വീണ്ടുമൊരു വേനൽക്കാലം
മധുരിക്കാത്ത മാമ്പഴക്കാലം
കുട്ടികളില്ലാതെ മാവിൻചുവടുകൾ
കിണറുകളില്ലാത്ത, പുഴയൊഴുകാത്ത
നാട്ടിൻപുറങ്ങൾ.
പച്ചകളില്ലാത്ത പാടങ്ങൾ
മീനകളില്ലാതെ കുളങ്ങൾ, തോടുകൾ.
കരുണയില്ലാത്ത മുഖങ്ങൾ.
കൂട്ടിക്കൊടുപ്പുകാരാവുന്ന കാമുകർ.
ചെറുത്തു നിൽപ്പുകളില്ലാതെ കീഴടങ്ങൽ
പരാജയങ്ങളില്ലാതെ വിജയങ്ങൾ
മരിക്കാതെ ഉയിർത്തെഴുന്നേൽപ്പുകൾ
പഠനമില്ലാതെ പരീക്ഷകൾ മാത്രം
പറയേണ്ടതൊന്നും പറയാതെ
വർത്തമാനങ്ങൾ മാത്രം.
പന്തയങ്ങളിൽ,
ആമയില്ലാതെ മുയലുകൾ മാത്രം
കീരിയില്ലാതെ പാമ്പുകൾ
എലികളില്ലാതെ പൂച്ചകൾ
കോഴികളില്ലാതെ കുറുനരികൾ
സമയം കാണിക്കാതെ ഘടികാരങ്ങൾ
വെളളമില്ലാതെ അണക്കെട്ടുകൾ
ഇലയില്ലാതെ പൂവുകൾ മാത്രം.
മുളളില്ലാതെ മുരിക്കുകൾ
കാടില്ലാതെ വന്യമൃഗങ്ങൾ
നദീതടങ്ങളില്ലാതെ സംസ്‌ക്കാരങ്ങൾ
സഹനങ്ങളില്ലാതെ കഥകൾ, കവിതകൾ.
ചുമരില്ലാതെ ചിത്രമെഴുതാൻ
വീണ്ടുമൊരു വേനൽക്കാലം
മധുരിക്കാത്ത മാമ്പഴക്കാലം.
Generated from archived content: poem_veendum.html Author: joyjoseph_a