‘ മമ്മി ഇസ് ബാര്‍ മേഫി ലലിതാ ക്കേ സാത്ത് രാമേശ്വരം ജാവൂം കി” ( മമ്മി ഇത്തവണ ഞാനും ലലിതയുടെ കൂടെ രാമേശ്വരത്തിനു പോകും) സജിത അവളുടെ അമ്മയോട് ദൃഢമായി പറഞ്ഞു
”നഹി തൂ അഫി ഏക് ജവാനി ലട്കി ഹെ ” ( ഇല്ല നീയൊരു പ്രായം തികഞ്ഞ പെണ്ണാണ് ”) സജിതയുടെ അമ്മ നിഷേധാര്‍ത്ഥത്തില്‍ പറഞ്ഞു. ഡോക്ടര്‍ അറുമുഖം ഹോസ്പിറ്റലില്‍ നിന്നും തിരിച്ചെത്തി അമ്മയുടെയും മകളുടേയും സംസാരത്തിനിടെ അയാള്‍ മുറിക്കുള്ളിലേക്കു കയറിപ്പോയി. ടൈ അഴിച്ചുകൊണ്ട് അറുമുഖം തിരക്കി ” വാട്ടീസ് ബേബി?”
”ഡാഡി മമ്മ നോട്ട് അലൌവിംഗ് മി ടു ഗോ രാമേശ്വരം വിത്ത് ലലിത ” സജിത അച്ഛനോടു സങ്കടമുണര്‍ത്തിച്ചു.
” എന്തു പറ്റി ലക്ഷ്മിയമ്മാള്‍ നിനക്ക്? അവളൊന്നു പോയിക്കാണട്ടെ നമ്മുടെ നാട്ടില്‍ അവളൊന്നു പോയി വരട്ടെ. നമുക്കിനി ആ നാടുമായി ഇഴുകിച്ചേരാന്‍ പറ്റുമോ? അതൊരു ചോദ്യ ചിഹ്നം മാത്രമാണ്. നമ്മള്‍ സ്വന്ത നാടും വീ!ടും വിട്ട് എന്നന്നേക്കുമായി പോന്നു. നീ ഓര്‍ക്കുന്നില്ലേ ഇവിടെ ഡല്‍ഹിയില്‍ പ്രാക്ടീസിനു വന്നപ്പോള്‍ നമ്മള്‍ കണ്ടു മുട്ടിയതും പിന്നെ.. നമ്മുടെ കാരണവന്മാര്‍ എല്ലാം നമ്മെ വിട്ടു പോയി. അവരുടെ ഓര്‍മ്മകള്‍ക്കായി ഒര്‍ച്ചനവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല സജിത അവരുടെ കൂടെ പോയിക്കൊള്ളട്ടെ. ലലിത അവള്‍!ക്കൊരു കൂട്ടുമായി. എന്തിനു പിന്നെ പേടിക്കണം? നമ്മുടെ പിതാക്കന്മാരുടെ ആത്മാക്കള്‍ക്കായി സജിത അവിടെ ശ്രാദ്ധവും നടത്തട്ടെ കൂട്ടത്തില്‍ നമ്മുടെ നാടും കാണട്ടെ ”
ലക്ഷ്മിയമ്മാള്‍ പിടിവാശിയില്‍ നിന്നല്‍പ്പം തെന്നിമാറി. ഒരു നിമിഷം തമിഴ്മക്കളുടെ ലോകത്തേക്കു പാഞ്ഞു ചെന്നു. രാമേശ്വരത്തിന്റെ മനോഹാരിത അവരുടെ ഹൃദയത്തില്‍ നിറഞ്ഞു നിന്നു.
ശ്രീരാമന്റെ തൃപ്പാദങ്ങള്‍! കൊണ്ട് അനുഗ്രഹീതമായ നാട്. തെക്കു പടിഞ്ഞാറ് കരയെ തഴുകുന്ന മഹാസമുദ്രം. തന്റെ ചെറുപ്പത്തില്‍ അച്ഛന്റെ കൈകളില്‍ കിടന്നു നീന്താന്‍ പഠിച്ചത് രാമേശ്വരം കടലിറമ്പിലാണ്.
