ചതുരക്കാഴ്‌ച

ചൈതന്യ ഐ ക്ലിനിക്കിനു മുന്നിൽ പതിവിൽ കവിഞ്ഞ പാർക്കിംഗ്‌ കണ്ടപ്പോൾ അവുക്കർ ഹാജി അത്ഭതപ്പെട്ടു. വെള്ളിയാഴ്‌ചകൾ പൊതുവേ തിരക്കുള്ള ദിവസമല്ലല്ലോ…. ഡോക്‌ടർ സക്കറിയ ആണെങ്കിൽ നാലഞ്ച്‌ ദിവസമായി അവധിയിലാണ്‌ താനും…. ചിലപ്പോൾ മേനോൻ ഡോക്‌ടറും ഭാര്യ കമലയും ഇന്ന്‌ പരിശോധനക്ക്‌ എത്തിയിട്ടുണ്ടാവും. അതായിരിക്കുമോ ഇന്നത്തെ തിരക്കിനു കാരണം?…. എന്തായാലും ഇന്ന്‌ നാലഞ്ചു കസ്‌റ്റമേഴ്‌സിനെയെങ്കിലും കിട്ടാതിരിക്കുകയില്ല.

ക്‌ളിനികിന്‌ മുന്നിലെ തിരക്കുള്ള റോഡ്‌ ശ്രദ്ധയോടെ മുറിച്ചു കടന്നു ഹാജി എതിർവശത്തുള്ള ‘നയന ഒപ്‌ടികൽസി’ലേക്കു കയറി. ഇളം പച്ചയിൽ വെള്ള അക്ഷരങ്ങൾ ചിതറിക്കിടക്കുന്ന ബോർഡിന്‌ കീഴിലൂടെ കടയുടെ പടി കടക്കുമ്പോൾ ഹാജിയുടെ കാതുകളിൽ ഒരു ചില്ല്‌ വീണുടയുന്ന ശബ്‌ദം പതിച്ചു.

വർഷങ്ങളായി അത്‌ പതിവുള്ളതാണ്‌. ഹാജിക്കറിയാം, അങ്ങനെ ഒരൊച്ച, മറ്റാരും കേൾക്കുന്നുണ്ടാവില്ലെന്ന്‌. തനിക്കു മാത്രമായി അനുഭവവേദ്യമാകുന്ന ഒരു അശരീരിയാണത്‌…. ഇത്‌ എങ്ങനെയാണ്‌ തന്നെ ബാധിച്ചതെന്ന്‌ ഹാജിക്ക്‌ വ്യക്തമല്ലെങ്കിലും എപ്പോഴോ സംഭവിച്ച ഒരു കൈപ്പിഴയുടെ ബാക്കിപത്രമായി ആ ശബ്‌ദം പിന്തുടരുന്നുണ്ട്‌. വർഷങ്ങൾക്കു മുൻപ്‌ നയന ഒപ്‌ടികൽസ്‌ എന്ന സ്വപ്‌നം സഫലമായതിനുശേഷമാണ്‌ ഈ പടി കടക്കുമ്പോൾ ഒരു കുളിരും ചെവിയിൽ ചില്ല്‌ വീണുണയുന്ന ശബ്‌ദവും ഹാജിയെ തേടിയെത്തുന്നത്‌. തികച്ചും സ്വകാര്യമായ ഈ വികാരം അയാൾ, ഭാര്യ സുലേഖയോടു പോലും പറയാൻ ഇഷ്‌ടപ്പെട്ടില്ല. ഇതേപ്പറ്റി അസുഖകരമായി ഒന്നും അദ്ദേഹത്തിന്‌ തോന്നിയിരുന്നില്ല എന്നതാണ്‌ സത്യം.

