തലാക്ക്

അന്നൊരു വെള്ളിയാഴ്ച ദിവസ്സമായിരുന്നു. പള്ളി കഴിഞ് മൊയ്‌ലിയാരും കൂട്ടരും ഷുക്കൂറിന്റെ വീട്ടിലേക്കാണു പൊകുന്നത്. ഷുക്കൂറിന്റെ വീട് പള്ളിയില്‍ നിന്ന് അല്പം അകലെയാണ് . പള്ളിയുടെ പടികളിറങി പള്ളിക്കുളവും കഴിഞു പാടവും താണ്ടി റോഡിലേക്കു കയറാം. റോഡില്‍ നിന്നും അരമൈല്‍ പടിഞാറോട്ട് വീണ്ടും നടന്ന് ഇടവഴികളും പിന്നിട്ടാണ് ഷുക്കൂറിന്റെ വീട്.

പള്ളിക്കമ്മറ്റിക്കാരും മൊയ്‌ലിയാരും ചേര്‍ന്ന് ചെല്ലുന്നത് കണ്ടപ്പോള്‍ ഷുക്കൂര്‍ വീടിന്റെ കോലായില്‍ നിന്ന് ഇറങ്ങി പടിക്കലോളം ചെന്ന് മൊയ്‌ലിയാരെയും പള്ളിക്കമ്മറ്റിക്കാരെയും സ്വീകരിച്ചു.

‘പള്ളിക്കലെക്കൊന്നും ബരാന്‍ അനക്ക് കയ്യൂല്ലാലെ…?’ മൊയ്‌ലിയാര് അല്പം പരുഷ സ്വരത്തിലാണ് അങ്ങനെ ചോദിച്ചത്.

ഷുക്കൂറ് ഒന്നും ഉത്തരം പറഞ്ഞില്ല.

‘ന്ത്യെ അന്റെ പെണ്ണുങ്ങള് മൈമൂന…?’ മൊയ് ലിയാര് തിരക്കി. ‘ഓള് അകത്ത് പായയുമ്മല് കെടക്കുവാണ്..!!’ ഷുക്കൂറു പറഞ്ഞു..

ഷുക്കൂറിന്റെ ഉമ്മയും വാപ്പയും പുരയ്ക്കുള്ളില്‍ നിന്ന് കോലായിലേക്ക് ഇറങ്ങി നിന്നു.

മൊയ്‌ലിയാര്‍ക്കും കൂട്ടര്‍ക്കും ഇരിക്കുന്നതിനായി ഷുക്കൂറിന്റെ ഉമ്മ പുരയ്ക്കുള്ളില്‍ നിന്നു ഒരു പുതപ്പെടുത്ത് കോലായില്‍ വിരിച്ചു. അതില്‍ അവര്‍ ചുറ്റും കൂടിയിരുന്നു. എന്നിട്ട് മൊയ്‌ലിയാര് പറഞ്ഞു . ‘ ന്താപ്പിവിടെ നടക്കണേ…..ഇതൊക്കെ അംഗീകരിക്കാന്‍ പറ്റീതാണൊ….. ആ പെണ്‍കുട്ടി അയിലൊക്കങ്കാരന്‍ വിളിച്ചു ഒരു ചായ കുടിചൂന്നു കരുതി എന്താപ്പിത് ഇവിടെ ബല്ല ഭൂലോകോം ഇടിഞ്ഞു ബീണോ….?!. ‘

മൈമൂനയെ ഷുക്കൂര്‍ നിക്കഹ് കഴിച്ചുകൊണ്ട് വന്നിട്ട് വര്ഷം മൂന്നു കഴിഞ്ഞു. ഇനിയും കുട്ടികളായിട്ടില്ല. അതിനു കുറ്റം മുഴുവന്‍ മൈമൂനയുടെ മേലെയാണ് ഷുക്കൂറിന്റെ ഉമ്മ ചുമത്തുന്നത്. എന്ന് കരുതി അവര്‍ വഴക്കിടാറില്ല.

