കോളേജു കാലങ്ങള്‍ക്കു തിരശ്ശില വീണു. ദില്ലിയില്‍ പഠിച്ചതുകൊണ്ട് ഒരു ജോലിക്കായി അധികം തേടി നടക്കേണ്ടി വന്നില്ല. ഒരു പ്രൈവറ്റു കമ്പനിയില്‍ അക്കൗണ്ടന്റായി കയറി. ഒരു ജോലി കൂടിയായപ്പോള്‍ പിന്നെ വീട്ടുകാര്‍ക്ക് വെച്ചു നീട്ടാന്‍ കഴിഞ്ഞില്ല. എത്രയും പെട്ടന്ന് കല്യാണം കഴിപ്പിച്ചയക്കുക . പിന്നെ അവളായി അവളുടെ പാടായി.
വീട്ടില്‍ ആലോചകള്‍ ഒന്നൊന്നായി തുടങ്ങിക്കഴിഞ്ഞു. തന്റെ ഉള്ളിലിരുപ്പ് അപ്പച്ചനോടും അമ്മച്ചിയോടും തുറന്നു പറഞ്ഞു.
‘’ നിന്റെ ഇഷ്ടമല്ലയോടി കൊച്ചേ ഞങ്ങള്‍ക്കു വലുത് അതുതന്നെ നടക്കട്ടെ”
അപ്പച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഒരു വേനല്‍ മഴയിലെന്നപോലെ തന്നില്‍ നിന്നും ഊഷ്മാവ് പറന്നുയരുന്നതായി തോന്നി. പിന്നെ തണുത്ത തുള്ളികളുടെ പുദ്ഗള സുഖവും താനറിയുന്നുണ്ടായിരുന്നു.
പിന്നെ സ്നേഹിച്ചവനോടും കാര്യങ്ങള്‍ തുറന്നു പറഞ്ഞു.
നല്ല നേരവും നോക്കി അപ്പച്ചനും മറ്റും ചെറുക്കന്റെ വീട്ടിലേക്കു പുറപ്പെട്ടു. ഒരു ദിവസത്തിനിത്ര ദൈര്‍ഘ്യമോ? പടിവാതിലില്‍ കണ്ണിമയ്ക്കാതെ കാത്തിരുന്നു, അപ്പച്ചന്റെയും കൂട്ടരുടേയും വരവും കാത്ത്.
പകല്‍, മയക്കത്തിനായി പുറപ്പെടുന്നു. ആകാശമാകെ ചായക്കൂട്ടുകൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ സ്വപ്നത്തിലെ നിറക്കൂട്ടുപോലെ അവ നിറം മാറിക്കൊണ്ടിരിക്കുന്നു. ജോസ്സിന്റെ രൂപവും ഭാവവും ആ നിറകൂട്ടത്തില്‍ തെളിഞ്ഞു കണ്ടു.
ക്ഷീണിതനായ അപ്പച്ചന്‍ കവിഞ്ചിയില്‍ ചാരിക്കിടന്നു.
”അഞ്ചു ലക്ഷവും അമ്പതു പവനും എന്റെ മോള്‍ക്കവര്‍ വിലയിട്ടിരിക്കുന്നു . വീട്ടുകാരോടൊപ്പം അവനും വാല്‍ ചുരുട്ടി നില്‍ക്കുന്നു”
അപ്പച്ചന്റെ വാക്കുകള്‍ കേട്ടപ്പോള്‍ താന്‍ നിന്നിടം തലകീഴായി മറിയുന്നതായി തോന്നി. ഒപ്പം നെഞ്ചിലൊരായിരം കൂരമ്പുകള്‍ തറക്കുന്നതായും.
തന്റെ പരിപാവനമായ സ്നേഹത്തെ അവര്‍ പൊന്നിലും പണ്ടത്തിലും അളന്നുവെന്നോ? എന്തെല്ലാം പ്രലോഭനങ്ങളായിരുന്നു. തേന്‍ പുരട്ടിയ വാക്കുകളായിരുന്നു.
‘’ഇല്ലെടോ തന്നെ ഞാന്‍ ഒരിക്കലും കൈവിടില്ലടോ താനെന്നും എന്റേതുമാത്രമായിരിക്കും” തന്റെ ജീവിതത്തിന്റെ ഉടമ്പടിപോലെ ആയിരുന്നു ആ വാക്കുകളെ നെഞ്ചകത്തേറ്റിയത്. സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല അയാള്‍ ഇത്തരക്കാരനായിരിക്കുമെന്ന്. ആട്ടിന്‍ തോലിട്ട ഒരു ചെന്നായയെ ആണോ താന്‍ ഇന്നോളം സ്നേഹിച്ചത്?
