നാല്‌

കിളികളുടെ തൂയിലുണർത്തുപാട്ടിൽ, കാക്കകളുടെ പരുക്കൻവിളിയിൽ ഉറക്കത്തിന്റെ ലോലമായ പട്ടുനൂലുകൾ ഊർന്നുവീണു. സംശയത്തോടെ മിഴികൾ തുറന്നപ്പോൾ പുതിയ പ്രഭാതത്തിന്റെ മന്ദസ്മിതം മുറിയിൽ നിറഞ്ഞുനിന്നു.

ദൈവമേ…!

ഭക്തിയുടെ നീലപ്പൂക്കൾ വിടരുന്ന മനസ്സ്‌.

ഹോട്ടൽക്കാരൻ ദാവീദിന്റെ സ്‌നേഹമുളള മുഖം മനസ്സിൽ നിറഞ്ഞുനിന്നു. ഹൃദയത്തിൽ കൃതജ്ഞതയുടെ കുളിര്‌.

എഴുന്നേറ്റ്‌ ജനൽപ്പാളികൾ തുറന്നിട്ടു. ജാലകത്തിനുവെളിയിൽ പ്രഭാതത്തിന്റെ ഇളംനീലമുഖം. തണുത്തവായുവും തണുത്ത വെളിച്ചവും അകത്തേയ്‌ക്കു പാഞ്ഞുകയറി.

സാക്ഷയുടെ ഓടാമ്പൽ നീക്കി വാതിൽ തുറന്നപ്പോൾ കണ്ടത്‌ കറുത്തുതടിച്ച, കുടവയറുളള ഒരാൾ മുറ്റത്തുകൂടെ വീടിനുചുറ്റും ഓടുന്നതാണ്‌. അത്‌ ദാവീദാണ്‌. എന്താണങ്ങനെ ഓടുന്നതെന്നറിയാതെ ആശങ്കയോടെനിന്നു. അയാൾ വീണ്ടും ഒരേ വേഗത്തിൽ, ഒരേതാളത്തിൽ, ആരെയും ശ്രദ്ധിക്കാതെ ഓടിക്കൊണ്ടിരുന്നു. ഏതാനും മിനിട്ടുകൾക്കുശേഷം ദാവീദ്‌ കിതച്ചുകൊണ്ട്‌ വരാന്തയിൽ, ഇനാസിയുടെ മുന്നിൽ വന്നുനിന്നു. കിതയ്‌ക്കുന്നതിനിടയിൽ ചിരിച്ചുകൊണ്ട്‌ അയാൾ പറഞ്ഞു.

‘ഇതെന്റെ പതിവു വ്യായാമമാണ്‌. കുടവയർ ഒന്നൊതുക്കാൻ ഇതേ മാർഗ്ഗമൊളളൂ.’

‘കൊളളാം. കുറച്ചുവ്യായാമം നല്ലതാണല്ലോ’- ഇനാസിയുടെ ശബ്‌ദത്തിൽ ആത്മാർത്ഥതയുടെ മണിമുഴക്കമുണ്ടായി.

‘ഉറക്കം സുഖമായോ?’- ദാവീദ്‌ സന്തോഷത്തോടെ തിരക്കി.

‘ഉവ്വ്‌. കിടന്നിട്ട്‌ നേരം പുലർന്നതറിഞ്ഞില്ല.’

‘ശരി. ഞാനൊന്നു കുളിച്ചിട്ടു വരാം.’ – ദാവീദ്‌ ഒരു യുവാവിന്റെ ഊർജ്ജസ്വലതയോടെ നടന്നു. അയാളുടെ ശരീരം നിറയെ നീണ്ട, നരയ്‌ക്കാത്ത രോമക്കാടുകൾ!

ഒരു അസാധാരണ മനുഷ്യൻ എന്ന്‌ ഇനാസിയുടെ ഹൃദയം മന്ത്രിച്ചു. കൂടുതലൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും നല്ലൊരു മനുഷ്യൻ എന്നു ഇനാസി തന്നോടുതന്നെ പറഞ്ഞുപോയി.

ഇനാസി വീടും പരിസരങ്ങളും ശ്രദ്ധിച്ചുകൊണ്ടുനിന്നു. സാമാന്യം നല്ല ഒരിടത്തരം വീട്‌. പച്ച ഡിസ്‌റ്റമ്പർ തേച്ച വൃത്തിയുളള ചുമരുകൾ, ആണിയിൽ തൂങ്ങുന്ന രണ്ടു കലണ്ടറുകൾ. കാലപ്പഴക്കംകൊണ്ടു മഞ്ഞിയ്‌ക്കുകയും പുളളികൾ വീഴുകയും ചെയ്‌തു വികൃതമായ, വൃദ്ധദമ്പതികളുടെ വലിയൊരു ഫോട്ടോ. ഇനാസി ആ ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. വൃദ്ധന്റെ മുഖത്തിന്‌ ദാവീദിന്റെ ഛായയുണ്ട്‌. ഒരു പക്ഷെ, ദാവീദിന്റെ മാതാപിതാക്കളാകാം.

ഇന്നലെ വന്നു കയറിയപ്പോൾ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഒരു നീർച്ചുഴിയിൽനിന്നു കരകയറിയതിന്റെ പാരവശ്യമായിരുന്നു. നഗരത്തിലെ അഭിശപ്തമായ രാവുകളും തീക്ഷ്‌ണങ്ങളായ പകലുകളും തന്നിലേല്പിച്ച പീഢനങ്ങളുടെ ക്ഷീണം ഇവിടെ എത്തിയപ്പോഴാണറിഞ്ഞത്‌. കട്ടിലിൽ ചെന്നുകിടന്നിട്ട്‌ പുലർന്നപ്പോഴേ ഉണർന്നുളളൂ. ഒരു നീണ്ടരാത്രി എത്ര പെട്ടെന്നാണൂർന്നു വീണത്‌.

