കാൻവാസിലെ പോർട്രെയ്‌റ്റ് പൂർത്തിയാക്കാൻ ഒരു യജ്ഞത്തിലെന്നപോലെ ഇനാസി ഇരുന്നു. ഗ്ലാസ്സ് പാലറ്റിൽ എണ്ണച്ചായങ്ങൾ കൂടിക്കലർന്നു.
ചിത്രരചനയുടെ മുന്നേറ്റത്തിൽ രതിമൂർച്ചയുടെ ആലസ്യവും അസ്വസ്ഥതയും ആഹ്ലാദവുമുണ്ട്. അയാൾ വിയർത്തിരുന്നു. വല്ലാത്ത തളർച്ച തോന്നിയെങ്കിലും എഴുന്നേറ്റില്ല.
ക്രിസ്തുമസ്സിനുമുമ്പ് ചിത്രം പൂർത്തിയാക്കി വയ്‌ക്കണമെന്നു നിർബ്ബന്ധം തോന്നി. ആരും ആവശ്യപ്പെട്ടിട്ടല്ല. പറഞ്ഞിട്ടല്ല. തന്റെ കടമയാണതെന്നു തോന്നി.
ഇവിടെ ആദ്യം വന്ന ദിവസം തന്നെ ഇനാസി ശ്രദ്ധിച്ചിരുന്നു, ആ ചിത്രം. കാലപ്പഴക്കംകൊണ്ടു മഞ്ഞച്ച, കറുത്ത പുളളികൾവീണു വികൃതമായിത്തുടങ്ങിയ വൃദ്ധദമ്പതികളുടെ ചിത്രം. ദാവീദിന്റെ അപ്പൻ ഔസേപ്പിന്റെയും അമ്മ തെരേസയുടെയും ചിത്രം. അവർ മരിച്ചിട്ട് വർഷങ്ങൾ പത്തിരുപതായി. ആ ചിത്രം നശിച്ചുപോയാൽ വരുംതലമുറയ്‌ക്ക് ആ കാരണവന്മാരുടെ മുഖങ്ങൾ എന്നന്നേയ്‌ക്കുമായി നഷ്‌ടപ്പെടും. അതു പാടില്ല എന്നു തോന്നി.
സൈൻ ബോർഡു വരച്ചുകിട്ടിയ പൈസയിൽനിന്ന് ക്യാൻവാസും ഓയിൽ കളർട്യൂബുകളും ബ്രഷുകളും വാങ്ങി. കഴിഞ്ഞ രണ്ടാഴ്‌ചയായി, ക്ലാസ്സു കഴിഞ്ഞെത്തിയശേഷം അവ വരയ്‌ക്കുന്നത്. ഇനാസി ആ ചിത്രങ്ങൾ എൻലാർജ് ചെയ്‌ത് ഓയിൽ കളറിൽ മനോഹരമായി വരയ്‌ക്കുന്നു എന്നറിഞ്ഞപ്പോൾ ദാവീദിനും വലിയ സന്തോഷമായി. രാത്രിയിൽ ഹോട്ടലിൽ നിന്നെത്തുമ്പോഴും രാവിലെ വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പും ദാവീദ് ഡ്രോയിംഗ്‌ബോർഡ് എടുത്തുവച്ച് നോക്കാറുണ്ട്. അപ്പോഴത്തെ സന്തോഷവും തന്നോടുളള സ്‌നേഹവാത്സല്യങ്ങളുമെല്ലാം ഇനാസി വീക്ഷിച്ചിരുന്നു.
കോളേജിലെ അദ്ധ്യാപകരുടെയും കുട്ടികളുടെയും സ്നേഹാദരങ്ങൾ കൈയടക്കാൻ ഇനാസിയ്‌ക്ക് വേഗം കഴിഞ്ഞു. ഇനാസിയുടെ ചിത്രങ്ങൾക്കുളള പ്രത്യേകതകൾ സീരിമാസ്‌റ്റർ എടുത്തുപറഞ്ഞ് അഭിനന്ദിക്കാറുണ്ട്. ശൈലിയിലും ആശയത്തിലും ആവിഷ്‌ക്കരണത്തിലും എല്ലാം ഇനാസിയ്‌ക്കു തനതായ വ്യക്തിത്വമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. ഉമയാണ് ഇനാസിയുടെ ഏറ്റവും വലിയ ആരാധിക.
പലർക്കും തന്നോട് അസൂയയുണ്ട്. വിപിന്റെ ഇടുങ്ങിയ കണ്ണുകളിൽ എരിയുന്ന പക പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഉമ തന്റെയടുത്തുവന്നു സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും വിപിൻ പുച്ഛവും പരിഹാസവും കലർന്ന കൊളളിവാക്കുകൾ എയ്‌തു വിടാറുണ്ട്.
എല്ലാം അവഗണിക്കുകയാണ് ചെയ്‌തിട്ടുളളത്. പ്രതികരിക്കുമ്പോൾ കാര്യങ്ങൾ ഏറെ ശ്രദ്ധേയമാകും. അതു വേണ്ടെന്നുവച്ചു.
പക്ഷേ, ഉമ!
പരിഹാസങ്ങളും കൊളളിവാക്കുകളും കേട്ടു തളരുന്ന ദുർബലയായ പാവം പെണ്ണ്! അവളുടെ കണ്ണുനനയുന്നതു കാണാൻ തനിക്കു ശക്തിയില്ല.
എങ്കിലും വികാരധീനനാകാൻ പാടില്ല. വളരെ കരുതലോടെ മാത്രമേ സംസാരിക്കാനും പെരുമാറാനും പാടുളളൂ.
