വികസനത്തിന്റെ കാണാപ്പുറങ്ങൾ – ശുദ്ധജലം അന്യമാകാതിരിക്കാൻ

ഇന്നു നാം ഏറെ ഭയപ്പെടേണ്ട രണ്ട്‌ അപകടങ്ങൾക്കുമുന്നിലാണ്‌ നില്‌ക്കുന്നത്‌. ഒരു തലമുറയെതന്നെ നശിപ്പിക്കുംവിധത്തിൽ, ജീവൻ നിലനിർത്തുന്നതിനാവശ്യമായ ശുദ്ധജലം അന്യമാക്കി, വിഷലിപ്തമായ പാനീയങ്ങൾ നല്‌കി നമ്മുടെ സർവ്വസ്വവും പിടിച്ചുവാങ്ങി കടലു കടത്തുന്ന ചില ആഗോളഭീകരരുടെ ദ്രോഹത്തിന്റെ ബലിയാടുകളായികൊണ്ടിരിക്കുകയാണ്‌ നാം. ഇത്തരത്തിൽ നമ്മെ കീഴടക്കുകയും നമ്മുടെ ജലം വില്പനച്ചരക്കാക്കുകയും നമുക്ക്‌ കുടിക്കുവാൻ ദാഹജലം ആവശ്യമില്ല എന്നും പറയുന്നവരെ എതിർക്കുവാനോ, അവർക്കെതിരെ സമരം ചെയ്യുവാനോ നാം തയ്യാറാവുന്നില്ല എന്നതാണ്‌ മറ്റൊരപകടം. ചിലർ നമ്മെ നശിപ്പിക്കുകയും അവരെ നാം എതിർക്കാതിരിക്കുകയും ചെയ്യുന്നതായ ഈ വൈപരീത്യം അവസാനിപ്പിക്കണം എന്ന ബോധ്യം നമ്മളിൽ ഉണ്ടാകേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ഭൂമിയിലെ ജലം ജനങ്ങളുടേതാണ്‌, വായു ജനങ്ങളുടേതാണ്‌ ആകാശത്തിനപ്പുറവും ഇപ്പുറവുമുളളതെല്ലാം ജനങ്ങളുടേതാണ്‌. അല്ലാതെ ഭരണകേന്ദ്രമായ ഗവൺമെന്റിന്റേതല്ല. ജനം എന്ന്‌ ഇവിടെ അർത്ഥമാക്കുന്നത്‌ ഭൂമിയിലെ ജീവനുളള സകല വസ്‌തുക്കളെയുമാണ്‌. ഒപ്പം നമ്മളെല്ലാം ഇത്തരം പ്രകൃതിവിഭവങ്ങളുടെ ട്രസ്‌റ്റിമാരായാണ്‌ പ്രവർത്തിക്കേണ്ടത്‌. അല്ലാതെ ഉടമകളായല്ല. നാമിതിനെ കാത്തുരക്ഷിക്കേണ്ടവരാണ്‌. അല്ലാതെ കൈവശപ്പെടുത്തേണ്ടവരല്ല. നാം ചെയ്യുന്നതാകട്ടെ ഇതിനു വിരുദ്ധവും. കേരളത്തിൽ 44 നദികളുണ്ട്‌. സാമാന്യം ശുദ്ധജലം വഹിച്ചിരുന്ന ഈ നദികൾ ഇന്ന്‌ വിഷമയമായ ഒഴുക്കായി മാറി എന്നുപറയാം. ഇത്തരത്തിലുളള വളരെ ക്രൂരമായ പോക്ക്‌ തടയുക എന്നത്‌ നമ്മുടെ കർത്തവ്യമായി മാറ്റേണ്ടിയിരിക്കുന്നു.

