നിറുകയിൽ
വേനൽ തിളച്ച നട്ടുച്ചയ്‌ക്ക്
മുന്നറിയിപ്പില്ലാതെ
അലക്കുയന്ത്രം
അനങ്ങാതായി.
കറങ്ങി മടുത്ത അഴുക്കിന്
അടിത്തട്ടിൽ വിശ്രമം.
ജാക്കറ്റിൽ നിന്നൊരു ഹുക്കും
പോക്കറ്റിൽ നിന്നൊരു നാണയവും
പതനുരയിൽ താഴേക്ക്.
തുണികൾ വ്യാകുലരായി
യന്ത്രം ധ്യാനത്തിൽ.
ഉഷ്ണം പഴുപ്പിച്ച ഉടലുകൾ
അകായിൽ ഉറകൾ ഊരി
ഊഴം കാത്ത് ഉറകൾ പെരുകി
ഉടലുകൾ കുതിർന്നു.
പ്രാചീനമൊരു വംശ സ്മൃതിയിൽ
സാകല്യം, യന്ത്രസമാധി.
അന്തിക്കറച്ചു നിൽക്കാതെ
“അമ്രാളെ” വിളിയില്ലാതെ
തലമുറകൾക്കപ്പുറത്തു നിന്നെത്തി.
ഉള്ളും ഉടലും ഉറകളും
ഒന്നൊന്നായലക്കി
ആവാഹിച്ചടങ്ങിയവനെ
അരുമയോടെ നോക്കി
അവൾ പടിയിറങ്ങുമ്പോൾ
വെളുത്തിരുന്നു.
Generated from archived content: poem1_sept26_07.html Author: jyothibai_pariyadath