വീണ്ടും വേനൽ

വീണ്ടുമൊരു വേനൽക്കാലം

മധുരിക്കാത്ത മാമ്പഴക്കാലം

കുട്ടികളില്ലാതെ മാവിൻചുവടുകൾ

കിണറുകളില്ലാത്ത, പുഴയൊഴുകാത്ത

നാട്ടിൻപുറങ്ങൾ.

പച്ചകളില്ലാത്ത പാടങ്ങൾ

മീനുകളില്ലാതെ കുളങ്ങൾ, തോടുകൾ.

കരുണയില്ലാത്ത മുഖങ്ങൾ.

കൂട്ടിക്കൊടുപ്പുകാരാവുന്ന കാമുകർ.

ചെറുത്തു നിൽപ്പുകളില്ലാതെ കീഴടങ്ങൽ

പരാജയങ്ങളില്ലാതെ വിജയങ്ങൾ

മരിക്കാതെ ഉയിർത്തെഴുന്നേൽപ്പുകൾ

പഠനമില്ലാതെ പരീക്ഷകൾ മാത്രം

പറയേണ്ടതൊന്നും പറയാതെ

വർത്തമാനങ്ങൾ മാത്രം.

പന്തയങ്ങളിൽ,

ആമയില്ലാതെ മുയലുകൾ മാത്രം

കീരിയില്ലാതെ പാമ്പുകൾ

എലികളില്ലാതെ പൂച്ചകൾ

കോഴികളില്ലാതെ കുറുനരികൾ

സമയം കാണിക്കാതെ ഘടികാരങ്ങൾ

വെളളമില്ലാതെ അണക്കെട്ടുകൾ

ഇലയില്ലാതെ പൂവുകൾ മാത്രം.

മുളളില്ലാതെ മുരിക്കുകൾ

കാടില്ലാതെ വന്യമൃഗങ്ങൾ

നദീതടങ്ങളില്ലാതെ സംസ്‌ക്കാരങ്ങൾ

സഹനങ്ങളില്ലാതെ കഥകൾ, കവിതകൾ.

ചുമരില്ലാതെ ചിത്രമെഴുതാൻ

വീണ്ടുമൊരു വേനൽക്കാലം

മധുരിക്കാത്ത മാമ്പഴക്കാലം.

Generated from archived content: poem_veendumvenal.html Author: joyjoseph_a

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവീണ്ടും ഒരു തിരുവോണം
Next articleവെളിച്ചം കടക്കാത്ത വർത്തമാനം
1972-ൽ തൃശൂർ ജില്ലയിലെ തിരുമുടിക്കുന്നിൽ ജനിച്ചു. അച്‌ഛൻഃ പൗലോസ്‌. അമ്മഃ അന്നക്കുട്ടി. കാലടി ശ്രീശങ്കരാ കോളേജ്‌, കാക്കനാട്‌ പ്രസ്‌ അക്കാദമി എന്നിവിടങ്ങളിൽ പഠനം. ഇക്കണോമിക്‌സിൽ ബിരുദം. ജേർണലിസത്തിൽ ഡിപ്ലോമ. ഇപ്പോൾ, പൊതുമരാമത്ത്‌ വകുപ്പിന്റെ തൃശൂർ ഡിവിഷനിൽ ക്ലർക്ക്‌. 1993- മുതൽ ആനുകാലികങ്ങളിൽ കവിതകളെഴുതുന്നു. തൃശൂർ എക്‌സ്‌പ്രസ്സ്‌ ദിനപ്പത്രത്തിൽ സബ്‌ എഡിറ്ററായും, ആകാശവാണി തൃശൂർ നിലയത്തിൽ കാഷ്വൽ കോംപിയറായും ജോലി നോക്കിയിട്ടുണ്ട്‌. വിലാസം ആച്ചാണ്ടി ഹൗസ്‌, കൊരട്ടി ഈസ്‌റ്റ്‌ പി.ഒ. തിരുമുടിക്കുന്ന്‌, തൃശൂർ -680 308

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English