച്ചകൾ നേർന്നുകൊണ്ടിരുന്നു. അതുകൊണ്ട് ഫലം ഉണ്ടാവുകയും ചെയ്‌തു.
ഇന്ദുമതി നിറുത്തലില്ലാതെ ഓക്കാനിക്കാനും ഛർദ്ദിക്കാനും തുടങ്ങി.
“പേറ്റ്‌നോവോടെ, ഇന്ദുമതിയെ പ്രസവമുറിയിൽ പ്രവേശിപ്പിച്ചു.’ എന്നുളളതാണ് പിന്നീട് പ്രസക്തമായ കാര്യം. തത്സമയം കാവമ്മ വരുകയും മുറിയിൽ കയറി കതകടയ്‌ക്കുകയും ചെയ്‌തു.
ഇന്ദുമതിയുടെ ഞരക്കങ്ങളും മൂളലും മാത്രം മുറിയിൽനിന്നും ഉയർന്നുകൊണ്ടിരുന്നു. മറ്റനക്കങ്ങളൊന്നുമില്ല.
പുറത്ത് കുഞ്ഞിന്റെ പിറവിയും കാത്ത് ബന്ധുക്കൾ നിന്നു. അസ്വസ്ഥരായി കാത്തുനിന്നവരിൽ സദാനന്ദനുമുണ്ടായിരുന്നു.
”കുഞ്ഞിന്റെ കരച്ചിൽ കേൾക്കാനെന്തേയിത്ര താമസം?“ എന്ന് പ്രായം ചെന്ന ഒരു സ്‌ത്രീ അക്ഷമയോടെ ആരോടെന്നില്ലാതെ ചോദിച്ചു.
അതുകേട്ട് സദാനന്ദൻ മനസ്സാ പ്രതിഷേധിച്ചു. കരഞ്ഞുകൊണ്ടല്ല, മറിച്ച് താൻ പിറന്നുവീണതുപോലെ പൊട്ടിച്ചിരിച്ചുകൊണ്ടായിരിക്കും തന്റെ കുഞ്ഞ് ജനിക്കുക എന്ന് സദാനന്ദൻ മനസ്സിൽ പറഞ്ഞു.
പെട്ടെന്ന് ഇന്ദുമതിയുടെ നിലവിളിയ്‌ക്ക് മുകളിലൂടെ കുഞ്ഞിന്റെ കരച്ചിലുയരുകയും തളള നിലവിളി അവസാനിപ്പിക്കുകയും ചെയ്‌തു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് സദാനന്ദൻ ഞെട്ടി. അതോടൊപ്പം ഏവരേയും നടുക്കിക്കൊണ്ട് ഒരു നിലവിളി ഉയർന്നു. ഒരു നിറുത്തലുമില്ലാത്തതും, തുടർച്ചയാർന്നതും, വ്യത്യസ്തവും, കർണ്ണകഠോരവുമായ വിലാപം. അത് സദാനന്ദന്റെ ഹൃദയാന്തർഭാഗത്തുനിന്നും നിർഗ്ഗളിച്ചതായിരുന്നുവെന്ന് മനസ്സിലായപ്പോൾ ജനങ്ങൾ അന്ധാളിച്ചു.
അതുകണ്ട്, ചരിത്രകാരൻമാരും ചരിത്രകാരികളും ആ സംഭവം രേഖപ്പെടുത്താനായി യാത്രയാരംഭിച്ചു.
Generated from archived content: story_jan25_06.html Author: k.c.chandrasekharanpilla