ക്‌ളാര

പുഴക്കരയില്‍ നിന്നും അങ്ങ് ദൂരെയുള്ള റോഡില്‍കൂടി കുറച്ചുപേര്‍ റാന്തല്‍ വിളക്കുകളുമേന്തി ഒരു ജാഥ എന്നപോലെ നടന്നു നീങ്ങുന്നു. സാബിദയെ പറഞ്ഞു വിട്ടു ഉമ്മറും അങ്ങോട്ട് പോയി. റാന്തല്‍ വെളിച്ചത്തില്‍ തെളിഞ്ഞുകണ്ട മുഖങ്ങള്‍ സുപരിചിതങ്ങളായിരുന്നു. അങ്ങാടിയെ ലക്ഷ്യമാക്കിയാണ് ആ ജാഥ നീങ്ങുന്നതെന്ന് വ്യക്തമാണ്.

അലെക്‌സിയുടെ മകള്‍ ക്‌ളാരയെ പല പ്രാവശ്യം തനിച്ചു കണ്ടപ്പോള്‍ മൌനത്തില്‍ നിന്നും വാചാലതയിലേക്ക് മറികടന്നു നിമിഷങ്ങള്‍. നസീര്‍ ഒരിക്കല്‍ ഒരു തുണ്ട് കടലാസ്സു ആരും കാണാതെ ക്‌ളാരയ്ക്ക് കൊടുത്തു. അതില്‍ നസീറിന്റെ ഹൃദയത്തില്‍ നിന്നെഴുതിയ കവിതാ ശകലങ്ങള്‍ പോലെ തന്നുന്ന ഒരു കത്തായിരുന്നു. ക്‌ളാര ആ കത്ത് ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു.

‘ വര്‍ണ്ണ മേഘങ്ങളേ നിങ്ങളെന്‍ പ്രേയസിയോടോത്തു പൂശുമോ വര്‍ണ്ണമാ നീല വിഹായസ്സതില്‍…, കുത്തിത്തറയ്ക്കാതെ കിരണങ്ങള്‍ നീയെന്റെ സഖിയെ മറച്ചു പിടിച്ചു കൊള്‍ക…., അവിടെയാ കുന്നിന്‍ ചെരിവിലെ കാട്ടാറ് പുളകമായ് പാടുന്ന പാട്ട് കേള്‍ക്കാം…, അതിലെന്റെ സഖിയുടെ രാഗങ്ങളുണ്ടെന്നു കാതോര്‍ത്ത് കാതോര്ത്തിരിക്കയായ് ഞാന്‍…!!, ദുരിതമാം ജീവിത യാത്രയില്‍ നീയെന്റെ സഖിയെ ദുരിദത്തിലാഴ്ത്തിടല്ലേ …, .അവളെന്റെ പ്രാണനാ ണവളെന്റെ ജീവനാ ഒരു നാള് ഞങ്ങള്‍ക്കായ് ഒരുക്കുമോ നീ… വര്‍ണ്ണ മേഘങ്ങളേ നിങ്ങളെന്‍ പ്രേയസിയോടോത്തു പൂശുമോ വര്‍ണ്ണമാ നീല വിഹായസ്സതി ല്‍. ആയിരം നൂറ്റാണ്ടു മുമ്പ് തുടങ്ങിയ മ മ പ്രേമമോ നമ്മുടേതോമലാളെ … ?!, ഒരുമാത്ര നിമിഷവും കളയാതെ നീയെന്റെ പ്രേമത്തിനായ് പ്രാര്‍ഥിച്ചു കൊള്‍ക വേണം .., അതിലാണ് ജീവന്റെ പ്രേമമാം അണുക്കളെ പരിപൊഷമാക്കുവാന്‍ കഴിവതുള്ളൂ…!!, വര്‍ണ്ണമേഘങ്ങളേ നിങ്ങളെന്‍ പ്രേയസിയോടോത്തു പൂശുമോ വര്‍ണ്ണമാ നീല വിഹായസ്സതില്‍…, അതിലൊരു ചിത്രം വരയ്ക്കുമോ പ്രിയതമേ നമ്മള്‍ തന്‍ പ്രേമത്തിന്‍ ഛായകൂട്ടിനാല്‍ നീ……!’

