ദൂരെയുള്ള വയലിലേക്ക് ഞാന്‍ അപ്പനോടൊപ്പം നടന്നു. അവിടെ മുന്തിരിയും മാതള നാരങ്ങയും ചിക്കുവും (സപ്പോട്ട ), പേരയും മാവും ഒക്കെ പ്രത്യേക തോട്ടങ്ങളായി തിരിച്ച് കൃഷി ചെയ്തിട്ടുണ്ട്. വയലില്‍ പണി എടുക്കാനും, വിളവെടുക്കാനും, ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനും അപ്പന്റെ ഒപ്പം ഞാനുമുണ്ടായിരിക്കും.
അപ്പന് പുതിയ ചെരുപ്പ് വാങ്ങിയപ്പോള്‍ അപ്പന്‍ കാലിലിട്ട് തേഞ്ഞുതീര്‍ന്ന പഴയ ചെരുപ്പ് എനിക്ക് തന്നു. സ്വര്ഗം കനിഞ്ഞു കിട്ടിയ സന്തോഷമായിരുന്നു എനിക്ക് അപ്പന്‍ തന്റെ പഴയ ചെരുപ്പുകള്‍ തന്നപ്പോള്‍.
ആ ചെരുപ്പുകള്‍ വാങ്ങിയതിനു ശേഷം അപ്പന്‍ അത് കഴുകുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. കുളിക്കുമ്പോള്‍ വീഴുന്ന വെള്ളത്തിന്റെ കൂടെ ഊര്‍ന്നു പോകുന്ന ചെളികള്‍ ഒഴിച്ച് ബാക്കിയുള്ളത് അതില്‍ പറ്റിപ്പിടിക്കും. പള്ളിയിലും, പള്ളിപ്പെരുന്നാളിനും, ഉത്സവപ്പറമ്പിലും എല്ലായിടത്തും അപ്പന്‍ ആ ചെരുപ്പിട്ടാണ് പോയിരുന്നത്. ഒരു സാക്ഷി പത്രമെന്നപോലെ ആ ചെരുപ്പുകള്‍ അപ്പന്റെ കൂടെയുണ്ടായിരിക്കും. ഞാനാ ചെരുപ്പുകളെ ബാറുസോപ്പ് പതപ്പിച്ച് നന്നായ് കഴുകി എടുത്തു. ഇപ്പോള്‍ അതിനു ഉയിര് കിട്ടിയതുപോലെ തോന്നി.
അപ്പന്റെ കാല്‍പ്പാദങ്ങള്‍ ഊന്നിയ ശക്തിയാല്‍ തേഞ്ഞു കട്ടികുറഞ്ഞ ഭാഗത്തുകൂടി ചീങ്കന്‍ കല്ലിന്റെ മുന തന്റെ കാലില്‍ തറയ്ക്കാറുണ്ട് . എങ്കിലും അത് പണ്ടത്തെതില്‍ നിന്നും അല്പം ഭേദമുള്ളതായി തോന്നി.. അപ്പനിട്ട് ലൂസ്സായ ചെരിപ്പുകളുടെ വള്ളികള്‍ തന്റെ പാദങ്ങള്‍ക്കുമേല്‍ പൊന്തി നിന്നു.
പാടത്തോട് ചേര്‍ന്നാണ് തെങ്ങിന്‍ തോപ്പ്. തെങ്ങിന്‍ ചുവട്ടില്‍ അപ്പനും ഞാനും ചെരുപ്പുകള്‍ ഊരിവെച്ച് പാടത്തിറങ്ങി ജോലി ചെയ്യും. ജോലികള്‍ തീര്‍ന്നു വീട്ടിലേക്ക് മടങ്ങാന്‍ നേരം ആ പഴയ ചെരുപ്പുകളിലെക്ക് അപ്പന്റെ കാലുകള്‍ അപ്പന്‍പോലും അറിയാതെ നൂഴ്ന്നു ചെല്ലാറുണ്ട്. അപ്പോള്‍ അപ്പന്‍ ഓര്‍ക്കും പുതിയത് വാങ്ങിയ കാര്യം. പിന്നെ പഴയതിനെ ഇപ്പോള്‍ എനിക്ക് സ്വന്തമായതിനെ അപ്പന്‍ തന്റെ കാലുകള്‍ കൊണ്ട് തട്ടി മാറ്റുന്നത് ഞാന്‍ ഹൃദയഭേദകമായി കണ്ടുനില്‍ക്കാറുണ്ട്. അപ്പന്റെ പഴയ സ്വഭാവത്തെ മാറ്റിയെടുക്കാന്‍ എനിക്ക് കഴിയില്ലല്ലോ….!!.
