പ്രിയപ്പെട്ട നക്ഷത്രപ്പക്ഷിക്ക്,
നിലാവ് നാഴി മാത്രം.
മീനവെയിലാവാം ആവശ്യത്തിന്.
പുഴയുടെ മിഴിനീര് രണ്ടു കപ്പ്.
നെഞ്ചിലെ തീക്കനൽ ആവോളം.
പിന്നെ, നോവിന്റെ ഗർഭനാളം.
അതിൽ കരിഞ്ഞ സ്വപ്‌നം കോരി നിറക്കുക…
ഗർഭാലസ്യത്തിൽ
തളർന്നു കിടക്കുക…
കടിഞ്ഞൂൽകർണ്ണനെ
സ്വപ്‌നം കണ്ടുറങ്ങുക…!
അന്നു വന്നപോലെ
ഇനിയും വന്നേക്കാം;
ഒരു വാക്കിനപ്പുറം
തിളക്കുന്ന സൂര്യൻ…!
രതിയെന്നും ലിംഗനാളത്തിന്
നിത്യസായൂജ്യത്തിൻ
പുനർജന്മ താളം.
എന്നും,
സ്‌ഖലന നാളത്തിൽ തൂങ്ങുന്നു;
പുരുഷ പ്രണയം!
പെണ്ണേ…
പിന്നെയും നീ
തപിക്കുന്നു, തളിർക്കുന്നു,
പൂത്തു പൊഴിഞ്ഞടിയുന്നു.
നിന്റെ നക്ഷത്ര ദീപം
കെടാതിരിക്കട്ടെ.
എന്തെന്നാൽ,
ഒരുനാൾ, നീ,… ഞാൻ,… പ്രണയം…
കത്തിയമരുന്ന കൊളളിമീൻ.
ഇനിയും ആകാശഗംഗ പൂക്കും.
ഭ്രമണപഥം തളിർക്കും.
അഗ്നിനക്ഷത്രം വിളർക്കും.
അന്നും, നീ
സൂര്യതേജസ്സ് കിനാവു കാണും.
അപ്പോൾ,
വേറെയൊരു വിത്തുമായി
വേറേതോ ഗ്രഹങ്ങളിൽ
പ്രണയത്തിൻ കൺകെട്ടുമായ്
ഞാൻ തിമിർത്താർക്കും..!!
Generated from archived content: poem1_aug31_05.html Author: juni_e