കഞ്ചാവു വലിച്ചും കളളുകുടിച്ചും ക്ലാസ്സിൽ വരാൻ മടിയില്ലാത്തവനാണ് വിപിൻ. അവനുപറ്റിയ ചില കൂട്ടുകാരുമുണ്ട്. അദ്ധ്യാപകർ രൂക്ഷമായി വഴക്കു പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ അവരെ ക്ലാസ്സിൽ നിന്നും പുറത്താക്കിയിട്ടുമുണ്ട്. എന്തൊക്കെയായാലും നാണമില്ലാത്തവർ.
വരച്ചുകൊണ്ടിരിക്കെ വിചാരങ്ങൾ മനസ്സിലൂടെ ഒഴുകിപ്പോകുന്നു.
പെട്ടെന്ന് വേലിക്കുപുറത്ത് സൈക്കിൾ ബെൽ മുഴങ്ങി. തപാൽ ശിപായിയുടെ സൈക്കിൾ ബെല്ലാണെന്നു മനസ്സിലായപ്പോൾ മനസ്സ് തുടികൊട്ടി. എപ്പോഴും അങ്ങനെയാണ്.
തിരിഞ്ഞു നോക്കുമ്പോഴുണ്ട് സോഫിയ ഓടിച്ചെല്ലുന്നു. ബുക്ക് പോസ്‌റ്റായി വന്ന ഒരു ആഴ്‌ചപ്പതിപ്പുമായി അവൾ തിരിച്ചുവന്നു. അവൾ റാപ്പർ കീറി ആഴ്‌ചപ്പതിപ്പു നിവർത്തിയപ്പോൾ വിസ്‌മയിച്ചുപോയി.
താൻ വരച്ചയച്ച ചിത്രം ആഴ്‌ചപ്പതിപ്പിന്റെ കവർ ചിത്രമായി അച്ചടിച്ചു വന്നിരിക്കുന്നു.
ഉയർന്ന നിലവാരവും ഏറെ പ്രചാരവുമുളള ഒരു ആഴ്‌ചപ്പതിപ്പിലൂടെ ഒരു ചിത്രകാരനായി താൻ അംഗികരിക്കപ്പെട്ടിരിക്കുന്നു.
ലോകംമുഴുവൻ, പ്രകൃതിയും ആകാശവുമെല്ലാം തന്നെ നോക്കി മന്ദഹസിക്കുന്നതുപോലെ ഇനാസിക്കു തോന്നി. ഹൃദയത്തിൽ നിന്നൊരു സംഗീതം ഉയരുകയായി.
ഇനാസി ബ്രഷ് ഗ്ലാസ്സിലിട്ട് എഴുന്നേറ്റു.
അയാൾ ആ ആഴ്‌ചപ്പതിപ്പ് നിവർത്തി ഒന്നുകൂടി നോക്കി. കണ്ണുകൾ വിടരുകയും തിളങ്ങുകയും ചെയ്‌തു. വികാരാധീനനായി അയാൾ ആ ചിത്രം സ്വന്തം നെഞ്ചിൽ ചേർത്തണച്ചു.
‘വിശപ്പിൽ ഒരു സ്വപ്‌നം’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്, താൻ കൊടുത്ത പേരുതന്നെ.
‘ഹായ്! ഇതിന്നാള് ചേട്ടൻ വരച്ചതല്ലെ.’
സോഫിയ വിസ്‌മയഭാവത്തിൽ ചോദിച്ചു.
അയാൾക്ക് തുളളിച്ചാടി നൃത്തം ചവിട്ടാനുളള ആഹ്ലാദം തോന്നി. ഉമ ഇതുകാണുമ്പോൾ അവളുടെ നീണ്ടുവിടർന്ന കണ്ണുകളിലുണ്ടാകുന്ന ആരാധനാഭാവം! ആ മുഖത്തുണ്ടാകുന്ന ആഹ്ലാദത്തുടിപ്പ്! അയാളുടെ മനസ്സിൽ അതൊക്കെ തെളിഞ്ഞു.
അപ്പോൾ തന്നെ ആഴ്‌ചപ്പതിപ്പുമായി ഉമയുടെ അടുത്തേയ്‌ക്കോടിച്ചെല്ലാൻ തോന്നി. ഉമ! നിശ്ശബ്ദാനുരാഗത്തിന്റെ തോജോരൂപിണി.
ക്രിസ്തുമസ്സ് അവധി കഴിഞ്ഞ് കോളേജ് തുറക്കുമ്പോഴെ ഇനി അവളെ കാണാനാകൂ. ഇന്നു രാവിലെയാണ് അവൾ ഹോസ്‌റ്റലിൽ നിന്നു വീട്ടിലേക്കു പോയത്. ഇപ്പോൾ വീട്ടിലെത്തിക്കാണില്ല.
ബസ്സിൽ നിന്നിറങ്ങി നടക്കുകയാവും. പൂർവ്വ പരമ്പരകളിലെ രാജാക്കന്മാരുടെ പാദമുദ്രകൾ ഇഴുകിച്ചേർന്ന പഴയ രാജവീഥിയിലൂടെ ഒരു ദേവകന്യകയെപ്പോലെ പിന്നിൽ താളാത്മകമായി തുളുമ്പുന്ന നിതംബത്തിൽ അലയടിക്കുന്ന നീണ്ട മുടിച്ചാർച്ച്. മുടിയിൽ ചൂടിയ മുല്ലപ്പൂക്കളുടെ സൗരഭ്യം.
ഇനാസി നെടുവീർപ്പിട്ടു. ഒരു വിരഹ വിഷാദത്തിന്റെ കനം ഉളളിൽ നിറഞ്ഞു.
‘ചേട്ടൻ ഈ ലോകത്തൊന്നുമല്ലെന്നു തോന്നുന്നല്ലോ?’ സോഫിയ പറഞ്ഞു.
