ന്യായാധിപന്മാർ വിമർശനത്തിന്‌ അതീതരാകുമ്പോൾ

നിർബന്ധിത നാർക്കോ അനാലിസിസ്സ്‌ പരിശോധന ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണൻ ഉൾപ്പെട്ട സുപ്രീംകോടതിയുടെ മൂന്നംഗബഞ്ചിന്റെ വിധിന്യായം സി.ബി.ഐ. പോലുള്ള ഉന്നത കുറ്റാന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഭൂരിപക്ഷം നിയമവിദഗ്‌ധരും അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ കർണ്ണാടകയിൽ നിന്നും വന്നൊരു കേസ്സിൽ പുറപ്പെടുവിച്ച ഈ വിധീന്യായത്തിൽ അസ്വാഭാവികമായി അവരൊന്നും അന്ന്‌ കണ്ടിരുന്നില്ല സിസ്‌റ്റർ അഭയയുടെ കൊലപാതക അന്വേഷണപുരോഗതി സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്നവരിൽ പലർക്കും ഈ വിധിയിലൂടെ പ്രസ്‌തുത കേസ്‌ നിർജ്ജീവമാകുമെന്ന്‌ ആശങ്ക ജനിച്ചിരുന്നു.

സിസ്‌റ്റർ അഭയയുടെ ഘാതകരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്നത്‌ ബഹുഭൂരിപക്ഷം വരുന്ന കേരള ജനതയുടെയും വികാരമായിരുന്നു. വർഷങ്ങൾ നീണ്ട്‌ നിന്ന അന്വേഷണത്തിന്‌ ശേഷവും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ വഴിമുട്ടിയിരുന്ന കേസന്വേഷണത്തിന്‌ ഒരു വഴിത്തിരിവുണ്ടായത്‌ പ്രതികളെന്നു സംശയിക്കുന്നവരെ നാർക്കോ അനാലിസിസ്സ്‌ പരിശോധനയ്‌ക്ക്‌ വിധേയപ്പെടുത്തിയപ്പോഴാണ്‌ ഈ കേസിലെ പ്രതികളെ കണ്ടെത്തുന്നതിൽ തെല്ലും ആത്മാർത്ഥത പ്രകടിപ്പിക്കാത്ത കോട്ടയം രൂപതാധികൃതർ രാഷ്‌ട്രീയനേതൃത്വത്തിലും പോലീസ്‌ മേധാവികൾക്കുമിടയിലുള്ള സ്വാധീനം ദുരുപയോഗപ്പെടുത്തി, കേസന്വേഷണം സ്‌തംഭിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥർ തന്നെ ആസൂത്രിതമായി തെളിവുകൾ നശിപ്പിച്ചു. കർണ്ണാടക ചീഫ്‌ ജസ്‌റ്റിസായിരുന്ന സിറിയക്ക്‌ ജോസഫിന്റെ അനധികൃത ഇടപെടൽ ഈ കേസിൽ ഉണ്ടായത്‌ അത്തരത്തിലുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണന്ന്‌ പൊതുവെ ധാരണയുണ്ട്‌. എന്ത്‌ വിലനൽകിയും ഈ കേസ്സിലെ പ്രതികളെ സംരക്ഷിക്കുവാൻ രൂപതാധികൃതരും സമുദായനേതാക്കളും ശ്രമിക്കുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ടായിരുന്നു. എങ്കിലും ഇൻഡ്യൻ ജനാധിപത്യത്തെയും ഭരണഘടനയേയും നിലനിർത്തുന്ന മൂന്ന്‌ തൂണുകളിലൊന്നായ പരമോന്നത നീതിപീഠത്തിലെ മുഖ്യന്യായാധിപനോളം എത്തുവാനുള്ള സ്വാധീനം ഇവർക്കുണ്ടാകുമെന്ന്‌ ആരും കരുതിയിട്ടുണ്ടാകില്ല.

ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ കുടുംബാഗങ്ങൾ അടുത്തകാലത്ത്‌ നടത്തിയ അനേക കോടി വസ്‌തു ഇടപാടുകളുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷസ്‌ഥാനത്ത്‌ അദ്ദേഹം തുടരുന്നത്‌ അനുചിതമാണെന്നുമുള്ള വികാരമാണ്‌ പൊതുവെ. മുൻ സുപ്രീംകോടതി ജഡ്‌ജി വി.ആർ. കൃഷ്‌ണയ്യർ, നിരവധി അഭിഭാഷക സംഘടനകൾ എന്നിവരെല്ലാം ഈ ആവശ്യവുമായി മുന്നോട്ട്‌ വന്നു കഴിഞ്ഞു. മുഖ്യധാര രാഷ്‌ട്രീയപാർട്ടികൾ ഈ വിഷയത്തിൽ ഒരു മൃദുസമീപനമാണ്‌ കൈകൊളളുന്നത്‌. സുപ്രീംകോടതിയുടെ മുഖ്യ ന്യായാധിപ പദവിയിലേക്ക്‌ ഉയർത്തപ്പെട്ട പ്രഥമ മലയാളിയും, ദളിത്‌ വിഭാഗത്തിൽപ്പെട്ട വ്യക്തിയുമെന്ന പരിഗണനയാകാം ശക്തമായ നടപടികൾക്കായി സമ്മർദ്ദം ചെലുത്തുവാൻ ഇവർ വൈമുഖ്യം കാട്ടുന്നത്‌. കോർട്ടലക്ഷ്യം എന്ന കുറ്റംചുമത്തി നിയമനടപടികൾക്ക്‌ വിധേയമാക്കുമോയെന്ന ഭീതിയും ചിലർക്കുണ്ടാകും. വ്യക്തമായ പരാതിയുടെ അഭാവത്തിൽ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണനെതിരെ അന്വേഷണം സാധ്യമല്ലെന്ന നിലപാടാണ്‌ കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയിലിക്കുള്ളത്‌. എന്നാൽ ബി.ജെ.പി. ദേശീയ പ്രസിഡന്റ്‌ നിതിൻ ഹഡ്‌ക്കരി അത്തരത്തിലൊരാവശ്യവുമായി പരസ്യനിലപാട്‌ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണനെതിരെ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകും.

ആറ്‌ പതിറ്റാണ്ട്‌ പിന്നിട്ട സ്വാതന്ത്ര്യലബ്‌ധിക്ക്‌ ശേഷവും, ഭൂരിപക്ഷം വരുന്ന സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, മത, രാഷ്‌ട്രീയ നേതൃത്വങ്ങളുടെയും, സമ്പന്ന, ഉദ്യോഗസ്‌ഥ വർഗ്ഗങ്ങളുടെയും, സാമൂഹ്യവിരുദ്ധരുടെയും അഴിമതികൾക്കും, അക്രമങ്ങൾക്കും, ചൂഷണങ്ങൾക്കും ഇരയാകുന്ന ഇൻഡ്യയിൽ സാധാരണ ജനങ്ങൾക്ക്‌ നീതിക്കായുള്ള ഏക ആശ്രയം പലപ്പോഴും കോടതികളാണ്‌. കോടതികളിലുള്ള വിശ്വാസവും, ന്യായാധിപരോടുള്ള ആദരവുമാണ്‌ ഭാരിച്ച ചെലവ്‌ സഹിച്ചും വർഷങ്ങൾ നീളുന്ന നിയമയുദ്ധത്തിന്‌ ജനങ്ങളെ പ്രേരിപ്പിക്കുന്നത്‌. ഇൻഡ്യൻ ഭരണഘടനയുടെ അന്തഃസത്ത കാത്ത കേശവാനന്ദഭാരതി കേസിലെ സുപ്രീം കോടതി വിധി, ഇന്ദിരാഗാന്ധിയുടെ ഇലക്‌ഷൻ റദ്ദാക്കിയത്‌ ഉൾപ്പെടെയുള്ള അലഹബാദ്‌ ഹൈക്കോടതിയുടെ നിരവധി വിധിന്യായങ്ങൾ, രാജൻ കേസിലെ ഹേബിയസ്സ്‌ കോർപ്പസ്‌ പെറ്റീഷനിലെ കേരള ഹൈക്കോടതി വിധി എന്നിവയെല്ലാം ഇൻഡ്യൻ ജുഡീഷ്യറിയുടെ മഹത്വം വിളിച്ചോതിയ വിധിന്യായങ്ങളിൽ ചിലതുമാത്രം. ജസ്‌റ്റിസ്‌ എച്ച്‌.ആർ. ഖന്ന, ജസ്‌റ്റിസ്‌ വൈ. ചന്ദ്രചൂഢ്‌, ജസ്‌റ്റിസ്‌ പി.എൻ. ബാഗ്‌വതി, ജസ്‌റ്റിസ്‌ വി.ആർ. കൃഷ്‌ണയ്യർ, ജസ്‌റ്റിസ്‌ സുബ്രഹ്‌മണ്യം പോറ്റി എന്നിവരെപ്പോലുള്ളവർ ഇൻഡ്യയുടെ നീതിന്യായവ്യവസ്‌ഥയുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ച മഹനീയ വ്യക്തിത്വത്തിന്റെ ഉടമകളാണ്‌.