നസീറിന്റെ കവിതക്കത്ത് വായിച്ചു മിനിയുടെ അന്തരനഗത്തില്‍ പൂക്കാലം വിരിഞ്ഞു വന്നു. പല കുറി അവള്‍ ആ കത്ത് വായിച്ചു നിര്‍വൃതി കൊണ്ടു.

പിന്നെ ലോഹ്യത്തിലേക്ക് . ലോഹ്യം പിന്നെ പ്രണയത്തിലേക്ക്. ഒന്നിച്ചു വരുന്നു പോകുന്നു. വീട്ടുകാരും എതിര്‍ക്കുന്നില്ല. നസീറ് സ്ഥലത്തെ ഒരു നല്ല സാമ്പത്തിക ഭദ്രത നിറഞ്ഞ മുസ്ലീം കുടുംബത്തില്‍ നിന്നുള്ളതാണ്. കണ്ടാല്‍ സുന്ദരനും. കയ്യിലിരുപ്പുകള്‍ എന്തൊക്കെയാണെന്ന് എണ്ണി നോക്കണം.

ക്‌ളാരയുടെ അമ്മയുടെ പേര് മരിയ ഇളയ പെങ്ങള്‍ മെര്‍ലിന്‍ ആങ്ങളമാര്‍ ബര്‍ണബാസ്, മൈക്കില്‍ എന്നിങ്ങനെ പോകുന്നു അവരുടെ പേരുകള്‍. വിശ്വവിക്യാതരായ സെക്ഷ്പിയറിന്റെയും ടോള്‍സ്‌ടോയിയുടെയും കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്നതുപോലുള്ള അവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ കരുതിപ്പോകും ഇവര്‍ കുടിയേറി പാര്‍ക്കുന്ന ആഗ്‌ളോ ഇന്ത്യന്‍സ് ആയിരിക്കുമോ എന്ന്.

ക്‌ളാര വെളുത്തത് ആയിരുന്നെങ്കിലും അത്ര സുന്ദരി എന്ന് പറയാന്‍ കഴിയില്ല. പക്ഷെ വാക്ക്ചാതുര്യത്തില്‍ അവള്‍ മിടുക്കിയായിരുന്നു. അവളുടെ വാക്കുകളില്‍ തേന്‍ പുരട്ടിയിട്ടുണ്ടോ എന്ന് തോന്നിപ്പോകും. അലെക്‌സി കുടുംബം പോറ്റാന്‍പോന്ന പണികളൊക്കെ ചെയ്തിരുന്നു. അതുകൊണ്ട് കുടുംബം പട്ടിണി കൂടാതെ കഴിഞ്ഞു പോകുന്നു. അയാളുടെ വരുമാനം കൊണ്ടൊന്നും അയാളുടെ ഭാര്യ തൃപ്തി കൊണ്ടില്ല. അവരുടെ പെണ് മക്കളും ആണ് മക്കളും പരിഷ്‌ക്കാരത്തോടെ ജീവിക്കുന്നതില്‍ ഔത്സുക്യരായിരുന്നു . അമ്മയെ കണ്ട് പഠിച്ചതാണ് മക്കള്‍. അലസമായ ഒരു ജീവിത ശൈലിയായിരുന്നു അവരുടേത്. അമ്മ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ട പല സല്‍സ്വഭാവങ്ങലും മക്കള്‍ക്ക് കിട്ടാതെപോയി. മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും കുട്ടികളെ പഠിപ്പിക്കാന്‍ അവര്ക്ക് കഴിയാതെപോയി. അവരുടെ കുത്തഴിഞ്ഞ ജീവിതം അയല്ക്കാരെ മുഷിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു. അയല്‍ക്കാര്‍ പടി പടിയായി ഉയര്‍ന്നപ്പൊഴും അവര്‍ മാത്രം അതേപടി തുടര്‍ന്നു.

