”പുതിയതു മതി, ക്യാമറ വേണം , നിങ്ങളച്ഛനും മക്കളും ഉപയോഗിച്ച് ചവച്ചു തുപ്പുന്നതൊക്കെ ഉപയോഗിക്കാന്‍ എന്നെ കിട്ടില്ല ഞാന്‍ വലിഞ്ഞു കയറി വന്നവളൊന്നുമല്ല” കയറിവന്നപാടേ , ഭാര്യയുടെ , ഈ മാതിരിയുള്ള ആക്രോശങ്ങള്‍ കേട്ടു ഞാന്‍ വിചാരിച്ചു ‘’ അവള്‍ വല്ല നാടകത്തിലും ഉള്ള ഡയലോഗുകള്‍ വായിച്ചു പഠിക്കുകയായിരിക്കും. ”എന്ന്. കലാബോധം തൊട്ടു തീണ്ടിയിട്ടില്ലാത്തവള്‍ , എന്തേ ഇങ്ങിനെ എന്നു മനസിലാക്കാന്‍ കുറെ സമയമെടുത്തു. ആത്മസംയമനം പാലിച്ചുകൊണ്ടു ഞാന്‍ അവളോടു ചോദിച്ചു. ”എന്തേ … എന്തു പറ്റി നിനക്ക്…”‘’ നാഗവല്ലി ‘’ നോക്കും പോലൊരു നോട്ടം ‘’ ഉന്നെ , നാന്‍ വിടമാട്ടെ’’ എന്നു പറയും പോലെ ….എന്റെ ഉള്ളൊന്നു കാളി. രാവിലെ ഞാന്‍ പോകുമ്പോള്‍, ഒരു കുഴപ്പവുമില്ലായിയിരുന്നു. അന്തരീക്ഷം കുറെ മയപ്പെട്ടു എന്നു തോന്നിയപ്പോള്‍ ഞാന്‍ മെല്ലെ ചോദിച്ചു. ‘’ആരോടാ നീയീ ഡയലോഗുകള്‍ തട്ടി വിടുന്നത്?’‘‘’ നിങ്ങളോടുതന്നെ എനിക്കൊരു മൊബൈല്‍ ഫോണ്‍ വേണം ക്യാമറ നിര്‍ബന്ധം’‘‘’ഇവിടൊരു ഫോണ്‍ ഉണ്ടല്ലോ …? അതുപോരെ ശരിക്കും ചിന്തിച്ചിട്ടാണോ?’‘അവള്‍ക്കിനി ഒട്ടും തന്നെ ആലോചിക്കാനില്ലെന്നും ഇനിയും മൊബൈല്‍ ഫോണില്ലാത്തതു നാണക്കേടാണെന്നും തേപ്പുകാരന്‍ പാണ്ടിക്കുപോലും മൊബൈല്‍ ഫോണ്‍ ഉണ്ടെന്നും അവള്‍ പറഞ്ഞു നിര്‍ത്തി. കേട്ടപ്പോള്‍ മരമണ്ടനായ എനിക്കും തോന്നി ശരിയാണെന്ന്. നിവൃത്തിയുണ്ടാക്കാമെന്നു ഞാന്‍ പറയുകയും ചെയ്തു. അങ്ങിനെയാണ് പിറ്റേന്നു മൊബൈല്‍ ഫോണ്‍ മേടിക്കാന്‍ കടയില്‍ ചെന്നത്.കടയില്‍ ചെന്നതും ഒരു മൊബൈല്‍ ഫോണിനു വേണ്ട ഗുണഗണങ്ങള്‍ അവള്‍ വാ തോരാതെ കടക്കാരനോടു പറയാന്‍ തുടങ്ങി. ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതു കണ്ടിട്ടാകാം കടക്കാരന്‍ എന്നെ ദയനീയമായി നോക്കി. എന്റെ നില്‍പ്പില്‍ ദയ തോന്നിയിട്ടോ എന്തോ ‘’ ക്യാമറ നിര്‍ബന്ധമാണൊ ചേച്ചി’‘ എന്നു കടക്കാരന്‍ ചോദിച്ചതും പെണ്ണുംപിള്ള പിന്നെയും നാഗവല്ലി.ഇതുപോലുള്ള ഉപഭോക്താവിനെ അയാള്‍ ആദ്യമായിട്ടായിരിക്കും കാണുന്നത്. ഒട്ടും താമസിയാതെ ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണ്‍ അവള്‍ക്ക് നേരെ നീട്ടി അയാള്‍ തടി തപ്പി.