ബാപ്പയെ കണ്ടതും കൗണ്ടറിനു പിന്നിൽ നിന്നും നജീബ്‌ എഴുന്നേറ്റു വന്നു. അയാൾ പുറപ്പെടാൻ തയ്യാറായി നില്‌ക്കുകയായിരുന്നു. ചുമലിലെയ്‌ക്ക്‌ ബാഗിന്റെ വള്ളികൾ പിടിച്ചിട്ട്‌, കൗണ്ടറിന്റെ ചില്ല്‌ പലകയ്‌ക്ക്‌ മുകളിൽ നിന്ന്‌ ബൈക്കിന്റെ താക്കോലുമെടുത്ത്‌ ബാപ്പയെ ഒന്നുനോക്കി നജീബ്‌ പുറത്തേക്കു പോയി. പോകുന്ന പോക്കിൽ ‘ഞാൻ പോണു’ എന്നോ മറ്റോ പിറുപിറുത്തത്‌ ഹാജി കേട്ടു. അയാൾ ഒന്നും മിണ്ടാതെ സാവധാനം നടന്നു ചെന്ന്‌ കൗണ്ടറിനു പിന്നിലെ കസേരയിലേക്കിരുന്നു. കടയിൽ കസ്‌റ്റമേഴ്‌സ്‌ ആരും തന്നെ എത്തിയിട്ടില്ലെന്ന്‌ കാലിയായ മേശവലിപ്പ്‌ സൂചിപ്പിച്ചു.

ഹാജി കടയിൽ ആകമാനം കണ്ണോടിച്ചു. ചുവരിലെ സ്‌റ്റാൻഡുകളിലും കണ്ണാടി അലമാരകളിലുമായി വിവിധ തരം കണ്ണടകൾ സൂക്ഷിച്ചിരുന്നു. അവയെല്ലാം പൊടിതട്ടി തുടച്ചു മിനുക്കിയിട്ടുണ്ട്‌. മനോഹരമായിത്തന്നെ നിരത്തി വച്ചിട്ടുമുണ്ട്‌ അയാൾക്ക്‌ ആശ്വാസം തോന്നി. അഭിനന്ദന സൂചകമായ ഒരു ചിരിയോടെ ഹാജിയുടെ കണ്ണുകൾ കണ്ണടകൾക്കിടയിൽ റീത്തയുടെ മുഖം തിരിഞ്ഞു കണ്ടുപിടിച്ചു. ഒന്നു ചിരിച്ച്‌ അവൾ തന്റെ പതിവ്‌ ജോലികളിലേക്ക്‌ മടങ്ങിപ്പോയി. രാവിലെ നജീബു കട തുറക്കുന്നത്‌ മുതൽ വൈകിട്ട്‌ അഞ്ചര മണിക്ക്‌ തിരികെ വീട്ടിലേക്ക്‌ മടങ്ങുന്നത്‌ വരെ റീത്ത, നയന ഒപ്‌ടിക്കൽസിന്റെ നാഡിമിടിപ്പാണ്‌. അവളെപ്പോലെ ഇത്ര കൃത്യനിഷ്‌ഠയും കാര്യക്ഷമതയും ഉള്ള ഒരാളില്ലാതിരുന്നുവെങ്കിൽ, ഈ സ്‌ഥാപനം പണ്ടേ പൂട്ടിപോകുമായിരുന്നു എന്ന്‌ ഹാജിക്ക്‌ തോന്നിയിട്ടുണ്ട്‌.

നജീബിന്റെ കാഴ്‌ചയിൽ ഒരു പാർശ്വവരുമാനം മാത്രമാണ്‌ ഈ സ്‌ഥാപനം അയാൾക്ക്‌ ഐടി പാർക്കിൽ നല്ലൊരു ജോലിയുണ്ട്‌ സഞ്ചരിക്കാൻ ബൈക്കും. കഴുത്തിൽ ഐ.ഡി. കാർഡും മുതുകത്തു ക്രോസ്‌ ബാഗും, മുഖത്ത്‌ മറ്റുള്ളവർക്ക്‌ കാണാൻ നല്ലൊരു കണ്ണടയുമുണ്ട്‌. പിന്നെ ഇപ്പോഴും ചെറുപ്പം വിട്ടുമാറാത്ത മുഖവും.

നജീബിന്റെ ഭാര്യ സുൽത്താൻബത്തേരിയിലെ ഒരു യു.പി.സ്‌കൂളിലെ ടീച്ചറാണ്‌. തിരുവനന്തപുരത്തേക്ക്‌ ഒന്ന്‌ വന്നു പോകാൻ രണ്ടു മൂന്നു മാസത്തെ ദൂരമുണ്ടെന്ന്‌ സുഹറ പറയും ‘ലീവ്‌ ഇല്ലാത്തോണ്ടാല്ലേ ബാപ്പാ….’