ഇനാസിയുടെ മുഖത്തൊരു ജാള്യത.
‘എന്താ പിന്നെ?’ – അയാൾ ചിരിച്ചു.
‘ഈ പടം എങ്ങനെയാ അച്ചടിക്കണത്?’
‘അതു ഫോട്ടോ ഓഫ്‌സെറ്റിൽ അച്ചടിക്കും.’ ഇനാസി പറഞ്ഞു. സോഫിയയ്‌ക്ക് അതു മനസ്സിലായില്ല. ഇനാസി ഓഫ്‌സെറ്റ് പ്രസ്സിനെ കുറിച്ചും ആധുനിക അച്ചടി സങ്കേതങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവൾക്ക് അത്ഭുതം തോന്നി.
അവൾ ആഴ്‌ചപ്പതിപ്പിലെ പേജുകൾ മറിച്ചുകൊണ്ടു നില്‌ക്കെ അയാൾ വീണ്ടും ബ്രഷ് കൈയിലെടുത്തു. പടം പൂർത്തിയാക്കിയിട്ടേ ഇന്നിനി മറ്റു കാര്യമുളളൂ എന്നു മനസ്സിൽ പറഞ്ഞു.
‘നോക്കൂ, കിഴക്കേലും വടക്കേലുമൊക്കെ കുട്ടികൾ നക്ഷത്രങ്ങളുണ്ടാക്കാനും പുൽക്കൂടുകെട്ടാനും തുടങ്ങി. ഇത്തവണ ഇനാസിച്ചേട്ടൻ മനോഹരമായ ഒരു പുൽക്കൂടുണ്ടാക്കണം കേട്ടോ..’ സോഫിയ പറഞ്ഞു.
ഇനാസി മൂളി.
ക്രിസ്തുമസ്സിന് ഇനിയും ഒരാഴ്‌ചയുണ്ട്. കുട്ടികൾ ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങി. ഇപ്പോൾ ക്രിസ്തുമസ്സ് വിളക്കുകൾ കടകളിൽനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഏതുതരത്തിലുളളതും വാങ്ങാൻ കിട്ടും.
തന്റെ കുട്ടിക്കാലത്ത് ക്രിസ്തുമസ്സ് വിളക്കുകൾ കെട്ടിയുണ്ടാക്കുകയായിരുന്നു പതിവ്. ഓലമടലിന്റെ അളികൾ ചീന്തി മിനുക്കിയുണ്ടാക്കിയെടുത്താണ് നക്ഷത്രങ്ങളും ആകാശവിളക്കുകളും കെട്ടിയിരുന്നത്. പല നിറങ്ങളിലുളള ചൈനാപേപ്പർ വാങ്ങി നക്ഷത്രം പൊതിയും. മുറ്റത്തെ ഏതെങ്കിലും മരത്തിന്റെ കൊമ്പിൽ ഉയരത്തിൽ അതു കെട്ടിഞ്ഞാത്തും. പാട്ടവിളക്കുകളായിരുന്നു അന്നൊക്കെ അതിൽ വച്ചിരുന്നത്. രണ്ടുദിവസംകൊണ്ട് അതു കരിപിടിച്ചു മങ്ങുമായിരുന്നു.
ഇന്നു കടയിൽനിന്നു വാങ്ങുന്ന ക്രിസ്തുമസ്സ് വിളക്കുകൾ വൈദ്യുതദീപങ്ങളാൽ പ്രകാശമാനമാകുന്നു. എങ്കിലും കരിപിടിച്ചു മങ്ങിയിരുന്ന ആ പഴയ ക്രിസ്തുമസ്സ് വിളക്കുകളെക്കുറിച്ചുളള ഓർമ്മകൾക്ക് ഹൃദ്യമായ ഒരു മാധുര്യമുണ്ട്.
അപ്പർ പ്രൈമറി ക്ലാസ്സുകളിൽ പഠിച്ചിരുന്ന കാലത്ത് താനും നക്ഷത്രങ്ങളുണ്ടാക്കി വിറ്റിരുന്നു. നവംബർ പകുതി കഴിയുമ്പോൾ മുതൽ ക്രിസ്തുമസ്സ് വിളക്കുകൾ ഉണ്ടാക്കാനുളള ഒരുക്കങ്ങൾ തുടങ്ങും. ക്രിസ്തുമസ്സ് കഴിയുന്നവരെ പിന്നെ വായനയും എഴുത്തുമൊന്നുമില്ല. അളിചീന്തിയുണക്കലും ചീവിമിനുക്കലും മുറിക്കലും കെട്ടലുമൊക്കെത്തന്നെയാണ്. രാത്രി ഉറക്കം വരുംവരെയുളള ജോലി.
അഞ്ചോ ആറോ ക്രിസ്തുമസ്സ് വിളക്കുകളുണ്ടാക്കി വിറ്റു കിട്ടുന്ന പൈസയും അമ്മ തൊണ്ടുതല്ലുന്ന വകയിൽ അഡ്വാൻസായി വാങ്ങുന്ന പൈസയുമാണ് പെരുന്നാൾ ആഘോഷത്തിന്റെ മൂലധനം. ആഘോഷത്തിന്റെ മൂലധനം. ആഘോഷം എന്ന വാക്ക് അതിശയോക്തിയാവും. ഒരു കിലോ അരിയിടിച്ചു പുട്ടുണ്ടാക്കും. പിന്നെ ഒരു കിലോ പശു ഇറച്ചിയോ പോത്തിറച്ചിയോ മേടിച്ചു കറി വയ്‌ക്കും. പെരുന്നാൾ അതിലൊതുങ്ങുന്നു.
