മയ്യത്ത്

ഒരാഴ്ചക്കു പല പേരുകളില്‍ ഏഴ് ദിവസങ്ങള്‍ ഉള്ളതു പോലെ ആമോസ്സിനു പലരായി ഏഴു ഭാര്യമാരാണുള്ളത്.

പല സ്ഥലങ്ങളിലും അയാള്‍ കച്ചവടത്തിനു പോയി തിരിച്ചു വരുമ്പോള്‍ കൂടെക്കാണും ഒരു പെണ്ണും.

ആമോസിന്റെ കച്ചവടം ഇഞ്ചി, കച്ചോലം, കുരുമുളക്, ചുക്ക് തുടങ്ങി പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ചു ലാഭത്തിനു മറിച്ചു വില്‍ക്കുന്ന ജോലിയാണ്.

”ആരാണാമോസ്സേ ഈ കൂടെയുള്ള പെണ്ണ്?” എന്ന് അയല്‍ക്കാര്‍ ചോദിച്ചാല്‍ അയാള്‍ നിസ്സങ്കോചം പറയും.

‘’ ഞമ്മന്റെ പുതുപ്പെണ്ണ്’‘

അങ്ങനെ പലതായപ്പോള്‍‍ ഏതെങ്കിലും ആ നാട്ടുകാരിയല്ലാത്ത പെണ്ണിനെ അയാളുടെ കൂടെ കണ്ടാല്‍ അയല്‍ക്കാര്‍ക്ക് പഴയതു പോലെ ചോദിക്കാതെ തന്നെ മനസ്സിലാകും ആമോസിന്റെ അഞ്ചാമത്തെയോ ആറാമത്തെയോ പെണ്ണായിരിക്കുമെന്ന്.

പലരും ആമോസിനെ വിലക്കിയെങ്കിലും സാരോപദേശങ്ങള്‍ പറഞ്ഞു കൊടുത്തെങ്കിലും നിയമ പുസ്തകത്തില്‍ വിലക്കില്ലായിരുന്നത് അയാള്‍ക്ക് അനുഗ്രഹമായിരുന്നു.

ആദ്യത്തവള്‍‍ മരിയുമ്മു കുറെക്കാലം എങ്കിലും സുഖവും സ്വൈര്യവും ആയി അയാളോടൊപ്പം പൊറുത്തു.

കുറെ പണം ഉണ്ടാക്കണമെന്ന മോഹം അയാളില്‍ ഉടലെടുത്തത് മരിയുമ്മയുടെ പ്രേരണ കൊണ്ടായിരുന്നു.

പല സ്ഥലങ്ങളിലേക്കായി അയാളുടെ കച്ചവടം വിപുലമാക്കിയത് അങ്ങനെയാണ്. പുതിയ പുതിയ സ്ഥലങ്ങളില്‍ നിന്ന് വന്നവരാണ് ആമിന, ജമീല, പാത്തുമ്മ, നബീസു തുടങ്ങിയ ഏഴു പേര്‍

രണ്ടാമത്തവളെ കൂട്ടികൊണ്ടു വന്നപ്പോള്‍‍ മരിയുമ്മു രോഷാകുലയായി അയാള്‍ക്കു നേരെ ചെറുത്തു നിന്നു. ‘’ റെബ്ബയാണെ പടച്ചോനാണേ സത്യം ഞമ്മനീ പണ്ടാരത്തിനെ ഇവിടെ പൊറുപ്പിക്കാനാവൂല ‘’

‘’ അന്നെ ഞമ്മള്‍ മൊഴി ചൊല്ലും കേട്ടോളൂണ്ടീ’‘ ആമോസ്സു പറഞ്ഞു.

ആ വാക്ക് ഒരിടിവെട്ടേറ്റതു പോലെ മരിയുമ്മുവിനെ ദഹിപ്പിച്ചു കളഞ്ഞു. പിന്നെ ഒരക്ഷരം മിണ്ടാതെ മരിയുമ്മു അകത്തളത്തില്‍ കയറി നിസ്ക്കാരപ്പായ വിരിച്ചതില്‍ ചിന്താമഗ്നയായിരുന്നു.

