ലിയ

അമ്മവീട്ടിൽ പോകുവാൻ ലിയ എന്തെങ്കിലും കാരണം കണ്ടുപിടിക്കും. അമ്മയുടെ വീടെന്നു പറഞ്ഞാൽ അവൾക്ക് ഹരമാണ്‌. അമ്മയോട് ചിലപ്പോൾ അപ്പച്ചൻ പറയും “എടീ നാളെ ഞാൻ നിന്റെ വീടുവരെ ഒന്നു പോയിട്ടു വരാം…..നീ പോരുന്നുണ്ടെങ്കിൽ നേരത്തെ കാലത്തെ തയ്യാറായിക്കോണം…”

“ഞാൻ പിന്നെ എപ്പഴെങ്ങാനും പൊക്കോളാം…നിങ്ങളു പോയിട്ടു പോരെ…”

രാവിലെ ലിയയുടെ അപ്പച്ചൻ ഒരുങ്ങുന്നതു കാണുമ്പോൾ ലിയ പരവേശം തല്ലി അമ്മയുടെ പെട്ടിയിൽ നിന്നും അവളുടെ ഉടുപ്പുകൾ പരതി അതിൽ നിന്നും ഒരെണ്ണം എടുത്തിട്ട് തയ്യാറാകും. അപ്പച്ചൻ ഇറങ്ങുന്നതും കാത്ത് അവൾ വരാന്തയിൽ കാത്തിരിക്കും.

വെള്ള മുണ്ടും ഷർട്ടും അണിഞ്ഞു, ഷർട്ടിനു പുറകിൽ ഒരു വളകാലൻ കുടയും തൂക്കി അയാൾ ഇറങ്ങുമ്പോൾ ലിയ കൂടെ ഇറങ്ങും. അയാൾക്കറിയാം കൂടെ കൊണ്ടുപോയില്ലെങ്കിൽ പിന്നെ ഒരു മഹഭാരത യുദ്ധംതന്നെ അവിടെ നടക്കുമെന്ന്. അയാൾ ലിയയുടെ കൈയ്ക്ക് പിടിച്ച് കൂടെ കൂട്ടും.

അവൾ കണക്കുകൂട്ടി അപ്പച്ചനോട് പറയും “ഇന്നും നാളെയും എനിക്ക് പഠിത്തമില്ല അതുകൊണ്ട് അപ്പച്ചൻ തനിയെ തിരിച്ചുപോരെ …ഞാൻ രണ്ടു ദിവസം കഴിഞ്ഞു വന്നോളാം…..”

“അവിടത്തെ ആജ്ഞപോലെ” എന്ന് ലിയയുടെ അപ്പച്ചൻ പറഞ്ഞു.

സമയ നിഷ്ടതയില്ലാതെ വല്ലപ്പോഴും വന്നുപോകുന്ന ട്രാൻസ്പോർട്ട് ബസ്സ്. അതിനായി കാത്തു നില്ക്കാതെ നടക്കാറാണ്‌ അപ്പച്ചന്റെ പതിവ്. തന്നെ നടത്തിക്കുന്നതിൽ അപ്പച്ചന്‌ അല്പം വൈഷമ്യം തോന്നി. പക്ഷെ താൻ അമ്മയുടെ കൂടെ പലപ്പോഴും നടന്നാണ്‌ പോകാറുള്ളത് എന്നു പറഞ്ഞപ്പോൾ നടക്കാൻ തന്നെ തീരുമാനിച്ചു. ഇടവഴിയിലേക്ക് തിരിഞ്ഞ് ഒരു മല കയറിയിറങ്ങിയാൽ കുറെ ദൂരം ലാഭിക്കാം. കുറ്റിച്ചെടികൾ നിറഞ്ഞ തരിശു ഭൂമി. അതിനിടയിൽക്കൂടിയുള്ള ചെമ്മണ്ണുപ്പാത. പലയിടത്തും ചെങ്കല്ലുകൾ വെട്ടിയെടുക്കുന്നുണ്ട്. ചെങ്കല്ലുകൾ ചുമന്നു പോകുന്ന സ്ത്രീകൾ.