മുറ്റം നിറയെ പടർന്നു പന്തലിച്ചു നില്‌ക്കുന്ന ഒരു പേരമരം-അതിന്റെ ചില്ലകളിൽ സൂചിമുഖിപക്ഷികൾ ചിലച്ചുകൊണ്ട്‌ അക്ഷമയോടെ അങ്ങിങ്ങു പാറിപ്പറക്കുന്നതുകാണാൻ കൗതുകംതോന്നി. തിളങ്ങുന്ന കടുംനീലത്തൂവലുകളും സൂചിപോലുളള കൊക്കുകളുമുളള കൊച്ചുപക്ഷികൾ.

ഇനാസിക്ക്‌ കുട്ടിക്കാലംമുതലേ പക്ഷികളോടു വല്ലാത്ത കമ്പമാണ്‌. ഓരോയിനം പക്ഷികളുടേയും പ്രത്യേകതകൾ സൂക്ഷ്‌മതയോടെ നോക്കി മനസ്സിലാക്കുന്നതിന്‌ എന്നും രസംതോന്നിയിട്ടുണ്ട്‌.

ദാവീദ്‌ കുളികഴിഞ്ഞുവന്ന്‌ തലമുടി ചീകുമ്പോൾ ഇനാസി ഓർത്തുഃ ഈ കുറ്റിത്തലമുടി ചീകുന്നതും ചീകാത്തതും കണക്കാ.

പക്ഷേ, ദാവീദിന്‌ അതൊരു ദൈനംദിന കർമ്മമാണ്‌. കുളിച്ചാൽ മുടിചീകിയില്ലെങ്കിൽ ഒരു സുഖമാവില്ല.

അലക്കിത്തേച്ച മുണ്ടും ഷർട്ടും ബനിയനുമായി വാഴക്കൂമ്പുപോലെ ഒരു പാവാടക്കാരി ദാവീദിന്റെയടുത്തുവന്നു. പുറമാകെ പടർന്നു ചിതറിക്കിടക്കുന്ന ചുരുണ്ടമുടി. കാതിൽ വലിയ സ്വർണ്ണവളയം. ഗോതമ്പുനിറമുളള ഓവൽമുഖം.

‘ഓ നീ ഇത്രവേഗം തേച്ചുകൊണ്ടുവന്നോ! കൊളളാം.’

വസ്‌ത്രങ്ങൾ വാങ്ങുമ്പോൾ ചിരിച്ചുകൊണ്ട്‌ ദാവീദ്‌ അവൾക്കൊരഭിനന്ദനം നല്‌കി. അവളുടെ മുഖം തുടുത്തു.

‘ഇതെന്റെ മോളാ. സോഫിയ.’- ഇനാസിയുടെ നേരെ നോക്കി ദാവീദു പറഞ്ഞു.

അവളുടെ കണ്ണുകൾ കൂമ്പുകയും കവിളിൽ നേർത്ത ശോണിമ പരക്കുകയും ചെയ്‌തു.

ഇനാസി മന്ദസ്മിതത്തോടെ ഒന്നു നോക്കി. ഒന്നും മിണ്ടിയില്ല. അപ്പോൾ ദാവീദ്‌ മകളോടു പറഞ്ഞു.

‘ഇയാൾ നല്ലൊരു കലാകാരനാ, ഇനാസി. ചിത്രകല പഠിക്കുന്നു. നിനക്കൊരു ചേട്ടനായി ഇവിടെ താമസിക്കാൻ പോവുകയാണ്‌.’

സോഫിയ ഇനാസിയുടെ മുഖത്തേയ്‌ക്കൊന്നുനോക്കി. മുഖത്തൊരു മന്ദഹാസത്തിന്റെ ഒളിപരന്നതല്ലാതെ അവളും ഒന്നും മിണ്ടിയില്ല.

‘കാപ്പിയായോ മോളെ?’

‘അമ്മയെടുക്കുന്നുണ്ട്‌.’

അവൾ തിരിച്ചുപോയപ്പോൾ ദാവീദ്‌ പറഞ്ഞുഃ

‘എന്റെ മുണ്ടും ജൂബ്ബയും ബനിയനുമൊക്കെ അലക്കിത്തേച്ച്‌ ദിവസവും രാവിലെ കൊണ്ടുവന്നു തരുന്നത്‌ അവളുടെ ചുമതലയാ. എനിക്കു ദിവസവും വസ്‌ത്രം മാറാതെ പറ്റില്ല.’

ഒരു മകളെയുളളുവെന്നു തോന്നുന്നു. മറ്റാരെയും ഇനാസി കണ്ടില്ല. മറ്റാരുടെയും ശബ്‌ദവും കേട്ടിട്ടില്ല.

മണൽവിരിച്ച മുറ്റത്തിന്റെ അതിരുകളിൽ പൂച്ചെടികൾ. ചുവന്ന പൂക്കളണിഞ്ഞു പ്രൗഢയായ റോസ്‌ച്ചെടികൾ. മഞ്ഞയും ചുവപ്പും പച്ചയും നിറങ്ങളിടകലർന്ന ഭംഗിയേറിയ കിളിവാലൻ ചെടികൾ. യാഥാസ്ഥിതികമായ അയിത്തബോധത്തോടെ അകന്നുമാറി മുറ്റത്തിന്റെ ഒരു മൂലയിൽ, മുടിയിൽ ചുവന്ന പൂക്കൾ തിരുകി നില്‌ക്കുന്ന ഗ്രാമപുത്രിയായ ഇരുണ്ട ചെമ്പരുത്തി.

സുഗന്ധമില്ലാത്ത, പെണ്ണുങ്ങൾക്കു മുടിയിൽ ചൂടാൻ കൊളളാത്ത, എല്ലാവരും പുച്ഛത്തോടെ മാത്രം കാണുന്ന പാവം ചെമ്പരുത്തി. അവൾക്കു വെളളവും വളവുമൊന്നും ആരും ഇട്ടുകൊടുക്കാറില്ലെന്നു തോന്നുന്നു. എന്നിട്ടും അവൾ വളരുന്നു; പൂക്കൾ വിരിയിക്കുന്നു.

