കര്‍ണഹാന്റെ ക്രൂരത

എന്തെങ്കിലുമൊരു തെളിവ് അവശേഷിപ്പിക്കാതെ തികച്ചും സ്വാഭാവിക മരണമെന്ന് തോന്നത്തക്ക വിധത്തില്‍ ഒരു വ്യക്തിയെ കൊലപ്പെടുത്താന്‍ കഴിയുമോ? ഒരു കാലത്തും സാധ്യമല്ല എന്നായിരിക്കും പലരുടെയും ഉത്തരം . ഈ പറഞ്ഞതിന്‍ ഉപോദ്ബലകമായി നിരത്താന്‍ ഒട്ടേറെ സംഭവവിവരണങ്ങളുണ്ടാകും. എല്ലാ കൊലപാതകികളും തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമുള്ള ശ്രമമായിരിക്കും നടത്തുക . എന്നാല്‍ അവരറിയാതെ സത്യത്തിന്റെ ദീപ്തമായ മുഖവുമായി എന്തെങ്കിലും വസ്തു സംഭവസ്ഥലത്ത് ഒളിഞ്ഞു കിടപ്പുണ്ടാകും. ഒരു മുടി നാരോ, തീപ്പട്ടിക്കൊള്ളിയോ, കൈരേഖകളോ അങ്ങനെയെന്തുമാകാം.

സൂക്ഷ്മദുക്കായ അന്വേഷണ ഉദ്യോഗസ്ഥന് അതിലേറെയൊന്നും സമസ്യയുടെ ചുരുളഴിക്കാന്‍ ആവശ്യമില്ല. അചേതനമായ ആ വസ്തുവിന്റെ പിന്നില്‍ ഇരുള്‍ മൂടിക്കിടക്കുന്ന സത്യത്തിലേക്ക് അവിരാമവും ശ്രമകരവും അപകടപൂര്‍ണ്ണവുമായ സാഹസികയാത്ര നടത്തി ഒടുവില്‍ രഹസ്യം പുറത്തു കൊണ്ടുവരിക തന്നെ ചെയ്യുന്നു അന്വേഷണ ഉദ്യോഗസ്ഥന്മാര്‍.

എന്നാല്‍ പൂര്‍ണ്ണ ആരോഗ്യവനായ വ്യക്തിയെ വിഷപ്രയോഗത്തിലൂടെ കാലക്രമേണ രോഗിയാക്കി മാറ്റി കൊലപ്പെടുത്തിയാല്‍ അത് കണ്ടു പിടിക്കാന്‍ അത്ര എളുപ്പമല്ല . അങ്ങണെ സ്വാഭാവികമരണത്തിന്റെ ശുഭമായ ശവക്കച്ച പുതപ്പിച്ച് എത്രയോ കൊലപാതകങ്ങള്‍‍ വിസ്മൃതിയില്‍ ആഴ്ത്തി കുറ്റവാളികള്‍ രക്ഷപ്പെട്ടിട്ടുണ്ടാകാം.

ആര്‍ക്കും ഒരു കാലത്തും തെളിയിക്കാനാവില്ലെന്നു അടിയുറച്ച വിശ്വാസത്തില്‍ രണ്ട് യുവതികളെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ശേഷം കുറ്റബോധത്തിന്റെ ലാഞ്ചനപോലുമില്ലാതെ മാന്യമായി ദീര്‍ഘകാലം സമൂഹത്തില്‍ വിലസിയ ഒരു മനുഷ്യനെ ഒടുവില്‍ വിധി തിരിഞ്ഞു കൊത്തി. ഇത് കുറ്റവാളികള്‍ക്ക് എക്കാലത്തും ഒരു പാഠമായിരിക്കും.

1923- 1927 കാലഘട്ടത്തില്‍ സ്കോട്ട്ലാന്‍ഡിലാണ് സംഭവം അരങ്ങേറിയത്. ഉന്നതകുലജാതനും ഭാരിച്ച സ്വത്തിന്റെ ഉടമയും സമൂഹത്തിന്റെ കളങ്കരഹിതമായ ആദരവിനു പാത്രീ ഭൂതനുമായ പ്രൊഫസര്‍ സര്‍ ജോര്‍ജ്ജ് കാര്‍ണഹാനാണ് ഈ ഭീകര നരവേട്ടയിലെ വില്ലന്‍.