നടക്കുന്നതിനിടയിൽ ലിയ ഓരോന്നും അവളുടെ അപ്പച്ചനോട് തിരക്കിക്കൊണ്ടിരിക്കും. അതിനൊക്കെ അവളുടെ അപ്പച്ചൻ തക്കതായ മറുപടിയും കൊടുത്തുകൊണ്ടിരിക്കും. ഇന്നത്തെപ്പോലെ പറമ്പുകൾ അന്നു വേലികെട്ടി തിരിക്കാത്തതിനാൽ ഏതു പറമ്പിൽ കൂടിയും കയറി ഇറങ്ങി പോകാമായിരുന്നു. കാലങ്ങളിലൂടെ മനുഷ്യ മനസ്സിനു വന്ന മാറ്റങ്ങൾ പരസ്പരം അതിർ വരമ്പുകൾ സൃഷ്ടിച്ചു. ഒപ്പം ബന്ധങ്ങൾക്കും. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേയ്ക്കുള്ള പലായനത്തിന്റെ വാതിൽ അവിടെ നാം അറിയാതെ മലർക്കെ തുറക്കപ്പെടുകയായിരുന്നു. ഇനി നമുക്ക് ചുറ്റിവളഞ്ഞുള്ള വഴികളിൽ കൂടി മാത്രമെ സഞ്ചരിക്കാൻ കഴിയൂ എന്നുള്ള ഗതിയും വന്നുചേർന്നു. കുറുക്കു വഴികളെ നമുക്ക് മറക്കാം. വഴിയോര കാഴ്ചകൾ നിറയെ കാണാനുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ റോഡ് ടാർ ചെയ്യുന്നുണ്ട്. തങ്ങളുടെ പടിക്കൽ കൂടി കടന്നുപോകുന്ന റോഡ് ഏതു കാലത്ത് ടാർ ചെയ്യും എന്ന് ലിയ ഓർത്തു.

വഴിയോരത്തുള്ള ധർമ്മാശുപത്രിയുടെ മുന്നിൽ നീണ്ട നിര കണ്ടു. സൗജന്യമായി മരുന്നുകൾ വാങ്ങാൻ ദൂരെ നിന്നുപോലും ആൾക്കാർ എത്തിയിട്ടുണ്ട്. വഴിമദ്ധ്യേ പല പരിചയക്കാരെയും കണ്ടു. അവരെല്ലാം അപ്പച്ചനോട് കുശലങ്ങൾ തിരക്കി. ഇടയ്ക്ക് വെച്ച് ആരോ അപ്പച്ചനോട് ചോദിച്ചു “ഇന്ന് ഹർത്താൽ ആയതുകൊണ്ടാണോ നടക്കുന്നത് “ എന്ന്. അപ്പോഴാണ്‌ അറിയുന്നത് അന്നേ ദിവസം ഹർത്താൽ ആയിരുന്നുവെന്ന്. അപ്പോൾ നമ്മൾ വണ്ടികാത്തു നിൽക്കാതെ നടന്നതു നന്നായി അല്ലേ എന്ന് അപ്പച്ചൻ ചോദിച്ചു. നടന്നു നടന്നു ഷാപ്പിൻ പടിയ്ക്കൽ എത്തി. പലരും അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നതുകണ്ടു. വറുത്തരച്ചുവെച്ച കറികളുടെയും മീൻ പൊരിക്കുന്ന കൊതിപ്പിക്കുന്ന മണവും നാസാരന്ത്രത്തിലേക്ക് കയറിയിറങി. അപ്പച്ചൻ കള്ളുകുടിക്കുമെങ്കിലും ഒരിക്കലെങ്കിലും കള്ളുഷാപ്പിൽ കയറി കള്ളുകുടിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ലെക്കുകെട്ട കുടിയന്മാർ പല പള്ളുവാക്കുകളും പറയുന്നുണ്ടായിരുന്നു. ഷാപ്പിനോടു ചെർന്നുള്ള പത്രോസു ചേട്ടന്റെ ഇറച്ചിക്കടയിൽ പോത്തിറച്ചി തൂക്കിയിട്ടിരിക്കുന്നു. പത്രോസു ചേട്ടൻ ആജാനബാഹുവാണ്‌. ചില കുടിയന്മാരെ നിലയ്ക്ക് നിർത്താറുമുണ്ട്. ചന്തയുള്ള ദിവസ്സങളിൽ അവിടെയുമുണ്ട് പത്രോസ്സുചേട്ടന്‌ ഇറച്ചിക്കട. ലിയ പത്രോസുചേട്ടന്റെ നേരെ തിരിഞ്ഞു നോക്കി. പത്രോസുചേട്ടൻ അവൾക്കുനേരെ പുഞ്ചിരിച്ചു. അയാളുടെ തടിമിടുക്കുപോലെ അയാൾ ഹൃദയ കാഠിന്യമുള്ളവനല്ലെന്ന് ലിയക്ക് തോന്നി.

