അപ്പനും ഞാനും ഒരു ദിവസ്സമാണ് മരിച്ചത്.
അപ്പനെ ഇടി വെട്ടിയും എന്നെ പാമ്പ് കടിച്ചും. പാമ്പ് കടിയ്ക്കുള്ള പ്രതിരോധ മരുന്ന് കുത്തിവെച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു . ജീവിച്ചിരുന്നപ്പോള്‍ ഒരു അപ്പന്‍മകന്‍ എന്ന ബന്ധത്തേക്കാളുപരി ഒരു നല്ല കൂട്ടുകാര്‍ എന്ന നിലയി ലായിരുന്നു ഞങ്ങള്‍ ജീവിച്ചത് . ഒരു നിമിത്തമായിരിക്കണം ഒരു പക്ഷെ ഞങ്ങള്‍ രണ്ടു പേരും ഒരു നാള്‍ തന്നെ മരിക്കാന്‍ കാരണമായത് .
അപ്പന് ഞാനും എനിക്കപ്പനും അങ്ങ് സ്വര്‍ഗംവരെ കൂട്ടുണ്ടല്ലോ എന്നോര്‍ത്ത് ഞങ്ങളുടെ ആത്മാക്കള്‍ പരസ്പരം സന്തോഷിച്ചു.
പക്ഷെ എന്റെ ആത്മാവ് വെറുതെ കുണ്ടിതപ്പെട്ടുകൊണ്ടിരുന്നു. കാരണം താന്‍ കൌമാരവും കടന്നു മംഗല്യ ഭാഗ്യത്തിന്റെ കടമ്പയ്ക്കടുത്തെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. അപ്പന് അങ്ങനെ ഒന്നും ഓര്‍ത്ത് ദുഖിക്കാനില്ല . ജീവിതത്തിന്റെ സമയ ഭാഗവും ജീവിച്ചു കഴിഞ്ഞു. പക്ഷെ ഇനിയും സായത്തമാകാത്ത കുറെ മോഹങ്ങള്‍ അപ്പനും കാണാതിരിക്കില്ല. അതെന്താണെന്ന് വഴിയെ ഞാന്‍ ചോദിച്ചറിയും. ആത്മാക്കള്‍ നുണ പറയാറില്ലല്ലോ.
മരണം കഴിഞ്ഞപ്പോള്‍ ആത്മാക്കള്‍ ദേഹത്ത് നിന്ന് വേര്‍ പിരിഞ്ഞു. ഇപ്പോള്‍ അവിടെ നടക്കുന്നതൊക്കെ എനിക്കും അപ്പനും കാണാം. പലരും പലതിനും ഓടി നടക്കുന്നതും , ആ പയ്യനും കൂടി പോയത് കഷ്ടമായി പോയി എന്ന് വിലപിക്കുന്നവരും അവിടെ ഉണ്ടായിരുന്നു. മുരിക്കിന്‍ പലകയില്‍ തീര്ത്ത പുട്ടിയിട്ട ശവപ്പെട്ടിക്കുമേല്‍ തേക്ക് തടിയുടെ ഡിസൈന്‍ ചെയ്തു വില കൂട്ടി വില്ക്കുന്ന ശവപ്പെട്ടികടക്കാരുടെ കുതന്ത്രം ശവപ്പെട്ടിക്കാരില്‍ നിന്ന് തന്നെ മനസ്സിലായി. അടുത്ത കടയില്‍ വില്‍ക്കുന്നതില്‍ ഭീമ ഭാഗവും അങ്ങനെയാണെന്ന് കടക്കാരന്‍ പറഞ്ഞു. തനി തേക്ക് കൊണ്ടുള്ളത് വേണമെങ്കില്‍ പതിനായിരം. പിന്നെ തേക്ക് പോലുള്ളത് വേണമെങ്കില്‍ മുവ്വായിരം വിലയും അഞ്ഞൂറ് കമ്മീഷനും. മൊത്തം മുവ്വായിരത്തി അഞ്ഞൂറ്. രണ്ടു പെട്ടിയ്ക്കും കൂടി ആയിരം കമ്മീഷന്‍. മനസ്സില്‍ കണക്കു കൂട്ടി. രണ്ടു ഫുള്ള് കിട്ടും. എല്ലാത്തിനും ഒരു കാരണം വേണ്ടേ കുടിക്കാന്‍. അല്ലെങ്കില്‍ത്തന്നെ ശവപ്പെട്ടിയുടെ കണക്ക് ആര് ചോദിക്കാണ്.
