കര്‍ണഹാന്റെ ക്രൂരത -2

പ്രത്യേകിച്ചു യാതൊരു രോഗവും ഇല്ലാതിരുന്നിട്ടും ഭര്‍ത്താവിന്റെ സന്തോഷത്തിനു വേണ്ടി അവള്‍ മരുന്നു കഴിക്കാന്‍ തയാറായി. പ്രൊഫസര്‍ തന്നെ രണ്ടു തരം മരുന്നുകള്‍ വാങ്ങിക്കൊണ്ടു വന്നു ക്രമം തെറ്റാതെ അവളെക്കൊണ്ടത് കഴിപ്പിക്കാനും അയാള്‍ മുന്‍കൈ എടുത്തു. മരുന്നു സേവ പുരോഗമിക്കുന്തോറും മിസ്സിസ്സ് കാര്‍ണഹാന്റെ ആരോഗ്യ നില വഷളായിക്കൊണ്ടിരുന്നു. ഏതാണ്ട് രണ്ടു മാസം കഴിയുമ്പോഴേക്കും അവള്‍ അവശയായി താമസിയാതെ മരണമടയുകയും ചെയ്തു . തികച്ചും സ്വാഭാവികമരണം കിഡ്നി സംബന്ധമായ രോഗമാണ് മരണകാരണമെന്ന് ദു:ഖിതനായി നിന്ന ഫ്രൊഫസറെ ഡോക്ടര്‍ അറിയിച്ചു .

പ്രൊഫസറുടെ ജീവിതത്തില്‍ വന്നു ചേര്‍ന്ന ദുരന്തത്തില്‍ അദ്ദേഹത്തെ അറിയാവുന്നവരെല്ലാം ദു:ഖിച്ചു. പ്രൊഫസറെ സാന്ത്വനിപ്പിക്കുവാന്‍ അവര്‍ക്കു നന്നേ പാടുപെടേണ്ടി വന്നു.

ഏതാണ്ട് ആറുമാസം പിന്നിട്ടപ്പോള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു രണ്ടാം വിവാഹത്തിനു പ്രൊഫസര്‍ തയാറായി. ആദ്യ ഭാര്യയേക്കാള്‍ സുന്ദരിയായിരുന്നു അവള്‍. സുന്ദരി മാത്രമല്ല സത്സ്വഭാവി . അവരുടെ കുടുംബജീവിതം പുറത്തു നിന്നു നോക്കിയാല്‍ പരമ സുന്ദരം കാണികള്‍ക്ക് അസൂയ തോന്നന്നത്തക്കവണ്ണം സ്നേഹമയം .

എന്നാല്‍ യാദൃശ്ചികമായി പ്രൊഫസറുടെ രണ്ടാം ഭാര്യയും ഏറെ കഴിയും മുമ്പ്കൃത്യമായി പറഞ്ഞാല്‍ 1926 -ല്‍ അന്ത്യശ്വാസം വലിച്ചു. അതും സ്വാഭാവികമായ മരണം തന്നെ . കിഡ്നിയെ ബാധിച്ച രോഗമായിരുന്നു രണ്ടാം ഭാര്യയേയും മരണത്തിലേക്കു മാടി വിളിച്ചതെന്ന് വൈദ്യശാസ്ത്രം വിധി എഴുതി.

ദു:ഖിതനായ പ്രൊഫസര്‍ പിന്നീടൊരു വിവാഹത്തിനു തയാറായില്ല. അദ്ദേഹം വിദ്യാദാനത്തില്‍ പരിപൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോയി.

എഡിന്‍ ബര്‍ഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടോക്സിക്കോളേജില്‍ ക്ലാസെടുത്ത്കൊണ്ടിരിക്കുമ്പോള്‍ പതിവല്ലാതെ പ്രൊഫസര്‍ കൂടുതല്‍ വാചാലനായി. വിവിധ തരം ഔഷധങ്ങളുടെ സൈഡ് ഇഫക്ടിനെ പറ്റിയും അത് ഉപയോഗിച്ചാല്‍ ഭാവിയില്‍ സംഭവിക്കുന്ന മനോനിലയെക്കുറിച്ചും ഏറെ തന്മയത്വത്തോടെ അദ്ദേഹം ക്ലാസെടുത്തു.

Hyoscyamine, Picrotoxin, Atropine എന്നീ ഔഷധങ്ങളുടെ പേരുകള്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിച്ചു . ഈ മരുന്നുകള്‍ കഴിച്ചാലുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങളെക്കുറിച്ച് പ്രൊഫസര്‍ അപഗ്രഥനം ചെയ്തു.

ഹൈയോസില്‍ തുടര്‍ച്ചയായി കഴിച്ചാല്‍ കണ്ണിലെ കൃഷ്ണമണികള്‍ ക്രമാതീതമായി വികസിക്കുകയും അവ ഭീതിജനകമാം വിധം പുറത്തേക്കു തള്ളി വരികയും ചെയ്യും.