ഷാപ്പുംപടിയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞുള്ള പാട വരമ്പാണ്‌ ഇനി കുറുക്കു വഴി. തോടും പാടവുമായി വേർതിരിയ്ക്കുന്ന വരമ്പായതുകൊണ്ട് വീതിയുള്ള പാട വരമ്പായിരുന്നു അത്. അതു വഴി നടന്നുചെന്നാൽ അമ്മ വീട്ടിലെ പാടത്തേയ്ക്കാണ്‌ ചെന്നു കയറുന്നത്. ഇനി അമ്പലപ്പറമ്പും മറി കടന്നാൽ വീടായി. അമ്പലപ്പറമ്പിലെ പാല മരച്ചുവട്ടിൽക്കൂടി പോകാൻ പേടിയാണ്‌. അപ്പച്ചൻ കൂടെയുള്ളതുകൊണ്ട് ഭയമില്ല. അതിൽ കുറെ യക്ഷികളെ തറച്ചുവെച്ചിട്ടുണ്ടെന്ന് അമ്മാവന്മാരുടെ കുട്ടികൾ പറഞ്ഞിട്ടുണ്ട്. അതുകോണ്ട് കുട്ടികൾ അവിടെ എത്തുമ്പോൾ ഓടാറാണ്‌ പതിവ്. ആഴ്ചയിൽ ഒരു തവണയെങ്കിലും ലിയ അമ്മവീട്ടിൽ എത്തുമായിരുന്നു. മിക്കപ്പോഴും അവളുടെ അപ്പച്ചന്റെ കൂടെതന്നെയായിരിക്കും. ഒരു പക്ഷെ അമ്മവീട്ടിലെ സ്വാതന്ത്ര്യവും അവിടെയുള്ളവർ കൊടുക്കുന്ന ബഹുമാനവും പിന്നെ അവിടത്തെ മധുരക്കള്ളുമായിരിക്കും അപ്പച്ചനെ അമ്മവീട്ടിലേക്ക് കൂടുതൽ കൂടുതൽ ആകർഷിക്കുന്നത്.

