അന്ന് മാനേജ്മെന്റ് മീറ്റിംഗ് ഉള്ള ദിവസ്സമായിരുന്നു.
നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നെങ്കിലും വഴി മദ്ധ്യേ കാറിന്റെ ടയർ പഞ്ചർ ആയി. തലേ ദിവസത്തെ ജോലി ഭാരത്തിന്റെ ക്ഷീണം കൊണ്ടായിരിക്കണം ടയർ കടക്കാരൻ കട തുറന്നിട്ടില്ല. പഞ്ചർ കടയ്ക്കു മുന്നിലെ ബോർഡിൽ നിന്നും അയാളുടെ മൊബൈൽ നമ്പർ കിട്ടി. ആ നമ്പറിൽ വിളിച്ചു. സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.
മറ്റൊരു നമ്പർ കൂടി ബോർഡിൽ ഉണ്ടായിരുന്നതിൽ വിളിച്ചു. റിംഗ് അടിക്കുന്നുണ്ട്. ഒരു സ്ത്രീയാണ് ഫോണ്‍ എടുത്തത്.
പഞ്ചറു കടക്കാരന്റെ വീടല്ലേ എന്ന് തിരക്കി ഉറപ്പു വരുത്തി. ഉറങ്ങി കിടന്ന പഞ്ചറു കടക്കാരനെ സ്ത്രീ വിളിച്ചുണർത്തുന്നത് ഫോണിൽകൂടി കേൾക്കാം.
ഉറക്കത്തിൽ നിന്നും അയാൾ പണിപ്പെട്ട് ഉണർന്നു.
ഉറക്കം തീരാത്തതിന്റെ ദേഷ്യം അയാൾ പ്രകടിപ്പിക്കുന്നുണ്ട്. അയാൾ പിറുപിറുത്തുകൊണ്ട് പ്രതികരിക്കുന്നതായി കേൾക്കാം.
മീറ്റിംഗിൽ പങ്കെടുക്കാനുള്ളതാണ് അതുകൊണ്ട് പഞ്ചർ ഒട്ടിച്ചു തരണമെന്ന് അയാളോട് കെഞ്ചി. അയാൾ വന്നു പഞ്ചർ ഒട്ടിച്ചു. ഇരട്ടി കൂലി അതിനായി അയാൾ വാങ്ങി. എങ്കിലും കാര്യം നടന്നല്ലോ എന്നു സമാധാനിച്ചു.
അമിത വേഗത്തിലാണ് കാറ് പായിച്ചത്. സിഗ്നലിന്റെ അടുത്ത് എത്തിയപ്പോഴേയ്ക്കും ചുവന്ന ലൈറ്റ് വീണു. സ്വയം ശപിച്ചു.
യാചകർ തലങ്ങും വിലങ്ങും നടന്നു ഭിക്ഷ യാചിക്കുന്നുണ്ട്.
എന്നും ഈ കാഴ്ച്ച പതിവാണ്. അതുകൊണ്ട് ആരെയും ഗൗനിച്ചില്ല.
ടോൾ പിരിക്കുന്നിടത്തും സിഗ്നലുകളിലും ഇപ്പോൾ ഹിജടകൾ ഭിക്ഷാടനത്തിന് എത്തിയിട്ടുണ്ട്.
ട്രെയിൻ യാത്രക്കാർ ഇപ്പോൾ ഹിജടകൾക്ക് വിരളമായാണു ഭിക്ഷ കൊടുക്കാറുള്ളു. അതുകൊണ്ടായിരിക്കാം അവർ ഇപ്പോൾ ടോൾ പിരിക്കുന്നിടങ്ങളിൽ എത്തി പൈസ വസൂൽ ചെയ്യുന്നത്.
