റിട്ടയര്‍മെന്റ്‌

നല്ല തണുപ്പുള്ള രാത്രിയായിരുന്നു. എല്ലാവരും ഉറങ്ങിയിട്ടും തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഉറക്കത്തിൻറെ ഒരിത്തിരി ലാഞ്ചനപോലും കണ്‍പോളകളെ തൊട്ടിട്ടില്ല. ഇത്തിരി നേരം ഇടതു വശം ചെരിഞ്ഞു കിടന്നു. ആദ്യം മനസ്സിൽ കണ്ട അതെ കാര്യങ്ങൾ തന്നെ വീണ്ടും കാണുന്നു. എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.

നാളെ തന്നെ തൂക്കിലേറ്റാൻ കൊണ്ടുപോവുകയോന്നുമാല്ലല്ലോ ഇത്രമാത്രം കുണ്ടിതപ്പെടാൻ. തൂക്കിലേറ്റാൻ ആയിരുന്നെങ്കിൽ അങ്ങ് മരിച്ചാൽ മതിയായിരുന്നു. പിന്നീടൊന്നും അറിയണ്ടല്ലോ. എന്നാൽ ഇതങ്ങനെയാണോ ..? ..അല്ല. മാസ്സാമാസം എണ്ണിചുട്ട അപ്പംപോലെ വാങ്ങിയിരുന്ന ശമ്പളവും നാളെ മുതൽ ഇല്ലാതെയാകും. താൻ റിട്ടയർ ആവുകയല്ലേ നാളെമുതൽ…..!

അപ്പൻ തന്നെ നിലത്ത്തെഴുത്തിനിരുത്താൻ കുടിപ്പള്ളിക്കൂടത്തിൽ കൊണ്ടുപോയ കാലം മുതൽ ചിന്താധാരയിൽക്കൂടി മിന്നി മറയുന്നു. പഠിപ്പിൽ പിന്നോക്കമായിരുന്ന തന്നെ ബെഞ്ചിൽ കയറ്റി നിറുത്താറുണ്ടായിരുന്നതും, ചിലപ്പോൾ വരാന്തയുടെ കോണിൽ നിറുത്തിയതും, അപ്പനെ കൂട്ടിവരാതെ തന്നെ ക്ലാസ്സിൽ കയറ്റില്ലെന്ന് മാഷ്‌ വാശിപിടിച്ചതും, അപ്പനെ മാഷ്‌ ശകാരിച്ചപ്പോൾ അപ്പൻ ലജ്ജിതനായി നമ്ര ശിരസ്കനായി മടങ്ങിയത് നോക്കി നിന്നതും ഓർത്തു.

അന്ന് താൻ തന്റെ ഇളം നെഞ്ചിൽ ഒരു ശപഥം എടുത്തു. ഇനി ഒരിക്കലും താൻ കാരണം അപ്പന്റെ തല കുനിക്കാൻ ഇടവരരുതെന്ന്.

മരിച്ചുപോയ അപ്പനെ ഓർത്തപ്പോൾ നെഞ്ചിന് ഭാരം കൂടുന്നതുപോലെ തോന്നി. ഒന്നും അറിയാതെ മക്കളും ഭാര്യയും നല്ല ഉറക്കത്തിലാണു. “നമ്മൾ രണ്ട് -നമുക്ക് രണ്ട് ” എന്ന അന്നത്തെ സൂത്ര വാക്യത്തെ മറികടന്നു കുട്ടികൾ മൂന്നായി. രണ്ടു കുട്ടികൾ ആയപ്പോൾ അന്നവൾ കാലുപിടിച്ച് പറഞ്ഞതാണ് ഇനി വേണ്ടന്ന്. പക്ഷെ യൗവ്വനത്തിന്റെ അതി പ്രസരണത്തിൽ അന്നാസൂത്ര വാക്യങ്ങളെല്ലാം മറന്നുപോയി. പഠിത്തവും കഴിഞ്ഞു ജോലി കിട്ടിയത് നന്നെ വൈകിയാണ്. കിട്ടുന്ന ശമ്പളം ഒരിക്കലും തികയാറില്ല. അനുജന്റെയും അനുജത്തിമാരുടെയും പഠിത്തം, മരുന്നിനുള്ളത്, വേന്നാളുകളും ആഘോഷങ്ങളും വേറെ, പറ്റുപിടി കടയിലെയും പാലുകാരന്റെയും കണക്കുകൾ തീർക്കണം അങ്ങനെ നീണ്ട ആവശ്യങ്ങൾ കഴിയുമ്പോൾ ഒന്നും ബാക്കിയുണ്ടാവില്ല. വീണ്ടും തുടങ്ങുന്നു നടപ്പു മാസ്സത്തെ പറ്റുപിടി എന്ന ചംക്രമണം.

