ഭാരതത്തിന്റെ കടൽമുത്തുകൾ

ഇൻഡ്യൻ വൻകരയുടെ പൂർവ്വദിക്കിൽ സ്ഥിതിചെയ്യുന്ന 572 ദ്വീപുകളാണ്‌ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ എന്നറിയപ്പെടുന്നത്‌. ഇതിൽ മുപ്പത്തിയാറ്‌ ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. 8249 ചതുരശ്രകിലോമീറ്റർ വ്യാപ്തിയുള്ള ഇവിടത്തെ ജനസംഖ്യ, 1991ലെ ജനഗണന പ്രകാരം 2,80,661 ആയിരുന്നു. മിതമായ ശീതോഷ്ണാവസ്ഥയാണ്‌ ആൻഡമാനിന്റേത്‌. തലസ്ഥാനം പോർട്ട്‌ ബ്ലയറാണ്‌.

തെളിഞ്ഞ പകലും നീലക്കടലും. വീശിയടിക്കുന്ന കുളിർകാറ്റ്‌. കടുംനീല നിറമാർന്ന ആകാശം. ആകെ കൂടി ഒരു മായാലോകത്ത്‌ എത്തിയ പ്രതീതിയാണ്‌ ഇവിടെയെത്തുമ്പോൾ പ്രഥമസന്ദർശകർക്കുളവാകുക.

ആ മതിഭ്രമം ഒന്ന്‌ മാറുമ്പോൾ മനസ്സ്‌ അഭിമാനഭരിതമാവും. സർവ്വം സവർക്കർ മയം. പോർട്ട്‌ബ്ലയർ എയർപോട്ട്‌ വീരസവർക്കറുടെ നാമധേയത്തിലുള്ളതാണ്‌. സ്വാതന്ത്ര്യസമരത്തിന്‌ വിപ്ലവവീര്യം പകർന്ന്‌ സ്വരാജ്യത്തിനുവേണ്ടി ജീവിതം ആത്മാഹൂതി ചെയ്ത ധീരരായ ഭാരതപുത്രന്മാരുടെ ഓർമ്മകൾ നമ്മെ വികാരഭരിതരാക്കും.

1911ലാണ്‌ നാസിക്‌ കോൺസ്പിറസി കേസിൽ ശിക്ഷിക്കപ്പെട്ട്‌, ആൻഡമാനിലെ സെല്ലുലർ ജയിലിൽ വിനായക്‌ ദാമോദർ സവർക്കർ എത്തുന്നത്‌. അൻപത്‌ വർഷത്തെ കഠിന തടവായിരുന്നു ശിക്ഷ; രണ്ട്‌ ജീവപര്യന്തം.

പോർട്ട്‌ബ്ലയറിലെ പ്രധാനകാഴ്‌ച ചരിത്രപ്രസിദ്ധമായ സെല്ലുലർ ജയിലാണ്‌. 1908ൽ ജയിലിന്റെ പണി പൂർത്തിയാക്കപ്പെട്ടു. അവിടെയാണ്‌ വിപ്ലവകാരികളെ പാർപ്പിച്ചിരുന്നതും കഠിനമായ പീഡനങ്ങൾക്കു വിധേയമാക്കിയതും. ഇന്നത്‌ നമ്മുടെ ദേശീയ സ്മാരകമാണ്‌. ജയിൽ, സന്ദർശകരിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുണർത്തും. നമ്മുടെ ദേശസ്നേഹത്തെ ഉദ്ദീപിപ്പിക്കും.

