അഹുജ കൊലക്കേസ് കോടതിയിലെത്തിയപ്പോള്‍ അഭിഭാഷകരുടെ നിര്‍ദ്ദേശപ്രകാരം കെ. എം നാനാവതി കൊടുത്ത മൊഴി ഇങ്ങനെ ആയിരുന്നു.
”1959 – ഏപ്രില്‍ മാസം ആറാം തീയതി മുതല്‍ പതിനാറുവരെ ഞാന്‍ കപ്പലില്‍ ആയിരുന്നു. തുറമുഖത്തു നിന്നു തിരിച്ചെത്തിയ ശേഷം ഭാര്യയും കുട്ടികളൊമൊത്ത് അഹമ്മദ് നഗറില്‍ പോയി അവിടെ സഹോദരന്റെ വീട്ടില്‍ മൂന്നു ദിവസം താമസിച്ചു . അതിനുശേഷം സഹോദരനും കുടുംബവുമൊത്ത് ബോംബയ്ക്കു വന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം സഹോദരനും കുടുംബവും തിരിച്ചു പോയി. അവര്‍ പോയതിനുശേഷം ഭാര്യ എന്നോട് അസാധാരണമാം വിധം അകന്നു പെരുമാറുന്നതു കണ്ടു. ഏപ്രില്‍ ഇരുപത്തിയേഴിനു ഉച്ചഭക്ഷണത്തിനു ശേഷം തനിച്ചിരിക്കുമ്പോള്‍ ഞാന്‍ പ്രേമപൂര്‍വം സില്‍വിയയുടെ കഴുത്തില്‍ കയ്യിട്ട് എന്നോടടുപ്പിച്ചു. അപ്പോള്‍ അവള്‍ നിഷ്ക്കരുണം എന്റെ കൈതട്ടിയെറിഞ്ഞു . എനിക്കു പെട്ടന്നു ദേഷ്യം വന്നു ഞാന്‍ അവളെ ചോദ്യം ചെയ്തു.
”മറ്റേതെങ്കിലും പുരുഷന്‍ നിന്റെ ജീവിതത്തില്‍ കടന്നു വന്നിട്ടുണ്ടോ?” ഇങ്ങനെ ചോദിച്ചപ്പോള്‍ സങ്കോചമില്ലാതെ അവള്‍ സമ്മതം മൂളി. അപ്പോള്‍ എന്റെ എതിരാളി പ്രേം അഹൂജയാണെന്നും ഞാന്‍ ഊഹിച്ചു.
”അപ്പോള്‍ നമ്മുടെ കുട്ടികള്‍ ? ആട്ടെ , സില്‍വിയായെ വിവാഹം കഴിച്ചുകൊള്ളാമെന്നോ കുട്ടികളെ സംരക്ഷിച്ചു കൊള്ളാമെന്നോ അഹൂജ പറഞ്ഞിരുന്നോ?’
അങ്ങനെ ഒരു വാഗ്ദാനം നടത്തിയതായി സില്‍വിയ പറഞ്ഞില്ല. അതുകൊണ്ട് അഹൂജയെ കാര്യങ്ങള്‍ നേരിട്ടു പറഞ്ഞ് തീരുമാനമെടുക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു .
അതിനു മുമ്പ് സില്‍വിയായും കുട്ടികളും പലപ്പോഴും ആവശ്യപ്പെടാറുള്ള സിനിമ കാണുക എന്ന പരിപാടിക്കു തയ്യാറായി. അങ്ങിനെ സില്‍വിയായേയും കുട്ടികളേയും അയല്‍വീട്ടിലെ ഒരു കുട്ടിയേയും കൊണ്ട് ഞങ്ങള്‍ മെട്രോ തീയറ്ററിലേക്കു പോയി. അവരെ തീയറ്ററില്‍ ഇരുത്തിയിട്ട് ആറുമണിക്കു തിരിച്ചുവരാമെന്നു പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. പിന്നെ കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി. . കപ്പലില്‍ നിന്ന് റിവോള്‍വര്‍ സംഘടിപ്പിച്ചു . പ്രശ്നം പറഞ്ഞുതീര്‍ത്തതിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഞാന്‍ പ്ലാനിട്ടത് . അഹൂജയുടെ ഓഫീസില്‍ ചെന്നപ്പോള്‍ അയാളെ കാണാതിരുന്നതുകൊണ്ട് നേരെ ഫ്ലാറ്റിലേക്കു ചെന്നു. അയാള്‍ അപ്പോള്‍ കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
” സില്‍വിയായെ വിവാഹം ചെയ്യാനും കുട്ടികളെ സംരക്ഷിക്കാനും നിങ്ങള്‍ തയാറാണോ?”എന്നു ഞാന്‍ അഹൂജയോടു ചോദിച്ചു.
