ഒഴിവു ദിവസം. പുറത്തെങ്ങും പോയില്ല. വീട്ടിൽത്തന്നെയിരുന്നു വരയ്‌ക്കാൻ തീരുമാനിച്ചു.
പ്രകൃതിയിൽ നിന്നെന്തെങ്കിലും മാതൃകയാക്കണമെന്നു തോന്നി. ചെടിച്ചട്ടികളിൽ സോഫിയ ഓമനിച്ചു വളർത്തുന്ന പലതരം ചെടികളുണ്ട്. റോസ്, ഡാലിയ, സീനിയ, ഓർക്കിഡ്, കിളിവാലൻ ചെടികൾ.
എന്നാൽ അവഗണിക്കപ്പെട്ട് അകന്നു നില്‌ക്കുന്ന ചെമ്പരത്തി ചെടിയെയാണ് ഇനാസി തെരഞ്ഞെടുത്തത്.
ബോർഡും കസേരയും ടീപ്പോയിയും വരയ്‌ക്കാനുളള സാമഗ്രികളും ചെമ്പരത്തിയുടെ അടുത്തു കൊണ്ടുപോയിണക്കിവച്ചു. പിന്നെ ബോർഡിലുറപ്പിച്ച തടിച്ച കടലാസ്സിൽ ചെമ്പരത്തിയുടെ ഇലകളും ചില്ലകളും പൂക്കളും മൊട്ടുകളും ഒന്നൊന്നായി വരച്ചു. പിന്നെ ബ്രഷ് എടുത്തു നിറങ്ങൾ ചാലിച്ചു. ബാഹ്യലോകത്തേയ്‌ക്കുളള വാതിലുകൾ അടഞ്ഞടഞ്ഞുവന്നു. കണ്ണുകളിലും മനസ്സിലും ചെമ്പരത്തിച്ചെടി പച്ചയും ചുവപ്പും നിറഞ്ഞ ഒരു പ്രപഞ്ചമായി നിറഞ്ഞു.
ഹൃദയത്തിൽ ആനന്ദാനുഭൂതിയുടെ സംഗീതം ഉയർന്നുയർന്നുവന്നു. പിന്നെ അതു മെല്ലെ അകന്നകന്നു പോയി.
ഇളയപ്പനു കത്തയച്ചിട്ട് മറുപടി കിട്ടിയില്ല. ഇനാസി ഓർത്തു. മറുപടി കിട്ടുമെന്നതു തന്റെ ഒരതിമോഹമായിരുന്നു.
ഉമയുടെ തിളങ്ങുന്ന വലിയ കണ്ണുകളെക്കുറിച്ചോർത്തു. ചെമ്പരത്തിപോലെ, അനാർഭാടമായ സുന്ദരി. അവളുടെ, ഹൃദയം കുളുർപ്പിക്കുന്ന പുഞ്ചിരി. നടപ്പിന്റെ താളലയം, ഇമ്പമാർന്ന സംസാരം.. എല്ലാം ഏതോ ഒരു സുഗന്ധംപോലെ, ഒരു സംഗീതധാരപോലെ…
ഇനാസിയിൽ നിന്നൊരു നെടുവീർപ്പുതിർന്നു.
ഇന്ന് അവളെ കാണാൻ സാധിക്കാത്തതിന്റെ വിഷാദം അയാളുടെ ഹൃദയത്തിൽ കനം വീഴ്‌ത്തി.
ഇതൊക്കെ ഒരു ചാപല്യമാണ് എന്ന് ചിലപ്പോൾ സ്വയം മനസ്സിനെ ശാസിക്കും. ഓർമ്മകളിൽ നിന്നകലാൻ ശ്രമിച്ചാലും മനസ്സ് തെന്നിത്തെന്നി വീണ്ടും അവളിൽ ചെന്നെത്തും.
അവൾ തന്നെ ആരാധിക്കുന്നു. അതു മനസ്സിലാക്കിയ നിമിഷംമുതൽ ഇനാസിയുടെ ഹൃദയത്തിൽ അവൾ പ്രതിഷ്‌ഠയായി. ഏകാന്തതയിൽ സ്വപ്നങ്ങൾ വർണ്ണത്തൂവലുകൾ വിടർത്തി നൃത്തം വച്ചു.
ക്ലോക്കിൽ മണി രണ്ടടിച്ചു. അന്നമ്മ വന്നു വിളിച്ചു.
