വീടുകൾ എവിടെ തുടങ്ങണം

സ്വപ്‌നങ്ങൾ ഉരുണ്ടുകൂടുന്ന കൊച്ചിനഗരത്തിലേക്ക്‌ ഒരു രാത്രികൂടി തിരക്കി വന്നു. ഐ.ടി. സാമ്രാജ്യം അപ്പോഴും തിരക്കിനുള്ളിൽത്തന്നെ. വൈദ്യുതവിളക്കുകൾ സദാപ്രഭ പരത്തുന്ന അടഞ്ഞ ശീതീകരിച്ച മുറിയിൽ രാത്രി വരുന്നതോ പോകുന്നതോ….. ആരും ഗൗനിക്കാറില്ല ചാറ്റി‘ക്കൊണ്ടിരിക്കുമ്പോൾ കിട്ടുന്ന ഒരു ഒ.കെ.യാണ്‌ അവനവന്‌ ഭാരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ജോലിയിൽ നിന്നുള്ള വിടുതലായി കണക്കാക്കുക. കംപ്യൂട്ടർ ടേബിൾ വലിപ്പമുള്ള ക്യാബിനിൽ നിന്ന്‌ ഒരാൾ ഇറങ്ങുമ്പോഴേ മറ്റൊരാൾ കയറുകയായി. ഇ-സ്‌മോഗ്‌ നിറഞ്ഞുകവിയുന്ന ഹാളിനുള്ളിലെ തിക്കും തിരക്കും തേനീച്ചക്കോളനിയുടെ പരിച്‌ഛേദമാണ്‌. ഇ-സ്‌മോഗിൽ തലച്ചോറു വെന്തു തിളച്ചു തൂവാനായപ്പോൾ ശീതികരണിയിൽ നിന്ന്‌ നിമിത പുറത്തിറങ്ങി.

തണുവണിഞ്ഞ രാത്രി കനത്തിരുന്നു. വെറൈറ്റി പുതുമയെന്നു ചൊല്ലി താരതമ്യേന വിലകുറഞ്ഞ ഇ-ബൈക്ക്‌, എംപ്ലോയീസ്‌ സഹകരണ സംഘത്തിൽ നിന്ന്‌ ഹയർ പർച്ചേസ്‌ വായ്‌പയിൽ വാങ്ങാൻ അടുത്തിടെ അവൾക്കു കഴിഞ്ഞിരുന്നു. അടിപൊളി ഫാഷൻ ടൂവിലറുകളുടെ നിരയിൽ ഇ-ബൈക്ക്‌ അവളെ നോക്കി മുഷിഞ്ഞിരുന്നു.

ടൈൽ പതിഞ്ഞ യാർഡ്‌ കഴിഞ്ഞ്‌ ഇ-ബൈക്ക്‌ പാസ്‌ ഔട്ടിലെത്തി. സെക്യൂരിറ്റിക്കു മുന്നിലൂടെ ഐഡിപ്രൂഫ്‌ നൽകാതെ അപ്പുറമിപ്പുറം യഥേഷ്‌ടം സഞ്ചരിക്കാവുന്ന കൈവിരലെണ്ണത്തിൽ ഒരു വിരൽ അവളായിരുന്നു. സെക്യൂരിറ്റിയുടെ വിരസമുഖത്തിനുനേർക്ക്‌ അവളൊരു ചിരി എറിഞ്ഞു കൊടുത്തു.

എത്രയോ ക്ലയന്റസിന്‌ മനം കുളിർക്കുന്ന മന്ദഹാസം ചൊരിയുന്നതാണ്‌! ഈ ചിരിയുടെ വശ്യത ഹാർഡ്‌ഡിസ്‌കിന്‌ ജൈവാംശം പകരുന്നുവെന്ന്‌ ഒരിക്കൽ ഒരു ക്ലയന്റ്‌ പൂവാല-കവി ഭാവന ചെയ്‌തത്‌ നിമിത ഓർത്തു. മാസ്‌മരിക മന്ത്രശക്തി നിറഞ്ഞ ചിരി കമ്പനിയുടെ ഗുഡ്‌വിൽ ആണെന്ന്‌ വീഡിയോ കോൺഫറൻസ്‌ നടത്തിയ ക്ലയന്റ്‌ കമ്പനി എം.ഡി.യുടെ പ്രൈവറ്റ്‌ സെക്രട്ടറിപ്പെണ്ണ്‌ അസൂയപ്പെട്ടത്‌ അടുത്തിടെ. മന്ദഹാസത്തിൽ തുടങ്ങി പരിഹാസത്തിലൂടെ അട്ടഹാസത്തിലെത്തുന്ന മനുഷ്യച്ചിരികൾക്ക്‌ നാനാർത്ഥങ്ങൾ ഏറെ.