പ്രാരാബ്ധങ്ങൾക്കിടയിൽ കല്യാണം കഴിക്കാൻ മറന്നതല്ല. നീണ്ടുപോയി. നിഷ്കളങ്കമായ ഒരു മനസ്സിന്റെ ഉടമയായിപ്പോയതാണ് അതിനു കാരണം. അല്ലെങ്കിൽ തന്റെ കടമയാണിതൊക്കെ എന്നുള്ള മിഥ്യാ ബോധം തന്നെ വേണ്ടതിലുമധികം മഥിച്ചിരുന്നിരിക്കണം….!!.

കണ്ണുകൾക്കൂട്ടിയടച്ചു. ഇനിയെങ്കിലും ഉറങ്ങിയാൽ മതിയായിരുന്നു. ഇല്ല. ഉറക്കം അടുത്തുപോലും എത്തിയിട്ടില്ല. വീണ്ടും വലതു വശത്തോട്ടുതിരിഞ്ഞു കിടന്നു. ഒരു തുടർകഥയെന്നപോലെ മനസ്സിലെ ചിന്തകൾ തുടരുകയായിരുന്നു. അകന്ന ബന്ധത്തിലെ ഭാര്യയും ഭർത്താവും കൂടി ചുണ്ടുകളിൽ മന്ദസ്മിതം പൊഴിച്ച് ഒരിക്കൽ കടന്നു വന്നത് ഓർത്തു… ഒരിക്കലും വരാറില്ലാത്തവർ. തന്റെ കല്യാണത്തിനുതന്നെ വന്നുവോ എന്നുകൂടി ഓർമ്മയില്ല. അവർ മകളുടെ കല്യാണക്കുറിയുമായാണ് വന്നിരിക്കുന്നത്. എന്തെങ്കിലും കൊടുത്തില്ലെങ്കിൽ മരിച്ചാൽ പോലും കയറി വരില്ല.

പെങ്ങന്മാരെ കെട്ടിച്ചയക്കലും അവരുടെ വിരുന്നു വരവിനും പോക്കിനുമുള്ള ചിലവുകൾ, സമയാസമയമായുള്ള പ്രസവവും, ശുശ്രൂഷകളും ഒക്കെയായി ഒന്നും നീക്കു ബാക്കിയില്ലായിരുന്നു. അനുജൻ കൂടി കല്യാണം കഴിച്ചപ്പോൾ വേറെ മാറി താമസിക്കാൻ നിർബന്ധിതനായി. പള്ളി കഴിഞ്ഞ് അപ്പന്റെ കുഴിമാടത്തിൽ പോയി നിന്നു പ്രാർത്തിച്ചു. കുറെ സങ്കടങ്ങൾ അപ്പനോട് വിലാപ ഗാനങ്ങൾ പോലെ പറഞ്ഞ് ഉള്ളാലെ കരഞ്ഞു. “എല്ലാം നേരെയാവൂട കൊച്ചെ….” എന്ന് അപ്പന്റെ ആത്മാവ് തന്നെ സമാശ്വസിപ്പിക്കുന്നതുപൊലെ തോന്നി അപ്പോൾ.