കോഴിയും പോർക്കും മീനും പഴങ്ങളും കേക്കും വീഞ്ഞും ഒന്നും അന്നു തന്റെ സ്വപ്നങ്ങളിൽപ്പോലും കടന്നു വന്നിരുന്നില്ല.
എങ്കിലും ക്രിസ്തുമസ്സിനെക്കുറിച്ചുളള പ്രതീക്ഷകളും സങ്കല്പങ്ങളും അന്നു വലുതുതന്നെയായിരുന്നു. പുതുവസ്‌ത്രങ്ങൾ ധരിച്ചു പളളിയിൽ പാതിരാകുർബ്ബാനയ്‌ക്കു പോകുന്ന കുട്ടികൾ, എല്ലാ വീടുകൾക്കുമുന്നിലും പ്രത്യക്ഷപ്പെടുന്ന വർണ്ണപ്പകിട്ടാർന്ന ക്രിസ്തുമസ്സ് വിളക്കുകൾ. പളളിമണികളുടെ സംഗീതം മഞ്ഞുപെയ്യുന്ന രാത്രികൾ…. പാതിരാകുർബ്ബാന സമയത്ത് പളളിയുടെ മേൽക്കൂരയിൽനിന്ന് താഴേയ്‌ക്കിറങ്ങി വരുന്ന മാലാഖ. വീടുകളിൽ ഒരുക്കുന്ന പുൽക്കൂടുകൾ….
പെരുന്നാളുകളിൽ മാത്രമായിരുന്നല്ലോ അന്നൊക്കെ തന്റെ വീട്ടിൽ ഇറച്ചിക്കറിയുടെ രുചികരമായ മണം പൊങ്ങിയിരുന്നത്! നിറഞ്ഞ വയറിന്റെ സംതൃപ്തിയറിയുന്ന പെരുന്നാൾ ദിനങ്ങൾ….
തന്റെ വീടിനുമുന്നിൽ ഒരു കിളിച്ചുണ്ടൻ മാവുണ്ട്. അതിന്റെ കൊമ്പിൽ തൂങ്ങിക്കിടന്നു പ്രകാശിക്കുന്ന നക്ഷത്രം കാണുമ്പോൾ എന്തൊരാഹ്ലാദമായിരുന്നു.
നാല്പതാം പെരുന്നാൾവരെ നക്ഷത്രം തെളിയ്‌ക്കണമെന്നായിരുന്നു ചടങ്ങ്. പക്ഷെ, അമ്മ സമ്മതിക്കില്ല. അഞ്ചോ ആറോ ദിവസത്തിൽ കൂടുതൽ നക്ഷത്രവിളക്കു കത്തിക്കാൻ അമ്മ സമ്മതിച്ചിരുന്നില്ല.
‘മതിയെടാ കത്തിച്ചത്. ദെവസോം അമ്പതു പൈസേട മണ്ണെണ്ണ മേടിക്കാൻ എനിക്കു നിവർത്തീല്ല’- അമ്മ പറയും.
അമ്മ വിളക്കെടുത്തു മാറ്റുകയും ചെയ്യും.
പിന്നീടുളള രാത്രികളിൽ അയൽവീടുകളുടെ മുറ്റത്ത് ക്രിസ്തുമസ്സ് വിളക്കുകൾ പ്രകാശിക്കുമ്പോൾ തന്റെ വീട്ടിലെ നക്ഷത്രവിളക്കു മാത്രം കത്താതെ മാവിൻകൊമ്പിൽ തൂങ്ങി ഇരുട്ടു പുതഞ്ഞു കിടക്കും.
സങ്കടം ഉളളിലൊതുക്കി താൻ ചുരുണ്ടുകൂടിക്കിടന്നു നെടുവീർപ്പിടും.
ഒരു കൊച്ചു നക്ഷത്രവിളക്കുപോലും തെളിക്കാനാകാതെ നിശ്ശബ്‌ദം കടന്നുപോയ ക്രിസ്തുമസ്സുകളും ഓർമ്മയിൽ നീറിനില്പുണ്ട്. ചുറ്റുമുളള വീടുകളിൽ പലനിറത്തിലുളള ക്രിസ്തുമസ്സ് വിളക്കുകൾ പ്രകാശിക്കുകയും പടക്കം പൊട്ടുകയും കമ്പിത്തിരിയും മത്താപ്പും കത്തി ഉത്സവഘോഷം നടത്തുകയും ചെയ്യുമ്പോൾ, കുട്ടികൾ കോടിവസ്‌ത്രങ്ങളുടുത്ത് ആഹ്ലാദിച്ചു തിമിർക്കുമ്പോൾ, വിങ്ങുന്ന മനസ്സും കരയുന്ന കണ്ണുകളുമായി താനും ഗ്രേസിയും നിശ്ശബ്‌ദം കുത്തിയിരിക്കുമായിരുന്നു.
മിണ്ടാതെ അടങ്ങിയൊതുങ്ങിക്കഴിയുന്ന പ്രകൃതമായിരുന്നു തന്റേത്. എന്നാൽ ഗ്രേസി അങ്ങനെയായിരുന്നില്ല. അവൾ ശാഠ്യക്കാരിയും ബഹളക്കാരിയുമായിരുന്നു. അതുകൊണ്ട് അവൾ പലതും നേടുമായിരുന്നു. തനിക്കാകട്ടെ ഒന്നും കിട്ടിയിരുന്നുമില്ല.
അമ്മയ്‌ക്ക് സഹതാപം തന്നോടായിരുന്നു. തന്റെ എല്ലുന്തിയ ശരീരം തടകി, തന്റെ വിഷാദഭാരം മനസ്സിലാക്കി നിശ്ശബ്‌ദം തേങ്ങാനേ അമ്മയ്‌ക്കു കഴിഞ്ഞിരുന്നുളളൂ.
