ഞാന്‍ ഒരു വല്യ കേമനാണെന്ന ഭാവം എന്റെ വെറും തോന്നല്‍ മത്രമാണെന്ന് ഒരു കള്ളന്‍ തെളിയിച്ചു.
ഒരു ദിവസത്തേക്ക് വാടകവീട്ടില്‍ നിന്നും മാറിനിന്ന ഞങ്ങള്‍ പിറ്റേന്ന് വീട്ടിലെത്തിയ നേരം , കതകുതുറക്കാനായി താക്കോലുമായി ചെന്ന ഭാര്യയുടെ നിലവിളി കേട്ട് , ഒരു നിമിഷം ഞാന്‍ തരിച്ചു നിന്നുപോയി . അല്‍പ്പനേരത്തിനു ശേഷം സ്ഥലകാലബോധം വീണ്ടെടുത്ത ഞാന്‍, കള്ളന്‍ കുത്തിത്തുറന്നശേഷം ചാരിയിട്ടിരിക്കുന്ന കതകാണ് കണ്ടത് . പിന്നെ ഞാന്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ എന്തെന്ന് എനിക്കു തന്നെ നിശ്ചയമില്ല. പേടിച്ചു പേടിച്ചാണെങ്കിലും ആദ്യ പരിശോധന ചെയ്തു തീര്‍ത്തു ഞാന്‍. ഉടുതുണികളും എടുക്കാന്‍ കഴിയാത്ത വസ്തുക്കളുമൊഴികെ ബാക്കിയെല്ലാം വളരെ ഭംഗിയായി കള്ളന്‍ കൊണ്ടു പോയെന്ന് പ്രാഥമീക അന്വേഷണത്തില്‍ ഞാന്‍ മനസിലാക്കി. ആളെ കൂട്ടാനുള്ള ശ്രമത്തിനുശേഷം പോലീസില്‍ ഞാന്‍ പരാതിപ്പെട്ടു. ജീവിതത്തില്‍ എനിക്കു പറ്റിയൊരു ആനമണ്ടത്തരവും അതു തന്നെയായിരുന്നു. കൃത്യമായ തരത്തില്‍ പണിയായുധങ്ങളുള്ള കള്ളന്‍ അതില്‍ ചിലതെല്ലാം വെപ്രാളത്തില്‍ അവിടെ ഉപേക്ഷിച്ചിരുന്നു. 11 ഇഞ്ച് നീളമുള്ള ഒരു ജോഡി ഷൂസും, ഒരു കുടയും അതില്‍പ്പെടുന്നവയായിരുന്നു. അന്വേഷണത്തിനു വന്നതില്‍ ഒരു വയസ്സന്‍ പോലീസുകാരന്‍ , ഇനി അധികം സര്‍വീസില്ലാഞ്ഞിട്ടോ ഇനിയും അവസാനിക്കാത്ത ആര്‍ത്തികൊണ്ടോ എന്തോ, ആ കുട അപ്പോള്‍ തന്നെ കക്ഷത്തില്‍ ഒതുക്കി ഫെവിക്കോള്‍ പുരട്ടി. കള്ളന്റെ ഷൂസിനു വേണ്ടിയൊരു ശ്രമം എല്ലാവരും നടത്തി നോക്കിയെങ്കിലും അന്നു വന്ന ഏമാന്മാര്‍ക്കും അത്രയും വലുതിന്റെ ആവശ്യമില്ലാതെ വന്നതിനാല്‍ അത് കള്ളന്റെ തന്നെയെന്ന് നിസ്സംശ്ശയം പ്രഖ്യാപിച്ചു. എന്നിട്ട് നാട്ടിലെ വീതിയും നീളവുമുള്ള കാല്പാദങ്ങളുള്ള കള്ളന്മാരുടെ പേരുകളും ചില ഷെര്‍ലക് ഹോംസ് പദങ്ങളും വാരിവിതറി ഏമാന്മാര്‍ പൊടിയും തട്ടിപ്പോയി. അന്നുമുതല്‍ ഭാര്യയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. രാത്രി ഞെട്ടി എഴുന്നേല്‍ക്കുക കള്ളന്‍, കള്ളന്‍ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് എന്നെകയറി