ഉയര്‍ന്ന തോതില്‍ വീണ്ടും സേവിച്ചാല്‍ വിട്ടുമാറാത്ത തലവേദനക്കും കാരണമായി തീരും. ഇങ്ങനെ പിന്നെയും തുടര്‍ന്നു വന്നാല്‍ ക്രമേണ രോഗം മന്ദം മന്ദം മരണത്തിലേക്കു കൂട്ടിക്കൊണ്ടു പോകും. മൃതശരീരത്തിന്റെ ദൃഷ്ടികള്‍ ക്രമാതീതമായി പുറത്തേക്കു തള്ളി നില്‍ക്കുന്നതിനാല്‍ മരണ കാരണം അമിതമായ ‘ ഹൈയോസിന്‍’ കഴിച്ചതാണ് എന്ന് പരിശോധനയില്‍ വ്യക്തമാകും . ഇതിനും ഒരു വഴിയുണ്ട് പിക്റോടോക്സിന്‍ എന്ന മാരകവിഷം കൂടി നിശ്ചിത അളവില്‍ ‍ ഹൈയോസിനോടൊപ്പം രോഗിക്ക് കൊടുത്തുകൊണ്ടിരുന്നാല്‍ കൃഷ്ണമണികളില്‍ ഉണ്ടാകുന്നവ്യതിയാനങ്ങളെ അത് പൂര്‍വസ്ഥിതിയില്‍ എത്തിച്ച് കൊള്ളും. പിക്ക്റോക്സിന്‍, ഹൈയോക്സിന്‍ എന്നീ വിഷങ്ങള്‍ തുല്യ അളവില്‍ ഒരാള്‍‍ക്ക് കൊടുത്തുകൊണ്ടിരുന്നാല്‍ ബാഹഹ്യമായ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ ഇവ ആ വ്യക്തിയുടെ കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ക്രമേണ സ്വാഭാവിക മരണമെന്ന് തോന്നത്തക്ക വിധത്തില്‍ കൊലപ്പെടുത്തുകയും ചെയ്യാം.

ഈ വിഷയങ്ങളുടെ സൈഡ് ഇഫക്ടുക്കള്‍ പരസ്പരം ന്യൂലൈസ് ചെയ്യുന്നതുകൊണ്ട് യഥാര്‍ത്ഥ കാരണം പ്രപഞ്ചത്തിലൊരു ശക്തിക്കും കണ്ടെത്താനാകുകയില്ല. സംശയിക്കേണ്ട ഇക്കാര്യത്തില്‍ ഈശ്വരന്‍ പോലും അശക്തനാണ് എന്ന് ഞാന്‍ തറപ്പിച്ചു പറയും.

ഔഷധങ്ങളെക്കുറിച്ചുള്ള എല്ലാം സംശയങ്ങളും തീര്‍ന്നെങ്കിലും മാനുഷികമായ ചില ബലമുള്ള സംശയങ്ങള്‍ പ്രൊഫസറുടെ വീടിനു സമീപം താമസിച്ചിരുന്നുന്ന വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ രൂപപ്പെട്ടു.

ഈ വിധത്തിലായിരിക്കുമോ പ്രൊഫസറുടെ രണ്ട് ഭാര്യമാരുടേയും മരണം?

ലക്ഷണങ്ങളും നിഗമനങ്ങളും ആ ഒരു സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോളേജ് കാമ്പസിന്റെ നാലതിരുകളില്‍ മാത്രം ഈ സത്യം ഒതുങ്ങിയില്ല ഈ വിഷയം‍ പോലീസിന്റെ കാതിലുമെത്തി അവര്‍ അന്വേഷണമാരംഭിച്ചു.

ആദ്യഭാര്യയുടെ ജഡം അടക്കിയിട്ട് നാല് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രണ്ടാം ഭാര്യയുടേത് ഒരു വര്‍ഷവും. ആ ശവക്കുഴികള്‍ മാന്തിപരിശോധിച്ച് വീണ്ടും പോസ്റ്റുമാര്‍ട്ടം നടത്തിയിട്ട് ഒരു കാര്യവുമില്ല.

പ്രൊഫസറുടെ വീടും ഓഫീസുമെല്ലാം അന്വേഷണോദ്യോഗസ്ഥന്മാര്‍ അരിച്ചു പെറുക്കി പരിശോധിച്ചു. പ്രൊഫസര്‍ക്കെതിരായ ഒരു തെളിവും കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ആരുടെയോ വാക്കുകേട്ട് തന്നെ അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ചതിന് പോലീസ് ഡിപ്പാര്‍ട്ടുമെന്റിനു എതിരായി ആ ഉദ്യോഗസ്ഥരെ പ്രതിയാക്കി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പ്രൊഫസര്‍ കോപാകുലനായി ആക്രോശിച്ചു. പുലിവാല് പിടിച്ചതു പോലെയായ അവര്‍. ഒരു തരത്തിലും പ്രൊഫസര്‍ കുറ്റക്കാരനാണെന്ന് തെളീയിക്കാന്‍ ഒന്നും തന്നെ കൈവശമില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലായി. ഇതോടെ പൊതുജനം പോലീസ് ഡിപ്പാര്‍ട്ടുമെന്റിന് എതിരായി.