ജയിലിനു മുന്നിലെ ഉദ്യാനത്തിൽ, വിനായക്‌ ദാമോദർ സവർക്കർ, ഇന്ദുഭൂഷൺറോയ്‌, ബാബാ ഭാൻസിംഗ്‌, പണ്ഡിറ്റ്‌ രാം രഖാ ബാലി, മഹാവീർസിംഗ്‌, മോഹൻ കിഷോർ നാംദാസ്‌, മോഹിത്‌ മൊയിത്ര എന്നീ ധീരദേശാഭിമാനികളുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്‌. വിപ്ലവകാരികളുടെ നിര അവിടെ അവസാനിക്കുന്നില്ല. അത്‌ അനന്തതയിലേക്ക്‌ നീളുന്നു. ബ്രിട്ടീഷുകാരുടെ പീഡനമുറകൾക്കൊന്നും വിപ്ലവകാരികളുടെ ആദർശഭരിതവും ത്യാഗോജ്വലവുമായ ജീവിതചര്യയിൽ യാതൊരു ചാഞ്ചല്യവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

ആ ഉദ്യാനത്തിൽ കാറ്റേറ്റ്‌ നിൽക്കുമ്പോൾ, ചരിത്രം നമ്മോട്‌ സംവേദിക്കുന്നതായി തോന്നും.

1957ലെ പ്രഥമ സ്വാതന്ത്ര്യസമരത്തെ തുടർന്ന്‌ വിചാരണ ചെയ്തു ശിക്ഷിക്കപ്പെട്ടവരുടെ സന്തതി പരമ്പരകളടങ്ങുന്ന തലമുറകളും അനന്തര തലമുറകളും, കിഴക്കൻ ബംഗാൾ, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും പലപ്പോഴായി എത്തിയ ശരണാർത്ഥികളും സേവനവിമുക്തരായ സൈനികരുമടങ്ങുന്നതാണിവിടത്തെ ജനത. മദ്ധ്യഭാരതത്തിൽ നിന്നുള്ള, അക്രമവാസന പ്രദർശിപ്പിച്ചിരുന്ന ചില കാട്ടുവർഗ്ഗക്കാരുമൊക്കെ ഈ ജനസഞ്ചയത്തിന്റെ ഭാഗമായക്കഴിഞ്ഞു. ഇപ്പോൾ ആൻഡമാനികൾക്ക്‌ തങ്ങളുടെ പൂർവ്വികർ ആരായിരുന്നുവെന്നോ ഏതു പ്രദേശക്കാരായിരുന്നുവെന്നോ അറിയില്ല.

സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഭൂമി പതിച്ചു നൽകിയും മറ്റും, കുടിയേറ്റത്തെ, യൂണിയൻ ഗവൺമെന്റ്‌ പ്രോത്സാഹിപ്പിച്ചിരുന്നു.

ഹിന്ദു, ഇസ്ലാം, ക്രിസ്തുമതം തുടങ്ങി വ്യത്യസ്ത വിശ്വാസങ്ങൾ പുലർത്തുന്നവരും, ഹിന്ദി, ബംഗാളി, തമിഴ്‌, മലയാളം, തെലുങ്ക്‌, ആൻഡമാനീസ്‌ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരുമാണിവിടത്തെ ജനത.

ലഫ്‌റ്റനന്റ്‌ ഗവർണർ ഭൂപീന്ദർ സിംഗാണിപ്പോൾ ഭരണത്തലവൻ. സെക്രട്ടറിമാരുടേയും മറ്റുദ്യോഗസ്ഥന്മാരുടേയും സഹായത്തോടെയാണ്‌ ഭരണം നടക്കുന്നത്‌. പോർട്ട്‌ബ്ലയർ മുനിസിപ്പൽ കോർപ്പറേഷനും പ്രവർത്തനനിരതമാണ്‌. ആൻഡമാനിൽ ഒരേയോരു പാർലമെന്റ്‌ സീറ്റാണുള്ളത്‌. അതിൽ ഒരിക്കൽ ഭാരതീയ ജനതാപാർട്ടി വിജയം കൈവരിച്ചതൊഴിച്ചാൽ മറ്റവസരങ്ങളിലെല്ലാം കോൺഗ്രസ്സ്‌ സ്ഥാനാർത്ഥിയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇപ്പോൾ, നിയമസഭ രൂപീകരിക്കണമെന്ന ആവശ്യവുമായി ആൻഡമാനിൽ രാഷ്ര്ടീയ പാർട്ടികൾ സക്രിയമായിക്കഴിഞ്ഞു. ഏറെ വൈകാതെ, ആ ആവശ്യവും സാക്ഷാത്‌ക്കരിക്കപ്പെട്ടേക്കാം. രാഷ്ര്ടീയക്കളികളുടെ ഭാഗമായി ജാതീയവും പ്രാന്തീയവും ഭാഷാപരവുമായ ധ്രുവീകരണങ്ങളും കുറ്റവൽക്കരണവുമൊന്നും ആൻഡമാനിലെ നീലജലത്തിൽ കലക്കൽ സൃഷ്ടിക്കാതിരുന്നെങ്കിൽ!