നജീബ്‌ ലീവെടുക്കാൻ സമ്മതിക്കില്ലെന്ന്‌ അവൾ പറയില്ല. അഥവാ ലീവെടുത്താലും അവരിരുവരും കൂടി എങ്ങോട്ടെങ്ങിലും ട്രിപ്പ്‌ പ്ലാൻ ചെയ്‌തിട്ടുണ്ടാവും.

‘മാമാ…ഈ ഫ്രൈമിൽ ഒരു ഫ്രാക്‌ചർ ഉണ്ടല്ലോ….’

കൈയിൽ ഒരു കണ്ണടയുമായി റീത്ത അടുത്തേക്ക്‌ വന്നു.

‘ഞാൻ മധുവിനോട്‌ പറയട്ടെ. ഇത്‌ ഫിക്‌സ്‌ ചെയ്‌തു താരാൻ?“

ഹാജി വേഗം കണ്ണടയെ കൈയിൽ വാങ്ങി ശ്രദ്ധാപൂർവ്വം പരിശോധിച്ചു. ചെറിയൊരു മാറ്റമേ വേണ്ടു… കറുത്ത കട്ടി ഫ്രൈമിന്റെ ഇടത്തേ കാലിനു മുന്നിൽ തറച്ചിരിക്കുന്ന സിൽവർ ക്രോസ്‌ അല്‌പം താഴേയ്‌ക്ക്‌ സ്‌ഥാനം മാറിയിട്ടുണ്ട്‌. വലതു വശം കുഴപ്പമില്ല. ഒറ്റ നോട്ടത്തിൽ കുഴപ്പം കണ്ടുപിടിക്കാനാവില്ല. പക്ഷെ റീത്തയുടെ സൂക്ഷ്‌മ നയനങ്ങൾ അത്‌ കണ്ടുപിടിച്ചിരിക്കുന്നു.

ഇത്‌ ഫിക്‌സ്‌ ചെയ്യാൻ ഒരു മധുവിന്റെയും ആവശ്യമുണ്ടാകുമായിരുന്നില്ല. പ്രായം 71 ആയെങ്കിലും കണ്ണട വയ്‌ക്കേണ്ടി വന്നിട്ടില്ല. പക്ഷെ കൈ വിരലുകളുടെ വിറയൽ കാരണമാണോ എന്തോ മനസിന്റെ ധൈര്യവും ചോർന്നു പോയിരിക്കുന്നു.

ഹാജി ഫ്രൈം തിരികെ കൊടുത്തു ശരിയെന്നു റീത്തയെ നോക്കി തലകുലിക്കി. റീത്ത പിന്തിരിയുമ്പോഴുണ്ട്‌ ഗ്ലാസ്‌ ഡോറിനു മുന്നിൽ ഒരു യുവതിയുടെ മുഖം കണ്ടു. ഹാജിയുടെ മുഴുവൻ ശ്രദ്ധയും അവളിലായി. ഈ ദിവസത്തെ ആദ്യത്തെ കസ്‌റ്റമർ.

കസ്‌റ്റമേഴ്‌സിനെ കിട്ടാൻ കണ്ണാടിക്കടകൾ പൊതുവേ സ്വീകരിക്കാറുള്ള മത്സര തന്ത്രമൊന്നും ഹാജിയുടെ കടയിൽ കാണാനാവില്ല. അതുകൊണ്ടാണോ അതോ പ്രശസ്‌തമായ ഒരു ക്ലിനിക്കിനെ ചുറ്റിപ്പറ്റി കൂണുപോലെ കടകൾ ധാരാളമായി’ അത്യന്താധുനിക സംവിധാനങ്ങളോട്‌ കൂടി ‘ എന്ന വിശേഷണവുമായി മുളച്ചു പൊന്തിയത്‌ കൊണ്ടാണോ എന്തോ ഹാജിയുടെ കടയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ കസ്‌റ്റമേഴ്‌സ്‌ ദുർലഭമായെ എത്തിയിരുന്നുള്ളൂ… നജീബിന്റെ അമർഷത്തിനുള്ള ഒരു പ്രധാന കാരണം ബാപ്പയുടെ ഈ പഴഞ്ചൻ രീതിയും ഇടപാടുകാരോടുള്ള സമീപനവുമായിരുന്നു. കടയിൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള മുതൽ മുടക്കിന്‌ അയാൾ ബാപ്പയെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്‌ താനും…..