” ഞാന്‍ ബന്ധപ്പെടുകയും കൂടെ കിടന്നുറങ്ങുകയും ചെയ്തിട്ടുള്ള എല്ലാ സ്ത്രീകളേയും വിവാഹം ചെയ്യാന്‍ എനിക്കു സാധിക്കുമോ?”
ഇതായിരുന്നു അഹൂജയുടെ മറുപടി. എന്റെ കയ്യില്‍ കൂട്ടിലിട്ട റിവോള്‍വര്‍ ഇരിക്കുന്നതു കണ്ട് അഹൂജ പെട്ടന്ന് എന്നെ കടന്നു പിടിച്ചു . ഈ മല്‍പിടുത്തത്തിനിടയില്‍ യാദൃശ്ചികമായി മൂന്ന് വെടി പൊട്ടി അയാള്‍ വീണൂ. ഉടനെ ഞാന്‍ ഫ്ലാറ്റിനു പുറത്തിറങ്ങി. നേരെ പോലീസ് സ്റ്റേഷനില്‍ പോയി വിവരം പറഞ്ഞ് അറസ്റ്റു വരിച്ചു .
ജൂറി ട്രയല്‍ ————
ഈ കൊലക്കേസിലെ നിര്‍ണ്ണായക ചോദ്യം ഇതായിരുന്നു.
” നാനാവതിക്ക് പെട്ടന്നുണ്ടായ ക്ഷോഭമായിരുന്നോ അതോ നേരെത്തെ തന്നെ പദ്ധതി തയാറാക്കിയ ശേഷമുള്ള കൊലയായിരുന്നോ ?”
എന്തായാലും ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് നാനാവതിക്കെതിരെ ചുമത്തിയ കുറ്റം മന:പ്പൂര്‍വം വെടിവെച്ചു കൊലപ്പെടുത്തി എന്നാണ്. ഐ പി. സി. മുന്നൂറില്‍ ഒന്നാം വകുപ്പ് പ്രകാരമോ നാലാം വകുപ്പ് പ്രകാരമോ നാനാവതി കുറ്റക്കാരനല്ലെന്നു തെളിയിക്കാനായില്ല. സില്‍വിയ കുറ്റം ഏറ്റു പറഞ്ഞ വേളയില്‍ത്തന്നെ നാനാവതി സ്വയമേ മരിക്കാന്‍ തയാറായതായിരുന്നുവെന്നും എന്നാല്‍ സില്‍വിയ അയാളെ ശാന്തനാക്കിയെന്നും കോടതിയില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിശദമായിതന്നെ കോടതി സില്‍വിയായോടു ചോദിച്ചു.
” എന്തുകൊണ്ട് ആ സമയം ഒറ്റക്കു പുറത്തുപോകാന്‍ അനുവദിച്ചു ?”
താന്‍ തികച്ചും നിരാശവതിയായിരുന്നു ആ സമയത്തെന്നും മാത്രമല്ല, പുറത്തു പോകുന്ന ഭര്‍ത്താവിനെ എതിര്‍ത്താല്‍ ഞങ്ങളുടെ മക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയേണ്ടതായും വരുമായിരുന്നു.
പ്രൊസിക്യൂഷന്‍ നിഗമനം ഇങ്ങനെയായിരുന്നു കുളിമുറിയില്‍ നിന്നും പുറത്തിറങ്ങിയ പ്രേം അഹൂജ ഒരു ടവല്‍ അരയില്‍ ചുറ്റിയിരുന്നു . അവിടെ യാതൊരു വിധ പിടിവലിയുടേയും ലക്ഷണമൊട്ടു കണ്ടതുമില്ല. അതുകൊണ്ടു തന്നെ നാനാവതി കരുതിക്കൂട്ടിയുള്ള കൊല നടത്തിയതാണെന്നുള്ള നിഗമനത്തില്‍ എത്തുകയായിരുന്നു പ്രൊസിക്യൂഷന്‍. അഹൂജയുടെ വീട്ടുവേലക്കാരിയുടെ മൊഴിയില്‍ പറയുന്നു മൂന്നു വെടിയും ഒരു മിനിറ്റിനുള്ളില്‍ സംഭവിച്ചു എന്നാണ്.
ഇനി നാനാവതിക്ക് അബദ്ധം പറ്റിയതാണെങ്കില്‍ പ്രേം അഹൂജയുടെ സഹോദരി മാമി അഹൂജയും വീട്ടുജോലിക്കാരിക്കും അത് പറയാമായിരുന്നു അതും ഉണ്ടായില്ല.
