ടാപ്പു തുറന്ന് തണുത്ത വെളളം കൈക്കുമ്പിളിൽനിന്നു മൊത്തിമൊത്തിക്കുടിച്ചു. മുഖവും കൈകാലുകളും കഴുകി തണുപ്പിച്ചു. സിരകളിൽ, സെല്ലുകളിൽ ശീതജലം പകർന്ന ഉന്മേഷത്തിന്റെ നേർത്ത ലഹരി പടർന്നു.
ഉച്ചവെയിലിൽ ചുവന്ന അഗ്‌നിജ്വാലകൾ വിരിച്ചു നില്‌ക്കുന്ന വാകമരത്തണലിന്റെ ഏകാന്തതയിൽ, വിരൽത്തുമ്പിലെ നഖം കടിച്ചു തനിയെ നിന്നു, ഇനാസി. ജ്വലിക്കുന്ന വെയിലിൽ വാകമരത്തണൽ ആശ്വാസത്തിന്റെ ഒരു ദ്വീപായി ഉറങ്ങിക്കിടന്നു.
ഭക്ഷണശാലയിൽ നിന്നിറങ്ങി വന്ന കുട്ടികൾ പൈപ്പിനടുത്തു കൂടിനിന്നു ശബ്‌ദമുയർത്തി. ഒരുപറ്റം പഞ്ചവർണ്ണക്കിളികളുടെ ചിലയ്‌ക്കൽ സ്‌റ്റീൽപ്പാത്രങ്ങൾ മുട്ടിയുരുമ്മുന്ന, കുപ്പിവളകൾ കൂട്ടിയലയ്‌ക്കുന്ന ഇമ്പമാർന്ന സ്വരം. ചിതറിവീഴുന്ന വെളളത്തിന്റെ നനുത്ത സ്വരം മധുമൊഴികൾ വാരിവിതറുന്ന സുന്ദരികൾ.
നിറങ്ങളുടെ, നിഴലുകളുടെ ലയവിന്യാസങ്ങൾ നോക്കിനില്‌ക്കുകയായിരുന്നു ഇനാസി.
‘പകൽക്കിനാവിന്റെ ലഹരിയിലാണെന്നു തോന്നുന്നല്ലോ, ഇനാസി.’
കിളിനാദത്തിലുളള കമന്റുകേട്ട് ഇനാസി തിരിഞ്ഞുനോക്കി. നീലനിറമുളള തൂവാലകൊണ്ടു മുഖം തുടച്ച്, ചിരിച്ചുകൊണ്ടു നില്‌ക്കുന്ന ഉമ.
ഇനാസി ഒന്നു പുഞ്ചിരിച്ചതേയുളളൂ.
‘ഊണു കഴിച്ചില്ലെ?’
‘കഴിച്ചില്ലെങ്കിൽ തരാനൊരുക്കമുണ്ടോ?’
‘സ്വപ്‌നം കണ്ടുനിന്നതിനിടയിൽ ഊണു കഴിക്കാൻ മറന്നിട്ടുണ്ടെന്നു തോന്നി ഓർമ്മിപ്പിച്ചതാ.’
മുഖത്തു പാറിവീണ ചുരുണ്ട അളകങ്ങളെ വെളുത്തുനീണ്ട വിരലുകൾകൊണ്ട് അവൾ ഒതുക്കിവെച്ചു.
‘നന്ദി. നല്ല സ്വഭാവമാണു കേട്ടോ.’ ഇനാസി പറഞ്ഞു.
‘സർട്ടിഫിക്കറ്റൊന്നും വേണ്ട.’
ഇനാസി അവളുടെ വിടർന്ന, തിളങ്ങുന്ന കണ്ണുകളിലുറ്റുനോക്കി. അവൾ മുഖം കുനിച്ചു. കവിൾത്തടങ്ങൾ തുടുത്തു.
‘എന്താ, ഉപവാസമാണോ?’
ഇനാസി അതിനു മറുപടി പറഞ്ഞില്ല. ഒരു ചെറുചിരിയിൽ ഒതുങ്ങിനിന്നു.