ഒരു ഹിജട കയ്യുകൾ അത്യുച്ചത്തിൽ മർദ്ദിച്ച് സബ്ദമുണ്ടാക്കി ഞാനിരുന്ന കാറിനെ സമീപിച്ചു. അമർഷം പിടിച്ചു നിർത്താൻ കഴിയാതെ ഞാൻ അവരെ നോക്കാതെ മുന്നിലെ സിഗ്നലിലേക്ക് നോക്കി യിരുന്നു. മനസ്സിൽ നിറയെ അസ്വസ്ഥത തളം കെട്ടിയിരുന്നു.
ആരോടോ തീർക്കാനുള്ള പക മനസ്സിൽ കത്തി എരിയുന്നതുപോലെ തോന്നി. “ഇതൊക്കെ വന്നു പെടാവുന്ന കാര്യങളല്ലെ” എന്നു സ്വയം സമാധാനിച്ചു.
ഹിജട തമിഴിൽ തെറി പറഞ്ഞു. മിക്ക ഹിജടകളും തമിഴാണു സംസാരിച്ചു കേൾക്കാറുള്ളത്. ഒരുപക്ഷെ അവരുടെ സാമാന്യ ഭാഷ തമിഴ് ആയിരിക്കുമെന്ന് ഞാൻ കരുതുന്നു.
തമിഴ് അറിയാവുന്നത്കൊണ്ട് അവർ പറഞ്ഞ അസഭ്യത്തിന്റെ ജാള്യത ഞാൻ എന്നിൽ ഒളിപ്പിച്ചു. മറാഠികൾക്ക് തമിഴ് അറിയാത്തതുകൊണ്ട് അവർ അവരെ നോക്കി ചിരിക്കും.
ഹിജട കയ്യുകൾ ആഞ്ഞടിച്ച് അടുത്തുള്ള വാഹനങ്ങളെ സമീപിച്ച് പൈസ വാങ്ങി ബ്ലൗസ്സിനുള്ളിൽ കുത്തി തിരുകുന്നതു കണ്ടു.
സിഗ്നലിൽ പച്ച ലൈറ്റ് തെളിഞ്ഞു. ഞാൻ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ഹിജട കയ്യുകൾ തെന്നിച്ച് എന്നെ ആക്ഷേപിക്കുന്നത് കണ്ടു.
പിന്നെ പല കുറി ഞാൻ ആ ഹിജടയെ സിഗ്നലുകളിലും ടോൾ നാക്കയിലും വെച്ച് കണ്ടിട്ടുണ്ട്. ഞാൻ കാറിന്റെ ചില്ലു താഴ്ത്തി ഇരിക്കുമ്പോൾ ആ ഹിജട എന്റെ അടുത്ത് വന്ന് എന്റെ തലയിൽ കയ്യുവെച്ച് ആശിർവദിക്കുകയും കവിളിൽ പിടിച്ച് വലിക്കുകയും ചെയ്യാറുണ്ട്. . .
എന്നിട്ട് എന്റെ പോക്കറ്റിൽ ബലമായി കയ്യിട്ട് പൈസ എടുക്കാൻ ശ്രമിച്ചത് ഞാൻ നഖശിഖാന്തം എതിർത്തു. അങ്ങനെ ഒരിക്കൽ മാത്രമെ സംഭവിച്ചുള്ളു. പിന്നീട് അതിനു അവസ്സരം കൊടുക്കാതെ കാറിന്റെ ഗ്ലാസ് ഉയർത്തിയിടും.
അവർ പിന്നെയും എന്നോട് പള്ളുവാക്കുകൾ പറഞ്ഞ് കൈ തെന്നിച്ച് കാണിച്ച് അടുത്തുള്ള വണ്ടികളെ ലക്ഷ്യമാക്കി നടന്നകലാറാണു പതിവ്.
ഒരായിരം ഹിജടകൾ തനിക്ക് ചുറ്റും നിന്ന് തന്നെ പരിഹസ്സിക്കുന്നതുപോലെയും മാറി മാറി അസഭ്യംപുലമ്പുന്നതായും അവരുടെ ഉടുവസ്ത്രങ്ങള്‍ പൊന്തിച്ചു കാണിക്കുന്നതുപോലെയും തോന്നി തനിക്കപ്പോൾ.