മൂത്ത മരുമകൻ വരുന്നു എന്നറിഞ്ഞാൽ അയാൾക്കുവേണ്ടി അമ്മായിയമ്മ പ്രത്യേകം മധുരക്കള്ള് കരുതിവെയ്ക്കും. അമ്മാവന്മാരുടെയും കുഞ്ഞമ്മമാരുടെയും മക്കൾ ഒക്കെയുണ്ട് അവിടെ അവൾക്കു കളിക്കുവാൻ. എല്ലാവരും ഒത്തുകൂടിക്കഴിയുമ്പോൾ അവിടെ ആകെ കോലാഹലമാകും. കുട്ടികളുടെ ഒച്ച പറമ്പിന്റെ അതിർ വരമ്പുകളെ ഭേദിച്ച് അലയൊലികൊള്ളും. കല്ലുവെട്ടാം കുഴിയിലും മരക്കൂട്ടങ്ങൾക്കിടയിലും മച്ചിൻ പുറത്തും പുൽകൂട്ടിലും അവർ ഒളിച്ചു കളിച്ചു. ഒളിച്ചു കളിക്കാൻ നീട്ടി എണ്ണുന്ന ഒച്ചയും കേൾക്കാം. എണ്ണുമ്പോൾ ഇടയ്ക്കുള്ള ചില സംഖ്യകകളുടെ അക്കങ്ങൾ അവർ മനപ്പൂർവ്വം വിട്ടുകളഞ്ഞ് എണ്ണാറുണ്ട്. അതിലാണു അവരുടെ കുസ്രുതി നിറഞ്ഞു നിൽക്കുന്നതും.

ലിയയുടെ വല്യമ്മാവൻ തറവാട്ടിൽ നിന്നും വേറെയാണു താമസ്സിക്കുന്നത്. നിവർത്തികേടുകൊണ്ടാണു അയാൾ വേറെ താമസ്സിക്കുന്നത്. കൂട്ടുകുടുംബമായതുകൊണ്ട് വല്യമ്മാവന്റെ അമ്മായിക്ക് അവിടെ ഉള്ളവർ വേണ്ടത്ര പരിഗണ കൊടുത്തില്ല. അതുകൊണ്ടാണ്‌ വല്യമ്മാവൻ വേറെ താമസമാക്കാൻ കാരണമായതും. തറവാട്ടിലെ കണ്ടങ്ങളോടു (പാടങ്ങളോടു/ വയലിനോടു) ചേർന്നാണ്‌ അമ്മാവന്‍ കൊടുത്തിരിക്കുന്ന ഒരു മുറി കണ്ടം(പാടം / വയൽ ). അതിൽ അമ്മാവനും അമ്മാവിയും പാടുപെടും. എത്രതന്നെ വിളവുണ്ടായാലും അവർക്കത് തികയാൻ പോന്നതല്ലായിരുന്നു. തികയാത്തത് പുറത്തുനിന്ന് വാങ്ങാറാണ്‌ പതിവ്. നുകത്തിൽ കൂട്ടികെട്ടിയ കലപ്പ ആഞ്ഞു വലിക്കുന്ന തോളുകൾ തേഞ്ഞ കാളകൾ. ഏതോ ദുരന്തത്തിന്റെ ദു:ഖ സ്മരണകൾ പേറിയതുപോലെ വലിയമ്മാവൻ മൂകമായി കന്നു പൂട്ടുന്നതും, വരമ്പിടുന്നതും, പച്ചിലച്ചവറുകൾ പാടത്ത് വാരിവിതറുന്നതും, ഞവരിയടിച്ച് പാടം നിരപ്പു വരുത്തുന്നതും, വലിയമ്മാവനും അമ്മാവിയും ചേർന്നു ഞാറു നടുന്നതും കാണാറുണ്ട്. എല്ലാത്തിനും അവർ രണ്ടുപേർമാത്രം. വറ്റാൻ തുടങ്ങുന്ന പാടത്തേയ്ക്ക് ചിലർ വെള്ളം തേകുന്നുണ്ട്. മറ്റുചിലർ ചക്രങ്ങൾ ചവുട്ടിയും പാടത്ത് വെള്ളം നിറയ്ക്കുന്നുണ്ട്. പാടത്തു പണി നടക്കുമ്പോഴും കുട്ടികൾ അവരുടെതായ ലോകത്ത് കളിച്ചുകൊണ്ടിരിക്കും. തോർത്തു മുണ്ട് വലയാക്കി ഒഴുക്കിനെതിരെ പിടിച്ച് മീൻ പിടിക്കും. അല്ലെങ്കിൽ ജലപ്പരപ്പിൽ തോർത്തുമുണ്ട് താഴ്ത്തിവെച്ച് പൊടിമീനുകൾ അടുക്കുമ്പോൾ പൊക്കിയെടുക്കും. പിടയുന്ന മത്സ്യങ്ങളെ നോക്കി കുട്ടികൾ ചിരിക്കും. പൊടിമീനുകൾ മെല്ലെ മെല്ലെ ശ്വസം വെടിയുന്നതും നോക്കി അവർ നില്ക്കും. ഇതുപോലെയാണ്‌ മലയിലെ വീട്ടിലെ അപ്പൂപ്പന്റെ ശ്വാസം നിലച്ചതെന്ന് ലിയ പറഞ്ഞു. അപ്പോൾ കുട്ടികൾക്കിടയിൽ അല്പനേരം മൗനം കെട്ടിനിന്നു. ചത്ത പൊടിമീനുകളെ അവർ വെള്ളത്തിൽ ഒഴുക്കിവിട്ടു. അവ വെള്ളത്തിൽ പൊന്തി വിദൂരതയിലേക്കു ഒരു വിലാപ യാത്രപോലെ ഒഴുകി മറയുന്നതുവരെ അവർ നോക്കിനിന്നു. “ഛീ….ഈ കുട്ടികളെ മീൻ നാറിയിട്ട് അടുപ്പിക്കാൻ പറ്റില്ലല്ലോ ദൈവമെ..” മുതിർന്നവർ കുട്ടികളോടു പറയും. വലിയമ്മാവനും ഒരു പിടയുന്ന മത്സ്യത്തിനു തുല്യമായാണ്‌ ജീവിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. അത്താഴത്തിന്റെകൂടെ വല്യമ്മ സേവിച്ച മൂത്ത കള്ളിന്റെ മത്ത് തലയ്ക്ക് പിടിച്ചപ്പോൾ വല്യമ്മ കണ്ണീരൊഴുക്കി പറഞ്ഞു: “ഞാൻ പെറ്റ എന്റെ കടിഞ്ഞൂൽ പുത്രന് ഈ ഗതി വന്നല്ലോ….ദൈവമെ…!.” എന്ന്.