താൻ ഉണ്ണുന്നതും ഉണ്ണാത്തതുമൊക്കെ ഈ പെണ്ണെന്തിനു ശ്രദ്ധിക്കുന്നു? എങ്കിലും അവൾ തന്നെ ശ്രദ്ധിക്കുന്നു എന്ന അറിവ് ഇനാസിയുടെ ഹൃദയത്തെ കുളിർപ്പിച്ചു.
അപ്പോഴേയ്‌ക്കും രണ്ടുമൂന്നു പെൺകുട്ടികൾകൂടി ഉമയുടെ അടുത്തെത്തി.
‘ഇനാസി ദിവസവും ഉച്ചയ്‌ക്ക് ഉപവാസമാന്നാ പറയണ്.’ ഉമ കൂട്ടുകാരികളുടെ നേരെ തിരിഞ്ഞു പറഞ്ഞു.
‘ഇനാസീടെ ആരോഗ്യത്തിന്റെ രഹസ്യം അതാവും. സ്ലിം ബ്യൂട്ടി ബോയ്!’ ദമയന്തി പറഞ്ഞു.
എല്ലാവരും ചിരിച്ചു.
വിശപ്പിന്റെ ക്ഷീണം മറക്കാൻ ഈ സുന്ദരികളുടെ സാമീപ്യം കൊളളാമെന്ന് ഇനാസിയ്‌ക്കുതോന്നി.
വീശിക്കൊണ്ടിരുന്ന കാറ്റിൽ പെൺകുട്ടികളുടെ സാരിത്തലകളും തലമുടിയിഴകളും പാറിപ്പറന്നു.
‘വയറു നിറയുമ്പോൾ പട്ടിണിക്കാരനെ കളിയാക്കുന്നത് ഒരു രസംതന്നെയാണ് അല്ലേ?’ ചിരിച്ചുകൊണ്ടു തന്നെയാണ് ഇനാസി അതു പറഞ്ഞത്.
ഉമയുടെ മുഖം മങ്ങി. അവൾ പിന്നെ ഒന്നും മിണ്ടിയില്ല.
‘ഇനാസി എവിടാ താമസിക്കുന്നത്?’ ദമയന്തി ചോദിച്ചു.
‘ഇടപ്പിളളീല്. ഒരു ബന്ധുവിന്റെ വീട്ടിൽ.’
‘ബന്ധുവീട്ടിലോ?’ വിലാസിനി ചിരിച്ചു. മറ്റുളളവരുടെ ചിരിയും ചിതറിവീണു.
‘എതായാലും ഉപവാസം നിത്യവുമാകുന്നതു നന്നല്ല.’ ഉമ പറഞ്ഞു.
‘അതേ, ഉമയ്‌ക്കതിൽ ആത്മാർത്ഥമായ സങ്കടമുണ്ട് കേട്ടോ.’ ദമയന്തി പറഞ്ഞു. അതോടെ വീണ്ടും ചിരിയുയർന്നു.
ഉമയുടെ മുഖം വിളറി. അവൾ ദമയന്തിയെ പിടിച്ചുതളളി, സ്വയം ജാള്യത മറയ്‌ക്കാൻ ശ്രമിച്ചു.
ക്ലാസ്സിൽ വന്ന ആദ്യ ദിവസംതന്നെ ഉമയുടെ വലിയ കണ്ണുകളുടെ വശ്യത ഇനാസിയുടെ മനസ്സിൽ കൊളുത്തിയിരുന്നു. ഇനാസിയോട് അവൾക്കും ഒരു പ്രത്യേക മമത തോന്നിയിരിക്കണം.
ദമയന്തിയുടെ തലമുടിയിലെ മുല്ലപ്പൂവിന്റെ സുഗന്ധം അന്തരീക്ഷത്തിന് ഉന്മേഷം പകർന്നു. മുല്ലപ്പൂവിന്റെ സുഗന്ധം തനിക്കെന്നും ഇഷ്‌ടമായിരുന്നു, ഇന്നും.