മുറ്റം ഒരിക്കലും അടിച്ചു കണ്ടിട്ടില്ല. മുറ്റത്തെ കോണില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങള്‍. അതില്‍ പറ്റിയിരിക്കുന്നതു കോഴികള്‍ കൊത്തി തിന്നുന്നത് കാണാറുണ്ട്. പട്ടികളും ആ പാത്രങ്ങള്‍ നന്നായി നക്കി തുടയ്ക്കും. കോഴികളുടെയും ഗിനിക്കോഴികളുടെയും വിസര്‍ജ്യം മുറ്റമാകെ വൃത്തി ഹീനമാക്കിയിട്ടുണ്ട്. മേല്‍ക്കൂരയിലെ ഓലകള്‍ ദ്രവിച്ചു തുടങ്ങിയിക്കുന്നു. മഴക്കാലത്ത് മഴത്തുള്ളികള്‍ പുരയ്ക്കകത്തു വീഴുമ്പോള്‍ അവിടെ പാത്രം വെയ്ക്കും. വേനല്‍ കാലത്ത് ഓലകള്‍ ദ്രവിച്ച സുഷിരങ്ങളില്‍ കൂടി കടന്നു വരുന്ന സൂര്യ പ്രകാശം വീടിനുള്ളില്‍ പ്രകാശം പരത്തിയിരുന്നു. പകലെന്നപോലെ നിലാവും ആ സുഷിരങ്ങളില്‍ കൂടി അരിച്ചിറങ്ങു മായിരുന്നു .

നസീര്‍ പലപ്പോഴും അവിടെ ക്‌ളാരയെ തിരക്കി ചെല്ലുമ്പോള്‍ ഒരു മരുമകനെ എന്നതുപോലെ അമ്മയും, ചേട്ടനെ എന്നപോലെ അനുജത്തിയും അനുജന്മാരും ചേര്‍ന്ന് നസീറിനെ സ്വീകരിക്കാറുണ്ട്. അതൊക്കെ ജനങ്ങള്‍ പരസ്യമായ രഹസ്യങ്ങളായി കൊണ്ട് നടന്നു. പലരും അടക്കം പറഞ്ഞെകിലും അവരുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ആരും ശ്രമിച്ചില്ല. ഒരു പക്ഷെ തങ്ങളുടെ മകള്‍ക്ക് ഒരു നല്ല ഭാവി കിട്ടുന്നതിലുള്ള അസൂയ കൊണ്ട് പറയുകയാണെന്ന് അവര്‍ തെറ്റിദ്ധരിക്കും എന്ന ആശങ്കയാല്‍ ഒരുത്തരും അവരെ ഗുണദോഷിക്കാനും പോയില്ല.

പള്ളി എത്രയും പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കില്‍ എന്നവള്‍ പ്രാര്‍ഥിക്കും. അള്‍ത്താരയില്‍ നടക്കുന്നതൊന്നും അവള്‍ ശ്രദ്ധിച്ചില്ല. മനസ്സ് നിറയെ നസീറിക്ക ആയിരുന്നു. പള്ളി കഴിഞ്ഞാല്‍ ക്‌ളാര പുറകോട്ടു വലിഞ്ഞു നസീറുമായി സല്ലപിക്കുന്നത് അമ്മ കണ്ടില്ലെന്നു നടിച്ചോ അതോ അഭിമാനമാണെന്നു കരുതിയോ നടന്നു പോകാറുണ്ട്.