പെരുന്നാളിനുപോലും വയറുനിറയെ ആഹാരം തന്റെ കുഞ്ഞുങ്ങൾക്കു കൊടുക്കാൻ കഴിയാതെ ദുഃഖം കടിച്ചമർത്തി തേങ്ങിയിരുന്ന നിസ്സഹായയായ തന്റെ പാവം അമ്മ!
അപ്പന് അങ്ങനെയുളള ദുഃഖമൊന്നുമുണ്ടായിരുന്നില്ല.
ക്രിസ്‌തുമസ്സ് വിളക്കും പുതുവസ്‌ത്രവും നല്ല ആഹാരവും ഒന്നും അപ്പന് ആവശ്യമായിരുന്നില്ലല്ലോ. കളളും ചാരായവും കിട്ടിയാൽ അപ്പന്റെ പെരുന്നാളായി. മറ്റുളളവരുടെ ആവശ്യങ്ങളെക്കുറിച്ചൊന്നും അപ്പനു തീരെ പരിഗണനയില്ലായിരുന്നു.
അപ്പന്റെ കൂടെ തുണിക്കടയിൽ പോയി ഒരു ഷർട്ടോ ട്രൗസറോ വാങ്ങാൻ എത്രമാത്രം കൊതിച്ചിട്ടുണ്ട്! അയൽക്കാരായ കുട്ടികൾ അവരുടെ അച്ഛനമ്മമാർ വാങ്ങിക്കൊടുക്കുന്ന പുത്തനുടുപ്പുകൾ ധരിച്ച് ആർത്തുല്ലസിച്ചു നടക്കുമ്പോൾ തന്റെ ഹൃദയം തകരുമായിരുന്നു.
‘ന്റെ മക്കൾടെ വിധി..!’ അമ്മയുടെ നെടുവീർപ്പ്.
ഒന്നാം ക്ലാസ്സിൽ പഠിക്കാൻ ചെന്നപ്പോൾ മാത്രം ഒരു സ്ലേറ്റും പെൻസിലും പുസ്തകവും അപ്പൻ വാങ്ങിത്തന്നതോർമ്മയുണ്ട്.
അപ്പന്റെ സ്‌നേഹ-വാത്സല്യങ്ങൾ തനിക്കും ഗ്രേസിക്കും എന്നും വിലക്കപ്പെട്ട കനിപോലെയായിരുന്നു. അപ്പനെക്കുറിച്ചോർക്കുമ്പോഴെല്ലാം അസ്വസ്ഥതയും ഭയവും അമർഷവുമാണു തോന്നുക.
മക്കളോടുളള കടമയും ഉത്തരവാദിത്വവും എന്തെന്നറിയാത്ത, സ്നേഹ-വാത്സല്യങ്ങളുടെ ആർദ്രതയറ്റ ഒരു മനുഷ്യനായിരുന്നു തന്റെ അപ്പൻ.
തോമസ്സ് മേസ്തിരി കല്ലിൽ പണി ചെയ്തു കല്ലുപോലായ മനസ്സിന്റെ ഉടമ. എന്തേ അപ്പൻ അങ്ങനെയായി എന്നത് പിടി കിട്ടാത്ത കാര്യമാണ്.
അപ്പൻ ജനിച്ച് ആറുമാസം തികയുംമുമ്പ് അപ്പൂപ്പൻ മരിച്ചു. ഒരു പിതാവിൽനിന്നുളള സ്നേഹവാത്സല്യങ്ങളൊന്നും ലഭിക്കാതെ ദാരിദ്ര്യവും കഷ്‌ടതകളും സഹിച്ചാണ് അപ്പൻ വളർന്നതത്രെ. അതുകൊണ്ടായിരിക്കാം ഒരു പക്ഷെ, അപ്പന്റെ മനസ്സു മുരടിച്ചുപോയത്.
എങ്കിലും അങ്ങനെ അംഗീകരിക്കാൻ തനിക്കു കഴിയുന്നില്ല. ഏതു മൃഗത്തിനും സ്വന്തം കുഞ്ഞുങ്ങളോട് സ്നേഹവാത്സല്യങ്ങൾ തോന്നാതിരിക്കില്ല. അതു പ്രകൃതി സഹജമാണ്. എന്നിട്ടും തന്റെ അപ്പനുമാത്രം….
അപ്പന്റെ മനസ്സ് തനിക്കെന്നും ഉത്തരം കിട്ടാത്ത ഒരു കടംകഥയായിരുന്നു.
മദ്യപിച്ചു സ്വബോധം നഷ്‌ടപ്പെടുന്നതിലാണ് അപ്പന്റെ പെരുന്നാളാഘോഷം. സ്ഥിരം കുടിയന്മാരായ കുറെ കൂട്ടുകാരുണ്ടായിരുന്നു. അവരുടെ വലയത്തിലകപ്പെട്ടാൽപ്പിന്നെ അപ്പനു പെരുന്നാളായി; ഉത്സവമായി.
പെരുന്നാൾ ദിവസമെങ്കിലും അപ്പനോടൊപ്പമിരുന്ന് സമാധാനമായി, സന്തോഷമായി അല്പം ഭക്ഷണം കഴിക്കാൻ താനും അമ്മയും ഗ്രേസിയും എത്രയോ കൊതിച്ചിട്ടുണ്ട്. പക്ഷെ നടന്നിട്ടില്ല.
രാവിലെ ശാന്തനായി വീട്ടിൽ നിന്നിറങ്ങുന്ന അപ്പൻ തിരിച്ചുവരുന്നത് മറ്റൊരു തരത്തിലാണ്. വഴിനീളെ പാട്ടുപാടിയും കണ്ണിൽ കണ്ടവരെയെല്ലാം ചീത്ത പറഞ്ഞും അവിടവിടെ വീണും ഒരു വിധത്തിലാണ് വീട്ടിലെത്തുക. കളളിന്റെയും ചാരായത്തിന്റെയും പുളിച്ച നാറ്റം വീടിന്റെ അന്തരീക്ഷത്തിൽ പതഞ്ഞുനില്‌ക്കും.
