ഏഴ്‌

ബോർഡിൽ ഇനാസി വിരൽ തൊട്ടുനോക്കി. ഒട്ടുന്നില്ല. പെയിന്റുണങ്ങിയിരിക്കുന്നു. ബോർഡെടുത്ത്‌ ഇറയത്തു കയറ്റി ചുമരിൽ ചാരിവച്ചു.

വെളുത്ത ചെമ്മരിയാട്ടിൻ പറ്റത്തെപ്പോലെ മുറ്റത്തു മേയുന്ന ഇളംവെയിൽ. ഇളംകാറ്റിലിഴയുന്ന നിഴലുകൾ. ആകെക്കൂടി ഒരുത്സാഹം തോന്നി.

അപ്സരാജ്വല്ലറിയുടെ ഒരു പരസ്യബോർഡാണ്‌. പഠനച്ചെലവിനും മറ്റും കൈവരുന്ന ഒരു വരുമാനമാർഗ്ഗം ഒഴിവു ദിവസങ്ങളിലും രാത്രിയിലുമായി വരച്ചുകൊടുക്കാനാവും. ദാവീദാണ്‌ ഓർഡർ പിടിച്ചുതന്നത്‌.

സ്വർണ്ണാഭരണ വിഭൂഷിതയായ ഒരു മണവാട്ടിയുടെ ചിത്രമാണ്‌ അവർക്കു വേണ്ടത്‌. പരസ്യം ശ്രദ്ധയാകർഷിക്കുന്നതായാൽ ഇനിയും പല ഓർഡറുകളും കിട്ടും.

ഒരു മോഡൽ കണ്ടെത്താൻ നാലഞ്ചുദിവസമായി അന്വേഷിക്കുന്നത്‌. സുന്ദരിയായ ഒരു യുവതിയെ മണവാട്ടി ചമയിച്ചിരുത്തി പല പോസുകളിലുളള ഫോട്ടോ എടുപ്പിച്ചതിനുശേഷം ഉചിതമായ ഒന്നിനെ തെരഞ്ഞെടുത്താണ്‌ ഇത്‌ ചെയ്യേണ്ടത്‌. അതിനുളള സൗകര്യവും പണവും തനിക്കില്ല. പത്രമാസികകൾ ചികഞ്ഞു പരിശോധിച്ച്‌ ഒരു മണവാട്ടിയുടെ ചിത്രം തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌. ഇപ്പോൾ അതേ കഴിയൂ.

അതിന്‌ തന്റേതായ ചില മാറ്റങ്ങൾ വേണമെന്നു തോന്നി. ചിത്രത്തിലേയ്‌ക്കും ശൂന്യമായ ബോർഡിലേയ്‌ക്കും മാറിമാറി നോക്കി. ചിത്രത്തിന്റെ വലുപ്പവും അതിന്റെ സ്ഥാനവും നിർണ്ണയിച്ചു. ചുവന്ന സ്‌കെച്ച്‌പെൻകൊണ്ട്‌ ബോർഡിൽ കളം വരച്ച്‌ സ്‌കെച്ചിട്ടു.

വസന്തകാലവർണ്ണങ്ങളുടെ പശ്ചാത്തലത്തിൽ റോസ്‌ നിറത്തിലുളള കാഞ്ചീപുരം സാരിയും ബ്ലൗസും ധരിച്ച്‌ മുടിനിറയെ മുല്ലപ്പൂമാല ചൂടി, കൈയിൽ പൂച്ചെണ്ടുമായി നില്‌ക്കുന്ന മണവാട്ടി. കഴുത്തിലും കാതിലും കൈകളിലും വെട്ടിത്തിളങ്ങുന്ന സ്വർണ്ണാഭരണങ്ങൾ. മുഖത്തും കണ്ണുകളിലും ലജ്ജയുടെ നേർത്ത ശോണാഭകലർന്ന നിർവൃതിയുടെ വികാരഭാവം.

ഇനാസിയുടെ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം.

മുറ്റത്തു കൊഴിഞ്ഞുവീണ പഴുത്ത പ്ലാവിലകൾ പെറുക്കിത്തിന്നുകൊണ്ട്‌ സോഫിയയുടെ അമ്മിണിയാടുവന്നു. അതിന്റെ കഴുത്തിൽ ബന്ധിച്ച കയറിന്റെ ഒരറ്റം കൈയിൽ പിടിച്ച്‌ പിന്നാലെ സോഫിയയും. ആടിന്റെ വാലിലെ നീണ്ടരോമങ്ങളിൽ മിനുപ്പാർന്ന മണിക്കാട്ടങ്ങൾ പറ്റിപ്പിടിച്ചിരുന്നു. ചെടിച്ചട്ടികളിലെ പൂത്തുനില്‌ക്കുന്ന പച്ചത്തലപ്പുകൾക്കു നേരെ ആർത്തിയോടെ തല നീട്ടിയ അമ്മിണിയെ ഒരൊറ്റ വലിക്ക്‌ പറിച്ചെറിഞ്ഞു; സോഫിയ.