പഴഞ്ചൻ സിദ്ധാന്തങ്ങളിലെന്ന പോലെ തന്നെ പഴയ വസ്‌തുക്കളിലും ഹാജിക്ക്‌ കമ്പമുണ്ട്‌. പഴയതെല്ലാം വെളിവാക്കപ്പെട്ട നിധികൾ ആണെന്നാണ്‌ ഹാജിയുടെ പക്ഷം. ധാരാളം മരഉരുപ്പടികളാലും പഴയ കൗതുക വസ്‌തുക്കളാലും ഹാജി തന്റെ വീട്‌ മോടി പിടിപ്പിച്ചിട്ടുണ്ട്‌. ഈ ശേഖരണ ശീലം കാരണം ഹാജിക്ക്‌ വീടിന്റെ സിംഹഭാഗവും നഷ്‌ടപ്പെടുത്തേണ്ടി വന്നു. ഹാജിയുടെ വീട്‌ പഴയതാണ്‌. ഉഗ്രപ്രതാപകാലത്ത്‌, ഒരു മുസ്ലിം തറവാടിന്റെ എല്ലാ പ്രൗഡിയോടുംകൂടി അത്‌ തലയുയർത്തി നിന്നതാണ്‌. പക്ഷെ സമീപവാസികളിൽ ചിലരുടെ മക്കൾ വിദേശവാസം കൊണ്ട്‌ നേടിയെടുത്ത സമ്പത്ത്‌, അതിഗംഭീര മണിമാളികകളായി അതാതിടങ്ങളിൽ ഉയർന്നു വന്നപ്പോൾ, ഹാജിയുടെ വീട്‌, നജീബിന്റെ ഭാഷയിൽ ഒരു കോഴിക്കൂടായി. നജീബിന്‌ ബാപ്പയുമായി അഭിപ്രായ വ്യത്യാസമുണ്ടായ മറ്റൊരു പ്രധാന സംഗതി ഈ പഴഞ്ചൻ വീടാണ്‌. പുതിയ വീടിനു കിട്ടിയേക്കാവുന്ന എല്ലാ സുഖസൗകര്യങ്ങളെക്കാളും പ്രധാനം മനഃസമാധാനമാണെന്നും അതിവിടെ മാത്രമേ കിട്ടൂ എന്ന ബാപ്പയുടെ വാക്കുകൾ ദഹിക്കാത്ത എല്ലിൻ കഷണങ്ങളായി നജീബിന്റെ ഉള്ളിൽ കിടന്നു…..

യുവതി അകത്തേക്ക്‌ വന്നു. ഏറിയാൽ 27 വയസ്സ്‌ പ്രായം വരും. സുഹ്‌റയുടെ പ്രായം. വെളുത്ത്‌ മെല്ലിച്ച പ്രകൃതം. അല്‌പം പുറത്തേക്കു ഉന്തി നില്‌ക്കുന്ന വയറിനു മേലെ അവൾ സാരി വലിച്ചിട്ടു. ഗർഭാലസ്യത്തിന്റെ ക്ഷീണം കൊണ്ടാവണം അവൾ വിളറിയിരുന്നു. വാരി വലിച്ചുടുത്ത സാരിയും അശ്രദ്ധമായി പറക്കുന്ന മുടിയിഴകളും അവളുടെ സൗന്ദര്യം കെടുത്തി എന്ന്‌ ഹാജിക്ക്‌ തോന്നി. ചുറ്റും കറുപ്പുരാശി പടർന്ന ഈ കണ്ണുകൾക്ക്‌ വേണ്ടിയായിരിക്കും കണ്ണട.