അവളുടെ നിത്യകാഴ്‌ചയായ ഇരുട്ടുമുഖത്തിനുനേർക്കും ചിരി ധാരാളമായി ലഭിച്ചിരിക്കണം. നിശബ്ദമായി ഒഴുകിയ വെളിച്ചം നിരനിരയായിരുന്ന ഒരു തട്ടുകടയിൽ വീണുമറഞ്ഞു. മുട്ട പൊരിയുന്നതിന്റേയും പുട്ടു പുഴുങ്ങുന്നതിന്റേയും മണവും ദോശക്കല്ലു കരയുന്നതിന്റേയും കോഴിക്കാൽ എണ്ണയിൽ തിളച്ച്‌ ചെറുതാകുന്നതിന്റേയും കാഴ്‌ചയും വിശപ്പിനെ ക്ഷണിച്ച്‌ അവളുടെ ഉദരത്തിലെത്തിച്ചു. ടൈറ്റ്‌ പരുവം ടീഷർട്ടും ജീൻസും അഴകളവുകൾക്കുപരി വിശപ്പു വീണ ഉദരത്തെ എടുത്തു കാണിച്ചു.

ആർത്തിയോടെയും സംശയത്തോ​‍ാടെയും അവളുടെ നേർക്ക്‌ കൺമുനകൾ നീണ്ടുവന്നു.

നഗരമതിലുകളിൽ പോസ്‌റ്ററുകൾ പതിക്കുന്ന ചില തൊഴിലാളികൾ തങ്ങളുടെ ജോലി ഭംഗിയായി നിർവഹിക്കുന്നുണ്ടായിരുന്നു. ലാവ്‌ലിൻ കേസിൽ സമഗ്രാന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്റെ മുറവിളിയും ആസിയാൻ കരാർ സൃഷ്‌ടിച്ചെടുക്കുന്ന ശവകേരളവും പോസ്‌റ്ററുകളിൽ നിരന്നു. അൻപതു ശതമാനം സ്‌ത്രീ സംവരണബിൽ പാർലമെന്റ്‌ ഉടനെ പാസാക്കണമെന്ന്‌ സ്‌ത്രീവാദി പോസ്‌റ്റർ. സ്‌ത്രീവാദം നല്ലതുതന്നെ. ഇനിയും ഈ അൻപതു ശതമാനം നിറക്കാൻ എത്ര പെണ്ണുങ്ങൾ മുന്നിട്ടുവരും? അതും തരം കിട്ടിയാൽ, കൊത്തിപ്പറിക്കുന്ന കഴുക കണ്ണുകളുടെ മുന്നിലേക്ക്‌.

നിമിത റിസപ്‌ഷനിൽ വന്നശേഷം ഫോൺ എൻക്വയറി വളരെ കുറഞ്ഞു; ക്ലയന്റസിന്റെ പ്രവാഹമാണിപ്പോൾ ഫ്രണ്ട്‌ ഓഫീസിലേക്ക്‌ഃ വെകിടച്ചിരിയോടെ സൂരി നമ്പൂതിരിപ്പാട്‌ ബോർഡുമെമ്പറുടെ ഉടൽപൂണ്ട്‌ ഇന്ദുലേഖയെ തേടി.

സങ്കീർണതകൾ പുകയുന്ന കംപ്യൂട്ടർ തലകളിൽ തന്റെ സാമീപ്യവും വശ്യഹാസവും ആശ്വാസമെത്തിക്കുമെങ്കിൽ തനിക്കെന്ത്‌? തനിക്കോ തന്റെ ശരീരത്തിനോ ഒരു ചേതവുമില്ലാത്ത ചിരിയല്ലേ വേണ്ടു – താനതിന്‌ എന്നേ തയ്യാർ. അഴകളവുകൾക്ക്‌ ഒരു പിശകും വരാതെ എന്നേക്കും സൂക്ഷിക്കുവാനായി അവൾ ബാദ്ധ്യതപ്പെട്ടിരിക്കുന്നു.