റിവോള്‍വറില്‍ ബാക്കി ഉണ്ടായിരുന്ന മൂന്നു ഉണ്ടയും നേവല്‍ കമാന്റ് ഓഫീസില്‍ തിരികെ ഏല്പ്പിക്കുകയും ചെയ്തിരുന്നു നാനാവതി.
പ്രേം അഹൂജയുടെ കൊലപാതകവാര്‍ത്ത ഇന്ത്യ മുഴുവന്‍ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. ഇത്തരത്തിലൊരു കൊല സമൂഹത്തിന്റെ മേലെ തട്ടില്‍ നില്‍ക്കുന്ന വ്യക്തി ചെയ്തതിലാണ് ജനങ്ങള്‍ക്ക് ആശങ്കക്ക് ഇടനല്‍കിയത് .
പ്രേം അഹൂജയും കെ. എം നാനാവതിയും തമ്മില്‍ നീണ്ട പതിനഞ്ചു സംവത്സരക്കാലത്തെ സുഹൃദ്ബന്ധമാണ് ഉണ്ടായിരുന്നത്.
അഹൂജയെ കൊലപ്പെടുത്തിയ ശേഷമുള്ള കാലമെത്രയും സില്‍വിയ നാനാവതിയോടൊപ്പം നിന്നു. കേസിന്റെ നടത്തിപ്പിനു മുന്നിട്ടിറങ്ങുകയും ചെയ്തു.
ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ ഇതിഹാസപുരുഷന്മാരില്‍ ഒരാളും ഇന്ത്യയില്‍ ടാബ്ലോയ്ഡ് പത്രസംസ്ക്കാരത്തിന്റെ പ്രതീകമായിരുന്ന ദി ബ്ലിറ്റ്സിന്റെ സ്ഥാപകപത്രാധിപരും രാഷ്ട്രീയ പണ്ഡിതനുമായിരുന്ന റൂസി കരഞ്ചിയ ( ആര്‍. കെ കരഞ്ചിയ) വ്യക്തമായി പിന്തുണച്ചത് കെ. എം നാനാവതിയെ ആയിരുന്നു. ഇരുവരും പാഴ്സി വംശജരും നെഹ്റു കുടുംബവുമായി അടുപ്പമുള്ളവരുമായിരുന്നുവെന്നതും ചില വിമര്‍ശനങ്ങള്‍ക്കും വൈരാഗ്യങ്ങള്‍ക്കും ഇടയാക്കുകവരെ ചെയ്തു. ] പത്ര പ്രവര്‍ത്തര്‍ത്തനരംഗത്ത് അതി സാഹസീകതയുടേയും നിര്‍ഭയത്തിന്റേയും അപൂര്‍വ മാനങ്ങള്‍ നല്‍കിയ കരഞ്ചിയ ഇതുവല്ലതുമുണ്ടോ ശ്രദ്ധിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തെ വിറപ്പിച്ച ഏറെ സ്കൂപ്പുകള്‍ക്കു പിന്നിലെ ബുദ്ധി കേന്ദ്രമായിരുന്നു കരഞ്ചിയ. ബ്ലിറ്റ്സില്‍ പ്രേം അഹൂജാ കൊലക്കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നില്‍ ഇങ്ങനെ എഴുതി കമാന്റ്ര്‍ കവാസ് മനേക്ഷാ നാനാവതി നല്ലൊരു ഭര്‍ത്താവല്ലായിരിക്കാം എന്നാല്‍ ഏറ്റവും മികച്ച നേവി ഉദ്യോഗസ്ഥന്‍, സമൂഹത്തില്‍ ഉന്നതസ്ഥാനം, മികച്ച പെരുമാറ്റം ഇവയെല്ലാം കൊണ്ട് ആകര്‍ഷണീയമായൊരു വ്യക്തിത്വത്തിനു ഉടമയാണ്. എല്ലാ മൂല്യങ്ങളേയും കാത്തും സൂക്ഷിക്കുന്ന ഈ മനുഷ്യന്‍ കുടുംബ സുഹൃത്തിനാല്‍ വഞ്ചിക്കപ്പെട്ടു . പ്രേം അഹൂജയെ ഒരു പ്ലേ ബോയ് ആയും ആഭാസനായും ചിത്രീകരിക്കാനും കരഞ്ചിയ മറന്നില്ല. ഈ കേസ്സിന്റെ വളരെ ചെറിയ കാര്യങ്ങള്‍ പോലും വിശദമായി ബ്ലിറ്റ്സ് റിപ്പോര്‍ട്ടു ചെയ്തു. കേവലം 25 പൈസ വിലയുള്ള പത്രം നാനാവതി കേസ്സ് അച്ചടിച്ചു വരാന്‍ തുടങ്ങിയതോടെ രണ്ടരൂപക്കു വരെ വിറ്റ സംഭവമുണ്ടായി. അക്കാലത്ത് വഴിയോരക്കച്ചവടക്കാര്‍ അഹൂജ ടവ്വല്‍ , നാനാവതി റിവോള്‍വര്‍ എന്ന കളിത്തോക്കും ഏറെ വിറ്റഴിക്കുകയുണ്ടായി.