‘ഇതെന്താ മോനെ, വിശപ്പില്ലെ? വന്ന് ചോറുതിന്ന്, എന്നിട്ടു മതി ബാക്കി ജോലി.’
‘ഞാൻ വരുന്നു. ഇതൊന്നു തീർത്തോട്ടെ.’
‘അതൊക്കെ പിന്നെ തീർക്കാം. മോൻ എഴുന്നേൽക്ക്.’ അന്നമ്മ നിർബ്ബന്ധിച്ചു.
ഇടയ്‌ക്കുവച്ചു നിർത്തിയാൽ പിന്നെ നിറങ്ങൾ ലയിക്കാൻ പ്രയാസമാണെന്ന് അന്നമ്മയ്‌ക്ക് മനസ്സിലാവില്ല. പക്ഷെ, സ്നേഹപൂർവ്വമുളള നിർബ്ബന്ധത്തെ വകവയ്‌ക്കാതിരിക്കാനും വയ്യ.
ഇനാസി എഴുന്നേറ്റു.
കൈകഴുകി ചെന്നപ്പോൾ തീൻമേശയിൽ ചോറും കറികളും പാത്രങ്ങളിൽ നിരത്തിയിരുന്നു.
‘കറിയൊക്കെ തണുത്തുകാണും. എത്ര നേരമായി മോനെ വിളിക്കണത്.’ മാതൃനിർവിശേഷമായ സ്‌നേഹവാത്സല്യങ്ങളോടെ അന്നമ്മ പറഞ്ഞു.
‘ചിത്രം വരയ്‌ക്കാനിരുന്നാപ്പിന്നെ വിശപ്പൊന്നുമുണ്ടാവില്ല.’ ഇനാസി പറഞ്ഞു.
‘അതൊരു നല്ല സിദ്ധിയാണല്ലോ.’ അടുക്കളവാതിൽ ചാരിനിന്നു സോഫിയ പറഞ്ഞു ചിരിച്ചു.
‘അതെ. ചിത്രം വരച്ചുനോക്ക്.’ ഇനാസി സോഫിയയുടെ നേരെ തിരിഞ്ഞു.
‘ങും, എനിക്കു ചിത്രം വരയ്‌ക്കുവാൻ തുടങ്ങുമ്പോ ഉറക്കം വരും.’
‘അവൾ അല്ലെങ്കിലേ ഒരു മടിച്ചിയാ.’ അന്നമ്മ പറഞ്ഞു.
സോഫിയയുടെ കവിൾത്തടത്തിലൊരു നുണക്കുഴി വിരിഞ്ഞു. കണ്ണുകൾ ലജ്ജയോടെ പിടഞ്ഞുകൂമ്പി.
‘എന്തൊക്കെയാണേലും ഭക്ഷണം സമയത്തിനു കഴിക്കണം. അല്ലെങ്കിൽ കേടാ.’ അന്നമ്മ പറഞ്ഞു.
ഇനാസി ഒന്നും മിണ്ടിയില്ല. വരയ്‌ക്കാനിരുന്നാൽ പിന്നെ സമയത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഒന്നും ഓർക്കുകയില്ല. അതാണു തന്റെ പ്രകൃതം.
ബീന ശബ്‌ദങ്ങളുടെ അലകൾക്കു കാതോർത്ത് അടുത്ത മുറിയിലെ പെട്ടിപ്പുറത്തിരുന്നു. ഇനാസിയുടെ ശബ്‌ദമാണ് അവളെ സംബന്ധിച്ച ഇനാസി. രൂപങ്ങളും വർണ്ണങ്ങളുമെല്ലാം ശബ്‌ദതരംഗങ്ങളുടെ ആരോഹണാവരോഹണങ്ങളിലും ലയങ്ങളിലും അന്തർഭവിച്ചിരിക്കുന്നു. ഇനാസിയുടെ മുന്നിലേയ്‌ക്കു കടന്നുചെല്ലാൻ അവൾക്കു മടി തോന്നി. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിക്കഴിയാനാണ് അവൾക്കെന്നും താത്‌പര്യം.