താനും ആ ചെമ്പരുത്തിയും ഒരു പോലെയാണെന്ന്‌ ഇനാസിക്കുതോന്നി.

‘ദാ കാപ്പി’- ഇമ്പമാർന്ന സ്വരം കേട്ട്‌ ഇനാസി തിരിഞ്ഞുനോക്കി.

ചുവന്ന കുപ്പിവളകളണിഞ്ഞ വെളുത്ത കൈയിൽ കാപ്പി ഗ്ലാസ്സുമായി നില്‌ക്കുന്ന, സോഫിയ. അപരിചിതത്ത്വത്തിന്റെ തണുത്ത ഭാവമുളള മുഖത്ത്‌ നാണത്തിന്റെ നേർത്ത കുങ്കുമം പുരണ്ടിരിക്കുന്നു. വിടർന്നു തിളങ്ങുന്ന കണ്ണുകളിൽ പതറുന്ന കൃഷ്‌ണമണികൾ.

ഇനാസി ഗ്ലാസ്സുവാങ്ങി. അവൾ തലകുനിച്ചുനിന്നു. അയാൾ കാപ്പി കുടിച്ചുകൊണ്ടിരിക്കെ അവൾ അറിയാത്ത ഭാവത്തിൽ ഒളിഞ്ഞുനോക്കി. ഇനാസിയുടെ കണ്ണുകൾ അതുകണ്ടെത്തിയപ്പോഴേയ്‌ക്കും അവൾ ദൃഷ്‌ടികൾ തിരിച്ച്‌ വേഗം അകത്തേയ്‌ക്കുപോയി.

ഒഴിഞ്ഞ ഗ്ലാസ്സ്‌ അരമതിലിലെ ഉരുളൻ തൂണിനോടു ചേർത്തുവച്ചു.

ദാവീദ്‌ ഉടുത്തൊരുങ്ങി ഇറയത്തു വന്നപ്പോൾ ഇനാസി ആദരവോടെ എഴുന്നേറ്റു. ജൂബ്ബയുടെ കൈ മുകളിലേയ്‌ക്കു മടക്കിക്കയറ്റുമ്പോൾ ചോദിച്ചുഃ

‘ഇന്നലെ പറഞ്ഞതൊക്കെ ഇനാസിക്കോർമ്മയുണ്ടല്ലോ?’

ഇനാസി തല കുലുക്കി.

‘ഇത്‌ ഇനാസീടെ വീടുതന്നെയെന്നു കരുതിക്കോ. തന്നെ എന്റെ മകനെപ്പോലെ ഞാൻ കണക്കാക്കുന്നു. സമയമാകുമ്പോ ക്ലാസ്സീപ്പൊക്കോ.’

ഇനാസിയുടെ കണ്ണുകൾ നനഞ്ഞു. ദാവീദ്‌ എന്ന മനുഷ്യന്റെ ഹൃദയം ഒരു ദേവാലയമാണെന്നു തോന്നി. വിനയാന്വിതനായി അയാൾ നിന്നു.

‘ശരി. ഞാനിറങ്ങട്ടെ.’

ദാവിദ്‌ ഒന്നു പുഞ്ചിരിച്ച്‌ ഇറങ്ങി നടന്നു. പടിക്കലെത്തിയപ്പോൾ പെട്ടെന്ന്‌ എന്തോ ഓർത്തുനിന്നു. പിന്നെ തിരിഞ്ഞു ഇനാസിയെ വിളിച്ചു. ഇനാസി ഓടിച്ചെന്നു.

‘കാശ്‌ വല്ലതും വേണോ?’

‘വേണ്ട.’

‘അല്ല, ഇതിരിക്കട്ടെ. വല്ലതും അത്യാവശ്യം വന്നാൽ.’

ഒരു അഞ്ചിന്റെ നോട്ട്‌ ദാവീദ്‌ ഇനാസിയുടെ കീസയിൽ തിരുകി. അതു നിരസിക്കാൻ ഇനാസിയ്‌ക്കു കഴിഞ്ഞില്ല.

കെകൾ വീശി ഉത്സാഹത്തോടെ നടന്നുപോകുന്ന ദാവീദിനെ സ്‌നേഹാദരങ്ങളോടെ ഇനാസി നോക്കിനിന്നു. കാഴ്‌ചയിൽ പരുക്കനായി തോന്നിക്കുന്ന ആ മനുഷ്യനിൽ മാർദ്ദവമേറിയ മനുഷ്യത്വമാണുളളതെന്നറിയുന്നത്‌ ഇന്നലെ രാത്രിയിലാണ്‌.

കോമളവല്ലി എന്ന വേശ്യ തന്ന പൈസകൊണ്ട്‌ ഊണു കഴിക്കാനാകാതെ, വിളമ്പിയ ഭക്ഷണമുപേക്ഷിച്ചെഴുന്നേറ്റ ദിവസം മുതലാണ്‌ ദാവീദ്‌ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്‌. ആ രാത്രിതന്നെ, ആളൊഴിഞ്ഞ നേരത്ത്‌ താൻ ദാവീദിനെ സമീപിച്ച്‌ ഇടറുന്ന തൊണ്ടയോടെ തന്റെ കഥ പറഞ്ഞു. പഠനം പൂർത്തിയാകുന്നതുവരെ കഴിഞ്ഞുകൂടാൻ എന്തെങ്കിലുമൊരു തൊഴിൽ…

അയാൾ ഏതാനും നിമിഷം നിശ്ശബ്‌ദം തന്നെ സൂക്ഷിച്ചുനോക്കി. ആ കണ്ണുകൾ എന്തൊക്കെയോ മനസ്സിലാക്കി. ആ മുഖത്ത്‌ അനുകമ്പയുടെ നേർത്ത പ്രകാശം തെളിയുന്നതു താൻ കണ്ടു.

