ഈ ആല്‍ത്തറ തന്നെ സാക്ഷി

അമ്പലത്തിനും ആല്‍മരത്തിനും ഏതാണ്ട് ഒരേ പ്രായമാണ്. അമ്പലത്തിനു കിഴക്കുവശത്തായി ആല്‍മരം ശിഖരങ്ങള്‍ വീശി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.

പടുത്തു കെട്ടിയ ആല്‍ത്തറയില്‍ ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങള്‍ ഇരുന്ന് നാമം ജപിക്കും. യുവജങ്ങള്‍ക്കു ഒരു നേരമ്പോക്കു മാത്രമായിരിക്കും ആല്‍ത്തറയില്‍ കുത്തിയിരിക്കുമ്പോഴും അമ്പലപ്പറമ്പു ചുറ്റിയടിക്കുമ്പോഴും പ്രഭാതമെന്നോ പ്രദോഷമെന്നോ ഭേദമില്ലാതെ ഭക്തജനങ്ങള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു.

വ്യത്യസ്ഥഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ആല്‍ത്തറയിലെ, യാചനയുടെ, ഉത്കണ്ഠയുടെ എല്ലാ ഭാവങ്ങളും നിഴലിച്ച മുഖങ്ങള്‍ ഏതോ ദു:ഖസാഗരത്തിന്റെ ഭാഢക്കെട്ട് അഴിച്ചു വെച്ചതുപോലെ ആയിരുന്നു അവിടെ നിന്നും മടങ്ങുന്നവരുടെ ഓരോ മുഖവും.

വിവാഹകര്‍മ്മങ്ങള്‍ക്കായി പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്.

വധൂവരന്മാര്‍ കൈ പിടിച്ച അമ്പലത്തിനു പ്രദക്ഷിണം വയ്ക്കുമ്പോള്‍ ആല്‍ത്തറയിലും പരിസരത്തും ഇരുന്ന് യുവതിയുവാക്കള്‍ ശൃംഗരിക്കുന്നുണ്ടാകും.

ഇന്നു കൈപിടിച്ച് അമ്പലത്തിനു വലം വയ്ക്കുന്നവര്‍ പണ്ടൊരിക്കല്‍ എല്ലാം മറന്ന് ശൃംഗരിച്ചവരാണ് ഇന്നവര്‍ക്ക് എന്തെന്നില്ലാത്ത ലജ്ജ എന്തിന്?

പലപ്പോഴും ആ ആല്‍ത്തറയിലിരുന്ന് ജീവിതം എന്ന വാക്കിന് അര്‍ത്ഥം കല്‍പ്പിക്കാതെ പലതും പുലമ്പിയവര്‍ ഇന്നു ജീവിത സാക്ഷാത്ക്കാരത്തിനു വേണ്ടി മല്ലടിക്കുകയാണ്.

ആല്‍ത്തറ അന്നവര്‍ക്കൊരു വികാരം മാത്രമായിരുന്നു. അവരുടെ മുമ്പില്‍ കൂടി പണ്ടേതോ നവദമ്പതികള്‍ കൈപിടിച്ച് അമ്പലത്തിനു വലം വച്ചു കടന്നു പോയപ്പോള്‍ എല്ലാം ബോറായി തോന്നി യിരുന്നു.

തമ്മില്‍ തമ്മില്‍ പറഞ്ഞിരുന്നു ‘ ഇറ്റീസ് വെരി വെരി ഓള്‍ഡ്’

കല്യാണമണ്ഡപത്തിനു മുന്നിലിരിക്കുമ്പോഴാണ് പണ്ടു പറഞ്ഞു തള്ളിയ നിസാരമായ വാക്കുകളുടെ വലിയ അര്‍ത്ഥം എന്താണെന്ന് മിക്കവര്ക്കും മനസിലായത്.

‘ ശശിയേട്ടാ ഇപ്പോഴിതൊന്നും വേണ്ടാട്ടോ’

ആല്‍ത്തറയിലിരുന്ന് കുസൃതി കാട്ടൂന്ന ശശിയോട് ശ്രീകല അല്‍പ്പം പരുഷ സ്വരത്തില്‍ പറഞ്ഞു.