അന്നുവരെ അപ്പന് തുല്യം സ്‌നേഹിച്ചതായിരുന്നു ചാക്കോച്ചി ചേട്ടനെ. അദ്ദേഹം ഇത്തരത്തില്‍ ഒരാളായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അമ്മ പലപ്പോഴും പറയാറുണ്ടായിരുന്നു അയാളെ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്തവനാണെന്ന് . അന്നൊക്കെ ഞാനും അപ്പനും അമ്മയോട് വഴക്കിട്ടിരുന്നു. പറമ്പിലെ തടി വെട്ടി വിറ്റപ്പൊഴും, പെങ്ങളെ കെട്ടിക്കാന്‍ പറമ്പിന്റെ ഒരു ഭാഗം തിരിച്ചു വിറ്റപ്പൊഴും അയാള്‍ കച്ചവടക്കാരില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയെന്ന് പലരും പറഞ്ഞിട്ടും വിശ്വസിച്ചില്ല. അയാളെ ശവത്തില്‍പോലും തൊടീക്കരുതെന്ന് അപ്പന്റെ ആത്മാവ് പറഞ്ഞു. ആര് ചെവിക്കൊള്ളാനാണു ആത്മാക്കളുടെ ജല്‍പ്പനങ്ങള്‍. രണ്ടു ശവപ്പെട്ടികള്‍ക്കും കൂടി അയാള്‍ ഇപ്പോള്‍ത്തന്നെ ആയിരം രൂപ കമ്മീഷന്‍ അടിച്ചിരിക്കുന്നു. ഇനി മരണാനന്തര ചടങ്ങുകള്‍ എത്രയോ ബാക്കിയുണ്ട്. അതിനൊക്കെ അയാള്‍ കമ്മീഷന്‍ അടിക്കാതിരിക്കില്ല. പാവം അമ്മയെ അയാള്‍ ഇനിയും പറ്റിയ്ക്കും.
ചൈനീസ് നിര്‍മ്മിതമായ ശവപ്പെട്ടി വിപണിയില്‍ വന്നതിന്റെ പരസ്യം ടീവിയില്‍ വന്നു. ഉള്‍ഭാഗം മൃദുലമായ തൂവലുകള്‍കൊണ്ടും പട്ടു തുണികൊണ്ടു നിര്‍മ്മിച്ചതും സുഗന്ധം പരത്തുന്നതുമായിരുന്നു. പുറം ഭാഗത്ത് കുരിശുകളും മാലാഖമാരുടെയും കൊത്തുപണികള്‍ ചെയ്ത് അതീവ മോഡി വരുത്തിയുമിരിക്കുന്നു. പരസ്യം കണ്ടപ്പോള്‍ അപ്പന്‍ അന്ന് തമാശയായി പറഞ്ഞുപോയി മരിക്കുമ്പോള്‍ അതുപോലൊരു പെട്ടിയില്‍ തന്നെ കിടത്തിയാല്‍ മതിയെന്ന് . അമ്മ ഒത്തിരി കയര്‍ത്തു കയറി അപ്പനോട്. അതൊക്കെ എണ്ണിപ്പെറുക്കിയാണു അമ്മ ഇപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്നത്. ‘ ഈ പെമ്പ്രന്നോത്തി കാരണം എനിക്ക് നാണക്കേട് ഉണ്ടാക്കി വെയ്ക്കുമല്ലോ ദൈവമേ….!’ അപ്പന്റെ ആത്മാവ് എന്നോട് മന്ത്രിച്ചു. ‘അമ്മയുടെ ദുഃഖങ്ങള്‍ കരഞ്ഞു തീര്‍ക്കുകയല്ലേ അപ്പാ….’ ഞാന്‍ അപ്പനോട് പറഞ്ഞു. അമ്മ എന്റെയും അപ്പന്റെയും മദ്ധ്യത്തില്‍ മുട്ടിന്മേല്‍ കുത്തിയിരുന്നു ഒരു കൈ അപ്പന്റെ മേലും ഒരു കൈ എന്റെ മേലും വെച്ചു എണ്ണിയെണ്ണി വിലപിക്കുകയാണ്. ഞാനും അപ്പനും സന്തോഷിച്ചു. ഒരുപോലെ അമ്മയുടെ ദുഃഖങ്ങള്‍ ഞങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നു എന്ന് കണ്ട്. പലരും പല ജോലികളും ഇട്ടെറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്. എത്രയും പെട്ടെന്ന് ഞങ്ങളെ അടക്കം ചെയ്തിട്ട് മടങ്ങിയാല്‍ മതി എന്നായിരുന്നു
അവരുടെയൊക്കെ മനസ്സുകളില്‍. എന്റെയും അപ്പന്റെയും ആത്മാവ് ഇരുണ്ട അന്ധകാരത്തില്‍ കൂടി സഞ്ചരിച്ചു. ഒരു ശൂന്യാകാശ സഞ്ചാരിയെപ്പൊല്‍, പൊങ്ങു തടിപോലെ എന്നാല്‍ ഇന്നുവരെ കണക്കു കൂട്ടാന്‍ കഴിയാത്ത തരത്തിലുള്ള വേഗത്തില്‍ ഞങ്ങള്‍ മുന്നോട്ടുപോയി. ആകാശമാകെ പൂത്തിരി വിതറിയപോലെ മിന്നി തിളങ്ങുന്ന നക്ഷത്ര ജാലങ്ങള്‍. ഞാനും അപ്പനും നക്ഷത്രങ്ങള്‍ക്കിടയില്‍ അല്‍പ നേരം ഒളിച്ചു കളിച്ചു. തങ്ങളിലേക്ക് അടുത്ത് വരുന്ന തീ ഗോളങ്ങള്‍, ഉല്‍ക്കകള്‍, അവയില്‍ നിന്നെല്ലാം വഴുതി മാറി ഞങ്ങളുടെ ആത്മാക്കള്‍ മുന്നോട്ടു നീങ്ങി. ചിലപ്പോള്‍ ആത്മാവ് അതിവേഗത്തില്‍ മുകളിലേക്ക് പോകും മറ്റു ചിലപ്പോള്‍ പോകുന്നതിലും ഇരട്ടി വേഗത്തില്‍ താഴോട്ട് പോരും. എയര്‍ പോക്കറ്റില്‍ കുടുങ്ങിയ വിമാന സഞ്ചാരിയുടെ അനുഭവം. അടിവയര്‍ ഇല്ലാത്തതിനാല്‍ ആധി എടുത്തില്ല.
പല ആത്മാക്കളും ശൂന്യതയില്‍ അലയുന്നത് കണ്ടു. അനാദിയായ ആത്മാക്കള്‍. മോഹങ്ങള്‍ ബാക്കിവെച്ചവ, ജീവിച്ചു കൊതി തീരാത്തവ, പ്രതികാരം വീട്ടാന്‍ കഴിയാഞ്ഞവ, എല്ലാത്തിനുമിടയില്‍ കുറെ കിളുന്ന് ആത്മാക്കളെ കണ്ടു. അവരെ ഞങ്ങള്‍ തഴുകി തലോടി. അച്ഛനും അമ്മയും ആരാണെന്നുപോലും അവര്‍ക്കറിയില്ല. കുരുന്നുകളായിരുന്നപ്പോള്‍ വിടചൊല്ലി പോ ന്നവരാണവര്‍. ഞങ്ങളെ അവര്‍ മുട്ടി ഉരുമ്മി നിന്നു. ഒരച്ഛന്റെയും ഏട്ടന്റെയും ചൂടും സ്‌നേഹവും എന്താണെന് അവര്‍ ഇപ്പോള്‍ അനുഭവിക്കുകയായിരിക്കും. ആ കുരുന്നുകള്‍ വിട്ടകന്നപ്പോള്‍ വേദനയില്ലാത്ത ലോകത്തിലെ ആത്മാവുപോലും വേദനിക്കുന്നതായി തോന്നി.