പിന്നെ അമ്മയുടെ ദുരിതം ഇരട്ടിക്കുന്നു. ഞങ്ങൾക്കുറക്കം അസാദ്ധ്യമാകുന്നു. ഭാര്യയെയും മക്കളെയും തല്ലുകയും ചീത്തവിളിക്കുകയുമാണ് അപ്പന്റെ പിന്നത്തെ വിനോദം. അതിനിടയ്‌ക്ക് ആടിക്കുഴഞ്ഞു വീണു കിടന്ന് അപ്പൻ ഛർദ്ദിക്കും. രൂക്ഷമായ ദുർഗ്ഗന്ധമേറ്റ് ഞങ്ങൾക്കു വീർപ്പുമുട്ടും. ഞാനും ഗ്രേസിയും കൂടി ഉണക്ക മണ്ണുവാരിയിടും. അതൊക്കെ അടിച്ചുതൂത്ത് വൃത്തിയാക്കുന്നതിനിടയിൽ അമ്മയ്‌ക്ക് ചവിട്ടും തൊഴിയും ഏല്‌ക്കേണ്ടിവരും.
ഭയന്ന് അസ്വസ്ഥരായി താനും ഗ്രേസിയും നിസ്സഹായരായി നോക്കിനില്‌ക്കും.
പെരുന്നാളുകളെല്ലാം അമ്മയ്‌ക്കു കണ്ണുനീർ ദിനങ്ങളായിരുന്നു. യാതനകളുടെ ദിവസങ്ങൾ…
കരയാനും സഹിക്കാനും വേണ്ടി വിധിക്കപ്പെട്ട ഒരു സ്‌ത്രീ.
ഒരിക്കൽ തന്നെ മാറിൽ ചേർത്തുപിടിച്ചു നെറ്റിയിൽ ചുംബിച്ചുകൊണ്ട് നിറമിഴികളോടെ അമ്മ പറഞ്ഞു.
‘മോനുവേണ്ടി മാത്രമാണ് അമ്മയിങ്ങനെ ജീവിക്കണത്. അല്ലെങ്കിൽ ഈ മനുഷ്യന്റെ കൂടെ…’
എല്ലാം മനസ്സിലാക്കാൻവേണ്ടും വളർന്നപ്പോൾ അമ്മ എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നത്ഭുതപ്പെട്ടിട്ടുണ്ട്.
മെഴുകുതിരിപോലെയായിരുന്നു അമ്മ. പ്രകാശം പരത്തി സ്വയം ഉരുകിത്തീർന്നു.
ഓർമ്മകളുടെ വേലിയേറ്റത്തിൽ ഇനാസിയുടെ കണ്ണുകൾ ഈറനായി.
ചിത്രം ഫിനിഷ് ചെയ്തുവച്ച് ഇനാസി എഴുന്നേറ്റു.
‘ഹായ്! അസ്സലായിരിക്കുന്നു! ജീവനോടെ കാണുംപോലുണ്ട്!’- അന്നമ്മ പറഞ്ഞു.
ഇനാസിയുടെ ക്ഷീണം മാറി.
പുറത്തു വെയിൽ അപ്രത്യക്ഷമായി. അസ്തമയത്തിന്റെ തളർച്ച ബാധിച്ച പകൽ.
സോഫിയ ചായയുമായി വന്നു.
അവൾ കുളിച്ചൊരുങ്ങി സുന്ദരിയായിരിക്കുന്നു. നഖങ്ങളിൽ നെയിൽ പോളീഷിന്റെ തിളക്കം. മഷിയെഴുതിക്കറുപ്പിച്ച കണ്ണുകൾ. ലിപ്‌സ്‌റ്റിക് പുരട്ടിയ ചുണ്ടുകൾ. പൗഡറിട്ടു മിനുക്കിയ കവിൾത്തടങ്ങൾ. ചീകി മിനുക്കിയ മുടി.
ചുവന്ന ബ്ലൗസും ചുവന്ന ധാവണിയും ധരിച്ച സോഫിയ ഒരു പഴുത്തു ചുവന്ന കാന്താരി മുളകുപോലെ, ചുവന്ന അഗ്‌നിനാളങ്ങളുമായി നിന്നു മന്ദഹസിച്ചു.
‘രാവിലെ മുതലുളള ഇരിപ്പല്ലെ! നല്ല ക്ഷമയുളളവർക്കേ ഈ പണി പറ്റൂ അല്ലെ?“ അവൾ ചോദിച്ചു.
ഇനാസി മന്ദഹസിച്ചു.
ഈയിടെ സോഫിയയ്‌ക്കു പ്രസരിപ്പ് ഏറിയിട്ടുണ്ട്. അണിഞ്ഞൊരുങ്ങുന്നതിൽ കൂടുതൽ താത്‌പര്യമുണ്ടായിട്ടുണ്ട്.
ഇനാസി കുളിച്ച് ഷർട്ടും മുണ്ടും ധരിച്ച് പുറത്തിറങ്ങി. സായാഹ്‌നത്തിൽ കുറച്ചു നടക്കുന്നതൊരു സുഖമാണ്.
മെറ്റലിളകിക്കിടക്കുന്ന ഇടവഴി. ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്ക് മടങ്ങുന്ന തൊഴിലാളികൾ. കടയിൽ നിന്നു സാമാനങ്ങൾ വാങ്ങിവരുന്ന കുട്ടികൾ.
