സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വ്യർത്ഥമായ ശാന്തിമന്ത്രങ്ങളുമായി ക്രിസ്‌തുമസ്സ് ഡിസംബറിലെ മഞ്ഞിലൂടെ ഭൂമിയിൽ ആവർത്തിച്ചു.
വാക്കുകളിൽ, വരകളിൽ, വർണ്ണങ്ങളിൽ ക്രിസ്‌തുമസ്സ് സന്ദേശങ്ങളും മംഗളാശംസകളും ചിത്രശലഭങ്ങളെപ്പോലെ ലോകമെങ്ങും പാറിപ്പറന്നു.
ഇനാസിയ്‌ക്ക് നന്മകളാശംസിക്കാനും സമാധാനസന്ദേശമയക്കാനും ബന്ധുക്കളും കുടുംബക്കാരും ആരുമുണ്ടായില്ല. ഇനാസി അനാഥനാണല്ലോ. ഒറ്റപ്പെട്ടവനാണല്ലോ.
ഹോസ്‌റ്റലുകളിൽ താമസിച്ചിരുന്ന സഹപാഠികളെല്ലാം ക്രിസ്‌തുമസ്സ് ആഘോഷിക്കാൻ വീടുകളിലേക്കുപോയപ്പോൾ തനിക്ക് ആരുമില്ലല്ലോ എന്നോർത്ത് ഇനാസി ദുഃഖിച്ചു.
അനാഥയായി കോൺവെന്റിൽ കഴിയുന്ന ഗ്രേസിയെക്കുറിച്ചോർത്തു. അവളും തന്നെപ്പോലെ ആരും കാണാതെ തനിയെയിരുന്നു കരയുന്നുണ്ടാകും. തനിക്കൊരു ക്രിസ്‌തുമസ്സ് കാർഡ് അയക്കാനുളള പൈസ അവളുടെ കൈയിലുണ്ടാവില്ല, പാവം ഗ്രേസി.
‘ക്രിസ്‌തുമസ്സിന് ഇളയപ്പന്റെ വീട്ടിൽ പോകുന്നുണ്ടോ?’ കഴിഞ്ഞ ദിവസം രാത്രി സംസാരത്തിനിടയ്‌ക്ക് ദാവീദ് ചോദിച്ചു.
അതിനു മറുപടി പറയാൻ ഇനാസി വളരെ വിഷമിച്ചു. രണ്ടു കത്തുകൾ അയച്ചിട്ടും ഒരു മറുപടി അയയ്‌ക്കാൻ ഇളയപ്പനോ അവിടെയുളളവർക്കോ സന്മനസ്സുണ്ടായില്ല. അവരുടെയെല്ലാം ഓർമ്മകളിൽനിന്ന് താൻ എന്നേ ആട്ടിയകറ്റപ്പെട്ടു കഴിഞ്ഞു. പിന്നെ എന്തിന് അങ്ങോട്ടു കടന്നു ചെല്ലണം?‘
’ഇല്ല.‘ ഇനാസി വിഷാദഭാരത്തോടെയാണ് മറുപടി പറഞ്ഞത്.
ഇനാസിയുടെ മാനസികാസ്വാസ്ഥ്യം മനസ്സിലാക്കിയിട്ടെന്നപോലെ ദാവീദ് പറഞ്ഞു.
’നന്നായി. ഇനാസീംകൂടിയുളളതുകൊണ്ട് ഈ ക്രിസ്‌തുമസ്സിന് ഇവിടെ കൂടുതൽ സന്തോഷമുണ്ട്.‘
’വേണ്ട; ഇനാസിച്ചേട്ടൻ പോകണ്ട.‘ സോഫിയ പറഞ്ഞു. ബീനയും അതുതന്നെ പറഞ്ഞു.
ഇനാസിയും സോഫിയയുംകൂടി മനോഹരമായ ഒരു പുൽക്കൂടുകെട്ടി. ഒരു ക്രിസ്‌തുമസ്സ് മരം തയ്യാറാക്കി. അവയിൽ വർണ്ണ ബൾബുമാലകൾ ചാർത്തി. ബലൂണുകളും വർണ്ണക്കടലാസ്സുതോരണങ്ങളും ചാർത്തി.
അതൊക്കെ ചെയ്യുമ്പോഴും ഇളയപ്പന്റെ വീട്ടിൽ ചെല്ലാൻ കഴിയാതിരുന്നതിന്റെ നൊമ്പരം മനസ്സിൽ നീറിനിന്നു. ഇളയപ്പന്റെ മക്കൾ…. അവരോടൊപ്പം ക്രിസ്‌തുമസ്സ് ഒരുക്കങ്ങൾ നടത്തിയിരുന്നതിന്റെ ഓർമ്മകൾ. പറിച്ചെറിയപ്പെട്ട ബന്ധത്തിന്റെ വേദന.
ടൗണിൽ പോയപ്പോൾ നാലഞ്ചു ക്രിസ്‌തുമസ്സ് കാർഡുകൾ വാങ്ങി. ഒരെണ്ണം ഗ്രേസിയ്‌ക്കയച്ചു. പിന്നെ ആർക്കയക്കണമെന്നാലോചിച്ചപ്പോൾ ഉമയുടെ മുഖമാണ് മനസ്സിൽ വിടർന്നത്. തിളങ്ങുന്ന വലിയ കറുത്ത കണ്ണുകളിൽ പരിഭവത്തിന്റെ നീല രശ്‌മികൾ.
എന്നെ മറന്നുപോയോ?