സുഖലോലുപനും വിഷയാസക്തനും ലഹരിപ്രിയനുമായിരുന്നു എഡിന്‍ബര്‍ഗ് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ കാര്‍ണഹാന്‍ . തന്റെ ഇച്ഛക്ക് ഒത്ത വിധം പരസ്യമായി കുത്തഴിഞ്ഞ ജീവിതം നയിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. യശ്ശസിനു മങ്ങലേല്‍ക്കാത്ത വിധം വിശ്വസ്തരായ അനുചരന്മാരുടെ സഹായത്തോടെ വളരെ ദൂരെയുള്ള പട്ടണങ്ങളില്‍ പോയി അജ്ഞാതവാസം നടത്തിയാണ് പ്രൊഫസര്‍ തന്റെ വിഷയ തൃഷ്ണയെ ശമിപ്പിച്ചിരുന്നത്. സാമ്പത്തിക നേട്ടത്തിന്റെ തൃപ്തിയില്‍ മതി മയങ്ങിയതുകൊണ്ടും അധികാരസ്ഥാനങ്ങളിലുള്ള പ്രൊഫസറുടെ സ്വാധീനത്തെപ്പറ്റി വ്യക്തമായ ബോധം ഉണ്ടായിരുന്നതുകൊണ്ടും അയാളുടെ സ്വകാര്യജീവിതം ഒരു പരമ രഹസ്യമായി സൂക്ഷിക്കുന്നതില്‍ അനുരചന്‍മാര്‍ ശ്രദ്ധിച്ചു പോന്നു. മദ്യത്തിലും മദിരാക്ഷിയിലും ആറാടി തിമിര്‍ത്ത് വാഴുന്നതിനിടയില്‍ കൈവെള്ളയില്‍ വാരി നിറച്ച പഞ്ചാരമണല്‍ പോലെ യവ്വനം ഉതിര്‍ന്നുപോയതും പ്രൊഫസര്‍ അറിഞ്ഞതേയില്ല.

വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും വിവാഹജീവിതത്തെ പറ്റി പ്രൊഫസറെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.

എന്നാല്‍ ആ മനുഷ്യന് അവിവാഹിതനായി തികച്ചും സ്വതന്ത്രനായി ജീവിക്കാനായിരുന്നു താത്പര്യം. ഉള്ളില്‍ ആസക്തി ഉണരുമ്പോള്‍‍ നഗരത്തിലേക്ക് പാലായനം ചെയ്യുക , ആഡംബരപൂര്‍ണ്ണമായ ഹോട്ടല്‍ മുറികളിലെ സ്വകാര്യതയില്‍ വിലാസവതികളുമായി രമിക്കുക ആത്മസംതൃപ്തി നേടുക. മദ്യവും പണവും ഒരു പോലെ ഒഴുക്കി അനുചരന്‍മാരെ തൃപ്തിപ്പെടുത്താനും കക്ഷി മറക്കാറില്ല. ഇതാണ് ജീവിതം ഇതുമാത്രമാണ് ജീവിതം എന്നദ്ദേഹം വിശ്വസിച്ചിരുന്നു. അങ്ങിനെയുള്ളൊരു മനുഷ്യനോട് വിവാഹജീവിതം വേണ്ടേയെന്നു ചോദിച്ചാല്‍ അതു തട്ടിക്കളയുകയല്ലാതെ മറിച്ചൊന്നും സംഭവിക്കുകയില്ല .ജീവിതകാലം മുഴുവന്‍ ഒരു സ്ത്രീയുമായി കഴിയുക എന്നത് ആ പ്രൊഫസര്‍ക്കു ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല.

മരണത്തിന് സമമായ കടുത്ത ഇരുളും പ്രഭാതസൂര്യമുഖം പോലെ ജ്വലിക്കുന്ന വെളീച്ചവും നിറഞ്ഞ ദ്വന്ദ്വവ്യക്തിത്വവും ഒരു ശാപമാണെന്ന് അയാള്‍ വൈകിയാണെങ്കിലും അറിഞ്ഞു. തന്റെ സ്വകാര്യജീവിതത്തിന്റെ നിലവറയുടെ മൂടി മാറ്റികാണിച്ചാല്‍ എല്ലാവരുടേയും നിര്‍ബന്ധങ്ങള്‍ അവസാനിപ്പിക്കാം. എന്നാല്‍ അതോടെ താന്‍ ഇത്രയും കാലം പടുത്തുയര്‍ത്തിയ ഉജ്ജ്വല വ്യക്തിശോഭ വെറും മരീചികയായിതീരും. ഇന്ന് തന്റെ തല കണ്ടാല്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ആദരവോടെ സ്വീകരിക്കും. ഉള്ളിന്റെ ഉള്ളിലെ ഇരുണ്ട കാര്‍ണഹാനെ അറിഞ്ഞാല്‍ ആ നിമിഷം നിന്ദയുടെ യും ശാപത്തിന്റെയും നരകത്തിലേക്കവര്‍ തള്ളിയിടും. വന്ദിച്ചവര്‍ നിന്ദിക്കാന്‍ തുടങ്ങും. ആവില്ല അതൊരിക്കലും തനിക്കു സഹിക്കാന്‍ കഴിയുന്നതല്ല. ഈ വൈതരണിയില്‍ നിന്ന് രക്ഷനേടാന്‍ ഒരേയൊരു വഴിയേയുള്ളു. മറ്റുള്ളവരുടെ മുന്നില്‍ സംസാരവിഷയമാവാതിരിക്കാന്‍ അതേയുള്ളു മാര്‍ഗം . ഒരു കല്യാണം കഴിക്കുക അതുമാത്രമേയുള്ളു മാര്‍ഗം.

