ഒരുപിടി ഓലകൾ

അടിക്കുമ്പോൾ ആശാന് ഒരു ദാഷിണ്യവുമില്ല.

ചിലപ്പോൾ നാരായ മുന കൂട്ടി തുടയിൽ പിച്ചും.

ശുറു… ശുറാ …. മൂത്ര മൊഴിച്ചാലും ആശാൻ തുടയിൽ നുള്ള് അല്ലെങ്കിൽ ചെവിക്ക് കിഴുക്ക് തുടർന്ന് കൊണ്ടിരിക്കും .

ആശാന്റെ നാരായ മുന കരിമ്പന ഓലയെ കാർന്നു കാർന്നു പുതിയ അക്ഷരങ്ങളെ രചിക്കും. അതിൽ കരി തേച്ച് അക്ഷരങ്ങൾ തെളിഞ്ഞു കാണുമ്പോൾ ചങ്കിൽ തീക്കനൽ എരിയാൻ തുടങ്ങും. ഇനി തൻറെ കൈവിരലിനു വിശ്രമം ഉണ്ടാവില്ല. ആ അക്ഷരം പഠിക്കുന്നതുവരെ ആശാൻ തൻറെ കൈവിരൽ മണലിൽ പൂഴ്ത്തി എഴുതിയ്ക്കും. എഴുതി കഴിയുമ്പോൾ കുരുന്നു കൈവിരൽത്തുമ്പിൽ നിന്ന് രക്തം അടർന്നു വീഴാൻ കാത്തു നില്ക്കുന്നതുപോലെ തോന്നും.

അമ്മ തൻറെ രണ്ടു കൈയ്യുകൾ കൊണ്ട് തൻറെ കുഞ്ഞു വിരൽ ഒരു പൂവുപോൽ പിടിച്ച് മൃദുവായി തലോടും. പിന്നെ ആ കുഞ്ഞുവിരൽ അമ്മയുടെ വായിൽവെച്ച് ഉമിനീരുകൊണ്ട് നനയ്ക്കും. മുറിവുണങ്ങാൻ ഉമിനീര് നല്ലതാണെന്നാണ് അമ്മയുടെ പക്ഷം. അമ്മയ്ക്ക് സങ്കടം സഹിക്കാതെ വന്നപ്പോൾ ആശാനെ പ് രാകാൻ തുനിഞ്ഞു. ആശാനെ പ് രാകിയാൽ താൻ പഠിക്കാതെ പോകും എന്ന് പറഞ് അമ്മയുടെ കയ്യുകളിൽ നിന്ന് തൻറെ കയ്യുകൾ വിടുവിച്ച് ഞാൻ അമ്മയുടെ വായ്‌ പൊത്തി. ഒരു പക്ഷെ അമ്മയ്ക്കപ്പോഴാണു തോന്നിയത് അമ്മ പഠിക്കാതെ പോയതിന്റെ കാര്യം…..!

അപ്പനെ ആശാൻകളരിയ്ക്ക് പുറത്ത് കണ്ടപ്പോൾ ആശാന്റെ അനുവാദം തേടാതെ ഓടിച്ചെന്നു അപ്പനെ കെട്ടിപ്പിടിച്ചു. തന്റെ മൂക്കിൽ നിന്നും ഒലിച്ചിറങ്ങുന്ന മൂക്കിള അപ്പന്റെ വിയർപ്പു മണക്കുന്ന തോർത്ത് മുണ്ടുകൊണ്ട് അപ്പൻ തുടച്ചു മാറ്റി. അപ്പനും മൂശാരിയും നല്ല സുഹ്രുത്തുക്കളാണ്‍. അപ്പനെ കണ്ടപ്പോൾ മൂശാരി തന്റെ പണി നിറുത്തി പണിപ്പുരയിൽ നിന്ന് ഇറങ്ങി വന്നു.

” ഇത് നിങ്ങടെ കുട്ടിയാണല്ലെ…?”

“അതെ” എന്ന് അപ്പൻ പറഞ്ഞു.