ഓഫീസ്സിൽ പല കാര്യങ്ങൾക്കായി വരുന്നവർ കൈമടക്കുകൾ വെച്ചുനീട്ടാറുണ്ട്. ഒന്നും വേണ്ടാന്ന് വെച്ചു. പാപ പങ്കിലമായ ജീവിതത്തിലേക്ക് ഇനി ഈ കൈമടക്കുകൾ വാങ്ങിയിട്ടുള്ള പ് രാക്ക് കൂടി വേണോ ..?!. ആയ കാലത്ത് കുറെ ഇൻഷുറൻസ് എങ്കിലും എടുത്തുവെച്ചിരുന്നെങ്കിൽ താൻ മരിച്ചാൽ അതുകൊണ്ട് ഭാര്യക്കും കുട്ടികൾക്കും ഉപകാരപ്പെട്ടേനെ. ഇനി അതും ചിന്തിച്ചിട്ട് കാര്യമില്ല. കഴിഞ്ഞുപോയ കാലങ്ങളെ ഇനി തിരികെ പിടിക്കാനാവില്ലല്ലോ….!

ചാവി കൊടുക്കാതെ തറവാട്ടു ഭിത്തിയിൽ ചത്തിരുന്ന ക്ലോക്ക് ഒരിക്കൽ അപ്പനാണ് എടുത്തുകൊണ്ട് തന്നത്. എന്നിട്ട് പറഞ്ഞു.

“ഇത് നീ എടുത്തോ …നിനക്കാണെങ്കിൽ ഓഫീസ്സിൽ പോകാനും ഒക്കെ സമയം നോക്കാല്ലോ…..അവിടെയാണെങ്കിൽ ഇതിലോട്ട് ആരും നോക്കാറുപോലും ഇല്ല… ചാവീം കൊടുക്കാറില്ല.”

ഇന്നും കൃത്യ സമയമാണ് ആ ക്ലോക്കിൽ. അതിൽ പത്രണ്ട് മണിയടിച്ചു. അർത്ഥരാത്രി. നിശബ്ദതയിൽ അതിന്റെ മണി നാഥം മുഴങ്ങി കേട്ടു. തന്റെ ഹൃദയ ഭിത്തികളിൽ ആരോ പന്ത്രണ്ടു തവണ പ്രഹരിക്കുന്നതുപൊലുള്ള അവസ്ഥ. എന്നും അഞ്ചു മണിക്കാണ് ഉറക്കമുണരാറുള്ളത്. പിന്നെ നാട്ടു വെളിച്ചം പരന്നു തുടങ്ങുന്ന റോഡിൽക്കൂടി നടക്കാനിറങ്ങും. വീട്ടു പടിക്കൽ നിന്ന് ആൽത്തറ ജങ്ങ്ഷൻ വരെ രണ്ടര കിലോ മീറ്റർ ദൂരമുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും മൊത്തം അഞ്ചു കിലോ മീറ്റർ. ചിലപ്പോഴൊക്കെ പട്ടികൾ മോങ്ങിക്കൊണ്ട് പുറകെ കൂടും. പിന്നീട് അതുങ്ങൾ വാലാട്ടി സ്നേഹം കൂടി.

താൻ ആലും ചോട്ടിൽ എത്തുമ്പോഴേയ്ക്കും പരീത് ചേട്ടൻ അയാളുടെ ചായക്കടയിൽ പുട്ടും കടലക്കറിയും ഉണ്ടാക്കുകയായിരിക്കും. അല്ലെങ്കിൽ ദോശയോ അപ്പമോ ആയിരിക്കും ഉണ്ടാക്കുന്നത്.

സമാവറിലെ കനലുകൾ എരിയാൻ തുടങ്ങിയിട്ടുണ്ട്. പരീത് ചേട്ടൻ സമാവറിലെ കനലുകളിൽ നിന്നാണ് ബീഡിയ്ക്ക് തീ കൊളുത്താറുള്ളത്.

റബ്ബറുവെട്ടും കഴിഞ്ഞുവന്ന സെബാസ്റ്റ്യൻ സമാവറിന്റെ അരുകിൽ നിന്ന് തണുത്ത കൈകൾ സമാവറിനടുത്ത് പിടിച്ച് ചൂടാക്കുന്നുണ്ട്.