ഊഷരമായ സഞ്ചാരത്തിനിടയില്‍ ഞാന്‍ അപ്പനോട് ചോദിച്ചു. ‘അപ്പന്‍ രക്ഷ പ്രാപിച്ചിട്ടുണ്ടോ സ്വര്‍ഗത്തിലേക്ക് പോകാന്‍….?’ ആ ചോദ്യം പല പാസ്ടര്‍മാരും പലരോടു ചോദിക്കുന്നത് ഞാന്‍ പല കുറി കേട്ടിട്ടുള്ളതുകൊണ്ടാണ് അപ്പനോട് അങ്ങനെയൊരു ചോദ്യം ചോദിച്ചത്. അപ്പന്റെ ആത്മാവ് എന്നോട് ഒന്നും മന്ത്രിച്ചില്ല. ഞാന്‍ ചുറ്റും നോക്കി.അപ്പന്റെ ആത്മാവ് എന്നെ വിട്ടിട്ടു പോയോ എന്നറിയാന്‍ . ഇല്ല. അടുത്തു തന്നെയുണ്ട്.
‘അപ്പനെന്താ ഒന്നും മിണ്ടാത്തെ ….ഞാന്‍ ചോദിച്ചത് കേട്ടില്ലേ…..അപ്പന്‍ സ്വര്‍ഗത്തില്‍ പോകാന്‍ രക്ഷ പ്രാപിച്ചിട്ടുണ്ടോന്ന് ….?!.’ ‘ഇല്ലെടാ മോനെ … അതിനെനിക്കു കഴിഞ്ഞില്ല…പലരില്‍ നിന്നും അന്യായമായി പലിശ വാങ്ങിയതും…അന്യന്റെ വസ്തുവകകള്‍ കവര്‍ന്നെടുത്തതും…. അന്യായമായി കള്ളസാക്ഷ്യം പറഞ്ഞതും … അമ്മ അറിയാതെ ഞാന്‍ നടന്നതും….കുമ്പസാര കൂട്ടില്‍ വീണ്ടും വീണ്ടും കള്ളം പറഞ്ഞു തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കുള്ള പ്രയാണം തുടര്‍ന്നതും …ഇന്നല്ലെങ്കില്‍ നാളെ രക്ഷ പ്രാപിക്കാം എന്ന് കരുതി കഴിഞ്ഞപ്പോള്‍ പെട്ടെന്നല്ലേ മരിച്ചത്….! ‘. അമ്മയുടെ നിഷ്‌കളങ്കത നോക്കൂ ….ഇത്രയൊക്കെ പാപം ചെയ്ത അപ്പനെ കെട്ടിപ്പിടിച്ച് അമ്മ എത്ര നേരമായി കരച്ചില്‍ തുടങ്ങിയിട്ട് …അപ്പനുതന്നെ ലജ്ഞ തോന്നുന്നുണ്ടായിരിക്കും അമ്മയെ കബളിപ്പിച്ചതില്‍ ! ‘ നീയോടാ… മോനെ… ?’
‘ എനിക്ക് രക്ഷ നേടാന്‍ മാത്രം പ്രായമായോ അപ്പാ….ഞാന്‍ ചെയ്തതൊക്കെ ചിലപ്പോള്‍ കൗമാര ചാപല്യങ്ങളായി കണക്കാക്കി ദൈവം പൊറുത്തു കൊള്ളുമായിരിക്കും ….!’