വികാസപ്രവർത്തനങ്ങൾക്കായിവിടെ വൻതുക കേന്ദ്രസർക്കാർ ചെലവിടുന്നു. ആദിവാസിക്ഷേമ പദ്ധതി നടപ്പിലാക്കുന്നതിലേക്കായും സർക്കാർ വലിയ സംഖ്യ നീക്കിവച്ചിരിക്കുന്നു. പക്ഷേ, വൻകരയിലെ സംസ്ഥാനങ്ങളിലെപ്പോലെ, അനുവദിക്കപ്പെട്ടിട്ടുള്ള തുക അർഹമായ കൈകളിലെത്തുന്നില്ലെന്നാക്ഷേപമുണ്ട്‌.

വിദ്യാഭ്യാസവികാസത്തിനും സർക്കാർ പണം വാരിക്കോരി ചെലവഴിക്കുന്നു. സർക്കാർവക സ്‌കൂളുകളോടൊപ്പം സർക്കാരിതരസ്ഥാപനങ്ങളും സ്‌കൂളുകൾ നടത്തിവരുന്നു. ഒരു ഡിഗ്രി കോളേജും ആൻഡമാനിൽ പ്രവർത്തനനിരതമാണ്‌.

ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമായ തോതിൽ നടന്നത്‌ ശ്രീ വക്കം പുരുഷോത്തമൻ ലഫ്‌റ്റനന്റ്‌ ഗവർണർ ആയിരുന്ന കാലത്താണ്‌. ആൻഡമാനികൾ ഇക്കാര്യം നന്ദിപൂർവ്വം സ്മരിക്കുന്നു.

ആൻഡമാനിലെ സന്ദർശനസ്ഥലങ്ങളുടെ കാര്യമെടുത്താൽ സെല്ലുലർ ജയിൽതന്നെയാണ്‌ പ്രധാനം. ജയിൽ കഴിഞ്ഞാൽ സന്ദർശകരെ ആകർഷിക്കുന്നത്‌, അനന്തമായ കടൽപ്പരപ്പും കടലോരങ്ങളുമാണ്‌. ഉൾപ്രദേശങ്ങളിലേക്ക്‌ കടന്നാൽ മദ്ധ്യ തിരുവിതാംകൂറിനെ ഓർമ്മിപ്പിക്കുന്ന ചരിവുകളും കുന്നുകളും കൃഷിയിടങ്ങളുമൊക്കെ കാണാം. ജനസാന്ദ്രത തീരെ കുറഞ്ഞ പ്രദേശങ്ങൾ.

റോസ്‌ ഐലന്റ്‌, നോർത്ത്‌ ബേ, വൈപ്പർ ഐലന്റ്‌ എന്നിവയുടെ സന്ദർശനം ഒറ്റ ട്രിപ്പിനാവാം; ഒരേ സ്‌റ്റീമറിൽത്തന്നെ. രസകരം കടൽയാത്ര തന്നെ. റോസ്‌ ഐലന്റിൽ ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ അവശിഷ്ടങ്ങൾ കാണാം.

