വളരെയധികം ആദരിക്കപ്പെടേണ്ട വ്യക്തികളാണ് സീനിയര്‍ സിറ്റിസണ്‍സ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം കടന്നു വന്നവരും അനുഭവത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ പഠിച്ചവരും ഗുണദോഷങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നവരുമാണ് ഇവര്‍. എന്നാലിന്ന് നമ്മുടെ സമൂഹത്തില്‍ ഏറെ അവഗണന അനുഭവിക്കുന്ന ഒരു കൂട്ടര്‍ കൂടിയാണ് വൃദ്ധജനങ്ങള്‍ എന്നതൊരു വാസ്തവമാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഏറ്റവും അധികം സംഭാവനകള്‍ നല്‍കിയിട്ടുള്ളത് ഇക്കൂട്ടരാണെന്നു ഒരു പഠനം നടത്തിയാല്‍ ആര്‍ക്കും മനസിലാക്കാവുന്നതാണ്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജി, നേതാജി സുഭാഷ് ചന്ദ്രബോസ് , സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദ് അങ്ങനെ ഒട്ടവവധി നേതാക്കന്മാര്‍ പുതു തലമുറകള്‍ക്ക് വഴികാട്ടികളായവരാണ്.
നമുക്കു ചുറ്റും നല്ല വീക്ഷണമുള്ള ധരാളം സീനിയര്‍ സിറ്റിസണ്‍സുണ്ട് ഇവരുടെയെല്ലാം സേവനങ്ങള്‍ വളര്‍ന്നു വരുന്ന തലമുറക്ക് എന്നും മാതൃകകളാണ്. 60 വയസിനു ഉള്ളില്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന വ്യക്തികള്‍ ധാരാളമാണ്. ഇവരൊക്കെ തങ്ങളുടെ ജീവിത സായാഹ്നം എങ്ങിനെ ചിലവഴിക്കുന്നു എന്ന് ചിന്തിക്കേണ്ടതാണ്. ചിലരെങ്കിലും റിട്ടയറാകുന്നതോടെ തങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരായി ഉപയോഗശൂന്യരായി എന്ന ചിന്ത വച്ചു പുലര്‍ത്തുന്നവരാണ്. ശേഷിക്കുന്ന ജീവിതം വിശ്രമിക്കാനുള്ളതാണെന്നു ചിന്തിക്കുന്ന ഇത്തരക്കാര്‍ യാതൊരു പ്രവര്‍ത്തനത്തിനും തയ്യാറാകാതെ പല മാരകങ്ങളായ അസുഖങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. മറ്റൊരു കൂട്ടര്‍ അമ്പലം, പള്ളി തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ആത്മീയ ജീവിതം നയിക്കാന്‍ തയ്യാറാകുന്നു. ഇനിയുമൊരു കൂട്ടര്‍ പേരക്കുട്ടികള്‍ക്കായി ശിഷ്ടകാലം മാറ്റിവയ്ക്കുന്നു.
കാലഘട്ടങ്ങള്‍ക്കനുസരിച്ച് മാറിമാറി വരുന്ന സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതത്തിലെ ഏറിയ കാലവും നേടിയ അറിവും കഴിവും നിശ്ചയദാര്‍ഢ്യവും സമൂഹത്തിന് ഉപകരിക്കുന്ന വിധത്തില്‍ ചിലവഴിക്കാന്‍ എത്രപേരാണ് ശ്രമിക്കുന്നത്? വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയ വ്യക്തികള്‍ പോലും തങ്ങളുടെ കഴിവും വിജ്ഞാനവും വരും തലമുറക്കായി പകര്‍ന്നു നല്‍കാന്‍ ശ്രമിക്കാതെ തങ്ങളുടെ ജീവിത സായാഹ്നം പാഴാക്കിക്കളയാറുണ്ട്. എന്നാല്‍ മറിച്ച് മരണമെന്ന യാഥാര്‍ത്ഥ്യം കണ്മുമ്പില്‍ എത്തുന്നതു വരെയും പ്രവര്‍ത്തനനിരതരാകുന്ന വ്യക്തികളും നിരവധിയാണ്. തങ്ങളുടെ ജീവിതത്തിന് അര്‍ത്ഥവും മൂല്യവും സൃഷ്ടിക്കുന്നവരാണ് ഇത്തരക്കാര്‍. ഇവരെ അവസാനനിമിഷം വരെയും നിരാശയോ തളര്‍ച്ചയോ ബാധിക്കാറില്ല.
വൃദ്ധജനങ്ങളുടെ ക്ഷേമത്തിനും വികസനപ്രവര്‍ത്തനത്തിനുമായി യത്നിക്കുന്ന ദേശീയ സംഘടനയാണ് ‘ ഹെല്‍പ്പേജ് ഇന്ത്യ ‘ ഇവര്‍ ഇന്ത്യയില്‍ ഉടനീളമുള്ള 20 നഗരങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍ മനസിലായത് നമ്മുടെ രാജ്യത്ത് വ്യാപകമായി വയോജനങ്ങള്‍ പീഢിപ്പിക്കപ്പെടുന്നുണ്ടെന്നാണ്. ഏറ്റവുമധികം വയോജനങ്ങള്‍ പീഢിപ്പിക്കപ്പെടുന്നത് ഭോപ്പാലിലാണെത്രെ. ഏറ്റവും കുറവ് ജയ്പ്പൂരിലും. കൊച്ചി നഗരത്തില്‍ പീഢനത്തിന് ഇരയാകുന്നത് 11 ശതമാനമാണെന്നുമാണ് പഠനത്തില്‍ തെളിഞ്ഞത്. വാര്‍ദ്ധക്യത്തിലെത്തിയ നമ്മുടെ മാതാപിതാക്കളോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാവേണ്ടിയിരിക്കുന്നു എന്നാണല്ലോ ഈ സര്‍വേ തെളിയിക്കുന്നത്.
ജീവിത സായാഹ്നം വരെ ജീവിക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹത്താല്‍ മാത്രം ലഭിക്കുന്ന ഒരു അസുലഭാവസരമാണെന്ന് എത്ര പേര്‍ ചിന്തിക്കുന്നു?നമ്മുടെ ബാല്യത്തില്‍ നമുക്ക് താങ്ങും തണലുമായവര്‍ക്ക് അവരുടെ അവശതക്കാലത്ത് കൈത്താങ്ങായി മാറേണ്ടത് നാമോരുത്തരുടേയും കടമ മാത്രമല്ല ഒരു സാമാന്യ മര്യാദ കൂടിയാണ് എന്നത് ആരും മറന്നു കൂടാ.
ഈ കാലഘട്ടം അനേകര്‍ക്ക് ഉപകാരപ്രദമാകാന്‍, സമൂഹത്തിനും സമുദായത്തിനും പ്രയോജനപ്രദമാകാന്‍ അതിലൂടെ മാത്രമേ ഓരോ വയോജനങ്ങള്‍ക്കും കഴിയൂ. നമ്മുടെ ആത്മാര്‍ത്ഥമായ സേവനവും പ്രവര്‍ത്തനവും നാളത്തെ സീനിയര്‍ സിറ്റിസണിനും ഉപകരിക്കുമാറാകട്ടെ അതിനായി ദൈവം ഏവരെയും കൂടുതലായി അനുഗ്രഹിക്കട്ടെ!
Generated from archived content: essay1_aug25_12.html Author: josephmartin-puliyanath