ദ്രവിച്ച മരക്കുരിശ്‌

പത്രപരസ്യം ഃ സാഹിത്യമത്സരം

വിഷയം ഃ നിണമെരിച്ച മനമെരിച്ച മരക്കുരിശ്‌

മാധ്യമം ഃ കഥ, കവിത

പ്രായം ഃ അനുഭവനിറവിനാൽ 35ൽ കവിയരുത്‌.

നിബന്ധനകൾഃ

ജാതിമതഭേദമെന്യേ, ആർക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ മനുഷ്യജന്മമായിരിക്കണം. കഥകളും കവിതകളും 35 വയസിന്‌ കീഴെയുള്ള യുവപാതിരികൾ പരിശോധിച്ചു തീർപ്പുകൽപ്പിക്കുന്നതായിരിക്കും. തീർപ്പുകളെ (തിരഞ്ഞെടുപ്പിനേ) ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലാത്തതാകുന്നു. തീരുമാനങ്ങൾക്ക്‌ മാറ്റം വരുത്തുവാനും സംഘാടകർക്ക്‌ അവകാശമുണ്ടായിരിയ്‌ക്കുന്നതുമാണ്‌.

വിലാസം ഃ സ്വകാര്യദർശിനി വിശ്വാസാഹിത്യസഭ മൺചവിട്ടിക്കവല.പി.ഒ., മേലാകാശം.

സംഘാടക ഖേദം ; പലമത, ജാതികൾ, വാദികൾ കഥകളും, കവിതകളും മെനഞ്ഞ്‌ മത്സരത്തിനയച്ചു. ഒരു കവിതയും രണ്ടു കഥകളും, മുക്കിയും, മൂളിയും മുരണ്ടും, യുവപാതിരികൾ ഒരുവിധം വായിച്ചു തീർത്തു.

ഒന്ന്‌ ; കവിത. “മഴുതിരഞ്ഞ മരക്കുരിശ്‌

മഴു വെറിഞ്ഞ്‌ മരമുലഞ്ഞു

മരമനസ്സിൽ നിണമൂറഞ്ഞു.

മണ്ണിലാകെ കുരിശുണർന്നു.

കണ്ണുമൂടും ഇരുൾ പടർന്നു.

വിവേകാനന്ദൻ വായ്‌ക്കൊട്ടൂർ

രണ്ട്‌ ഃ കഥ ” വെളുത്ത വേടരാഗം“

ഒരു മതമൊരിയ്‌ക്കൽ ഒരു കുരിശുനട്ടു. ആ കുരിശു പെറ്റ്‌ അനേകം കുരിശുകളുണ്ടായി, മരക്കുരിശുകൾ.”

ആ കുരിശുകളുടെ, കൊമ്പുകളുടെ, ചുവട്ടിൽ വെള്ളരിപ്രാവുകൾ ചേക്കേറി. രാവും പകലുംമില്ലാതെ അവൾ കൂകിയാർത്തുകൊണ്ടിരുന്നു. ഏവർക്കും, ഈ കുരിശുകൾ, താങ്ങും തണലുമെന്ന്‌. കുരിശ്‌ നിശബ്‌ദം കേട്ടുകൊണ്ടിരുന്നു.

വെള്ളരി പ്രാവുകളെ കണ്ട്‌ കൊതിവിളഞ്ഞ വെളുത്ത വേടൻ, ദൈവവില്ലെടുത്ത്‌ മൃദുവാക്കുകൾ തൊടുത്ത്‌ ഒളിയമ്പെയ്‌ത്‌. അമ്പേറ്റ കിളികളുടെ ഹൃദയനിണം കുരിശിലൂടെ ഒഴുകി. കപടവേടൻ സ്‌നേഹചുംബനത്താൽ രക്തം രുചിച്ചുകൊണ്ടിരുന്നു. അവയുടെ ശരീരം അപ്പമാക്കി ചുട്ടുതിന്നുകൊണ്ടിരുന്നു. മരക്കുരിശിൽ തഴുകി വേടൻ അരുൾമൊഴിഞ്ഞു. “ഇത്‌ നിന്റെ രക്തമാകുന്നു., മാംസമാകുന്നു. നിന്നരുൾപാടുപോലെ, ഞങ്ങൾ പാനം ചെയ്യുകയും, ഭക്ഷിക്കുകയും ചെയ്യുന്നു. നീ ഞങ്ങളുടെ ദൈവം, നീ ഞങ്ങളുടെ രക്ഷകൻ, കുരിശ്‌ നിശ്ചലം ദ്രവിച്ചുകൊണ്ടിരുന്നു. കിളിക്കൂട്ടം, നിശബ്ദം കേട്ടും, കണ്ടും നാശമറിയാതെ, ഭ്രമിച്ചും തരിച്ചും ഇരുന്നു. ആകാശം രക്ഷാജലം പൊഴിച്ചിട്ടും, രക്തപശപ്പിൽപ്പെട്ട്‌, കിളികൂട്ടം, രക്ഷകനെ കാണാതെ, വേർപെടാനാകാതെ കരഞ്ഞുകെണ്ടേയിരുന്നു.