അന്നമ്മ കറികളൊക്കെ വിളമ്പിക്കൊടുത്തു. നിശ്ശബ്‌ദനായി, മാതൃസ്നേഹത്തിന്റെ ആനന്ദാനുഭൂതികൾ നുണഞ്ഞ് അയാൾ ചോറുവാരിത്തിന്നു. സ്വന്തം അമ്മയാണ് അടുത്തുളളതെന്നുതോന്നി. അമ്മയുടെ ശരീരത്തിലെ വിയർപ്പുമണം വർഷങ്ങൾക്കുശേഷം അയാളുടെ മൂക്കിൽ തിരിച്ചെത്തി. ഓർമ്മകൾ നാമ്പുനീട്ടി….
രാവിലെ പളളിക്കൂടത്തിലേക്കു പോകാനുളള മകന് പഴഞ്ചോറു കൊടുത്തയക്കാൻ വേണ്ടി, തന്റെ പങ്കു ചോറ് തണുത്ത വെളളത്തിലിട്ട് ഉളളിയരിഞ്ഞു ചേർത്തു മൂടിവച്ച് അത്താഴപ്പട്ടിണി കിടന്നിരുന്ന അമ്മ! ക്ഷീണിച്ചു തളർന്നുറങ്ങുന്ന മകന്റെ എല്ലുന്തിയ ശരീരം തടവി നെടുവീർപ്പിടുകയും ഇടയ്‌ക്കു കോട്ടുവായിടുകയും ചെയ്‌തിരുന്ന അമ്മ!
ചീഞ്ഞ നാളീകേരത്തൊണ്ടിന്റെയും വിയർപ്പിന്റെയും സമ്മിശ്രഗന്ധമായിരുന്നു അമ്മയ്‌ക്ക്. അകാല വാർദ്ധക്യത്തിന്റെ പൂപ്പൽ പിടിച്ച്, ഉണങ്ങിമെലിഞ്ഞ ഒരു പാവം സ്‌ത്രീ. അവരുടെ ചൂടുംപറ്റി തളർന്നു കിടക്കുന്ന, ദാരിദ്ര്യത്തിന്റെ പേക്കോലംപോലെ വരട്ടുചൊറി പിടിച്ച ഒരു ചെറുക്കൻ. ചപ്രത്തലമുടിയുളള മെലിഞ്ഞ ഒരു പെൺകുട്ടിയും. പിന്നെ ചെങ്കൽ നിറമുളള മുഷിഞ്ഞ ഷർട്ടും മുണ്ടുമായി, മദ്യലഹരിയുടെ സർപ്പം ഉറഞ്ഞാടുന്ന ചുവന്ന കണ്ണുകളും ബാലൻസ് നഷ്‌ടപ്പെട്ട ശരീരവുമായി ഇരുട്ടിൽനിന്നു തെന്നിത്തെറിച്ചു കയറിവരുന്ന ഒരു കുടുംബനാഥൻ!
ഓല മേയാൻ വൈകിയ പുരയുടെ മോന്തായത്തിലെ സുഷിരങ്ങളിലൂടെ വെളിച്ചത്തിന്റെ വൃത്തങ്ങൾ നിരപ്പില്ലാത്ത നിലത്തു ചിതറിക്കിടക്കുന്ന വീട്. വെളളമൊലിച്ചു കുതിർന്ന, ചുമന്ന വരകൾ ഒലിച്ചിറങ്ങിയ ചുമരുകൾ.
ഓർമ്മയിൽ ഒരസ്വാസ്ഥ്യമായിത്തീരുന്ന തന്റെ കുടുംബം.
ഇന്നാലോചിക്കുമ്പോൾ പിന്നിട്ട ബാല്യകാലം ഇരുൾ മൂടിനിന്ന ഒരു മുൾപ്പടർപ്പായിരുന്നു. സുന്ദരമായ സ്വപ്നങ്ങളൊന്നും തനിക്കില്ലായിരുന്നു. ഭീതിയും ആശങ്കയും വേട്ടയാടിയിരുന്ന ഒരു കാലഘട്ടം. ജനിച്ചുപോയ തെറ്റിന് ദുഃഖത്തിന്റെ തടങ്കൽപ്പാളയത്തിൽ ജീവിക്കാൻ ശിക്ഷിക്കപ്പെട്ട കുറ്റവാളിയായിരുന്നു.