അതു തന്നെ മതിയെന്നവള്‍ ശാഠ്യം പിടിച്ചു, മൊബൈല്‍ ഫോണ്‍ ബാഗിലാക്കി. ”ആ ഫോണ്‍ ഒന്നു കാണട്ടെ’’ എന്നു ചോദിച്ചു കൈ നീട്ടിയ എന്നോട് അങ്ങിനെ ഞാനൊരുമൊരു മൊബൈല്‍ ഫോണ്‍ ഉടമസ്ഥയായി എന്നു പറഞ്ഞ് ഫോണ്‍ തിരിച്ചും മറിച്ചും നോക്കി വീണ്ടും ബാഗിലാക്കി. ”ഇതെന്താണു ചേട്ടാ ഇതു ഞെക്കുമ്പോള്‍ മറ്റേതെന്തു ചെയ്യണം, ഈ സ്വിച്ച് എന്തിനുള്ളതാണു ചേട്ടാ” രണ്ടു ദിവസത്തേക്ക് ഈ വക ചോദ്യങ്ങളുമായി അവള്‍ നടക്കുന്നുണ്ടായിരുന്നു. ഫോണ്‍ ഉപയോഗിക്കാന്‍ പഠിച്ചിട്ടോ എന്തോ ഏതു നേരവും ഫോണ്‍ ഞെക്കി നോക്കി കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്താനുള്ള ശ്രമമാണോ ഇവള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നുവരെ ഞാന്‍ സംശയിച്ചു. മൊബൈല്‍ ഫോണ്‍ ഞെക്കി ഞെക്കി അവളുടെ വിരലുകള്‍ വളയുന്നുണ്ട് എന്നു ഞാന്‍ അവളെ ഓര്‍മ്മിപ്പിച്ചു. വീണ്ടും ആ പഴയ നോട്ടം. കടക്കാരനെ പേടിപ്പിച്ച നോട്ടം.‘’ മത്തക്കണ്ണീ , നിന്റെ കണ്ണു പൊട്ടിപ്പോകട്ടെ’‘ എന്നു ഞാന്‍ മനസിലോര്‍ത്തു. ആദ്യത്തെ ബില്‍ വന്ന ദിവസം ബഡ്ജറ്റ് തകര്‍ന്ന് മരിക്കാതിരിക്കാന്‍ ഞാന്‍ ഏറെ പണിപ്പെട്ടു. ‘’ നീയിതെന്തു ഭാവിച്ചാണ്’‘ എന്ന എന്റെ ചോദ്യത്തിന് കുറ്റബോധം കൊണ്ടോ എന്തോ ഇനിയിങ്ങനെ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാമെന്നവള്‍ എനിക്കു വാക്കു തന്നു. പിന്നീടുള്ള മാസങ്ങളും ബില്ലുകള്‍ തഥൈവ. ഓരോരോ കാരണങ്ങള്‍ അവള്‍ പറയാനും തുടങ്ങി.ഞാന്‍ പോലുമറിയാതെ ബജറ്റിലെ ചിലവു കോളത്തില്‍ അവളുടെ മൊബൈല്‍ ഫോണ്‍ ഒരു പ്രധാന ഐറ്റമായി മാറി. എന്തെങ്കിലും അത്യാവശ്യത്തിന് വീട്ടിലേക്ക് വിളിച്ചാല്‍ ലാന്റ് ഫോണ്‍ എന്‍ഗേജ്ഡ് ആയിരിക്കും. എന്നാല്‍ മൊബൈല്‍ ഫോണില്‍ വിളിക്കാമെന്നു വച്ചാല്‍ അതും ‘’ എന്‍ഗേജ്ഡ്’‘. ”ഒരേ സമയം രണ്ടു ഫോണിലും വിളീക്കുന്ന വിദ്യ എന്നെയും കൂടൊന്നു പഠിപ്പിച്ചു തരണമെന്ന്” ഞാന്‍ അവളോടാവശ്യപ്പെട്ടതിന്. ” ഈയിടെ ചേട്ടെനെന്നോടു സ്നേഹമില്ലെന്നും ഒരു ചുവന്ന കല്ലു വച്ച കമ്മല്‍ വേണമെന്നു പറഞ്ഞിട്ടെത്ര നാളായെന്നും ചിണുങ്ങിക്കൊണ്ടവള്‍ മറുപടി പറഞ്ഞു.