മൂന്ന്‌

അരണ്ട വെളിച്ചം തങ്ങിനിൽക്കുന്ന ഇടനാഴിയുടെ അറ്റത്ത്‌, സ്‌റ്റെയർകെയ്‌സിനു ചുവട്ടിൽ തൂണിന്റെ നിഴൽ ചേർന്ന്‌ ഒരു നിഴലായി ഇനാസി നിന്നു; ഒരു കളളനെപ്പോലെ. അപരിചിതമായ പരിസരം. അപരിചിത മുഖങ്ങൾ. അപരിചിതമായ പ്രവൃത്തി. മനസ്സിൽ ഉൽക്കണ്‌ഠയുടെ പുക. വികാരങ്ങൾക്കു വല്ലാത്തൊരു താളക്കേട്‌.

സമയത്തിന്റെ കനത്ത പാദവിന്യാസത്തിൽ അസ്വസ്ഥതയുടെ തിരയിളകി. അനുനിമിഷം അതിന്റെ ഇരമ്പലുയർന്നു.

സ്‌റ്റെയർകെയ്‌സിൽ വീണുയർന്ന കാലൊച്ച കേട്ട്‌ ഞെട്ടി. അയാൾ വരുന്നു.

കനത്ത വലിയൊരു കറുത്ത നിഴലോടുകൂടി അയാൾ ഇറങ്ങിവരുകയും പരിസരം ശ്രദ്ധിക്കാതെ ഒരേ താളത്തിൽ നടന്നകലുകയും ചെയ്‌തു. എങ്കിലും അയാൾ ക്ഷീണിതനായിരുന്നു.

ഓ, അയാൾ പോയല്ലോഃ- ഇനാസി ആശ്വസിച്ചു. അറിയപ്പെടാത്ത ഏതോ ഒരപകടത്തിൽ നിന്നു രക്ഷപ്പെട്ടു എന്നുതോന്നി.

ചെറിയ കണ്ണുകളും കനത്ത മേൽമീശയും മാംസളമായ കവിൾത്തടങ്ങളുമുളള അപരിചിതനായ ആ മനുഷ്യനെ ഇനിയും കണ്ടാൽ തിരിച്ചറിയുമോ?

തന്റെ പുതിയ തൊഴിലിന്റെ വലയിൽ നിഷ്‌പ്രയാസം വീണ ആദ്യത്തെ ഇര. ഇനി ഇത്തരം ഇരകളെ വേട്ടയാടാൻ താൻ വിധിക്കപ്പെട്ടിരിക്കുന്നു. നിലനില്പിനുവേണ്ടി തനിക്കു തുറന്നു കിട്ടിയ വഴി.

ശബ്‌ദമുണ്ടാക്കാതെ കോവണികേറി മുകളിലെ പതിനൊന്നാം നമ്പർ മുറിയുടെ വാതിൽക്കൽ ചെന്നു. ചുവന്ന വലിയപൂക്കളുളള മുഷിഞ്ഞ മഞ്ഞനിറമുളള വാതിൽകർട്ടൻ. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലാത്ത ഭാവത്തിൽ കൃത്രിമമായ പുഞ്ചിരിയുമായി അവൾ പ്രത്യക്ഷപ്പെട്ടു. ചായം തേച്ച ചുവന്ന ചുണ്ടുകൾ. പൗഡർ വാരിത്തേച്ച നെറ്റിയിൽ അലസിപ്പടർന്ന സിന്ദൂരതിലകം. മുലകളുടെ മേൽഭാഗം വെളിയിൽ കാണാവുന്ന കഴുത്തിറക്കി വെട്ടിയ ചുവന്ന ബ്ലൗസ്സ്‌.

‘പേടിക്കാനൊന്നൂല്ല’. ഇനാസിയുടെ വിളറിയ മുഖം ശ്രദ്ധിച്ചുകൊണ്ട്‌ അവൾ പറഞ്ഞു. ഇനാസി ഒന്നും മിണ്ടിയില്ല.