പഠിത്തത്തില്‍ കേമനല്ലാത്തതുകൊണ്ട് പഠിപ്പു നിര്‍ത്തി. പിന്നെ ഒരു മുഴുനീള വീട്ടു ജോലിയും കര്‍ഷക വൃത്തിയും. പെണ്ണാടുകളെയും ആട്ടുകൊറ്റന്മാരെയും വളര്‍ത്തി. പശുക്കളും വിത്ത് മൂരികളും, കോഴി, താറാവ് അങ്ങനെ പലതിനെയും വീട്ടില്‍ വളര്‍ത്തി.
വളര്‍ത്തു നായക്ക് കൈസറിനു അപ്പനോടത്ര സ്‌നേഹം പോര. അപ്പന്‍ ഇടയ്ക്കിടെ അതിനെ തൊഴിച്ച് ഓടിക്കാറുണ്ട്. അതാണ് കൈസറിനു അപ്പനോട് സ്‌നേഹം കുറയാന്‍ കാരണം. കന്നുകളെ മേയ്ക്കാന്‍ പോകുമ്പോള്‍ കൈസര്‍ ഒരു രക്ഷാവലയംപോലെ എനിക്കും കന്നുകള്‍ക്കൊപ്പവും ചുറ്റി നടക്കും.
സമപ്രായക്കാര്‍ സര്‍ക്കാരു ജോലിയും കമ്പനി ജോലിയും തേടിപ്പോയപ്പോള്‍ താന്‍ കര്‍ഷകന്‍ മാത്രമായി ഒതുങ്ങിക്കൂടി .
കുടുംബത്തിലെ ക്‌ളേശങ്ങളുടെ നുകം അപ്പന്‍ തന്റെ തോളില്‍ കെട്ടി ഉഴവു നടത്തുന്നുവോ എന്ന് തോന്നിപ്പോകും …!!. ഒറ്റക്കാളെയെവെച്ച് ഉഴവു നടത്തുന്നത് കണ്ടിട്ടില്ലേ അതുപോലെ.
സാറ ഒരു കൃഷിക്കാരന്റെ മകളായിരുന്നു. കുറച്ച് പോന്ന കൃഷി സ്ഥലം മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതില്‍ കൃഷി ഇറക്കി കഴിഞ്ഞാല്‍ അവള്‍ അവളുടെ അപ്പനും അമ്മയുമോടൊപ്പം തങ്ങളുടെ വയലില്‍ പണിക്കു വരും .
സാറയുടെ ഓരോ പ്രവര്‍ത്തികളും അപ്പന്‍ വീക്ഷിച്ചിരുന്നു. അവള്‍ നടുന്ന ഞാറിന്റെ വരികളുടെ ചൊവ്വും, അവള്‍ കള പറിയ്ക്കുമ്പോഴുള്ള വൃത്തിയും അതിലുപരി ജോലി ചെയ്യുന്നതിലുള്ള ജാഗരൂകതയുമെല്ലാം സാറയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കി. അതിലുപരി അവളുടെ വിനയവും വിധേയത്വവും ആരുടേയും ശ്രദ്ധ അവളിലേക്ക് തിരിപ്പിക്കാന്‍ പോന്നതായിരുന്നു. വയലിലും അവള്‍ മാതാപിതാക്കളെ സേവിക്കുന്നത് അപ്പന്‍ നിരീക്ഷിച്ചിരുന്നു. മകനു ചേര്‍ന്നത് സാറയെന്നു അപ്പന് തോന്നി. മകന്റെ നുകത്തോട് ചേര്‍ത്തു കെട്ടാന്‍ പറ്റിയത് സാറ മാത്രമാണെന്ന് അപ്പന്‍ അറിഞ്ഞു. അങ്ങനെ സാറയെയും തന്റെ നുകത്തോട് ചേര്‍ത്തു കെട്ടി. കന്നുകള്‍ ജോഡിയ്ക്ക് തികയാത്തപ്പോള്‍ മച്ചിയായ പശുക്കളെ ജോഡി ചേര്‍ത്തുകെട്ടി ഉഴവു നടത്തുന്നതു കണ്ടിട്ടില്ലേ ….! അതുപോലെ.