ആൽത്തറ ജങ്ങ്ഷനിലാണ് പാൽ സൊസൈറ്റിയുടെ വണ്ടി വന്ന് ക്ഷീര കർഷകരിൽ നിന്ന് പാൽ ശേഖരിക്കുന്നത്. റബ്ബർ വെട്ടുന്നവർ തോട്ടങ്ങളിൽ റബ്ബർ വെട്ടു തുടരുന്നു. റബ്ബർ പാലിന്റെ ഗന്ധം പരിസരമാകെ നല്ലതുപോലെ പരക്കുന്നുണ്ട്.

ഇനിയും അഞ്ചു മണിക്കൂർ ബാക്കിയുണ്ട് തന്റെ ദിനചര്യകൾക്ക് തുടക്കമാകാൻ. എത്ര വലിയ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും പതിവുറക്കത്തിനു ഒരിക്കലും ഭംഗം വന്നിട്ടില്ല. ഇന്ന് തന്നെ വേണമായിരുന്നോ ഇത്രയും കാര്യങ്ങൾ ഒന്നിച്ചു വന്നു തല പുകയ്ക്കുവാൻ…!!.

ഒരു വട്ടം കൂടി തിരിഞ്ഞു കിടന്നു. ബാക്കിയുള്ള സമയമെങ്കിലും ഉറങ്ങിയാൽ മതിയായിരുന്നു എന്ന് കൊതിച്ചു. അപ്പോഴാണു ചിന്തയിൽ വന്നത്. എന്നത്തെയുംപോലെ അല്ലല്ലോ പുലരാനിരിക്കുന്ന ദിവസ്സമെന്ന്. എന്നും പോകുന്നതിൽ നിന്നും വ്യത്യസ്ഥതയോടുകൂടി ആയിരിക്കണം ഇന്ന് ഓഫീസ്സിൽ പോകേണ്ടത്.

ഒരിക്കലും ഓഫീസ്സിൽ ഇട്ടുകൊണ്ട്‌ പോകാത്ത ഒരു ഡ്രസ്സ് അവശേഷിക്കുന്നത് പള്ളിയിൽ അല്ലെങ്കിൽ വിരുന്നിനും മറ്റും പോകുന്നതു മാത്രമാണത്. പഴയതാണെങ്കിലും അതൊന്നു ഇസ്തിരി ഇടുമ്പോൾ നന്നാവും. അത് മതി എന്ന് മനസ്സ് സമാശ്വസിച്ചു.

ഭാര്യ പറയാറുണ്ട് “ഈ ഡ്രസ്സ് ഇട്ടുകൊണ്ട് നിങ്ങളെ കാണാൻ നല്ല ചന്തമാണ് …ഒറ്റയ്ക്ക് ഇതിട്ടോണ്ട് നിങ്ങള് പോയാൽ ആരെങ്കിലും പിടിച്ചോണ്ട് പോകും……”

അതുകൊണ്ടായിരിക്കും ആ ഡ്രസ്സ് ഇടുമ്പോഴൊക്കെ ഭാര്യയും കൂടെയുണ്ടാവും. അവളുടെ വാക്കുകൾക്ക് അറം പറ്റാതിരിക്കാനെന്നവണ്ണം ..!!.

മീറ്റിങ്ങുകളിൽ സംസാരിച്ച് പഴക്കമുണ്ടെങ്കിലും തന്റെ വിരമിക്കൽ ചടങ്ങിൽ എന്താണു പറയേണ്ടത് എന്ന് മനസ്സിൽ പലവുരു പറഞ്ഞു പഠിച്ചു.. മൂത്തത് മകനാണ്. ആകെ അഭിമാനിക്കാൻ ഒന്ന് മാത്രമെയുള്ളു അവനെ ബയോടെക് പഠിപ്പിച്ചു എന്നത്.