അതവർ ഹൃദയത്തിന്റെ അടിത്തട്ടിൽ സൂക്ഷിച്ചിരുന്ന ഒരു സത്യം മത്തുപിടിച്ചപ്പോൾ പുറത്തു വന്നതാണ്‌. വേറെ പോയതിനു ശേഷം എല്ലാവരും വലിയമ്മാവനെ ശത്രുവായി കാണുന്നതുപോലെ തോന്നുന്നു. പറമ്പിലെ പന ചെത്തുകാരൻ കൊടുക്കുന്ന കള്ളുകുടത്തിൽ നിന്ന് ഒരു കോപ്പ കള്ളിന്റെ വിഹിതം പോലും ഇന്നമ്മാവനു നിഷേദിക്കപ്പെട്ടിരിക്കുന്നു. പറമ്പിന്റെ അതിർത്തിയിലെങ്ങാൻ മൂത്ത മകന്റെ തലവെട്ടം കണ്ടാൽ അമ്മ ഓടിച്ചെല്ലും. എന്തെങ്കിലുമൊക്കെ ഒളിപ്പിച്ച് കൊണ്ടുകൊടുക്കും. എന്നിട്ട് അമ്മ പറയും “എന്റെ മോന്‌ അരുതാത്തതൊന്നും ഈ അമ്മയെക്കുറിച്ച് തോന്നരുതൂട്ടോ…..!!” അമ്മയുടെ നിസ്സഹായത മകനെ അറിയിക്കും. പിന്നെ ആ അമ്മ സ്വതസിദ്ധമായ കണ്ണുനീർ പൊഴിക്കും. ഗദ്ഗദങ്ങൾ അടക്കി വിമ്മിഷ്ടപ്പെടും. അത്തരം സാഹചര്യങ്ങളിൽ ഒന്നും മിണ്ടാൻ കഴിയാതെ വലിയമ്മാവന്റെ ചങ്കു പിടയുന്നത് ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്.