‘പരിചയാവുമ്പോ പേടിയൊക്കെ മാറും.’ അവൾ പറഞ്ഞു. ഇനാസി അവളുടെ മുഖത്ത്‌ പകപ്പോടെ നോക്കിനിന്നു. കുട്ടിയായിരുന്നപ്പോൾ അമ്മ പറഞ്ഞുതന്ന യക്ഷിക്കഥയിലെ നായികയെ ഓർമ്മിച്ചു. കാമാസക്തരായ പുരുഷന്മാർക്കുവേണ്ടി കാത്തിരിക്കുന്ന യക്ഷി.

ഭയത്തേക്കാളേറെ ആത്മനിന്ദയാണ്‌ മനസ്സിൽ ഊറിവന്നത്‌. ഒരു അഞ്ചുരൂപാനോട്ട്‌ അവൾ അയാളുടെ കീസയിൽ തിരുകി.

ഒന്നും മിണ്ടാനാകാതെ, ശിരസ്സുകുനിച്ച്‌ ആരുടേയും മുഖത്തുനോക്കാൻ കരുത്തില്ലാത്തവനായി തിരിഞ്ഞു നടന്നു.

ഉച്ചയ്‌ക്കു പെയ്‌ത മഴവെളളം കെട്ടികിടക്കുന്ന ചെളിയും ചവറും നിറഞ്ഞ വൃത്തികെട്ട തെരുവ്‌. ഇരുവശവുമുളള ഇടുങ്ങിയ പഴയകെട്ടിടങ്ങളുടെ അരണ്ടവെളിച്ചം തങ്ങിനില്‌ക്കുന്ന വരാന്തകളിൽ അറിയപ്പെടാത്ത അതിഥികളെ കാത്തുനില്‌ക്കുന്ന പെണ്ണുങ്ങൾ. ജീവിക്കാൻവേണ്ടി അഭിമാനത്തിന്റേയും മാന്യതയുടേയും പട്ടുടയാടകൾ വലിച്ചെറിഞ്ഞ്‌ ഇരുണ്ടതെരുവിൽ, പാപത്തിന്റെ നിഴലിൽ അഭയം കണ്ടെത്തിയ സ്‌ത്രീകൾ. നഷ്‌ടപ്പെടാനൊന്നുമില്ലാത്തവരുടെ, പാപത്തിന്റെ ദുർഗ്ഗന്ധം തങ്ങി നില്‌ക്കുന്ന തെരുവ്‌.

അല്ലെങ്കിൽ ഇവർ ചെയ്യുന്നതു പാപമാണോ?

താൻ ചെയ്യുന്നതു പാപമാണോ?

പച്ചക്കറിക്കച്ചവടക്കാരും പലചരക്കു കടക്കാരും നിരന്ന മറ്റൊരു തെരുവിലെത്തിയപ്പോഴാണ്‌ ഇനാസിക്കു തലയുയർത്താൻ കഴിഞ്ഞത്‌. അവന്റെ മുഖം മങ്ങിയിരുന്നു. കണ്ണുകളിലെ വെളിച്ചം നഷ്‌ടപ്പെട്ടിരുന്നു. ജീവിതത്തിൽ കാത്തുസൂക്ഷിച്ച ആത്മാവിലെ വെളിച്ചം നഷ്‌ടപ്പെട്ടതുപോലെ അവനുതോന്നി. തന്റെ മുഖഛായപോലും മാറിപ്പോയോ എന്ന്‌ അവൻ ഭയപ്പെട്ടു.

അവന്റെ ഹൃദയം തേങ്ങിക്കരഞ്ഞു.