ആശാന്റെ ശിപായി തന്നെ അപ്പനിൽ നിന്ന് വേർപെടുത്തി കളരിയിലേക്ക് വലിച്ചിഴച്ചു. അയാളുടെ കൈക്ക് ചുറ്റിപ്പിടിച്ച് കടിച്ചു മുറിക്കണമെന്നു തോന്നി. മൂശാരിയുടെ മൂശയിൽ വെന്തുരുകുന്ന ഓട്ടു മിശ്രിതങ്ങളുടെ മണം അവിടെ പരക്കുന്നുണ്ട്. അതയാൾ മൂശയിൽ ഒഴിച്ച് ഓട്ടു വിളക്കുകളും പാത്രങ്ങളുമായി വാർത്ത് സ്വർണ്ണം പോലെ മിനിക്കി എടുത്ത് വിൽക്കുന്നു. ആശാന്റെ ശംബളവും കൊടുത്ത് അപ്പൻ പണി സ്ഥലത്തേയ്ക്ക് പോയി. ഓല മുന്നിൽവെച്ച് നോക്കി എഴുതിയാലും കെട്ടുപിണയുന്ന അക്ഷരങ്ങൾ.

“ഒരക്ഷരംപോലും അറിയാത്ത കഴുത…!”

ആശാൻ എന്നും പറയുന്ന പല്ലവി. കൂടെ ചൂരൽ വടിയുടെ പ്രഹരങ്ങളും. ദൈവം എന്താണെന്നുപോലും അറിയില്ല. എന്നിട്ടും ദൈവമേ എന്ന് ഉറക്കെ കരഞ്ഞു. സന്ധ്യയ്ക്ക് തന്നെയുംകൂട്ടി മുട്ടിൻമ്മേൽ നിന്ന് പ്രാർത്ഥന തുടങ്ങുന്നത് ദൈവമേ എന്ന് പറഞ്ഞു കൊണ്ടാണ് . അതുകൊണ്ടാണ് സങ്കടത്തിൽ ദൈവമാരെന്നറിയില്ലെങ്കിലും ദൈവമേ എന്ന് വിളിച്ചുപോയത്. ഒപ്പം കളരിയിൽ ചേർന്നവരെല്ലാം ഓലപിടിത്തവും കഴിഞ്ഞു ഒന്നാം തരത്തിൽ ചേർന്നു.

കളരിയിൽ നിന്നൊഴിവാക്കാൻ തന്നെയും ആശാൻ നിർബന്ധിച്ച് ഓല പിടിപ്പിച്ചു പറഞ്ഞയച്ചു. ഗുരു ദക്ഷിണയായി ആശാനു വെറ്റിലയും പാക്കും നേര്യതും ഉടുമുണ്ടും കൊടുത്തു.

” കഴുത ” എന്ന് ആശാൻ മനസ്സിൽ പല കുറി പറഞ്ഞിട്ടുണ്ടാവും – ഓല പിടുത്ത സമയത്തും.

കുളിപ്പിക്കുമ്പോൾ അമ്മയുടെ മൃദുലമാം കൈകൾ, ആശാന്റെ കയ്യിൽ നിന്ന് കിട്ടിയ തുടയിലെ അടി പ്പിണരുകളിൽ തഴുകുമ്പോൾ സർവ്വ നൊമ്പരങ്ങളും അലിഞ്ഞില്ലാതെയാകും.

” ൻറെ കുട്ടീനെ ഈ പരുവത്തിൽ ആക്കീലോ ദൈവമേ .!! “

അമ്മ അതിനപ്പുറത്തേയ്ക്ക് വല്ലതും പറയുന്നതിനു മുമ്പേ അമ്മയുടെ വായ്‌ താൻ പൊത്തിപ്പിടിക്കും. തന്നെ എത്ര തല്ലിയാലും ആശാനെ പ് രാകുന്നത് തനിക്കിഷ്ടമല്ല…!

കുടിപ്പള്ളിക്കൂടത്തിൽ ചേർന്നപ്പോൾ ആശാനെ കണ്ടു. ആശാൻ തന്റെ മക്കളിൽ ആരെയെങ്കിലും സ്കൂളിൽ ചേർക്കാൻ വന്നതായിരിക്കുമെന്നു കരുതി. മണിയടിച്ചു കുട്ടികൾ ക്ളാസ്സിൽ കയറിക്കഴിഞപ്പോൾ ആശാൻ ക്ളാസ്സിൽ എത്തി. ആശാൻ കാണാത്തവണ്ണം ഞാൻ പുറകിലെ ബെഞ്ചിൽ മറഞിരുന്നു. ഹാജർ വിളിക്കുമ്പോൾ വിറങലോടെ ഞാൻ എണീറ്റ് നിന്നു. എല്ലാവരും ഹാജർ സാർ എന്നു പറഞപ്പോൾ ഞാൻ മാത്രം ഹാജർ ആശാനെ എന്നു പറഞു. കുട്ടികൾ എന്നെയും ആശാനെയും മാറി മാറി നോക്കി. ആശാൻ പിടി ഓലയിൽ നാരായ മുനകൊണ്ട് അക്ഷരങൾ കുറിക്കാനല്ലാതെ കറുത്ത ബോർഡിൽ എഴുതാനും പടിച്ചിട്ടുണ്ടെന്നു ഇപ്പോഴാണ്‌ മനസ്സിലായത്.