ഭാര്യയുടെ കുത്തഴിഞ്ഞ പുസ്തകംപോലുള്ള ജീവിതത്തില്‍ അലക്‌സിയ്ക്ക് ഒന്നും പറയാനില്ലായിരുന്നു. ഒരുപക്ഷെ പറഞ്ഞാന്‍ അത് ചെവിക്കൊള്ളീല്ല എന്ന ബോധം അയാള്ക്കുണ്ടായിരുന്നു . പണി കഴിഞ്ഞാല്‍ കുറെ പട്ടച്ചാരായം അകത്താക്കി അയാള് വീട്ടിലേക്കു മടങ്ങും. വഴി നീളെയുള്ള വീട്ടുകാരുടെ കുറ്റവും കുറവും അയാള് വിളിച്ചു പറയും. തന്റെ മക്കളെ നേരെ ചൊവ്വേ വളര്‍ത്താനോ സന്മാര്‍ഗത്തില്‍ ജീവിക്കുവാനോ അയാള്‍ പഠിപ്പിച്ചില്ല. സ്വന്ത കണ്ണില്‍ കൊലിരിക്കെ അയാള്‍ അന്യന്റെ കണ്ണില്‍ കരടു തിരയുകയായിരുന്നു. അതയാളുടെ തനതായ സാഹചര്യങ്ങളില്‍ കൂടി വളര്‍ന്നു വന്ന ഒരു ചാപല്യമായിരുന്നു. ചിലര് എതിര്‍ക്കുമ്പോള്‍ കശപിശയാകും. വീട്ടില് എത്തിയാല്‍ അയാള് വീട്ടിനകത്ത് ചടഞ്ഞിരിക്കും. തൊടുവിലെ കിണറ്റില്‍ നിന്ന് രണ്ടു തൊട്ടി വെള്ളം കോരി ദേഹത്തൊഴിച്ച് കുളിച്ചെന്നു വരുത്തും. ചുറ്റു മതിലില്ലാത്ത കിണറ്റിലെക്ക് അയാള്‍ കുളിക്കുന്ന വെള്ളം ഒലിച്ചിറങ്ങുന്നത് കാണാം.

അത്താഴത്തിന്റെ സമയമാകുമ്പോള്‍ പുറത്തു കിടക്കുന്ന കോഴി കയറി ഇറങ്ങിയതും പട്ടി നക്കിയതുമായ പാത്രങ്ങള്‍ ഒരു വഴിപാടെന്നപോലെ ഇളയ മകള്‍ കഴുകിയെടുക്കും. അതും തത്രപ്പാടില്‍ തന്നെ. ആ പാത്രങ്ങളില്‍ അത്താഴവും കഴിച്ചു അവര്‍ നേരത്തെ തന്നെ വിളക്കണച്ചു കിടന്നുറങ്ങും. വഴിയെ പോകുന്നവര്‍ പറയും എന്ത് മനുഷ്യരാണിവര്‍ എന്ന്.

നസീറിന്റെയും ക്‌ളാരയുടെയും പ്രേമ ബദ്ധത മുറുകി വന്നു. ഒടുവില്‍ അവള്‍ ആ പാപ ഭാരത്തെ ഒരു ആണ് കുഞ്ഞായി പ്രസവിച്ചു. നസീറിന്റെ ക്‌ളാരയുടെ മേലുള്ള ആസക്തി കുറഞ്ഞു വന്നത് അവള്‍ ഗര്‍ഭിണിയാണെന്നു അറിഞ്ഞപ്പോള്‍ മുതല്‍ ക്‌ളാര മനസ്സിലാക്കിയിരുന്നു. അപ്പോഴേയ്ക്കും ക്‌ളാര ചെകുത്താനും കടലിനും നടുക്കായതുപോലെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ആ ഗര്‍ഭ ഭാരം ചുമന്നു പ്രസവിച്ചു.

കുഞ്ഞിന്റെ അച്ഛനെ സ്ഥാപിച്ചെടുക്കാന്‍ പുറപ്പെട്ടതാണിപ്പോള്‍ ക്‌ളാരയുടെ വീട്ടുകാരും അവരെ പിന്തുണക്കുന്ന മറ്റു ചിലരും. തീപന്തങ്ങള്‍ എന്തിയ ജാഥയ്ക്ക് നടുവില്‍ ക്‌ളാര കുട്ടിയെയും എടുത്തു നടക്കുന്നുണ്ട്..

ജാഥയെ ദൂരെ നിന്ന് വീക്ഷിക്കുവാനെ കഴിഞ്ഞുള്ളു. ഇത്തരത്തിലുള്ള ജാഥയില്‍ പങ്കാളിയായി ചേര്‍ന്നാല്‍ ഒരു പക്ഷെ മാനഹാനി തന്നെ സംഭവിച്ചേക്കാം. ഉമ്മര്‍ ദൂരെ നിന്ന് ജാഥയെ വീക്ഷിച്ചു. അങ്ങാടിയിലുള്ള നസീറിന്റെ വീടിന്റെ ഉമ്മറത്ത് ക്‌ളാര കുട്ടിയെ കിടത്തി. നസീറിന്റെ വാപ്പയും ഉമ്മയും അനുജനും പുരയ്ക്കകത്ത് നിന്ന് പെങ്ങമാരും അവിടെ നാടകീയമായി അരങ്ങേറുന്ന രംഗങ്ങളെ പകച്ചു നോക്കി.