നീതിബോധവും നിഷ്‌പക്ഷതയും, സ്വതന്ത്രരുമായ നിയമപണ്ഡിതരാൽ അലങ്കരിക്കപ്പെട്ടിരുന്ന ഇൻഡ്യൻ ജുഡീഷ്യറിയുടെ സ്വഭാവത്തിലും, വീക്ഷണത്തിലും വ്യതിയാനം വരുത്തിയത്‌ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വാർത്ഥതയും, സ്വേഛാധിപത്യ മോഹങ്ങളുമാണ്‌. പരമാധികാരമുള്ളതും ഏത്‌ നിയമവും പാസ്സാക്കുവാനും, തിരുത്തുവാനും കഴിയുമെന്നും കരുതിയിരുന്ന പാർലമെന്റിനു പോലും ഭരണഘടനയുടെ അടിസ്‌ഥാന സ്വഭാവത്തിൽ വ്യതിയാനം വരുത്തുവാൻ കഴിയില്ലെന്ന കേശവാനന്ദ ഭാരതി കേസിലെ ശ്രദ്ധേയമായ സുപ്രീംകോടതി വിധി. ഇന്ദിരാഗാന്ധിയുടെ സ്വേഛാധിപത്യമോഹത്തിൻ വിഘാതം സൃഷ്‌ടിച്ചു. കോടതികളെ തന്റെ നിയന്ത്രണത്തിലാക്കുകയെന്നതായി അവരുടെ അടുത്ത ലക്ഷ്യം സീനിയോറിട്ടിയുടെ അടിസ്‌ഥാനത്തിൽ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌മാരെ നിയമിക്കുന്ന അന്നോളം അനുവർത്തിരുന്ന കീഴ്‌വഴക്കം ലംഘിച്ചുകൊണ്ട്‌ മൂന്നു മുതിർന്ന ന്യായാധിപന്മാരുടെ സീനിയോറിട്ടി മറികടന്ന്‌ ജസ്‌റ്റിസ്‌ ഇ.എൻ.റേയെ ചീഫ്‌ ജസ്‌റ്റിസായി ഗവൺമെന്റ്‌ നിയമിച്ചു. ഈ നടപടിയിലൂടെ ഇൻഡ്യയിലുടനീളമുള്ള ന്യായാധിപന്മാർക്ക്‌ ഇന്ദിരാഗാന്ധി ഒരു താക്കീത്‌ നൽകുകയായിരുന്നു. തന്റെ ഭരണകൂടത്തിന്റെ നയങ്ങളെ നിശ്ശബ്‌മായി അംഗീകരിച്ചു കൊള്ളുവാൻ. പിന്നീടുണ്ടായ ഹൈക്കോടതി, സുപ്രീംകോടതി നിയമനങ്ങളിൽ രാഷ്‌ട്രീയ താല്‌പര്യവും പരിഗണനയും ഒരു ഘടകമായി. ജഡ്‌ജിമാരുടെ സ്‌ഥലമാറ്റം, സ്‌ഥാനക്കയറ്റം എന്നിവ പ്രീണന പീഢന ഉപാധികളായി മാറി. ചെറുത്തുനില്‌പിന്‌ ധൈര്യം പ്രകടിപ്പിച്ചരെ യാഥാസ്‌ഥിതികരായി മുദ്രകുത്തി ഗവൺമെന്റിന്റെ ബ്‌ളാക്ക്‌ ലിസ്‌റ്റിൽപെടുത്തി. ഭൂരിപക്ഷം ന്യായാധിപന്മാരും ഗവൺമെന്റ്‌ നിലപാടിനോട്‌ യോജിച്ചു പോകുവാൻ സാവധാനം സന്നദ്ധരായി. മൊറാർജി ദേശായിയുടെ ജനതാപാർട്ടി സർക്കാരും, ബാജ്‌പേയുടെ എൻ.ഡി.എ. സർക്കാരും ജുഡീഷ്യറിയുടെ സ്വതന്ത്രത സ്‌ഥാപിക്കുവാൻ ആത്മാർത്ഥ ശ്രമങ്ങൾ നടത്തിയെങ്കിലും ജുഡീഷ്യൽ നിയമനങ്ങളിൽ രാഷ്‌ട്രീയ, മത, സാമുദായിക പരിഗണനകൾ ഇപ്പോഴും സജീവമാണ്‌.