‘തനിക്കു തരാൻ പറ്റിയ പണിയൊന്നും ഇവിടില്ല. പിന്നെ എങ്ങനെ….?’

-സൗമ്യമായ ആ ശബ്‌ദം നിർവ്യാജമായ ഒരു ഹൃദയത്തിൽ നിന്നൊഴുകി വന്നതാണെന്നുതോന്നി. ഒന്നും മിണ്ടാതെ, ദയ യാചിക്കുന്ന കണ്ണുകളുമായി നിസ്സഹായതയുടെ പ്രതിരൂപംപോലെ നിന്നു.

‘തന്റെ നാടെവിടാ?’

സ്ഥലത്തിന്റെ പേരു പറഞ്ഞു.

‘അപ്പനുമമ്മയുമൊക്കെ….?’

‘മരിച്ചുപോയി. ഞാനും ഒരു സഹോദരീം മാത്രേളളൂ. അവളൊരു മഠത്തീ നില്‌ക്കയാ.’

ഒരു കസേര ചൂണ്ടി ദാവീദ്‌ പറഞ്ഞുഃ

‘താനവടിരിക്കൂ.’

ഇരുന്നില്ല.

പിന്നെ കഥമുഴുവൻ പറഞ്ഞു. നഗരത്തിലേയ്‌ക്കു വന്നതിന്റെ ഉദ്ദേശ്യവും സാഹചര്യവുമെല്ലാം വിവരിച്ചു. എല്ലാം കേൾക്കാനുളള ദയ അദ്ദേഹത്തിനുണ്ടായി. അവസാനം അദ്ദേഹം ചോദിച്ചു.

‘അപ്പോ, തനിക്ക്‌ നില്‌ക്കാനൊരിടം വേണം. പിന്നെ പഠിക്കാൻ വേണ്ട ചെലവും അല്ലെ?’

‘അതെ, അതിനു ഞാൻ എന്നാലാവുന്ന ജോലി ചെയ്യാം.’

പെട്ടെന്നു മറുപടിയൊന്നും പറഞ്ഞില്ല. എന്തോ ആലോചിച്ചിരുന്നശേഷം അദ്ദേഹം പറഞ്ഞു.

‘ഗ്ലാസ്സും പാത്രവും കഴുകലും മേശ തുടക്കലും ഭക്ഷണം വിളമ്പലുമൊക്കെയാണ്‌ ഇവിടെ ചെയ്യാവുന്ന ജോലി.’

‘അതെനിക്കറിയാം.’

‘എങ്കിൽ താനിവിടെ നിന്നോ. രാവിലെ ഒമ്പതു മണിവരെയും വൈകിട്ട്‌ ആറുമുതൽ പത്തുവരെയും ജോലി ചെയ്യണം.’

തന്റെ മുഖത്ത്‌ കൃതജ്ഞതയുടെ പ്രകാശം പരന്നു.

‘അപ്പോൾ പഠനത്തിനു ബുദ്ധിമുട്ടുണ്ടാവില്ലല്ലോ.’

‘ഇല്ല സാർ.’

അങ്ങനെ താൻ ഹോട്ടലിലെ ഒരു പണിക്കാരനായി. എച്ചിൽപ്പാത്രങ്ങൾ കഴുകിയപ്പോഴും മേശ തുടച്ചപ്പോഴും ഒരു പ്രയാസവും തോന്നിയില്ല. സ്വാശ്രയ ജീവിതത്തിന്റെ അന്തസ്സും അഭിമാനവുമാണ്‌ മനസ്സിൽ നിറഞ്ഞുനിന്നത്‌.

ചിത്രരചനയുടെ മാസ്‌മരലഹരിയിൽ മുഴുകുമ്പോൾ മറ്റെല്ലാം താൻ വിസ്‌മരിച്ചുപോകും. കലാലയത്തിൽ തന്റെ രചനകൾക്ക്‌ സഹപാഠികളുടെയും അദ്ധ്യാപകരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു. ജീവിതദുഃഖങ്ങളിൽനിന്ന്‌, ക്ലേശങ്ങളിൽനിന്ന്‌ തന്റെ വികാരങ്ങൾ മോചനം തേടിയത്‌ ചിത്രകലയിലാണ്‌.

ദാവീദ്‌ തന്നെ രഹസ്യമായി ഉറ്റുനോക്കിക്കൊണ്ടിരുന്നു. മടുപ്പില്ലാതെ, തളരാതെ ഓടിനടന്നു വിളമ്പുകയും ഗ്ലാസ്‌ കഴുകുകയും ചിലപ്പോൾ ബില്ലെഴുതിക്കൊടുക്കുകയും ഒക്കെ ചെയ്‌തിരുന്നത്‌ ദാവീദിനെ സന്തോഷിപ്പിച്ചു. എങ്കിലും തന്റെനേരെ അതൊന്നും തുറന്നു പ്രകടിപ്പിച്ചില്ല.

കലാലയത്തിൽനിന്നു വരുമ്പോൾ കൊണ്ടുവരുന്ന കടലാസ്സുചുരുളുകൾ വാങ്ങി കൗതുകത്തോടെ നോക്കും. അവയോട്‌ ഒരു പ്രത്യേക മതിപ്പ്‌ അദ്ദേഹത്തിന്റെ കണ്ണുകളിൽ തെളിയുന്നത്‌ താൻ സംതൃപ്തിയോടെ കണ്ടിരുന്നു.

തനിക്ക്‌ ദാവീദ്‌ എന്ന നല്ല മനുഷ്യനോടുളള മതിപ്പു വർദ്ധിക്കുകയായിരുന്നു.

പകലത്തെ പഠനവും രാത്രിയിലെ ഹോട്ടൽ ജോലിയും കഴിഞ്ഞ്‌, രണ്ടു മേശകൾ ചേർത്തിട്ട്‌ ഒരു ഷീറ്റുവിരിച്ചു താൻ കിടന്നാൽ പിന്നെ ശരീരത്തിനു തീ പിടിച്ചാൽപോലും അറിയില്ല. പുലരുംവരെ തളർന്ന്‌ ഒരൊറ്റയുറക്കമാണ്‌. മറ്റാരെങ്കിലും കുലുക്കി വിളിക്കുമ്പോഴേ ഉണരൂ.