ലെസ്‌ലി തെരുവിലെ പുകയിലക്കറപിടിച്ച നീണ്ടപല്ലുളള കുഞ്ഞാണ്ടിയെന്ന കിഴവനെ ശപിച്ചു. ആ കിഴവനാണു തന്നെ പാപത്തിന്റെ ഏജന്റാക്കിയത്‌. അയാളുടെ വാക്കുകൾ, അയാൾ വാങ്ങിത്തന്നചോറ്‌…..

ആ കിഴവൻ, ആ നശിച്ച പിശാച്‌….

തലേദിവസം മുഴുവൻ പട്ടിണിയായിരുന്നു. കായൽതീരത്തിരുന്നു ചിത്രങ്ങൾ വരച്ചപ്പോൾ വിശപ്പും ദാഹവും വിസ്‌മരിക്കപ്പെട്ടു. വെയിലിന്റെ ചൂടറിഞ്ഞില്ല. സമയം കടന്നുപോയതറിയാതെ കായലിലെ ദൃശ്യങ്ങൾ കടലാസ്സിൽ പകർത്തുന്നതിലെ ലഹരിയിൽ സ്വയം മറന്നു.

ചുറ്റും കൂടിനിന്നവർ തന്നെ വിസ്‌മയത്തോടെ നോക്കി. തന്റെ ചിത്രങ്ങളെക്കുറിച്ച്‌ എന്തൊക്കെയോ അഭിപ്രായങ്ങൾ പറഞ്ഞ്‌ അവരുടെ കലാബോധം വെളിപ്പെടുത്തി. ആരും തന്റെ ദൈന്യത കണ്ടില്ല. തന്റെ ദാഹത്തെക്കുറിച്ചും വിശപ്പിനെക്കുറിച്ചും മറ്റുളളവർ എങ്ങനെയറിയാനാണ്‌?

രാത്രിയിൽ കായൽത്തീരത്തെ പുൽത്തകിടിയിൽ പ്രജ്ഞയറ്റുകിടക്കുന്ന തന്നെയുണർത്തിയത്‌ ആ കിഴവനായിരുന്നു. കണ്ണുതുറന്നപ്പോൾ കണ്ടത്‌ പുകയിലക്കറ പിടിച്ച വൃത്തികെട്ട നീണ്ട പല്ലുകളുള, ശരീരത്തിനിണങ്ങാത്ത വലിയ ഷർട്ടുധരിച്ച കിഴവനെയാണ്‌. കിഴവനെ എവിടെയൊക്കെയൊ കണ്ട പരിചയംതോന്നി. ഓർമ്മയിലെ സ്ഥലകാല ബിംബങ്ങൾക്കിടയിൽ തിരഞ്ഞപ്പോൾ മനസ്സിലായി. കാമാർത്ഥരായ പുരുഷന്മാരെ പ്രലോഭനത്തിന്റെ വലയിലെറിഞ്ഞു പിടിക്കുന്ന കുഞ്ഞാണ്ടിയെന്ന കിഴവൻ.

പക്ഷെ, കിഴവനിൽ താൻ മനുഷ്യസ്‌നേഹത്തിന്റെ ആർദ്രതയറിഞ്ഞു. ഒരു പിതാവിന്റെ വാത്സല്യത്തോടെ അയാൾ തന്നെ എഴുന്നേല്പിച്ചിരുത്തി. സ്‌നേഹത്തിന്റെ ശീതളമായ സ്വരത്തിൽ വിവരങ്ങൾ ചോദിച്ചു. ഞരമ്പുകൾ മുഴച്ചുപടർന്ന തണുത്ത കൈകൊണ്ടു തന്നെ തഴുകി. സ്‌നേഹവാത്സല്യങ്ങളിൽ താൻ അലിഞ്ഞു. ഒന്നും മറച്ചുവയ്‌ക്കാതെ എല്ലാം പറഞ്ഞു.