‘ ഉം എന്തേ ? ഞാനിനിയും?’

‘ഈ ശശിയേട്ടനു ഒരു പരിസരബോധവും ഇല്ലല്ലോ ഈശ്വരാ’ വധുവിന്റെ മാലയിട്ട് വരന്‍ ഇരിക്കുന്ന രംഗത്തിനു മുര്‍ച്ച കൂട്ടിക്കൊണ്ട് വാദ്യ മേളങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

ആ രംഗം ശശിക്കും അനുഭൂതിയുടേതായിരുന്നു. അവിടെ ചുറ്റിക്കറങ്ങുന്ന ഇളം തെന്നല്‍ എവിടെ നിന്നോ ആശംസകളും അനുമോദനങ്ങളും കൊരുത്ത മാല വധൂവരന്മാര്‍ക്കു സമ്മാനിക്കുന്നതായി തോന്നി.

ആല്‍മരക്കൊമ്പത്ത് അപ്പോള്‍ രണ്ടിണക്കിളികള്‍ ചുണ്ടുരുമ്മി രസിക്കുന്നുന്നുണ്ടായിരുന്നു. ശശിയുടെ ചിന്തകള്‍ക്കപ്പോള്‍ ചിറകുമുളച്ച് ഏതോ സ്വപ്നലോകത്തേക്കു പറക്കുകയായിരുന്നു.

‘ ഒരിക്കല്‍ താനും ശ്രീകലയും ഇന്നിവിടെ ഇരിക്കുന്ന വധൂവരന്മാരേക്കാള്‍ മോടിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുമ്പോള്‍ ആ നിമിഷം വന്നടുക്കുമ്പോള്‍ ജീവിതത്തിന്റെ തുടക്കം എന്നുപറയുന്നത് അപ്പോഴായിരിക്കുമോ?’

നിര്‍വൃതിയുടെ നിമിഷങ്ങളില്‍ ആ ആല്‍ത്തറയില്‍ എത്രനേരം അന്നങ്ങനെ ഇരുന്നുവെന്നവര്‍ക്കറിയില്ല.

അമ്പലക്കുളത്തിലേക്കു പടുത്തിറക്കിയിരിക്കുന്ന ഒതുക്കുകല്ലുകള്‍ ചവിട്ടി ശ്രീകലയുടെ കൈപിടിച്ചിറങ്ങുമ്പോള്‍ ശശിയെ ഏതോ ശിഥില മോഹങ്ങള്‍ വേട്ടയാടുകയായിരുന്നു.

അമ്പലക്കുളത്തില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന ഭക്തജനങ്ങള്‍ കുളത്തില്‍ ഇടം കിട്ടിയിടത്തു മുങ്ങിക്കയറി അവര്‍ തൊഴുതു മടങ്ങി.

സന്ധ്യയുടെ ഏകാന്തതയില്‍ ശ്രീകല ശശിയെ കാത്തിരിക്കുമ്പോള്‍ അമ്പലത്തിന്റെ ഭിത്തികളില്‍ രൂപപ്പെടുത്തിയിരിക്കുന്ന വ്യാളിരൂപങ്ങള്‍ അവള്‍ക്കു നേരെ തുറിച്ചു നോക്കുന്നതു പോലെ തോന്നി.

വീട്ടിലെ അദ്ധ്വാനത്തിനു ശേഷം ശശിയെന്ന ദേവനെ കാത്തിരിക്കുന്നതില്‍ ശ്രീകലക്കു ഒരു പ്രത്യേക അനുഭൂതിയുണ്ടായിരുന്നു.

തന്റെ മുറച്ചെറുക്കനാണല്ലോ ശശിയേട്ടന്‍ എന്നൊര്‍ക്കുമ്പോള്‍ മാത്രമാണ് ആ നിമിഷങ്ങളൊക്കെ ഭീതിജന്യമായി തോന്നാതിരുന്നത്.

ശശിയേട്ടന്‍ എന്നെന്നും തന്റേതായിരിക്കുമെന്നുള്ള വിശ്വാസം ശ്രീകലയില്‍ പ്രത്യേക ഉന്മേഷം ഉളവാക്കിയിരുന്നു.