കൺനിറയെ കണ്ടും ശ്വസിച്ചും മതിവരുത്തുവാൻ മാത്രമേ സിബിളിനും അനുമതിയുള്ളൂ. കാലം ശരീരത്തിൽ കോലം മാറ്റുംവരെയേ ക്ലയന്റ്‌സ്‌ തന്റെ സാമീപ്യം ആഗ്രഹിക്കൂ എന്ന്‌ നിമിതക്ക്‌ നല്ല ബോദ്ധ്യമുണ്ടായിരുന്നതിനാലാണ്‌ ഒത്തുതാമസിക്കും മുമ്പ്‌ അപ്രകാരമൊരു ഉടമ്പടിയിൽ സിബിളിനേക്കൊണ്ട്‌ ഒപ്പു വയ്‌പിച്ചത്‌.

നാലു പേരുകണ്ടാൽ ചൊകചൊക ചേലുള്ള ചെക്കനാരുന്നു സിബിൾ. തീയെറങ്ങണ വെയിലത്ത്‌ കന്നാരക്കാട്ടിൽ കിളച്ചും പറിച്ചും പണിയിച്ചും കെട്ട തീക്കട്ട പോലെയായി. ലോകം മുഴുവൻ സ്‌ഥലം പാട്ടത്തിനെടുത്ത്‌ കന്നാരവച്ച്‌ ചത്തുകിടന്നും പണിയോ പണി. ഓരോ വട്ടവും പാട്ടത്തുകയും പണിക്കൂലിയും വളക്കൂലിയും കൂടും. ഒടുവിൽ ചക്ക വെട്ടുമ്പോൾ ഒന്നുകിൽ ഉത്തരേന്ത്യ വെള്ളപ്പൊക്കത്തിൽ, ലോറിയുടമ സമരം, ഇന്ധനവില വർദ്ധനവ്‌, തൊഴിലാളി സമരം അല്ലെങ്കിൽ മാമ്പഴക്കാലം എങ്ങനെയായാലും ഒരു രൂപ ഒന്നര രൂപക്ക്‌ ലോഡു കണക്കിന്‌ ചക്ക കൊടുക്കേണ്ടി വരും. ഭാഗ്യക്കേട്‌ എന്നൊക്കെ പറയാറുണ്ടെങ്കിലും ആരെങ്കിലും സ്ലോട്ടറു വെട്ടണു എന്നു കേട്ടാലേ ചാടിവീണു കളയും.

ഇ- ബൈക്കിന്‌ വഴി നല്ല നിശ്‌ചയമുണ്ടായിരുന്നു. ഓട്ടം നിർത്തേണ്ടിടത്ത്‌ അത്‌ നിലച്ചിരിക്കും. നിമിത ജീൻസിന്റെ കീശയിൽ കൈയിട്ട്‌ ചാവിയെടുത്തു കൈയുറയും പട്ടാളക്കാരുടെ മാതിരി റബർ ബൂട്‌സും കാലിയായ ഗ്രാമക്‌സോൺ ടിന്നുകളും ക്ലാസ്‌ പാക്കറ്റുകളും എത്‌റീലിന്റെയും കുമ്മായത്തിന്റേയും കൂടുകളും തിണ്ണയിൽ ചിതറി കിടപ്പുണ്ടായിരുന്നു. ഫാക്‌ടംഫോസ്‌ കിട്ടാനില്ലാതെ വന്ന കാലത്ത്‌ ചാക്കൊന്നിന്‌ അഞ്ഞൂറു രൂപ മുടക്കി എന്തു കഷ്‌ടപ്പെട്ട്‌ എവിടെ നിന്നെല്ലാമാണ്‌ സംഘടിപ്പിച്ചെടുത്തത്‌? വളം ചെയ്യാറായപ്പോ മഴയും ഇല്ല. പിന്നെ വളമിട്ട്‌ രണ്ടു നനയും നനച്ചപ്പോഴേക്കും ബാക്കി പത്രത്തിന്റെ ബാദ്ധ്യതാവശത്തിന്‌ കനം കൂടി.