“ഇല്ല എന്തുതന്നെ വന്നാലും ഇവറ്റകൾക്ക് പത്തിന്റെ പൈസ കൊടുക്കില്ല” എന്നു എന്റെ മനസ്സ് ശഠിച്ചു.
ടോൾ നാക്കയിൽ നിരനിരയായി നില്ക്കുന്ന ട്രക്കുകളിൽ അവർ അനായാസം കയറിക്കൂടി ഡ്രൈവറെയും മറ്റും ഇക്കിളി കൂട്ടി പൈസ വാങ്ങുന്നത് കാണാറുണ്ട്.
നിരത്തിൽ കൂടിയുള്ള വാഹനങ്ങളുടെ ഒഴുക്ക് നിലയ്ക്കുമ്പോൾ അവർ ടോൾ പിരിക്കുന്ന പയ്യന്മാരുമായി സല്ലാപത്തിൽ ഏർപ്പെടും.
പയ്യന്മാരെ തൊട്ടു തലോടി എന്നും അവർ പൈസ കൈക്കലാക്കിയിരുന്നു. പയ്യന്മാർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയല്ലല്ലോ…! പാവപ്പെട്ട തമിഴ് ഡ്രൈവറന്മാരെ ഭീക്ഷണിപ്പെടുത്തി അമിത ടോൾ പിരിച്ചുണ്ടാക്കുന്ന പൈസ വേണ്ടുവോളം പയ്യന്മാരുടെ പക്കലുണ്ടെന്നു അവർക്ക് നന്നായ് അറിയാം.
ഇന്നവൾ ജീൻസും ടോപ്പുമാണു ധരിച്ചിരിക്കുന്നത്. ഒരു ഒത്ത സുന്ദരിക്ക് തുല്യ മായിരുന്നു അവളെ കാണുവാൻ. കട്ടികൂടിയ പുരികങളും വാലിട്ടെഴുതിയ കണ്ണുകളും നീണ്ട മൂക്കും എല്ലാം അവൾക്ക് അഴകു വർദ്ധിപ്പിച്ചു.
നഗരത്തിലെ മീൻ ചന്തയിൽ ഞാൻ ഒരിക്കൽ അവളെ കണ്ടു. അവരുടെ കൂട്ടത്തിൽ അവരുടെ തലവത്തിയും അവർക്കൊപ്പമുണ്ടായിരുന്നു. തലവത്തി സ്വർണ്ണാഭരണങ്ങളാൽ വിഭൂഷിതയായിരുന്നു. കല്ല് പതിപ്പിച്ച മൂക്ക് കുത്തി നന്നേ തിളങ്ങുന്നുണ്ടായിരുന്നു.
നാലഞ്ചു കിലോ മത്സ്യം അവർ വാങ്ങി. അതും വില കൂടിയവ. അവർ കാണരുതെന്നു കരുതി ഞാൻ അലസമായി നിന്നു. എന്നിട്ടും അവൾ എന്നെ തിരിച്ചറിഞ്ഞു. എന്നെ നോക്കി അവൾ തലവത്തിയോടു പറഞ്ഞു. “അഞ്ചു പൈസപോലും തരമാട്ടെ അന്ത പൈത്ത്യക്കാരൻ….”
മീൻ വാങ്ങാൻ കൂടി നിന്നവരുടെ പുറകിലേക്ക് ഞാൻ വലിഞ്ഞു കളഞ്ഞു. ആരെക്കുറിച്ചാണു ഹിജടകൾ അങ്ങനെ പറഞ്നതെന്നറിയാൻ കൂടിനിന്നവർ പരതി നോക്കുമ്പോഴേയ്ക്കും ഞാൻ തിരിഞ്ഞു നടന്നിരുന്നു.
