റുക്കിയ

“ജെന്തേപ്പളിങ്ങട് ബന്നത് റുക്കിയാ ….? അന്നോട് ഞമ്മള് എത്ര കുറി പറഞ്ഞ്ങ്ങാണ്ട് ബിട്ടയച്ചതാണ് …ഓല് തൊള്ള കീറുമ്പോ ജ് അനങ്ങാണ്ട് കുത്തീരിക്കണൂന്ന് …..ജ് കേട്ടോ….?.ഇല്ല…..!. ഞമ്മന്റെ ബാക്കിന് ഒരു വെലേം ജ് കല്പിച്ചില്ല…..”

“ന്താണിങ്ങള് ഇമ്മാതിരി പറേണത് ഇമ്മാ…?. ഇങ്ങള് ന്റെ ഇമ്മയല്ലാന്നുണ്ടോ…?!…..എല്ലാം സഹിക്ക്യാന്ന് ബെച്ചാ അതിനുല്ലേ ഒരതിര് ….!. ന്റെ മയ്യത്ത് എടുക്കണബരെ ഇങ്ങള് ഇത് തന്നെ പറഞ്ഞുങ്ങാണ്ട് ഇരുന്നാ മതീട്ടോ…!”

” ന്റെ കുട്ട്യേ അന്നെ ഞമ്മള് പൊന്നുപോലെയല്ല ബളത്തീതുന്നുണ്ടോ ….?! ന്റെ കല്ബിലും ഒരു തീ എരീണുണ്ട് …. അത് ജ്‌ മനസ്സിലാക്കാതെ പോയല്ലോന്നോർക്കുംബളാ കൽബിലെ കനലിന് ആക്കം കൂടീങ്ങാണ്ട് ബരണത്……!”

“ മൂന്തിയാവുംബളയ്ക്കും ജ് തിരിച്ച് പൊയ്യാപ്ലാന്റടുത്തേക്ക് പൊയ്ക്കൊളുണ്ടീ …..ജ് മദ്രസ്സമ്മേപോയി ഒത്തു പഠിച്ചിട്ടുള്ള കുട്ടിയല്ലേ…?! ഒത്ത് പള്ളീല് ഓതി കിട്ടിയ ബിവരൊന്നും അനക്കില്ലാതെ പോയീന്നുണ്ടോ …?!. അന്റെ വാപ്പാന്റെ ഉമ്മേം ഇതേ കണക്കേർന്നു…! വപ്പാനോടൊന്നു മുണ്ടാനും പറയാനും എത്രങ്ങാണ്ട് സുയ്പ്പ്ണ്ടാർന്നൂന്ന് അനക്കറിയോ…..?! അമ്മാതിരീള്ള മൂത്താമ്മാനെ തോനെ പണിപ്പെട്ടാണ് ഞമ്മന്റെ ബയിക്ക് കൊണ്ടോന്നത്….. ഒന്നും രണ്ടും നാളല്ല കൊറേ കാലം ബേണ്ടിബന്നു അതിനുംമ്മേണ്ടി …! ഇന്റെ കുട്ടിയ്ക്കും അതിനു ബയ്ക്കും. അന്റെ ഉള്ളിലും ഒരു നല്ല മനസ്സൊണ്ട്. അന്റെ ഈ എടുത്ത് ചാട്ടൊണ്ടല്ലോ ….അതങ്ങ് ഒയിവാക്ക്യാൽ എല്ലാം അന്റെ പിടീല് ബരും. അന്റെ പൊയ്യാപ്ലേനെ കൂട്ടി ബരണ ഒരു കാലം ബരും “.

“ന്റുമ്മ ഇങ്ങള് ബെറുതെങ്ങാണ്ട് കനവു കാണുവാണ് അമ്മാതിരി ഒരു കാലം ബരൂന്ന്…..ഇന്റെ മയ്യത്ത് ഇങ്ങള് തന്നെ കൊണ്ടോന്ന് അടക്കേണ്ടി ബരൂല്ലാന്ന് കണ്ടോളിൻ….!!”