വാതിൽ തുറന്നപ്പോഴേ സിബിളിന്റെ കൂർക്കംവലി ഓടിയെത്തി സ്വാഗതം ചെയ്‌തു. മൂർച്ചകൂട്ടിയ നീളൻ കത്തുകൾ നേർത്ത ഇരുട്ടിലും തിളങ്ങി മേശമേൽ കിടപ്പുണ്ട്‌. നാളെ പുലർച്ചക്ക്‌ എങ്ങോട്ടാണാവോ?

ജീൻസും ടീഷർട്ടും ഊരിയെറിഞ്ഞു. കൊളോണിന്റേയും ഇ-സ്‌മോഗിന്റേയും വിയർപ്പിന്റേയും മണം പരന്നു. കൊന്നാൽ പോലും അറിയാത്ത ഉറക്കം അപ്പോഴേക്കും അവളെ ആവേശിച്ചു കഴിഞ്ഞിരുന്നു.

പഴയ നാഴികമണിയിൽ നാലു മണി സമയം ഉണർന്നു. സിബിൾ ഉറക്കം വിട്ടെഴുന്നേറ്റു. തൂമ്പയും കത്തികളും വല്ലങ്ങളും പെറുക്കി എണ്ണം തിട്ടപ്പെടുത്തി അടുക്കി. സോഫയിൽ നിമിത അന്തംവിട്ടുറങ്ങുന്നതു കണ്ടു. കൺനിറയെ കാണാൻ നിന്നപ്പോഴേക്കും പങ്കുകാരൻ ജീപ്പുമായി വന്ന്‌ ഹോണടിച്ചു.

പലയിടങ്ങളിൽ ചെന്ന്‌ പണിക്കാരെ വിളിച്ചുണർത്തി ഒന്നും രണ്ടും കഴിപ്പിച്ച്‌ വണ്ടിയിൽ കയറ്റി പണിയിടത്തെത്തുമ്പോൾ നേരം ഒരു കണക്കാകും. ഇത്തിരി പശളമണമോ മീനുളുമ്പോ ഇല്ലാതെ ഉച്ചക്ക്‌ പൊതിച്ചോറു കൊടുത്താ തൃപ്‌തിക്കൊറവാ എല്ലാർക്കും. ആണാളൊക്കെ ഊണു കഴിയുമ്പഴേ തൊടങ്ങും. മുടിഞ്ഞ മുള്ളുകൊണ്ട്‌ എല്ലാം നീറുകാ. ശകലം എന്തേലും ഒന്നര മേടിക്ക്‌, ഇവിടെ നല്ല ഫസ്‌റ്റ്‌ പോട്ടീം കപ്പേം കിട്ടും തൊടാൻ. പെണ്ണാളോ ചിരിച്ചു കൊഴഞ്ഞ്‌ ഒരു വഹ പണികളും കാടുവെട്ടി പുല്ലു പറീം പോളയരിയലും കഴിഞ്ഞാലേ ചാണകം വാരിയിടാനൊക്കൂ. മഴ പെയ്യുന്നേനു മുമ്പ്‌ മണ്ണുവെട്ടിക്കൂട്ടിയില്ലേല്‌, പിന്നെ ഒന്നും പറയേണ്ട.

വാതിൽ പൂട്ടി ചാവി എടുത്തു.

പങ്കുകാരൻ വീണ്ടും നീട്ടി ഹോണടിച്ചു.

പതിനൊന്നരമണി പകൽ നിമിത ഉറക്കമുണർന്നു. ഉറക്കച്ചടവിൽ നിന്നു വിട്ടുമാറി അവൾ അന്നത്തേക്കുള്ള കോസ്‌റ്റ്യംസും മേക്കപ്പും തെരഞ്ഞെടുത്തു. ഈ ജോബ്‌ പൊസിഷൻ തന്നേപ്പോലുള്ള പാവങ്ങൾക്ക്‌ ശരിയാവില്ല. അതെങ്ങനാ ഓരോ മുടിഞ്ഞ ചാനലു പെമ്പിള്ളേര്‌ അവതാരക വേഷത്തിലങ്ങു വന്നോളും. അതൊക്കെ കണ്ടല്ലേ കമ്പനി ബോർഡ്‌ ഓരോന്നൊക്കെ നിശ്‌ചയിക്കുന്നത്‌. അവരെ ആടയാഭരണങ്ങൾ മാറിമാറി ധരിപ്പിക്കാൻ പരസ്യക്കമ്പനികൾ തമ്മിൽ മൽസരമാണ്‌. അതുപോലാണോ ഈ പാവം?