‘ഇനാസിയെന്താ ഊണു കൊണ്ടരാത്തത്?’
വിലാസിനിയെന്ന നൃത്ത വിദ്യാർത്ഥിനി ചോദിച്ചു.
‘ആ ചോദ്യം വളരെ നന്നായിരിക്കുന്നു.’ -ഇനാസി പറഞ്ഞു. എന്നെപ്പോലെ ഉച്ചഭക്ഷണം കൊണ്ടുവരാൻ നിവൃത്തിയില്ലാതെ പൈപ്പുവെളളം കുടിച്ചുകഴിയുന്ന യുവാക്കൾ ഈ നഗരത്തിലേറെയുണ്ട്. അവർ എന്തുകൊണ്ടു പട്ടിണിയാകുന്നു എന്നു ചോദിക്കാൻ ആരെങ്കിലുമുണ്ടോ? ഏതായാലും എന്നോടുളള നിങ്ങളുടെ സ്‌നേഹത്തിനു നന്ദി. ഉണ്ടുകഴിഞ്ഞിട്ടാണെങ്കിലും എന്റെ കാര്യം അന്വേഷിച്ചല്ലോ!‘
’അല്ലെങ്കിൽ എല്ലാരുടേം പട്ടിണി മാറ്റീട്ട് ആർക്കെങ്കിലും ഭക്ഷണം കഴിക്കാനാക്വേ?‘ ഉമ പറഞ്ഞു.
’ഈ മനോഭാവമാണ് ഇവിടെ പട്ടിണിക്കോലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്.‘ ഇനാസി പറഞ്ഞു.
’ഏതായാലും ഇനാസിയ്‌ക്കു രാഷ്‌ട്രീയ നേതാവാകാനുളള യോഗ്യതയൊണ്ട്.‘ വിലാസിനി പറഞ്ഞു.
’ഇല്ല. എനിക്കതിനും കഴിവില്ല. രാഷ്‌ട്രീയ നേതാവാകാനുളള കഴിവൊന്നു വേറെ. ഈ രാജ്യത്തെ തൊഴിലില്ലാത്തവരെക്കുറിച്ചും പട്ടിണി കിടക്കുന്നവരെക്കുറിച്ചും അദ്ധ്വാനിക്കുന്നവരെക്കുറിച്ചും ഒക്കെ മുതലക്കണ്ണീരൊഴുക്കി, അതിന്റെ മാന്ത്രികശക്തിയിൽ അവരെ മയക്കി, അവരെ ചൂഷണം ചെയ്യാനുളള കഴിവാണ് ഇന്നത്തെ രാഷ്‌ട്രീയക്കാരനു വേണ്ടത്. എനിക്കതൊന്നുമറിഞ്ഞുകൂടേയ്.‘ – ഇനാസി പിന്നിൽ കൈകെട്ടി തിരിഞ്ഞുനിന്നു.
’ഇത്തരം മുരട്ടുവർത്തമാനം കേക്കാനൊരു സുഖോമില്ല. വല്ല തമാശേം പറയൂ.‘ ഉമ പറഞ്ഞു.
’സോറി. ഫലിതം പറഞ്ഞ് ആരെയും രസിപ്പിക്കാനുളള കഴിവെനിക്കില്ല.‘
’എന്നാപ്പിന്നെ ഒരുപദേശിയായാ മോശം വരില്ല.‘ – ഉമ പറഞ്ഞു.
പെൺകുട്ടികൾ ചിരിച്ചാർത്തു.
അപ്പോഴേയ്‌ക്കും ദിനേശനും, സാജനും, വിപിനുമെത്തി. പിന്നാലെ ശാന്താമാത്യൂ, ആശാജേക്കബ്ബ്, അരുണ.
’എന്തെടോ ഇനാസീ, ഗോപകന്യകമാരുടെ നടുവിലെ ശ്രീകൃഷ്‌ണനെപ്പോലെയുണ്ടല്ലോ..‘
’ഉപമയെനിക്കു നന്നെ പിടിച്ചു. ഒരുണ്ണികൃഷ്ണനാകാൻ കഴിഞ്ഞല്ലോ!‘- ഇനാസി ചിരിച്ചു.