” റുക്കിയ ജൊന്നു മുണ്ടാണ്ടിരി ചങ്കി തട്ടണ ബർത്താനം പറയാതെ..!. അന്റെ ഉമ്മാന്റെ ചങ്ക് കല്ലുകൊണ്ട്ണ്ടാക്കീതാന്നു ജ് കരുതണുണ്ടോ…..!?”. പടച്ചോനെ ഓർത്തുങ്ങാണ്ട് ജ് ഇമ്മാതിരി ബേജാറ് ണ്ടാക്കണ കാര്യങ്ങള് പൊലമ്പാണ്ടിരിക്കീൻ…. !.

” ഞമ്മളു കാരണായി ഇങ്ങളിങ്ങനെ ബെശമിക്കണ്ടാ…..ഞൻമ്മളു പോകുവാണ്…ഇനി ഞമ്മള് ബന്നില്ലെങ്കിൽ ആരും അങ്ങട് തെരക്കീങ്ങാണ്ട് ബരണന്നില്ല……”

” ജെന്നെ തീ തീറ്റിച്ചിങ്ങാണ്ടാണു പോണതല്ലെ….? പടച്ചോനെ കരുതി ജ് പൊയ്യാപ്ലേന്റെ കുടീല് കയിഞ്ഞോളിൻ… …അനക്കൊരാനാദീം ബരില്ല. അനക്ക് ഏഴു നേരോം നിസ്ക്കരിക്കാൻ സമയം കിട്ടീല്ലാച്ചാൽ ജ് പടച്ചോനെ മനസ്സില് കര്ത്യാൽ മതി. ഇന്നോട് കാട്ടണ സ്നേഹം ഓലോടും കാട്ടൂണ്ടീ……. അപ്പോ എല്ലാം ബയിക്ക് ബന്നോളും……എറങ്ങണേനു മുമ്പ്ച്ചിരി കഞ്ഞീം കുടിച്ചിങ്ങാണ്ട് പൊയ്ക്കോളുണ്ടീ……”

” ബേണ്ടാ …നിക്കൊന്നും ബേണ്ടാ.. ഇനി ഇങ്ങടെ കഞ്ഞീം മത്തി ചുട്ടതും കൂട്ടി ഞമ്മന്റെ പള്ള കൂടി സുയ്പ്പാക്കണ്ടാ…ബരുമ്പ ബരുമ്പൊ ഇങ്ങളിങ്ങനെ ബയറു നെറച്ച് ഓതി തരണുണ്ടല്ലോ …അത് തന്നെ തോനെയായി….!!.”.

“ ന്റെ പണ്ടങളെല്ലാം ഓല്‌ പലപ്ലായി ബിറ്റു മുടിപ്പിച്ചത് ഇങക്ക് അറിയില്ലാന്നുണ്ടോ…..?”

“അതിനെന്തെത്ര പുതുമ…പൈസക്ക് അത്യാവശ്യം ബരുമ്പോ അങനെയൊക്കെ ചെയ്തൂന്ന് ബരും….”

“ അപ്പോ ന്നെ തച്ച്ങാണ്ട് പരുവത്തിലാക്കണതോ..?….എത്രങാണ്ടാണ്‌ സഹിക്കാന്നുബെച്ചാൽ….!”

“അന്നോട് ഞമ്മള്‌ നൂറുബട്ടം പറഞിക്കണു പൊയ്യാപ്ലേന്റെ കുടീല്‌ കൊറെയൊക്കെ സഹിക്കണൂന്ന്…പണ്ടോം പണോക്കെ നാളെം ബരും…..ജ് ഓലുവായിട്ട് ത്തിരി പൊരുത്തപ്പെട്ടുങാണ്ട് പോയീന്ന് കരുതി ഒരു കൊറച്ചിലും ബരൂല്ല അനക്ക്….“

റുക്കിയ വിങ്ങിപൊട്ടുന്ന ഹൃദയവുമായി വീട്ടിൽ നിന്നിറങ്ങി. തട്ടംകൊണ്ട് അവൾ കണ്ണുനീർ തുടക്കുന്നത് അവളുടെ ഉമ്മ പിന്നിൽ നിന്ന് കണ്ടു. തന്റെ മകളെ ഒരു കുറി കൂടി തിരിച്ച് വിളിക്കണമെന്ന് ആ അമ്മയുടെ നെഞ്ച് തുടിച്ചു. പിന്നെ അത് വേണ്ടന്നുവെച്ചു.

റുക്കിയ ഇടറുന്ന കാൽച്ചുവടുകളോടെ നടന്നു നീങ്ങുന്നത് അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നവർ കൊതിച്ചു.