ആഴ്ചകള്‍ കഴിഞ്ഞ് ഒരു പ്രഭാതത്തില്‍ പ്രൊഫസറുടെ ഉറക്കറയുടെ കതകില്‍ ശക്തിയായി മുട്ടു കേട്ടു ഉറക്കച്ച‍ടവൊടെ വാതില്‍ തുറന്ന അയാള്‍ ഞെട്ടി. ഒരു സംഘം പോലീസ് ഉദ്യോഗസ്ഥന്‍മാര്‍. അവര്‍ പ്രോഫസറെ അനങ്ങാന്‍ സമ്മതിച്ചില്ല. വിലങ്ങണിഞ്ഞ പ്രൊഫസര്‍ ജീപ്പില്‍ കയറുന്നതാണ് പിന്നീട് സമീപവാസികള്‍ കണ്ടത്. മാനനഷ്ട ഭീഷണി മുഴക്കിയ പ്രൊഫസറെ കുരുക്കാന്‍ പോലീസ് നിതാന്ത ജാഗ്രതയോടെ അന്വേഷണം പുരോഗമിപ്പിച്ചതിന്റെ അന്ത്യരംഗമായിരുന്നു അരങ്ങേറിയത്. ഈശ്വരനു പോലും തെളിയിക്കാന്‍ കഴിയില്ലെന്ന് അടിയുറച്ച് വിശ്വസിച്ച പ്രൊഫസര്‍ അസാധാരണ ചാതുര്യത്തോടെ നടത്തിയ കൊലപാതകങ്ങള്‍ അതോടൊപ്പം പുറം ലോകമറിഞ്ഞു. എല്ലാം തെളിവുകളും നശിപ്പിച്ചിട്ടും സത്യാന്വേഷിയുടെ മിഴിത്തുമ്പില്‍ വ്യക്തമായൊരു തെളിവ് മിന്നിയുണര്‍ന്നു. അതേക്കുറിച്ച് പ്രൊഫസര്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.

പ്രൊഫസര്‍ കാര്‍ണഹാന്റെ രണ്ടാം ഭാര്യ തന്റെ അന്ത്യ ദിനങ്ങളില്‍ എന്നോ അതീവരഹസ്യമായി ഒരു സ്നേഹിതക്കയച്ച കത്ത് പോലീസ് കണ്ടെത്തി.

‘ എന്റെ ആരോഗ്യ രക്ഷക്ക് എന്ന് വിശേഷിപ്പിച്ച് കാര്‍ണഹാന്‍ തരുന്ന മരുന്നുകളെ പറ്റി എനിക്കിപ്പോള്‍‍ എന്തെന്നില്ലാത്ത സംശയം തോന്നുന്നു. അതിലൊന്നു കഴിച്ചു കഴിയുമ്പോള്‍ എന്റെ കൃഷ്ണമണികള്‍ അസഹ്യമായ വേദനയോടെ വീര്‍ത്തു പുറത്തേക്കു തള്ളുന്നതു പോലെയും ചിലപ്പോള്‍ ഒരു ബിന്ദുവിലേക്ക് സങ്കോചിക്കുന്നതുപോലെയും അനുഭവപ്പെടുന്നു. അതേപ്പറ്റി കാര്‍ണഹാനോടു പറയുമ്പോള്‍‍ പിന്നെയും കൂടുതല്‍ മരുന്ന് കഴിപ്പിക്കുകയാണ് ചെയ്യുന്നത്. അതോടെ ദൃഷ്ടികള്‍‍ പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും. ദിനം പ്രതി എന്റെ ആരോഗ്യം നശിക്കുകയാണ്. കാര്‍ണഹാന്‍ എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് എനിക്കു മനസിലായി. ഇനി ആര്‍ക്കും എന്നെ രക്ഷപ്പെടുത്താകനാകില്ല. അത്രമാത്രം ഞാന്‍ തകര്‍ന്നു കഴിഞ്ഞു’ .

കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ വ്യക്തമായ തെളിവിന്റെ മുന്നില്‍ പ്രൊഫസര്‍ കാര്‍ണഹാന്‍ മുട്ടു മടക്കുക തന്നെ ചെയ്തു.

1928-ല്‍ കാര്‍ണഹാന്റെ കഴുത്തില്‍ കൊലക്കയര്‍ വീണു.

Generated from archived content: crime4.html Author: joshi_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English