ഇതൊരു കൊലപാതകമല്ല യാദൃശ്ചിക മരണമാണെന്നു തെളിയിക്കാന്‍ നാനാവതിയുടെ അഭിഭാഷകന്‍മാര്‍ വളരെയേറെ പണിപ്പെട്ടു. 1959-ല്‍ ആണ് ബോംബേ സെഷന്‍സ് കോടതിയില്‍ കേസ് വിചാരണക്കു വന്നത്.
പ്രേം അഹൂജയുടെ സഹോദരി മാമി അഹൂജ കോടതിയില്‍ നല്‍കിയ മൊഴി അനുസരിച്ച് തന്റെ സഹോദരന്‍ സില്‍വിയായെ കല്യാണം കഴിക്കാന്‍ തയാറായിരുന്നു. അതിനു വേണ്ടി ഒരു നിബന്ധന മാത്രമാണ് പ്രേം അഹൂജ മുന്നോട്ടു വച്ചത് . നാനാവതിയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുക. എന്നാല്‍ ഈ മൊഴിക്ക് തികച്ചും വിപരീതമായിട്ടാണ് പ്രതിഭാഗം ഹാജരാക്കിയത്. സില്‍വിയ എഴുതിയ ഒരു കത്തായിരുന്നു. ആ കത്തില്‍ അവര്‍ പറയുന്നത് നാനാവതിയുമായി ബന്ധം പിരിയാന്‍ അവര്‍ തയാറായിരുന്നു. എന്നാല്‍ പ്രേം അഹൂജയുടെ ഉദ്ദേശ ശുദ്ധിയില്‍ സില്‍വിയക്കു സംശയമുണ്ടായിരുന്നു . 1958- മെയ് 24 -നു സില്‍ വിയ എഴുതിയതെന്നു പറയപ്പെടുന്ന ഒരു കത്തില്‍ ഇങ്ങനെ കാണുന്നു.
” കഴിഞ്ഞ രാത്രിയില്‍ നിങ്ങളുമായ് ( പ്രേം അഹൂജ) നമ്മുടെ കല്യാണക്കാര്യം സംസാരിച്ചപ്പോള്‍ നിങ്ങളുടെ മറുപടി എന്നില്‍ സംശയം ജനിപ്പിച്ചു. നിങ്ങള്‍ക്ക് മറ്റു പല സ്ത്രീകളുമായ് ബന്ധമുണ്ടെന്നും അവരില്‍ ആരെയെങ്കിലും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും മറ്റും പറഞ്ഞത് എന്റെ ഉള്ളില്‍ തട്ടി. നിങ്ങള്‍ മറ്റു സ്ത്രീകളുമായി അടുക്കുന്നതുപോലും എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല ” ഇങ്ങനെയൊക്കെയാണ് ആ കത്തില്‍ കാണുന്നത് ഏതായാലും കുളിമുറിയില്‍ നിന്നും ഇറങ്ങിയ പ്രേം അഹൂജയുമായി നാനാവതി മല്‍പിടുത്തം നടത്തിയെന്ന വാദം വിശ്വസിക്കാന്‍ കോടതിക്കു കഴിഞ്ഞില്ല. അതുപോലെ യാദൃശ്ചികമായി വെടിപൊട്ടിയെന്നതും അതില്‍ രണ്ടെണ്ണം അഹൂജക്കു കൊണ്ടു എന്നതും അവിശ്വസനീയമായിരുന്നു.
കോടതി നാനാവതിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഹൈക്കോടതി അത് ശരി വയ്ക്കുകയും ചെയ്തു.
പക്ഷെ പാഴ്സി വംശജര്‍ വെറുതെയിരുന്നില്ല അവര്‍ ജീവപര്യന്തം നാനാവതിയെ ശിക്ഷിച്ചതിനെ ശക്തമാറ്റി എതിര്‍ത്തു . സുപ്രീം കോടതി കേസ് പരിഗണിക്കുന്നതുവരെ നാനാവതിയെ ജയിലില്‍ അടക്കരുതെന്നും പകരം നേവല്‍ ജയിലില്‍ പാര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട വമ്പന്‍ റാലികള്‍ സംഘടിപ്പിച്ചു.