നിമിത ചുവന്ന ഹാഫ്‌സ്‌കർട്ട്‌ ധരിച്ചു. വെള്ള സോക്‌സും ബ്ലാക്ക്‌ ഷൂവും ഒരുക്കി വച്ചു. ടോപ്‌ തിരഞ്ഞപ്പോൾ മുഷിഞ്ഞും തീരെ നിറംകെട്ടും കണ്ടു. ലിപും ഐഷാഡോയും ചെയ്‌തു പോയതിനാൽ ഇനികളർചേയ്‌ഞ്ചിന്‌ സമയം അനുവദിക്കില്ല. അലമാരയിലൂടെ നിറനഖങ്ങൾ തിടുക്കപ്പെട്ട്‌ ഓടി നടന്നു. സിബിളിന്റെ ഒരു ഷർട്ടിൽ ആ ഓട്ടം നിലച്ചു.

ഇ-ബൈക്ക്‌ ഫുള്ളി ചാർജ്‌ഡ്‌ ആയിരുന്നില്ല. പാതിരാക്കു വന്നപ്പോൾ ചാർജിംഗിനിടാൻ മറന്നു. ഓഫീസിൽ എത്തിയേക്കും, എന്തായാലും, ബൈക്കു നിവർത്തി അതിൽ കയറി അവൾ ചാവിതിരിച്ചു.

ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷവും ആസിയാൻ കരാർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഭരണപക്ഷവും ഹർത്താൽ നടത്താൻ തീരുമാനമായി. തീരുമാനിച്ച്‌ തെരഞ്ഞെടുത്തത്‌ ഒരു ദിവസം തന്നെയായിരുന്നുവെന്നത്‌ സാധാരണ പൗരന്മാർക്ക്‌ സൗകര്യമായി. ആസിയാനും ലാവ്‌ലിനും യാതൊരു പരിക്കുമേൽക്കാതെ ഹർത്താൽ പിറ്റേന്നും വെന്നിക്കൊടിപാറിച്ച്‌ യാത്ര തുടരും. മൊട്ടയടിച്ചവനാരോ അവന്റെ തലക്കാണ്‌ കല്ലുമഴയേൽക്കാൻ വിധി.

ലോഡ്‌ പോകാൻ പറ്റാത്ത ദിവസത്തേക്ക്‌ ചക്കയോട്‌ പഴുത്ത്‌ പരുവമാകാൻ ആരു പറഞ്ഞു. ബാംഗ്ലൂർക്കോ ചെന്നൈയ്‌ക്കോ ലോഡയച്ച്‌ വിറ്റുകിട്ടിയാൽ വല്ലതും തരാമെന്ന ഉറപ്പായ ആശ്വാസത്തിന്‌മേൽ എല്ലാം പതിവുകാരനെ കെട്ടിയേൽപ്പിച്ച്‌ ഹർത്താലിനെ പ്രാകികൊണ്ട്‌ സിബിൾ തിരിഞ്ഞു നടന്നു.

പുറത്ത്‌ ഇ-ബൈക്ക്‌ കണ്ടില്ല. കൊള്ളിയാൻ മിന്നുന്ന അവളുടെ വരവ്‌ എപ്പോഴാണവോ? വാതിൽ തുറന്ന്‌ അകത്തു കടന്ന സിബിൾ ഉറക്കത്തിലേക്ക്‌ പൂണ്ടുപോയി.