അവസാനമില്ലാത്ത ആ രാത്രി ഒരു ശരപഞ്ചരം പോലെ തോന്നി മരിയുമ്മുവിന്.

കാര്‍മേഘങ്ങള്‍ക്കിടയിലേക്ക് ചന്ദ്രന്‍ മറയുമ്പോഴുള്ള ഇരുട്ട് ഭൂമിയില്‍ മാറി വന്നു കൊണ്ടിരുന്നു. ഒതുക്കി ഒതുക്കി പിടിച്ചുള്ള പുതുമണവാട്ടിയുമായുള്ള ആമോസ്സിന്റെ കിന്നാരം മരിയുമ്മുവിന്റെ മനസ്സിനെയും ദേഹത്തേയും ഒരു പോലെ കൊത്തിപ്പറിക്കുന്നുണ്ടായിരുന്നു.

ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍‍ മരിയുമ്മുവും ആമിനയും ബദ്ധശത്രുക്കളായി. ആകെയുള്ള ഒരേക്കര്‍ പുരയിടത്തില്‍ പുതുതായി ഒരു വീടു കൂടി അയാള്‍ പണിതുയര്‍ത്തി

ആമിനയെ പുതിയ വീട്ടിലേക്കു മാറ്റി പാര്‍പ്പിച്ചു. സ്വസ്ഥതക്കും സമാധാനത്തിനും വേണ്ടി മൂന്നാമത്തവളെ കയ്യും പിടിച്ചു പുരക്കുള്ളിലേക്കു കയറ്റുമ്പോള്‍ മരിയമ്മുവിനേപ്പോലെ മുറിഞ്ഞ വാക്കുകള്‍ പറഞ്ഞല്ല ആമിന ചെറുത്തത്.

കാച്ചിവച്ചിരുന്ന അരിവാളുമായിട്ടാണു ആമിന പാഞ്ഞു വന്നത്.

എല്ലാം ഒരു പുത്തരി പോലെയായിരുന്നു ആമോസ്സിനു.

മറിയുമ്മിനു നേരെ പ്രയോഗിച്ച അതേ വാക്കുകള്‍ തന്നെ ആമിനക്കു നേരെയും ആമോസ്സു പ്രയോഗിച്ചു. ‘’ അന്റെ കാര്യം തീര്‍ക്കൂട്ടോ ഞമ്മള്‍ ഓര്‍ത്തിരുന്നോ” നിസ്സഹായായ ആമിന ആ വാക്കില്‍ പകച്ചു നിന്നു. കാലങ്ങള്‍ കടന്നുപോയതനുസ്സരിച്ച് അയാള്‍ക്ക് പെണ്ണുങ്ങളും ഭാര്യമാരും കൂടി വന്ന് ഏഴായി.

ഒരേക്കര്‍ പുരയിടത്തില്‍ ഏഴു വീടുകള്‍ നിരനിരയായുര്‍ന്നു. ഏഴു പേര്‍ക്കും മക്കള്‍ ഒന്നും രണ്ടും വീതം

ചില ആണ്മക്കളും പെണ്മക്കളും പ്രായമായത് അക്കൂട്ടത്തിലുണ്ട് അവര്‍ക്ക് വാപ്പാനെ പ്രതി ഒരു ബഹുമാനവും ഇല്ല.

വല്ലപ്പോഴുമൊക്കെ വീട്ടില്‍ വന്നു പോകൂന്ന ഒരു അതിഥിയെപ്പോലെയാണ് എല്ലാവരും അയാളെ കണ്ടിരുന്നത് . മിക്കപ്പോഴും വളരെ നാളുകള്‍ കഴിഞ്ഞായിരിക്കും അയാള്‍ കച്ചവട സ്ഥലത്തു നിന്ന് മടങ്ങാറുള്ളത്.

അപ്പോഴെല്ലാം ഏഴു വീടുകള്‍ക്കിടയില്‍ എവിടെയെങ്കിലും പെണ്ണുങ്ങള്‍‍ തമ്മില്‍ കൂട്ടിയുരസ്സുന്നുണ്ടാകും.