വീട്ടിൽ നിന്നിറങ്ങുമ്പോള്‍ മഴ തുടങിയിരുന്നു. കട്ടിപിടിച്ച മഴ. മഴ കൂടുന്നതല്ലാതെ കുറയുന്നില്ല. ഘനത്ത മഴത്തുള്ളികൾ കാറിന്റെ പുറത്ത് വീഴുന്നത് കേൾക്കാം. വൈപ്പർ അതി വേഗത്തിൻ മഴ വെള്ളം തുടച്ചു നീക്കുന്നുണ്ട്.. എന്നിട്ടും എതിരെ വരുന്ന വാഹനങ്ങളെ അവ്യക്തമായെ കാണാൻ കഴിയുന്നുള്ളു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും കാൽ നടയായി പോകുന്നവരും കടത്തിണ്ണകളിലും മരച്ചുവട്ടിലും ഒതുങ്ങി നിന്നു – മഴ നനയാതെ. നിരത്തിൽ കാറുകളും ലോറികളും മാത്രമാണിപ്പോൾ ഓടുന്നത്.
അവൾ കുടപിടിച്ച് വാഹനങ്ങൾക്ക് നേരെ കൈ നീട്ടി പൈസയ്ക്ക് യാചിക്കുന്നുണ്ട്. ആരും വിന്റോ ഗ്ലാസ് തുറന്നില്ല. അവൾ മഴയെ ഒരു പക്ഷെ ശപിക്കുന്നുണ്ടായിരിക്കാം!.
മനസ്സലിവുണ്ടായിട്ടോ എന്തോ ലോറിക്കാരിൽ ചിലർ മാത്രം പത്തു രൂപാ നോട്ടുകൾ കൊടുക്കുന്നുണ്ട്.
ഒരു തമിഴന്റെ വണ്ടിയിൽ അവൾ വലിഞ്ഞു കയറി. അവരോടൊപ്പം അല്പ നേരം സഞ്ചരിച്ചു. തമിഴർ വണ്ടിയിൽ വെച്ചുണ്ടാക്കിയ ഭക്ഷണത്തിൽ നിന്നും കുറെ അവൾ എടുത്തു കഴിച്ചു. തമിഴർ അവളെ നിരസ്സിച്ചില്ല. മറിച്ച് അവൾ കഴിക്കുന്നതും നോക്കിയിരുന്നു.
മഴ ഒതുങ്ങിയപ്പോൾ അവൾ തിരിച്ചുള്ള ട്രക്കിൽ കയറി ടോൾ നാക്കയിലേക്ക് മടങ്ങി. മടങ്ങുമ്പോൾ ആ നടുക്കുന്ന ദൃശ്യം അവൾ കണ്ടു.
അയാളുടെ കാർ വേറൊരു ട്രക്കുമായി കൂട്ടിയിച്ചിരിക്കുന്നത്. ആ ട്രക്കുക്കാരൻ നിർത്താതെ കടന്നു കളഞ്ഞു. അതുപോലെതന്നെ അതിലെപോയ സർവ്വരും ഒരു സിനിമയിലെ സീൻ എന്നപോലെ വീക്ഷിച്ച് തങ്ങളുടെ വഴിയെ പോയി.
ഹിജടയ്ക്ക് അയാളുടെ മുഖം മറക്കാനായില്ല. കയ്യ് നീട്ടി ചെല്ലുമ്പോൾ ആട്ടി ഓടിക്കാറുള്ള ആ മുഖം.
“അന്ത പൈത്ത്യക്കാരൻ …!!”
അവൾ ട്രക്കിൽ നിന്നും ചാടിയിറങ്ങി. അയാളുടെ കാറിനെ സമീപിച്ചു. അയാളുടെ ദേഹത്ത് ആസകലം മുറിവ് ഉണ്ടായിരുന്നു. രക്തം വാർന്നൊലിച്ചുകൊണ്ടിരുന്നു. അവൾ മറ്റുള്ള കൂട്ടുക്കാരെ സെൽ ഫോണിൽ വിളിച്ചു.