വൈപ്പർ ഐലന്റിന്‌, ആ പേർ ലഭിച്ചത്‌, അതിനു സമീപം വൈപ്പർ എന്ന കപ്പൽ മുങ്ങിയതിനാലാവാം. ‘വൈപ്പർ’ നാഗങ്ങൾ ധാരാളമായി ആ പ്രദേശങ്ങളിൽ കണ്ടുവരുന്നുണ്ടെന്നതും ഒരു കാരണമായി പറഞ്ഞുവരുന്നു. അവിടേയുമുണ്ട്‌ ജയിൽ. പ്രധാന ആകർഷണവും ജയിൽതന്നെ. കുറ്റവാളികളെ വിചാരണ ചെയ്തിരുന്ന കോടതിയും, തൂക്കിലിടാനുള്ള സംവിധാനങ്ങളുമെല്ലാം ഇന്ന്‌ ചരിത്രസ്മാരകങ്ങളുടെ ഭാഗമാണ്‌. ആ ദ്വീപിലെ ഏക അന്തേവാസി മധുര തമിഴ്‌നാട്‌ സ്വദേശിയായ ശ്രീ. കെ. മായനാണ്‌. നാൽപ്പത്തിയൊമ്പതു വർഷമായി മായൻ അവിടെ താമസിക്കുന്നു. കുടുംബാംഗങ്ങൾ മധുരയിലാണ്‌.

പകൽസമയങ്ങളിൽ സന്ദർശകർക്കുവേണ്ടി ഒരു പീടിക തുറന്നു പ്രവർത്തിക്കുന്നുണ്ട്‌. ശീതളപാനീയങ്ങളും, ബിസ്‌ക്കറ്റ്‌, നിലക്കടല, സിഗററ്റ്‌ തുടങ്ങിയവയും ലഭ്യമാണ്‌. ദ്വീപിലെത്തി കച്ചവടം നടത്തി വൈകുന്നേരത്തെ ബോട്ടിൽ, പീടികയുടമ മടങ്ങിപ്പോകുന്നു.

ജനശൂന്യമാണ്‌ ദ്വീപെന്ന്‌ പറഞ്ഞുവല്ലോ. കാറ്റിന്റെ ചൂളംവിളിയും കാടിന്റെ വന്യതയും കാട്ടുമൃഗങ്ങളുടേയും വിഷജന്തുക്കളുടേയും സാമീപ്യത്തെക്കുറിച്ചുള്ള ബോധവുമെല്ലാം ചേർന്ന്‌ പകൽപോലും ഭീകരമായ ഒരന്തരീക്ഷം നിലനിൽക്കുന്നു.

നോർത്ത്‌ ബേ കടൽത്തീരം കോറൽസിന്‌ പ്രസിദ്ധമാണ്‌.

സന്ദർശനസ്ഥലങ്ങൾ നിരവധിയുണ്ട്‌ ആൻഡമാനിൽ. പോർട്ട്‌ബ്ലയറിൽ നിന്നും ബാരാടാങ്കിലേക്കുള്ള ബസ്‌യാത്ര ആരംഭിക്കുന്നത്‌ പുലർച്ചെ മൂന്നരമണിയ്‌ക്കാണ്‌. Mud Volcanoയും ലൈംസ്‌റ്റോൺ ഗുഹകളും ഇടതൂർന്ന വനഭാഗങ്ങളുമൊക്കെയാണ്‌ നമ്മെ ആകർഷിക്കുക. യാത്രയ്‌ക്കിടയിൽ ആദിവാസികളായ ‘ജർവ’കളെ കാണാൻ കിട്ടിയെങ്കിലായി.

ആൻഡമാനിൽ വ്യവസായങ്ങൾ കുറവാണ്‌. ടൂറിസം തന്നെ മുഖ്യം. പ്രധാന കൃഷി നെൽകൃഷിയാണ്‌. നാളികേരവും അടക്കയും പ്രധാന വിളകളാണ്‌. ഫലവൃക്ഷങ്ങളും പച്ചക്കറികളും കൃഷിചെയ്യപ്പെടുന്നുണ്ട്‌. അൻപതിനായിരത്തിലധികം ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്‌.