അവിടെ ശ്രാദ്ധം നടത്തുന്ന പൂക്കളും പച്ചിലകളും ചന്ദനത്തിരികളും ദേഹത്തില്‍ അടിച്ചു കയറുമ്പോള്‍! ശുണ്ഠി പിടിക്കുമായിരുന്നു. അപ്പോള്‍! അച്ഛന്‍ പറയും ” അങ്ങനെയൊന്നും പറയരുത് മോളേ അതു പാപമാണ്. ഇവിടെമെല്ലാം പവിത്രമാണ് ഈ ഒഴുകുന്നത് പുണ്യതീര്‍ത്ഥമാണ്” കുട്ടിക്കാലങ്ങള്‍ കഴിഞ്ഞു പോയത് ഒരു സ്വപ്നം പോലെയായിരുന്നു . അച്ഛനൊരിക്കലും ഇഷ്ടമില്ലായിരുന്നു ഡല്‍ഹിയിലെത്താന്‍. അച്ഛന്റെ ഹിതങ്ങള്‍ക്കപ്പുറമായി അച്ഛന്റെ ചിത ഡല്‍ഹിയിലെ പൊതുശ്മശാനത്തില്‍ എരിഞ്ഞടങ്ങി.
പോകട്ടെ എന്റെ മകളെങ്കിലും അച്ഛന്റെ ഒരു നുള്ളു വിഭൂതിയെങ്കിലും രാമേശ്വരം കടലില്‍ നിമഞ്ചനം ചെയ്യട്ടെ.
ലക്ഷ്മിയമ്മാളിന്റെ മുഖം അരുണാഭമാകുന്നത് അറുമുഖവും മകളും നോക്കി നിന്നു. ഉള്ളില്‍ ഊറിത്തുടങ്ങിയ ദു:ഖത്തെ അമര്‍ത്തിക്കൊണ്ടു ലക്ഷ്മിയമ്മാള്‍ പറഞ്ഞു.
” അയാം എഗ്രീഡ് യു ഗോ വിത്ത് ലലിത” . ” മമ്മി ഹിപ് ഹിപ് ഹുറേ” സജിത സന്തോഷാധിക്യത്താല്‍ തൂള്ളിച്ചാടി. ലക്ഷ്മിയമ്മാള്‍ അറുമുഖം ദമ്പതികള്‍ക്കുള്ള ഒരേ ഒരു സന്തതിയാണ് സജിത. അച്ഛനും അമ്മയും വീട്ടില്‍ തമിഴ് സംസാരിക്കുന്നതുകൊണ്ട് സജിതക്കു അല്പമായി തമിഴറിയാം. ബാക്കിയെല്ലാം ഹിന്ദിയിലും ഇംഗ്ലീഷിലുമാണ്. അവള്‍ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയില്‍ തന്നെ.
ലക്ഷ്മിയമ്മാളും അറുമുഖവും ചേര്‍ന്നു നഴ്‌സിംഗ് ഹോം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അടുത്തെയിടെയാണ് ലക്ഷ്മിയമ്മാള്‍ ന!ഴ്‌സിംഗ് ഹോമിന്റെ പേര്‍ സജിത നഴ്‌സിംഗ് ഹോം എന്നാക്കിയത്. അവരുടെ അച്ഛന്‍ കിടന്നു മരിച്ചത് ഇതേ നഴ്‌സിംഗ് ഹോമിലായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ പറഞ്ഞത് ലക്ഷ്മിയമ്മാള്‍ അയവിറക്കാറുണ്ട് ‘ എന്റെ ശ്രാദ്ധം നിങ്ങള്‍ രാമേശ്വരത്തു പോയി കഴിക്കണം മക്കളെ”
മരണ സമയത്ത് അച്ഛന്റെ ആത്മാവിനിടര്‍ച്ചയുണ്ടാകാതിരി!ക്കാന്‍ ചെയ്തുകൊള്ളാമെന്ന് കണ്ണീരോടെ സമ്മതിച്ചു. പിന്നെ പിന്നെ അതൊരോര്‍മ്മയായി.
ഡല്‍ഹിയിലെ തിരക്കുപിടിച്ച ജീവിതത്തില്‍ എല്ലാം മറന്നു. വല്ലപ്പോഴും മാത്രമാണിപ്പോള്‍! അച്ഛനെക്കുറിച്ചോര്‍ക്കുന്നത്. ഒന്നും മനപൂര്‍വ്വമല്ലായിരുന്നു മകളെങ്കിലും പോയി അച്ഛന്റെ ശ്രാദ്ധം കഴിച്ചു വരട്ടേയെന്നു ല!ക്ഷ്മിയമ്മാള്‍ ആശ്വസിച്ചു. സജിത ഊണും ഉറക്കവുമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കി. ലലിതയെ കണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ചെയ്തു.