ഉമയുടെ വിടർന്ന കണ്ണുകളിൽ ഒരാരാധനാഭാവമായിരുന്നു. മനസ്സിൽ കുളിരനുഭവപ്പെട്ടു. എങ്കിലും അയാളുടെ കണ്ണുകൾ പരിഭ്രമത്തിൽനിന്നു മോചനം നേടാനായി മറ്റുളളവരുടെ മുഖങ്ങളിൽ പതറി നിന്നു.
’നമുക്കാ വാകമരത്തണലിലിരിക്കാം.‘ ഇനാസി പറഞ്ഞു.
’അതെ, എന്തിനാ വെറുതെനിന്നു വിഷമിക്കണത്.‘ വാകപ്പൂക്കൾ വാരി മുകളിലേക്കെറിഞ്ഞുകൊണ്ടു വിപിൻ പറഞ്ഞു.
വാകമരത്തണലിൽ, വൃത്തിയുളള സ്ഥലം നോക്കി അവർ ഇരുന്നു. ഉമ തീപ്പെട്ടിക്കോലുകൊണ്ട് മണ്ണിൽ ചിത്രങ്ങൾ വരച്ചു. അവളുടെ നേർത്ത വിരൽത്തുമ്പുകളിൽ ക്യൂടെക്‌സില്ലായിരുന്നു, കഴുത്തിൽ സ്വർണ്ണത്തിന്റെ തിളക്കമില്ലായിരുന്നു. വിലകുറഞ്ഞ ഒരിളം നീലവോയിൽ സാരിയും ഇളംനീല ബ്ലൗസുമാണ് അവൾ അണിഞ്ഞിരുന്നത്. അനാർഭാടമായ സുന്ദരി.
അവർ അടുക്കും ചിട്ടയുമില്ലാതെ ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു. അവ്യക്തമായ ഒരു സ്വാതന്ത്ര്യത്തിന്റെ ഉത്സാഹവും ഉന്മേഷവും ഇളം വെയിൽപോലെ അവരിൽ കിളുർത്തു.
മണിയടിച്ചപ്പോൾ എല്ലാവരും എഴുന്നേറ്റ് മണ്ണുതട്ടിക്കുടഞ്ഞ് ക്ലാസ്സുകളിലേയ്‌ക്കുപോയി.
സംഗീതത്തിനും നൃത്തത്തിനുമാണ് പെൺകുട്ടികൾ കൂടുതൽ. കഥകളി, ചിത്രരചന, ശില്പവിദ്യ എന്നിവയ്‌ക്ക് ആൺകുട്ടികളും. എങ്കിലും കലയുടെ ഉൾനിലാവ് എല്ലാവരെയും അടുപ്പിക്കുന്നു.
ക്ലാസ്സിൽ ചെന്നിരുന്നിട്ടും ഇനാസിയുടെ മനസ്സ് ഒരു തുമ്പിയെപ്പോലെ ഉമയെ വട്ടമിട്ടു പാറിപ്പറന്നു. ഇടയ്‌ക്ക് അവളുടെ വിടർന്നു തിളങ്ങുന്ന മിഴികളുമായി ഇടഞ്ഞപ്പോൾ മനസ്സു പതറി. ഇടയ്‌ക്ക് അവൾ രഹസ്യമായി ഓരോ പുഞ്ചിരി സമ്മാനിച്ചു. അവ അവന്റെ ഹൃദയത്തിൽ കുളിരോലുന്ന അനുഭൂതികൾ വിതറി. അവളുടെ ചന്ദനനിറമുളള നെറ്റിയിൽ ഒരു സിന്ദൂരതിലകമുണ്ടെങ്കിൽ ഉദയസൂര്യനെപ്പോലെ തോന്നുമായിരുന്നു എന്ന് അവനുതോന്നി.