ഷുക്കൂര്‍ പലപ്പോഴും തന്റെ കൂട്ടുകാരെ വീട്ടില്‍ കൂട്ടിവരുന്നതിന് മൈമൂന എതിര്‍പ്പ് പറഞ്ഞിരുന്നു. അതൊക്കെ ഷുക്കൂര്‍ മൈമൂനയുടെ നിസ്സാര വാക്കുകളായി തള്ളിക്കളഞ്ഞു.

മൈമൂനയെ സ്‌നേഹിച്ചു നിക്കാഹ് കഴിച്ചതാണ് ഷുക്കൂറ്. സ്‌നേഹിച്ചപ്പോഴുണ്ടായിരുന്ന ഊഷ്മളതയുടെ മുക്കാലും ചോര്‍ന്നു പോയതുപോലെയാണ് അവര്‍ക്കിടയില്‍ ഇപ്പോള്‍ .

കുടുംബത്തില്‍ നിന്നു ഒന്നും കിട്ടാതെ ഒരു വാല്യക്കാരത്തിയെ കൊണ്ടുവന്നു തീറ്റി പോറ്റുന്നതില്‍ വല്ലാത്ത അസംതുഷ്ടിയാണ് ഷുക്കൂറിന്റെ അമ്മ റംലം ബീവിക്ക് മൈമൂനയോട്.

റംലം ബീവി അത് പുറത്ത് കാട്ടാറില്ലെങ്കിലും മൈമൂന അവരുടെ നീരസ്സ കാരണം മനസ്സിലാക്കുകയും വല്ലപ്പോഴെങ്കിലും തലയിണ മന്ത്രമായ് അക്കാര്യം ഷുക്കൂറിനോട് ഓതി കൊടുക്കുകയും ചെയ്തിരുന്നു.

പാതി ഉറക്കത്തില്‍ അവളുടെ തലയിണ മന്ത്രം കേട്ടെന്നു നടിച്ചു അയാള് മൂളി മൂളി ഉറക്കത്തിലേക്ക് ആഴ്ന്നു പോകും. . പകല്‍ മുഴുവന്‍ പണിയെടുത്ത ക്ഷീണം കൊണ്ടാണത്.

‘ഇങ്ങള് ഞാന്‍ പറെണത് കെള്‍ക്കണില്ലാന്നുണ്ടോ …. ?’ ശ്വാസം വലിച്ചു വിടുന്ന സബ്ദമാല്ലാതെ ഉത്തരമില്ലെന്നു കാണുമ്പോള്‍ മൈമൂനയും കിടന്നുറങ്ങും . അങ്ങാടിയിലെ തിരക്കിനിടയില്‍ വെച്ചാണ് സബീറിനെ കണ്ടു മുട്ടിയത്. അയാളെ കണ്ടിട്ടും കാണാതെ തെന്നി മാറി. അയാള് കെട്ട് കഴിഞ്ഞു ബീവിയെ തലാക്ക് ചെയ്തതാണ് (മൊഴി ചൊല്ലിയതാണ്). ഒരിക്കല്‍ അയാളെ വീട്ടില്‍ ഷുക്കൂര്‍ കൂട്ടി വന്നപ്പോള്‍ അയാളുടെ ഭാഗത്തെ ന്യായങ്ങള്‍ പറയുന്നത് കേട്ടിരുന്നു. ഉമ്മയും ഷുക്കൂറും അപ്പോള്‍ പറഞ്ഞു ‘ഓളെ മൊഴി ചൊല്ലീത് നന്നായി…’

അയാള് പറഞ്ഞത് സത്യമാണെന്നു മനസ്സില്‍ കൊണ്ടിരുന്നു. വല്ലപ്പോഴുമൊക്കെ അയാളെ കുളിക്കടവിലും, ചിലപ്പോഴൊക്കെ ഉമ്മറത്തിരിക്കുമ്പോള്‍ നട വഴിയില്ക്കൂടി നടന്നു പോകുന്നതും കാണുമ്പോള്‍ ഒരു വല്ലായ്മ തോന്നിയിരുന്നു..

സബീര്‍ പുറകില്‍ നിന്നു വിളിച്ചു ‘മൈമൂനാ….’