കാർഡുകൾ എടുത്തുനോക്കി. ഉമയ്‌ക്കയക്കാൻ പറ്റിയതൊന്നും കണ്ടില്ല. ഒരെണ്ണം വരച്ചയക്കാമെന്നുവച്ചു.
ക്രിസ്‌തുമസ്സ് കാർഡിന്റെ വലുപ്പത്തിൽ ഡ്രോയിംഗ് പേപ്പർ വെട്ടിയെടുത്തു. അതിൽ രണ്ടു ലൗബേർഡ്‌സിനെ വരച്ചു. ഒരു മരത്തിന്റെ രണ്ടു ചില്ലകളിൽ പരസ്പരം ഉറ്റുനോക്കിയിരിക്കുന്ന രണ്ടു പ്രേമക്കുരുവികൾ. കണ്ണുകളിൽ അനുരാഗ സ്വപ്നങ്ങൾ… അടുത്ത പേജിൽ കലാഭംഗിയോടെ കുറിച്ചു.
’വിത് വാം ആൻഡ് ലവ്‌ഫുൾ വിഷസ്സ് ഫോർ എ മെറി ക്രിസ്സ്‌മസ്സ്!‘
ഒപ്പിട്ടു പേരെഴുതി കവറിനകത്താക്കി ഉമയുടെ അഡ്രസ്സെഴുതി ഒട്ടിച്ചപ്പോൾ സംതൃപ്തിതോന്നി. ഹൃദയത്തിലൊരു കുളിർനിലാവു നിറഞ്ഞു. മധുരോദാരമായ സ്വപ്നങ്ങൾ പീലി വിരിച്ചുനിന്നാടി.
ബാക്കി കാർഡുകൾ ആർക്കയക്കണമെന്നാലോചിച്ചപ്പോൾ തനിക്കാരുമില്ലെന്നു തോന്നി, അയാൾ സോഫിയയെ വിളിച്ചു.
തുടുത്ത പൂങ്കുലപോലെ, പ്രസരിപ്പാർന്ന മുഖവുമായി അവൾ ഓടിയെത്തി.
’ഇവ ആർക്കെങ്കിലും അയച്ചോളൂ.‘
അവൾക്കു വലിയ സന്തോഷമായി.
പെട്ടെന്നോർമ്മ വന്നത് ടോണിച്ചേട്ടന്റെ കാര്യമാണ്. അയാൾക്ക് ഒരു കാർഡ് അയക്കേണ്ടതായിരുന്നു. അയാൾക്ക് നഗ്‌നസുന്ദരിയുടെ ചിത്രമാണു വേണ്ടത്. കഞ്ചാവുബീഡിയുടെ ചുവന്ന ലഹരിയിൽ അതും നോക്കിയിരുന്ന് അയാൾ ജീവിതത്തിന് അർത്ഥം കണ്ടെത്താൻ ശ്രമിക്കുമായിരുന്നു.
പോസ്‌റ്റാപ്പീസിലേയ്‌ക്ക് പോകാനിറങ്ങുമ്പോൾ സോഫിയ മൂന്നുനാലു കവർ ഇനാസിയെ ഏല്പിച്ചു.
’ഇതുംകൂടി പോസ്‌റ്റ് ചെയ്തേക്കൂ….‘
അവൾ ഒരു രണ്ടിന്റെ നോട്ടുകൂടി അതോടൊപ്പം കൊടുക്കാൻ ശ്രമിച്ചു. ഇനാസി അത് സ്‌നേഹപൂർവ്വം നിരസിച്ചു. അവളുടെ മുഖത്തൊരു ജാള്യത പരന്നു.
ബീന ഒന്നും അറിയാതെ വാതിൽപ്പടിയിൽ നിന്നിരുന്നു. അവൾ മറ്റേതോ ലോകത്തിലാണെന്നു തോന്നി. മൗനത്തിന്റെ ഇരുണ്ട കോട്ടയിൽ അവൾ ഏകാകിയായിരുന്നു. കേട്ട ശബ്‌ദങ്ങളെല്ലാം അവൾക്ക് അന്യമായിരുന്നു. അപരിചിതവും.
ക്രിസ്തുമസ്സിന്റെ വർണ്ണശബളിമ വഴിനീളെ കാണാം. ക്രിസ്തുമസ്സ് വിളക്കുകൾ, പുൽക്കൂടുകൾ, ബലൂണുകൾ, കടലാസുതോരണങ്ങൾ, ക്രിസ്‌തുമസ്സ് മരങ്ങൾ… കുട്ടികളുടെ ഉത്സാഹത്തിമർപ്പ്….
തന്റെ കുട്ടിക്കാലത്ത് ഒരു ക്രിസ്‌തുമസ്സ് കാർഡ് കൈയിലെടുക്കാൻ കൊതിച്ചിരുന്നു. അയൽവീടുകളിലെ കുട്ടികളുടെ കൈയിൽ കാണുമ്പോൾ കൊതിയോടെ ഓടിച്ചെല്ലുമായിരുന്നു. അവർ തൊടാൻ സമ്മതിക്കില്ലായിരുന്നു.
ബാല്യകാലസ്മരണകളിലൊരിടത്തും തന്റെ വീട്ടുമുറ്റത്തേയ്‌ക്ക് കടന്നുവന്ന പോസ്‌റ്റ് ശിപായിയില്ല. ദാരിദ്ര്യത്തിന്റെ നിഴലിൽ അവഗണിക്കപ്പെട്ടു കിടന്നിരുന്ന തന്റെ കുടുംബത്തിന് മേൽവിലാസമുണ്ടായിരുന്നില്ലല്ലോ.