സന്ധ്യയുടെ വർണ്ണത്തൂവലുകൾ മങ്ങുന്നു. ഇരുട്ട് ഒരു ഭൂതത്തെപ്പോലെ വളർന്ന് ഭൂമിയെ വിഴുങ്ങാൻ തുടങ്ങുന്നു. വാഴകൾക്കു ചുറ്റും പറക്കുന്ന വൗവ്വാൽ.
റോഡരികിലെ വാറ്റുമത്തായിയുടെ കുടിലിലേയ്‌ക്കുളള ഒറ്റയടിപ്പാതയിൽ നിഴലുകളുടെ ചലനം. വെടങ്ങോരനെന്ന വാറ്റു ചാരായത്തിന്റെ സുഖം തേടിപ്പോകുന്ന തൊഴിലാളികൾ… വിളക്കിനു ചുറ്റും പറന്നെത്തുന്ന ഈയാംപാറ്റകൾ….
ആടിയും പാടിയും കലങ്ങിയ കണ്ണുകളും ഉറയ്‌ക്കാത്ത കാൽവയ്‌പുകളുമായി വരുന്ന തോമസ് മേസ്തിരിയെന്ന അപ്പന്റെ രൂപം ബോധമണ്ഡലത്തിൽ ഒരു ഭീകര നിഴലായി ഉയർന്നു.
ഇനാസിയ്‌ക്ക് ആ നിഴലുകളോടു വെറുപ്പുതോന്നി, ഭയം തോന്നി. അയാൾ തല കുനിച്ചു നടന്നു.
നഗരത്തിലേയ്‌ക്കു കടന്നപ്പോൾ വെളിച്ചത്തിന്റെ കൃത്രിമമായ ഒരു ഭീകര ലോകത്തിലെത്തിയതുപോലെ തോന്നി.
കടകളിൽ തൂങ്ങിക്കിടക്കുന്ന സർഗ്ഗം എന്ന ആഴ്‌ചപ്പതിപ്പുകൾ കണ്ടപ്പോൾ അഭിമാനത്തിന്റെ കുളിര്. തന്റെ കലാസൃഷ്‌ടി ജനങ്ങളുടെ മുന്നിലെത്തിയിരിക്കുന്നു.
ഹോട്ടൽ ബീനയിൽ തിരക്കു തുടങ്ങുന്നു. ഉണ്ണാൻ കയറുന്നവർ, ഉണ്ടുകൊണ്ടിരിക്കുന്നവർ, ഊണു കഴിഞ്ഞിറങ്ങുന്നവർ…
ദാവീദ് ചിരിച്ചു. അയാൾ ബില്ലുകൊടുക്കുകയും പൈസ വാങ്ങുകയും ചെയ്യുന്നതിന്റെ തിരക്കിലാണ്.
ഇനാസി കൗണ്ടറിലിരുന്നു.
ഇടയ്‌ക്കു സൗകര്യം കിട്ടുമ്പോഴെല്ലാം ഇനാസി ഹോട്ടലിൽ ചെന്ന് കൗണ്ടറിലിരുന്ന് ദാവീദിനെ സഹായിക്കാറുണ്ട്. തിരക്കുളളപ്പോൾ വളരെ ശ്രദ്ധയോടെയിരുന്നില്ലെങ്കിൽ പലരും വെട്ടിച്ചു കടന്നുകളയും. ഏതെല്ലാം തരം സ്വഭാവക്കാരാണ് മനുഷ്യർ…
തിരക്ക് ഒട്ടൊക്കെ ഒഴിഞ്ഞപ്പോൾ ഇനാസി തിരിച്ചുപോയി. വീട്ടിലെത്തുമ്പോൾ സോഫിയ വരാന്തയിൽ അരമതിൽ തൂണുചാരിയിരുന്ന് സർഗ്ഗം ആഴ്‌ചപ്പതിപ്പു വായിക്കുകയായിരുന്നു.
ഷർട്ടുമാറ്റി വരാന്തയിലെ കസേരയിൽ വന്നിരുന്നപ്പോൾ സോഫിയ പറഞ്ഞു.
’എന്റെ ദാവണിയിൽ രണ്ടുമൂന്നു പൂക്കൾ പെയിന്റു ചെയ്തുതർവോ?‘
’അതിനെന്താ.‘
’സൗകര്യംപോലെ മതി.‘ അവൾ ചിരിച്ചു.
ഇനാസി ആഴ്‌ചപ്പതിപ്പു പേജു മറിച്ചു വായിക്കാൻ തുടങ്ങി.
’ചിത്രകല പഠിക്കാൻ പെങ്കുട്ട്യോളുണ്ടോ?‘ അവൾ ചോദിച്ചു.
’ഉണ്ടല്ലോ. എന്താ?‘
’ഏയ്, ഒന്നൂല്ല. അവളുടെ മുഖത്തൊരു കുസൃതിച്ചിരി വിരിഞ്ഞു. അതിനൊരു ആവരണമിട്ടുകൊണ്ട് അവൾ പറഞ്ഞുഃ
‘ചിത്രം വരയ്‌ക്കാൻ ആണുങ്ങൾക്കേ കഴിവുളളൂ. പെൺകുട്ടികൾ അതിൽ വിജയിക്കാറില്ല.’
‘ആ ധാരണ ശരിയല്ല.’ ഇനാസി പറഞ്ഞു. ഫുലാന്റാണി, പത്‌മിനി, വിലാസിനി തുടങ്ങിയ പ്രശസ്തരായ ചിത്രകാരികളെക്കുറിച്ച് അയാൾ പറഞ്ഞു. അവരെക്കുറിച്ചൊന്നും അവൾ കേട്ടിരുന്നില്ല. എങ്കിലും അവൾ പറഞ്ഞു.