ക്രോണിക് ബാച്ചിലര്‍ എന്ന അപരനാമത്തില്‍ മെഡിക്കല്‍ കോളേജ് കാമ്പസിലറിയപ്പെട്ടിരുന്ന പ്രൊഫസര്‍ കാര്‍ണഹാന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അവരുടെ പുഞ്ചിരി പൂത്ത മുഖങ്ങള്‍ക്കു മുന്നില്‍ പ്രൊഫസറും ആനന്ദം നടിച്ചു. വൈരസ്യം നിറഞ്ഞ വരും കാല അനുഭവങ്ങളോര്‍ത്ത് നീറുകയായിരുന്നു അയാളുടെ മനസ്സ്. അങ്ങിനെ മനം നിറഞ്ഞ് നുരയുന്ന വെറുപ്പോടെ ആര്‍ക്കാനും വേണ്ടീ പ്രൊഫസര്‍ 1920- ല്‍ ഒരു യുവസുന്ദരിയെ വിവാഹം ചെയ്തു. പരി പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ പരിധിയില്ലാത്ത ആനന്ദമനുഭവിച്ച് തെരുവുതെണ്ടി നടന്ന നായയുടെ കഴുത്തില്‍ പൊടുന്നനെ ചങ്ങല വീണതുപോലെയായിരുന്നു പ്രൊഫസറുടെ ഭാവം. അത്യാര്‍ഭാടത്തോടെ വിവാഹച്ചടങ്ങുകള്‍ ഒന്നൊന്നായി കഴിയുമ്പോള്‍ അയാള്‍ ഉള്ളില്‍ വിമ്മിഷ്ടപ്പെടുകയായിരുന്നു.

പൂര്‍വ ജന്മത്താലോ ഈ ജന്മപ്രാര്‍ത്ഥനയുടെ പ്രത്യക്ഷത്താലോ തനിക്കു ലഭിച്ചതാണി അതിരുകളില്ലാത്ത ഭാഗ്യമെന്നു കരുതി വധു ഹര്‍ഷോന്മാദത്തില്‍ സ്വയം മറന്ന് കഴിയുകയായിരുന്നു. വിരുതനായ പ്രൊഫസര്‍ കാര്‍ണഹാല്‍ ആകട്ടെ തഴക്കവും പഴക്കവും സിദ്ധിച്ച ഒരു നടനേപ്പോലെ അരങ്ങ് തകര്‍ത്ത് അഭിനയിച്ചു. അവളെ വധുവായി കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്നും മരണത്തിനു മാത്രമേ നമ്മെ വേര്‍പെടുത്താകനാകു വെന്നും അദ്ദേഹം നിറഞ്ഞ ഹൃദയത്തോടെയെന്ന മട്ടില്‍ പറഞ്ഞു .നീ മാലാഖയേക്കാള്‍ സുന്ദരിയാണെന്നും സുന്ദരികളില്‍ സുന്ദരിയാണെന്നും മറ്റും വാതോരാതെ കാര്‍ണഹാല്‍ പറഞ്ഞുകൊണ്ടിരുന്നു. ഒരു പെണ്ണിന്റെ വിശ്വാസവും സ്നേഹവും ആര്‍ജിക്കാന്‍ എന്തു ചെയ്യണമെന്ന് ആ വിഷയത്തില്‍ പ്രജ്ഞനായ പ്രൊഫസര്‍ക്ക് നന്നായി അറിയാമായിരുന്നു. ആദ്യനാളുകള്‍ തികച്ചും ആസ്വാദ്യങ്ങളായിരുന്നു എന്ന് പ്രൊഫസര്‍ തുറന്നു സമ്മതിക്കുന്നു. ക്രമേണ മടുത്തു തുടങ്ങി. ഒരു മാറ്റവുമില്ല്ലാത്ത കെട്ടിക്കിടക്കുന്ന ജലാശയം പോലെയായി തന്റെ ജിവിതമെന്ന് അയാള്‍ക്കു തോന്നി തുടങ്ങി. ഭാര്യയുടെ കണ്ണൂ വെട്ടിച്ച് ഒരു സഞ്ചാരം തരമാക്കാനും കഴിയുന്നില്ല. ഭര്‍ത്താവിന്റെ ഓരോ ചലനങ്ങളും അറിയണമെന്ന് സ്നേഹപൂര്‍ വം അപേക്ഷിക്കുന്ന സ്വഭാവക്കാരി. മറ്റൊന്നിനും വേണ്ടികയല്ല. വെറുതെ ഒന്നറിയാന്‍. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന് മറ്റുള്ള സ്ത്രീകളുടെ മുന്നില്‍ മേനി നടിക്കാന്‍ മാത്രം. തന്റെ അസ്തിത്വത്തിന് സാമത്തായ അര്‍ത്ഥമുണ്ടാക്കാന്‍ വേണ്ടി മാത്രമാണിതൊക്കെ ആ സ്ത്രീ ചെയ്തുകൊണ്ടിരുന്നത്.