ക്രിസ്‌തുമസ്സ് കാർഡുകൾ പോസ്‌റ്റു ചേയ്‌തു തിരിച്ചുപോരുമ്പോൾ തോന്നി; ദാവീദിനും അന്നമ്മയ്‌ക്കും സോഫിയയ്‌ക്കും ബീനയ്‌ക്കും ഓരോ ക്രിസ്‌തുമസ്സ് സമ്മാനം കൊടുക്കണം. രൂപ കൊടുത്താൽ വാങ്ങുകയില്ല.
സൈൻബോർഡുകൾ എഴുതി പൈസ കിട്ടിയപ്പോൾ ഒരിക്കൽ നൂറുരൂപ ദാവീദുചേട്ടന്റെ കൈയിൽ കൊടുക്കാൻ ശ്രമിച്ചു. വാങ്ങിയില്ല. നിർബ്ബന്ധിച്ചപ്പോൾ പറഞ്ഞു.
’കയ്യിലിരിക്കട്ടെ. ആവശ്യോളളപ്പോ ഞാൻ ചോദിക്കാം.‘
അന്യനായ, യാതൊരു ബന്ധവും പരിചയവുമില്ലാത്ത തന്നോട് ആ മനുഷ്യനുളള സ്‌നേഹത്തെക്കുറിച്ച് പലപ്പോഴും വിസ്‌മയം തോന്നിയിട്ടുണ്ട്.
ടെക്‌സ്‌റ്റൈൽ കടകളിലെല്ലാം വലിയ തിരക്കാണ്. തുണിത്തരങ്ങളുടെ വർണ്ണപ്രളയം.
സോഫിയയ്‌ക്കും ബീനയ്‌ക്കും ഓരോ സാരിയും ബ്ലൗസ് പീസുമെടുത്തു. അപ്പോഴാണ് ഗ്രേസിയുടെ കാര്യം ഓർത്തത്. ഈറൻ മിഴികളിൽ പരിഭവത്തിന്റെ മുൾമുനയുമായി നഖം കടിച്ചു തലകുനിച്ചു നിൽക്കുന്ന പാവം ഗ്രേസി. അനാഥാലയത്തിൽ കഴിയുന്ന തന്റെ പെങ്ങൾ. അവൾക്കും എടുത്തു ഒരു സാരിയും ബ്ലൗസ് പീസും. അന്നമ്മച്ചേടത്തിയ്‌ക്ക് ഒരു മുണ്ടും ചട്ടയ്‌ക്കുളള തുണിയുമെടുത്തു. ദാവീദുചേട്ടന് ഒരു ഷർട്ടിനുളള തുണിയും ഒരു ഡബിൾ മുണ്ടും.
വീട്ടിലേക്ക് തിരിച്ചപ്പോൾ മനസ്സിനു സംതൃപ്‌തിയുടെ കുളിർമ്മ. കാറ്റും വെളിച്ചവും കടക്കാതെ അടഞ്ഞു കിടന്ന ഒരു മുറി തുറന്നതുപോലെ.
’എന്തിനാ മോനെ കൈയിലൊളള കാശൊക്കെയിങ്ങനെ ചെലവാക്കീത്?‘
അന്നമ്മ സന്തോഷത്തോടെ ശാസിച്ചു.
’ക്രിസ്‌തുമസ്സ് സമ്മാനം കൊടുക്കാൻ എനിക്കു വേറെ ആരുമില്ലല്ലോ?‘ – ഇനാസി പറഞ്ഞു.
’ഗ്രേസിയോ മോനെ?‘
’അവൾക്കും ഞാൻ വാങ്ങീട്ടുണ്ട് ചേടത്തി.‘
അന്നമ്മയുടെ കണ്ണുകളിൽ സ്നേഹോഷ്‌മളമായ വാത്സല്യത്തിന്റെ തിളക്കമുണ്ടായി. നിമിഷങ്ങൾക്കകം അവ ഈറനായി. വിഷാദസ്‌മൃതികളുടെ വേലിയേറ്റം മുഖത്തെ ചുളിവുകളിൽ പടർന്നു കയറി. നഷ്‌ടപ്പെട്ട മകനെ അവർ ഇനാസിയിൽ കാണുകയായിരുന്നോ?’
ക്രിസ്‌തുമസ്സ് സമ്മാനമായി ഇനാസിയിൽ നിന്നു സാരിയും ബ്ലൗസും കിട്ടിയപ്പോൾ സോഫിയയുടെ മനസ്സാകെ പൂത്ത കണിക്കൊന്നയായി. ഉപബോധമനസ്സിൽ നാണിച്ചു നിന്ന നിഗൂഢമായൊരു മോഹം അപ്രതീക്ഷിതമായി സാധിച്ചതിന്റെ ആനന്ദം ഒരു ലഹരിയായി അവളിൽ നിറഞ്ഞു. സ്വകാര്യ സ്വപ്‌നങ്ങൾക്കു വർണ്ണചിറകുകൾ വിടരുകയായിരുന്നു.
രാത്രിയിൽ ഹോട്ടലിൽ നിന്നുവന്നപ്പോൾ ദാവീദിനുളള സമ്മാനം അന്നമ്മ കാണിച്ചു കൊടുത്തു. ഒരു മകനിൽ നിന്നു സമ്മാനം ലഭിക്കുമ്പോഴുളള സന്തോഷഭാവമാണ് ആ മുഖത്ത് വിടർന്നത്. ഒന്നും പറഞ്ഞില്ല. പക്ഷേ അടുത്ത ദിവസം ദാവീദുവന്നത് ഇനാസിയ്‌ക്കുളള ഒരു സമ്മാനപ്പൊതിയുമായിട്ടാണ്. ഒരു പാന്റിനും ഷർട്ടിനുമുളള തുണികൾ.