അമ്മയുടെ ഹൃദയത്തിന്റെ നുറുങ്ങുന്ന തേങ്ങൽ അവൾ അറിഞ്ഞുവോ എന്തോ. റുക്കിയ തിരിഞ്ഞു നോക്കി.

ഉമ്മ കണ്ണുനീർ വാർക്കുന്നത് റുക്കിയ കണ്ടു. അവൾ തിരിഞ്ഞു ഓടിച്ചെന്നു ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉമ്മ അവളുടെ കണ്ണുനീർ അവരുടെ രണ്ടു കയ്യുകൾകൊണ്ട് തുടച്ചു. എന്നിട്ട് റുക്കിയയുടെ കവിളത്തും നെറ്റിയിലും ചുംബിച്ചു. കണ്ണുനീർ ഉണങ്ങിയ മുഖം കഴുകാൻ റുക്കിയയോട് ഉമ്മ പറഞ്ഞു..

” ന്റെ കുട്ടിക്ക് ദോഷൊന്നും ബരൂല്ല…..പടച്ചോനെ ഓർത്ത് ജ് മടങ്ങിക്കോളിൻ…”

ഉമ്മ ഉടുത്തിരുന്ന മുണ്ടിന്റെ കോന്തലത്തുമ്പ് കെട്ടഴിച്ച് അതിൽ കെട്ടിവെച്ചിരുന്ന നാണയ തുട്ടുകളിൽ നിന്ന് നാലഞ്ച് നാണയ തുട്ടുകൾ റുക്കിയക്ക് കൊടുത്തു. എന്നിട്ട് അവളെ സ്നേഹത്തോടെ പറഞ്ഞയച്ചു.

എതിരെ വരുന്നത് മൊയിലിയാരാണെന്നു കണ്ടപ്പോൾ ഊർന്നിറങ്ങിയ തട്ടം റുക്കിയ തലയിലേക്ക് വലിച്ചിട്ടു. ആദര സൂചകമായി അവൾ അങ്ങനെ ചെയ്തപ്പോൾ മൊയിലിയാർക്ക് പെരുത്ത സന്തോഷമ്മയി.

ഓത്തുപള്ളിയിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന ചുറുചുറുക്ക് ഇന്നവളിൽ കാണുന്നില്ലെന്ന് മൊയിലിയാർക്ക് പ്രഥമ ദൃഷ്ടിയിൽ തന്നെ മനസ്സിലായി. അവളുടെ നിക്കാഹിനു കണ്ടതിനു ശേഷം വളരെ നാളുകൂടിയാണു ഇന്ന് മൊയിലിയാർ റുക്കിയയെ കാണുന്നത്.

“ന്തെ റുക്കിയ തനിച്ചായ് പ്പോയ് ..പുയ്യാപ്ലേനേം കൂട്ടിങ്ങാണ്ട് ബന്നുടേർന്നോ…?”

മുഖത്ത് തെളിച്ചം വരുത്തി റുക്കിയ പറഞ്ഞു ” ഓലുക്ക് ത്തിരി തെരക്കുണ്ടേർന്നു…..”

” അനക്ക് പുയ്യാപ്ലേന്റെ ബീട്ടില് സൊഖം തന്നെയല്ലേ…”

ഉരുണ്ട് കൂടിയ സങ്കടമടക്കി അവൾ പറഞ്ഞു ” സൊഖായിരിക്കണു…!”

“ന്നാ പൊയ്ക്കോളിൻ കുട്ട്യേ ……അനക്ക് നന്നായ് ബരും…”

മൊയിലിയാരുടെ അനുഗ്രഹം ശരീരത്തിലേക്ക് ചൊരിഞ്ഞിറങ്ങുന്നതുപോലെ തോന്നി റുക്കിയക്ക്. ഒപ്പം ആത്മധൈര്യം പകർന്നു കിട്ടിയ അനുഭൂതിയും.