റേഷൻ കടയ്ക്കുമുന്നിൽ ക്യു നിന്നു വാങ്ങിയ പുഴുക്കുത്തുവീണ ഗോതമ്പു പൊടിച്ച് വാഴയിലയിൽ പരത്തി പുഴുങ്ങുന്ന ഗോതമ്പ് അട പാതി വേവാകുമ്പോൾതന്നെ അതിന്റെ മണം വീടു മുഴുക്കെ നിറയും. ചെറിയമ്മാവന്റെ അമ്മാവിയെ സോപ്പിട്ട് അതിൽ നിന്നൊരെണ്ണം ചൂടോടെ കൈവശമാക്കും. പൂച്ച അപ്പക്കഷണങ്ങൾ പങ്കുവെയ്ക്കുന്നതുപോലെ ലിയ അത് പിന്നെ കുട്ടികൾക്ക് പങ്കുവെയ്ക്കും. ലിയയ്ക്ക് അമ്മവീടെന്നു പറഞ്ഞാൽ ജീവനായിരുന്നു. അതാണവൾ അവധി ദിവസ്സങ്ങളിൽ പുസ്തകകെട്ടും പേറി അമ്മവീട്ടീലേക്ക് പാഞ്ഞെത്തുന്നത്. പഠിത്തവും കളിയുമായി അവൾ അമ്മവീട്ടിലെ ദിവസ്സങ്ങൾ ആഘോഷമാക്കും.

ഇടയ്ക്കിടെ ലിയ വലിയമ്മാവന്റെ വീട്ടിലേക്ക് പായുമായിരുന്നു. വലിയമ്മാവന്‌ അവളെ വലിയ ഇഷ്ടമായിരുന്നു. മടിയിൽ പിടിച്ചിരുത്തി ഒത്തിരി സ്വകാര്യങ്ങൾ ചോദിക്കും. ലാളിക്കും. അവൾ ഇട്ടിരുന്ന പുള്ളിപ്പാവാടയിൽ മഷിപടർന്ന പാടുകളും ചെളിയും കറകളും ഉണ്ടായിരുന്നു. അതുകണ്ട് വല്യമ്മാവൻ പറഞ്ഞു “ എന്റെ കുട്ടിക്ക് വല്യമ്മാവൻ പള്ളിപ്പെരുന്നാളിനിടാൻ ഒരു ഉടുപ്പ് വാങ്ങി തരുന്നുണ്ട്‌ ട്ടോ…!!” അതു കേട്ടപ്പോൾ ലിയക്കുണ്ടായ സന്തോഷത്തിന്‌ അതിരുകളില്ലായിരുന്നു. പള്ളിപ്പെരുന്നാളു വന്നെത്തുന്ന ദിവസ്സവും കാത്ത് ലിയ നാളുകൾ എണ്ണിയെണ്ണിയിരുന്നു. വല്ലപ്പോഴും വല്യമ്മാവന്റെ വീട്ടിൽ ചെല്ലുമ്പോൾ ഉടുപ്പിന്റെ കാര്യം വല്യമ്മാവനെ ഓർമ്മിപ്പിക്കണോ എന്നും ലിയയുടെ മനസ്സിൽ തോന്നാതിരുന്നില്ല. “വേണ്ട…വല്യമ്മാവനു ഓർമ്മയുണ്ടാകും…പെരുന്നാള്‌ അടുക്കുമ്പോഴേയ്ക്കും വല്യമ്മാവൻ വാങ്ങി തന്നുകൊള്ളും “ എന്നു ലിയ മനസ്സിൽ പറഞ്ഞു. പെരുന്നാളിന്‌ എല്ലാവരും പുത്തൻ ഉടുപ്പുകളും മറ്റും ധരിച്ചെത്തി. ലിയയോട് അവളുടെ അപ്പച്ചനും അമ്മച്ചിയും പറഞ്ഞതാണ്‌ നല്ല ഉടുപ്പ്‌ ഇട്ടുകൊണ്ട്‌ പോരാൻ.

