ഞാൻ പുസ്‌തകങ്ങളിലൂടെ പരിചയപെട്ട ഒരു മനുഷ്യസ്‌നേഹി. കത്തുകളിലൂടെ ഞങ്ങൾ സംവദിച്ചു – എന്റെ കൊച്ചു കൊച്ചു സംശയങ്ങൾക്ക് അദ്ദേഹം വലിയ വലിയ മറുപടിയെഴുതി. ഞങ്ങൾ ഒരിക്കലും നേരിൽ കണ്ടില്ല. എങ്കിലും ആ ഗുരുവിന്റെ മന്ദസ്‌മിതം എന്റെ കൺമുൻപിൽ ഇപ്പോഴും ഉണ്ട്.
ഞാൻ പരിചയപ്പെട്ട ഗുരു പുസ്‌തകങ്ങളിലും അക്ഷരങ്ങളിലും ജീവിക്കുന്നതുകൊണ്ട് ഇന്നും എനിക്ക് ഒരു നിറസാന്നിദ്ധ്യമാണ്. രണ്ടു വർഷം മുൻപ് ‘മലയാള മനോരമ’ ദിനപത്രത്തിൽ ‘പടിപ്പുര’ സപ്ലിമെന്റിൽ നിത്യ ചൈതന്യ യതിയെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അതിൽ ഗുരു എനിക്കയച്ച ഒരു കത്ത് മുഴുവനായി ഉദ്ധാരണംചെയ്‌തിരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു. കാരണം ആ മഹാ ഗുരുവിന്റെ സാമീപ്യം ഇന്നും എന്നോടൊപ്പമുണ്ട്. വിട്ടുപിരിയാത്ത ആ സൗഹൃദത്തിന്റെ സൂചനയാണല്ലോ ആ കത്തുകൾ. ഗുരു തന്റെ പതിനായിരകണക്കിന് സുഹൃത്തുക്കൾക്ക് എത്രമാത്രം എഴുത്തുകൾ എഴുതിയിരിക്കാം. എങ്കിലും ആ കത്ത് തന്നെ അവിടെ (പടിപ്പുരയിൽ) തിരഞ്ഞെടുക്കപെട്ടത് എന്തുകൊണ്ട് എന്ന് ഞാൻ അത്ഭൂതം കൂറി. ഗുരുവിന്റെ ആ അദൃശ്യ സ്‌നേഹവലയത്തിനു മുൻപിൽ, അങ്ങയുടെ പാദാരബിന്ദങ്ങളിൽ ഞാൻ മനസ്സാ നമസ്‌കരിക്കുന്നു.
എനിക്ക് യേശുവിനെ, ഫ്രാൻസിസ് അസീസിയെ, നാരായണഗുരുവിനെ, ഗീതയെ, ഖുറാനെ, പരിചയപ്പെടുത്തി തന്നതിന് ഗുരുവേ നന്ദി.
ഗുരു നിത്യ ഇൻ എഴുതിയ ഇരു കത്തിൽ നിന്നുംഃ
പ്രിയപ്പെട്ട ജോസി വർക്കി അറിയുന്നതിന്,
‘സ്‌നേഹസംവാദം’ വായിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. ധ്യാനം സഹജമായി സംഭവിക്കുന്നതാണ്. താഴെയുള്ള പക്ഷിയെ നോക്കുക (ഒരു പക്ഷി ചുണ്ടിൽ കല്ലും കൊത്തികൊണ്ട് ഇരിക്കുന്ന ചിത്രം വരച്ചിരിക്കുന്നു) അതിനറിഞ്ഞുകൂട എന്തിനാണ് വായിൽ കല്ല് കൊത്തി എടുത്തതെന്ന്. കുറച്ചു കഴിയുമ്പോൾ അത് താഴെ ഇടും. അപ്പോൾ ധ്യാനത്തിലായി എന്നർത്ഥം. അടുത്തുള്ള ഏതെങ്കിലും ലൈബ്രറിയിൽ എന്റെ പുസ്‌തകങ്ങൾ വരാതിരിക്കുകയില്ല. ഇപ്പോൾ എല്ലാ മാസവും ഒരു പുസ്‌തകവും അച്ചടിപ്പിക്കുന്നത് എന്റെ ഒരു വിനോദമാണ്. ഒരു ചെറിയ പുസ്‌തകം അയക്കുന്നു. സ്‌നേഹത്തോടെ,
ഗുരു നിത്യ.
ഇവിടെ ഗുരു സ്‌നേഹത്തോടെ എന്നെഴുതി കത്ത് നിറുത്തുമ്പോൾ നമുക്ക് ആ സ്‌നേഹം ശരിക്കും അനുഭവിക്കാൻ കഴിയും. ഒരു പ്രണയിനിയുടെ സ്‌നേഹനിശ്വാസം പോലെ. ഒരു 15 പൈസ പോസ്‌റ്റ് കാർഡിൽ എഴുതിയതാണ് മുകളിൽ കൊടുത്തത്. ഞാൻ അന്നൊക്കെ പോസ്‌റ്റമാനെ നോക്കി കാത്തിരിക്കുമായിരുന്നു. ഓരോ പുസ്‌തകം വായിക്കുമ്പോഴും എന്തെങ്കിലുമൊക്ക കുറിച്ചിടും. ചിലപ്പോൾ ആ പുസ്‌തകത്തിന്റെ രചയിതാവിന് ഒരു കത്തയക്കും. അങ്ങിനെയാണ് ഗുരുവിനെ പരിചയം ആകുന്നത്. ഞാൻ ഒരു കാർഡ് ഇട്ടാൽ നാലാം ദിവസം ‘ഫേൺഹില്ലിൽ’ നിന്നും മറുപടി വന്നിരിക്കും, തീർച്ച. (എനിക്ക,് ഇന്നേവരെ ഇത്ര ആത്മാർഥത പാലിക്കാൻ കഴിഞ്ഞിട്ടില്ല.)
പ്രാർത്ഥനകൾ വെറും അധരവ്യായമങ്ങൾ ആയി ചുരുങ്ങുകയും ചെറുപ്പത്തിൽ അമ്മച്ചി പഠിപ്പിച്ച പ്രാർത്ഥനകൾ ചൊല്ലാൻ മടുപ്പും തോന്നി തുടങ്ങിയ സാഹചര്യത്തിൽ ആണ്, എന്താണ് ധ്യാനം എന്ന് ചോദിച്ച് ഞാൻ ഒരു കത്തയക്കുന്നത്. അതിനു തന്ന മറുപടി ആണ് ഈ ചിത്രവും വാക്കുകളും. എന്റെ ജിവിതത്തിൽ ഞാൻ ഇത് മറക്കുന്നതെങ്ങിനെ? ഇത്ര ലളിതമായി എഴുതാൻ മറ്റാർക്കാണ് കഴിയുക?
P.S: അടുത്തിടെ പള്ളിയിൽ കുർബാനക്കിടെ കേട്ട ഒരു മനോഹര ഗാനത്തിന്റെ ഈരടികൾ ഞാനിവിടെ ചേർക്കട്ടെഃ “ഇത്ര ചെറുതാകാൻ എത്ര വളരേണം, ഇത്ര സ്‌നേഹിക്കാൻ എന്ത് വേണം???………”
Generated from archived content: essay1_may20_10.html Author: jossy_varkey