ഇളയത് പെണ്‍കുട്ടികൾ. മൂത്തവൾ ഡിഗ്രി കഴിഞ്ഞു നില്ക്കുന്നു. ട്യൂഷനും മറ്റു മായി അവൾക്കുവേണ്ട വട്ടച്ചിലവിനുള്ളത് അവൾ സ്വന്തമായി ഉണ്ടാക്കുന്നു. പെൻഷനാകുമ്പോൾ കിട്ടുന്ന ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും എല്ലാം ചേർത്ത് അവളെ കെട്ടിച്ചയക്കണം. പിന്നെ ഇളയവളുടെ കാര്യം അതെങ്ങനെയെങ്കിലും നടക്കും എന്നോർത്ത് സമാധാനിക്കാം..

ഹൗസിംഗ് ലോണിന്റെ ഗഡുക്കൾ തീരണമെങ്കിൽ ഇനിയും അഞ്ചു വര്‍ഷം കൂടിയുണ്ട്. എല്ലാം ബാദ്ധ്യതകളായി ബാക്കി.

എപ്പോഴാണ് കണ്‍പോളകളെ ഉറക്കം തഴുകിയതെന്നറിയില്ല. എന്നിട്ടും ഏതോ സ്വപ്നത്തിന്റെ ചിറകുകളിൽ കയറി നടന്നു മനസ്സ്. അഞ്ചു മണിക്കുള്ള അലാറം അടിച്ചപ്പോൾ സ്വപ്നത്തിന്റെ ചിറകുകളിൽ നിന്ന് ചിന്തകൾ നിലം പൊത്തി. കണ്ട സ്വപ്നമെന്തെന്നു ഓർത്തെടുക്കാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല.

വിരസതയ്ക്ക് കട്ടി പിടിച്ചിരുന്നു. നടക്കാൻ പോകാൻപോലും മനസ്സ് വന്നില്ല. എങ്കിലും പോയി.

ഓഫീസ്സിൽ പോകാൻ നേരം ആ ഡ്രസ്സ് അവളാണ് എടുത്ത് തന്നത്. അവൾ എന്റെ മനസ്സ് എങ്ങനെ വായിച്ചെടുത്തെന്നു എനിക്കറിയില്ല. ഇരുപത്തിയഞ്ച് വർഷമായിട്ടും അവളുടെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തുപോയി.

പലരും പറഞ്ഞു കേട്ടിട്ടുണ്ട് -“ഒരായുഷ്ക്കാലം മുഴുവൻ ഒന്നിച്ചു ജീവിച്ചാലും ഒരു പെണ്ണിന്റെ മനസ്സറിയാൻ കഴിയില്ലെന്ന്…..! “. അതിൽ എത്രകണ്ട് വാസ്ഥവമുണ്ടെന്ന് താൻ ഒരിക്കലും ചികഞ്ഞു നോക്കിയിട്ടില്ല.

അവളാണ് ഷർട്ടിന്റെ ബട്ടണ്സ് ഇട്ടു തന്നത്. കുറെ വർഷങ്ങൾക്ക് മുമ്പ് അവൾ ഇതുപോലെ ബട്ടണ്സ് ഇട്ടു തന്നത് ഓർക്കുന്നുണ്ട്. എനിക്കൊരു ഉമ്മ തരുവാൻ ഞാൻ അവളോട് ആവശ്യപ്പെട്ടു.

“ഈ വയസ്സാം കാലത്തൊരു സൃങ്കാരം…” അവൾ പറഞ്ഞു. എന്നിട്ട് എന്റെ കവിളത്ത് അവൾ ചൂടുള്ള ഒരു ചുമ്പനം തന്നു.

കുട്ടികൾ കണ്ടോ എന്ന് അവൾ തലങ്ങും വിലങ്ങും നോക്കി അടുക്കളയിലേക്ക് പാഞ്ഞുപോയി.

ഒഫീസ്സിലേക്ക് ഇറങ്ങുമ്പോൾ അമ്മയെ കണ്ടിട്ട് പോകാമെന്നു കരുതി തറവാട്ടിലേക്ക് നടന്നു. അമ്മ കിടക്കുന്ന കട്ടിലിൽ അമ്മയോടൊപ്പം ചേർന്നിരുന്നു.