ഒരിക്കലും ഉണങ്ങാത്ത മുറിവേല്‍പ്പിച്ച് അയാള്‍ മടങ്ങി. ഒരെത്തും പിടിയും കിട്ടിയില്ല ഒന്നിനെക്കുറിച്ചും.
താന്‍ കാണിച്ച അവിവേകത്തില്‍ ദു:ഖിക്കുന്ന മാതാപിതാക്കള്‍.
‘’പത്തു പൈസയുടെ പൊന്നിട്ടോണ്ടല്ല ഇവളെന്റെ പൊറകെ പോന്നത്. അന്നു ഞാനിതേ പോലെ പറഞ്ഞിരുന്നെ നിന്റെ അമ്മച്ചീടെ സ്ഥാനത്ത് വേറെവല്ലോരും ആര്‍ന്നേനെ നിന്റെ അമ്മ‘’
‘’ നിനക്കപ്പച്ചന്‍ പൊന്നു പോലുള്ള വേറെ ചെറുക്കനെ കണ്ടു പിടിച്ചു തരാമെടി.കൊച്ചെ അവന്‍ അവന്റെ പാടുനോക്കി പോകട്ടെ ‘’ അപ്പച്ചന്റെ സാന്ത്വന വാക്കുകള്‍.
അമ്മ തന്നെ മാറോടടുക്കിപ്പിടിച്ചിരുന്നു. തന്റെ ചങ്കു പിടയുന്നത് അമ്മ അറിയുന്നുണ്ടായിരുന്നു. അമ്മയേക്കാള്‍ കൂടുതലായി ആരാണറിയുക ഒരു മകളുടെ വേദന?
ഇനി ദില്ലിയിലേക്കു മടങ്ങണമോ എന്നു പോലും ചിന്തിച്ചു പോയി. കൂട്ടുകാരോടൊക്കെ എന്തു മറുപടി പറയും?
പക്ഷെ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്തായാലും കല്യാണത്തിനു മുമ്പ് കള്ളി വെളിച്ചത്തായതു നന്നായി. കൂട്ടുകാര്‍ അങ്ങനെ പറഞ്ഞപ്പോഴാണ് ആശ്വാസം തോന്നിയത്.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് അറിഞ്ഞത്. അയാള്‍ നല്ല തുകയും പണ്ടവും വാങ്ങി പണക്കാരിയെ വേളി കഴിച്ചെന്ന്.
പലതും മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചു. ചിലതൊക്കെ അപ്പാടെ മറക്കാന്‍ ശ്രമിച്ചു.
ഓഫീസില്‍ നല്ല തിരക്കു പിടിച്ച പണിയുണ്ടായിരുന്നു. മൊബൈലില്‍ കൂടെക്കൂടെ റിങ് ഇതൊരു ശല്യമായല്ലോ ദൈവമേ സ്വയം ശപിച്ചു.
തുടര്‍ച്ചയായി വീണ്ടും റിങടിക്കാന്‍ തുടങ്ങി. അപ്പച്ചിയുടെ മകളാണു വിളിക്കുന്നത്.
തന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ജോസ് മരിച്ചുവെന്ന്.
താന്‍ പലകുറി ശപിക്കാറുണ്ടായിരുന്നെങ്കിലും ഇതുപോലൊരു വാര്‍ത്ത കേള്‍ക്കേണ്ടി വന്നതില്‍ മനസ്സു നീറുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് അയാളുടെ പെമ്പിള എന്നും അയാളോടു വഴക്കിടുമായിരുന്നത്രെ. അതാണയാള്‍ കഴിഞ്ഞ രാത്രി വിഷം കഴിച്ചത്. അപ്പച്ചിയുടെ മകള്‍ അങ്ങിനെയാണ് പറഞ്ഞത് കരയാതിരിക്കാന്‍ ശ്രമിച്ചു നോക്കി.
അയാളുടെ ശവമഞ്ചമെടുക്കുമ്പോള്‍ ഒരു കാലത്തിന്റെ ഓര്‍മ്മകളും തന്റെ മനസ്സില്‍ എരിഞ്ഞമരുന്നുണ്ടായിരുന്നു.
Generated from archived content: story2_dec11_13.html Author: joy_nediyalimolel