ഇടക്കിടെ നാട്ടില്‍ പോകുമ്പോള്‍ കാറില്‍ കയറി ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ കളി തുടങ്ങും.വണ്ടിയില്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ ഉണ്ടെന്നും അതു വര്‍ക്ക് ചെയ്യുമോ എന്നു നോക്കാനെങ്കിലും മൊബൈല്‍ ഫോണ്‍ ഒന്നോഫ് ചെയ്യുമോ എന്ന് ഞാന്‍ ചോദിച്ചതിന് കുതിരാന്‍ കയറ്റം കയറുമ്പോള്‍ റേഞ്ച് ഇല്ലെന്നും അപ്പോള്‍ ചേട്ടനു പാട്ടുകേള്‍ക്കാമല്ലോ എന്നും അവള്‍ പറഞ്ഞു. മൊബൈല്‍കളുടെ റേഞ്ചിനെ പറ്റി അവള്‍ വാ തോരാതെ സംസാരിക്കാന്‍ തുടങ്ങി. മൊബൈല്‍ ഫോണുകളെ പറ്റിയും അവയുടെ റേഞ്ചിനെ പറ്റിയും അവള്‍ക്കുള്ള അറിവിനു മുന്‍പില്‍ ശിരസ്സു നമിച്ചു. കീഴടങ്ങുകയാണ് എന്റെ വായ കഴക്കാതിരിക്കാന്‍ നല്ലെതെന്ന് എനിക്കു ബോധ്യപ്പെട്ടു. തറവാട്ടു മുറ്റത്തെത്തിയ വിവരം ഫോണില്‍ വിളിച്ചറിയിച്ചിട്ടല്ലാതെ ഫോണില്‍ നിന്നു കൈവിടാത്ത അവസ്ഥ.‘’ ഇതെങ്കിലും നിനക്കൊഴിവാക്കാമായിരുന്നു’‘എന്നു ഞാന്‍ പറഞ്ഞതിന് ,‘’ ഓ നിങ്ങള്‍ക്കൊക്കെ എന്തുമാകാം ഞാനൊരു ഫോണ്‍ ചെയ്താല്‍ കുറ്റമായി എന്നവള്‍ എണ്ണിപെറുക്കാന്‍ തുടങ്ങി.മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട അസുഖമാണോ പെണ്ണും പിള്ളക്ക് എന്നു ഞാന്‍ സംശയിക്കാന്‍ തുടങ്ങി. എന്റെയൊരു സുഹൃത്ത് ഡോക്ടറുടെ അടുത്ത് കാര്യം പറഞ്ഞു. ”ഇതിപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണെന്നും ഇങ്ങിനെയൊക്കെ ചെയ്തില്ലെങ്കില്‍ സമൂഹത്തിന്റെ മുന്‍പില്‍ കുറച്ചിലായി മാറുമെന്ന മനസിന്റെ തോന്നലുകളുടെ ബഹിര്‍സ്ഫുരണമാണ് ഇതെന്നും സുഹൃത്ത് പറഞ്ഞു. ‘’ ചികിത്സ വല്ലതും?‘’ ഞാന്‍ ചോദിച്ചു. ‘’ കയ്യും കാലും തളര്‍ത്തിക്കളയുക അതല്ലാതെ കറന്റ് അടിപ്പിക്കല്‍ കൊണ്ടും രക്ഷയില്ല‘’ എന്നു ഡോക്ടര്‍ സുഹൃത്ത് പറഞ്ഞു. മനുഷ്യന്റെ പണം പറ്റിച്ചെടുക്കുന്നതിനുള്ള അനേകം സ്കീമുകള്‍ മൊബൈല്‍ കമ്പനിക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും വിളിക്കുന്ന ആള്‍ക്ക് കേള്‍ക്കാന്‍ പാട്ട്, റിങ് ടോണ്‍ പാട്ട്, ഇക്കിളിപ്പെടുത്തുന്ന എസ്. എം. എസ് , സമ്മാനപദ്ധതികള്‍ അങ്ങിനെ പലതും.