സ്വതസിദ്ധമായ പുഞ്ചിരിയുമായി സീരിമാസ്‌റ്റർ എത്തി. ഒരു നേർരേഖപോലെ നിവർന്നു നടക്കുന്ന മെലിഞ്ഞ മാസ്‌റ്ററെ എല്ലാവർക്കും സ്‌നേഹമാണ്. അതിലേറെ ബഹുമാനവും. ഗുരു-ശിഷ്യബന്ധത്തെ സൗഹൃദത്തിലൂടെ നിലനിർത്താനും വളർത്താനുമുളള അസാധാരണമായ വ്യക്തിത്വമാണ് സീരിമാസ്‌റ്റർക്കുളളത്.
രാവിലെ വരച്ച ചിത്രങ്ങളെല്ലാം ഒന്നോടിച്ചു നോക്കിയിട്ട് അദ്ദേഹം മേശയ്‌ക്കരികിൽ ചെന്നുനിന്നു.
സംസാരത്തിന്റെ ആരവം നിലച്ചു. എല്ലാ കണ്ണുകളിലും മാസ്‌റ്റർ തെളിഞ്ഞുനിന്നു. എന്താണ് മാസ്‌റ്റർ പറയാൻ പോകുന്നതെന്ന ആകാംക്ഷ.
’ഇപ്പോൾ വാനിഷിംങ്ങ്, പേഴ്‌സ്പക്‌റ്റീവ് എന്നിവയെല്ലാം മനസ്സിലായല്ലോ… ഏതു വസ്‌തുവിന്റെയും ഔട്ട്‌ലൈൻ യഥാർത്ഥശൈലിയിൽ വരയ്‌ക്കാൻ നിങ്ങൾക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം.
അദ്ദേഹം ഒന്നു നിർത്തി. കുട്ടികളുടെ മുഖഭാവങ്ങൾ ആകെക്കൂടിയൊന്നു നോക്കി. ആരും ഒന്നും മിണ്ടിയില്ല.
‘ഇനിയും ഒരു മോഡൽ സെറ്റു ചെയ്‌തുതരാം.’
എല്ലാവരും ശ്രദ്ധിച്ചിരുന്നു. എന്താണാവോ വരയ്‌ക്കാൻ പോകുന്ന മോഡൽ?
മാസ്‌റ്റർ ഒരു ടീപ്പോയ് കൊണ്ടുവന്നു ഹാളിന്റെ നടുക്കുവച്ചു. അതിന്മേൽ രണ്ടുമൂന്നു പുസ്തകങ്ങൾ. അവയ്‌ക്കുമേലെ ഒരു കണ്ണട. അതിന്റെയരികിൽ ഒരു പേന, ഒരു പെൻസിൽ. പുസ്തകത്തിനു ചുവട്ടിൽ ചേർന്ന് ഒരു ചൂരൽവടി. പിന്നെ ഒരു ചോറ്റുപാത്രം. ടീപ്പോയിയുടെ താഴെ കാലിനോടുചേർന്ന് ഒരു ജോടി ചെരുപ്പ്. ചാരിവച്ച ഒരു കാലൻകുട.
സീരിമാസ്‌റ്റർ മാറിനിന്ന് മോഡൽ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് ചിലതൊക്കെ അല്പം നീക്കിയും ചാരിയും ഒക്കെവച്ചു നോക്കി. പിന്നെ തൃപ്തിയായ മട്ടിൽ മാറിനിന്നു കുട്ടികളെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞുഃ
‘ഇതെല്ലാം കൂടികണ്ടിട്ട് എന്തു തോന്നുന്നു?’
എല്ലാവരും മോഡൽ സൂക്ഷിച്ചുനോക്കിയിരുന്നു. എന്താണഭിപ്രായം പറയുക? പതിഞ്ഞസ്വരത്തിൽ കമന്റുകൾ പൊങ്ങി. അടക്കിയ ചിരികൾ. ആരും ഉറക്കെ അഭിപ്രായം പറഞ്ഞില്ല.
‘വിപിൻ, വാട്ട് യൂ മീൻ വിത് ദിസ് മോഡൽ?’