എന്നാലും നീ ചെയ്തത് എന്തോക്കെയാടാ മോനെ….?’ അപ്പന്‍ സത്യസന്ധമായി തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞതാണ്. അപ്പോള്‍ താനും സത്യസന്ധത പാലിച്ചേ പറ്റൂ.
‘ കോളേജില്‍ ക്‌ളാസ്സുകള്‍ കട്ട് ചെയ്ത് കൂട്ട് കൂടി നടന്നത്… കള്ളം പറഞ്ഞു അപ്പന്റെ കയ്യില്‍ നിന്നും പൈസ വാങ്ങി സിനിമയ്ക്ക് പോയത്… ബാറില്‍ പോയത്…കഞ്ചാവടിച്ചത്….പെണ്‍കുട്ടികളെ……..’ അപ്പന്‍ ഇടയ്ക്ക് കയറി പറഞ്ഞു ‘ മതി മതി നീ പറഞ്ഞു വരുന്നത് എന്താണെന്നു എല്ലാം എനിക്ക് മനസ്സിലായി ‘.
ആത്മാവും സ്വര്ഗനരകവും തമ്മില്‍ ഇമ്മിണി ദൂരമേയുള്ളൂ.. മരിച്ചു തല്‍ക്ഷണംതന്നെ റിസല്‍ട്ട് അറിയാം. പി.എസ്സിയും, യു.പി.എസ്സിയും പരീക്ഷകള്‍ എഴുതി ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ട ഗതികേട് മരണമെന്ന കടമ്പ കടന്നു സ്വര്‍ഗനരകത്തില്‍ പോകേണ്ടതിനില്ല. പക്ഷെ അങ്ങോട്ടുള്ള യാത്ര ദീര്‍ഘവും ക്‌ളേശവും ദുര്‍ഘടം പിടിച്ചതും ആണെന്നു സണ്ടേസ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. എന്തായാലും ഞങ്ങളുടെ യാത്ര തുടങ്ങിയിട്ടല്ലെയുള്ളു . ഞങ്ങളുടെ ആത്മാക്കള്‍ പള്ളിയിലെക്കാണു പോയത്.
അവിടെ ചാക്കോച്ചിയെക്കൊണ്ട് പള്ളിക്കാര് പള്ളിക്കരം അടപ്പിച്ച് കുടിശ്ശിക തീര്‍ക്കാന്‍ നിര്‍ബന്ധിതനാക്കുന്നു. പെങ്ങളുടെ കല്യാണ സമയത്താണ് അവസ്സാനമായി അപ്പന്‍ പള്ളിയിലെ കുടിശ്ശിക തീര്‍ത്തത്. അതിനു ശേഷം ഇന്ന് വരെ പള്ളിയുടെ കരം അടച്ചിട്ടില്ല.
ഞങ്ങള്‍ക്കായി പ്രത്യേക കല്ലറ പണിതില്ല. കുടുംബത്തിലെ പരിമിതികള്‍ കാരണം ഒരു കുടുംബക്ക ല്ലറ പണിയാന്‍ കഴിഞ്ഞില്ല. പണക്കാരന്മാര്‍ നേരത്തെതന്നെ കല്ലറകള്‍ പണിതിട്ടൂ. പണക്കാരന്റെ മേശയില്‍ നിന്ന് വീണ എച്ചില്‍ കഷണങ്ങള്‍ തിന്നു ജീവിച്ച ലാസ്സറിനെപ്പോലെ ഞാനും അപ്പനും ഇനി അവര്‍ക്കിടയില്‍ ഒരു കുഴിയില്‍ അടങ്ങണം.
എല്ലാത്തിനും കമ്മീഷന്‍ അടിക്കുന്ന പ്രകൃതക്കാരനായിരുന്നു ചാക്കോച്ചി എങ്കിലും പണികള്‍ കൃത്യ സമയത്ത് നടത്തുക എന്നത് അയാളുടെ ഗുണമേന്മ തന്നെയാണ് ..