തനിക്കൊരിക്കലും സ്വന്തം അപ്പനിൽനിന്നും ലഭിച്ചിട്ടില്ലാത്ത സമ്മാനം!
ഇനാസിയുടെ കണ്ണുകൾ ആനന്ദം കൊണ്ടു നനഞ്ഞു. മനസ്സുകൊണ്ട് അയാൾ ദാവീദിന്റെ കാൽ തൊട്ടു ശിരസ്സിൽ വച്ചു.
ക്രിസ്‌തുമസ്സ് സന്ധ്യ.
കുളിച്ച്, ഇനാസി സമ്മാനിച്ച സാരിയും ബ്ലൗസും ധരിച്ച് നിലക്കണ്ണാടിയുടെ മുന്നിൽ സോഫിയ നിന്നു. കടും നീലനിറമുളള സാരിയിൽ വെളളിക്കസവു പൂക്കൾ. നീല ബ്ലൗസ്. നീലയ്‌ക്കിത്ര ഭംഗിയുണ്ടെന്ന് മുമ്പെങ്ങും അവൾക്ക് തോന്നിയിട്ടില്ല.
ഒരു നീല സ്വപ്‌നം പോലെ അവൾ ഇനാസിയുടെ മുന്നിൽ വന്നു.
‘എങ്ങനേണ്ട്?’ അവൾ ചോദിച്ചു.
‘ഫൈൻ! ബ്യൂട്ടിഫുൾ!’ അയാളുടെ വിടർന്ന കണ്ണുകളിൽ അവൾ നിറഞ്ഞുനിന്നു.
അവളാകെ കോരിത്തരിച്ചു.
നിഗൂഢമായ ഒരു സ്വപ്‌നത്തിന്റെ ഇതൾ വിടർന്ന മനസ്സുമായി അവൾ നടന്നു.
അകലെയെവിടെയോ കുട്ടികളുടെ ആർപ്പു വിളികൾ മുഴങ്ങി. നക്ഷത്രവിളക്കുയർത്തിയതാവും.
ഫ്രെയിം ചെയ്‌തു കൊണ്ടുവന്ന ഔസേപ്പിന്റെയും തെരേസയുടെയും പടങ്ങൾ ഇനാസിതന്നെ മുൻവശത്തെ വാതിലിനു മുകളിൽ സ്ഥാപിച്ചു.
ആ ചിത്രങ്ങൾ ദാവീദിനു വളരെ ഇഷ്‌ടപ്പെട്ടു. മങ്ങി നശിച്ചുപോയിക്കൊണ്ടിരുന്ന മാതാപിതാക്കളുടെ ചിത്രങ്ങൾക്ക് പുനർജ്ജന്മം. ഇനാസിയോടയാൾക്കു സ്‌നേഹവും മതിപ്പും തോന്നി. തെരുവിന്റെ നൈരാശ്യത്തിൽനിന്ന് ആ ചെറുപ്പക്കാരനെ കൈപിടിച്ചു കൊണ്ടുവന്നതിൽ അയാൾക്കു ചാരിതാർത്ഥ്യം തോന്നി, ആത്‌മ സംതൃപ്തിയും.
ദാവീദ് ആ ചിത്രത്തിൽ ഓരോ കസവുമാല ചാർത്തി.
മുറ്റത്തെ പേരമരത്തിൽ ഉയരത്തിലൊരു മുള കെട്ടിനിർത്തി, അതിന്റെ അറ്റത്താണ് ചുവന്ന നക്ഷത്രം തൂക്കിയിട്ടത്. ഇനാസിതന്നെയാണ് അതൊക്കെ ചെയ്‌തത്. സോഫിയ ഒരു കൊച്ചുകുട്ടിയെപ്പോലെ ഉത്സാഹവതിയായി ഇനാസിയുടെകൂടെ ചുറ്റിപറ്റി നടന്നു.
‘ഹായ്! നമ്മുടെ നക്ഷത്രത്തിന്റെയൊരു ഭംഗി!’
അവൾ ഇനാസിയുടെ കൈക്കു പിടിച്ചടുപ്പിച്ചു നിർത്തിക്കൊണ്ടു പറഞ്ഞു.
ഇനാസി അപ്പോൾ ഉമയെക്കുറിച്ചോർക്കുകയായിരുന്നു. നീലനിറം ഇഷ്‌ടപ്പെടുന്ന ഉമ. ഒരുപക്ഷേ ഉമയുടെ നീല നിറത്തോടുളള താത്‌പര്യം മനസ്സിൽ കിടന്നതുകൊണ്ടാകാം താൻ സോഫിയായ്‌ക്കെടുത്ത സാരിയും ബ്ലൗസും നീലയായിപ്പോയത്. സോഫിയയ്‌ക്ക് ചുമപ്പിനോടും മഞ്ഞയോടുമൊക്കെയായിരുന്നു ഇഷ്‌ടം.
‘എത്ര ദൂരെനിന്നും ഇതിന്റെ വെട്ടം കാണാം.’ ഇനാസിയുടെ തോളിൽ കൈവച്ച് അവൾ ചേർന്നുനിന്നു.
കിഴക്കേ ആകാശച്ചരിവിൽ തലയുയർത്തി നിന്നു ചിരിക്കുന്ന ചന്ദ്രൻ. നിഴലും വെളിച്ചവും കെട്ടുപിണഞ്ഞു കിടക്കുന്ന ഭൂതലം. ഇളം കാറ്റിന്റെ തലോടൽ. ഏതെല്ലാമോ പൂക്കളുടെ നേർത്ത സുഗന്ധം.