അച്ഛന്റെയും അമ്മയുടെയും നാടുകാണാന്‍ അവളില്‍ ഔത്സുക്യം ജനിച്ചു. പാമ്പന്‍ പാലത്തിന്റെ മുകളിലേക്ക് ഒരിരമ്പലോടെ ട്രെയില്‍ കയറിയപ്പോള്‍! സജിത ഉത്സാഹഭരിതയായി നാലുപാടും നോക്കി . കരയെ വിഴുങ്ങുന്ന കടല്‍. ചുറ്റും ബ്രിഡ്ജിനു താഴെ ആര്‍ത്തിരമ്പുന്ന കടല്‍. കടലില്‍ മിന്നിമറയുന്ന മത്സ്യങ്ങള്‍. രണ്ടു മൂന്നു മൈല്‍ ദൂരം വരുന്ന കടലിനു മീതെയുള്ള പാമ്പന്‍ പാലം. സജിതക്കെന്നല്ല ആര്‍ക്കും അതിശയകരമായി തോന്നും.
സായാഹ്ന സൂര്യന്റെ ചെങ്കതിര്‍ രാമേശ്വരം പൊതിഞ്ഞു നില്‍ക്കുമ്പോഴാണ് അവര്‍ അവിടെ എത്തിയത്.
ഗുജറാത്തു ഭവന്റെ ഒരു മൂലയിലേക്കു സാധങ്ങള്‍ വലിച്ചെറിഞ്ഞ് സജിത ലലിതയുടെ കയ്യും പിടിച്ച് പുറത്തേക്കു ഓടി.
ശാന്തമായ രാമേശ്വരം കടല്‍. കടല്‍ക്കരെ ശ്രാദ്ധ കര്‍മ്മങ്ങള്‍നടന്നുകൊണ്ടിരിക്കുന്നു. പൂവും കതിരും മലരും നിറഞ്ഞ ഇലയും വിഭൂതി മൂടിക്കെട്ടിയ കുടവുമായി ജനങ്ങള്‍ അരഭാഗം വരെ കടലിലേക്കിറങ്ങിപ്പോള്‍ അവരൊന്നായി മുങ്ങി അതു കടലില്‍ നിക്ഷേപിക്കുന്നു. എല്ലായിടത്തും മന്ത്രാക്ഷരങ്ങള്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്. അതിനെ ഭജ്ഞിച്ചുകൊണ്ട് ഭിക്ഷക്കാര്‍ ഭിക്ഷ യാചിക്കുന്നു.
”അമ്മാ വല്ലതും കൊടുക്കമാ”
രാമേശ്വരം ക്ഷേത്രം മുതല്‍ കടല്‍ വരെ നിരത്തിനിരുപുറവും ധര്‍മ്മക്കാര്‍ നിരന്നിരിപ്പുണ്ട് സജിതയും ലലിതയും ബുദ്ധ ക്ഷേത്രത്തിനു മുകളില്‍ കയറി രാമേശ്വരം കടലിന്റെ മനോഹാരിത പൂര്‍ണ്ണമായും ആസ്വദിക്കുകയാണ്. രാത്രിയിലാരെല്ലാമോ ഗുജറാത്തു ഭവന്റെ പ്രയര്‍ ഹാളിലിരുന്ന് ഭക്തി ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. അതൊരു സംഘം മറാഠി തീര്‍ത്ഥാടകരായിരുന്നു അത് യാമങ്ങളൊളം നീണ്ടൂ നിന്നു.
സജിത സ്വപ്നത്തിലേക്കു വഴുതി വീണ്ടുറങ്ങുകയാണ്. മുത്തച്ഛന്റെ വിഭൂതി ! നിറച്ച കുടത്തിന്റെ വായ് തുറന്നിരിക്കുന്നു. അതിനുള്ളില്‍ നിന്ന് വിഭൂതി അന്തരീക്ഷത്തിലേക്കുയര്‍ന്ന് മുത്തച്ഛന്റെ രൂപം പ്രാപിച്ചിരിക്കുന്നു. ഒന്നു കൂടി സൂക്ഷിച്ചു നോക്കി അതെ ഒരു മാറ്റവുമില്ല. മുത്തച്ഛന്‍ തന്നെ കൈകളിലേക്കുയര്‍ത്തുന്നു ഉമ്മ വയ്ക്കുന്നു ആശീര്‍വദിക്കുന്നു. എന്നിട്ടു പറയുന്നു നീ ഭാഗ്യമുള്ളവളാ മോളെ പക്ഷെ നിന്റെ അമ്മക്കിതിനൊന്നും സമയമില്ലാതെ പോയല്ലോ.