ഈറനാവുന്ന മിഴികളോടെ മാത്രമേ, അമ്മയെക്കുറിച്ചോർക്കാൻ കഴിയൂ. അനുകമ്പയും ദുഃഖവും ആ ഓർമ്മകളെ കനപ്പിക്കുന്നു. അമ്മയുടെ ചിരിക്കുന്ന മുഖം ഓർമ്മയിൽ ഇല്ലെന്നു പറയാം. അമ്മയുടെ ദുഃഖമുറങ്ങുന്ന മിഴികൾ, രക്തമില്ലാത്ത വിളറിയ ഉണങ്ങിയ കവിൾത്തടങ്ങൾ, പാറിപ്പറക്കുന്ന ചെമ്പിച്ച മുടി, ദൈന്യമായ കണ്ണുകളും തളർന്ന ശബ്‌ദവും.
അമ്മ തനിക്കെന്നും ഒരു ദേവതയെപ്പോലെയായിരുന്നു.
അപ്പനെക്കുറിച്ച് ഒരിക്കലും അനുകമ്പ തോന്നിയിട്ടില്ല. സഹതാപമോ സ്‌നേഹമോ തോന്നിയിട്ടില്ല. തനിക്കെന്നും ആ മനുഷ്യനോടു അമർഷവും വെറുപ്പുമേ തോന്നിയിരുന്നുളളൂ.
പിതൃസ്‌നേഹവും വാത്സല്യവും എന്താണെന്നറിയാൻ തനിക്കു കഴിഞ്ഞിട്ടില്ല. തന്റെ അപ്പൻ ഒരിക്കലും തനിക്കു രക്ഷകനായിരുന്നിട്ടില്ലല്ലോ. ജീവിതത്തിന്റെ ശാന്തിയും സ്വസ്ഥതയും തകർക്കാനെത്തുന്ന ഒരു വേട്ടക്കാരനായിരുന്നു അപ്പൻ.
അതുകൊണ്ടാണല്ലോ, പണിതുകൊണ്ടിരുന്ന മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്നു നിലതെറ്റി മറിഞ്ഞുവീണ് അപ്പൻ മരിച്ചപ്പോഴും തനിക്കു ദുഃഖം തോന്നാതിരുന്നത്. തനിക്കു കരച്ചിൽ വന്നില്ല. ഏതോ അന്യതാബോധത്തിന്റെ മരവിച്ച നിർവ്വികാരതയാണ് തന്നിലുണ്ടായത്.
അന്ന് അന്യദൃക്കുകൾക്കു മുന്നിൽ താൻ ഹൃദയശൂന്യനായി. തന്തയോടു സ്‌നേഹമില്ലാത്തവനായി മുദ്രകുത്തപ്പെട്ടു. പക്ഷേ, തനിക്കു വിഷമം തോന്നിയിട്ടില്ല.
ഉറക്കം കെടുത്താൻ എന്നും സ്വപ്നത്തിലൂടെ കടന്നുവരുന്ന ഒരു രാക്ഷസന്റെ മരണം പോലെയായിരുന്നു അത്.
ഇന്നാലോചിക്കുമ്പോൾ തനിക്കു കുറ്റബോധമുണ്ടാകുന്നു. എത്ര കൊളളരുതാത്തവനായാലും ആ മനുഷ്യൻ തന്റെ തന്തയായിരുന്നല്ലോ.
ഊണു കഴിച്ചുകൊണ്ടിരുന്ന ഇനാസിയുടെ കൈ നിശ്ചലമായി. ഓർമ്മകളിൽ വർത്തമാനകാലം നഷ്‌ടപ്പെട്ടു. കുഴച്ച ചോറുരുള കൈയിലിരുന്നു.
‘മോനെന്താ ആലോചിക്കണത്?’ അന്നമ്മ ചോദിച്ചു.
ഇനാസി പിടഞ്ഞുണർന്നു. ജാള്യതയോടെ അയാൾ എഴുന്നേറ്റു.
‘ആ ചോറങ്ങു തിന്നു മോനേ.’
‘മതി.’
കൈയും മുഖവും കഴുകി വീണ്ടും ഡ്രോയിംഗ് ബോർഡിനരികിൽ വന്നിരുന്നു. നിറങ്ങൾ ചാലിച്ച് ചിത്രങ്ങൾക്കു ജീവൻ പകരാൻ തുടങ്ങി.
പൂർവ്വകാലസ്‌മരണകൾ ഒരു നീർച്ചാലുപോലെ ഒഴുകിവന്നു.
മക്കൾക്കുവേണ്ടി യാതനകൾ സഹിച്ച് എരിഞ്ഞടങ്ങിയ ഒരു ത്യാഗമൂർത്തിയായിരുന്നു തന്റെ അമ്മ.