കുറെ കാലങ്ങളായി തന്റെ വയലുകളില്‍ വേലക്കാരിയായിരുന്നവള്‍ ഇന്ന് തന്റെ മണവാട്ടിയായിരിക്കുന്നു. അപ്പന്റെ കണക്കു കൂട്ടലുകള്‍ ഏതു വിധേനയായിരുന്നെങ്കിലും സാറ തനിക്കു ഭാര്യയായി കിട്ടിയതില്‍ സന്തോഷിക്കുന്നുണ്ട് മത്തിയാസ്.
സാറയോട് മത്തിയാസ് പറഞ്ഞു ഇനി നിന്റെ അപ്പനും അമ്മയും നമ്മുടെ വയലുകളില്‍ വേലക്കാരായി വരരുതെന്ന്. അപ്പോള്‍ സാറ ചോദിച്ചു എന്റെ അപ്പന്റെയും അമ്മയുടെയും പട്ടിണി ആര് തീര്‍ക്കുമെന്ന്. അതിനു മത്തിയാസ് മറുപടി പറഞ്ഞു ഇനി നിന്റെ അപ്പനും അമ്മയും എന്റെ കൂടി അപ്പനും അമ്മയും ആണെന്നു. അപ്പോള്‍ സാറയുടെ ഉള്ളം കുളിര്‍ക്കുകയും അവളുടെ കണ്ണുകള്‍ ആനന്ദാതിരെകത്താല്‍ നിറയുകയും ചെയ്തു.
ഒരു വിവാഹേതര യാത്രപോലും പോകാന്‍ കഴിയാതെ മത്തിയാസ്സും സാറയും സ്വഗൃഹത്തില്‍ സ്വപ്നങ്ങള്‍ പങ്കുവെച്ചു. അവരുടെ സ്വപ്നങ്ങളില്‍ നിറയെ അവരുടെ വയലുകളും വയലുകളില്‍ പൂക്കുന്ന പൂക്കളും അതിനെ ചുറ്റിപ്പറക്കുന്ന ചിത്രശലഭങ്ങളും ആയിരുന്നു.
അനുജന്‍ പറക്ക മുറ്റി നില്ക്കുന്ന ഒരു പരിന്തിനു തുല്യമായിരുന്നു. അവന്‍ അമ്മയുടെ ചിറകുകള്‍ക്കടിയില്‍ നിന്നും പുറത്തു വന്നിരിക്കുന്നു. അമ്മയ്ക്ക് കൂടുതല്‍ പ്രിയം അനുജനോടായിരുന്നു. അവന്റെ കൊച്ചുന്നാളിലെ കൊച്ചു കൊച്ചു തെറ്റുകള്‍ അമ്മ അപ്പനില്‍ നിന്നും മറച്ചുവെച്ചു. മുതിര്‍ന്നു വന്നപ്പോള്‍ അവന്റെ ആവശ്യങ്ങളും കൂടി വന്നു. അമ്മ കൊടുക്കുന്ന പൈസയും അപ്പനറിയാതെ അപ്പന്റെ ഭണ്ണ്ടാരത്തില്‍ നിന്നെടുക്കുന്ന കാശും അവന്റെ സുഖ ജീവിതത്തിനു തികയാതെ വന്നു. കൂട്ടുകാരോട് ചേര്‍ന്ന് അവന്‍ ധൂര്‍ത്തടിച്ചു. ചിലപ്പോഴൊക്കെ കാളക്കുട്ടികളെ ചന്തയില്‍ കൊണ്ടുപോയി വിറ്റു ദുര്‍നടപ്പിനു വേണ്ട പൈസ കണ്ടെത്തി. വീട്ടിലെ കുതിരമേല്‍ കയറി അവന്‍ വയലിനോടു ചേര്‍ന്നുള്ള കുന്നിന്‍ മുകളിലേക്ക് പലപ്പോഴും പോകാറുണ്ട്. മുട്ടാടുകളില്‍ നിന്നും നല്ലതിനെ തിരഞ്ഞെടുത്ത് കശാപ്പുചെയ്ത് അതിനെ കൂട്ടുകാരുമൊത്ത് പാകം ചെയ്ത് കുന്നിന്‍ മുകളിലെ കല്‍ക്കെട്ടുകളിലിരുന്നു ഭക്ഷിക്കും . അതോടൊപ്പം മുന്തിരി തോപ്പില്‍ നിന്നും രഹസ്യമായി പറിച്ചെടുത്ത് ഉണ്ടാക്കിയ വീഞ്ഞ് കുടിച്ച് അവര്‍ ഉന്മത്തരാവും .