ഇന്നലെ രാത്രി കടയടച്ച്‌ വീട്ടിലേയ്‌ക്ക്‌ പോകുവാൻ തുടങ്ങുമ്പോൾ ദാവീദ്‌ തന്നെ വിളിച്ച്‌ വാത്സല്യത്തോടെ പറഞ്ഞു.

‘ഇനാസി വരൂ. നമുക്കു വീട്ടിലേയ്‌ക്ക്‌ പോകാം.’

‘വേണ്ട. ഞാനിവിടെത്തന്നെ കിടന്നോളാം.’

‘അതുവേണ്ട, തനിക്കിനി കുറച്ചു സൗകര്യം ആവശ്യമാണ്‌. എന്റെകൂടെ വരൂ.’ അതൊരു കല്പനയായിരുന്നു.

പിന്നെ ഒന്നും പറയാനില്ലായിരുന്നു. കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ദാവീദിന്റെകൂടെ നടന്നു.

നഗരത്തിൽനിന്ന്‌ ഉളളിലേയ്‌ക്കിഴഞ്ഞു കയറുന്ന ഇടവഴിയിലൂടെ പുതിയ മണ്ണിന്റെ ഗന്ധം ശ്വസിച്ച്‌, പ്രശാന്തതയുടെ കുളുർമ്മയനുഭവിച്ചു നടന്നു. അങ്ങനെയിവിടെയെത്തി.

വാതിൽ തുറന്ന അന്നമ്മ തന്നെ കണ്ട്‌ പരിചയമില്ലായ്‌മയുടെ അമ്പരപ്പോടെ ദാവീദിന്റെ മുഖത്തേയ്‌ക്കുനോക്കി.

‘മനസ്സിലായില്ല, അല്ലേ?’

‘ഇല്ല.’

‘ഇയാളൊരു ചിത്രമെഴുത്തു വിദ്യാർത്ഥിയാണ്‌. ഇന്നലെ ഞാൻ പറഞ്ഞിരുന്നില്ലെ, ഒരു ഇനാസിയെക്കുറിച്ച്‌..’

അന്നമ്മ തലയാട്ടി. എന്നിട്ട്‌ ഇനാസിയെ ആകെയൊന്നു സൂക്ഷിച്ചുനോക്കി. സംശയവും സഹതാപവും ആശങ്കയും കൂടിക്കലർന്ന ഭാവമായിരുന്നു, അവരുടെ മുഖത്തും കണ്ണുകളിലും.

‘മോനെവിടൊളളതാ?’

ഇനാസി നാടിന്റെ പേരു പറഞ്ഞു.

‘ആരൊക്കെയൊണ്ട്‌ മോന്‌?’

ഇനാസിയുടെ ചരിത്രം വീണ്ടും അവിടെ ചുരുളുനിവർന്നു. കഥയവസാനിച്ചപ്പോൾ തണുത്ത ഒരു നിശ്ശബ്‌ദത അവിടെ പരന്നു.

‘ഇയാൾക്കിവിടെ താമസിക്കാനൊളള സൗകര്യം കൊടുക്കണം. നന്നായി പഠിക്കട്ടെ..’-ദാവീദ്‌ പറഞ്ഞു.

അന്നമ്മ മൗനമായി നിന്നു, അവർ അകത്തെ മുറിയിൽ ചെന്നുനിന്ന്‌ ഭർത്താവിനെ വിളിച്ചു. അദ്ദേഹം അകത്തേയ്‌​‍്‌ക്ക്‌ പോയി.

ഇനാസി വരാന്തയിലെ കസേരയിലിരുന്നു. അകത്തുനിന്ന്‌ അന്നമ്മയുടെ അടക്കിയ സ്വരം ശ്രദ്ധയോടെ കേട്ടു.

‘വിശ്വസിച്ചു വീട്ടി നിർത്താൻ പറ്റിയ ചെറുക്കനാണോ?’

‘വിശ്വസിക്കാമെന്നാ എനിക്കു തോന്നുന്നത്‌ ഏതോ നല്ല കുടുംമ്മത്തു പിറന്ന ലക്ഷണമൊണ്ട്‌, കണ്ടിട്ട്‌.’

‘ഒരുത്തനേം വിശ്വസിക്കാൻ കൊളളാത്ത കാലമാ.’ അന്നമ്മയുടെ ശബ്‌ദത്തിൽ ഉത്‌ക്കണ്‌ഠയായിരുന്നു.

‘നിനക്കിഷ്‌ടമില്ലെങ്കിൽ നാളെത്തന്നെ ഇവടന്നു പറഞ്ഞുവിടാം.’ ദാവീദ്‌ അല്പം ദേഷ്യപ്പെടുക തന്നെയായിരുന്നു.

‘വരട്ടെ നമുക്കു നോക്കാം.’ അന്നമ്മയുടെ സ്വരം താണു.

സ്വന്തം നിസ്സഹായതയുടെ ഭാരം ഇനാസിയ്‌ക്ക്‌ ഏറെ അസഹ്യമായി തോന്നിയ നിമിഷങ്ങൾ… കരയാൻ തോന്നി. ഇറങ്ങി ഓടിപ്പോയാലെന്തെന്നുവരെ ചിന്തിച്ചു.

പക്ഷെ, ദാവീദ്‌ എന്ന മനുഷ്യന്റെ സ്‌നേഹം….!

വസ്‌ത്രങ്ങൾ മാറ്റി, കളളിമുണ്ടും ബനിയനുമായി ചിരിച്ചുകൊണ്ടു വരാന്തയിലേയ്‌ക്കു വന്ന ദാവീദ്‌ പറഞ്ഞുഃ

‘വല്ലാത്ത ഉഷ്ണം, അല്ലെ. കൊതുകുശല്യവുമൊണ്ട്‌.’ അദ്ദേഹം ഫാനിന്റെ സുച്ചിട്ടു.