മരം കോച്ചുന്ന, മഞ്ഞുപെയ്യുന്ന മകരമാസക്കാലത്തും നാലുമണി വെളുപ്പിനുണർന്ന് അമ്മ പണിയെടുക്കുമായിരുന്നു. തോടരികിൽ, ചെളിയും ചകിരിച്ചോറും കെട്ടിക്കിടക്കുന്ന ചതുപ്പിലിരുന്ന് അമ്മ മടലു തല്ലും. മറ്റാരും കൂട്ടില്ല. അമ്മയുടെ മടലടിസ്വരം കേട്ട് ഉറക്കമുണർന്ന് താൻ അസ്വസ്ഥനായി കിടക്കുമ്പോൾ, തൊട്ടടുത്ത് അപ്പൻ മൂടിപ്പുതച്ചു കിടന്ന് കൂർക്കം വലിച്ചുറങ്ങുകയായിരിക്കും. മകരമാസക്കുളിരിൽ ലോകം മൂടിപ്പുതച്ചു സുഖനിദ്രകൊളളുമ്പോൾ അമ്മമാത്രം മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെട്ടത്തിരുന്നു മടലുതല്ലുന്നു. നിശ്ശബ്‌ദതയുടെ ആഴങ്ങളിൽ, അമ്മയുടെ കൈയിലെ കൊട്ടുവടി തടിയിൽ പതിക്കുന്നതിന്റെ താളാത്മകമായ സ്വരം പ്രപഞ്ചമെങ്ങും മുഴങ്ങുന്നതായി തോന്നും.
അത്താഴപ്പട്ടിണി കിടന്നു അമ്മയുടെ ദുർബ്ബലമായ കൈകൾക്ക് കനമുളള കൊട്ടുവടിയുയർത്തി പണിയെടുക്കാൻ എങ്ങനെ കരുത്തുണ്ടാകുന്നു എന്നോർത്ത് താൻ അത്ഭുതപ്പെട്ടിരുന്നു. ശരീരത്തിന്റെ ബലമായിരുന്നില്ല; മനസ്സിന്റെ കരുത്തായിരുന്നു അമ്മയ്‌ക്കപ്പോൾ.
ഉറക്കമുണർന്നാൽ പിന്നെ അമ്മയുടെ മടലടിക്കുന്ന സ്വരം കേട്ടു കിടന്നുറങ്ങാൻ തനിക്കു കഴിയുമായിരുന്നില്ല. അമ്മയെക്കുറിച്ചുളള വിചാരങ്ങളിൽ അവൻ അസ്വസ്ഥനാകും. ഇടയ്‌ക്കു തലയുയർത്തി കതകില്ലാത്ത ജനലിലൂടെ നോക്കും. മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ മടലടിക്കുന്ന അമ്മയുടെ രൂപം ഒരു നിഴൽപോലെ കാണാം. ഉയരുകയും താഴുകയും ചെയ്യുന്ന വലതു കൈക്കൊപ്പം താളാത്മകമായുയരുന്ന ശബ്‌ദം.
അങ്ങനെ നോക്കിയിരിക്കുമ്പോൾ അവന്റെ ആത്മവീര്യം തളരും. നിസ്സഹായതയുടെ ഒരു തേങ്ങൾ അവന്റെ ഹൃദയത്തെ വീർപ്പുമുട്ടിക്കും.
തണുപ്പുകൊണ്ട് അവൻ വീണ്ടും ചുരുണ്ടുകൂടി കിടന്നു മയങ്ങുമ്പോൾ ദുഃസ്വപ്‌നങ്ങൾ കടന്നു വരുകയായി. അമ്മയുടെ ദുർബ്ബലമായ കൈകുഴഞ്ഞ് വടി താഴെ വീഴുന്നത്, വിയർത്തുകിതച്ച് അമ്മ തലചുറ്റി മറിഞ്ഞു വീഴുന്നത്…
തേങ്ങിക്കരഞ്ഞുകൊണ്ട് അവൻ പിടഞ്ഞെഴുന്നേല്‌ക്കും. ചാരിയ വാതിൽ തുറന്ന് അവൻ ഇരുട്ടിലൂടെ അമ്മയുടെ അടുത്തേയ്‌ക്കോടും. കിതച്ചുകൊണ്ട് അവൻ ആശങ്കയോടെ അമ്മയെ ഉറ്റുനോക്കും. മടലുതല്ലിക്കൊണ്ടിരിക്കുന്ന അമ്മയതറിഞ്ഞെന്നു വരില്ല. അവന്റെ ഹൃദയമിടിപ്പ് പതുക്കെ സാധാരണഗതിയിലാകും. പിന്നെ അവൻ അമ്മയുടെയടുത്ത് ചകിരിച്ചോറുപുതഞ്ഞ തണുത്ത മണ്ണിൽ കുത്തിരിക്കും. തണുപ്പുകൊണ്ടു വിറയ്‌ക്കും. താടിയും പല്ലും കൂട്ടിയടിക്കും.