ഇനാസിയുടെ സ്‌പർശവും ചൂടും ഗന്ധവും അവളെ ഉന്മത്തയാക്കി. മൗനത്തിന്റെ സംഗീതം വീർപ്പുമുട്ടിക്കുന്നതായി തോന്നി. ദാഹാർത്തമായ നിശ്വാസങ്ങൾ…
ഇനാസി അസ്വസ്ഥനായി. സോഫിയായിൽ ഇളകിത്തുടിക്കുന്ന വികാരങ്ങൾ അറിയുന്നില്ലെന്ന് നടിച്ചു. എങ്കിലും തന്നെക്കുറിച്ചുതന്നെ അയാൾക്ക് ആശങ്ക തോന്നി. യുവത്വത്തിന്റെ വികാരങ്ങളും മോഹങ്ങളുമുളള ഒരു യുവാവാണു താനും. പക്ഷേ, തന്റെ കാലിടറിക്കൂടാ. നിയന്ത്രണം നഷ്‌ടപ്പെട്ടുകൂടാ.
‘ഇനാസിച്ചേട്ടാ…!’ അവൾ വികാരഭരിതയായി വിളിച്ചു. അവളുടെ കണ്ണുകളിലേക്കു നോക്കാൻ അയാൾ മടിച്ചു. അവൾ അയാളുടെ കൈത്തലം പിടിച്ചു ഞെരിച്ചു.
‘എന്നെ… എന്നെ…. ഇഷ്‌ടോല്ലെ?’ അവളുടെ ശബ്‌ദം പതറി.
അയാളുടെ മനസ്സിൽ ഉമയുടെ മുഖം തെളിഞ്ഞു നിന്നു.
അയാൾ മന്ദഹസിച്ചു. അതിന്റെ അർത്ഥം അവളെ അസ്വസ്ഥയാക്കി.
-ഇഷ്‌ടമാണ്; പക്ഷേ…
ആ മന്ദഹാസത്തിന്റെ മൗനത്തിലെ പക്ഷെ അവൾക്കു സഹിക്കാൻ കഴിഞ്ഞില്ല. അവൾ പെട്ടെന്ന് അയാളുടെ കൈമേലുളള പിടിവിട്ട് ഒന്നും മിണ്ടാതെ വീടിനകത്തേക്കു വിഷാദത്തോടെ ഓടിപ്പോയി.
ഇനാസിയ്‌ക്കു വല്ലാത്ത വീർപ്പുമുട്ടു തോന്നി.
അവൾ തന്നെ സ്‌നേഹിക്കുന്നു.
ദാവീദുചേട്ടനോടുകൂടി ആദ്യമായി ഇവിടെ കയറിവന്ന രാത്രിയെക്കുറിച്ച് അയാൾ ഓർത്തു. അന്നമ്മച്ചേടത്തിയുടെ ആശങ്കാഭരിതമായ വാക്കുകൾ….!
ഇല്ല. താൻമൂലം അവർ വേദനിക്കാനും പശ്ചാത്തപിക്കാനും ഇടയാകരുത്. അതു തന്റെ ഉത്തരവാദിത്വമാണ്.
റേഡിയോയിൽനിന്ന് ക്രിസ്‌തുമസ്സ് ഗാനങ്ങൾ ഉയർന്നുകൊണ്ടിരുന്നു. അതിനടുത്ത് മതിലിൽ ചാരി ബീന നിന്നു. ആ ഗാനങ്ങളാണ് അവൾക്കു ക്രിസ്‌തുമസ്സ്. പിന്നെ പലഹാരങ്ങളുടെ രുചി. ഇറച്ചിക്കറികളുടെ മണം. കോടി വസ്‌ത്രത്തിന്റെ ഗന്ധം. ഒരു കഷണം കേയ്‌ക്ക്. അല്പം വീഞ്ഞ്.
അവളുടെ ക്രിസ്‌തുമസ്സ് അവയിലൊതുങ്ങുന്നു.
വസ്‌ത്രങ്ങളുടെ ഭംഗിയും ക്രിസ്‌തുമസ്സ് വിളക്കുകളുടെ പ്രകാശവും വർണ്ണപ്പൊലിമയും ഒന്നും അവൾക്കറിയില്ല.
അടുക്കളയിൽനിന്ന് പലഹാരങ്ങളുണ്ടാക്കുന്നതിന്റെ രസകരങ്ങളായ ഗന്ധങ്ങൾ പരന്നു. അച്ചപ്പവും കുഴലപ്പവും ഉണ്ണിയപ്പവും ഉണ്ടാക്കാതെ അന്നമ്മച്ചേടത്തിയ്‌ക്കു പെരുന്നാളില്ല.
എല്ലാ ക്രിസ്‌തുമസ്സിനും ഒരു കേയ്‌ക്കും ഒരു കുപ്പി വീഞ്ഞും ദാവീദ് വാങ്ങിക്കൊണ്ടുവരും. രാവിലെ പളളിയിൽ നിന്നുവന്നാൽ കേക്കുമുറിച്ച് ഓരോ കഷണം ദാവീദുതന്നെ എല്ലാവർക്കും കൊടുക്കും. ഓരോ വൈൻഗ്ലാസ് വീഞ്ഞും.
‘ബീനയ്‌ക്ക് ക്രിസ്‌തുമസ്സ് ഗാനങ്ങൾ പാടാനറ്യോ?’ ഇനാസി വരാന്തയിലെ അരമതിലിൽ കയറിയിരുന്നിട്ടു ചോദിച്ചു.