പുലർച്ചയിൽ ഇരുട്ടുമായുംമുമ്പേ ഏതോ വാഹനം വന്നു നിന്നു. ഉറക്കച്ചടവോടെ നിമിത അതിൽ നിന്നിറങ്ങി. വന്നപാടേ അവൾ പറഞ്ഞു തുടങ്ങിഃ ചക്ക വെട്ടാൻ പോയയാൾ അതു വിറ്റ്‌ നല്ല കാശും വാങ്ങി എന്നെ അതിശയിപ്പിക്കാൻ കാറും വാങ്ങിവന്നതാണെന്നല്ലേ ഞാൻ കരുതിയത്‌. പാർക്കിംഗ്‌ ലോട്ടിൽ എന്റെ ബൈക്കിനരികിൽ പാർക്കു ചെയ്‌ത കാറിൽ നിങ്ങൾ തന്നെയാണെന്ന്‌ ഞാൻ വിചാരിച്ചതിലെന്താ തെറ്റ്‌? മടുത്തു വശം കെട്ടിരുന്നെങ്കിലും നിങ്ങളുടെ ആഹ്ലാദത്തിൽ ചേരാൻ ഞാനും കൊതിച്ചു. അയാളാണെങ്കിൽ ഒന്നും പറഞ്ഞതമില്ല. കളളൻ, എന്നെ പറ്റിക്കാൻ മിണ്ടാതിരിക്കുകാന്ന്‌ ഞാൻ വിചാരിച്ചു. കണ്ടാൽ നിങ്ങളാണെന്നെ തോന്നൂ താനും. കാറിന്റെ നമ്പർ കൊടുത്ത്‌ മറ്റാരെയോ പിക്‌ ചെയ്യാൻ വന്നതായിരുന്നു അയാൾ. ഞാൻ ചാടിക്കയറിയതുകൊണ്ട്‌ അയാൾ അങ്ങിനെ തന്നെ കരുതി.

ഇടവേളയില്ലാതെ നീണ്ടുപോകുന്ന വിശദീകരണത്തിൽ അസഹിഷ്‌ണുവായ സിബിൾ പൊടുന്നനേ പറഞ്ഞുഃ വേണ്ട, മതി മതി. രാമനുമായി തുലനം ചെയ്യുമ്പോൾ ഞാൻ എത്ര നിസാരൻ! എങ്കിലും ഞാൻ നിന്നെ കാട്ടിലേക്കയക്കില്ല. എനിക്ക്‌ തെളിവായി നിന്റെ അഗ്നിശുദ്ധി മാത്രം മതി.

ഒന്നു പകച്ചെങ്കിലും പുതിയ സീതയാകാൻ അവൾ സമ്മതം മൂളി.

വീറോടെ സിബിൾ അഗ്നിക്കായി ചുറ്റുപുറം തിരഞ്ഞു. ഇനിയും തുടങ്ങാത്ത വീടിന്റെ അഗ്നികോണിൽ നിന്ന്‌ എന്നേ അത്‌ പിൻവാങ്ങിയിരുന്നു?

അഗ്നിയില്ലെങ്കിൽ ജലശുദ്ധിയാകട്ടെ. നിറഞ്ഞെഴുകുന്ന കൽതൊട്ടിയിൽ ശുദ്ധി തെളിയിക്കട്ടെ.

ഇനിയും തുടങ്ങാത്ത വീടിന്റെ ജലകോണിൽ നിന്ന്‌ എന്നേ അത്‌ പിൻവാങ്ങിയിരുന്നു?!

എങ്കിൽ, എങ്കിൽ…..മണ്ണിൽ കുഴിച്ചുമൂടിയോ ആകാശത്തെ മഞ്ഞ്‌വീഴ്‌ച കൊടും വൃഷ്‌ടി, കഠിന വേനൽ ഇവകൾക്കു കീഴിലാക്കിയോ ശ്വാസം കെടുത്തുന്ന കൊടുങ്കാറ്റിൽ നിർത്തിയോ ശുദ്ധി തെളിക്കാം. കോൺക്രീറ്റ്‌ കൂമ്പാരത്തിനുള്ളിലെ കുടുസുമറിയിൽ വേരുപായാൻ മണ്ണില്ല, ജീവൻ ത്രസിക്കുന്ന വായുവില്ല, വില്ലുവിരിയാൻ ആകാശവുമില്ല.

ഇനിയും തുടങ്ങാത്ത വീടിന്റെ ദൃഷ്‌ടികോണിൽ നിന്ന്‌ എന്നേ അവയൊക്കെയും പിൻവാങ്ങിയിരുന്നു.

Generated from archived content: story1_nov3_09.html Author: joyel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English