‘എന്തിനാ മോനെഴുന്നേറ്റു വന്നത്. പോയിക്കിടന്നോ.’ അമ്മ പറയും.
അവൻ ഒന്നും മിണ്ടാതെ അതേപടിയിരിക്കും. അമ്മ വീണ്ടും നിർബ്ബന്ധിക്കും.
‘പൊക്കോ മോനെ. തണുത്തുവെറക്കണതെന്തിനാ, ഇവിടിരുന്നാ കാലു വളം കടിക്കും.’
‘അമ്മേം വാ.’
‘അമ്മ വന്നാൽ അരിമേടിക്കാനെന്തു ചെയ്യും?’
ആ ചോദ്യത്തിനു മുന്നിൽ അവൻ മൂകനാകും. അമ്മയെ ദയനീയമായി നോക്കി നിശ്ശബ്‌ദനായി ഇരിക്കും. അമ്മയെ വിട്ടുപോകാൻ അവനു മനസ്സുവരില്ല.
വെളിച്ചം വീഴുംമുമ്പ് എഴുപത്തഞ്ചുതേങ്ങയുടെ മടൽ അമ്മ തല്ലി ചകിരിയാക്കും. അതു കഴിഞ്ഞ് അപ്പനെഴുന്നേല്‌ക്കും മുമ്പ് അമ്മ വീട്ടിൽവന്നു ചായയുണ്ടാക്കും. ഉണരുമ്പോൾതന്നെ അപ്പനു ചായ കിട്ടണം. ഇല്ലെങ്കിൽ അപ്പൻ ബഹളമുണ്ടാകും.
പഞ്ചസാരയ്‌ക്കു വില കൂടുതലായിരുന്നതിനാൽ ശർക്കരച്ചായയായിരുന്നു പതിവ്. അപ്പന് അതിഷ്‌ടമല്ല. അപ്പനു മാത്രം പഞ്ചസാരച്ചായ, സിംഹത്തിനടുത്ത് ചെല്ലുന്ന ആടിനെപ്പോലെയാണ് അമ്മ ചായയുമായി അപ്പന്റെയടുത്ത് ചെല്ലുന്നത്. ഒരിറക്കു കുടിച്ചു നോക്കീട്ട് അപ്പൻ ചീറുംഃ
‘നശിച്ചവള്! ചായ വാട്ടവെളളമാക്കി. വായീവെക്കാൻ കൊളളൂല്ല. കഷായം! ഫൂ…’
അമ്മ അതൊക്കെ കേട്ടില്ലെന്നും കണ്ടില്ലെന്നുമൊക്കെ നടിക്കും. അമ്മയ്‌ക്കു നല്ല ക്ഷമയുണ്ടായിരുന്നു. ചിലപ്പോഴെല്ലാം അമ്മ നിശ്ശബ്‌ദയായിരുന്നു കരയും.
വല്ലപ്പോഴും ക്ഷമകെട്ട് അമ്മ പൊട്ടിത്തെറിക്കുന്നതുപോലെ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നു വരും. അതോടെ അപ്പന്റെ അലർച്ച വർദ്ധിക്കും. ഉത്തരം മുട്ടുമ്പോൾ ഉറക്കെ തെറി പറഞ്ഞ് അപ്പൻ അമ്മയെ നിശ്ശബ്‌ദയാക്കും. ഇടയ്‌ക്ക് അമ്മയ്‌ക്ക് ഇടിയും തൊഴിയും ഏല്‌ക്കുകയും ചെയ്യും.