മദ്യത്തിന്റെ ലഹരിയില്‍ അവന്‍ അപ്പനെ ധിക്കരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പട്ടണത്തിലെ ഊടു വഴികളില്‍ ഉടാടി മടങ്ങി എത്തിയാല്‍ ബര്‍ണാബാസ്സ് അപ്പനുമായി വഴക്കിടും. ഗ്രാമത്തിലെ പ്രമുഖരെ കൂട്ടിവന്ന് അവന്‍ അപ്പനോട് അവനു കിട്ടേണ്ട വസ്തു വകകളുടെ ഭാഗം ചോദിച്ചു.
നിവര്‍ത്തികെട്ട അപ്പന്‍ മക്കള്‍ക്കായി വസ്തു വകകള്‍ ഭാഗം ചെയ്തു കൊടുത്തു. ഏറെനാള്‍ കഴിയുംമുമ്പെ ബര്‍ണബാസ് സകലവും അന്യനു വിറ്റു പൈസയും സ്വരുക്കൂട്ടി ദൂരദേശത്തേക്കു യാത്രപോയി.
മത്തിയാസ്സും സാറയും അപ്പനും ബാക്കിയുള്ള വയലുകളില്‍ കഠിന അദ്ധ്വാനം ചെയ്തു നൂറുമേനി വിളവുകള്‍ ഉണ്ടാക്കി. ബര്‍ണബാസ് വിറ്റിട്ടുപോയ, ഇപ്പോള്‍ അന്യന്റെ സ്വന്തമായ വയലുകളെ നോക്കി അപ്പന്‍ നെടുവീര്‍പ്പിടുന്നത് കാണാറുണ്ട്.
വീതവും വിറ്റു ദൂരദേശത്തുപോയ ബര്‍ണബാസ് ദുര്‍ന്നടപ്പുകാരനായി അവിടെ ജീവിച്ചു, വേശ്യമാരോടോത്തു നാളുകള്‍ പങ്കിട്ടു. അപ്പനില്‍ നിന്ന് കിട്ടിയ പങ്കു വിറ്റ പൈസയെല്ലാം ചിലവഴിച്ചു.
ധൂര്‍ത്തടിക്കാന്‍ കൂടെ കൂടിയവര്‍ അവസ്സാന ചില്ലിക്കാശും തീരുന്നതുവരെ കൂടെ നിന്നു. അവന്‍ ദരിദ്രനായി തീര്‍ന്നപ്പോള്‍ കൂടെക്കൂടി തിന്നു കുടിച്ച് ആനന്ദിച്ചവര്‍ ഇന്നവനെ തിരിച്ചറിയുന്നില്ല. അവനും കൂട്ടിനായി അവന്റെ നിഴലും മാത്രമായി ഇപ്പോള്‍.
തെരുവിലിറങ്ങി അവന്‍ പലരോടും ഭിക്ഷ യാചിച്ചു. ഒന്നും കിട്ടിയില്ല. പല ദിവസ്സം അവന്‍ വിശന്നിരുന്നു. ഹോട്ടലില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ക്കുവേണ്ടി അവന്‍ പന്നികളോടും പട്ടികളോടും മത്സരിച്ചു. പന്നികളും പട്ടികളും അവന്റെ നേരെ ആക്രമിച്ചു.