“അന്ത പൈത്ത്യക്കാരന് ആക്സിഡന്റ് ആയാച്ച് …എല്ലാരും ചേർന്ന് ഓടിവാങ്കോ…!!” കാക്കക്കൂട്ടത്തെപ്പോലെ അവരെല്ലാം പറന്നെത്തി.
ഹിജടകൾ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു. അയാൾ അത്യാസന്ന നിലയിൽ ആയിരുന്നു. ഹിജടകളിൽ ഒരാൾ ആയിരിക്കുമെന്ന് ഡോക്ടർ കരുതി. അല്ലെന്നു തിരിച്ചറിഞ്ഞു. ഹിജടകളുടെ സമർപ്പണ വീര്യത്തെ ഡോക്ടർ നമസ്കരിച്ചു.
അയാൾക്ക് ചേരുന്ന രക്തം കിട്ടാതെ വന്നു. അവരെല്ലാം തങ്ങളുടെ കയ്യുകൾ നീട്ടി പറഞ്ഞു.
“ഞങ്ങളിൽ ആരുടെ രക്തമാണ് വേണ്ടതെന്നു വെച്ചാൽ എടുത്തോളിൻ…!!”
ജീന്സും ടോപ്പും ഇടാറുള്ള ആ സുന്ദരിയുടെ രക്തം അയാൾക്ക് ചേർന്നു. അവളുടെ കയ്യിൽ തടിച്ച സൂചി കുത്തി. അവൾ പറഞ്ഞു “ കടവുകളെ…കാപ്പാത്തിടുങ്കോ….” മതിയാകുവോളം അവളുടെ രക്തം അയാൾക്ക് കൊടുത്തു.
രക്തം അവളിൽ നിന്ന് ഊറ്റുമ്പോൾ ആ ഹിജട കണ്ണുകൾ പൂട്ടി കിടന്നു. കണ്ണുകൾ അടച്ചിട്ടുണ്ടെങ്കിലും കണ്‍കോണുകളിൽ നിന്ന് കണ്ണുനീർ അവൾ അറിയാതെ ഒഴുകി.
അപ്പോൾ അവൾ ഭൂത കാലങ്ങളിലേക്ക് ഒരു യാത്ര ചെയ്യുകയായിരുന്നു..
അച്ചനേയും അമ്മയേയും പിരിഞ്ഞു പോന്നത് …. ആരോ തന്നെ കുടിപ്പള്ളിക്കൂടത്തിൽ നിന്നും തട്ടി ക്കൊണ്ടുപോയത്….പിന്നെ ഹിജടകളിൽ ഒരാളായി തീർന്നത്…..ദുരിത പൂർണ്ണമായ ജീവിത വീഥിയിൽ തനിച്ചായത്….!!. താനിന്ന് ഒരു പൂർണ്ണ ഹിജടയിക്കഴിഞ്ഞിരിക്കുന്നു.
ആ കുടിപ്പള്ളിക്കൂടത്തിലെ വികൃതി കുട്ടികൾ, കളിക്കളം, മാഷന്മാർ…എല്ലാം മനസ്സില്ക്കൂടി നിശ്ചലമായി കടന്നു പോയി.
അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ ഓർത്തെടുക്കാൻ നോക്കി. അല്ലെങ്കിൽ ഇനി ഓർത്തെടുത്താലും എന്ത് കാര്യം. ഇന്നവർക്ക് ആ പണ്ടത്തെ മുഖം ഉണ്ടാവില്ല. കാലത്തിന്റെ കരങ്ങൾ അവർക്കുമേൽ പല മിനുക്കു പണികളും നടത്തിയിട്ടുണ്ടാവും. തന്നെയും കാലം വെറുതെ വിട്ടില്ല. ഹോർമോണുകൾ കുത്തിവെച്ച് സ്ത്രൈണാകാരവും ഭാവങ്ങളും കൈവന്നതും ഹിജടകളിൽ ഒരാളായി തീർന്നതും…..!!.