അപ്പനും അമ്മയും തമ്മിലുളള വഴക്കിനിടയിൽ മാനസികമായി ഞെരിഞ്ഞു പിടഞ്ഞിരുന്നത് താനും ഗ്രേസിയുമായിരുന്നു. ഭയം നിറഞ്ഞ, ഉത്‌ക്കണ്‌ഠാകുല കുട്ടികൾ അമ്മയുടെയടുത്ത് പറ്റിച്ചേർന്നു നില്‌ക്കും. അമ്മയുടെ നിശ്ശബ്‌ദദുഃഖങ്ങൾ നിസ്സഹായതയോടെ നോക്കി നില്‌ക്കാനേ തങ്ങൾക്കു കഴിഞ്ഞിരുന്നുളളൂ.
ഒരിക്കൽ സഹിക്കാനാകാതെ ഗ്രേസി പറഞ്ഞുപോയി.
‘അപ്പൻ ചത്താലെ ഈ കുടുംബത്തിനു ഗതിയുണ്ടാകൂ.’
അമ്മ ജ്വലിക്കുന്ന കണ്ണുകളോടെ അവളെ തുറിച്ചുനോക്കി ശാസിച്ചു.
‘എന്താടീ അസത്തേ, പറഞ്ഞത്! നിന്റെ നാക്കു ഞാൻ വലിച്ചൂരും. ഹ്‌ങ്ങാ…’
അപ്പൻ ഒന്നാംതരം പണിക്കാരനാണ്. തോമസ് മേസ്‌തിരിയെ അറിയാത്തവർ നാട്ടിലില്ല. നാട്ടുകാർക്കെല്ലാം വലിയ വിശ്വാസവും മതിപ്പുമാണ്. കെട്ടിടങ്ങൾക്ക് അപ്പൻ എസ്‌റ്റിമേറ്റ് തയ്യാറാക്കിയാൽ അതിനു യാതൊരു മാറ്റവുമുണ്ടാവില്ല. ഇത്ര ഇഷ്‌ടിക, ഇത്ര മണൽ, ഇത്ര സിമന്റ്, ഇത്ര ഓട്, ഇത്ര തച്ച് എന്നു പറഞ്ഞാൽ അതു കൃത്യമായിരിക്കും പണി തീരുമ്പോൾ.
തോമസ്സ് മേസ്‌തിരിക്കു സ്പെഷൽ കൂലിയാണ്. കളളും സമ്മാനങ്ങളും വേറെയും.
സിമന്റു കൊണ്ടുളള കലാഭംഗിയാർന്ന ശില്പവേലകൾക്കും അപ്പൻ ബഹുമിടുക്കനായിരുന്നു. ക്ഷേത്രങ്ങളും പളളികളും പണിയുന്നതിന് തോമസ്സ് മേസ്‌തിരിയെ പ്രത്യേകം ക്ഷണിച്ചു കൊണ്ടുപോകാൻ ഏതെല്ലാം നാട്ടിൽ നിന്നെല്ലാമാണ് ആളുകൾ വന്നിരുന്നത്!
അനുഗ്രഹീതനായ പണിക്കാരനായിരുന്നു. ശാപഗ്രസ്തനായ മനുഷ്യനും.
എത്ര കിട്ടിയാലും കളളുഷാപ്പിലും ചായക്കടയിലും ബീഡിക്കടയിലും കൊടുത്തു തീർത്തിട്ടേ വീട്ടിലെത്തൂ. അപ്പൻ പണി കഴിഞ്ഞു വരുന്നതും കാത്തുനില്‌ക്കാൻ കുടിയന്മാരായ ചില കുമ്പാതിരിമാരുമുണ്ടായിരുന്നു. എല്ലാവരും കൂടി കൂടിയാൽ പിന്നെ ഒരു മേളമാണ്, ഷാപ്പിലും വഴിയിലും.
പണിയെടുത്ത് എത്ര രൂപാ കിട്ടിയാലും രണ്ടു രൂപയിൽ കൂടുതൽ അപ്പൻ അമ്മയെ ഏല്പിക്കില്ല. അതുകൊണ്ടുവേണം കുടുംബച്ചെലവെല്ലാം നടത്താൻ.
അമ്മ തലയ്‌ക്കു കൈതാങ്ങി നിരാശയോടെ നിലത്തിരുന്നു പിറുപിറുക്കും.
‘ഇതും കൊണ്ടെന്തു ചെയ്യാനാ, ഞാൻ?’
‘അതും കൊണ്ടു സാധിച്ചില്ലെങ്കി കക്കാൻ പോടീ!’
പേടിച്ചിട്ട് അമ്മ പിന്നെ ഒന്നും പറയില്ല.