പിടിക്കുക, സ്വര്‍ണ്ണാഭരണങ്ങളുടെ പേരുകള്‍ വിളിച്ചു പറയുക…. എന്തിനേറെ പറയുന്നു എന്നെക്കുറിച്ച് അവളില്‍ ഒരു കള്ളന്റെ ‘ ദൃഷ്ടി’ ഉടലെടുത്തില്ലേ എന്നു പോലും എനിക്കു തോന്നാന്‍ തുടങ്ങി. കള്ളന്‍ കെണിയില്‍ പെട്ടെന്ന അറിവുമായി അഞ്ചുകൊല്ലത്തിനു ശേഷം പോലീസ് സ്റ്റേഷനില്‍ ചെന്ന ഞാന്‍ കയ്യും കാലും നീരുവച്ച, നല്ല വെളുത്ത് ദീര്‍ഘകായനായ ഒരാളേയാണു കണ്ടത് . ഞരങ്ങിക്കൊണ്ടവനെന്നോട് കുശലം ചോദിച്ചു .’‘ എന്തൊക്കെയുണ്ട് സാറേ വിശേഷങ്ങള്‍?’‘
‘’ ഞാനാണ് സാറിന്റെ സ്വന്തം കള്ളന്‍ . എന്നോട് പിണക്കമൊന്നും തോന്നരുത് സാറെ . ഞാനെന്റെ തൊഴില്‍ ചെയ്യുന്നു, സാറിനെല്ലാം തിരികെ കിട്ടും’‘ ഞാന്‍ കുറെ നേരമിരുന്നാലോചിച്ചു . ഇവനിത്ര പരിചയം വരാന്‍ ഞാനും ഇവനും തമ്മിലെന്തു ബന്ധം. മടിച്ചു മടിച്ചു ഞാനവനോടു ചോദിച്ചു . നീയെന്നെ അറിയുമോ എന്ന്. ഞാനും ഭാര്യയും കുട്ടികളും കടന്നുവന്നത് അവനകത്തുനിന്നു കണ്ടെന്നും , പിറ്റേന്ന് ന്യൂസ് പേപ്പറില്‍ നിന്നും എന്റെ ജോലി , പേര് ഇവയൊക്കെ മനസിലാക്കിയെന്നും അവന്‍ പറഞ്ഞു.
കള്ളന്മാര്‍ കറുത്തവരും , ഭീകര രൂപികളുമാണെന്ന എന്റെ ചിന്ത മനസില്‍ നിന്നും മാഞ്ഞുമാഞ്ഞില്ലാതെ പോയി. എന്റെ കള്ളന്‍ എന്തൊരു സുന്ദരനാണ് . എനിക്കതില്‍ അഭിമാനം തോന്നി . നാലുകൊല്ലം മുമ്പൊരു ജോത്സ്യന്‍ എന്നോട് പറഞ്ഞു . ഒരിക്കലും മോഷണം പോയ വസ്തുക്കള്‍ അന്വേഷിക്കരുതെന്ന്. അന്വേഷിച്ചാല്‍ തല പൊട്ടിത്തെറിക്കുമെന്ന്. കള്ളന്മാരും , ജോത്സ്യന്മാരും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നും ഒരു നുകത്തില്‍ കെട്ടാവുന്ന കാളകളാണ് കള്ളനും , ജോത്സ്യനുമെന്ന് എനിക്കു തോന്നിയിരുന്നു. കാഷായവസ്ത്രം ധരിച്ച് , ഭസ്മം പൂശി , കവടിസഞ്ചിയും തൂക്കി രുദ്രാക്ഷമാലയിട്ട ഒരു ജോത്സ്യനേയും , ഉളി , സ്കൂഡ്രൈവര്‍, ചുറ്റിക ഇവയൊക്കെ കയ്യില്‍ പിടിച്ച് പാന്‍സ്സും , ഷൂസുമൊക്കെയിട്ട് കറുത്തൊരു കള്ളനേയും , കന്നിനു പകരം നുകത്തില്‍ കെട്ടി കണ്ടം ഉഴുന്നതു ഞാന്‍ സ്വപ്നം കാണാറുണ്ടായിരുന്നു . കള്ളനോട് ‘ഭാസ്ക്കരന്‍’ ജോത്സ്യനെ അറിയുമോ ? എന്ന് ഞാന്‍ ചോദിച്ചത് ഇല്ലെന്ന് ദയനീയമായ ഒരു മറുപടി തന്നു.