“വേണ്ട എനിക്ക് വല്യമ്മാവൻ വാങ്ങിവെച്ചിട്ടുണ്ട്. അവിടെ ചെല്ലുമ്പോൾ എനിക്കത് വല്യമ്മാവൻ തന്നുകൊള്ളും. അപ്പോൾ ഞാൻ ആ ഉടുപ്പ് പള്ളിപ്പെരുന്നാളിനു ഇട്ടുകൊള്ളാം..” എന്നു ലിയ ശുണ്ഠി പിടിച്ചു. വല്യമ്മാവനും അമ്മായിയും വെളുത്ത വസ്ത്രങ്ങൾ ഉടുത്ത് പള്ളിയിൽ പോകാൻ ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് വാങ്ങിയ പുത്തൻ ഉടുപ്പെടുത്ത് അമ്മാവൻ എന്നെ അണിയിക്കുമെന്നു ഞാൻ കരുതി നിന്നു. “മക്കള്‌ പള്ളിയിൽ പോകാൻ എന്തേ ഇതുവരെ തയ്യാറാകാത്തെ….?” എന്നു അമ്മാവൻ ചോദിച്ചു കൊണ്ട് പെരുന്നാള്‌ കൂടുവാൻ അമ്മാവൻ ചില്ലറ തുട്ടുകൾ ലിയക്കു നേരെ നീട്ടി. അപ്പോൾ ലിയക്കു മനസ്സിലായി അമ്മാവൻ തനിക്കുവേണ്ടി ഉടുപ്പ് വാങ്ങിയിട്ടില്ലെന്ന്‌. അമ്മാവൻ വെച്ചു നീട്ടിയ പൈസ വാങ്ങാതെ ലിയ അവിടെ നിന്നും തറവാട്ടിലേക്ക് ഓടി. അവളുടെ മനസ്സിൽ സങ്കടം മുറ്റി നിന്നു. അപ്പോഴാണ്‌ അയാൾക്ക് ഓർമ്മവന്നത് താൻ വാങ്ങികൊടുക്കാമെന്ന് പറഞ്ഞ ഉടുപ്പ് വാങ്ങി കൊടുത്തില്ലല്ലോ എന്ന്.

കുട്ടിയെ വ്യാമോഹിപ്പിച്ചതിൽ അയാൾക്ക് വ്യസനം തോന്നി. ഇനി ഇതും ഒരു കാരണമായി എല്ലാവരും മുതലെടുത്ത് തനിക്കും ഭാര്യക്കും നേരെ അമർഷത്തിന്റെ കൂരമ്പുകൾ എയ്യും. എന്നയാൾ ചിന്തിച്ചു. മകൾ ഇട്ടുകൊണ്ടുപോയ അതേ വേഷത്തിൽതന്നെ തിരുച്ചുവരുന്നതു കണ്ടപ്പോൾ ലിയയുടെ മാതാപിതാക്കൾക്ക് ദേഷ്യം വന്നു. അവളുടെ അപ്പച്ചൻ അവളെ പൊതിരെ തല്ലി. “അനുസ്സരണം കെട്ടവളെ നിന്നോടു ഞാൻ പറഞ്ഞതല്ലേ വീട്ടിൽ നിന്നും നല്ല ഉടുപ്പ് ഇട്ടുകൊണ്ടു വരാൻ…എന്നിട്ട് ഇപ്പോൾ എന്തായി…!?” ലിയയ്ക്ക് കരയുവാനേ കഴിഞ്ഞുള്ളു.