ലജ്ജയിൽ പൊതിഞ്ഞ ഒരു മന്ദഹാസം അവളുടെ മുഖത്തു വിടർന്നു.
‘ഇല്ല.’
‘അതു വെറുതെ.’
അവൾ മുഖം കുനിച്ചു. ക്രിസ്‌തുമസ്സ് ഗാനങ്ങൾ അവൾക്കറിയാമായിരുന്നു. ഏതു പാട്ടും ഒന്നോ രണ്ടോ തവണ കേട്ടാൽ അവൾ ഹൃദിസ്ഥമാക്കും. അസാധാരണമായ ഓർമ്മശക്തിയുണ്ട് അവൾക്ക്.
ബീനയുടെ മുഖത്ത് വിഷാദത്തിന്റെ തണുത്ത ഭാവമായിരുന്നു. ക്രിസ്‌തുമസ്സിന്റെ ഒരുക്കങ്ങളിൽ പങ്കു ചേരാൻ കഴിയാത്തതിന്റെ പ്രയാസമായിരുന്നു. അമ്മയും അനുജത്തിയും ഓരോ ജോലി ചെയ്യുന്നതിന്റെ ബദ്ധപ്പാടുകൾ മനസ്സിലാക്കുമ്പോൾ താനിവിടെ അന്യവൽക്കരിക്കപ്പെടുന്നു എന്ന തോന്നൽ അവൾക്കുണ്ടാകാറുണ്ട്.
താൻ കുടുംബത്തിന് ഒരു ഭാരമാണ് എന്ന തോന്നൽ, തന്നെക്കൊണ്ട് ആർക്കും ഒരുപകാരവുമില്ലല്ലോ എന്ന ആത്മനിന്ദ. അതുണ്ടാകുമ്പോഴാണ് കൃഷ്‌ണപ്പരുന്തിന്റെ വിലാപം അവളുടെ മനസ്സിൽ കടന്നു വരാറുളളത്.
പകൽ തളർന്നു മയങ്ങാൻ തുടങ്ങിയപ്പോൾ ആകാശത്തിൽ നിന്നൊഴുകിയെത്തിയ കൃഷ്‌ണപ്പരുന്തിന്റെ വിലാപദ്ധ്വനി കേൾക്കാൻ ബീന കാത്തിരുന്നു.
കിയാ… കീ… കൃഷ്ണപ്പരുന്തിന്റെ കൃഷ്ണാ… എന്നുളള വിളി. സ്വന്തം ആത്മാവിന്റെ നിരാധാരമായ പ്രതിദ്ധ്വനിയാണ് ആ വിലാപമെന്ന് അവൾക്കു തോന്നാറുണ്ട്.
മധുരതരമായ ഒരു വേദനയുടെ ആർദ്രാനുഭൂതിയാണ് അപ്പോൾ ഹൃദയത്തിലനുഭവപ്പെടുക. മറ്റൊരു ശബ്‌ദവും അവളെ ഇത്രയേറെ സ്വാധീനിച്ചിട്ടില്ല. കൃഷ്‌ണപ്പരുന്തിന്റെ വിലാപം ദുഃഖത്തിന്റെ മധുരതരമായ ഒരു പ്രണവമന്ത്രമായി അവളുടെ ഹൃദയത്തിലലിഞ്ഞു ചേരുന്നു.
ഡോക്‌ടർ ജോൺസൺ അഞ്ചുവർഷങ്ങൾക്കുമുമ്പ് അവളുടെ കണ്ണ് ഓപ്പറേറ്റു ചെയ്‌തു. വെളിച്ചത്തിനുവേണ്ടി നടത്തിയ അവസാനശ്രമമായിരുന്നു അത്.
മൂടിക്കെട്ടിയ കണ്ണുകളുമായി പ്രാർത്ഥനയോടെ, പ്രത്യാശയോടെ അവൾ കണ്ണുകൾക്കു കാഴ്‌ച തിരിച്ചുകിട്ടുന്നതും സ്വപ്നംകണ്ടു കാത്തു കഴിഞ്ഞു. അവസാനം കണ്ണുകൾക്കു മേലെയുളള കെട്ടഴിച്ചപ്പോഴും അന്ധകാരത്തിൽനിന്ന് അവൾക്കു മോചനം കിട്ടിയില്ല.
താൻ എന്നന്നേയ്‌ക്കും അന്ധകാരത്തിൽ അടയ്‌ക്കപ്പെട്ടിരിക്കുന്നു എന്ന സത്യം ഒരിടിവാളായി അവളുടെ നെഞ്ചിൽ പതിച്ചു. അന്നാണ് കൃഷ്‌ണപ്പരുന്തിന്റെ വിലാപം ഒരു വെളിപാടുപോലെ അവളിൽ കടന്നുവന്നത്.
സായാഹ്നത്തിന്റെ വെയിൽച്ചൂടു തളർന്ന ഏതോ ഒരു നിമിഷത്തിൽ കൃഷ്ണപ്പരുന്തിന്റെ ശബ്‌ദം ആകാശത്തിൽ നിന്നൊഴുകി വീണു.
അവൾ അത്താഴത്തിനുളള കറിയ്‌ക്ക് ഉളളി നന്നാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആ ശബ്‌ദം കേട്ടപ്പോൾ ഉളളി മുറത്തിലിട്ടുകൊണ്ട് അവൾ പിടഞ്ഞെഴുന്നേറ്റു. അന്തരീക്ഷത്തിൽ കൈകൾ പരതി പതുക്കെ പുറത്തിറങ്ങി. ആകാശത്തിലേയ്‌ക്ക് കർണ്ണോന്ദ്രിയങ്ങളെ ഉണർത്തി.