എന്റെ കള്ളന്‍ ഒരു മരുന്നെടുത്ത് കാലില്‍ പുരട്ടാന്‍ തുടങ്ങി. ഇതെന്താണീ ചെയ്യുന്നത് എന്ന എന്റെ ചോദ്യത്തിന് ഞങ്ങള്‍ കള്ളന്മാരെ കോടതിയില്‍ കൊണ്ടുപോകുന്നതിനു മുമ്പ് , കാലിലെ നീരൊക്കെ വറ്റിയിരിക്കണം എന്നും, ഞങ്ങളെ പോലീസുകാര്‍ക്ക് ഭയമാണെന്നും , ഞങ്ങള്‍ കള്ളന്മാര്‍ ഇല്ലെങ്കില്‍ പിന്നെ പോലീസുകാരും ഇല്ലെന്നും എന്റെ സുന്ദരകള്ളന്‍ വ്യക്തമാക്കി. നിന്നെ ഇവര്‍ ഉപദ്രവിച്ചാണോ കുറ്റങ്ങള്‍ തെളിയിക്കുന്നത് . അങ്ങനെയുണ്ടായ നീരാണോ ഇതൊക്കെ എന്ന് ഞാന്‍ ചോദിച്ചതിന്, പൊതുവെ,ഞങ്ങളെ ഇവര്‍ ഉപദ്രവിക്കാറില്ലെന്നും അവന്റെ പണിയായുധങ്ങള്‍ പോലെ അവര്‍ക്കും പണിയായുധങ്ങള്‍ ഉണ്ടെന്നും , ഒന്നര ചാണ്‍ വലിപ്പത്തിലുള്ള നാലു ചൂരല്‍ വടികള്‍ ഒരു സൈഡ് കെട്ടിയത് അവന്റെ വിരലുകള്‍ക്കിടെ തിരുകി ഒരു സൈഡ് ഞെക്കിയാല്‍ പണ്ടു കുടിച്ച മുലപ്പാല്‍ വരെ വെളിയില്‍ വരുമെന്നും അവന്‍ പറഞ്ഞു. ഇവനൊരു നിസ്സാര കള്ളനല്ലെന്നും ഇരുപെത്തെട്ടു സ്ഥലങ്ങളില്‍ കയറിയ ഭീകര കള്ളനാണെന്നും , തലസ്ഥാനത്ത് ഇവന് , രണ്ടു നില വീടും , രണ്ടു ഭാര്യമാരും , രണ്ടു പെണ്മക്കളുമുണ്ടെന്നും , പെണ്മക്കളെയൊക്കെ നല്ല നിലയില്‍ കെട്ടിച്ചവനാണിവന്‍ എന്നും പോലീസുകാര്‍ പറയുന്നതു കേട്ടാല്‍ സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ഇവര്‍ക്കിത്രയും വ്യക്തമായി അറിയുമോ എന്ന് സംശയം തോന്നിപ്പോകും. ഒരവാര്‍ഡ് സിനിമയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ എന്റെ സുന്ദരകള്ളനെ വാടകവീട്ടില്‍ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി തിരികെ കൊണ്ടു പോയി.
കൈക്കൂലി എന്തിനും ഒരു പരിഹാരമാണെന്നു ധരിച്ചിരുന്ന എന്നെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അന്വേഷണം എല്ലാം കഴിഞ്ഞെത്തിയ ക്ഷീണിച്ച കള്ളനേയും , പോലീസുകാരേയും ഞാന്‍ കണ്ടു . ഞാനിനി എന്തുചെയ്യണമെന്ന ചോദ്യത്തിന് , ഒന്നും മിണ്ടാതെ നിന്ന പോലീസുകാരനോട് ‘’ കുറെ കൈക്കൂലി തരട്ടെ’‘ എന്നു ഞാന്‍ ചോദിച്ചതിന് , കള്ളന് കൊടുക്കു എന്ന മറുപടി കിട്ടി . കള്ളന് കൈക്കൂലിയോ? ‘’ കൈക്കൂലി വേണോ’‘ എന്ന് ഞാന്‍ സുന്ദരകള്ളനോട് ചോദിച്ചതിന് ‘’ സാറൊരു സൈക്കിയാട്രിസ്റ്റിനെ കാണണം ‘’ എന്നവന്‍ മറുപടി നല്‍കി.