ഇനാസി ഒന്നും മിണ്ടിയില്ല. മൂകമായി പുഞ്ചിരിക്കുകമാത്രം ചെയ്‌തു.

‘ഇനാസിയ്‌ക്കു വിശക്കുന്നുണ്ട്‌, അല്ലേ?’

‘ഇല്ല.’

‘അന്നമ്മേ, ചോറു വിളമ്പ്‌…’

ഒരു ചുരുട്ടിനു തീ പിടിപ്പിച്ചു ചുണ്ടിൽ വച്ചുകൊണ്ട്‌ ദാവീദ്‌ ഒരു മൂളിപാട്ടുമായിരുന്നു താളത്തിൽ കാൽ വിറപ്പിച്ചു.

അകത്ത്‌ പാത്രങ്ങൾ ഉരസിയുണരുന്ന സ്വരം.

സ്വരങ്ങളുടെ അവിച്ഛിന്നമായ പശ്ചാത്തലത്തിൽ നിർലീനനായി മൂകനായിരിക്കെ അന്നമ്മ വന്നു വിളിച്ചു.

‘വരൂ ഊണു കഴിക്കാം.’

ചോറും കറികളും വിളമ്പിയ മേശയ്‌ക്കരികിൽ കസേരയിലിരുന്നു. അന്നമ്മ കറികൾ കോരിയിട്ടു തന്നു. നല്ല വിശപ്പുണ്ടായിരുന്നു. ആർത്തിയോടെ ചോറുവാരിത്തിന്നുന്നത്‌ അന്നമ്മ മാതൃവാത്സല്യത്തോടെ നോക്കിയിരുന്നു.

‘മോന്റെ പ്രായത്തിൽ ഒരു മോൻ ഞങ്ങൾക്കുണ്ടായിരുന്നതാണ്‌. പക്ഷെ, വിധിയില്ലായിരുന്നു.’ വിഷാദസ്വരത്തിൽ അന്നമ്മ പറഞ്ഞു.

ഇനാസി ആർദ്രമനസ്സോടെ അവരുടെ മുഖത്തു നോക്കിയിരുന്നു. ചുളിവുകൾ വീണുതുടങ്ങിയ ആ മുഖത്ത്‌ ഓർമ്മകളുടെ അലകൾ. കണ്ണുകളിൽ വിഷാദത്തിന്റെ നിഴൽ. നെടുവീർപ്പിട്ടുകൊണ്ട്‌ അവർ തുടർന്നു.

‘എന്തൊരു കുട്ടിയായിരുന്നു! ഒരു ഉണ്ണിക്കണ്ണൻ തന്നെയായിരുന്നു. ഐശ്വര്യത്തിന്റെ കലേളള ഒരു മുഖം!’

അന്നമ്മ വീണ്ടും നെടുവീർപ്പിട്ടു. അവരുടെ മനോമുകുരത്തിൽ ആ ഓമനക്കുട്ടന്റെ രൂപം തെളിഞ്ഞു നിന്നിരുന്നു.

ദാവീദ്‌ മൂകനായിരുന്ന്‌ ഊണു കഴിച്ചുകൊണ്ടിരുന്നു.

‘ഒന്നര വയസ്സായിരുന്നു. ഉച്ചയൂണും കഴിഞ്ഞ്‌ ഉറങ്ങിക്കിടന്ന കുട്ടിയാണ്‌. ഞാനൊന്നു മയങ്ങി. കണ്ണുത്തുറക്കുമ്പോ അടുത്തു കുട്ടിയില്ല. പരിഭ്രമത്തോടെ മുറികളിലും മുറ്റത്തുമൊക്കെ ഓടിനടന്നു നോക്കി. എങ്ങുമില്ല അവസാനം കൊളത്തിന്റടുത്ത്‌ ചെന്നപ്പോഴല്ലെ….! ചങ്കുകത്തിപ്പോയി…. എനിക്കതോർക്കാനേ വയ്യ….

അന്നമ്മയുടെ തൊണ്ടയിടറുകയും കണ്ണു നനയുകയും ചെയ്‌തു.

’ഇപ്പോണ്ടായിരുന്നെങ്കി….. മോന്റത്രേംണ്ടാകുമായിരുന്നു….‘

മൂകതയുടെ തണുത്ത നിമിഷങ്ങൾ.

ഊണു കഴിഞ്ഞു വരാന്തത്തിൽ ചെന്നിരുന്നു. ദാവീദ്‌ ഒരു ചുരുട്ടു കത്തിച്ചുകൊണ്ട്‌ നാട്ടു വിശേഷങ്ങൾ പറഞ്ഞു. പത്രവാർത്തകളിലെ രാഷ്‌ട്രീയത്തെക്കുറിച്ച്‌, അഴിമതികളെക്കുറിച്ച്‌, വിദ്യാഭ്യാസരംഗത്തെ കൈക്കൂലിയെക്കുറിച്ച്‌, അരാജകാവസ്ഥയെക്കുറിച്ച്‌.. ഇനാസിയും അതിൽ പങ്കുചേർന്നു.

പുകയില എരിയുന്നതിന്റെ രൂക്ഷഗന്ധം വായുവിൽ പടർന്നു.

’മണി പന്ത്രണ്ടായി, കെടക്കാൻ നോക്ക്‌.‘

അന്നമ്മ പറഞ്ഞു. സമയം അത്രയുമെത്തിയതറിഞ്ഞില്ല.

’ഇനാസിയ്‌ക്കു വടക്കെ മുറിയൊന്നു സൗകര്യപ്പെടുത്ത്‌..‘

അന്നമ്മ മുറിയിലെ കട്ടിലിൽ പായവിരിച്ച്‌ തലയണയും പുതപ്പും ഒരുക്കിവച്ചു.