കൃഷ്‌ണാ….! എന്നുളള കൃഷ്ണപ്പരുന്തിന്റെ വിലാപം മുഴുവൻ ആത്മാവിലുൾക്കൊളളാൻ ദാഹാർത്തയായി അവൾ നിന്നു. മുഖത്ത് വികാരങ്ങൾ അലയടിച്ചു. തലയ്‌ക്കുമുകളിൽ വട്ടം ചുറ്റിയൊഴുകിയ ആ ശബ്‌ദം കുറച്ചുസമയം കഴിഞ്ഞപ്പോൾ അകന്നകന്ന് അലിഞ്ഞുപോയപ്പോൾ ഒരു നെടുവീർപ്പോടെ, അനാഥത്വത്തിന്റെ വേദനയോടെ അവൾ തപ്പിത്തടഞ്ഞു വീടിനകത്തേയ്‌ക്ക് കയറിപ്പോയി.
തപ്പിത്തടഞ്ഞു മുറം കൈയിലെടുത്ത് ഉളളികൈയിലെടുത്തു നന്നാക്കാൻ പിന്നെ അന്നവൾക്കു കഴിഞ്ഞില്ല. നിശ്ചലയായി, നിശ്ശബ്‌ദയായി പിടി കിട്ടാത്ത ഏതോ ഓർമ്മകളെ തേടി അവൾ ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
*************************************************************
പുറത്ത് നക്ഷത്രവിളക്കിന്റെ കാറ്റിലാടുന്ന വെളിച്ചത്തിൽ ഇളകുന്ന നിഴലുകളെ നോക്കി ഇനാസി ഇരുന്നു. ഒരു ക്രിസ്‌തുമസ്സിന്റെ ഓർമ്മ ഉണങ്ങാത്ത മുറിവിന്റെ നീറ്റലുണ്ടാക്കി.
എത്രയോ വർഷങ്ങൾക്കു മുമ്പു നടന്ന സംഭവം! രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ്. നാട്ടിൽ പൊതുവെ ക്ഷാമം. അപ്പനു ജോലി കുറഞ്ഞ അവസരം. വല്ലപ്പോഴുമൊക്കെയാണ് ഒരു പണി കിട്ടുക. അമ്മയ്‌ക്കു തൊണ്ടുതല്ലലും കുറവ്. പട്ടിണിയും വിശപ്പും ഒരു വിശേഷമല്ലായിരുന്നു. അങ്ങനെ കഴിയവെയാണ് ക്രിസ്തുമസ്സ് വന്നത്.
ക്രിസ്‌തുമസ്സ് വിളക്കുണ്ടായില്ല വീട്ടിൽ.
ഇറച്ചി വാങ്ങാൻ പൈസയുണ്ടായില്ല. പെരുന്നാളായിട്ട് പട്ടിണിയാവരുതല്ലോ. അമ്മ ആരോടോ അഞ്ചുരൂപ കടം മേടിച്ച് അരിയും കറിയ്‌ക്കുളള വകയും ഒപ്പിച്ചു. ചേനയും പരിപ്പും കറിവയ്‌ക്കാനേ അന്നു കഴിഞ്ഞുളളൂ. കുമ്പളങ്ങ ചാറുവയ്‌ക്കുകയും ചെയ്‌തു.
ഒരുമണി സമയത്ത് അപ്പൻ രണ്ടു കൂട്ടുകാരെയും ക്ഷണിച്ചുകൊണ്ടു വന്നു. ഗോപാലകൃഷ്ണപ്പണിക്കനെന്ന മരപ്പണിക്കാരനും വാസൂട്ടിയെന്ന കല്പണിക്കാരനുമായിരുന്നു. രണ്ടുപേരും ഇറച്ചിക്കറി കൂട്ടാൻ കൊതിച്ചു വന്നിരിക്കുകയാണ്. മൂന്നുപേരും മദ്യപിച്ചിരുന്നു. കൂട്ടുകാരെ നിർബ്ബന്ധിച്ചു കൊണ്ടുവന്നിരിക്കുകയാണ് അപ്പൻ. അവരെ ഇറയത്തെ ബഞ്ചിലിരുത്തിയിട്ട് അകത്ത് വന്ന് അപ്പൻ അമ്മയോട് കല്പിച്ചു.
‘ഊണു വെളമ്പെടീ.’
അമ്മയുടെ മുഖത്തുനിന്നും രക്തമെല്ലാം വാർന്നുപോയി. ദേഷ്യവും സങ്കടവുംകൊണ്ട് അമ്മ പറഞ്ഞുഃ
‘ഇവടത്തെ കാര്യം വല്ലോമറിഞ്ഞിട്ടാണോ കൂട്ടുകാരേംകൊണ്ടു വന്നേക്കണത്? ഈ മനുഷേനു വെളിവില്ലല്ലോ തമ്പുരാനെ!’
‘ഊണു വെളമ്പാനല്ലേടീ പറഞ്ഞത്…!’
അപ്പന്റെ സ്വരമുയർന്നു. പുരികം ചുളിഞ്ഞു. മീശ വിറച്ചു.
അമ്മ പൂച്ചയുടെ മുന്നിലകപ്പെട്ട എലിയെപ്പോലെ നിന്നു വിറച്ചു. ദൈവമേ! എന്താ ചെയ്യുക?
കളളിന്റെ പുളിച്ച നാറ്റം വീടിനകത്താകെ നിറഞ്ഞു.