എന്റെ പരിചയത്തിലുള്ള ഒരു പോലീസുകാരന്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ പോലീസുകാര്‍ ചിരിക്കാറില്ലെന്നും , സഹപ്രവര്‍ത്തകരെപ്പോലും ക്രിമിനല്‍സ് ആയിട്ടാണ് കാണുന്നതെന്നും . ജോലി കിട്ടിയതിനുശേഷം ഇവനും ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. മെയ്യ് കണ്ണാക്കുന്നതുപോലെ മനസ്സ് കല്ലാക്കാന്‍ ഇവരെ പഠിപ്പിക്കുന്നുണ്ടാകും എന്നു ഞാന്‍ വിചാരിച്ചു. മകന് ജോലി എന്താണ് എന്ന ചോദ്യത്തിന് ചില ഡിപ്പാര്‍ട്ടുന്മെന്റുകളുടെ പേരു പറഞ്ഞാല്‍, പിന്നെന്തോ വേണം സൂപ്പര്‍ ലോട്ടോ അടിച്ചിരിക്കുകയല്ലേ? എന്നു പറയുന്ന ഒരു ജനം. സ്വപ്നങ്ങള്‍ വിലക്കപ്പെട്ടവര്‍, പ്രതികരണശേഷി നശിച്ച് , കുപ്പികളില്‍ കിട്ടുന്ന ‘ സ്വപ്നജലത്തില്‍ ‘ അഭയം കണ്ടെത്തുന്നവര്‍ . പരാതിയും പരിഭവവുമില്ലാതെ ഓരോ ദിവസവും നേരം വെളുപ്പിക്കുന്നവര്‍.
എന്റേത് എന്ന് ഞാന്‍ അഹങ്കരിക്കുന്ന മനസുപോലും എനിക്ക് സ്വന്തമല്ല എന്ന തിരിച്ചറിവില്‍ ഞാനും സ്വപ്നജലം ഇഷ്ടപ്പെടാന്‍ തുടങ്ങി. സ്വന്തം വീടിന്റെ ഓരോ ഇഞ്ച് പണിയിലും , അതിന്റെ പാകപ്പിഴകളും , മണ്ടത്തരങ്ങളും നിഴലിച്ചു . പ്രഗത്ഭരായ വക്കീലന്‍മാരെപ്പോലും തോല്‍പ്പിക്കുന്ന കള്ളന്മാര്‍ ഉണ്ടെത്രെ . നിയമം അരച്ചു കലക്കി കുടിച്ചവര്‍ , സ്വന്തം കേസ്സുകള്‍ സ്വയം വാദിക്കുന്നവര്‍ , ചില വക്കീലന്‍മാര്‍ ഇവരുടെ സഹായം തേടാറുണ്ടെത്രെ . കോടതിയില്‍ ഇക്കൂട്ടര്‍ വാദിക്കുന്നത് കേട്ടാല്‍ കള്ളനേതാണ്, വക്കീലേതാണ് എന്ന് തിരിച്ചറിയാന്‍ പ്രയാസം. ഞാനും കുടുംബവും പതിവു ദിനചര്യകളിലേക്ക് മനസിനെ നിയന്ത്രിച്ചു മടങ്ങി വന്നു . എന്റെ സ്വപ്നങ്ങളില്‍ സുന്ദരകള്ളന്‍ വരാതായി.
അയലത്തെ മീനാക്ഷി , കുശുമ്പി, കണ്ണില്‍ ചോരയില്ലാത്തവള്‍, വല്യഭാവം കാണിക്കാന്‍ പുതിയ മാലകളും പഴയതുമാറ്റി പുതിയതാക്കിയതും ഒക്കെയായി എന്റെ ഭാര്യയെ കൊതിപ്പിക്കാന്‍ വീട്ടില്‍ കയറി വരുമായിരുന്നു. ദീര്‍ഘനിശ്വാസം വിട്ടുകൊണ്ടുള്ള എന്റെ ഭാര്യയുടെ നോട്ടത്തിനുമുമ്പില്‍ ‘ എന്തിനാ പെണ്ണുമ്പിള്ളേ എന്നേ ഇങ്ങനെ നോക്കുന്നേ’ എന്ന മട്ടില്‍ ഭര്‍ത്താവായ ഞാന്‍ രക്ഷപ്പെടുമായിരുന്നു. ഒരു തിങ്കളാഴ്ച വൈകീട്ട് ഞാന്‍ വീട്ടിലെത്തിയ നേരം എന്റെ ഭാര്യ എന്നോട് പറഞ്ഞു . നാളെ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലണമെന്ന് സ്റ്റേഷനില്‍ നിന്നും വിളിച്ചു പറഞ്ഞെന്ന്.