‘റാഫേൽ, പിക്കാസോ, രാജാരവിവർമ്മ തുടങ്ങിയവരുടെ ഒപ്പം നിൽക്കാൻ ലോകത്തിൽ ഒരു ചിത്രകാരിയും ഉണ്ടായിട്ടില്ലല്ലോ.”
ഇനാസിക്ക് അത്ഭുതം തോന്നി.
’ശരിയാണ്. അത്രയ്‌ക്കൊന്നും ഉയരാൻ പെണ്ണുങ്ങൾക്ക് കഴിഞ്ഞിട്ടില്ല.‘
ഇനാസി വാരികയിലെ ഒരു ലേഖനത്തിലേക്ക് ശ്രദ്ധ തിരിച്ചു. സോഫിയ എഴുന്നേറ്റ് അകത്തേക്ക് പോയി.
രാത്രി നിശ്ശബ്‌ദതയുടെ ആഴത്തിലേക്കു താണുകൊണ്ടിരുന്നു. മുറ്റത്തെ പേരമരച്ചില്ലകളിൽ വൗവ്വാലുകളുടെ ചിറകടികൾ.
പതുക്കെ വാതിൽ കടന്ന്, ചുമരിൽ കൈവിരലുകൾ പരതി ബീന ഇറയത്തേക്കു വന്നു. അവിടെ ആരൊക്കെയുണ്ടെന്ന് അവൾ അറിയുന്നില്ല. ചുറ്റും നിറഞ്ഞുനിന്ന നിശ്ശബ്‌ദതയിൽ അവൾ ഏകാന്തതയുടെ ശൈത്യമറിഞ്ഞു.
തപ്പിത്തടഞ്ഞ് അവൾ ഒരു കസേരയിൽ വന്നിരുന്നു. വീട്ടിലെ ഓരോ ഉപകരണങ്ങളും എവിടെയൊക്കെയാണെന്നും അതെന്തൊക്കെയാണെന്നും അവൾക്കു വ്യക്തമായ അവബോധമുണ്ട്.
സന്ധ്യയ്‌ക്കുമുമ്പു നഷ്‌ടപ്പെട്ട കൃഷ്‌ണപ്പരുന്തിന്റെ വിലാപധ്വനി അവളുടെ മനസ്സിൽ തേങ്ങി തേങ്ങി നിന്നു.
കീ…. യാ…. കീ…..
കൃഷ്ണാ… എന്നുളള വിളിപോലെ.
എന്തിനാണ് ആ കൃഷ്ണപ്പരുന്ത് അങ്ങനെ കരയുന്നത്? അതിന്റെ ദുഃഖമെന്താണ്? ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ കൃഷ്ണപ്പരുന്ത്. ഇനിയൊരിക്കലും കാണുകയില്ലാത്ത…. കീയാ… കീ… എന്ന വിലാപധ്വനിയിലൂടെ തന്റെ ഹൃദയത്തിൽ കടന്നുകൂടിയ കൃഷ്‌ണപ്പരുന്ത്?
അതിപ്പോളെവിടെയാണ്? അതിന് കൂടുണ്ടോ? അതിന് ഇണയുണ്ടോ? തനിക്കൊന്നുമറിയില്ല, ഒന്നും…..
എവിടെ നിന്നോ വരുന്ന, എവിടെയോ മറയുന്ന തന്റെ കൃഷ്‌ണപ്പരുന്ത്. അതിന്റെ അനാന്ത്യന്തവിലാപം മാത്രം തന്റെ ഹൃദയാകാശത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. താൻ അതിനെ സ്നേഹിക്കുന്നു. അതു നഷ്‌ടപ്പെടരുതേ…
അവൾ ഒരു സ്വപ്നത്തിന്റെ രാഗലഹരിയിൽ മയങ്ങിയിരുന്നു.
’ബീനയെന്താ ആലോചിക്കുന്നത്?‘ ഇനാസി ചോദിച്ചു.
അവൾ ചെറുതായൊന്നു ഞെട്ടിത്തരിച്ചു.
’ഏയ് ഒന്നൂല്ല.‘ അവളുടെ മുഖം ലജ്ജയാൽ ചുവന്നു.
അപ്പോഴേക്കും തിരിച്ചുവന്ന സോഫിയ പറഞ്ഞു.
’ചേച്ചിയറിഞ്ഞോ, ഇനാസിച്ചേട്ടൻ വരച്ച ചിത്രം ആഴ്‌ചപ്പതിപ്പിന്റെ മുഖചിത്രമായി അച്ചടിച്ചു വന്നിട്ടുണ്ട്.‘
അവൾ അർത്ഥരഹിതമായി പുഞ്ചിരിച്ചു. ചിത്രമെന്തെന്നോ അച്ചടിയെന്താണെന്നോ അവൾക്കറിയില്ല. അവൾ ചോദിച്ചു.
’തൊട്ടു നോക്കിയാൽ മനസ്സിലാകുമോ?‘
ആ ചോദ്യം ഒരുമുളളുപോലെ ഇനാസിയുടെ നെഞ്ചിൽ തറഞ്ഞു. ആരും മറുപടി പറഞ്ഞില്ല.
വേദനയിൽ നിന്നു വിരിഞ്ഞ ഒരു മന്ദഹാസ പുഷ്‌പം ബീനയുടെ മുഖത്ത് ഇനാസി കണ്ടു. അടുത്ത നിമിഷം അവളുടെ കണ്ണുകൾ നനഞ്ഞു. തണുത്ത കാറ്റിൽ മുഖത്തു ചിതറിവീണ ചുരുണ്ട മുടിയിഴകൾ പിടഞ്ഞു.
Generated from archived content: vilapam8.html Author: joseph_panakkal