എങ്കിലും തനിക്കാരാണില്ലാത്തത്….എല്ലാവരുമുണ്ട്……ഒരു സാധാരണക്കാരനു അല്ലെങ്കിൽ സാധാരണക്കാരിക്ക് കിട്ടേണ്ട എല്ലാ സ്നേഹവും എനിക്കിവരിൽ നിന്നും കിട്ടുന്നുണ്ട്. മതി എനിക്കതുമാത്രം മതി. മറ്റൊരു ഹിജട അവളുടെ കണ്ണുനീരൊപ്പി. അവരുടെ പ്രിയപ്പെട്ടവളുടെ കണ്ണു നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ അവളെ സമാശ്വസിപ്പിച്ചു.
രോഗിയെ ഐ.സി.യു വിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു. രക്തം എടുത്തതിനു ശേഷം അവർക്ക് പോകാൻ നഴ്സ് അനുമതി നല്കി.
അവരോടായി നേഴ്സ് പറഞ്ഞു ” ആശുപത്രി ചിലവിനായി അമ്പതിനായിരം രൂപ അടയ്ക്കണമെന്ന് ..”.
അവർ പരസ്പരം നോക്കി. അവൾ പറഞ്ഞു “അന്ത പൈത്ത്യക്കാരന്റെ ഉയിരെ കാപ്പാത്തിടവേണ്ടും ….അത് താൻ ഇപ്പോ മുഖ്യമായിരിക്കറുത് !!”
പിന്നെ ഒട്ടും അമാന്തിച്ചില്ല – അവരവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന സൈഡു സഞ്ചികളിൽ നിന്നും അവർ ഭിക്ഷ യാചിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യത്തിൽ നിന്നും പൈസ തികച്ചു.
നേഴ്സു പറഞ്ഞ അമ്പതിനായിരം രൂപ അടയ്ക്കുവാനായി ബിൽ കൗണ്ടറിൽ ചെന്നപ്പോൾ രോഗിയുടെ പേരു ചോദിച്ചു. ആർക്കും അറിയില്ല.
അയാളുടെ പോക്കറ്റിൽ നിന്നും തിരിച്ചറിയൽ കാർഡുമായി നേഴ്സ് തിരിച്ചെത്തി. രോഗിയുടെ പേരു കംബ്യുട്ടറിൽ ചേർത്ത് പൈസ അടച്ച രസീത് അവൾക്കു കൊടുത്തു.
അവൾ രസീത് നോക്കി പേരു വായിച്ചു ” രഘു രാജൻ, തച്ചേത്ത് “
ചില്ലിട്ട മുറിയുടെ പുറത്തുനിന്ന് കുറെ നേരം അയാളെ നോക്കി കണ്ട് അവർ മടങ്ങിപ്പോയി.
അയാളുടെ ബോധം തെളിഞ്ഞപ്പോൾ ഭാര്യയും മകളും അടുത്തുണ്ടായിരുന്നു. അവർ കണ്ണു നീരൊഴു ക്കിക്കൊണ്ടിരുന്നു.
ഡ്യുട്ടിയിലുള്ള നേഴ്സ് പറഞ്ഞു. ” ആ ഹിജടകൾ തക്കസമയത്ത് എത്തിച്ചതുകൊണ്ട് രക്ഷിക്കാനായി…….!!”