ജന മദ്ധ്യത്തില്‍ ക്‌ളാര ഉറക്കെ ഉറക്കെ ഘോഷിച്ചു തന്റെ കുട്ടിയുടെ അച്ഛന്‍ ഈ നില്ക്കുന്ന നസീറാ ണെന്നു . ക്‌ളാര അങ്ങനെ പറഞ്ഞതില്‍ നസീറിനു ലവലേശം ജാള്യത തോന്നിയില്ല. ഡി.എന്‍.എ ടെസ്റ്റില്‍ കൂടി പിതൃത്വം സ്ഥാപിക്കുന്നതറിയാം. പക്ഷെ ഇങ്ങനെ വീടിന്റെ ഉമ്മറത്ത് കുട്ടിയെ കിടത്തി പിതൃത്വം സ്ഥാപിച്ചെടുക്കുന്നത് ആദ്യമായാണ് കാണുന്നത്. വിചിത്രമായ പിതൃത്വ സ്ഥിതീകരണം.

ആള്‍ക്കാര്‍ കൂട്ടമായി കൂടി നിന്നു . ഒരു പാമ്പാട്ടി കൂടയില്‍ നിന്ന് പുറത്തെടുത്ത് കിടത്തിയിരിക്കുന്ന പാമ്പിനെപ്പോലെ കുട്ടി കയ്യും കാലും ഇളക്കുന്നുണ്ട്. കുട്ടിയ്ക്കടുത്ത് പാമ്പാട്ടിയെപ്പോലെ കുത്തിയിരിക്കുന്ന ക്‌ളാരയും. പുറകില്‍ നിന്ന് എത്തി നോക്കുന്ന ജനങ്ങള്‍ തിക്കും തിരക്കും ഉണ്ടാക്കികൊണ്ടിരുന്നു..

‘നിങ്ങള്‍ക്കുണ്ടായ കുട്ടിയാണിത് ….നിങ്ങള്‍ക്കുണ്ടായത്…..’ ക്‌ളാര നസീറിനെ നോക്കി ആവര്‍ത്തിച്ചു പറഞ്ഞു. തടഞ്ഞു നിര്‍ത്തിയിരുന്ന മൌനം ഭേദിച്ചുകൊണ്ട് നസീര്‍ ഗര്‍ജ്ജിച്ചു പറഞ്ഞു ‘ എടീ നീ ഏതവ ന്റെയൊക്കെ കൂടെപ്പോയോ അവനെയൊക്കെ വിളിക്കീന്‍ കുട്ടീടെ അച്ഛനെ കണ്ടു പിടിക്കാന്‍….നിനക്കറിയില്ലെങ്കില്‍ എനിക്കറിയാം അവരെയൊക്കെ … വേണമെങ്കില്‍ അവരെയൊക്കെ ഞാന്‍ വിളിച്ചു വരുത്താം….!’

നസീര്‍ അത് പറയുമ്പോള്‍ പലരും അവിടെ നിന്ന് ഇരുട്ടിന്റെ മറപറ്റി പോകുന്നത് കണ്ടു. പിന്നാലെ തീ പന്തങ്ങളും അണഞ്ഞു തുടങ്ങി. ക്‌ളാര കുട്ടിയെ എടുത്ത് വീട്ടുകാരോടൊത്ത് വീട്ടിലേക്ക് നടന്നു.

അവരുടെ കാലടിയുടെ സബ്ദം അപ്പോള്‍ അവര്‍ക്ക് മാത്രമേ കേള്‍ക്കാമായിരുന്നുള്ളു .

Generated from archived content: story1_sep19_14.html Author: joy_nediyalimolel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവൈശാഖ പൗര്‍ണമി – ഭാഗം 8 (നീണ്ടകഥ)
Next articleഅധ്യായം 5
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here