പലരുടെ മുന്നില്‍ കൈ നീട്ടിയെങ്കിലും ആരും അവന്നു കൊടുത്തില്ല. വഴിയോരത്തെ കല്ല് ബഞ്ചില്‍ വിശപ്പ് കടിച്ചമര്‍ത്തി കിടന്നു. പൂ നിലാവ് ചൊരിയുന്ന പൊന്‍ ചന്ദ്രികയെ നോക്കാനോ കണ്ണുകള്‍ ചിമ്മുന്ന താരകങ്ങളെ കാണുവാനോ ബര്‍ണബാസ്സിനു മനസ്സ് വന്നില്ല. വിശപ്പ് അത്രമാത്രം അയാളെ കാര്‍ന്നു തിന്നുകയായിരുന്നു.
അയാള്‍ ഓടയില്‍ നിന്ന് വെള്ളം കോരി കുടിച്ചു വീണ്ടും കല്ല് ബഞ്ചില്‍ കിടന്നു. അപ്പന്റെ വയലില്‍ പണി എടുക്കുന്നവര്‍ തിന്നതിന് ശേഷം പുറത്തെറിയുന്നതു കഴിച്ചാല്‍പോലും തന്റെ വിശപ്പു അടങ്ങും. ഇല്ലെങ്കില്‍ അപ്പന്റെ തോട്ടത്തിലെ മുന്തിരിക്കുലകളില്‍ നിന്ന് ഒന്ന് വീതം അടര്‍ത്തി എടുത്ത് കഴിച്ചാലും തന്റെ വിശപ്പ് അടങ്ങാതിരിക്കില്ല. തന്റെ ഈ ഭ്രാന്തമായ വേഷത്തില്‍ അപ്പനും മത്തിയാസ്സും തന്നെ തിരിച്ചറിയില്ല. ഒരു വിദൂര സ്ഥലത്ത് നിന്ന് ജോലി തേടി എത്തിയ വേലക്കാരനെപ്പോലെ അപ്പന്റെ ജോലിക്കാരുടെ കരാറുകാരന്റെ ജോലിക്കാരില്‍ ഒരാളായി ചേര്‍ന്ന് പണി എടുക്കാം എന്ന് ബര്‍ണബാസ്സ് നിനച്ചു.
അതും അല്ലെങ്കില്‍ അപ്പന്റെ അടുത്ത് ചെന്ന് നേരിട്ട് പറയാം അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകന്‍ എന്ന പേരിന്നു ഞാന്‍ യോഗ്യനല്ല , നിന്റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു അയാള്‍ മനസ്സില്‍ പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ പോയി.
ദൂരത്തുനിന്നു ബര്‍ണബാസ് വരുന്നത് കണ്ട് അപ്പന് മനസ്സലിഞ്ഞു ആട്ടിന്‍ കൂട്ടത്തെയും കാളകൂട്ടത്തെയും എല്ലാം അപ്പന്‍ ഒരു നിമിഷം മറന്നു. പിന്നെ ഒരോട്ടമായിരുന്നു ബാര്‍ണബാസ്സിന്റെ അടുത്തേയ്ക്ക്. ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു. അവനെ ചുംബിച്ചു. ബര്‍ണബാസ് മനസ്സില്‍ കരുതിയതുപോലെ അപ്പനോട് പറഞ്ഞു.
‘അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു, ഇനി നിന്റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല , നിന്റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ’
കാണാതെപോയ, മരിച്ചിരിക്കാം എന്ന് കരുതിയ തന്റെ മകന്‍ തിരിച്ചു വന്നതില്‍ അപ്പന്‍ അതിയായി സന്തോഷിച്ചു.
അപ്പന്‍ തന്റെ ദാസന്മാരോടു പുതിയ വസ്ത്രങ്ങള്‍ കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിന്‍. ഇവന്റെ കാലിന്നു ചെരിപ്പും ഇടുവിപ്പിന്‍. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിന്‍, നാം തിന്നു ആനന്ദിക്ക. ഈ എന്റെ മകന്‍ മരിച്ചവനായിരുന്നു. വീണ്ടും ജീവിച്ചു. കാണാതെ പോയിരുന്നു. കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവര്‍ ആനന്ദിച്ചുതുടങ്ങി.