ഹാജി പെൺകുട്ടിയെ നോക്കി പരിചിതഭാവത്തിൽ ചിരിച്ചു. പിന്നെ കസേരയിൽ നിന്നും എഴുന്നേറ്റു റീത്തയെ നോക്കി.

റീത്ത മൃദുസ്‌മേരത്തോടെ ആഗതയെ ക്ഷണിച്ചു.

”വരൂ മാഡം…..ഇരിക്കൂ…. ഏതു ഡോക്‌ടർ ആണ്‌ പരിശോധിക്കുന്നത്‌?“

അവൾ അതിനു മറുപടി പറയാതെ ബാഗിൽ നിന്നും ബില്ലെടുത്തു റീത്തക്ക്‌ നീട്ടി.

ഒഹോ….ഈ കസ്‌റ്റമർ പഴയതാണ്‌. ഹാജിയിലെ പ്രതീക്ഷ അസ്‌തമിച്ചു. ഇവളെ കണ്ട പരിചയം തോന്നുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെന്നോ ആരോ അഡ്വാൻസ്‌ തന്നു ഏല്‌പ്പിച്ചുപോയ കണ്ണടയ്‌ക്കാണ്‌ ഈ പെൺകുട്ടി വന്നിരിക്കുന്നത്‌. ഇതി അതിന്റെ ബാക്കി തുക നല്‌കി സാധനം കൈപ്പറ്റി അവൾ പോകും. ഈ കസ്‌റ്റമർ പഴയതാണ്‌. ഹാജി സാവധാനം കസേരയിലേക്കിരുന്നു.

റീത്ത വേഗം ബില്ലുമായി ഒത്തുനോക്കി അതിന്റെ ശരിയായ പകർപ്പിനടിയിൽ കവർ ചെയ്‌തു സൂക്ഷിച്ച കണ്ണട എടുത്തു ടേബിളിനു മേലെ വച്ചു. ആ കണ്ണടയുടെ ചെറുചതുര കണ്ണാടിയിൽ ആ പെൺകുട്ടിയുടെ മുഖം പ്രതിഫലിച്ചു കണ്ടു. അതിൽ അവൾ വിഷണ്ണയായിരുന്നു.

”അല്ല…ഇതിനല്ല ഞാൻ വന്നത്‌…..“ പെൺകുട്ടി തെല്ലു അസ്വസ്‌ഥതയോടെ പറഞ്ഞു.

”അതെ മാഡം…. ഇത്‌ തന്നെയാണ്‌ ഓർഡർ ചെയ്‌തത്‌.“

റീത്ത ബില്ല്‌ നോക്കി പറഞ്ഞു. ”സെപ്‌തംബർ 12-നു മിസ്‌റ്റർ ഉദയകുമാർ ആണ്‌ ഓർഡർ തന്നത്‌. അതീ ബില്ലിലും ഉണ്ടല്ലോ…. അദ്ദേഹം മാഡത്തിന്റെ…….

ഭർത്താവാണ്‌…

പെൺകുട്ടിയുടെ നോട്ടം ആ കണ്ണടയിലുടക്കി നിന്നു. കറുത്ത ഫ്രൈമിട്ട കണ്ണടയുടെ ഫൈബർ ചില്ലുകളിൽ ആന്റി ഗ്ലെയർ കോട്ടിംഗ്‌ മഴവില്ല്‌ വിരിയിച്ചു. ഇറ്റാലിയൻ ഡിസൈൻ ആണോ നാടൻ ആണോ എന്നൊന്നും തിരിച്ചറിയാൻ കഴിയില്ലെങ്കിലും അത്‌ ഭംഗിയുള്ള ഒരു കണ്ണടയായിരുന്നു. പെൺകുട്ടി അതിൽ സ്‌പർശിച്ചതേയില്ല. അവൾ തിരിഞ്ഞു ഹാജിയോടായി പറഞ്ഞു. “എനിക്ക്‌ കണ്ണട വേണ്ട.

റീത്തയും ഹാജിയും ആശ്ചര്യത്തോടെ പരസ്‌പരം നോക്കി. ”പിന്നെ?“ ഹാജിയുടെ കണ്ണുകളിലേക്കു കച്ചവടക്കാരൻ കയറി വന്നുകൊണ്ടിരുന്നു.