അങ്ങനെ നാളുകൾക്കുശേഷം ഒരു വീടിന്റെ ശാന്തവും സ്വച്ഛവുമായ അന്തരീക്ഷത്തിൽ കിടന്നു സുഖമായുറങ്ങി.

പല്ലുതേച്ചു മുഖം കഴുകുമ്പോൾ അന്നമ്മയും ദാവണിയുടുത്ത ഒരു പെൺകുട്ടിയും കൂടി പളളിയിൽ പോകാനൊരുങ്ങിയിറങ്ങി. യൗവനത്തിന്റെ ശില്പചാതുര്യം തികഞ്ഞ പെൺകുട്ടി. അവൾ അമ്മയുടെ കൈ പിടിച്ചു ചേർന്നു നടക്കുന്നതു കണ്ട്‌ പ്രത്യേകം ശ്രദ്ധിച്ചു. തന്നെ കണ്ട ലജ്ജയോടെ അങ്ങനെ ഒഴിഞ്ഞു നടക്കുന്നതാവുമെന്നാണ്‌ ഇനാസിയ്‌ക്കു തോന്നിയത്‌.

പക്ഷേ, അവളുടെ മുഖം കണ്ടപ്പോൾ പെട്ടന്നൊരു ഞെട്ടലാണുണ്ടായത്‌.

-കൃഷ്‌ണമണികളില്ലാത്ത ചാരനിറമുളള കണ്ണുകൾ. വെളിച്ചം കടക്കാത്ത, ഇരുട്ടുകൂടുകെട്ടിയ കണ്ണുകൾ!

ഒരു ദുഃസ്വപ്നത്തിന്റെ പരിഭ്രാന്തി ഇനാസിയുടെ കണ്ണുകളിൽ പിടഞ്ഞു. അവ്യക്ത ബോധത്തിലുണരുന്ന അസ്വസ്ഥതയുടെ ചിറകടികൾ….

അന്നമ്മയുടെ ദുർബ്ബലമായ കൈപിടിച്ച്‌ അവൾ ചിറകറ്റ പക്ഷിയെപ്പോലെ നടന്നു പോകുന്നത്‌ നിർന്നിമേഷനായി നോക്കിനിന്നു. പിന്നിൽനിന്നു നോക്കിയാൽ ആരെയും ആകർഷിക്കുന്ന സുന്ദരിയായ ഒരു യുവതി. വടിവൊത്ത ശില്പചാരുത. പൂർണ്ണത തേടുന്ന മിനുത്ത അവയവങ്ങൾ, സമൃദ്ധമായി തഴച്ചുവളർന്നുകിടക്കുന്ന കറുത്തിരുണ്ട മുടി. ചെറുനാരങ്ങാനിറം.

പക്ഷേ, മുഖത്തിന്റെ കാന്തി ഹനിച്ചുകൊണ്ട്‌ നിർഭാഗ്യജാതകത്തിന്റെ മുഖമുദ്രയായി നില്‌ക്കുന്ന ജീവസ്സറ്റ കണ്ണുകൾ!

ദൈവമേ… എന്തൊരു വിധി.

ആ കുട്ടിയെ പുറത്തെങ്ങും കാണാതിരുന്നതിന്റെ രഹസ്യം മനസ്സിലാകുന്നു. അവളുടെ ശബ്‌ദംപോലും കേട്ടതായി ഓർക്കുന്നില്ല.

സോഫിയയെ മാത്രമേ കണ്ടുളളൂ. അവളുടെ ശബ്‌ദമാണ്‌ ഈ വീടിന്റെ അന്തരീക്ഷത്തിൽ തുടിച്ചു നിന്നത്‌. അവളുടെ ചലനങ്ങളാണ്‌ ഈ വീടിന്റെ ഹൃദയത്തുടിപ്പായി അനുഭവപ്പെട്ടത്‌.

അന്തരീക്ഷത്തിലലിഞ്ഞു മായാൻ മടിച്ചു നില്‌ക്കുന്ന പുകപടലംപോലെ അന്ധയായ ആ യുവതിയുടെ മുഖം മനസ്സിൽ തങ്ങിനിന്നു.

മുറ്റത്ത്‌ പാൽ പരന്നൊഴുകിയതുപോലെ ഇളവെയിൽ, സുഖകരമായ നേർത്തചൂട്‌.

മേശപ്പുറത്തുകിടക്കുന്ന ഒരു ആഴ്‌ചപ്പതിപ്പ്‌ എടുത്ത്‌ പേജുകൾമറിച്ചു നോക്കിക്കൊണ്ടിരിക്കെ, ചൂലുകൊണ്ടു നിലമടിച്ച്‌ സോഫിയ ഇറയത്തെത്തി.

’ചേച്ചിയുടെ കണ്ണിനെന്തു പറ്റിയതാണ്‌?‘ ഇനാസി ചോദിച്ചു.

ചൂലിന്റെ സ്വരതാളം മുറിഞ്ഞു. കുമ്പിട്ടു നിന്നുകൊണ്ടുതന്നെ അവൾ മുഖമുയർത്തി. ഒരു നിമിഷം അവളുടെ മുഖത്തൊരു സംഭ്രാന്തിയുണ്ടായി. കരിമിഴികൾ പിടഞ്ഞു. പിന്നെ ലജ്ജയുടെ അരുണിമ മുഖത്തു വ്യാപിച്ചു.

’കുഞ്ഞുന്നാളിലൊരു സൂക്കേടുവന്നതാ. മരിച്ചുപോകേണ്ടതായിരുന്നു. രക്ഷപ്പെട്ടപ്പോ കാഴ്‌ചശക്തി നഷ്‌ടപ്പെട്ടുപോയി.‘

ഇങ്ങനെ രക്ഷപ്പെട്ടതിലും നല്ലതു മരിക്കുന്നതായിരുന്നു എന്നു പറയണമെന്നു തോന്നി ഇനാസിയ്‌ക്ക്‌.