ഒരിക്കല്‍ പെട്ടാല്‍ ഇതില്‍ നിന്നും മോചനമില്ലെന്നും പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയല്ലാതെ പ്രത്യേകിച്ചു ചികിത്സയൊന്നുമില്ലെന്നും കൂടുതല്‍ ജോലികള്‍ കൊടുക്കുകയും മൊബൈല്‍ ഫോണ്‍ കണ്‍വെട്ടത്തുനിന്നു മാറ്റിവയ്ക്കുകയും മാത്രമാണ് ഇതിനു പ്രതിവിധി എന്നും ഡോക്ടര്‍ പറഞ്ഞു. അങ്ങനെയാണ് ഞാനവളെ അവള്‍ക്കറിയാവുന്ന പെയിന്റിംഗ് കുട്ടികളെ പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യമാസത്തില്‍ ചികിത്സ വിജയം കണ്ടെത്തിയെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ ബഡ്ജറ്റ് പഴയ സ്ഥിതിയിലും കൂടുതലാണെന്ന് ബോധ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ വിളിയുടെ ലിസ്റ്റിലേക്ക് വാ തോരാതെ വര്‍ത്തമാനം പറയുന്ന കുറെ ശിക്ഷ്യഗണങ്ങളെ കൂടി ചേര്‍ക്കാനല്ലാതെ മറ്റൊന്നിനും ഈ ഉദ്യമം കൊണ്ടു സാധിച്ചില്ല എന്നു ഞാന്‍ ആറു മാസം കൊണ്ട് മനസിലാക്കി. ചിലവു ചുരുക്കലിന്റെ ഭാഗമായി ഞാനെന്റെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ വിളിയുടെ സൗകര്യത്തിനായി പെയ്ന്റിംഗ് ക്ലാസ്സ് അവളും ഉപേക്ഷിച്ചു. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്നും വന്നിട്ട് ചായ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല വീടു മുഴുവന്‍ നടന്നു നോക്കിയതില്‍ നിന്നും എനിക്കു കാണാന്‍ കഴിഞ്ഞത് രണ്ടു ചെവിയിലും ഇയര്‍ ഫോണ്‍ തിരുകി ശ്രദ്ധിച്ച് മൊബൈല്‍ ഫോണ്‍ ചെയ്യുന്ന പെണ്ണുമ്പിള്ളയെ ആണ്. ‘’ ഇതെന്തു സൂത്രം’‘ ഞാനവളെ തോണ്ടി വിളിച്ചു. ”ആ ചേട്ടാ ബ്ലൂടൂത്ത് എന്നൊരു സാധനമുണ്ടെന്നും അതുണ്ടെങ്കില്‍ കുറെ കൂടി സുഖമാണെന്നും അവള്‍ പറഞ്ഞു. ”നിന്നോടാരു പറഞ്ഞു അതൊക്കെ”” എനിക്കറിയാം ചേട്ടാ, ചുവന്ന കല്ലു വച്ച കമ്മല്‍ മേടിച്ചില്ലെങ്കിലും വേണ്ടില്ല ഇതു കൂടിയേ തീരു ചേട്ടാ. കാരണം ചെവി വേദനിക്കുന്നുണ്ടോ എന്നെനിക്കൊരു സംശയം” എന്നാലും ഫോണില്‍ നിന്നും പിടിവിടാന്‍ അവള്‍ ഒരുക്കമല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. മുപ്പതു കൊല്ലം മുന്‍പ് ജനിച്ചിരുന്നെങ്കില്‍ അവള്‍ എന്തു ചെയ്യുമായിരുന്നെന്നു ഞാന്‍ ചോദിച്ചതിന് തുറിച്ചു നോക്കിക്കൊണ്ട് അവള്‍ അടുത്ത ഫോണ്‍ വിളി ആരംഭിച്ചു. പിറ്റേന്നു ഞാന്‍ ഓഫീസില്‍ നിന്നും വന്നതും അവള്‍ ഓടി വന്നെന്നോടു പറഞ്ഞു. ”ചേട്ടാ എനിക്കൊരു ലപ്ടോപ്പ് മേടിച്ചു തരണം” ”ലാപ്ടോപ്പ് വേണമെന്നോ എന്തിന്? അതെന്താണെന്ന് നിനക്കറിയുമോ ?””ഓ അതൊക്കെ എനിക്കറിയാം. അപ്പുറത്തെ വീട്ടിലെ തോമസിന്റെ പിള്ളേരുടെ കയ്യിലുണ്ട്. അവിടുത്തെ അന്നമ്മ മൂത്ത മകനെ അമേരിക്കയ്ക്ക് വിളിക്കുന്നത് അതിലാണ്. പിന്നെ ചാറ്റ്, ഫേസ് ബുക്ക്, നെറ്റ് കണക്ഷന്‍, ഗൂഗിള്‍, സ്കൈപ് എന്നു കുറെ വാക്കുകളും. അവസാനം യാഹൂ എന്നൊരു കരച്ചിലും. ഇതിന്റെയൊക്കെ ഒരു ഉറവിടം അന്നമ്മയായിരിക്കാം എന്നൊരു ചിന്ത എന്നില്‍ ആവേശിച്ചു. തോമസിനോടും മക്കളോടും ഞാന്‍ ഒരപരാധവും ചെയ്തിട്ടില്ല. എന്നിട്ടും അന്നമ്മ എന്തേ ഇങ്ങനെയൊക്കെ എന്നോടു പെരുമാറാന്‍ എന്നെനിക്കു തോന്നി. ഓരൊ ദിവസം ചെല്ലുന്തോറും അവളുടെ നിര്‍ബന്ധം കൂടി കൂടി വന്നു. ലാപ്ടോപ്പ് എന്ന സാധനം കയ്യില്‍ കിട്ടുന്നതുവരെ. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്നും മടങ്ങി വരുമ്പോള്‍ കാണുന്നത് ഒരു ചെവിയില്‍ മൊബൈല്‍ ഫോണും മറു ചെവിയില്‍ ലാന്റ് ഫോണും പിടിച്ച് കഴുത്തൊടിഞ്ഞ രീതിയില്‍ അവള്‍ ഇരിക്കുന്നതാണ്. അടുത്തു ചെന്നപ്പോള്‍ ഒരു കൈകൊണ്ട് ലാപ് ടോപ്പില്‍ ഞെക്കിക്കളിക്കുന്നുമുണ്ട്. എന്നെ കണ്ടതും അവള്‍ എന്നോടു പറഞ്ഞു.” ചേട്ടാ ഇതാണ് ഫേസ് ബുക്ക് ഇതില്‍ നമുക്കു ഒരു പാടു കൂട്ടുകാരെ കിട്ടും. സമയം പോണതറിയുകയേയില്ല” ”ലാന്റ് ഫോണില്‍…?””അത് ജോമോള്‍ എന്റെ ഫ്രണ്ടാ””മൊബൈല്‍ഫോണില്‍ …?” അതു ചിറ്റയാ ””അടുത്ത ജന്മമെങ്കിലും നിനക്കു നാലുകൈ തരാന്‍ ഞാന്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കാം” ”ആ ….അതു വേണം ചേട്ടാ .. എല്ലാം കൂടി രണ്ടു കയ്യ് പോരാതെ വരുന്നു” എന്നവള്‍ കൂട്ടിച്ചേര്‍ത്തു.
Generated from archived content: story1_july11_12.html Author: k.c.anilkumar
Click this button or press Ctrl+G to toggle between Malayalam and English