വഴിക്കുവെച്ചു കണ്ടാല്‍ മിണ്ടാത്തവരിലും ചിലര്‍ വീട്ടില്‍ വന്നിട്ടുണ്ട്. സമ്മതം കൂടാതെ ഇറങ്ങിപ്പോയ മകളും കാഴ്ചക്കാരിയായി വന്നു. ‘ഞാന്‍ ചത്താലും അവളെ വീട്ടില്‍ കയറ്റരുതെന്നു ഞാന്‍ ആ പെമ്പ്രന്നോത്തിയോടു പറഞ്ഞിട്ടുള്ളതായിരുന്നു…’. ആത്മാക്കള്‍ ദേഷ്യപ്പെടാറില്ലെന്ന് ഞാന്‍ അപ്പനെ ഓര്‍മ്മിപ്പിച്ചു. വേണ്ടപ്പെട്ടവരാരും അങ്ങ് അമേരിക്കയില്‍ നിന്നോ ലണ്ടനില്‍ നിന്നോ പേര്‍ഷ്യയില്‍ നിന്നോ വരുവാനില്ലായിരുന്നു . അതുകൊണ്ട് ഫ്രീസറില്‍ കിടക്കാതെ കഴിഞ്ഞു കിട്ടി. വിളിച്ചാല്‍ വിളി കേള്‍ക്കുന്നിടത്ത് കെട്ടിച്ചയച്ചിരിക്കുന്ന പെണ്‍ മക്കള്‍ വന്നു കൂടിയിട്ടുണ്ട്. ഒരു മരുമകന്‍ മാത്രം വന്നില്ല. അവന്‍ വരികയുമില്ല. കാരണം സ്ത്രീധനവും അതിനപ്പുറവും കൊടുത്തു. എന്നിട്ടും പിന്നെയും പിന്നെയും ചോദിക്കുമ്പോള്‍ കൊടുക്കാത്തതിലുള്ള അവന്റെ നീരസം പ്രകടമാക്കാന്‍ പറ്റിയ അവസ്സരം അവന്‍ വിനിയോഗിച്ചു.
ഒരാത്മാവ് ഭൂമിയിലേക്ക് അധിവേഗം പാഞ്ഞു. ഞങ്ങള്‍ തിരക്കി എന്താണ് കാര്യം. അപ്പോഴാണ് അറിഞ്ഞത് അത് ഒരു മാന്ത്രികന്റെ അപ്രാപ്യമായ മാസ്മരികതയെ നേരിട്ട് വീക്ഷിക്കാന്‍ പോവുകയാണെന്ന്. അയാളുടെ ആത്മാവിനെക്കൊണ്ട് വീട്ടുകാരുമായി സംസാരിപ്പിക്കുമത്രെ ആ മാന്ത്രികന്‍…! മനുഷ്യര്‍ അന്ധവിശ്വാസത്തെ മുറുകെ പിടിക്കുന്നല്ലോ എന്നോര്‍ത്ത് ആ ആത്മാവ് ഞങ്ങള്‍ക്ക് മുന്നില് ഖേദം പ്രകടിപ്പിച്ചു.
കുട്ടികള്‍ കറുത്ത കോടികള്‍ കെട്ടിത്തുടങ്ങി. സ്വര്‍ണ്ണക്കുരിശും വെള്ളിക്കുരിശുകളും ഒരുക്കി നിര്‍ത്തി. മുത്തുക്കുടകള്‍ പൊടി തട്ടി നിവര്‍ത്തിവെച്ചു. മെഴുകു തിരികളും ചന്ദനത്തിരികളും കത്തിയെരിഞ്ഞു കൊണ്ടിരുന്നു. അമ്മയുടെ കണ്ണുകളില്‍ നിന്നുള്ള കണ്ണുനീര്‍ പ്രവാഹവും വറ്റിയിരിക്കുന്നു.