കുട്ടികളെ നിലത്തെഴുത്ത് പടിപ്പിക്കുന്നതിനൊപ്പം ആശാനും പഠിച്ച് സ്കൂൾ മാഷായി. ആശാൻ സ്കൂൾ മാഷ്‌ ആയെങ്കിലും “ആശാൻ” എന്നു മാത്രമേ എന്റെ നാവിൻ തുമ്പത്ത്‌ വരാറുള്ളു. ആശാൻ എന്ന് വിളിക്കുന്നതിൽ ആശാന് അതൃപ്തിയുണ്ടോ ആവോ …?

ലോവർ, മിഡിൽ , അപ്പർ ക്ളാസ്സുകൾ കഴിഞ്ഞു ഹൈസ്കൂളിൽ എത്തിയപ്പോൾ ആശാനും ജോലിക്കയറ്റം കിട്ടി ഹൈസ്കൂളിൽ എത്തി.

“കഴുത” എന്ന മുദ്ര ആശാൻ എനിക്കായി മാത്രം കരുതി വെച്ചു.

പരീക്ഷ കഴിഞ്ഞപ്പോൾ ആശാൻ ചോദിച്ചു ” നീ ജയിക്കുമോട കഴുതേന്നു…” ഒന്നും മറുപടി പറയാതെ ഭയവും സ്നേഹവും ഉള്ളിലൊതുക്കി ആശാനെ വെറുതെ നോക്കി. ഒപ്പം മനസ്സിൽ പറഞ്ഞു ” ഈ ആശാൻ ഇനിയും മാറാത്തതെന്തെ….? ” എന്ന് . റിസൾട്ട് വന്നദിവസ്സം ആശാൻ രാവിലെ തന്നെ വീട്ടിൽ വന്നു.

എന്നിട്ട് അപ്പനോടും അമ്മയോടുമായി ആശാൻ പറഞ്ഞു ” ഈ കഴുതയുണ്ടല്ലോ…..” ആശാൻ പറഞ്ഞു തീരുന്നതിനു മുമ്പ് അപ്പനും അമ്മയും ഇടയ്ക്ക് കയറി തളർന്ന സ്വരത്തിൽ ചോദിച്ചു

” എന്താ ആശാനെ ഞങ്ങടെ കുട്ടി തോറ്റുപോയോ….?!”

ആശാൻ പറഞ്ഞു ” ഈ കഴുതയുണ്ടല്ലോ….ഇവനാണ് ..ഒന്നാം റാങ്ക് .”

എല്ലാവരും സന്തോഷാതിരെകത്താൽ ഈറനണിഞ്ഞു. ആശാനും.

ആശാൻ ആശ്ലേഷിച്ചപ്പോൾ , ആശാന്റെ ദിവ്യമാം കൈകൾ മുതുകിൽ തലോടിയപ്പോൾ തന്റെ മുതുകിലെ അടിപ്പാടുകൾക്ക് മോചനം കിട്ടിയ പ്രതീതി. അതൊരു ദൈവ സ്പർശനമായി തോന്നി യ നിമിഷങ്ങൾ. കാലങ്ങൾ കഴിഞ്ഞപ്പോൾ ആശാൻമ്മാരും കളരികളും – കളരിക്ക് പുറത്തായി. കരിമ്പന ഓലകളിൽ അക്ഷരങ്ങൾ കുറിക്കാൻ ആരുമില്ലാതെയായി.