”മാഡത്തിന്‌ ഈ മോഡൽ ഇഷ്‌പ്പെട്ടില്ലേ?“ റീത്തയുടെ ചോദ്യം അവസാനിക്കും മുൻപ്‌ അവളുടെ ചുണ്ടുകൾ പറഞ്ഞു.

”എനിക്ക്‌ കണ്ണട വേണ്ട… അഡ്വാൻസ്‌ തിരികെ വാങ്ങാനാണ്‌ ഞാൻ വന്നത്‌.“ അവൾ വേദനയുടെയും ജാള്യതയുടെയും ഒരു മുഖം ഒളിപ്പിക്കാൻ നന്നായി ശ്രമിക്കുന്നുണ്ടായിരുന്നു.

”അഡ്വാൻസോ?“ ഹാജി അമ്പരന്നു.” അപ്പോ, ങ്ങക്കീ കണ്ണട ശരിക്കും വേണ്ടേ?

“വേണ്ട”. പെൺകുട്ടി ഖേദത്തോടെ പറഞ്ഞു.

ഹാജിക്ക്‌ അരിശം വന്നു. “അതെങ്ങനെ ശരിയാകാനാ? മോളുടെ കെട്ടിയോൻ അഡ്വാൻസ്‌ തന്നിട്ടുണ്ടെങ്ങി, അത്‌ ഈ കണ്ണടയ്‌ക്കാ….. അതങ്ങട്ട്‌ എടുത്തിട്ട്‌ ബാക്കി പൈസ ഇങ്ങട്ട്‌ തന്നു കണക്കു തീർത്തോളീ…. നമ്മളെ ഇടങ്ങേറാക്കല്ലേ മോളെ.”

ഒരു ദിവസത്തെ അധ്വാനഫലമാണ്‌ വൃഥാവിലാകുന്നത്‌. കൈനീട്ടം നന്നായില്ലെങ്കിൽ എല്ലാം തുലഞ്ഞതു തന്നെ…. ഇതിപ്പോ ഇങ്ങോട്ട്‌ കിട്ടുകേമില്ല, അങ്ങോട്ട്‌ നഷ്‌ടപ്പെടുത്തുകേം വേണം. എന്തൊരു പരീക്ഷണമാണെന്റെ റബ്ബേ….

ഹാജി അങ്ങനെ വിചാരിച്ചുകൊണ്ട്‌ ആ ബില്ല്‌ വാങ്ങി അഡ്വാൻസ്‌ കഴിച്ചുള്ള തുകയിലേക്ക്‌ നോക്കി. 1100 രൂപ. അഡ്വാൻസ്‌ 750 രൂപ. ആകെ 1850 രൂപ. അയാൾ പെൺകുട്ടിയുടെ വിഷണ്ണമായ മുഖത്തേക്ക്‌ നോക്കാതെ കഠോരമായി പറഞ്ഞു. “ബാലൻസ്‌ 1100 രൂപയാണ്‌ തരേണ്ടത്‌.”

പെൺകുട്ടി കൗണ്ടറിനു അടുത്തേക്ക്‌ വന്നു. “അയ്യോ, അങ്ങനെ പറയരുത്‌…. എനിക്ക്‌ കണ്ണടക്കു പകരം ആ കാശ്‌ കിട്ടിയാൽ മതി. അതിനു വേണ്ടിയാ ഞാൻ ഇത്രേം വന്നത്‌”.

“കുട്ടിയെന്താ ഈ പറേന്നത്‌?” ഹാജിയുടെ ശബ്‌ദമുയർന്നു.

“ഇതേ പണച്ചിലവുള്ള പരിപാടിയാ…ലെൻസ്‌ കട്ട്‌ ചെയ്‌താ പിന്നെ വേറൊന്നിനും ഉപയോഗിക്കാൻ പറ്റില്ല…. ഇതിപ്പോ ഗ്ലാസിട്ടുപോയില്ലേ, വേറെ ആരും എടുത്തില്ലേൽ ഇവിടെയിരുന്നു പൊടിപിടിക്കത്തെയുള്ളൂ….” അയാളിലെ കച്ചവടക്കാരൻ വേവലാതിപ്പെട്ടു.