‘സ്‌റ്റിൽ ലൈഫ്.’ -വിപിൻ എഴുന്നേറ്റുനിന്നു പറഞ്ഞു.
‘യെസ്, ബട്ട് ആൻ ഐഡിയാ…?’ മാസ്‌റ്റരുടെ മുഖം തെളിഞ്ഞു.
ആരും ഒന്നും മിണ്ടിയില്ല.
‘ഇനാസി.’
ഇനാസി ഒരു നിരീക്ഷണം നടത്തിയിട്ടു പറഞ്ഞു.
‘ഒരദ്ധ്യാപകന്റെ വസ്‌തുപ്രപഞ്ചം.’
‘യെസ്. യൂ ആർ ഓൾ മോസ്‌റ്റ് കറക്‌റ്റ്.’
ഒരു നിമിഷം എല്ലാവരുടെയും കണ്ണുകൾ ഇനാസിയുടെ നേരെ വിടർന്നു.
‘ശരി. ഇനി വരച്ചോളൂ. രണ്ടുമണിക്കൂർ കൊണ്ടു വരച്ചു ഷേഡിട്ടു ഫിനിഷ് ചെയ്യണം.’
‘രണ്ടുമണിക്കൂർ പോരാതെ വരും സാർ. മാറ്റർ ധാരാളമായിപ്പോയി. ഡീറ്റെയിൽസ് അധികം.’- ദിനേശൻ അഭിപ്രായപ്പെട്ടു.
‘ഓ സാരമില്ല. ഇതിൽ നിന്നെന്തെങ്കിലുമൊഴിവാക്കിയാൻ സെറ്റ് അപൂർണ്ണമാകും. നിങ്ങൾ വരച്ചോളൂ ലൈറ്റ് ഒരു വശത്തു നിന്ന് വീഴുന്നതായി സങ്കല്പിക്കണം. വേണമെങ്കിൽ വലതുവശത്തെ ജനലുകൾ അടച്ചോളൂ…’
സീരിമാസ്‌റ്റർ പറഞ്ഞു.
ശാന്താ മാത്യു എഴുന്നേറ്റു ചെന്നു ജനലുകളടച്ചു.
മോഡലിന്റെ ഇടതുവശത്തു വെളിച്ചവും വലതുവശത്ത് താഴേയ്‌ക്കു ചരിഞ്ഞു നിഴലുകളും വീണു.
‘ഓക്കെ.’ ഒരു പുസ്തകവുമെടുത്ത് സീരിമാസ്‌റ്റർ അടുത്ത ഹാളിലേയ്‌ക്കു പോയി.
ഇടവേളകളിലെല്ലാം മാസ്‌റ്റർ ഏതെങ്കിലും പുസ്തകം വായിച്ചു കൊണ്ടിരിക്കും. അല്ലെങ്കിൽ പത്രങ്ങൾക്കുവേണ്ടി കാർട്ടൂണുകൾ വരച്ചുകൊണ്ടിരിക്കും.
കുട്ടികൾ ഹാളിന്റെ പല ഭാഗത്തായി ഇരുന്നു ബോർഡ് ക്രമപ്പെടുത്തി വ്യൂ തിരഞ്ഞെടുത്തു. പിന്നെ മോഡൽ നോക്കി. ഈർക്കിൽ നീട്ടിപ്പിടിച്ച് അളവുകണക്കാക്കി ഔട്ട് ലൈൻ വരയ്‌ക്കാൻ തുടങ്ങി.
മാസ്‌റ്റർ ക്ലാസ്സിലില്ലാതിരുന്നതുകൊണ്ട് പലരും നിർഭയം കമന്റുകൾ തട്ടിമൂളിക്കാൻ തുടങ്ങി. ചിരികളുടെ അലകളുണർന്നു. പെൻസിൽ മുനകൾ കടലാസിൽ ചലിച്ചു. മോഡലിന്റെ രൂപരേഖകൾ ഒന്നൊന്നായി തെളിഞ്ഞു.