കണ്ണുകളില്‍ തീക്ഷ്ണത വരുത്തിക്കൊണ്ടങ്ങനെ ചോദിച്ചപ്പോള്‍ സജിത ഞെട്ടീ എഴുന്നേറ്റു. പെട്ടന്ന് ലൈറ്റിട്ട് ചുറ്റും നോക്കി ഒന്നും സംഭവിച്ചിട്ടില്ല. കുടത്തിന്റെ വായ് അടഞ്ഞു തന്നെയിരിക്കുന്നു. താന്‍ കണ്ടത് സ്വപ്നമയിരുന്നോ എന്നവള്‍ ശങ്കിച്ചു. കൂജയിലെ തണുത്ത വെള്ളം ഒരു ഗ്ലാസെടുത്ത് ആര്‍ത്തി യോടെ കുടിച്ചു. ലൈറ്റണക്കാതെ അവള്‍ വീണ്ടും കിടന്നുറങ്ങി.
പ്രഭാതം വളരെ നേരത്തെ തന്നെ കടല്‍ പ്രാന്തങ്ങളെ തഴുകിയുണര്‍ത്തി. ശംഖു നാദവും മണിയൊച്ചയും ക്ഷേത്രത്തില്‍ നിന്ന് മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ രാത്രിയില്‍ കണ്ട സ്വപ്നത്തിന്റെ ആഘാതം സജിതയുടെ മുഖത്തു നിഴലിച്ചിരുന്നു.
ലലിതയും വീട്ടുകാരും സജിതയും സുപ്രഭാതത്തില്‍ തന്നെ കടല്‍ക്കരയിലേക്കു പോയി. മണ്‍കുടവും അവരുടെ കയ്യിലുണ്ട്.
പ്രഭാതത്തില്‍ തന്നെ പൂജാരികള് !കടല്‍ക്കരയില്‍ വന്നെത്തിയിട്ടുണ്ട്. അവര്‍ ജപിച്ചതിനു ശേഷമാണ് വിഭൂതി കടലില്‍ നിമജ്ഞനം ചെയ്യുന്നത്. ലലിതയും വീട്ടുകാരും ഏതോ പൂജാരിയുടെ ചുറ്റും കൂടിയിരുന്നു പൂജ ചെയ്യുന്നു.
സജിത കുടവും നെഞ്ചോടടുക്കിപ്പിടിച്ചു ഇതികര്‍ത്തവ്യതാമൂഢയായി കടലിലേക്കു നോക്കി നിന്നു.
” നിങ്ങളും ശ്രാദ്ധത്തിനു വന്നതാണോ?” ഒരു യുവ പൂജാരി സജിതയോടു തിരക്കി. അവള്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നതു പോലെ പറഞ്ഞു.
” അതെ”
” എന്നാല്‍ വരു ഞാന്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍! നടത്തി തരാം.”
അയാള്‍ കുടത്തിന്റെ വായ് തുറന്ന് അതില്‍ പൂവും ഇലയും മലരുമിട്ട് മന്ത്രങ്ങള്‍ ചൊല്ലി സജിതയുടെ കണ്ണുകള്‍ അയാളില്‍ തന്നെ ഉടക്കി നിന്നു.
രാത്രിയില്‍ കണ്ട സ്വപ്നം പോലെ വീണ്ടും കുടത്തില്‍ നിന്ന് വിഭൂതി പുറത്തു വരുന്നു. അതു മുത്തച്ഛന്റെ രൂപം സൃഷ്ടിക്കുന്നു.