“അതേയ്‌, എന്താ പേര്‌?…” റീത്ത ചോദിച്ചു.

“മീര”.

“ആ മീരേ, ഇതിവിടെ തയ്യാറാക്കി വച്ചിട്ട്‌ ഒരു മാസത്തോളമായി. ഇനി ആള്‌ വരില്ലേ എന്ന്‌ ഞങ്ങൾ പേടിച്ചിരിക്കുകയായിരുന്നു. ഞങ്ങൾക്ക്‌ വലിയ നഷ്‌ടമാണ്‌, അഡ്വാൻസ്‌ തിരിച്ചു കൊടുക്കുമ്പോൾ സംഭവിക്കുന്നത്‌. കട്ട്‌ ചെയ്‌ത ലെൻസ്‌ വേസ്‌റ്റ്‌ ആയിപ്പോകും. എന്തായിപ്പോ വേണ്ടെന്നു പറയുന്നതിന്‌ കാരണം?”

“അല്ല കുട്ട്യേ, നിങ്ങടെ ആബ്രന്നോനെ വിളിക്കീ, അയാളാണല്ലോ ഈ ഇടപാടിന്റെ ആള്‌… ന്ന്‌ട്ട്‌ ഞമ്മളെ വന്നു കാണാൻ പറയീ… കാര്യങ്ങൾ ഞങ്ങൾ ആണുങ്ങൾ തമ്മിൽ പറയ്‌കല്ലേ നല്ലത്‌…..”

ഹാജിയിൽ നീരസം പ്രകടമായിരുന്നു.

മീര മെല്ലെ മുഖം തിരിച്ചു. കണ്ണാടിചില്ലുകൾക്ക്‌ പുറത്ത്‌, വെയിൽ വീണു തിളങ്ങുന്ന റോഡും, ആശുപത്രി പരിസരത്തേക്കു തിടുക്കത്തിൽ നീങ്ങുന്ന മനുഷ്യരും എല്ലാം അവളുടെ കണ്ണുകളിൽ നിന്നും മറഞ്ഞു. ഉരുണ്ടു കൂടിയ കണ്ണീരിന്റെ ഒരു തുള്ളി, അടർന്നു താഴെ കണ്ണടചില്ലിൽ വീണു ചിതറി. അവൾ ഒന്നു പറയാതെ പിന്തിരിഞ്ഞു നടന്നു. ഗ്ലാസ്‌ഡോർ തുറന്നു പറുത്തേക്കു നടക്കുമ്പോൾ റീത്ത പിന്നിൽ നിന്നും വിളിച്ചു. “മീര, വിലയാണ്‌ പ്രശ്‌നമെങ്കിൽ, എന്തെങ്കിലും ഇളവുകൾ ചെയ്യാൻ കഴിഞ്ഞേക്കും.” എന്നിട്ട്‌ ഹാജിയെ നോക്കി. പെൺകുട്ടി അത്‌ ശ്രദ്ധിച്ചതായിപ്പോലും തോന്നിയില്ല. തൊട്ടടുത്ത മെഡിക്കൽ സ്‌റ്റോറിനു മുന്നിൽ കാത്തുനില്‌ക്കുകയായിരുന്ന വൃദ്ധയെയും കൂട്ടി അവൾ മെല്ലെ നടന്നു പോകുന്നത്‌ കണ്ടപ്പോൾ ഹാജിയുടെ മനസ്സ്‌ അസ്വസ്‌ഥമായി. എന്തിനായിരിക്കും അവൾ കണ്ണട വേണ്ടെന്നു വച്ചത്‌?…

അയാൾ കണ്ണടയിലേക്ക്‌ നോക്കി. റീത്ത അതെടുത്തു പഴയ സ്‌ഥാനത്തേക്ക്‌ വയ്‌ക്കാൻ ഒരുങ്ങുകയായിരുന്നു. ചില്ലിൽ അസാധാരണമായൊരു തിളക്കം ഹാജിയുടെ ശ്രദ്ധയിൽപ്പെട്ടു. “റീത്ത, ആ കണ്ണട ഞമ്മളൊന്നു നോക്കട്ടെ…” ഹാജി കണ്ണട വാങ്ങി സസൂക്ഷ്‌മം പരിശോധിച്ചു. അതൊരു തുള്ളി കണ്ണുനീർ ആയിരുന്നു. ഒരു സ്‌ഫടിക മുത്തുപോലെ കണ്ണട ചില്ലിൽ പറ്റിപ്പിടിച്ചിരുന്ന ഒരു തുള്ളി കണ്ണുനീർ.