അടുക്കളയിൽ ചെന്നുനിന്ന് അമ്മ അപ്പനെ അടുത്തു വിളിച്ചുഃ
‘എന്താടീ ഇത്ര ആലോശിക്കാൻ…?’
അപ്പൻ ദേഷ്യപ്പെട്ടുകൊണ്ട് അടുത്തേയ്‌ക്ക് ചെന്നു.
‘നിങ്ങളെന്തുദ്ദേശിച്ചാണ് കൂട്ടുകാരേകൊണ്ടു വന്നത്? ഇവിടെ വല്ലതുമൊണ്ടോ കൊടുക്കാൻ?’ അമ്മ ചോദിച്ചു.
അപ്പന്റെ കണ്ണുകൾ ചുവന്നു.
‘ഒന്നുമില്ലേടി പെലയാടീ…. കൊടുക്കാൻ?’ അപ്പൻ അലറി.
‘വല്ലതും കൊണ്ടന്നു തന്നിട്ടാണോ ഈ ചോദ്യം?’
‘മിണ്ടിപ്പോവരുത്! കൊലേരിയ്‌ക്കു കുത്തും ഞാൻ!’
‘തൊമ്മൻ മേസ്തിരിയേ…. എന്താണകത്തു പരിപാടി?’ ഇറയത്തുനിന്നു ഗോപാലപ്പണിക്കർ വിളിച്ചു ചോദിച്ചു.
അപ്പനു കലി കയറി. അടുക്കളിയിൽ ഉണ്ടായിരുന്ന കലവും ചട്ടിയുമൊക്കെ തുറന്നു നോക്കി.
‘എന്താടീയിത്?’
‘പരിപ്പും ചേനേം..’ അമ്മ പറഞ്ഞു.
‘ഇതു മത്യോ?’
‘ഫൂ! തേവിടിച്ചീ…. പെരുന്നാളായിട്ട്‌ണ്ടാക്കി വച്ചേക്കണതിതാടീ….?’
കാലുവലിച്ച് ഒരു തട്ട്. കറിച്ചട്ടി പൊട്ടിത്തെറിച്ചു. കറികൾ ചിതറി. പിന്നെ ചോറു കൊട്ടയെടുത്ത് പുറത്തേയ്‌ക്കൊരേറ്. പിന്നെ കഞ്ഞിക്കലമെടുത്ത് മുറ്റത്തെ തെങ്ങിന്റെ കടയ്‌ക്കൽ തല്ലി.
ചോറും കറികളും ഉടഞ്ഞ മൺകലത്തിന്റെയും ചട്ടിയുടെയും കഷണങ്ങളും അടുക്കളയിലും മുറ്റത്തുമായി ചിതറിക്കിടന്നു.
മരവിച്ചതുപോലെ നോക്കിനിന്ന അമ്മ പെട്ടെന്നു പൊട്ടിത്തെറിച്ചുഃ
‘എന്റെ ദൈവമേ..! എന്നെയെന്തിനിങ്ങനെ….!’ രണ്ടുകൈകൊണ്ടും അമ്മ സ്വന്തം നെഞ്ചത്തടിച്ചു. തുടരെത്തുടരെ ഒരു ഭ്രാന്തിയെപ്പോലെ അമ്മ ഇടിച്ചു.
താനും ഗ്രേസിയും ഉറക്കെ കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.
അപ്പന്റെ കലി ഭ്രാന്തമായി ആളിക്കത്തി. അമ്മയെ ചവിട്ടുകയും ഇടിക്കുകയും ചെയ്‌തു.
‘ചാകെടീ പെലയാടീ…. ചാക്. ഇല്ലെങ്കി ഞാൻ കൊന്നുകളേം…!’
ഒച്ചയും ബഹളവും കേട്ട് ക്ഷണിക്കപ്പെട്ട അതിഥികൾ ഓടിയെത്തി. അവർ അപ്പനെ പിടിച്ചു വലിച്ചു പുറത്തേയ്‌ക്കുകൊണ്ടുപോയി.
‘ഈ തൊമ്മൻ മാപ്ലയ്‌ക്ക് ഭ്രാന്തായിപ്പോയോ!’
ഗോപാലകൃഷ്‌ണപ്പണിക്കൻ ചോദിച്ചു.
അപ്പന്റെ അടിയും ഇടിയും ചിലതൊക്കെ തന്റെ ദേഹത്തും ഏറ്റിരുന്നു. എവിടെയൊക്കെയോ വേദനിച്ചു.
വീട് ദുഃഖമൂകമായി.
ചിതറിക്കിടന്ന ചോറിന്റെയും കറിയുടെയും പൊട്ടിയ മൺകലത്തിന്റെ കഷണങ്ങളുടെയും ഇടയിൽ അമ്മ പ്രജ്ഞയറ്റു തളർന്നുകിടന്നു. താനും ഗ്രേസിയും അമ്മയെ കെട്ടിപ്പിടിച്ചിരുന്നു തേങ്ങിക്കരഞ്ഞു.
മുറ്റത്ത് കാക്കകളും അയൽവീടുകളിലെ കോഴികളും ബഹളംവെച്ചു.
ഇനാസി ഓർത്തു നെടുവീർപ്പിട്ടു.
കേക്കും വൈനും പൊതിഞ്ഞുകെട്ടി ദാവീദു വന്നു.
ക്രിസ്‌തുമസ്സ് കരോൾ സംഘത്തിന്റെ പാട്ട് അകലെ കേട്ടു. സോഫിയ ഇറയത്തേയ്‌ക്കുവന്നു. കരോൾ സംഘത്തെ കാത്ത് അവർ നിന്നു.
Generated from archived content: vilapam9.html Author: joseph_panakkal