‘പടച്ചോനെ അയാള്‍ കാണണ്ടാന്ന് കരുതി ഒഴിഞു മാറീതാണ്….എന്നിട്ടും അയാള്‍ കണ്ട്ക്ക്ണു…’ മൈമൂന തിരിഞു നോക്കി. മേലാകെ തരിച്ചുകയറണമാതിരി തോന്നി മൈമൂനയ്ക്ക്. വിളി കേട്ടിടത്തുതന്നെ മൈമൂന നിന്നു. തിരിഞു നോക്കുമ്പോള്‍ അയാള്‍ തൊട്ടടുത്ത് എത്തിക്കഴിഞു.

‘എന്തേ ഇങളു മാത്രേ ബന്നൂള്ളൂ…’

‘ങ് ഉം..’ അവള്‍ മൂളി.

‘ജ് വായോ അനക്ക് ഞമ്മന്‍ ചായേം പലഹാരോം ബാങി തരാം…’

‘നിക്കതൊന്നും ബേണ്ടാ….’

‘ജെന്ത് പറഞാലും അന്നെ ചായ കുടിക്കാതെ ബിടണ പരിപാടിയില്ല..’

മൈമൂന എന്തു ചെയ്യണമെന്നറിയാതെ ആകെ കുഴങി. നിവര്‍ത്തികെട്ടപ്പോള്‍ അവള്‍ സബീറിന്റെ ഒപ്പം ചായ കുടിക്കുന്നതിനു ഹോട്ടലില്‍ കയറി. മൈമൂനയ്ക്ക് സബീര്‍ ചായയും പലഹാരങളും വാങി കൊടുത്തു. അവളോടൊപ്പം ഇരുന്നു സബീറും ചായ കുടിച്ചു.

യാദൃശ്ചികമായാണു ഷുക്കൂര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്നത്. താന്‍ കാണുന്നത് സത്യമാണെന്നു അയാള്‍ക്കു വിശ്വസ്സിക്കാനായില്ല. ഷുക്കൂറിനെ കണ്ടപ്പോള്‍ സബീറും മൈമൂനയും പകച്ചു നിന്നു. ഒന്നും മിണ്ടാതെ ഷുക്കൂര്‍ അവിടെ നിന്നും ഇറങിപ്പോയി.

ഷുകൂറിനു മുമ്പെ മൈമൂന വീട്ടില്‍ എത്തി. എന്തു ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല മൈമൂനയ്ക്ക്. തെറ്റു ചെയ്തില്ലെങ്കിലും മനസ്സു നിറയെ കുറ്റബോധം നിറഞു നിന്നു. കൂട്ടുകാരെ വീട്ടില്‍ കൊണ്ടുവരാറുള്ളപ്പോള്‍ താന്‍ പറയാറുള്ളതായിരുന്നു വേണ്ടന്ന്……അതിന്റെ കൈപ്പുനീര് കുടിക്കാന്‍ ഇനി അല്പനേരം കൂടി മാത്രമേയുള്ളു….. ഷുക്കൂര്‍ വന്നാല്‍ അപ്പോള്‍തന്നെയാകും അത്.

ഷുക്കൂറ് കുടിച്ചിട്ടാണ് വന്നത്. ഒന്നും തിരക്കുന്നതിനു മുമ്പേ അടി വീണു. എവിടെയൊക്കെയാണ് അടി കിട്ടിയതെന്ന് ഒരു നിശ്ചയമില്ല. വേദനിക്കുന്നിടത്തെല്ലാം നോക്കുമ്പോള്‍ തടിച്ചു പൊന്തിയിരുന്നു. അയാള്‍ ഒന്നും ചോദിച്ചില്ലങ്കിലും കാലു പിടിച്ചു കെന്‍ചി താന്‍ തെറ്റൊന്നും ചെയ്തില്ലെന്നു പറഞ്. മൈമൂന പറഞതൊന്നും ഷുക്കൂര്‍ ചെവിക്കൊണ്ടില്ല. അയാള്‍ ഒരു തീരുമാനത്തില്‍തന്നെ ഉറച്ചു നിന്നു മൈമൂനയെ തലാക്ക് ചെയ്യണമെന്നു.