‘ഉവ്വാടി, നിനക്കു തിന്നാനല്ലെ പാടുകഴിച്ചു നട്ടുവളർത്തണത്‌!’ – അവൾ പറഞ്ഞു.

ആട്‌ ബേ എന്നൊരു ശബ്‌ദമുണ്ടാക്കി.

അവൾ ആടിനെ നീക്കി ഒരു പേരമരത്തിന്റെ കടയ്‌ക്കൽ കെട്ടി. തിരിച്ചുവന്ന്‌ അവൾ ഇനാസിയുടെ ചിത്രം വര നോക്കിനിന്നു.

‘ചിത്രംവര പഠിക്കണമെന്നുണ്ടോ?’ – ഇനാസി ചോദിച്ചു.

അവളുടെ മുഖത്ത്‌ ലജ്ജയും ചിരിയും വിടർന്നു.

‘എന്നെക്കൊണ്ടൊന്നും പറ്റുന്ന കാര്യമല്ല.’ അവൾ പറഞ്ഞു. ‘അതിനൊരു വാസന തന്നെവേണം.’

തുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളുമായി അവൾ വിലാസിനിയായി മുന്നിൽ നിന്നു.

മണവാട്ടിയ്‌ക്കു സോഫിയയുടെ മുഖമായാലോ? അയാളിൽ അങ്ങനെയൊരാശയമുദിച്ചു. ഒരു കുസൃതി.

പെട്ടെന്ന്‌ ബോർഡിലെ സ്‌കെച്ചിൽ അവളുടെ മുഖത്തിന്റെ പ്രത്യേകതകൾ കോറിയിട്ടു. അവൾ അറിയാതെ വർണ്ണക്കൂട്ടിനെക്കുറിച്ച്‌ വ്യക്തമായൊരു ധാരണ മനസ്സിലുറപ്പിച്ചുകഴിഞ്ഞപ്പോൾ ഒരു മൂളിപ്പാട്ടുപാടാൻ തോന്നി.

ഉപ്പുരസമുളള കടൽക്കാറ്റു വീശി. ഉണക്കമത്സ്യത്തിന്റെ ഗന്ധം ഒരു പുകപടലംപോലെ കാറ്റിലൂടെ ഒഴുകിപ്പോയി.

പടിഞ്ഞാറെ വീട്ടുകാർക്ക്‌ ഉണക്കമത്സ്യത്തിന്റെ ബിസിനസ്സാണ്‌. പച്ചമത്സ്യം വാങ്ങി ഉണക്കി ഉപ്പിട്ട്‌ അവർ പല സ്ഥലങ്ങളിലേയ്‌ക്കും കയറ്റി അയക്കുന്നു.

ഇടയ്‌ക്ക്‌ അവിടെനിന്നെത്തുന്ന കാറ്റിന്‌ അസഹ്യമായ ദുർഗ്ഗന്ധമാണ്‌. അയൽവാസിയുടെ ജീവിതമാർഗ്ഗം മുട്ടിക്കരുതല്ലോ എന്നു വിചാരിച്ചാണ്‌ പരാതിപ്പെടാതെ സഹിക്കുന്നത്‌. ചിലപ്പോൾ ദുർഗ്ഗന്ധം സഹിക്കാനാകാതെ ദാവീദ്‌ പറയും.

‘മനുഷ്യർക്കു വകതിരിവില്ലാതായാലെന്താ ചെയ്യ! അയൽവക്കങ്ങളിൽ മനുഷ്യരാണുളളതെന്ന ബോധം അവർക്കില്ല.’

ആരോഗ്യക്ഷേമ വകുപ്പിന്‌ ഒരു പരാതി കൊടുത്താൽ അവരുടെ ബിസിനസ്സ്‌ നിർത്തേണ്ടിവരും. പക്ഷെ അതൊരു കടുപ്പമല്ലെ. അഞ്ചാറു പേരുളള കുടുംബത്തിന്റെ ജീവിതമാർഗ്ഗം മുട്ടിക്കരുതല്ലോ.

‘ഉണക്കമീന്റെ ഈ കടുത്ത ദുർഗ്ഗന്ധം കേൾക്കുമ്പോ എനിക്കു തലവേദന എടുക്കും.’ – സോഫിയ പറഞ്ഞു.