’എന്തൊരു നിർഭാഗ്യമായിപ്പോയി.‘

അവൾ വീണ്ടും തറയടിച്ചുനീങ്ങി.

’കണ്ണുകൾ മാറ്റി വച്ചാൽ മാത്രമേ കാഴ്‌ചകിട്ടുളളൂവെന്നാണ്‌ ഡോക്‌ടമാർ പറഞ്ഞത്‌.‘ -സോഫിയ പറഞ്ഞു.

കണ്ണുകൾ മാറ്റിവയ്‌ക്കുക. അതത്രയെളുപ്പമായ കാര്യമല്ലല്ലോ.

എന്നും അന്ധകാരത്തിൽ തപ്പിത്തടഞ്ഞു ജീവിക്കാൻ വിധിക്കപ്പെട്ട ആ യുവതിയുടെ സഹതാപാർഹമായ മുഖം അയാളുടെ മനസ്സിൽ നിറഞ്ഞുനിന്നു.

’സോഫിയ ഏതു ക്ലാസ്സിൽ പഠിക്കുന്നു?‘

’പത്തിൽ‘ – അവളുടെ കവിൾത്തടങ്ങളിൽ മനോഹരമായ രണ്ടു നുണക്കുഴികൾ വിരിഞ്ഞു.

കോൺവെന്റിലെ അനാഥരുടെ കൂട്ടത്തിൽ കഴിയുന്ന തന്റെ സഹോദരി ഗ്രേസിയെ ഓർത്തു, ഇനാസി. സോഫിയയോളം വളർച്ച അവൾക്കുമുണ്ടാകും. കണ്ടിട്ട്‌ കുറച്ചുനാളായി. താൻ ഇളയപ്പന്റെ വീട്ടിൽനിന്നുപോന്ന കാര്യം അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിയാതിരിക്കുന്നതാണ്‌ നല്ലത്‌. തന്റെ പ്രയാസങ്ങളെക്കുറിച്ചാലോചിച്ച്‌ നിസ്സഹായയായ അവൾ എന്തിനു വ്യാകുലപ്പെടണം?

ഇളയപ്പന്‌ ഒരു കത്തയക്കണം. ബന്ധവും കടപ്പാടും ഒന്നിമില്ലാത്ത അന്യനും അപരിചിതനുമായ ഒരു നല്ല മനുഷ്യന്റെ കുടുംബത്തിൽ താനൊരംഗമായിക്കഴിഞ്ഞിരിക്കുന്നു എന്നറിയട്ടെ. രക്തബന്ധങ്ങൾക്കില്ലാതെ പോയ മനുഷ്യത്വം അന്യർക്കുണ്ടെന്നു മനസ്സിലാക്കട്ടെ.

മുറിയിൽ കടന്ന്‌ നോട്ടുബുക്കിൽ നിന്നു കടലാസ്സു വലിച്ചു ചീന്തിയെടുത്ത്‌ അയാൾ കത്തെഴുതി.

അന്നമ്മയും മകളും പളളിയിൽനിന്നു തിരിച്ചെത്തി. അന്നമ്മ ചോദിച്ചു.

’മോന്‌ എപ്പളാ കോളേജീപ്പോണ്ടത്‌?‘

’കുറച്ചുകൂടിക്കഴിഞ്ഞു മതി.‘

’കുളിച്ചില്ലല്ലോ. ഏതെണ്ണയാ മോനു വേണ്ടത്‌?‘

’വെളിച്ചെണ്ണ മതി.‘

കുരുടിപ്പെണ്ണിന്റെ മുഖം ശ്രദ്ധിക്കുകയായിരുന്നു ഇനാസി.

തന്റെ ശബ്‌ദങ്ങൾ ആ മുഖത്തു വരച്ച ഭാവഭേദങ്ങൾ ഇനാസി കണ്ടു. ഒരു അന്യ യുവാവിന്റെ മുന്നിലുണ്ടാകുന്ന സങ്കോചം. അപകർഷഭാവത്തിന്റെ അമ്പരപ്പ്‌.

സൗന്ദര്യം തികഞ്ഞ മുഖത്തിന്റെ ചൈതന്യം കെടുത്തുന്ന ജീവനില്ലാത്ത കണ്ണുകൾ. നിത്യദുഃഖത്തിന്റെ മുദ്രകൾ!

ദൈവത്തിന്റെ ക്രൂരവിനോദം…

നീണ്ടുയർന്ന മൂക്കും ചുവന്നു തുടുത്ത ചുണ്ടും ചെറുനാരങ്ങ നിറവും വടിവൊത്ത അവയവങ്ങളും സമൃദ്ധമായ കറുത്ത മുടിയും നല്‌കിയ ദൈവം എന്തേ അവളുടെ കണ്ണുകളിലെ വെളിച്ചം കെടുത്തിക്കളഞ്ഞു?

ദൈവം കരുണാനിധിയാണെന്നു പറയുന്നതു വലിയൊരു നുണയാണോ?

എണ്ണക്കുപ്പിയും സോപ്പുപെട്ടിയും തോർത്തും ഇനാസിയുടെ കൈയിൽ കൊടുത്തിട്ട്‌ അന്നമ്മ പറഞ്ഞു.

’മോൻ പോയി കുളിക്ക്‌.‘

കുളികഴിഞ്ഞ്‌ മുടിചീകി മുണ്ടും ബനിയനും മാറ്റി ധരിച്ചു നിന്നപ്പോഴേയ്‌ക്കും അന്നമ്മ മേശപ്പുറത്ത്‌ ആവി പറക്കുന്ന കഞ്ഞിയും കടലക്കറിയും ഒരുക്കിവെച്ചു.

അമ്മയുടെ കണ്ണുകളിലുണ്ടായിരുന്ന സ്‌നേഹവാത്സല്യങ്ങളുടെ തിളക്കം ഇനാസി അന്നമ്മയുടെ കണ്ണുകളിലും കണ്ടു.

Generated from archived content: vilapam4.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമുപ്പത്‌
Next articleഅഞ്ച്‌
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here