പുറത്ത് വാകമരത്തിൽ കാറ്റിളകി. ചുവന്ന പൂമഴ പെയ്‌തു. പൂമ്പൊടിയണിഞ്ഞ, നേർത്ത സുഗന്ധമുളള കാറ്റ് നേർത്ത മൂളിപ്പാട്ടുമായി കടന്നുപോയി. റോഡിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇരമ്പൽ ഇടയ്‌ക്ക് ഏതോ ഒരാക്രമണംപോലെ വരുകയും പോകുകയും ചെയ്‌തു. നിഴലുകൾ നീണ്ടു വളർന്നുകൊണ്ടിരുന്നു.
‘ഇനാസീ, ഒന്നു നോക്യേ….’
ഉമ ഡ്രോയിംഗ് ബോർഡുമായി അടുത്തുവന്നു. അവളുടെ സാന്നിദ്ധ്യവും ഗന്ധവും അവനിൽ ഒരു ഹർഷപുളകം ചാർത്തി. എങ്കിലും അവ്യക്‌തമായ ഒരു പരിഭ്രമം മുഖത്തുണ്ടാകാതിരുന്നില്ല.
‘വല്ല കറക്ഷനും വേണോ?’ അവൾ മന്ദഹസിച്ചുകൊണ്ടു തിരക്കി. അപ്പോൾ അവളുടെ ഉടലാകെ ലാസ്യഭാവത്തിലൊന്നിളകി. അവന്റെ ഹൃദയതന്ത്രികളിൽ ഒരു സംഗീതത്തിന്റെ അനുരണനമുയർന്നു.
ഇനാസി അവളുടെ ബോർഡുവാങ്ങി മുന്നിൽ വച്ചു. അവനു തോന്നിയ തിരുത്തലുകൾക്കായി പെൻസിൽമുന ചലിപ്പിച്ചപ്പോൾ കൈവിറച്ചു.
‘ചോറ്റുപാത്രത്തിന്റെയും കണ്ണടയുടെയും പ്രൊപ്പോഷൻ ശരിയല്ല. ടീപ്പോയിയുടെ അങ്ങേവശത്തെ കാലിനു വാനിഷിംങ്ങ് പോര…’
‘താങ്ക് യൂ ഇനാസീ…’
വാക്കുകളെക്കാൾ കണ്ണുകളിലെ തിളക്കത്തിലായിരുന്നു നന്ദിയുടെ ആഴം.
‘ഓ…’ അവൻ മന്ദഹസിച്ചു.
‘ഇനാസി, നോക്കൂ ഷേഡിട്ടു. തുടങ്ങട്ടെ?’ ശാന്താമാത്യൂ വന്നു ചോദിച്ചു.
നെറ്റിയിൽ നീലതിലകവും കഴുത്തിൽ വെളളക്കല്ലു പതിച്ച നെക്‌ലസ്സും കൈത്തണ്ടിൽ കിലുങ്ങിച്ചിരിക്കുന്ന സ്വർണ്ണവളകളുമുളള ശാന്താമാത്യു.
‘ഇനാസീ, ഈ ഔട്ട് ലൈൻ എങ്ങനെ?’
‘ഇനാസി, ഇതിന്റെ പേഴ്‌സ്പക്‌റ്റീവ് മതിയോ?’
‘ഇതിന്റെ ഷേഡെങ്ങനിടണം? ലൈനോസ്‌റ്റംമ്പോ?’
സംശയങ്ങളും ചോദ്യങ്ങളും ഇനാസിയുടെ തലയ്‌ക്കുചുറ്റും അടയ്‌ക്കാക്കിളികളെപ്പോലെ ചിലച്ചാർത്തു പറന്നു.
‘ഓ, ഇനാസീടെ ഒരു ഭാഗ്യം! എന്നോടഭിപ്രായം ചോദിക്കാൻ ഒരുത്തീം വരുന്നില്ല’ – വിപിൻ പറഞ്ഞു.