ഏതാണ്ട് അയ്യായിരത്തിലേറെ ആളുകള്‍ ഇത്തരം റാലികളില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ നേവിയുടെ പൂര്‍ണ്ണപിന്‍തുണയും നാനാവതിക്കുണ്ടായിരുന്നു. ഒപ്പം പാഴ്സി പഞ്ചായത്തും പിന്തുണച്ചിരുന്നു.
എന്നാല്‍ പ്രേം അഹൂജയുടെ കൊലക്കേസ് നടത്തിയിരുന്ന മാമി അഹൂജക്ക് മുഴുവന്‍ സിന്ധി വംശജരുടേയും പിന്‍ തുണ ഉണ്ടായിരുന്നു. റാം ജത് മലാനി എന്ന പ്രഗത്ഭനായ സിന്ധിക്കാരന്‍ വക്കീലായിരുന്നു അഹൂജക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
നാനാവതി ക്കുവേണ്ടി ഹാജരായ അഭിഭാഷകനും മോശക്കാരനായിരുന്നില്ല. പാഴ്സി വംശജനായ കാള്‍ ഖണ്ഡാവാലയാണ് കോടതിയില്‍ പൊരുതാനായി ഇറങ്ങിയത്. സംഗതി ഏതാണ്ട് ഒരു വര്‍ഗീയ കലാപത്തിന്റെ വക്കോളമെത്തി. നാനാവതിക്ക് പണ്ഡിറ്റ് നെഹ്റു കുടുംബവുമായുള്ള അടുപ്പവും സംസാരവിഷയമായി . പോരാത്തതിന് മഹാരാഷ്ട്രയിലെ അന്നത്തെ ഗവര്‍ണ്ണര്‍ നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പ്ണ്ഡിറ്റ് ആയിരുന്നു. എന്നാല്‍ പൊതു സമൂഹത്തില്‍ ബഹുഭൂരിപക്ഷവും നാനാവതിയെ പിന്‍ തുണക്കുകയായിരുന്നു . മധ്യവര്‍ഗ്ഗത്തിന്റെ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തിയായി നാനാവതിയെ കരുതിപ്പോന്നു.
നാനാവതി സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി എങ്കിലും പ്രയോജനമുണ്ടായില്ല. മൂന്നു സം വത്സരം നാനാവതി ജയിലില്‍ കിടന്നു. എങ്ങനെയെങ്കിലും നാനാവതിയെ പുറത്തു വിടണമെന്ന് സര്‍ക്കാരും ആഗ്രഹിച്ചിരുന്നു. പക്ഷെ ഇയാളെ പുറത്തു വിട്ടാല്‍ സിന്ധി സമുദായം വര്‍ഗീയ ലഹളയ്ക്കു ഒരുങ്ങുമോ എന്ന് സര്‍ക്കാര്‍ ഭയന്നിരുന്നു. അങ്ങനെയിരിക്കെ ഒരു അനുകൂല സംഭവമുണ്ടായി . ഒരു സിന്‍ഡി വംശജനായ ഭായി പ്രതാപ് എന്ന വ്യവസായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിരുന്നു എന്ന കാരണത്താല്‍ അറസ്റ്റിലായി. തുടര്‍ന്നദ്ദേഹം മാപ്പ് അപേക്ഷ സമര്‍പ്പിച്ചു.
ഈ അവസരത്തില്‍ തന്നെ പ്രേം അഹൂജയുടെ സഹോദരി കൊലയാളിയായ നാനാവതിക്ക് മാപ്പ് കൊടുന്നതിനായി സര്‍ക്കാരിലേക്ക് എഴുതിക്കൊടുത്തു.
അങ്ങിനെ ഭായി പ്രതാപിനേയും കെ. എം. നാനാവതിയേയും മോചിപ്പിച്ചു.
പിന്നെ ഏറെ നാള്‍ ഇന്ത്യയില്‍ നിന്നില്ല അദ്ദേഹം. ഭാര്യ സില്‍വിയായേയും മക്കളേയും കൂട്ടി കാനഡയില്‍ സ്ഥിരതാമസമാക്കി.
2003- ല്‍ കെ എം നാനാവതി എന്നന്നേക്കുമായി ഈ ലോകത്തോടു തന്നെ യാത്ര പറഞ്ഞു.
Generated from archived content: crime2.html Author: joshi_george
Click this button or press Ctrl+G to toggle between Malayalam and English