ഭക്ഷണകാര്യത്തിൽ എന്തെങ്കിലും കുറവുവന്നാൽ അപ്പൻ സഹിക്കില്ല. കറി നന്നായിരിക്കണം. മീൻവേണം. ഇല്ലെങ്കിൽ തെറിയുടെ പൂരമാകും. കറി മോശമായാൽ അതുകൊണ്ടായിരിക്കും അമ്മയുടെ തലയിൽ അഭിക്ഷേകം.
ഭാര്യയും കുട്ടികളും പട്ടിണിയാകുന്നതിനെക്കുറിച്ച് അപ്പനു യാതൊരു വിഷമവും ഉളളതായി തോന്നീട്ടില്ല. മറ്റുളളവരുടെ വിശപ്പ് അപ്പനു മനസ്സിലാവില്ല. സ്വന്തം വിശപ്പിനെക്കുറിച്ചുമാത്രമേ അപ്പൻ വിഷമിച്ചിരുന്നുളളൂ. പട്ടിണിയാകേണ്ടി വരുന്ന വല്ലപ്പോഴും ചില മദ്ധ്യാഹ്നങ്ങളിൽ അപ്പൻ തെങ്ങിൽനിന്നു കരിക്കു കുത്തിയിടും. അതു വെട്ടിപ്പൊളിച്ച് വെളളവും കാമ്പും അപ്പൻ തന്നെ കഴിക്കും. ആർത്തിയോടെ നോക്കിനില്‌ക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ കാണില്ല.
വിശപ്പെരിയുന്ന വയറുമായി അമ്മ രാപകൽ ജോലി ചെയ്യും. വിശ്രമമെന്താണെന്ന് അമ്മയറിഞ്ഞിട്ടില്ല. ഉറക്കത്തിലും അമ്മ നെടുവീർപ്പിടുന്നതു കേൾക്കാം. കണ്ണീരിന്റെ ഉപ്പുരസം അമ്മയുടെ കവിൽത്തടങ്ങളിൽ എപ്പോഴും പറ്റിനിന്നിരുന്നു.
എന്നിട്ടും അപ്പൻ മരിച്ചപ്പോൾ അമ്മയ്‌ക്കുണ്ടായ സങ്കടം വിവരിക്കാനാവില്ല. ബോധംകെട്ടു വീണ അമ്മയ്‌ക്ക് തല നിവർത്താൻ കഴിഞ്ഞത് മൂന്നുദിവസം കഴിഞ്ഞാണ്. ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ അമ്മ തളർന്നുവീണു. അമ്മയുടെ ദുഃഖം ഒരു കടംകഥപോലെ ദുരൂഹമായി തോന്നി.
‘അമ്മേടെ സങ്കടമൊക്കെത്തീരണമെങ്കിൽ എന്റെ പൊന്നുമക്കൾ വലുതാകണം.’ അമ്മ പലപ്പോഴും അങ്ങനെ പറഞ്ഞുകൊണ്ട് തന്നെയും ഗ്രേസിയേയും ചുംബിച്ചിരുന്നു.
പക്ഷെ, മക്കൾ വലുതായി കാണാനും സുഖമനുഭവിക്കാനും അമ്മയ്‌ക്കു കഴിഞ്ഞില്ല.
തന്റെ അമ്മ എത്ര നിർഭാഗ്യവതിയായിരുന്നു!
ഇനാസിയുടെ കണ്ണുകൾ നനഞ്ഞു. ബ്രഷ് കൈയ്യിൽ നിശ്ചലമായി.
‘റോസും ഡാലിയയുമൊക്കെയുണ്ടായിട്ടും ഈ ചെമ്പരത്തിയെയാണല്ലോ ചേട്ടൻ വരയ്‌ക്കുന്നത്…’
സോഫിയ അടുത്തെത്തി ചോദിച്ചു.
ഇനാസി പെട്ടെന്നു മുണ്ടിൻ തലകൊണ്ടു കണ്ണുതുടച്ചു.
‘അവൾ അവഗണിക്കപ്പെട്ടവളാണ്. നിങ്ങൾ അവൾക്കു വളവും വെളളവും നല്‌കാറില്ല. എന്നിട്ടും അവൾ പൂക്കൾ വിടർത്തി നില്‌ക്കുന്നു. എനിക്കതിനെ ഇഷ്‌ടമാണ്.’
Generated from archived content: vilapam6.html Author: joseph_panakkal