‘അതിനൊക്കെ മുജ്ജന്മസുകൃതം വേണടോ’ -സാജൻ പറഞ്ഞു.
‘അതിനൊന്നും അസൂയപ്പെട്ടിട്ടു കാര്യംല്ല.’
ഇനാസി ഒരു മന്ദഹാസംകൊണ്ട് എല്ലാവരെയും അവഗണിച്ചതേയുളളൂ.
എല്ലാവരെക്കാളും സ്പീഡും നീറ്റ്‌നസ്സും നിരീക്ഷണബോധവും ഇനാസിക്കാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. തെറ്റുകൾ പെട്ടെന്നു കണ്ടുപിടിച്ചു ചൂണ്ടിക്കാണിക്കാൻ അയാൾക്കു സാമർത്ഥ്യം കൂടും. അതുകൊണ്ട് മാഷ് ക്ലാസ്സിലില്ലാത്തപ്പോൾ എല്ലാവരും സംശയം തീർക്കാൻ ചെല്ലുന്നത് ഇനാസിയുടെയടുത്താണ്. ആൺകുട്ടികളിൽ പലർക്കും ഇനാസിയോട് അസൂയതോന്നാറുണ്ട്.
സീരിമാസ്‌റ്റർ ക്ലാസ്സിൽ തിരിച്ചുവന്നു.
‘എന്തൊക്കെയായി? വരച്ചു കഴിഞ്ഞോ?’
‘കഴിഞ്ഞിട്ടില്ല, സാർ.’ വിപിൻ പറഞ്ഞു.
‘ഷേഡിട്ടു തുടങ്ങീട്ടേളളൂ.’ ശാന്താമാത്യൂ പറഞ്ഞു.
സീരി മാസ്‌റ്റർ ഓരോ കുട്ടിയുടേയും അടുത്തുചെന്ന് വരച്ച ചിത്രങ്ങൾ പരിശോധിച്ചു. തെറ്റുകൾ പറഞ്ഞു തിരുത്തിച്ചു. ശരിയായ രീതി പറഞ്ഞു ബോധ്യപ്പെടുത്തി.
ഇനാസി മാത്രമെ ഫിനിഷ് ചെയ്‌തിട്ടുളളു. മറ്റുളളവരുടെ ചിത്രങ്ങളെല്ലാം അപൂർണ്ണതയുടെ വിവിധഘട്ടങ്ങളിലായിരുന്നു. ഇനാസിയുടെ ചിത്രം നോക്കിനിന്ന് സീരിമാസ്‌റ്റർ പറഞ്ഞുഃ
‘കൊളളാം. ഷാർപ്പ് ഫിനിഷിംഗ്! ലൈൻ ഷേഡിനു ഒരന്തസ്സുണ്ട്.’
മാസ്‌റ്റർ ഇനാസിയുടെ ബോർഡ് ഉയർത്തിപ്പിടിച്ചു കുട്ടികളെ കാണിച്ചു.
ഇനാസിയ്‌ക്കു ഉൾപ്പുളകമുണ്ടായി. തല കുനിച്ച് ഒന്നും കേട്ടില്ല എന്ന മട്ടിൽ ഇരുന്നു. പലരും എഴുന്നേറ്റുചെന്ന് ഇനാസിയുടെ ബോർഡിനു ചുറ്റുംകൂടി.
‘ഇനാസി ചിത്രം വരയ്‌ക്കാൻ പിറന്നവനാണ്.’ സംഗമേശ്വരൻ എന്ന താടിക്കാരൻ പറഞ്ഞു.
ആരാധന നിറഞ്ഞ മിഴിനാളങ്ങളുമായി തന്നെ ഉറ്റുനോക്കുന്ന ഉമയെ ഇനാസി കണ്ടു. അപ്പോൾ, ദാവീദിന്റെ വീട്ടുവളപ്പിൽ അകന്നുമാറി ഒറ്റയ്‌ക്കുനിന്നു മൂകമായി ചിരിക്കുന്ന ചെമ്പരത്തിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു.
Generated from archived content: vilapam5.html Author: joseph_panakkal