പിറ്റേന്ന് രാവിലെ ഞാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന നേരം എസ്. ഐ എന്നോട് ഇരിക്കാന്‍ പറഞ്ഞുകൊണ്ട് ചോദിച്ചു താന്‍ കള്ളനെ പിന്നീട് കണ്ടിരുന്നോ എന്ന് . ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു . തന്റെ കള്ളന്‍ വിജിലന്‍സില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം പറഞ്ഞ് നിര്‍ത്തി.
‘ഈശ്വരാ’ ഇതെന്തു മാരണമാണ് . മുതലും പോയി , സ്വസ്ഥതയും പോയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിടക്കപ്പൊറുതിയില്ലാത്ത അവസ്ഥ. ഒന്നും മറുപടി പറയാതെ ഞാനവിടെ നിന്നും ഇറങ്ങി വീട്ടിലേക്കു പോന്നു. ശത്രുക്കള്‍ക്കു പോലും ഇങ്ങനെയൊന്നും വരുത്തല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. എല്ലാം ഒന്നു മറന്നുതുടങ്ങിയതായിരുന്നു പരാതി അന്വേഷിക്കേണ്ടവര്‍ പറയുന്നതു കേട്ടില്ലേ ഇനി ഞാനാരോട് പരാതിപ്പെടും കള്ളനോടോ ? കാലില്‍ മരുന്നു പുരട്ടുന്ന കള്ളന്‍, ദൈന്യഭാവം നിറഞ്ഞ ആ സുന്ദരകള്ളന്‍ എന്റെ മനസില്‍ ഓടി നടന്നു. എങ്ങിനെയെങ്കിലും അവനെ തേടിപ്പിടിച്ച് അവനോടൊന്നു പറഞ്ഞാലോ ? വേണ്ട എന്നെ കറണ്ടടിപ്പിക്കണമെന്നവന്‍ പറയും.
ആകസ്മികമായിട്ടാണത് സംഭവിച്ചത് . കോടതിയില്‍ നിന്നും ഒരു കടലാസ്സ് കിട്ടി. ഞാന്‍ കോടതിയില്‍ ചെന്നു. മജിസ്ട്രേറ്റ് ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞു തന്നതുപോലെയെല്ലാം മറുപടി പറഞ്ഞു. മുതലുപോയവന്റെ ആര്‍ത്തനാദവും , സങ്കടങ്ങളും ഉത്തരത്തിലുടനീളവും നിഴലിക്കുന്നുണ്ടായിരുന്നു. സ്വര്‍ണ്ണം മുഴുവന്‍ ഉരുകിപ്പോയെന്നും , അത്രയും തൂക്കം സ്വര്‍ണ്ണക്കട്ട നിങ്ങള്‍ക്കുകിട്ടുമെന്നും കോടതി പറഞ്ഞു . ലോട്ടറി കിട്ടിയ സന്തോഷത്തോടെ ഞാനും ഭാര്യയും അന്നേ ദിവസം സന്തോഷിച്ചു. ‘’ ചേട്ടാ… എനിക്കെന്റെ പഴയ പൂത്താലി, നാഗപടം , മണിത്താലി ഒക്കെ പണിയണം’‘ അവള്‍ ആവശ്യപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് , ബൂസ്റ്റും ഹോര്‍ലിക്സും , മാള്‍ട്ടോവയും ഒന്നിച്ചു കഴിച്ച് ശക്തി വീണ്ടെടുത്ത പ്രതീതി അവളില്‍ പ്രകടമായി. കല്യാണം കഴിഞ്ഞ നാളുകളില്‍ പോലും ഇത്രയും സന്തോഷം അവളില്‍ കണ്ടില്ല . ഇതെല്ലാമൊന്നു പണിതിട്ടുവേണം മീനാക്ഷിയോട് രണ്ട് പറയാന്‍ എന്നവള്‍ പുലമ്പുന്നുണ്ടായിരുന്നു.