കിഴവൻ ഒരു ബീഡി കത്തിച്ചുകൊണ്ടു സശ്രദ്ധം കേട്ടിരുന്നു. കിഴവന്റെ ഇടുങ്ങിയ നരച്ച കണ്ണുകളിൽ വികാരത്തിന്റെ തിരകളുയരുകയും അമരുകയും ചെയ്‌തു. എന്നിട്ട്‌ പുറത്തു തലോടി ആശ്വസിപ്പിച്ചു.

‘നീ വെഷമിക്കണ്ട മോനെ. നെനക്കു ജീവിക്കാനൊളളവഴി ഞാങ്കാണിച്ചുതരാം. മോനെപ്പോലെ എത്തരപേരെ രച്ചിച്ചോനാ ഈ കെളവൻ…’

ഇനാസി ആകെ പരിക്ഷീണിതനായിരുന്നു.

‘വാ, നമ്മക്കുപോയി ഊണുകഴിക്കാം.’

കിഴവൻ തന്റെ കൈപിടിച്ചുയർത്തി. ചുറ്റും ചിതറിക്കിടന്ന സാധനങ്ങളെല്ലാം പെറുക്കിസഞ്ചിയിലിട്ടു. കിഴവന്റെ കൂടെനടന്നു. ഒരു ചെറിയ ഹോട്ടലിൽ കിഴവൻ തന്നെ കൂട്ടിക്കൊണ്ടുചെന്നു. തണുത്ത സാമ്പാറും പുളിച്ച കറികളും കൂട്ടി കിഴവനോടൊപ്പം ഇരുന്നു വയറുനിറയെ ഉണ്ടു.

പുറത്തിറങ്ങിയപ്പോൾ കിഴവനോടു സ്‌നേഹംതോന്നി. ബഹുമാനം തോന്നി, കടപ്പാടുതോന്നി. താൻ കിഴവന്റെ അടിമയായിക്കഴിഞ്ഞിരുന്നു.

പഴകിപ്പൊളിഞ്ഞു തുടങ്ങിയ ഒരു ഇരുനിലകെട്ടിടത്തിന്റെ നിഴലിൽ പിടിച്ചിരുത്തി കിഴവൻ ജീവിതമാർഗ്ഗം ഉപദേശിച്ചുതന്നു. സ്‌ത്രീ-പുരുഷബന്ധങ്ങളുടെ കച്ചവടതന്ത്രം പറഞ്ഞുതന്നു. കാമത്തിന്റെ ചുവന്ന കറപിടിച്ച കണ്ണുകളുളള പുരുഷന്മാരെ തിരഞ്ഞു പിടിക്കേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചുതന്നു. അവരെ ചുവന്നതെരുവിലെ സ്വയം വില്പനക്കാരികളുടെ മാളത്തിലേക്കു തെളിച്ചു വിടാനുളള തന്ത്രങ്ങൾ പറഞ്ഞുതന്നു.

കിഴവൻ ഇടുങ്ങിയ ചുവന്ന തെരുവിലെ കോമളവല്ലിയെന്ന പെണ്ണിനെ പരിചയപ്പെടുത്തിതന്നു. വേശ്യാവൃത്തി പാപമല്ലെന്നും അതൊരു പുണ്യകർമ്മമാണെന്നും കിഴവൻ പറഞ്ഞു. വാസവദത്ത, ഉണ്ണിയാടി, കുഞ്ഞിച്ചിരുതേവി, മഗ്‌ദലനമറിയം തുടങ്ങിയ പുരാണ സുന്ദരികളുടെ പുണ്യകഥകൾ കിഴവൻ രസകരമായി പറഞ്ഞു. പണ്ട്‌ ഈശ്വരപ്രീതിയ്‌ക്കുവേണ്ടി ക്ഷേത്രങ്ങളിൽ വേശ്യാവൃത്തി നടത്തിയിരുന്ന നർത്തകികളായ ദേവദാസികളുടെ കഥകൾ പറഞ്ഞു.