വള്ളിനിക്കറിട്ട കുട്ടികളേയും അവരുടെ കയ്യിലെ തലേക്കെട്ട് കെട്ടിയ ഓലക്കൂട്ടങ്ങളും കാണാതെയായി. കളരികളുടെ സ്ഥാനത്ത് കിണ്ടെർ സ്കൂളുകൾ പടുത്തുയർത്തി. എന്ത് വിലയ്ക്കും അഡ്മിഷൻ വാങ്ങാൻ ബദ്ധപ്പെടുന്നവരുടെ നീണ്ട നിരകൾ പുറത്ത് കണ്ടു. ആനുപാതികമായി കൂടിയ നിലവാരങ്ങൾ. ഉയർന്ന നിലവാരത്തിനൊത്ത് മുന്തിയ ഡൊനേഷൻ. ഓലകളുടെ എണ്ണം കൂടിക്കൂടി എട്ടോ പത്തോ ആകുമ്പോൾ ഓല പിടുത്തമായി. ആകെ ചിലവ് രണ്ടോ അല്ലെങ്കിൽ മൂന്നോ രൂപ. ഇന്നത്തെ എൽ.കെ.ജിയും, യു.കെ.ജിയും അന്നത്തെ ഓല പിടുത്തത്തിനു തതുല്യമായിരുന്നു. വിരുന്നുകാർ വരുമ്പോൾ ” ട്വിൻഗിൾ ട്വിൻഗിൾ ലിറ്റിൽ സ്റ്റാർ….ഹൌ ഐ വണ്ടർ വാട്ട് യു ആർ…..” അല്ലെങ്കിൽ മറ്റൊന്നു – എന്ന് തന്റെ കുട്ടിയുടെ മികവു കാട്ടാൻ കുട്ടികളെ പ്രേരിപ്പിച്ചു പാടിപ്പിക്കുന്ന അമ്മമാർ. കുട്ടിയെ തല്ലിയാൽ മാഷെ പോലീസ് സ്റെഷനിൽ കയറ്റുന്ന മാതാ പിതാക്കൾ. ഇന്നത്തെ കാലമായിരുന്നെങ്കിൽ നിരന്തരമായി തന്നെ പീഡിപ്പിച്ചിരുന്ന തന്റെ ആശാൻ ജയിലിൽത്തന്നെ കഴിയേണ്ടി വന്നേനെ !!.

ലാപ് ടോപ്പ്, ടാബ് ലെറ്റ്‌ , ഐ ഫോണ്‍, ഇന്റർ നെറ്റ് അങ്ങനെ ഒരു മായ പ്രപഞ്ചം തന്നെ നമ്മുടെ കുട്ടികൾക്കിന്നുണ്ട് . എന്നിട്ടും എന്തൊക്കയോ കുറവുകൾ ഉള്ളപോലൊരു അവസ്ഥ.

ജനിച്ച മണ്ണും വളർന്ന നാടും കുറെ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ചങ്ങാതിമാരെയും കാണാൻ വല്ലപ്പോഴും നാട്ടിൽ എത്തിപ്പെടാറുള്ളത് ഓണത്തിനോ ക്രിസ്തുമസ്സിനോ ആയിരിക്കും.

തിരക്ക് പിടിച്ച് എന്തോ കാര്യത്തിനു പോകുമ്പോഴാണ് ആരോ പറഞ്ഞത് കുഞ്ഞൂട്ടി സാറ് മരിച്ച് പോയെന്നു. ” കുഞ്ഞൂട്ടി സാറോ ..? അത് തന്റെ കുഞ്ഞൂട്ടി ആശാനല്ലേ … !” ചങ്കിൽ കൂടി ഒരു കൊള്ളിയാൻ മിന്നി മറഞ്ഞു.

എല്ലാ തിരക്കുകളും മാറ്റിവെച്ച് ആശാന്റെ സംസ്കാരത്തിന് ചേർന്നു. വിലാപ യാത്രയ്ക്കൊപ്പം ചേർന്നു നടക്കുമ്പോൾ ഞാനെന്റെ പഴയ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി.

വള്ളി പൊട്ടിയ ഒറ്റവള്ളി നിക്കറുമിട്ട് , ഒരുപിടി ഓലകളുമേന്തി, മൂക്കളയും ഒലിപ്പിച്ച് , ആശാന്റെ നാരായ മുനയുടെ വേദനയിൽ കണ്ണൂനീരൊലിപ്പിച്ച് , ഒരു കുട്ടിയായ്‌ ഞാൻ, ആശാന്റെ കഴുതയായ്, ആശാന്റെ മഞ്ചത്തിനു തോളു കൊടുത്ത് , ആശാനെ യാത്രയാക്കി.

Generated from archived content: story1_apr28_15.html Author: joy_nediyalimolel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയദിനം
Next articleസിപ്പി മാഷ്
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here