സ്വര്‍ണ്ണപ്പണിക്കാരന്‍ ഗോപാലന്‍ സ്വര്‍ണ്ണക്കട്ട തിരിച്ചും , മറിച്ചും നോക്കാന്‍ തുടങ്ങി . പിന്നെ ഉരക്കാന്‍ തുടങ്ങി. എന്റെ ചങ്ക് പടപടാന്ന് ഇടിക്കാന്‍ തുടങ്ങി. കുറെ ഉരച്ച ശേഷം ഗോപാലന്‍ പ്രഖ്യാപിച്ചു. ഇതില്‍ പാതിയും ചെമ്പാണെന്ന് . ഇതുകൊണ്ട് കാര്യമായിട്ടൊന്നും പണിയാന്‍ കഴിയില്ലെന്നും , ഇതുകേട്ടതും ഭാര്യ ബോധം കെട്ടു വീണു. ഗോപാലന്‍ അവളുടെ മുഖത്ത് വെള്ളം തളിച്ചു . അവള്‍ എഴുന്നേറ്റിരുന്ന് പിച്ചും പേയും പറയാന്‍ തുടങ്ങി.
എപ്പോളോ ഞാനെന്റെ സുന്ദരകള്ളനെ ആരാധിച്ചു തുടങ്ങിയതായിരുന്നു. ഇപ്പോള്‍ അവനെ കിട്ടിയാല്‍ അരച്ചു കലക്കിക്കുടിക്കാനുള്ള കലി എന്നില്‍ ആവേശിച്ചു. എന്തിനേയും ഞാന്‍ സംശയിക്കാന്‍ തുടങ്ങി . കള്ളനും പോലീസിനും , സ്വര്‍ണ്ണക്കടക്കാരനും, ഗോപാലനുമൊക്കെ ഒരേ മുഖമാണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. അഞ്ചു മുഖമുള്ള , കയ്യും കാലും നീരുമെത്തിയ , കള്ളന്‍ കരയുന്നതും , ജയിലഴികളില്‍ ചുറ്റിപ്പിരിയുന്നതും ഞാന്‍ അവസാനമായി സ്വപ്നം കണ്ടു. പിന്നീടൊരിക്കലും എന്റെ സ്വപ്നങ്ങളില്‍ സുന്ദരകള്ളന്‍ വന്നിട്ടില്ല.
സ്വര്‍ണ്ണം കണ്ടാല്‍ എന്റെ ഭാര്യ ബോധം കെടാന്‍ തുടങ്ങി. സ്വര്‍ണ്ണക്കടയുടെ അടുത്തുകൂടി പോകാന്‍ കഴിയാത്ത അവസ്ഥ . കള്ളന്‍ എന്നോട് പറഞ്ഞതു പോലെ ഞാനവളെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു. ആയിരത്തില്‍ ഒരാള്‍ക്കുണ്ടാകുന്ന അസുഖമാണെന്റെ ഭാര്യക്കെന്നും ‘’ സ്വര്‍ണ്ണോമാനിയ’‘ എന്നാണിതിന്റെ പേരെന്നും , അതിന്റെ തീവ്രതയില്‍ ബോധക്കേടുണ്ടാകാറുണ്ടെന്നും , പ്രത്യേകിച്ച് മരുന്നൊന്നും വേണ്ടെന്നും കുറെ കഴിയുമ്പോള്‍ രോഗം തനിയെ മാറിക്കൊള്ളുമെന്നും ഡോക്ടര്‍ പറഞ്ഞു.
ഇങ്ങനെയാണെങ്കിലും പകുതി സ്വര്‍ണ്ണം എവിടെപ്പോയി ? ആ ചോദ്യത്തിനുത്തരം ഇന്നും ഒരു പിടികിട്ടാപുള്ളിയെപ്പോലെ അവശേഷിക്കുന്നു.
അനില്‍ കുമാര്‍ കെ സി
കന്റവത്ത് വീട് , എ . ആര്‍ .ഐ /166
ആദംപിള്ളിക്കാവ് റോഡ്
വടക്കേക്കോട്ട , തൃപ്പൂണിത്തുറ
എര്‍ണാകുളം ജില്ല, പിന്‍ -682301
കേരള
മൊബൈല്‍ – 9847477661
email : akcnair59@yahoo.com
Generated from archived content: story1_june2_12.html Author: k.c.anilkumar