ഒന്നും അറിയാത്തവനേപ്പോലെ അയാളുടെ തല കുനിഞ്ഞിരിക്കും അപ്പോള്‍. നാട്ടുകാര്‍ക്കിടയില്‍ അയാള്‍ എന്നും ഒരു സംസാര വിഷയമാണ്.

അല്‍പ്പമായുണ്ടായിരുന്ന ബഹുമാനവും അയാള്‍ക്ക് ആ നാട്ടില്‍ ഇല്ലാതെ വരികയയിരുന്നു. ഓരോ ദിവസവും കഴിയുന്തോറും രക്തത്തിളപ്പാണെന്നേ ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നുള്ളു.

വീടോടടുക്കുമ്പോള്‍ തന്നെ വാപ്പ എന്ന് വിളിച്ചോടിയടുക്കുന്ന കുട്ടികളെ അയാള്‍ സ്വപ്നം കണ്ടിരുന്നു പക്ഷെ അങ്ങനെ സംഭവിക്കാറില്ലായിരുന്നു.

അങ്ങനെ ഒരു സ്വഭാവം കുട്ടികളില്‍ വളര്‍ത്തിയത് അവരുടെ ഉമ്മമാരായിരുന്നു. കുട്ടികളും വാപ്പയുമായുള്ള ബന്ധത്തിന്റെ തായ്‌വേരുകള്‍ അവര്‍ പിഴുതെറിഞ്ഞു.

അയാളുടെ സ്ഥിതി കാണുമ്പോള്‍ ഇന്നോരൊരുത്തരും പറയും അയാള്‍‍ക്കിതു വേണം ‘ എല്ലാം അനുഭവിക്കട്ടെ ആ മയ്യത്ത്’

ചെയ്യരുതാത്തതാണ് താ‍ന്‍ ചെയ്തതു പോയതെന്ന ചിന്ത അയാളില്‍ തല പൊക്കിയത് വൈകിയാണ്. ഏഴു ഭാര്യമാര്‍ക്കും അവര്‍ക്കെല്ലാം കുട്ടികളുണ്ടായിട്ടും എന്തോ താന്‍ ഏകനാണെന്ന തോന്നലായിരുന്നു ആമോസ്സിനു.

വിരസത തോന്നിത്തുടങ്ങിയിരുന്നു അയാള്‍ക്ക് ജീവിതം. എല്ലാം രക്തത്തിളപ്പുതന്നെ ആയിരുന്നു അയാള്‍ ഇടയ്ക്കിടക്കിടെ ഓര്‍ത്തു പോകും.

ഒരിക്കല്‍ ചിറകടിച്ചു പറന്നുയര്‍ന്ന സ്വപ്നങ്ങള്‍ ഇന്ന് ചിറകുകളില്ലാതെ തനിക്കു മുന്‍പില്‍ കിടന്നു പിടയുന്നതുപോലെ.

ഉരുവിടാന്‍ ആഗ്രഹിക്കാതിരുന്ന വാക്കുകള്‍ ഇന്നു നാവില്‍ തുമ്പത്തു നിന്ന് അറിയാതെ അടര്‍ന്നു വീഴുന്നു.

‘’ റഹ്മത്തായ തമ്പുരാനെ എല്ലാം പൊറുത്തീടണമേ”

കറുത്ത പക്കത്തിലേക്ക് നീങ്ങുന്ന നിലാവ് പോലെ തോന്നി അയാള്‍ക്ക് ജീവിതം. എന്തെല്ലാമോ വലിയ തെറ്റുകള്‍ ചെയ്തതു പോലെ അയാളുടെ മനസ്സ് ഭാരിച്ചിരുന്നു. ക്ഷമാപണം നടത്തിക്കൊണ്ടിരുന്നു അയാളുടെ മനസ്സ്.