അവൾ എന്തിനായിരിക്കണം ഈ കണ്ണട വേണ്ടെന്നു വച്ചത്‌? ഇത്രമനോഹരമായി ഫ്രെയിം ചെയ്‌ത, മാരിവില്ലിന്റെ ചാരുതയോടെ, തിളങ്ങുന്ന ചില്ലിട്ട കണ്ണട. താനിതുവരെ കണ്ടിട്ടില്ല എന്നുപോലും ഹാജിക്ക്‌ തോന്നി. ഹാജി കണ്ണട തന്റെ കണ്ണുകൾക്ക്‌ മുന്നിൽ മൂക്കിനു മേലെ ഉറപ്പിച്ചു.

ഈ ചതുരചില്ലുകൾക്കുമപ്പുറത്ത്‌ എന്താണ്‌?….. ഹാജിയുടെ കാഴ്‌ച ചില്ല്‌ പലക താണ്ടി പുറത്തേക്കു നീണ്ടു. അയാൾ അമ്പരന്നു പോയി…..

കടയും കണ്ണടകൾ നിരത്തിയ ഷെല്‌ഫുമെല്ലാം മാഞ്ഞുപോയോ? നിറയെ വാഹനങ്ങൾ കുതിച്ചു പായുന്ന റോഡ്‌. പൊടി പടലവും ശബ്‌ദായമാനവുമായ അന്തരീക്ഷം. മുന്നിൽ സ്‌പീഡോമീറ്ററിൽ തിരിയുന്ന സൂചി. ഹാജി ആശ്ചര്യപ്പെടുകയും ഒപ്പം ഭയപ്പെടുകയും ചെയ്‌തു. താനെന്താ ബൈക്കോടിക്കുകയാണോ?

അതും മരണ വെപ്രാളത്തിൽ പായുന്ന വാഹനങ്ങൾക്ക്‌ ഇടയിലൂടെ? റീത്ത എവിടെ? തന്റെ കടയും കണ്ണടകളുമെവിടെ? അയാൾ തെരയുംമ്പോഴുണ്ട്‌ ഒരു കൂറ്റൻ മണൽ ലോറിയുടെ പരിഹാസചിരിയുള്ള മുഖം മുന്നിൽ പ്രത്യക്ഷപ്പെട്ടു. അത്‌ വേഗത്തിൽ തന്നെ സമീപിക്കുകയാണല്ലോ? ഹാജി നിലവിളിച്ചുകൊണ്ട്‌ ഹാൻഡിൽ വെട്ടിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.

പെട്ടെന്ന്‌ എന്തോ പ്രേരണയാൽ അയാൾ കണ്ണട വലിച്ചെടുത്തപ്പോഴേക്കും ശക്തമായ ഒരിടിയുടെ ഒച്ചയും ആഘാതവും ഹാജിയുടെ തലച്ചോറിൽ മുഴങ്ങി….. അയാളുടെ കൈയിൽ നിന്നും കണ്ണട വഴുതിപ്പോയിരുന്നു. ഹാജി തല കുടഞ്ഞു അമ്പരപ്പോടെ ചുറ്റും നോക്കി. കടയും, അലമാരകളിലെ കണ്ണടകൾക്ക്‌ പിന്നിൽ ആശ്ചര്യത്തോടെ തന്നെ ഉറ്റുനോക്കുന്ന റീത്തയുടെ മുഖവും തെളിയുമ്പോളേക്ക്‌ ഒരു ചില്ല്‌ വീണുടയുന്ന ശബ്‌ദം അയാളുടെ കാതിൽ വന്നലച്ചു. പക്ഷെ ഇത്തവണ ആ ശബ്‌ദം റീത്തയും കേട്ടു.

Generated from archived content: story1_jun22_10.html Author: jyothish_vembayam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here