പേടിയുണ്ട്‌

പേടിയുണ്ടെൻ മകളെ

സ്‌കൂളിലയക്കുവാൻ, പുറത്തേക്കിറക്കുവാൻ

ഏതു ചോക്കലേറ്റുമായവർ വരും

തലോടി കുശലം പറയാൻ,

തഴുകിയുറക്കി മാനം കെടുത്താൻ

പേടിയാണെൻ മകൾക്ക്‌

ട്യൂഷനെടുക്കുന്ന മാഷിനെ

ഏതു സംശയ നിവൃത്തിക്കായ്‌

വാതിലടച്ചിടും, നിലവിളിയുയരുമോ?

ആളുകൾ ഓടിയെത്തുമോ-

കൊലവിളി കുന്തമുനകളായ്‌

പേടിയാണെനിക്കെൻ മകളെ

ബസ്സിൻ മുൻസീറ്റിലിരുത്തുവാൻ

ആരുടെ കൈകൾ നീണ്ടുവന്നവൾ-

തൻ ചന്തിയെ മാന്തിപ്പൊളിക്കും

എത്ര കണ്ണുകൾ ചോരകുടിച്ചിറക്കും?

പേടിയുണ്ടെനിക്കെൻ മകളെ

അന്തിക്ക്‌ ചന്തയിലയക്കുവാൻ

കുനിഞ്ഞു വെള്ളരി നോക്കുമെൻ

മകളുടെ മുലകൾ കയറിപ്പിടിച്ചു

ഞെരിച്ചിടും, പച്ചക്കറിക്കടക്കാരനെ.

പേടിയില്ലെനിക്കച്ഛാ,

എന്നു പറഞ്ഞുകൊണ്ടവൾ

പോയിടുന്നു ചന്തയിൽ, ബസ്സിൽ

ട്യൂഷൻ ക്ലാസ്സിൽ, പള്ളിക്കൂടത്തിലും

ആർത്തിപൂണ്ട ചെന്നായ്‌ക്കൾ തൻ

മുമ്പിലൂടെ,

തുള്ളിച്ചാടുമൊരു വെള്ളാട്ടിൻ കുട്ടിയായ്‌.

Generated from archived content: poem1_dec14_10.html Author: joy_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here