ശപഥവും സത്യവും താന്‍ ഒരിക്കലും ആവശ്യപ്പെടുന്നില്ല. ശശിയേട്ടന്‍ തരുന്ന വിശ്വാസം‍ മാത്രമാണ് തന്നെ വഴി നടത്തുന്നത്.

പക്ഷെ അദ്ദേഹത്തിന്റെ അമ്മ…… അതൊരുത്തരം കിട്ടാത്ത ചോദ്യം പോലെയാണ്. അവര്‍ പറയുന്നതാണാ വീട്ടില്‍ നടക്കുന്നത് .

തന്നെക്കുറിച്ചെങ്ങാന്‍ മറുത്തു പറഞ്ഞാല്‍ ഈ ജന്മം നിഷ്ഫലമാകുമോ ഈശ്വരാ……….

അദ്ദേഹത്തിന്റെ അമ്മയുടെ അനന്തിരവള്‍ ശ്രീദേവി .. അവളെന്നും ഒരു പേടി സ്വപ്നമായി കടന്നു കൂടാറുണ്ട് തന്റെ ചിന്ത‍കളില്‍.

ഒരു ‘ മോഡേണ്‍ ‘ ഗേള്‍ എന്നല്ലാതെ അവളെക്കുറിച്ച് പറയേണ്ടത്. ആവശ്യത്തിനു പണം വിദ്യാഭ്യാസം എല്ലാം അവള്‍ക്കുണ്ട്.

ശശിയേട്ടന്റെ മനസൊന്നു മാറിയാല്‍ … ശ്രീദേവി മനസു വച്ചാല്‍ പിന്നെ ഈ ഭൂമിയില്‍ താനൊരു പുഴുക്കുത്തുവീണ പുവോ അതോ…..?

എങ്കിലും ശ്രീദേവിയില്‍ ഇന്നുവരെ അധികപറ്റായ പെരുമാറ്റങ്ങള്‍ തനിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല തന്നേപ്പോലെ തന്നെ ശശിയേട്ടനില്‍ പൂര്‍ണ്ണ അവകാശം ശ്രീദേവിക്കും ഉണ്ടെന്ന സത്യം താന്‍ സ്വയം അറിഞ്ഞുകൊണ്ടുതന്നെ മറച്ചു പിടിക്കുകയാണ്.

താന്‍ സ്നേഹിക്കുന്ന പുരുഷനെ മറ്റൊരുസ്ത്രീ സ്നേഹിക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല എന്തിനു സ്നേഹിക്കണം ഒന്നു സംസാരിച്ചാല്‍ തന്നെയും ഇതിനു സ്വാര്‍ത്ഥതയെന്നാണോ പറയുക? …എന്തോ…..?

അല്ലെങ്കില്‍ ശശിയേട്ടന്‍ അങ്ങനെ ചെയ്യരുതായിരുന്നു നിറപറ നിറച്ച് തോരണങ്ങള്‍ തൂക്കിയ ആ മണ്ഡപത്തിലേക്കു തന്റെ വികാരങ്ങളെ കുട്ടിക്കൊണ്ടു പോകരുതായിരുന്നു.

കന്നിമാസത്തിലെ കൊടിയേറ്റ ഉത്സവമെത്തുമ്പോള്‍ ഗരുഡന്‍ തൂക്കവും നാഗസ്വരകച്ചേരിയും കാണാന്‍ മുട്ടിയിരുന്നപ്പോള്‍ ശശിയേട്ടന്‍ എന്നും ഒരു രസമായിരുന്നു. ആ പുഞ്ചിരിയിലെ വിളങ്ങുന്ന വശ്യത തന്നെ ഹരം പിടിപ്പിക്കുന്നതായിരുന്നു.

ഇന്നു ശശിയേട്ടന്‍ തന്നില്‍ നിന്നകന്നു പോകുന്നതു പോലെ എല്ലാം മിഥ്യയാണെന്ന് ഒരു തോന്നല്‍.