യോഗ്യതയുടെയും, നീതിബോധത്തിന്റെയും അടിസ്‌ഥാനത്തിലല്ലാതെ രാഷ്‌ട്രീയ പരിഗണനകളുടെയും, സമ്മർദ്ദതന്ത്രങ്ങളിലൂടെയും നിയമനം നേടുന്ന ന്യായാധിപരുടെ വിധേയത്വം ഭരണഘടനയോടും ജനങ്ങളോടുമെന്നതിലുപരി തൽസ്‌ഥാനത്ത്‌ തങ്ങളെ പ്രതിഷ്‌ഠിച്ച വ്യക്തികളോടും പ്രസ്‌ഥാനങ്ങളോടുമായിരിക്കും. നിഷ്‌പക്ഷത വെടിയുവാൻ തയ്യാറാകുന്ന ന്യായാധിപർ അഴിമതി പോലുള്ള അധാർമ്മികതകളിലേക്കും അനായാസം എത്തപ്പെടും. കോടതികളിൽ നിന്നുപോലും നീതി ലഭിക്കില്ലെന്ന ബോധ്യം പലരേയും നിയമം കൈയ്യിലെടുക്കുവാനും പ്രതികാരനടപടികൾക്കും പ്രേരിപ്പിക്കും.

കോർട്ടലക്ഷ്യ നടപടികളെ നേരിടുവാൻ സന്നദ്ധരായിക്കൊണ്ട്‌ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരായ ശാന്തി ഭൂഷൻ, രാംജത്‌ മെലാനി, പ്രശാന്ത്‌ ഭൂഷൻ എന്നിവർ എട്ട്‌ മുൻ ന്യായാധിപർക്കെതിരെ അഴിമതി ആരോപണവുമായി മുന്നോട്ട്‌ വന്നത്‌ ഏറെ ശ്ലാഘനീയമാണ്‌. ഈ ധർമ്മയുദ്ധത്തിൽ ഇൻഡ്യൻ ജനതയുടെ ഒന്നടങ്കമുള്ള പിന്തുണ അവർക്കാവശ്യമാണ്‌. സത്യസന്ധമായി കർത്തവ്യനിർവഹണം നടത്തുന്നവർ ആരെയും, ഒന്നിനേയും ഭയപ്പെടേണ്ടതില്ല. കുറ്റബോധമുള്ളവരാണ്‌ വിമർശനങ്ങളെ ഭയപ്പെടുന്നത്‌. ഒരു ജനാധിപത്യരാജ്യത്ത്‌ ഏതെങ്കിലും വ്യക്തിയെയോ സ്‌ഥാപനത്തെയോ, പ്രസ്‌ഥാനത്തെയോ, വിമർശനത്തിനതീതമായി അവരോധിക്കുക വഴി നാം സ്വയം അപകടം വിളിച്ചുവരുത്തുകയാണ്‌, സ്വോഛാധിപത്യത്തിന്‌ അവസരമൊരുക്കുകയുമാകും.

കടപ്പാട്‌ – ബിലാത്തിമലയാളി

Generated from archived content: essay1_mar7_11.html Author: joy_oravanakkulam_chikkago

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here