അങ്ങനെ പുതിയൊരു ജീവിതമാർഗ്ഗത്തിന്റെ താക്കോൽ താൻ കിഴവനിൽനിന്നും ഏറ്റുവാങ്ങി. ആദ്യത്തെ ഇരയെ ചൂണ്ടയിട്ടു പിടിച്ച്‌ കോമളവല്ലിയുടെ പതിനൊന്നാം നമ്പർ മുറിയിലെത്തിച്ചു.

പാപത്തിന്റെ പ്രതിഫലം കീസയിൽ വന്നുകഴിഞ്ഞു.

മനസ്സിൽ താങ്ങാനാകാത്ത ഒരു ഭാരം. കുറ്റബോധത്തിന്റെ ഭാരം. വല്ലാത്തൊരു വീർപ്പുമുട്ട്‌.

വയ്യ! എനിക്കീ തൊഴിൽ വയ്യ…!

ഇനാസിയുടെ ഹൃദയം തേങ്ങി. ആത്മവീര്യം നഷ്‌ടപ്പെട്ട മനസ്സും തളർന്ന ശരീരവുമായി തിരക്കേറിയ തെരുവിലൂടെ നടന്നു. വാഹനങ്ങളുടെ അലർച്ചയും മനുഷ്യരുടെ ആരവവും യന്ത്രങ്ങളുടെ ഇരമ്പലും കൂടിച്ചേർന്ന നഗരാന്തരീക്ഷം.

കായൽത്തീരത്തു ചെന്നിരുന്നു. ഗ്രാമകന്യകയുടെ ഹൃദയംപോലെ അവിടം പ്രശാന്തമോഹനമായിരുന്നു. കായലിനക്കരെ നിരനിരയായി ഇരുണ്ട രൂപങ്ങളായി നില്‌ക്കുന്ന കെട്ടിടങ്ങളുടെ വെളിച്ചം നിറഞ്ഞ മുറികൾ ദീപാവലിപോലെ. കായൽപ്പരപ്പിൽ വെളിച്ചത്തിന്റെ ഇളകിത്തുടിക്കുന്ന പ്രതിഫലനങ്ങൾ. അകലെ നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകളുടെ ഇരുണ്ട കൂറ്റൻ രൂപങ്ങളിൽ മിന്നാമിനുങ്ങുകൾ കൂട്ടംചേർന്നതുപോലെ വെളിച്ചം നിറഞ്ഞ മുറികൾ.

രാത്രിയിലെ നഗരവും പകലത്തെ നഗരവും തികച്ചും വ്യത്യസ്തമാണ്‌.

പാർക്കിലെ തിരക്കൊഴിഞ്ഞുതുടങ്ങി. ഹൃദയത്തിന്റെ രഹസ്യഅറകൾ തുറക്കാൻ സ്വൈരംതേടിയെത്തുന്ന ദമ്പതികളും കാമുകീ-കാമുകന്മാരും കൂടുകളിലേയ്‌ക്കു തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. വൃക്ഷങ്ങൾക്കു താഴെ അങ്ങിങ്ങു ചില നിഴലുകൾ മാത്രം ശേഷിച്ചു. അവർ തന്നെപ്പോലെ പുറന്തളളപ്പെട്ട ഏകാകികളാവാം.

ചുറ്റുപാടുകളിൽ മനസ്സിനെ വ്യാപരിപ്പിച്ച്‌ സ്വയം ഒളിക്കാൻ ശ്രമിക്കുകയായിരുന്നു ഇനാസി.

വിശപ്പിന്റെ അഗ്‌നിസർപ്പങ്ങൾ വയറ്റിൽ പത്തിയുയർത്തിയിഴയാൻ തുടങ്ങി. അവയിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയാണ്‌ കൂട്ടിക്കൊടുപ്പ്‌ എന്ന പാപത്തിന്റെ ഉടമയായത്‌. വിശപ്പ്‌ മനുഷ്യനെക്കൊണ്ടു സർവ്വതും ചെയ്യിക്കുന്നു. ഈ നശിച്ച വിശപ്പ്‌! പക്ഷെ, വിശപ്പിനെതിരായ പോരാട്ടമാണല്ലോ ഒരർത്ഥത്തിൽ ജീവിതം.

