ചൂലുകൊണ്ട് സകല ശാപങ്ങളും അടിച്ചുവാരി വേസ്‌റ്റ് ടബ്ബയിലിട്ടു.
മുറി തുടച്ച് വൃത്തിയാക്കി. എന്നിട്ടും പോകാതെ വലകെട്ടിക്കിടക്കുന്ന പിറുപിറുക്കലുകളും ഏങ്ങിക്കരച്ചിലുകളും കമ്പ് കൊണ്ട് കുത്തി ചുഴറ്റിയെടുത്തു കളഞ്ഞു.
കലണ്ടറിനടിയിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു.
കിഴക്കൻകാറ്റിനൊപ്പം ജാലക വിജാഗിരി ഇളകി, പല്ലുഞ്ഞെരിഞ്ഞു.
പുസ്‌തകം തട്ടിക്കുടഞ്ഞപ്പോൾ കൊമ്പുള്ള അക്ഷരങ്ങൾ തല വലിച്ചു. മേശവിളക്ക് കുനിഞ്ഞ് ഉറക്കം തുടങ്ങി.
കട്ടിലിലിരുന്നപ്പോൾ അടക്കിപ്പിടിച്ച ശീൽക്കാരം കേട്ടു. തലയണയിൽ ഓർമ്മകളുടെ എണ്ണമയം.
ഭിത്തിയുടെ നെഞ്ച് ഉയരുന്നു, താഴുന്നു. അത് ശ്വസിക്കുന്ന താളം കേൾക്കാം.
ഫാനിട്ടപ്പോൾ ശ്വാസം മുട്ടിയുള്ള ചുമയുയർന്നു.
പിന്നെ വിളക്കു കത്തിച്ചു. ദീപം തൊഴുകൈയോടെ നിൽക്കുന്നു. അരുത്. പിന്നെ അമാന്തിച്ചില്ല, വിളക്കണച്ചു മുറിക്കു പുറത്തിറങ്ങി. മുറി പൂട്ടി. പൂട്ടിനുള്ളിൽ ഇക്കിളി കേട്ടു; വീട്ടിനുള്ളിലും.
Generated from archived content: story2_feb13_07.html Author: jyothish_vembayam