ഒത്തു പള്ളിയിൽ കൂടെ പഠിച്ച കാസിം മുട്ടാടുകെളെ കൂട്ടമായി കെട്ടി വലിച്ചു കൊണ്ടുപോകുന്നത് കണ്ടു. പ്ലാവിലകൾ നിറഞ്ഞ ഒരു കമ്പ് അവൻ പുറകിൽ പിടിച്ചിട്ടുണ്ട് മുട്ടാടുകൾക്കായി. അവ അതിൽ നിന്നും എത്തിപ്പിടിച്ച് പ്ലാവില കടിച്ച് അവന്റെ പിന്നാലെ നടന്നു. തങ്ങളുടെ യജമാനൻ എത്ര കരുണയുള്ളവനാണെന്നു അവറ്റകൾ ചിന്തിക്കുന്നുണ്ടായിരിക്കും…! അവ അറിയുന്നില്ല അവറ്റകൾ നാളെ അങ്ങാടിയിലെ ഇറച്ചിക്കടയിൽ ഇറച്ചിയായ് വിറ്റഴിയുമെന്ന് ..!.

ഓത്തുപള്ളിയിൽ പഠിക്കുന്ന കാലം തൊട്ടേ കാസിം വിക്രുതിയായിരുന്നു. പുസ്തകത്തിലും ബുക്കിലും കുത്തിവരയ്ക്കുക, കുപ്പായത്തിൽ മഷി കുടയുക, ദേഹത്ത് പൊടിവാരിയിടുക, ഓടിച്ച് പുറകിൽ നിന്ന് കാൽവെച്ച് വീഴ്ത്തുക അങ്ങനെ പലതും കാസിമിനെക്കുറിച്ച് ഒരു നിമിഷം റുക്കിയ ഓർത്തുപോയി .

റുക്കിയയുടെ മനസ്സിലും ഒരു അറവുശാല തെളിഞ്ഞു വന്നു !.

റുക്കിയ കയറി ചെല്ലുന്നത് അമ്മായിഅമ്മ കണ്ടു. അവർ കലിയിളകി തിരക്കി.

“അന്നോട് ഞമ്മള് പൊലമ്പീതൊന്നും ബകബയ്ക്കാണ്ട് ജ് പോയിങ്ങാണ്ട് ബന്നുക്കണോ…? അന്റെ പുയ്യാപ്പിള ഒന്നിങ്ങട് ബന്നോട്ടെ ….ല്ലാം ഞമ്മള് പറഞ്ഞ് കൊടുക്കണുണ്ട്…!”

“ഇനി ഇങ്ങള് പറയാതെ ഞമ്മൻ എവിടേം പോകൂല്ല ഉമ്മ…പട ച്ചോനാണേ സത്യം.”

“ന്നാലും ബ്ടെ ചോദിക്കാനും പറയാനും ആരൂല്ലാന്ന് ജ് കരുതീക്കണോ…..?”

റുക്കിയ ഉമ്മയുടെ കാലുപിടിച്ച് കെഞ്ചി. പക്ഷെ അവർ കാലുകൊണ്ട് റുക്കിയയെ തള്ളി മാറ്റി.

മകൻ വന്നപ്പോൾ അവർ മകനോടായി പറഞ്ഞു. ” അനക്ക് കയ്യൂല്ലാച്ചാ പറഞ്ഞൊളിൻ …..ഇല്ലാച്ചാ ഓളെ നേരെ നിർത്തിക്കോളൂണ്ടി…ചൊല്ലും ചോദ്യോം ഇല്ലാതെ നടക്ക്വാന്നു ബെച്ചാൽ…!.”

“ന്താണിമ്മ പ്പെണ്ടായത്..?.”

“അന്നോട് ചൊദിച്ചിക്കണൊ ഓള് ബീട്ടിൽ പോകാനായ്ക്കൊണ്ട്..?”

“ജ് ബീട്ടി പോയിനോടി …..ഇമാറെ….?” എന്ന് പറഞ്ഞുകൊണ്ട് അയാള് റുക്കിയയുടെ മുടിക്കുത്തിൽ പിടിച്ച് ഉലച്ചു എന്നിട്ട് മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചു.

റുക്കിയ കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് ഓടിപ്പോയി.

കുഞ്ഞു മുഹമ്മദും അവളുടെ പുറകെ ചെന്നു.

” ന്താ ജ് കരുതി ബെച്ചിക്കണെ….അന്നെ നെലക്ക് നിർത്താൻ ന്നെക്കൊണ്ട് കയ്യൂല്ലാന്നു ജ് കരുതീക്കണോ….?” കുഞ്ഞു മുഹമ്മദ്‌ റുക്കിയയെ വീണ്ടും അടിക്കാൻ കയ്യോങ്ങി ചെന്നു.