പഴവർഗ്ഗങ്ങൾക്കും പച്ചക്കറികൾക്കും വലിയ വിലയാണിവിടെ. നല്ല മധുരമുള്ള ‘ചാരമൊന്തൻ’ എന്നയിനം പഴം ധാരാളമായി കൃഷിചെയ്യുന്നതിനാൽ തുഛമായ വിലയേ ഉള്ളൂ. വിമാനത്തിൽ പറന്നുവരുന്നതിനാലാകാം സാധനങ്ങൾക്ക്‌ വിലവർദ്ധനവ്‌. ചെന്നെയിൽ നിന്നും കൽക്കത്തയിൽ നിന്നുമാണ്‌ പല സാധനങ്ങളും എത്തുന്നത്‌.

എൺപത്താറുശതമാനവും വനപ്രദേശമാകയാൽ പലതരം വൃക്ഷങ്ങൾ ഇവിടെ കാണാം. മൂവായിരത്തിലധികം വ്യത്യസ്ത ഇനങ്ങളിലുള്ള മരങ്ങൾ ഇവിടത്തെ വനങ്ങളിലുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. പലതരം പക്ഷികളുടേയും സങ്കേതം കൂടിയാണീ പ്രദേശം.

ആപേക്ഷികമായി കാപട്യങ്ങൾ കുറവാണിവിടുത്തുകാർക്കെന്നുവെന്നും പറയാൻ.

ഹാവ്‌ ലോക്കിലേക്ക്‌ പോകുമ്പോൾ, സ്‌റ്റീമറിലെ യാത്രാനിരക്ക്‌ ഒരാൾക്ക്‌ 120 രൂപയാണ്‌. പക്ഷേ ദല്ലാൾ മുഖാന്തിരം ടിക്കറ്റ്‌ അനായാസം ലഭിയ്‌ക്കും. നിരക്ക്‌ 150 രൂപയാക്കി ഉയരുമെന്നതേയുള്ളൂ. ഹാവ്‌ലോക്കിൽ നിന്നുള്ള മടക്കയാത്രയിൽ ഞങ്ങളുടെ സംഘത്തിലെ 18പേരെ ആളെണ്ണി കയറ്റിവിട്ടു. ടിക്കറ്റൊന്നും ഞങ്ങൾക്ക്‌ നൽകിയില്ല. ഇരിയ്‌ക്കാൻ പ്രത്യേകിച്ച്‌ സീറ്റില്ല. കിട്ടിയ സ്ഥലങ്ങളിൽ എവിടേയുമിരിക്കാനുള്ള സ്വാതന്ത്ര്യം. പണം കൃത്യമായി എണ്ണി വാങ്ങുന്ന കാര്യത്തിൽ നിഷ്‌കർഷ പാലിച്ചിരുന്നു. സ്‌റ്റീമറിലുണ്ടായിരുന്ന ഒട്ടുമുക്കാൽ പേരുടേയും അനുഭവം അതു തന്നെയായിരുന്നു. ഗവൺമെന്റിനു ലഭിക്കേണ്ട നല്ലൊരു തുകയാണ്‌ നിത്യവും ദല്ലാളുകളുടേയും ഉദ്യോഗസ്ഥന്മാരുടേയും കൈകളിലേയ്‌ക്ക്‌ മാറിക്കൊണ്ടിരിക്കുന്നത്‌. ചെറിയ കാര്യം. ടൂറിസ സാദ്ധ്യതകൾ വികാസം പ്രാപിച്ചു തുടങ്ങിയിരിക്കുന്നു. എന്തിനും ഏതിനും ദല്ലാളന്മാർ കൂണുകൾപോലെ മുളക്കാനാരംഭിച്ചിരിക്കുന്നു. എങ്കിലും മറ്റ്‌ മഹാനഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം തന്നെ. സമാധാനവും, സത്യവും നന്മയുമൊന്നും തികച്ചും അസ്തമിച്ചിട്ടില്ല എന്നുവേണം കരുതാൻ.

Generated from archived content: essay1_oct15_07.html Author: k.c.chandrasekharanpilla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English