ഇന്നത്തെ സ്ഥിതിയിൽ മുന്നോട്ടുപോയാൽ ഏറെ വൈകാതെ തന്നെ ശുദ്ധജലം കുടിക്കാൻ അധികാരമില്ല എന്ന അവസ്ഥ നമുക്ക്‌ നേരെ പ്രയോഗിക്കപ്പെടും. ഏറെ പ്രബുദ്ധരും വിദ്യാഭ്യാസമുളളവരെന്ന്‌ അഭിമാനിക്കുന്ന കേരളീയരായ നമ്മെ വഞ്ചിച്ച്‌ ജലം മോഷ്‌ടിച്ച്‌ പണം കൊയ്യുന്ന കോളകമ്പനികൾക്കും അതുപോലെയുളള മറ്റ്‌ കോപ്പറേറ്റീവ്‌ ശക്തികൾക്കുമെതിരായി പടപൊരുതാൻ നാം തീരുമാനിക്കണം. മുദ്രവാക്യങ്ങൾ മാത്രം പോര. അൻപതിനായിരവും ലക്ഷവും ഒരുമിച്ച്‌ വെറുതെ മുദ്രവാക്യം വിളിച്ചിട്ട്‌ കാര്യമില്ല. കാരണം ഗവൺമെന്റിന്റെ കൈകളിൽ ശക്തിയുളളപ്പോൾ, അതായത്‌, അസംബ്ലിയിലും പാർലമെന്റിലും ജനപ്രതിനിധികൾ ഇത്തരം കമ്പനികൾക്കായി കുഴലൂത്ത്‌ തടത്തുന്ന കാലത്തോളം വെറും മുദ്രവാക്യങ്ങൾ പ്രഹസനമായി മാറുക മാത്രമെ ചെയ്യൂ. ഉണർന്നു പ്രവർത്തിക്കുക മാത്രമാണ്‌ ഏക പോംവഴി. അല്ലെങ്കിൽ ഇന്ന്‌ നിങ്ങളൊ നാളെ നിങ്ങളുടെ മക്കളോ ജീവിക്കുവാൻ പോകുന്നില്ല. ശുദ്ധജലത്തിനായി ഒരിക്കലും നാം അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരരുത്‌.

1957-58 കാലഘട്ടത്തിൽ വാട്ടർ പ്ലാൻ ഫോർ വാട്ടർ റിസോഴ്‌സസ്‌ ഓഫ്‌ കേരള എന്ന ഒരു ഗ്രന്ഥം ഏറെ ഗവേഷണങ്ങൾക്കു ശേഷം പുറത്തിറക്കിയിരുന്നു. ഞാനന്ന്‌ കേരളത്തിലെ ജലസേചനവകുപ്പ്‌ മന്ത്രിയായിരുന്നു. ഇങ്ങനെയൊരു റിപ്പോർട്ടുണ്ടോ എന്ന്‌ ഇന്ന്‌ നമ്മുടെ അസംബ്ലിയിൽ ഒരു ചോദ്യമുയർന്നാൽ ഒരുപക്ഷെ നമ്മുടെ ജലസേചനവകുപ്പ്‌ മന്ത്രിയടക്കം പലരും പരുങ്ങുന്ന അവസ്ഥ നമുക്ക്‌ കാണാവുന്നതാണ്‌. ഈ മാസ്‌റ്റർ പ്ലാനിലെ കാര്യങ്ങൾ എന്തൊക്കെ എന്നു ചോദിച്ചാൽ നിന്ന്‌ കണ്ണുമിഴിക്കുക മാത്രമായിരിക്കും അവർക്കു ചെയ്യാനുണ്ടാവുക. ജലത്തിനുവേണ്ടി കർണ്ണാടകയുമായും തമിഴ്‌നാടുമായും വഴക്കുണ്ടാക്കുക എന്നതല്ലാതെ നമ്മുടെ ജനങ്ങളെ പരിപൂർണ്ണമായി സംരക്ഷിക്കാൻ വേണ്ടി അവർക്കാവശ്യമായ കുടിനീര്‌ ഉറപ്പിക്കാൻ വേണ്ടിയുളള ശ്രമമാണ്‌ നടത്തേണ്ടത്‌. ഇതിന്‌ ജനങ്ങൾ ശക്തരാകണം. ഇതിനായി പോരാടണം. വെല്ലുവിളിക്കണം. അതിനുവേണ്ടി വിജ്ഞാനം നേടണം.

മാർക്കറ്റല്ല മനുഷ്യനാണ്‌ പ്രധാനം എന്ന പുതിയ കാഴ്‌ചപ്പാടിലേക്ക്‌ നമ്മുടെ ചിന്ത മാറണം. അതിനായി പുതിയ തലത്തിലുളള രാഷ്‌ട്രീയമുന്നേറ്റം വേണം. ഭാരതത്തിലെ ജനങ്ങൾ ഇക്കാര്യത്തിൽ ഒരൊറ്റ പാർട്ടിയായി മാറണം. ഭാരതത്തിലെ ആത്മാഭിമാനമുളള ജനങ്ങൾ ഇതിനായി മുന്നോട്ടു പോകാം എന്നു തീരുമാനിച്ചാൽ നേടാനാവാത്തതായി ഒന്നുമുണ്ടാവില്ല.

(ആലുവ സംസ്‌കൃതി സംഘടിപ്പിച്ച വികസനത്തിന്റെ കാണാപ്പുറങ്ങൾ എന്ന സെമിനാറിൽ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ)

Generated from archived content: essay-feb24.html Author: justice-vrkrishnayyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English