ഇനാസി പെയിന്റിംഗിനുളള സാമഗ്രികളെല്ലാം ഒരുക്കിവച്ചു. ബ്രഷുകൾ, തിന്നർ, പഴന്തുണി, പെയിന്റു ചാലിക്കാനുളള പരന്ന ഗ്ലാസ്സ്‌, ഇനാമൽ പെയിന്റിന്റെ ടിന്നുകൾ.

അയാൾ ബ്രഷുകൾ കൈയിലെടുത്ത്‌ ചുറ്റുപാടുകൾ വിസ്‌മരിച്ചു ജോലി ചെയ്യാൻ തുടങ്ങി.

മണവാട്ടിയായി സോഫിയ ബോർഡിൽ തെളിഞ്ഞുതെളിഞ്ഞുവന്നു. നിഗൂഢമായ ഒരു ആനന്ദാനുഭൂതി മനസ്സിൽ പതഞ്ഞുയർന്നു.

ഇനാസിയുടെ മെലിഞ്ഞു നീണ്ട വിരലുകളുടെ അധീനതയിൽ ബ്രഷുകൾ അതിവേഗം ചലിച്ചു. ഇന്ദ്രജാലംപോലെ വർണ്ണങ്ങൾ വിന്യസിച്ചു. ഏകാഗ്രതയിൽ പരിസരം വിസ്‌മൃതമായി. സ്വപ്നത്തിന്റെ വർണ്ണത്തൂവലുകൾ -മയിൽപ്പീലികൾ വിടർന്നു, നിറങ്ങളുടെ സംഗീതം മനസ്സിലൊരു താളമുയർത്തി. അയാൾ അതിന്റെ ലഹരിയിൽ സ്വയം മറന്നു. നിമിഷങ്ങൾ സപ്തവർണ്ണച്ചിറകു വിടർത്തി പറന്നു പറന്നു പോയിക്കൊണ്ടിരുന്നു.

മനസ്സിൽ നിറയുന്ന കൗതുകത്തിന്റെ ആവേശത്തോടെ സോഫിയ ഉറ്റു നോക്കിനിന്നു.

ബോർഡിൽ തെളിഞ്ഞു വന്ന മണവാട്ടിയുടെ മുഖം അവളിൽ സുഖകരമായ ഒരസ്വസ്ഥതയുണർത്തി. ഹൃദയത്തിൽ ഒരു സംഗീതത്തിന്റെ ഈണം പൊങ്ങി. വിടർന്ന മിഴികളിൽ ആരാധനാഭാവത്തിന്റെ നെയ്‌ത്തിരി തെളിഞ്ഞുകത്തി.

ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരാൾ ഒരു പ്രതിമപോലെ അവിടെ വന്നു നിന്നിരുന്നു. ബീന. ചുറ്റും എന്തു നടക്കുന്നു എന്ന്‌ അവളറിഞ്ഞില്ല. അവ്യക്തശബ്‌ദങ്ങൾ ഉളവാക്കുന്ന ഊഹാപോഹങ്ങൾ അവ്യക്തവും ശിഥിലങ്ങളുമായ ചിത്രങ്ങളായി അവളുടെ മനസ്സിൽ തെളിയുകയും മായുകയും ചെയ്‌തു. മൂക്കിലിഴഞ്ഞുകയറിയ ഗന്ധത്തിന്റെ അപരിചിതത്വം അവളെ ഉത്തേജിപ്പിച്ചു.

‘ഇവിടെ എന്തിന്റ്യാ ഒരു മണം…?’ അവൾ ചോദിച്ചു.

‘ഉണക്കമീന്റെയായിരിക്കും.’ സോഫിയ പറഞ്ഞു.

‘ഏയ്‌, അതല്ല. വേറൊരു മണാ.’

‘പെയിന്റിന്റെ മണമാമോളെ.’ അന്നമ്മ പറഞ്ഞു.

ഇനാസിയുടെ കല കാണാൻ എല്ലാവരും അവിടെ എത്തിയിരുന്നു.

‘പെയിന്റെന്നുവച്ചാൽ…?’ ബീനയ്‌ക്കതു മനസ്സിലായില്ല.

ആ ശബ്‌ദത്തിന്റെ ശിശുത്വവും നിസ്സഹായതയും ഇനാസിയുടെ ഏകാഗ്രതയെ ഉലച്ചു. അയാൾ തിരിഞ്ഞു നോക്കി.

-അർത്ഥരഹിതമായ കണ്ണുകളുമായി ഇരുൾച്ചിറകുകൾക്കു താഴെ ഒതുങ്ങിക്കഴിയുന്ന യുവതിയായ ബീന.

അയാളുടെ കണ്ണുകളിൽ സഹതാപം.