മൂത്തമകന്‍ മത്തിയാസ് വയലില്‍ ആയിരുന്നു. അവന്‍ വീടിനോടു അടുത്തപ്പോള്‍ ഇതൊക്കെ എന്ത് എന്ന് വാല്യക്കാരില്‍ ഒരുത്തനെ വിളിച്ചു ചോദിച്ചു. അവന്‍ മത്തിയാസ്സിനോട് പറഞ്ഞു നിന്റെ സഹോദരന്‍ തിരിച്ചു വന്നു, നിന്റെ അപ്പന്‍ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. വാല്യക്കാരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ മത്തിയസ്സിന്റെ മനസ്സില്‍ ഒരഗ്‌നി പര്‍വ്വതം പൊട്ടിത്തെറിക്കുകയായിരുന്നു. തന്റെയും സാറയുടെയും ആശകളും അഭിലാഷങ്ങളും നെഞ്ചിലൊതുക്കി ഇടവിടാതെ അപ്പന്റെ വയലുകളില്‍ കഴുതകളെപ്പോലെ തങ്ങള്‍ പണിയെടുത്തു. ഒരു ദിവസ്സമെങ്കിലും തന്റെ കൂട്ടുകാരോടൊത്ത് ആനന്ദിക്കുവാന്‍ ഒരു കാളയെയോ അല്ലെങ്കില്‍ ഒരാടിനെയോ അപ്പന്‍ തന്നിട്ടില്ല.
അനുജന്‍ വന്ന സന്തോഷത്തില്‍ പങ്കു ചേരാതെ മത്തിയാസ് വയലില്‍ നിന്ന് വന്നപാടെ നില്ക്കുന്നത് കണ്ട അപ്പന്‍ മത്തിയാസ്സിനെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ ശ്രമിച്ചു. അവനോടു അപേക്ഷിച്ചു.
അപ്പോള്‍ അവന്‍ അപ്പനോട് പറഞ്ഞു ഇത്ര കാലമായി ഞാന്‍ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല്‍ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിന്‍കുട്ടിയെ തന്നിട്ടില്ല. വേശ്യമാരോടുകൂടി നിന്റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്റെ മകന്‍ വന്നപ്പോള്‍ നീ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ…!!.
അപ്പോള്‍ അപ്പന്‍ മത്തിയാസ്സിനോട് പറഞ്ഞു. ‘ മകനേ, നീ എപ്പോഴും എന്നോടുകൂടെ ആയിരുന്നു വല്ലോ, എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു. നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു. വീണ്ടും ജീവിച്ചു. കാണാതെ പോയിരുന്നു. കണ്ടു കിട്ടിയിരിക്കുന്നു. ആകയാല്‍ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരിക്കുന്നു’
തന്റെ അപ്പന്‍ തന്നോട് ക്ഷമിച്ചുവല്ലോ എന്ന ആശ്വാസവും അതോടൊപ്പം പാശ്ചാത്താപ ഭാരവും കുറച്ചു നാള്‍ അനുജന്‍ കൊണ്ട് നടന്നു. നല്ലവനായി ജീവിക്കുന്ന മകനെ കണ്ട് അമ്മയും ആനന്ദാതിരേകത്തില്‍ മതി മറന്നു. ഈ നല്ല കാലത്തിന്റെ നിറവില്‍ അമ്മതന്നെ അനുജനുവേണ്ടി കല്യാണം ആലോചിച്ച് ഉറപ്പിച്ചു. ഒരു നല്ല മുഹൂര്‍ത്തത്തില്‍ കല്യാണവും നടത്തി. സ്ത്രീധനമായി പൈസയും പണ്ടങ്ങളും (ആഭരണങ്ങളും) കുതിരകളും കുതിര വണ്ടിയും ആട് മാടുകളെയും കിട്ടി. മധുവിധു നാളുകളില്‍ കുതിര വണ്ടിയില്‍ അവര്‍ നഗര പ്രാന്തങ്ങളില്‍ ചുറ്റി നടന്നു..