ഹിജടകൾ അയാളെ കാണാൻ വന്നു. അവർ ഹോസ്പിറ്റലിൽ അടച്ച പൈസ തിരിച്ചു കൊടുക്കുന്നതിനായി അയാളുടെ ഭാര്യ കരുതിവെച്ചിരുന്നു. അവർക്കു മുന്നിൽ രഘു രാജന്റെ ഭാര്യ പൈസ വെച്ചു നീട്ടുമ്പോൾ അവർ ആ പൈസ തിരിച്ചു വാങ്ങുവാൻ നിരസ്സിച്ചു. പൈസ തിരിച്ചു വാങ്ങുന്നതിനു പകരം സുന്ദരിയായ ആ ഹിജട അവരുടെ കാൽപ്പാദങ്ങളിൽ തൊട്ടു വന്ദിച്ചു.
സുന്ദരിയായ അവരുടെ മകളെ ആലിംഗനം ചെയ്തു. പക്ഷെ അമ്മയ്ക്ക് അതിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും അതു പുറത്ത് കാണിച്ചില്ല.
ഹിജടകൾ ഇപ്പോൾ രഘുരാജനു ചുറ്റുമാണു നില്ക്കുന്നത്. സുന്ദരിയായ ഹിജട അയാളുടെ കാൽപ്പാദങളിൽ പിടിച്ചു നിന്നു.
എന്നിട്ട് പറഞ്ഞു. “ ഇന്ത പൈത്ത്യക്കാരൻ ഒരു തുട്ട് കാശുപോലും എനക്ക് കൊടുക്കവില്ല….!!” അവൾക്ക് നിയന്ത്രിക്കാൻ കഴിയാതെ കരഞ്ഞുപോയി. അപ്പോൾ രഘു രാജന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഹിജടകൾ വിട പറഞ്ഞു പോയി.
മാസ്സങ്ങൾ കഴിഞ്ഞപ്പോൾ അയാൾ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചുവന്നു.
പഴയതുപോലെ അയാൾ ജോലക്കു പോയി തുടങ്ങി.
ടോൾ നാക്കയിൽ എത്തിയപ്പോൾ അയാൾ കാറിന്റെ ചില്ലു പതിവിലും വിപരീതമായി താഴ്ത്തിയിട്ടു. ഹിജടകൾ പതിവുപോലെ ഭിക്ഷയ്ക്കയി വന്നു. അയാൾ നൂറിന്റെ നോട്ട് അവർക്ക് നീട്ടി. അവർ അതു വാങ്ങിയില്ല.
ആ സുന്ദരിയായ ഹിജടയെ അയാൾ തിരക്കി. എന്നും തന്റെ മുന്നിൽ കൈ നീട്ടാറുള്ള ആ സുന്ദരിയായ ഹിജടയെ. തന്നെ പരിഹസ്സിക്കാറുള്ള, തന്നെ “പൈത്ത്യക്കാരൻ” എന്നു വിളിക്കാറുള്ള ആ ഹിജടയെ അയാൾ തിരക്കി. അയാൾക്കു നേരെ ഒരു കത്തു നീട്ടിക്കോണ്ടു ആ ഹിജട പറഞ്ഞു “രാജി ഞങ്ങളെ വിട്ട് കാൺപൂർക്ക് പോയി”
അയാൾ വീട്ടിലെത്തി കത്തു വായിച്ചു.
“ അച്ഛനു മാപ്പ്……അമ്മയ്ക്ക് മാപ്പ്….അനിയത്തിയ്ക്ക് മാപ്പ്……നിങ്ങളെ വിട്ടുപിരിഞ്ഞ ഹതഭാഗ്യനായ രാജീവ് എന്ന രാജി ആയിരുന്നു ഞാൻ…..!! “
ജീൻസും പാന്റും ടോപ്പുമിട്ട ആ സുന്ദരിയുടെ ചെറുപ്പകാലത്തെ രാജീവ് എന്ന കൊച്ചു കുട്ടിയുടെ മുഖം ഓർത്തെടുക്കുകയായിരുന്നു രഘു രാജൻ അപ്പോൾ
Generated from archived content: story1_mar2_16.html Author: joy_nediyalimolel