മൗനകവിയാർ മതിയേരത്ത്‌.

മൂന്ന്‌ ഃ- കഥ മരക്കുരിശിന്റെ മാനം

പരസ്‌പരം പാതിരിപിടിച്ചുകൊടുത്ത കരം ഗ്രഹിച്ചതിനുശേഷമാണ്‌., അവർ രണ്ടുപേരും, വരുവാനിരിയ്‌ക്കുന്ന കുരിശിനേക്കുറിച്ചും, ജനിയ്‌ക്കാനിരിക്കുന്ന നിണത്തെക്കുറിച്ചും ഓർമ്മിച്ചത്‌. പരസ്‌പര ബന്ധത്തിൽനിന്നും നിണകൂട്ട്‌ രൂപമാക്കുമെന്നും, ആ രൂപവും മതക്കുരുക്കിൽ മരണക്കുരിശിൽ നിണമൊഴുക്കണമെന്നും, ആ രൂപത്തിന്‌ മനുഷ്യവേദം തിരിച്ചറിയാൻ പാടില്ലെന്നും, ആവില്ലെന്നും തിരിച്ചറിവുണ്ടായത്‌. അവർ മൗനദുഃഖം പേറിതരിച്ചിരുന്നുപോയി.

യുക്തിവേദദേവദത്തൻ

മങ്ങിയൂർ

വായന നീങ്ങുമ്പോഴും, കഴുത്തുരുട്ടിയും കഥയറിയാതെയും പരസ്‌പരം മിഴിച്ചുനോക്കിയ പാതിരികൾ ചരിത്രത്താളുകൾ വലിച്ചു കീറി അതിൽ ചടഞ്ഞിരുന്നു പ്രതിഷേധിച്ചു.

സത്യാന്വേഷണത്തേയും, മനുഷ്യാവസ്‌ഥകളെയും മനുഷ്യജീവിതത്തിൽ ചികഞ്ഞിട്ടില്ലാത്ത അവർ കണ്ടതെല്ലാം സ്വർണ്ണക്കുരിശുകളായിരുന്നു., കുരിശിൽ തൂങ്ങിക്കിടക്കുന്ന രൂപങ്ങൾ സ്വർണ്ണവർണ്ണക്കട്ടികളായിരുന്നു. അതിനാൽ അവർക്കു മരക്കുരിശും നിണരേഖയും അന്യമായിരുന്നു.

അവർ ചരിത്രത്താളുകൾ ചവിട്ടിമെതിച്ച്‌ ആക്രോശിച്ചു. മൺമറഞ്ഞ്‌ ചരിത്രം മരിച്ച വിഷയത്തിൽ മത്സരം വച്ചതിനാൽ ഞങ്ങൾ, ഈ മത്സരവും തിരഞ്ഞെടുപ്പും ബഹിഷ്‌ക്കരിച്ചിരിയ്‌ക്കുന്നു.

സംഘാടകർ ആകാശത്തേയ്‌ക്ക്‌ നോക്കി മത്സരാർത്ഥികൾക്ക്‌ കത്തുകളെഴുതി ക്രിസ്‌തുമതയുവപാതിരികൾ, മത്സരം നിരാകരിച്ചതിനാൽ ഞങ്ങൾ മത്സരം മാറ്റിവച്ചിരിയ്‌ക്കുന്നു. ഇനി ഒരു മനുഷ്യപുത്രൻ ജനിയ്‌ക്കുന്നതുവരേയും മരക്കുരിശ്‌ നിർമ്മിയ്‌ക്കുന്നതുവരേയും ചോരപ്പാടുകൾ നിറയുന്നതുവരേയും, മരക്കുരിശും നിണരേഖയും മറന്നേക്കുക.

സ്വകാര്യദർശിനി

വിശ്വസാഹിത്യസഭ

മേലകാശം.

Generated from archived content: story1_jan21_09.html Author: joy_chalakudi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English