“ങളെന്നെ തച്ചോളിൻ…ന്നെ കൊന്നോളിൻ…..ന്റെ ഉമ്മാക്ക് ബയ്യാന്നറിഞ്ഞപ്പോ ഒന്നോടിപ്പോയീന്ന് കരുതി ങളെന്നെ കൊല്ലാൻ പൊറപ്പടെണ്ടിരുന്നില്ല .. മൊയിലിയാരു പടിക്കകൂടി പോയപ്പോ ഓലാണ് ന്നോട് പറഞ്ഞത് .. ” എന്നവൾ ഒരു കള്ളം പറഞ്ഞു .

കുഞ്ഞു മുഹമ്മദ് ഓങ്ങിയ കൈ താഴെയിട്ടു.

” ഇങ്ങക്കെന്നോട് സ്നേഹല്ലാച്ചാ ന്നെ മൊയി ചൊല്ലിക്കോളിൻ ഇല്ലാച്ചാ ന്നെ കുടീലാക്കി പോന്നോളിൻ ….!!”

റുക്കിയ അത് പറഞ്ഞപ്പോൾ കുഞ്ഞു മുഹമ്മദ് തിണ്ണയിലേക്കുതന്നെ തിരിച്ചുപോയി.

കോലായിലെ അരമതിലിൽ തൂണും ചാരി അയാൾ അങ്ങു പടിഞ്ഞാറോട്ട് മറയുന്ന സൂര്യനെ നോക്കി കുത്തിയിരുന്നു. മനസ്സിലെ ചിന്തകൾപോലെതന്നെ അകാശത്തെ നിറങ്ങളും മാറി മറയുന്നുണ്ടായിരുന്നു. ചെറു കാറ്റു തട്ടി തലകളിളക്കുന്ന വൃക്ഷത്തലപ്പുകൾ. കാറ്റിന്റെ ഗതിയെ ചെറുത്ത് ചിറകുകൾ നിയന്ത്രിച്ച് പറക്കുന്ന പക്ഷികൾ. അവ കാറ്റിനെ ചെറുത്ത് നീങ്ങുന്നതുപോലെ താൻ എന്തുകൊണ്ട് ജീവിതത്തിൽ പ്രതിസന്ധികളെ ചെറുക്കിന്നില്ല എന്ന് കുഞ്ഞു മുഹമ്മദ്‌ മനസ്സിൽ സ്വയം ചോദിച്ചു.

“ഓളെ തച്ചത് പന്തിയായില്ല…..ന്റെ പെങ്ങളും ഓക്കടെ പൊയ്യാപ്ലേനെക്കൊണ്ട് ഇമ്മാതിരി പൊറുതി ഇല്ലാതായാച്ചാൽ ….?!” എങ്ങനെ സ്വന്ത പെങ്ങൾ മനോവിഷമം അനുഭവിക്കും അതുപോലെ തന്നെയല്ലേ റുക്കിയയുടെയും അവസ്ഥ എന്ന് കുഞ്ഞു മുഹമ്മദ്‌ ചിന്തിച്ചു.

വെളിച്ചം നന്നേ മാഞ്ഞു കഴിഞ്ഞു. റുക്കിയ വിളക്കു കത്തിച്ചു. വെളിച്ചം അവളുടെ കണ്ണുനീരിൽ തട്ടി തിളങ്ങി. അവൾ തട്ടംകൊണ്ട് കണ്ണുനീർ തുടച്ച് ഉള്ളിലേക്ക് മടങ്ങി.

കുറച്ചു നേരം പടിഞ്ഞാറോട്ട് തിരിഞ്ഞു കുമ്പിട്ട് അവൾ മൌനമായിരുന്നു. അള്ളാഹുവിനെ മനസ്സില് ധ്യാനിച്ചു പ്രാർത്ഥിച്ചു .

ഉമ്മയുടെ അടുത്തേക്ക് ഓടിപ്പോയാലോ എന്നവൾക്ക് തോന്നി. പക്ഷെ ഉമ്മ തിരിച്ചയക്കുമെന്നല്ല വക്കാണവും ഉണ്ടാക്കുമെന്നവൾക്ക് നല്ലവണ്ണം അറിയാം.