പണ്ടത്തെപ്പോലെ പല സ്ഥലങ്ങളിലും പോയി ഇന്നയാള്‍ വ്യാപാരം നടത്തുന്നില്ല അടുത്തുള്ള അങ്ങാടിയില്‍ ഒരുടുങ്ങിയ വാടക മുറിയില്‍ കച്ചവടവും ജീവിതവും കഴിച്ചു കൂട്ടുന്നു. അങ്ങാടിയുടെ പടിഞ്ഞാടുള്ള മദ്രസ്സയില്‍ നിന്നും സമയാ സമയങ്ങളില്‍ ബാങ്കു വിളികള്‍ ഉയരുമ്പോള്‍ അയാളടെ കാലുകള്‍ അങ്ങോടു ചലിക്കും. നിസ്ക്കാരം നടത്താന്‍.

ഒരു ലോകത്തെ സുല്‍ത്താനായി കഴിയാമെന്ന മോഹങ്ങള്‍ വൃഥാവില്‍ ആയിപ്പോയതിലല്ലല്ല അയാള്‍ക്കുള്ള ദു:ഖം. കുറച്ചധികപ്പറ്റായ പ്രവൃത്തികളായിരുന്നതെങ്കിലും കഷ്ടപ്പാടുകളുടെ പുളിമാവുകൊണ്ട് ചുട്ടെടുത്ത അപ്പം തിന്നു തടിച്ചിട്ടു തന്നെ ഈ നാളുകളില്‍ അലട്ടുന്ന ഏഴു ഭാര്യമാരെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് ഭിത്തികള്‍ തകരുന്നത്. കഴിഞ്ഞ കാലങ്ങളെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ അയാളുടെ ഉള്ളു വിറയല്‍ കൊള്ളാന്‍ തുടങ്ങും.

പണ്ട് ഉപദേശിച്ചവരോട് ആരോട് സംസാരിക്കാന്‍ തുടങ്ങിയാലും ഒരു കാര്യം അയാള്‍ എടുത്തു പറയുമായിരുന്നു.

”നമ്മുടെ നിയമ പുസ്തകത്തില്‍ എത്ര നിക്കാഹു കഴിക്കാമെന്ന് ഉണ്ടെങ്കിലും പോറ്റാന്‍ കഴിവില്ലാത്തോന്‍ ഒരു പെണ്ണു പോലും കെട്ടരുത്”

ആമോസിന്റെ കച്ചവടം നന്നേ പൊളിഞ്ഞു. വാടക വീട്ടില്‍ അയാള്‍ ഒരു മൂങ്ങയേപ്പോലെ കഴിഞ്ഞു കൂടി. ഭക്ഷണം കഴിച്ചാല്‍ ആയി അങ്ങനെ അയാളുടെ ശരീരം ശോഷിച്ചു ശോഷിച്ചു വന്നു. ആരും അയാളെ ശ്രദ്ധിക്കാതെ പോലും ആയി.

ഒരു ദിവസം അങ്ങാടിയില്‍ പ്രഭാതം പൊട്ടിവിരിഞ്ഞത് ആമോസിന്റെ മരണവാര്‍ത്തയോടെയാണ് അയാളെ അടുത്ത് അറിയാമായിരുന്നവര്‍ പലരും പറഞ്ഞു.

‘’ അയാള്‍ മയ്യത്ത് ആയത് നന്നായി‘’

ഉച്ചയോടു കൂടി പള്ളിയിലേക്ക് കബര്‍ എടുത്തു.

മൗലവിയും കുറെ നാട്ടുകാരും ചേര്‍ന്ന് ആമോസിന്റെ മയ്യത്ത് ‘ ലാ ഇലാ ഇല്ലള്ളാ’ ചൊല്ലി പള്ളിയിലേക്ക് എടുക്കുമ്പോള്‍ ഏഴുപുരകളില്‍ നിന്നും കണ്ണുകള്‍ ഏതോ ഒരന്ന്യന്റെ മയ്യത്തെടുപ്പാണെന്ന ഭാവത്തില്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

Generated from archived content: story1_jan16_14.html Author: joy_nediyalimolel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവീട്ടുകൃഷി, ഇവിടെ ഒരു തരംഗം ആകുമ്പോള്‍
Next articleവിപാസനയുടെ മൂന്നാമത്തെ രീതി
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English