”മുത്തച്ഛന്‍ പറയുന്നു ” എനിക്കെന്റെ നാടു വലുതാണു മോളെ എന്റെ പരമ്പരകളിവിടെ വളരണം നീയതു കാത്തു സൂക്ഷിക്കണം ” സജിതയുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ അപ്പോഴൊരു വന്‍ തിര അടിച്ചുകൊണ്ടിരുന്നു. യുവ പൂജാരി മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
” ഇനി ഇതു കയ്യിലെടുക്കു എന്നിട്ട് സൂര്യനെ നോക്കി കടലിലേക്കു നടക്കു. അരഭാഗം വരെ വെള്ളത്തിലിറങ്ങി, പിന്നെ മുഴുവനായി മുങ്ങി വിഭൂതി നിക്ഷേപിച്ചു കൊള്ളു”
ലലിതയും വീട്ടുകാരും വിഭൂതി ഒഴുക്കും കഴിഞ്ഞ് ക്ഷേത്രത്തിലേക്കു പോയിക്കഴിഞ്ഞിരുന്നു. യുവ ബ്രാഹ്മണന്റെ നിര്‍ദ്ദേശമനുസരിച്ച് സജിത അരഭാഗം വരെ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. എന്നിട്ടാ കണ്ണുകള്‍ യുവ ബ്രാഹ്മണനെ ക്ഷണിച്ചു. അയാള്‍ ഉല്‍ക്കണ്ഠയോടെ അവളുടെ അടുത്തേക്കുചെന്നു. സജിത സാകൂതം പറഞ്ഞു.
” ഇന്നലെ രാത്രിയിലും ഇന്നിപ്പോഴും എന്റെ മുത്തച്ഛന്റെ ആത്മാവെന്നോടു നിര്‍കര്‍ഷിക്കുന്നു മുത്തച്ഛന്റെ പരമ്പര ഇവിടെത്തന്നെ വളരണമെന്ന് അതിനെന്നെ മുത്തച്ഛന്‍ തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ ഏകയാണ്. നിങ്ങള്‍ക്കെന്നെ സഹായിക്കാമെങ്കില്‍ ഈ കുടത്തില്‍ പിടിക്കു നമുക്കൊന്നു ചേര്‍ന്നു നിമജ്ഞനം ചെയ്യാം”
മാനുഷികമായ ചില ചിന്തകളുടെ വേലിയേറ്റം അയാളെ മഥിച്ചു. പിന്നെ എന്തോ തീരുമാനമെടുത്തപോലെ സജിത പിടിച്ചിരുന്ന കുടത്തില്‍ കടന്നു പിടിച്ചു. ആ സമയം അവര്‍ ഒന്നായി തീര്‍ന്നു.
ബ്രാഹ്മണന്റെ നിര്‍ദ്ദേശപ്രകാരം സജിത ക്ഷേത്ര ദര്‍ശനം നടത്തി. ഇരുപത്തിയൊന്നു കുണ്ഠങ്ങളില്‍ വെള്ളം കോരി സജിതയുടെ തലയില്‍ ചൊരിഞ്ഞു കൊടുത്തു. അപ്പോഴൊക്കെ അവളൊരു നിര്‍വൃതിയിലലിഞ്ഞു.
ക്ഷേത്രം ചുറ്റുന്നതിനിടയില്‍ ലലിതയെ കണ്ടു മുട്ടി. സജിത സംഭവവികാസങ്ങള്‍ ലലിതയെ അറിയിച്ചു. ലലിതയുടെ കണ്ണുകള്‍ തീഗോളം പോലെ ചുവക്കുന്നതും അവയില്‍ ഒരു സാഗരം അലയടിക്കുന്നതും സജിത കണ്ടു. അവര്‍ നിറകണ്ണുകളോടെ ആലിംഗബദ്ധരായി.
ഗുജറാത്തു ഭവന്റെ പടിക്കല്‍ നിന്നു ലലിതയും വീട്ടുകാരും പുറപ്പെടുമ്പോള്‍ ബ്രാഹ്മണന്റെ കയ്യും പിടിച്ച് സജിത ഈറനണിഞ്ഞ കണ്ണുകളോടെ നിന്നു. കണ്ണില്‍ നിന്നു മറയുന്നതുവരെ അവരെത്തന്നെ നോക്കി നിന്നു. ലലിത കണ്ണുനീരൊപ്പുന്നതു കാണാമായിരുന്നു.
ബ്രാഹ്മണനും സജിതയും കടല്‍ത്തീരത്തേക്കു പോയി. അപ്പോഴേക്കും സന്ധ്യ ചുവന്നു തുടുത്തിരുന്നു. സജിത അനന്തമായ കടലിലേക്കു നോക്കി ആരോടെന്നില്ലാതെ പറഞ്ഞു ” അനന്തമജ്ഞാതം”
Generated from archived content: story1_mar7_14.html Author: joy_nediyalimolel
Click this button or press Ctrl+G to toggle between Malayalam and English