മനുഷ്യനു പഠിപ്പുകൂടുമ്പോള്‍ ഇങ്ങനെയാണോ ഈശ്വരാ എങ്ങോ ദൂരെ എഞ്ചിനീയറിംഗിനു പഠിക്കുന്നു. അവധിക്കാലങ്ങളില്‍ വീട്ടിലേക്കൊന്നോടി വരും. തന്നെ കണ്ടു കണ്ടില്ലാ എന്നാക്കി മടങ്ങിപ്പോകും.

ആല്‍ത്തറയില്‍ താനൊറ്റക്കിരുന്നു കഴിഞ്ഞു പോയ കാലങ്ങളെ സ്വപ്നം കാണും. ശ്രീദേവിയും ശശിയേട്ടന്‍ പഠിക്കുന്നതിന്റെ അടുത്തേതോ കോളേജിലാണെന്നോര്‍ക്കുമ്പോള്‍ എന്തോ ദുരവഗാഹമായ ചിന്തകള്‍.

ശശിയേട്ടന്‍ അത്തരക്കാരനല്ല ആ വിശ്വാസം താന്‍ ഇന്നോ ഇന്നലയോ പുലര്‍ത്തിവരുന്നതല്ല. ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കുക. ഒന്നു തീര്‍ന്നെങ്കില്‍ ഈ ശശിയേട്ടന്റെ പഠിപ്പ്.

ഏകാന്തതയുടെ തടവറയില്‍ ശ്രീകല ഒറ്റക്കാണ്. ആ ആല്‍ത്തറയില്‍ ഒറ്റക്കിരുന്നവള്‍ ചുടു നിശ്വാസമുതിര്‍ത്തു. ഒന്നും മനസിലാകാതെ അവളുടെ മനസ്സ് ഉഴലുകയായിരുന്നു.

വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു പോയി ശശിയേട്ടന്‍ എഞ്ചിനീയറായി. ശ്രീദേവി ഡോക്ടറും.

ശശി തന്റെ സ്റ്റാറ്റസിനെ കുറിച്ചു ചിന്തിച്ചു. തന്റെ പദവിക്കു ചേരുന്നത് ശ്രീദേവിയാണെന്നു അയാള്‍ക്കു തോന്നി.

ശ്രീകല അറിയാതെ എല്ലാം നടക്കുകയായിരുന്നു.

ഒരു ദിവസം പ്രഭാത പൂജയ്ക്കു കടന്നു വന്ന ശ്രീകല അമ്പലത്തില്‍ കുടി നിന്നവരെ തുറിച്ചു നോക്കി അവള്‍ക്കു പരിചിതമായ മുഖങ്ങള്‍.

എന്തെന്നു തിരക്കാതെ അവള്‍ അമ്പലക്കുളത്തിലിറങ്ങി മുങ്ങി പൊങ്ങി കരയ്ക്കു കയറുമ്പോള്‍ ആ നടുക്കുന്ന ദൃശ്യം കണ്ടു. ശശിയും ശ്രീദേവിയും കൈപിടിച്ച് അമ്പലത്തിനു വലം വയ്ക്കുന്ന് ഒപ്പം കല്യാണ വാദ്യ മേളവും

ഒന്നും കാണാന്‍ കഴിയതാതെ താന്‍ കണ്ടതു സ്വപ്നമോ എന്നു പോലും തിരക്കാതെ ശ്രീകല വീട്ടിലേക്കു പാഞ്ഞു.

രാവിലെ തൊഴാനെത്തിയ ശശിയും ശ്രീദേവിയും ആ രംഗം കണ്ടു തരിച്ചു നിന്നു ശ്രീകല ആല്‍മരത്തില്‍ തൂങ്ങി നില്‍ക്കുന്നു.

ശ്രീകലയുടെ ആത്മാവ് ശശിയോടു മന്ത്രിച്ചു ‘ നിങ്ങള്‍ എനിക്കു തന്ന വിശ്വാസം മിഥ്യയായിരുന്നു അതിനീ ആല്‍ത്തറതന്നെ സാക്ഷി ഈ ആല്‍ത്തറ തന്നെ ‘

Generated from archived content: story1_feb12_14.html Author: joy_nediyalimolel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇന്ദിര തുറവൂരിന് പുരസ്‌കാരം
Next articleവാടകക്കാരനെ എപ്പോള്‍ ഒഴിപ്പിച്ചു പുറത്താക്കാം
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here