തറവാട്ടിലെ ഒരു പെൺകുട്ടിയുടെ ഉടുപ്പിട്ട് ലിയ പെരുന്നാളു കൂടാൻ പോയി. പിന്നെ പലപ്പോഴും ലിയ അമ്മ വീട്ടിൽ പോയെങ്കിലും വല്യമ്മാവന്റെ വീട്ടിൽ പോകാറില്ല. പറമ്പിന്റെ അതിരുവരെ ചെന്ന് അങ്ങു ദൂരെ അവർ താമസ്സിക്കുന്നിടത്തേയ്ക്ക് കണ്ണുകളയച്ചു നോക്കും. വലിയമ്മാവന്റെയും അമ്മാവിയുടെയും തലവെട്ടം അവിടെയെങ്ങാൻ കാണുന്നുണ്ടോ എന്നറിയാൻ. അവിടെ നിന്ന് ഉറക്കെ ഉറക്കെ അവൾ കുടുംബത്തിലെ മറ്റു കുട്ടികളെ പേരെടുത്ത് വിളിക്കും. ഒരുപക്ഷെ തന്റെ ഉച്ചത്തിലുള്ള സ്വരം വല്യമ്മാവൻ തിരിച്ചറിഞ്ഞിട്ട് തനിക്കായി വാങ്ങിവെച്ചിരിക്കുന്ന ഉടുപ്പെങ്ങാൻ വിളിച്ചു തന്നാലായി എന്ന് ലിയ നിനച്ചുപോയി. നിരാശയോടെ അങ്ങനെ എല്ലാ തവണയും തറവാട്ടിലേക്ക് മടങ്ങും.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഹൃദയ സ്തംബനം മൂലം വല്യമ്മാവൻ മരിച്ചു. ലിയ വല്യമ്മാവനെ കിടത്തിയിരിക്കുന്നിടത്തിരുന്നു ഏങ്ങലടിച്ചു കരഞ്ഞു. കരച്ചിലിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു “എന്നെ പറ്റിച്ചിട്ട് അമ്മാവൻ പോയീ….ല്ലേ…? എനിക്കു വാങ്ങിത്തരാമെന്നു പറഞ്ഞ ഉടുപ്പുപോലും വാങ്ങിത്തരാതെ…..! ലിയ തേങ്ങുകയായിരുന്നു. അതുകേട്ട് അവിടെ കൂടിനിന്നവരുടെ ചങ്കും നുറുങ്ങുന്നുണ്ടായിരുന്നു. ലിയയുടെ കരച്ചിൽ കേട്ട് അമ്മാവി കണ്ണുകൾ തുടച്ച് അകത്തുപോയി. അവർ തിരിച്ചു വന്നപ്പോൾ ഒരു പൊതിക്കെട്ട് അവരുടെ കയ്യിലുണ്ടായിരുന്നു. അടുത്ത പെരുന്നാളിന്‌ ലിയക്കിടുവാനായി അമ്മാവൻ വാങ്ങിയ ഒരു മനോഹരമായ ഉടുപ്പ്. ആ ഉടുപ്പിൽ കെട്ടിപ്പിടിച്ച് ലിയ പൊട്ടിക്കരഞ്ഞു. അമ്മാവൻ ആദ്യവും അവസാനവും ആയി വാങ്ങിക്കൊടുത്ത ആ ഉടുപ്പ് ധരിച്ച് ഒരു കുഞ്ഞു മാലഖയെപ്പോലെ ലിയ അമ്മാവന്റെ അന്ത്യയാത്രയ്ക്കു മുന്നിൽ കറുത്ത കൊടിയും പിടിച്ച് ദുഖ ഭാരത്തോടെ മൂകമായി നടന്നു.

Generated from archived content: story1_april5_16.html Author: joy_nediyalimolel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎങ്ങുപോയ് നീ….
Next articleകാര്‍ട്ടൂണ്‍
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English