മയ്യത്ത് അയാലും സാരമില്ല ഇവിടെ പൊറുക്കുകതന്നെ എന്നവൾ തീരുമാനം എടുത്തു. ഉമ്മയുടെ വാക്കുകളെ അവൾ വേദവാക്യംപോലെ മനസ്സിൽ കുറിച്ചിട്ടു.

“ന്തേപ്പെ ജ് കുന്തം ബിഴിങ്ങ്യ മാതിരി ഒരു കുത്തീരുപ്പ് …”

” ഉമ്മാ ങളൊന്ന് മുണ്ടാണ്ടീരുന്നോളീ….ന്റെ തല ബെടക്കായിക്കണു..!”

“ന്തേപ്പതിനു ഇത്രേം ബെടക്കാകാനും മാണ്ടി ഇണ്ടായത്..?”

” ഇങ്ങളാണ് സ്വൈര്യം തരാത്തത് ….”

കുഞ്ഞു മുഹമ്മദിന്റെ അമർഷം നിറഞ്ഞ വാക്ക് കേട്ടപ്പോൾ അവർ അകത്തേയ്ക്ക് പോയി.

അകത്തു നിന്ന് കോഴിക്കറിയുടെ മണം പുറത്തേയ്ക്ക് വന്നു. ഒപ്പം പത്തിരി ചുടുന്ന മണവും.

രാവിലെ റുക്കിയ തൊടുവിലെ കുളത്തിലേക്ക് കുളിക്കുവാൻ പോയി.

കാൽ വഴുതി അവൾ കുളത്തിൽ വീണു. ഭാഗ്യത്തിന് കുഞ്ഞു മുഹമ്മദ്‌ കണ്ടു. അയാൾ കുളത്തിൽ ചാടി റുക്കിയയെ രക്ഷിച്ചു.

“ന്താണ് റുക്കിയ ഇത്ര തോന കടുംകൈ കാട്ടാൻ മാത്രം പ്പെബിടെ ണ്ടായത്……അന്നെ ഞമ്മള് സ്നേഹിക്കണില്ലാന്ന് ജ് കരുതീക്കണോ…?

അപ്പോൾ റുക്കിയ കുഞ്ഞുമുഹമ്മദിന്റെ കണ്ണുകളിലേക്ക് ചൂഴ്ന്നു നോക്കി. അയാളുടെ കണ്ണുകളിൽ നിഷ്കളങ്കതയുടെ സ്നേഹ ബാഷ്പം പൊടിഞ്ഞിരിക്കുന്നത് അവൾ കണ്ടു.

അന്റെ ഉള്ളിലെ ഈ ദേഷ്യോം പിടിവാശീക്കെ നിർത്ത്യാൽ എല്ലാം നേരെ ആവും….!!.

ഉമ്മ പറഞ്ഞു വിട്ട കാര്യങ്ങൾ റൂക്കിയ ഓർത്തു. സ്വയം തിരുത്തി പുതിയ ജീവിതത്തിന്റെ തുടക്കത്തിനു പറ്റിയ സമയം ഇതുതന്നെ എന്ന് അവളുടെ മനസ്സിലിരുന്ന് ഉമ്മ പറയുന്നതുപോലെ റുക്കിയക്ക് തോന്നി.

റുക്കിയ കുഞ്ഞു മുഹമ്മദിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അയാൾ അവളുടെ കണ്ണുനീരൊപ്പി.

അവർ കുളിച്ചു മടങ്ങുമ്പോൾ തൊടുവിലെ വൃക്ഷത്തലപ്പുകൾക്കിടയിൽക്കൂടി സൂര്യൻ എത്തി നോക്കുന്നുണ്ടായിരുന്നു. ഒരു പുതിയ ദിവസ്സത്തിന്റെ തുടക്കം , ഒരു പുതിയ ജീവിതത്തിന്റെയും.

കുഞ്ഞു മുഹമ്മദ്‌ റുക്കിയയുടെ തോളിൽ കൈപിടിച്ച് മടങ്ങി എത്തുമ്പോൾ അവരെ നോക്കി കുഞ്ഞു മുഹമ്മദിന്റെ ഉമ്മ ഒരു ചോദ്യ ഛിന്നം പോലെ നിന്നു.

എന്നിട്ട് സ്വയം ചോദിച്ചു. ” ന്തേ പ്പതിങ്ങനെ……?!”

Generated from archived content: story2_jan25_16.html Author: joy_nediyalimolel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article1947
Next articleമിഠായി
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English