പെയിന്റ്‌ എന്താണെന്ന്‌ എങ്ങനെയാണു പറഞ്ഞു മനസ്സിലാക്കുക?

‘നെറോളള ഒരുതരം കൊഴമ്പാ മോളെ പെയിന്റ്‌.’ അന്നമ്മ പറഞ്ഞു. ആ മുഖത്തെ ചുളുവുകളിൽ ഇരുൾ വീണു.

നിറങ്ങളെക്കുറിച്ചറിയാത്ത പാവം ബീന അവളുടെ മുഖത്ത്‌ നിസ്സംഗതയുടെ മരവിപ്പ്‌. സ്ഥായിയായ പരാജിതഭാവം.

ഒന്നു നെടുവീർപ്പിട്ടതല്ലാതെ അവൾ പിന്നെ ഒന്നും ചോദിച്ചില്ല.

ഇനാസിയുടെ മനസ്സിൽ അവൾ ദൈന്യതയുടെ ഒരു ശിലാശില്പം പോലെ നിന്നു.

ചുറ്റുപാടിലെ ചലനങ്ങളും ശബ്‌ദങ്ങളും ഗന്ധങ്ങളും അവളുടെ അന്തരിന്ദ്രിയങ്ങളിൽ വെളിച്ചമായി പരിണമിക്കുന്നു. വീട്ടിലെ ഓരോരുത്തരുടെയും ഗന്ധം അവൾ വേർതിരിച്ചറിയുന്നു.

പകൽ എപ്പോഴെന്നില്ലാതെ പൊടുന്നനെ ആകാശത്തിൽ നിന്നൊഴുകിയെത്തുന്ന കൃഷ്‌ണപ്പരുന്തിന്റെ വിലാപദ്ധ്വനി കേൾക്കാൻ അവൾ ചെവിയോർത്തിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത കൃഷ്ണപ്പരുന്ത്‌! അതിന്റെ വിലാപദ്ധ്വനി ഒരു ദുഃഖഗീതമായി, ശോകസാന്ദ്രമായ ഒരു സംഗീതമായി ആത്മാവിനെ തഴുകിയൊഴുകുമ്പോൾ ഒരു സ്വപ്നാത്മകമായ സാന്ത്വനത്തിന്റെ ലഹരിയിൽ അവൾ മയങ്ങിപ്പോകാറുണ്ട്‌. തനിക്കുമാത്രം അനുഭവവേദ്യമാകുന്ന ആ അനുഭൂതിയ്‌ക്കുവേണ്ടി അവൾ തന്റെ കൃഷ്ണപ്പരുന്തിന്റെ ശബ്‌ദത്തിനുവേണ്ടി ദാഹിച്ചു.

ഇനാസി വരച്ചുകൊണ്ടിരുന്ന ചിത്രം നോക്കിനിന്നപ്പോൾ സോഫിയയുടെ മിഴികളിൽ അത്ഭുതം മൊട്ടിട്ടു.

‘ചേട്ടനിതൊക്കെയെങ്ങനെ പഠിച്ചു?’

അതിനു മറുപടി പറയുക പ്രയാസമാണ്‌. അതുകൊണ്ട്‌ അയാൾ പറഞ്ഞു.

‘ദൈവാനുഗ്രഹം കൊണ്ട്‌.’

വരയ്‌ക്കുമ്പോൾ ആരെങ്കിലും വന്നു സംസാരിക്കുന്നതു ഇനാസിക്കിഷ്‌ടമല്ല. രചനയുടെ ഏകാഗ്രതയ്‌ക്ക്‌ ഉലച്ചിലുണ്ടാകും. അയാൾ ആരെയും ശ്രദ്ധിച്ചില്ല.

സോഫിയ കൗതുകപൂർവ്വം നോക്കിനിന്നു. പെട്ടെന്നാണ്‌ അവൾ അതു മനസ്സിലാക്കിയത്‌. മണവാട്ടിയുടെ മുഖം കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിഛായപോലെ തന്നെ! അവൾക്കു രോമാഞ്ചമുണ്ടായി. ആനന്ദകരമായ ഒരസ്വസ്ഥത. കുളിരോലുന്ന ഒരു മധുരാനുഭൂതി ഹൃദയത്തിൽ പൂത്തു.

അവൾ ആരാധനാഭാവത്തിൽ ഇനാസിയെ ഉറ്റുനോക്കി. കലയുടെ മാന്ത്രികശക്തിയുളള ഇനാസിയുടെ നീണ്ടവിരലുകൾ പിടിച്ചൊന്നു ചുംബിക്കാൻ അവൾ കൊതിച്ചു.

ഇനാസിയുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരസ്വസ്ഥതയനുഭവപ്പെട്ടിരുന്നു. രചനയുടെ ആനന്ദവും വേദനയും കൂടികലർന്ന വല്ലാത്തൊരു വൈകാരികമായ പിരിമുറുക്കം. അയാൾ വിയർക്കാൻ തുടങ്ങിയിരുന്നു.

മഴവെളളമൊലിച്ച്‌ ചുവന്ന വരകൾ വീണ, ദാരിദ്ര്യത്തിന്റെ കണ്ണീരുണങ്ങി കറ പിടിച്ച തന്റെ പഴയ കൊച്ചുവീടിന്റെ ചുമരുകളെക്കുറിച്ച്‌ ഇനാസി ഓർക്കുകയായിരുന്നു. കരിക്കട്ടയും ചുവന്ന കല്ലും ഉപയോഗിച്ച്‌ ആ ചുമരുകളിൽ കണ്ടതൊക്കെ വരച്ചുനടന്ന, വരട്ടു ചൊറിപിടിച്ച ഒരു മെലിഞ്ഞ ചെറുക്കൻ. പ്രൊപ്പോഷനും, വാനിഷിംങ്ങും പേഴ്‌സ്പക്‌ടീവും ഒന്നുമറിയാതെ വരച്ചിട്ട ചിത്രങ്ങൾ അയൽക്കാരുടെ കൗതുകമായിരുന്നു. വാഴ, പട്ടി, കലം, മനുഷ്യരൂപങ്ങൾ… അവ നോക്കിനിന്ന്‌ അത്ഭുതം കൂറിയിരുന്ന അയൽക്കാരിപ്പെണ്ണുങ്ങളുടെ കൗതുകങ്ങളായിരുന്നു തനിക്കു പ്രചോദനം പകർന്നിരുന്നത്‌.

ഒഴിവു ദിവസങ്ങളിൽ വിശപ്പിൽനിന്നു മോചനം നേടാൻ ചെയ്‌തുകൂട്ടിയ വേലകൾ. തന്നിലെ ചിത്രകാരൻ അങ്ങനെയൊക്കെയായിരുന്നല്ലോ വളർന്നത്‌.

ഓർമ്മകളിൽനിന്നു നെടുവീർപ്പുയർന്നു.

‘മോനെ, മണി പതിനൊന്നായി. ഒന്നും കഴിച്ചില്ലല്ലോ. ഇങ്ങനെ പണിയെടുത്താമാത്രം മത്യോ?’ അന്നമ്മയുടെ സ്നേഹം നിറഞ്ഞ സ്വരം.

‘ഇപ്പോ തീരും; എന്നിട്ടാകാം.’ – ഇനാസി അന്നമ്മയുടെ നേരെ നോക്കി കൃതജ്ഞതാപൂർവ്വം പുഞ്ചിരിച്ചു.

‘അമ്മേ, ഈ മണവാട്ടിയെ നോക്ക്യേ…’

അന്നമ്മ ബോർഡിനടുത്തു ചെന്നു നോക്കി. ചുളിവുകൾ പടർന്ന മുഖത്ത്‌ ആഹ്ലാദവും ആശ്ചര്യവും തെളിഞ്ഞു.

‘എടാ മോനെ, ഇതു നമ്മുടെ സോഫിയാമോളാണല്ലോ!’

സോഫിയ ഉൾപ്പുളകത്തോടെനിന്നു. അവളുടെ വിടർന്ന മിഴികളിൽ ലജ്ജയുടെ നീലപ്പൂവിരിഞ്ഞു; കവിൾത്തടങ്ങളിൽ കുങ്കുമം പടർന്നു.

‘ഈ ചേട്ടനെന്തൊരു പണിയാ കാട്ടിയത്‌!’

വിരൽത്തുമ്പു കടിച്ച്‌ തലകുനിച്ചുനിന്ന്‌ അവൾ പറഞ്ഞു.

‘കുട്ടികളൊക്കെ എന്നെ കളിയാക്കും.’

ഇനാസി ചിരിച്ചു.

‘അസൂയ തോന്നുന്നവർ കളിയാക്കട്ടെ പെണ്ണേ.’

‘ഓ, ചേട്ടന്‌ അതൊക്കെ പറയാം. എനിക്കു പുറത്തിറങ്ങി നടക്കണ്ടെ?’ – അവൾ അങ്ങനെ പരിഭവം പറഞ്ഞെങ്കിലും ഹൃദയം ആഹ്ലാദം കൊളളുകയായിരുന്നു.

‘എന്നാലും മോൻ അവളെ ഇപ്പോഴേ മണവാട്ടിയാക്കിയല്ലൊ!’ അന്നമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു.

കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ആ അമ്മ മകളുടെ ആ ചിത്രം നോക്കിനിന്നു അവരുടെ മനസ്സ്‌ എന്തൊക്കെയോ സ്വപ്നങ്ങൾ കാണുകയായിരുന്നു.

സോഫിയ ഓടിപ്പോയി പുരയ്‌ക്കകത്ത്‌ കട്ടിലിൽ ചെന്നു കിടന്നു. ഹൃദയത്തിൽ ആനന്ദത്തിന്റെ കുളിർനിലാവ്‌ നിറയുന്നതുപോലെ തോന്നി. ചിത്രത്തിൽ കാണുന്നതുപോലെയുളള ഒരു മണവാട്ടിയായിത്തീരുന്ന സുവർണ്ണ സുദിനത്തെക്കുറിച്ചൊരു മധുരസ്വപ്നം അവളുടെ ഹൃദയത്തിൽ വിടർന്നു. അതിന്റെ നിർവൃതിയിൽ സ്വയം മറന്ന്‌ അവൾ മയങ്ങിക്കിടന്നു.

ജനത്തിരക്കേറിയ നഗരത്തിൽ പ്രത്യക്ഷപ്പെടാനുളള ബോർഡ്‌. തന്റെ പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ അതുകണ്ടാൽ…

അതോർത്തപ്പോൾ വല്ലാത്തൊരസ്വസ്ഥതതോന്നി. ശരീരത്തിലാകെ ഒരു വിറയൽ.

എങ്കിലും ഇനാസിയോട്‌ വിരോധമല്ല, ആരാധനാഭാവമാണ്‌ തോന്നിയത്‌.

കരളിൽ കുളുർമ്മയുളള മധുരാനുഭൂതികളുടെ ആമ്പൽപ്പൂക്കൾ വിരിഞ്ഞു. പെയിന്റിന്റെ മത്തുമണം അന്തരീക്ഷത്തിൽ പതഞ്ഞുനിന്നു.

ഇനാസി എഴുന്നേറ്റു. കണ്ണുകളിൽ ക്ഷീണത്തിന്റെ ആലസ്യം. ശരീരമാകെ വേദന തോന്നി. തളർച്ചയും. ചിത്രം വരച്ചുകൊണ്ടിരിക്കുമ്പോൾ ഒന്നുമറിയില്ല. എല്ലാം കഴിയുമ്പോഴാണ്‌ തളർച്ച.

ബ്രഷുകൾ മണ്ണെണ്ണയിൽ കഴുകി വച്ചപ്പോഴേയ്‌ക്കും വിസ്മരിക്കപ്പെട്ട വിശപ്പെല്ലാം കത്തിയുയർന്നു.

കഞ്ഞി കുടിച്ചു തിരിച്ചുവന്നപ്പോൾ വരാന്തയിലെ കൽത്തൂണിൽ ചാരിയിരുന്ന്‌ ബീന പാടുകയായിരുന്നു. റേഡിയോയിൽ നിന്നു കേൾക്കാറുളള ഏതോ സിനിമയിലെ ഒരു ശോകഗാനം. എന്നും അവൾ ശോകഗാനം മാത്രമെ പാടാറുളളൂ. മനസ്സിലെ ദുഃഖങ്ങളെ മധുരാനുഭൂതികളാക്കുന്ന സർഗ്ഗവാസനയെ അവൾ ഉണർത്തിവിടുകയാണ്‌.

അവളുടെ കണ്ണുകളിൽ നനവൂറി നില്‌ക്കുന്നത്‌ ഇനാസി കണ്ടു. കരയാൻ മാത്രമായി അവൾക്കുളള കണ്ണുകൾ!

കടന്നു ചെല്ലാൻ മടിച്ച്‌ ഇനാസി വാതിൽക്കൽ തന്നെ നിശ്ശബ്‌ദനായി നിന്നു. തന്റെ സാന്നിദ്ധ്യമറിഞ്ഞാൽ ആ ഗാനം നില്‌ക്കുമെന്ന്‌ അയാൾ ശങ്കിച്ചു. പാട്ടു മുഴുവൻ പാടിത്തീരട്ടെ. ആർദ്രമധുരമായ അവളുടെ സ്വരത്തിലൂടെ അന്തരീക്ഷത്തിലൊഴുകിപ്പരക്കുന്ന വിഷാദഗാനത്തിന്റെ അലകൾ അയാളുടെ മനസ്സിനെ ബന്ധിച്ചു.