അച്ചന്‍ കറുത്ത ളൊഹയുമിട്ട് വെളുത്ത കാറില്‍ വന്നിറങ്ങി. കൂടെ കപ്യാരും ഉണ്ട്. ധൂപകുറ്റിയും അതില്‍ എരിയ്ക്കാനുള്ള ചിരട്ടക്കരിയും കപ്യാരുടെ കൈവശമുണ്ട് ശവ മഞ്ചവുമായി പോകുമ്പോള്‍ ചൊല്ലേണ്ട ഗീതങ്ങള്‍ കപ്യാര്‍ ഓര്‍ത്തെടുത്ത് ഇരു ചെവികളുമറിയാതെ മൂളുന്നുണ്ട്. അതയാളുടെ സന്ദര്‍ഭോചിതമായ ഒരു ശൈലിതന്നെയാണ്. . അപ്പനും ഞാനും എല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. വീട് മുതല്‍ പള്ളിവരെ റോഡിനു ഇരുപുറവും അപ്പന്റെയും എന്റെയും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്. ചിരിച്ചുകൊണ്ടിരിക്കുന്ന പടങ്ങള്‍ ആയിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ മരിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷം തോന്നുന്ന മാതിരി.
ഞങ്ങളുടെ ആത്മാക്കള്‍ ദുരിത പൂര്ണ്ണമായ വഴികളില്‍ കൂടി സഞ്ചരിച്ചു. ഹിംസ്ര ജീവികള്‍ നിറഞ്ഞ ഒരു പര്‍വ്വതസാനുക്കളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത് . കല്ലുകളും മുള്ളുകളും ഇഴ ജന്തുക്കളും നിറഞ്ഞ വഴി. സ്വര്‍ഗത്തിലേക്കുള്ള വഴി ഇങ്ങനെയോ…!?. നമ്മുടെ മുന്‍സിപ്പാലിറ്റിയുടെ വഴികള്‍ ഇതിലും എത്ര നല്ലതാണെന്ന് അപ്പനോട് പറഞ്ഞു.
ഇത്ര ദുര്‍ഘടമായ പ്രതിസന്ധികളെയും തരണം ചെയ്ത് ഞങ്ങളെ മറികടന്നു അനായാസം മുന്നോട്ടു പോകുന്ന ഒരാത്മാവിനെ കണ്ടു. ആരാണെന്ന് പുറകില്‍ നിന്ന് ചോദിച്ചു. കെര്‍ണല്‍ സുകുവിന്ദര്‍ സിംഗ് എന്ന് മറുപടി പറഞ്ഞു. അയാള്‍ക്ക് പണ്ട് പട്ടാളത്തില്‍ കിട്ടിയ ട്രെയിനിംഗ് ഇപ്പോള്‍ ഉപകരിച്ചു..
സ്വര്‍ഗത്തിലേക്കിനി കുറച്ചു ദൂരം മാത്രമേയുള്ളു. അപ്പനും എനിക്കും സമാധാനമായി. ദൈവം ഇത്രയൊക്കെ പിഴകള്‍ പൊറുത്തല്ലോ എന്നോര്‍ത്ത്. സ്വര്‍ഗത്തിന്ല്‍ നിന്ന് മാലാഖമാരുടെ ആര്‍പ്പു വിളികളും ചിറകുകള്‍ അറാ റു ള്ള സ്രോപ്പെന്മാരുടെ സ്‌തോത്ര ഗീതങ്ങളും , വീണ , കിന്നരം, തപ്പ് തുടങ്ങി ഇത്യാദി വാദ്യോപകരണങ്ങളുടെയും ഇമ്പമായ നാഥങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. സ്വര്‍ഗത്തിലേക്കുള്ള ദൂരം താണ്ടുന്നത് തന്നെയാണ് നരകം . ചിലര്‍ സ്വര്ഗ വാതില്‍ വരെ ചെന്ന് അഗാത ഗര്‍ത്തത്തിലെക്ക് പതിക്കുന്നു. നമ്മള്‍ ചെയ്ത പാപങ്ങള്‍ നമ്മോടു പാമ്പും കോണിയും കളിക്കുന്നു എന്ന് തോന്നുന്നു. വീണ്ടും അവര്‍ തുടങ്ങിയിടത്തു നിന്ന് യാത്ര ആരംഭിക്കും. അങ്ങനെ യുള്ളവര്‍ക്ക് സ്വര്‍ഗം ഒരു സ്വപ്നം മാത്രമായിരിക്കും.