എന്നാല്‍ കാലം മുന്നോട്ടു പോകവേ പ്രൊഫസറുടെ മനസില്‍ വൈരാഗ്യവും വെറുപ്പും കൊടുങ്കാറ്റുപോലെ ഉരുണ്ടു കൂടിക്കൊണ്ടിരുന്നു. അനാവശ്യമായി തന്നെ കെട്ടിവരിഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയാണ് ഭാര്യ ഇതായിരുന്നു ഫ്രൊഫസറുടെ ചിന്താഗതി. ഏതാണ്ട് മൂന്നു സംവത്സരക്കാലം കൂട്ടിലടച്ച വെരുകിനേപ്പോലെ പ്രൊഫസര്‍ ജോര്‍ജ്ജ് കാര്‍ണഹാന്‍ ഒരതുങ്ങിപ്പോയി.

” ഈ നശിച്ച പെണ്ണില്‍ നിന്ന് എന്നന്നേക്കുമായി മോചനം നേടിയേ മതിയാകു. പക്ഷെ വിവാഹമോചനം നടത്തിയാല്‍ തന്റെ സല്‍പ്പേര് കളങ്കപ്പെടും ഇനി എന്തു വഴി?”

അയാള്‍ തലപുകഞ്ഞലോചിച്ചു. പ്രൊഫസറുടേ വക്രബുദ്ധി ഉണര്‍ന്നു . സംഗതി ലളിതം …! ആര്‍ക്കും സംശയം തോന്നുകയില്ല ഭദ്രം….!!!!!

ഭര്‍ത്താവില്‍ പ്രകടമായ മാറ്റം മിസ്സിസ്സ് കര്‍ണഹാനേ വല്ലാതെ വെദനിപ്പിച്ചിരുന്നു. സ്നേഹാദ്രമായ പെരുമാറ്റത്തിലൂടെയും പരിചരണങ്ങളിലൂടേയും ഭര്‍ത്താവിന്റെ താത്പര്യം വീണ്ടും നേടിയെടുക്കാമെന്ന് പാവം കരുതി. ഭാര്യയുടെ സല്പ്പേരിനു മുന്നില്‍ മനം മാറ്റം വന്ന വനെപ്പോലെ പ്രൊഫസര്‍ പശ്ചാത്താപ ചാതുര്യത്തോടെ അഭിനയി‍ക്കാനും തുടങ്ങി. മിസിസ്സ് കാര്‍ണിഹാന്‍ തന്റെ വിവാഹജീവിതത്തില്‍ വീണ്ടൂം വസന്തം വിരുന്ന വന്നുവെന്ന് വിശ്വസിച്ചു . അവളുടെ ആരോഗ്യസ്ഥിതി മോശമാണമെന്നും അതുകൊണ്ട് ചില മരുന്നുകള്‍ കൃത്യമായി കഴിക്കണമെന്നും കാര്‍ണഹാന്‍ നിര്‍ദ്ദേശിച്ചു.

Generated from archived content: crime3.html Author: joshi_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here