എച്ചിലിലയ്ക്ക് വേണ്ടി പന്നികളോടും പട്ടികളോടും മല്ലിട്ടത് ബര്‍ണബാസ്സ് മറന്നുപോയി. ആഡംബര ജീവിത കാംഷിയായ അയാള്‍ പഴയപടി ബാറുകളിലും നഗര മദ്ധ്യത്തിലും ഊടു വഴികളിലും ചുറ്റി നടന്നു. തന്റെമാത്രം സുഖത്തിനായി സ്ത്രീധനക്കാശു ചിലവഴിച്ചു. പണ്ടങ്ങളും കുറേശെയായി വിറ്റു. പന്തയത്തില്‍ തോറ്റ് പൈസയ്ക്ക് ബദലായി കുതിരകളെ കൊടുത്ത് കുതിരകളും നഷ്ടമായി.
റൗക്കയുടെ കഴുത്തിലെ കല്യാണ മാലയ്ക്കു പകരം ഇപ്പോള്‍ കഴുത്തില്‍ ചരടില്‍ കോര്‍ത്തിട്ടിരിക്കുന്ന താലി മാത്രമാണുള്ളത്. തന്റെ മകള്‍ക്ക് നേരിടേണ്ടിവന്ന ദുര്‍ഗതിയെ പഴിച്ചു അവളെ അവളുടെ അപ്പന്‍ കൂട്ടിക്കൊണ്ടുപോയി. മത്തിയാസ്സിന്റെ ആടുകളില്‍ നിന്നു തടിച്ച ആടുകളെ ബര്‍ണബാസ് മോഷ്ടിച്ച് അതിനെ ചന്തയില്‍ വിറ്റു. നഗരത്തിലെ മദിരാലയത്തില്‍ പോയി കിട്ടിയ പൈസയ്ക്ക് മുഴുവന്‍ മദ്യപിച്ചു.
ചൂത് കളിയില്‍ അയാളുടെ കയ്യിലെ അവസാന ദ്രവ്യവും ചിലവഴിച്ചു. അയാള്‍ പട്ടണത്തിലേക്ക് യാത്ര ചെയ്തുപോയ തന്റെ കുതിരയേയും അയാള്‍ വിറ്റു. പുതിയ ഉടമസ്ഥനെ കുതിര തിരിച്ചറിഞ്ഞില്ല. ശീല്‍ക്കാരമിട്ടുകൊണ്ട് കുതിര പുതിയ ഉടമസ്ഥനെ തുരത്തി.
അപ്പോള്‍ ബര്‍ണബാസ്സ് ലക്കുകെട്ട് മദിരാലയത്തിനു പുറത്തു വന്നു. കുതിര തന്റെ യജമാനനെ തിരിച്ചറിഞ്ഞു. അയാള്‍ കുതിരപ്പുറത്തു ഞാന്നു കയറി. പിന്നെ അതിവേഗം അതിനെ പായിച്ചു. അപ്പന്റെയും മത്തിയാസ്സിന്റെയും വയലുകള്‍ക്ക് സമീപമുള്ള കുന്നിന്‍ മുകളിലേക്ക് അയാള്‍ കുതിരയെ തെളിച്ചു വിട്ടു. മലയുടെ മുകളിലെ കിഴുക്കാം തൂക്കായ പാറ മുനമ്പില്‍ നിന്ന് അയാള്‍ കുതിരയോടൊപ്പം അപ്പന്റെയും മത്തിയാസ്സിന്റെയും വയലിലേക്ക് വീണു. അവിടെ അയാളുടെയും കുതിരയുടെയും ഞരക്കങ്ങള്‍ ഉയര്‍ന്നു താണ് നിശബ്ദമായി . ബര്‍ണബാസ്സിനെ അടക്കം ചെയ്ത് ഒരു ശവകുടീരം പണിതു. ആ ശവകുടീരത്തിനടിയില്‍ അവന്റെ അപ്പന്‍ എഴുതിവെച്ചു ‘ മുടിയനായ പുത്രന്‍ ‘.
( യേശു ദേവന്റെ ഉപമയെ ആസ്പദമാക്കിയ കഥ )
Generated from archived content: story4_nov17_14.html Author: joy_nediyalimolel