വീട്ടില്‍ നിന്നും ശവമെടുക്കുന്നതിനു മുമ്പുള്ള പ്രാര്‍ഥനാക്രമങ്ങള്‍ അച്ചനും കപ്യാരും ചേര്‍ന്ന് ചൊല്ലിത്തുടങ്ങി. കപ്യാര് മൃതരുടെ ചുറ്റും ധൂപകുറ്റി വീശി. ഞാനും അപ്പനും ഇതൊക്കെ കാണുന്നുണ്ട്. ഇപ്പോള്‍ സ്വര്‍ഗവും ഞങ്ങളും തമ്മില്‍ അധിക ദൂരമില്ല. ചിറകുകളുള്ള കുതിരമേല്‍ സുന്ദരികളായ മാ ലാ ഖമാര്‍ സ്വര്‍ഗാതിര്‍ത്തിയില്‍ കാവല്‍ ഭാടന്മാരെപ്പോലെ റോന്തു ചുറ്റുന്നതു ദൂരെ കാണാം.
എന്റെ ആത്മാവ് അപ്പനില്‍ നിന്നും വിട്ടു പുറകോട്ടു പോരുകയാണ്. ഞാന്‍ രക്ഷക്കായി അപ്പനെ ഉറക്കെ ഉറക്കെ വിളിച്ചു. അപ്പന്‍ കേള്‍ക്കുന്നില്ല.
എന്റെ ആത്മാവ് അപ്പനെ വിട്ടു സ്വര്‍ഗ കവാടത്തിനടുത്തു നിന്നും ഭൂമിയിലേക്ക് തിരിച്ചു പോന്നു.
കപ്യാര് മൃത ദേഹങ്ങളില്‍ ഭയഭക്തിയോടും സൂക്ഷ്മതയോടും കൂടി നോക്കി കൊണ്ടാണ് ധൂപകുറ്റി ചുറ്റിനും വീശുന്നത്. അയാളുടെ ദൃഷ്ടികള്‍ എന്റെ കാല്‍ മുട്ടിനു താഴെ പാമ്പ് കടിച്ച ഭാഗത്ത് വെള്ള ത്തുണിക്കുമെല്‍ പൊടിഞ്ഞിരിക്കുന്ന ചോര കണ്ടു. അയാള്‍ അച്ചനെ വിവരം ധരിപ്പിച്ചു. അച്ചന്‍ രഹസ്യമായി നാഡി പിടിച്ചു നോക്കി. എല്ലാം നോര്‍മല്‍ ആയി തോന്നി അച്ചന്. പെട്ടിയില്‍ നിന്നെടുത്ത് എന്നെ കട്ടിലില്‍ കിടത്താന്‍ അച്ചന്‍ പറഞ്ഞു.
മരിച്ചെന്നു ഡോക്ടര്‍ വിധിച്ചിരുന്നെങ്കിലും കുത്തിവെച്ച മരുന്ന് ഫലിച്ചിരിക്കുന്നു. മരണക്കുഴില്‍ നിന്നെണീറ്റു വന്ന ലാസ്സ റിനെപ്പോലെ എനിക്ക് ജീവന്‍വെച്ചു. അപ്പോള്‍ മരണ മണികള്‍ മുഴക്കി അപ്പന്റെ കബര്‍ പള്ളിയിലേക്ക് എടുത്തു. ഇപ്പോള്‍ അപ്പന്‍ സ്വര്‍ഗ വഴികളും താണ്ടി സ്വര്‍ഗത്തില്‍ പ്രാവേശി ച്ചിരിക്കുമോ ആവോ….!!
Generated from archived content: story5_dec15_14.html Author: joy_nediyalimolel