“ഇന്ന് ഓഫീസ്സിൽ പോവണ്ടായോടാ മോനെ…?”

“അമ്മയെ കണ്ടിട്ട് പോകാമെന്നു കരുതി വന്നതാണ്….”

അമ്മയെ ചേർത്ത് പിടിച്ച് കുറച്ചു നേരം കട്ടിലിൽ ഇരുന്നു. എന്തെല്ലാമോ കുറെ ചിന്തകൾ മനസ്സിൽ തിര തല്ലി. അർത്ഥമില്ലാത്ത ചിന്തകൾ…!

ഉച്ചകഴിഞ്ഞ് മീറ്റിങിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് പേഴ്സണൽ മാനേജർ. കോണ്‍ഫ്രൻസ്സ് ഹാളിൽ എല്ലാവരും ഒത്തുകൂടി ഡയറക്ടർ മുതൽ താഴെക്കിടയിൽ ഉള്ളവർ വരെ.

നീണ്ട വർഷങ്ങൾ എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയത്.. പക്ഷെ വരാനിരിക്കുന്ന പകലുകളും രാവുകളും കഴിഞ്ഞ രാവിന്റേതുപൊലെ ദീർഘിപ്പിക്കുന്നവ ആയിരിക്കും.

മൊബൈൽ ഫോണ്‍ സൈലന്റ് മോഡിൽ വെച്ചിരുന്നത് കൊണ്ട് പലകുറി മകന്റെ കോൾ വന്നിട്ടും അറിഞ്ഞില്ല. അതുകൊണ്ടായിരിക്കും മകൻ മെസ്സേജ് അയച്ചിരിക്കുന്നത്.

“ഐ ഗോട്ട് എ ജോബ് ഇൻ ബെയർ കമ്പനി ”

മകന്റെ മെസ്സേജ് കണ്ട് സന്തോഷം നെഞ്ചിൽ അടക്കിയിരുന്നു. ഒപ്പം ഈശ്വരനു ഒരായിരം നന്ദി പറഞ്ഞു.

എല്ലാവരും തന്നെക്കുറിച്ച് വാനോളം പുകഴ്ത്തി. നുറുങ്ങുന്ന മനസ്സും ഗദ്ഗദം മുറ്റിയ വാക്കുകളും കണ്ണുനീരുമായി താനും വിടവാങ്ങൽ പ്രസംഗം നടത്തി. പൊന്നാടയും പൂമാലയും അവർ തന്നെ അണിയിപ്പിച്ചു.

അവസ്സാനമായി ഡയറക്ടർ ആണ് പ്രസംഗിച്ചത്. പഴയ കാലത്തിന്റെ ഏടുകളിൽ നിന്നടർത്തിയെടുത്ത തന്നെക്കുറിച്ചുള്ള ഒരു തമാശ അയാൾ പറയുമ്പോൾ പാതി ഉറക്കത്തിൽ എല്ലാവരോടും ചേർന്നു താനും ചിരിച്ചു.

ഉറക്കം കണ്പോളകളെ പിടിച്ചു മുറുക്കുന്നു. രാത്രയിൽ എത്ര പണിപ്പെട്ട് ഉറങ്ങാൻ ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അന്തരംഗത്തിൽ അവൾ പറഞ്ഞു “ഈ ഡ്രസ്സ് ഇട്ടുകൊണ്ട് നിങ്ങൾ ഒറ്റയ്ക്ക് പോയാൽ ആരെങ്കിലും പിടിച്ചോണ്ട് പോകും….!!”

ലീവ് എൻകാഷ്മെന്റും ഗ്രാറ്റുവിറ്റിയും കൂട്ടിയുള്ള ചെക്കടങ്ങുന്ന കവർ കൊടുക്കുന്നതിനായി ഡയറക്ടർ അയാളെ ക്ഷണിക്കുമ്പോൾ അയാൾ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

Generated from archived content: story1_jun1_15.html Author: joy_nediyalimolel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപെണ്‍കുഞ്ഞ് …
Next articleഅമ്മത്തൊട്ടില്‍
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here