വല്ലപ്പോഴും മാത്രമെ അവൾ പാടാറുളളു. പരിസരം വിജനമെന്നു തോന്നുമ്പോൾ, ഏകാന്തതയുടെ ദുഃഖാവരണത്തിനുളളിലിരുന്ന്‌ ആത്മാലാപനം നടത്തുക. ശോകരസ ധാരയുണ്ടാക്കുന്ന ഭക്തിഗാനങ്ങളാണ്‌ അവൾക്കിഷ്‌ടം. റേഡിയോയിൽനിന്നുളള ചലച്ചിത്രഗാനങ്ങൾക്കും ലളിതസംഗീതത്തിനുമായി അവളുടെ കർണ്ണങ്ങൾ എപ്പോഴും ദാഹാർത്തങ്ങളായിരിക്കും.

പാട്ടിന്റെ അലകൾ അന്തരീക്ഷത്തിലലിഞ്ഞവസാനിച്ചപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഇനാസിയുടെ പാദവിന്യാസം കേട്ട്‌ അവൾ പിടഞ്ഞെഴുന്നേറ്റു കണ്ണീർ തുടച്ചു. ഒരു പരിഭ്രാന്തി അവളുടെ മിനുത്ത മുഖത്തു ത്രസിച്ചുനിന്നു.

‘പാട്ട്‌ വളരെ നന്നായിരുന്നു.’ – ഇനാസി പറഞ്ഞു.

‘അയ്യോ! ചേട്ടനതു കേട്ടോ!’

അവളുടെ മുഖത്ത്‌ ലജ്ജയും അമ്പരപ്പും ഇളകിമറിഞ്ഞു.

‘ബീനയുടെ പാട്ടുകേൾക്കാനുളള ഭാഗ്യം വല്ലപ്പോഴുമൊക്കെയല്ലെ ഉണ്ടാകാറുളളൂ.’

‘എനിക്കു പാടാനൊന്നുമറീല്ല.’

‘ഇതിലും നന്നായിട്ട്‌ ആരാ പാടുക! ഒന്നാന്തരം മധുരമണിസ്വരം!’ – ഇനാസി ആത്മാർത്ഥമായാണു പറഞ്ഞത്‌.

‘എന്തിനാ എന്നെ കളിയാക്കണെ?’ അവളുടെ മുഖത്തു ശിശുസഹജമായ ഒരു സങ്കോചം.

‘അയ്യോ! കളിയാക്കീതല്ല. എനിക്കു ബീനയുടെ പാട്ടു കേൾക്കുന്നതൊരു സുഖമാ?’

അവളുടെ മുഖം തുടുത്തു. ഹൃദയം കുളിർത്തു.

അറിയപ്പെടാത്ത അന്തർദ്ദാഹത്തിനു ലഭിച്ച ഒരു കൈക്കുമ്പിൾ ജലംപോലെ അതവൾക്കാശ്വാസമായിരുന്നു. വാചാലമായ ഒരു മൂകതയിൽ അവൾ മുഖം കുനിച്ചിരുന്നു.

‘ഞാൻ പാട്ടു കേൾക്കുന്നതു ബീനയ്‌ക്കിഷ്‌ടമല്ല, അല്ലെ?’

ആ ചോദ്യം അവളെ തളർത്തി. എന്താണു മറുപടി പറയുക എന്നറിയാതെ അവൾ വിഷമിച്ചു.

‘ഞാനടുത്തില്ലാത്തപ്പോഴല്ലെ ബീന പാടാറുളളു.’

‘എനിക്ക്‌ പേടിയാ?’

‘ആരെ, എന്നെയോ?’

‘അല്ല.’

‘പിന്നെ?’

‘ആരെങ്കിലും അടുത്തുളളപ്പോൾ പാടാൻ….?’

‘എന്തിനാ പേടിക്കുന്നത്‌-’

‘അറിയില്ല. എനിക്കു പാടാനാവില്ല. അടുത്ത്‌ ആരെങ്കിലുമുണ്ടെന്നു തോന്നിയാൽ തൊണ്ടയടയും. വീർപ്പുമുട്ടു തോന്നും.’

‘അതൊക്കെ വെറും ഭയംകൊണ്ടു തോന്നുന്നതാ. എന്തിനാ ഭയപ്പെടുന്നത്‌? എല്ലാവരും കേൾക്കട്ടെ. ധൈര്യമായി പാടണം. നല്ലൊരു പാട്ടുകാരിയാകാൻ ബീനയ്‌ക്ക്‌ കഴിയും.’

അവളുടെ മുഖത്ത്‌ എന്തെല്ലാമോ വികാരങ്ങളുടെ അലകൾ. അവയുടെ വർണ്ണത്തുടിപ്പുകൾ.