ഷുക്കൂറിന്റെ അമ്മ റംലം ബീവിയും അയാള്‍ക്കു പിന്തുണ പ്രക്യാപിച്ചപ്പോള്‍ അയാള്‍ എടുത്ത തീരുമാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.

മൊയ്‌ലിയാരും പള്ളിക്കാരും ഷുക്കൂറിനെ അയാളെടുത്ത തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലകുറി കിണഞു പരിശ്രമിച്ചു. എന്നിട്ടും അയാള്‍ അവരുടെ വാക്കുകള്‍ക്ക് ഒരു വിലയും കൊടുത്തില്ല.

ഒടുവില്‍ ഷുക്കൂര്‍ അവരുടെ മദ്ധ്യത്തില്‍ പറഞു. ‘ തലാക്ക്….തലാക്ക്…തലാക്ക്…’.

മൂകമായ നിമിഷങള്‍ അവിടെ തളം കെട്ടി നിന്നു. എന്തു ചെയ്യണമെന്നറിയാതെ അവര്‍ പകച്ചു നിന്നു. റംലം ബീവി ഉണ്ടാക്കികൊണ്ടുവന്ന ചായപോലും കുടിക്കാതെ മൊയ്‌ലിയാരും കൂട്ടരും പടികളിറങി നടന്നു. പുറകെ ചുവന്നു കലങിയ കണ്ണുകളുമായി മൈമൂനയും അവളുടെ വാപ്പാനും.

അവര്‍ ഷുക്കൂറിന്റെ വളപ്പിന്റെ പുറത്ത് കടക്കുമ്പോള്‍ അവിടെ സബീര്‍ അവരെ കാത്തു നില്പ്പുണ്ടായിരുന്നു. ആ നടവഴിയില്‍ മൊയ്‌ലിയാരുടെയും പള്ളിക്കാരുടെയും മുന്നില്‍ വെച്ച് സബീര്‍ മൈമൂനയെ തനിക്ക് നിക്കാഹ് ചെയ്ത് തരാന്‍ ആവശ്യപ്പെട്ടു. താന്‍ കാരണമാണ് നിഷ്‌കളങ്കയായ മൈമൂനയ്ക്ക് ഇങനെ സംഭവിച്ചതെന്നും അതിനു പരിഹാരം ഇതൊന്നു മാത്രമാണെന്നും സബീര്‍ പറഞു.

പിന്നെയൊന്നും ആലോചിക്കാന്‍ അവര്‍ക്കിടയില്‍ ഇല്ലായിരുന്നു. മൊയ്‌ലിയാരു മൈമൂനയുടെ വാപ്പയൊടു പറഞു ‘ഇങ്‌ള് ആ കുട്ടീന്റെ കയ്യുപിടിച്ച് അങട് കൊടുക്കീന്‍…..’

അപ്പോള്‍ മൈമൂനയുടെ കയ്യുപിടിച്ച് അയാള്‍ സബീറിനു കൊടുത്തു.

ഒരു ശുഭ മുഹൂര്‍ത്തത്തിന് അകമ്പടിയെന്നവണ്ണം അപ്പോള്‍ പള്ളിക്കല്‍ നിന്നു വിളിക്കുന്ന ബാങ്കിന്റെ ‘ അള്ളാഹു അക്ബര്‍….അള്ളാഹു അക്ബര്‍…….ലാ.. ഇലാഹ്… ഇല്ലള്ളാ…….’ എന്ന ദൈവീക വര്‍ഷം അവര്‍ക്ക് മേല്‍ ചൊരിയുന്നതുപോലെ തോന്നി.

അവര്‍ക്കിടയില്‍ ഒരു മണവാട്ടിയെപ്പോലെ നീങുന്ന മൈമൂനയെ റംലം ബീവിയും ഉപ്പയും ഷുക്കൂറും ചെര്‍ന്ന് നിര്‍ന്നിമേഷരായി നോക്കിനിന്നു.

Generated from archived content: story2_mar6_15.html Author: joy_nediyalimolel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleറേഡിയോ
Next articleദക്ഷിണ കര്‍ണാടകത്തിലെ ക്ഷേത്രങ്ങളിലൂടെ
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here