തന്നെ, തന്റെ ശബ്‌ദത്തെ ശ്രദ്ധിക്കാൻ ഒരാളുണ്ടെന്നത്‌ ഒരു വെളിപ്പാടുപോലെ അനുഭവപ്പെട്ടു. തന്റെ പാട്ടിഷ്‌ടമാണെന്ന്‌ മുമ്പൊരിക്കലും ആരും അവളോടു പറഞ്ഞിട്ടില്ല.

തനിക്കു ചുറ്റും ഒരു പ്രകാശ വലയമുണ്ടെന്നും അതിനു കുളിർമ്മയുണ്ടെന്നും അവൾക്കു തോന്നി. ശാന്തിയുടെ ധന്യനിമിഷങ്ങൾ അവളെ തഴുകി.

പെട്ടെന്ന്‌ അവൾ ചോദിച്ചുഃ

‘എന്റെ കണ്ണുകളുടെ വെളിച്ചം ഈശ്വരനെന്തിനാ ചേട്ടാ തട്ടിക്കളഞ്ഞത്‌?’

ആ ചോദ്യത്തിനു മറുപടി പറയാൻ വാക്കുകൾ കിട്ടാതെ നില്‌ക്കവെ അയാൾ കേട്ടു.

‘എന്റെ ഭാഗ്യഹീനത! ഈശ്വരൻ തന്ന വെളിച്ചം ഈശ്വരൻ തന്നെ ഊതിക്കെടുത്തി. ഞാനൊരു തെറ്റും ചെയ്‌തില്ല.’ -അവളുടെ തൊണ്ടയിടറി.

ദൈവം പലപ്പോഴും ക്രൂരനായ ഒരു കോമാളിയെപ്പോലെയാണ്‌ എന്നു പറയാൻ തോന്നിയെങ്കിലും ഇനാസി മിണ്ടിയില്ല. കാരുണ്യം വഴിയുന്ന മിഴികളുമായി അയാൾ അവളെ നോക്കിനിന്നു.

‘എന്റെ ജീവനുംകൂടി അന്നു തിരിച്ചെടുത്തിരുന്നെങ്കിൽ ഞാൻ മറ്റുളളവർക്കൊരു ഭാരമാവില്ലായിരുന്നു.’

അവളുടെ ശബ്‌ദത്തിനു ദുഃഖത്തിന്റെ ഈർപ്പമുണ്ടായിരുന്നു.

‘അങ്ങനെയൊന്നും നിരാശപ്പെടരുത്‌. നിരാലംബരായ എത്രയോ അന്ധന്മാർ തെരുവിലിഴഞ്ഞു ജീവിക്കുന്നു. ബീനയ്‌ക്ക്‌ സ്‌നേഹസമ്പന്നരായ അപ്പനും അമ്മയും അനുജത്തിയുമില്ലെ?..’

ഇനാസി അവളെ പലതും പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിച്ചു. ഹെലൻകെല്ലർ എന്ന അന്ധയായ മഹതിയുടെ കഥ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞും അവൾ പറഞ്ഞുഃ

‘എല്ലാവരും എന്നെ ഉപേക്ഷിച്ചു പോകുന്ന ഒരു കാലം എന്നെ പിൻതുടരുന്നുണ്ടെന്നെനിക്കറിയാം. അതെത്തും മുമ്പ്‌ ദൈവം എന്റെ ജീവനെയും തിരിച്ചെടുത്താൽ മാത്രം മതിയെനിക്ക്‌..’

‘അങ്ങനെ ആലോചിച്ചു നിരാശപ്പെടാതിരിക്കുക. ഒരുപക്ഷെ, എന്നെങ്കിലും ബീനയുടെ കണ്ണുകൾക്കു കാഴ്‌ച തിരിച്ചു കിട്ടിയേക്കും. വൈദ്യശാസ്‌ത്രം എന്തെല്ലാം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു.’ – ഇനാസി പറഞ്ഞു.

ബീന മന്ദഹസിച്ചു. അവിശ്വാസ്യതയോടെ; വേദനയും നിരർത്ഥകതാബോധവും ആ മുഖത്ത്‌ ഒതുക്കിനിർത്തിയിരുന്നു.

‘എനിക്കങ്ങനെയൊരു പ്രത്യാശയെങ്കിലും ഉണ്ടായെങ്കിൽ…’ അവൾ തേങ്ങി.

ഇനാസി അസ്വസ്ഥനായി. നിസ്സഹായതയുടെ ചിറകറ്റ പക്ഷി മനസ്സിൽ കിടന്നു വേദനയോടെ പിടഞ്ഞു. മൂകനിമിഷങ്ങളുടെ ആർദ്രമായ ഭാരം ഏറിയേറിവന്നു.

Generated from archived content: vilapam7.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആറ്‌
Next articleഎട്ട്‌
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here