ഇനാസി എഴുന്നേറ്റുനടന്നു. തിരക്കിൽ നിന്നല്പം വിട്ടുനില്‌ക്കുന്ന ഹോട്ടൽ ബീനയിലേക്കു കടന്നുചെന്നു. നഗരത്തിൽ എത്തിയതിനുശേഷം അവിടെനിന്നു തന്നെയാണ്‌ ഊണുകഴിച്ചിട്ടുളളത്‌. ഒരു നാട്ടിൻ പുറത്തുകാരിയുടെ ഒതുക്കവും ശുദ്ധിയുമുളള ഹോട്ടൽ. വലിയൊരു ബോർഡിന്റെ ആർഭാടം പോലുമില്ല. ഭക്ഷണം വളരെ വൃത്തിയുളളതാണ്‌. അതാണവിടത്തെ പ്രത്യേകത. രാത്രി ഹോട്ടലടച്ചുകഴിയുമ്പോൾ അതിന്റെ ഇറയത്താണ്‌ തലചായ്‌ക്കുന്നത്‌. അതുകൊണ്ട്‌ വീടിനോടെന്നപോലുളള ഒരു നേർത്ത മമത അതിനോടുണ്ട്‌.

നരച്ച കുറ്റിത്തലമുടിയും കുടവയറുമുളള ഒരു കറുത്തയാളാണ്‌ ഹോട്ടലുടമ. മുഖത്ത്‌ മീശയില്ല, എങ്കിലും ഗൗരവഭാവം മാറാത്ത മുഖമാണയാൾക്ക്‌.

ഇനാസി ഒഴിഞ്ഞ ഒരു മേശയ്‌ക്കടുത്ത്‌ കസേരയിൽ കയറിയിരുന്നു. മുന്നിൽ ഇല വന്നു. ചോറും കറികളും നിരന്നു. കുഴച്ച ചോറു നോക്കിയപ്പോൾ എന്തോ ഒരു മടുപ്പ്‌ അതു വാരി വായിൽ വയ്‌ക്കാനൊരു വെറുപ്പ്‌.

അതഴുക്കാണ്‌! വൃത്തിക്കെട്ട ആ ചുവന്ന തെരുവിലെ പാപത്തിന്റെ മാലിന്യങ്ങൾ തന്റെ മുന്നിലെ ഇലയിൽ നിറഞ്ഞിരിക്കുന്നു!

വിശപ്പിന്റെ അഗ്നിസർപ്പങ്ങൾ തളർന്നു മയങ്ങി. അവയിനി ഈ ചോറിനു മുന്നിലുണരുകയില്ല.

കുടവയർ തടവി കൗണ്ടറിലിരുന്ന്‌ ഹോട്ടലുടമ അകത്തും പുറത്തും ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ടിരുന്നു.

കുഴച്ച ചോറ്‌ അങ്ങനെ തന്നെയിട്ട്‌ ഇനാസി എഴുന്നേറ്റു. അവന്‌ ഓക്കാനം വരുന്നതുപോലെ തോന്നി.

‘എന്തായി? എന്തുപറ്റി?’ ഹോട്ടലുടമസ്ഥൻ ഉൽക്കണ്‌ഠയോടെ ചോദിച്ചു.

‘ഓ, ഒന്നുമില്ല; ഒന്നുമില്ല…’ അവൻ വാഷ്‌ബേസിനടുത്തേയ്‌ക്ക്‌ നടന്നു.

ഹോട്ടലുടമസ്ഥൻ കൗണ്ടറിൽ നിന്നിറങ്ങി വന്ന്‌ സംശയത്തോടെ ചോറിലേയ്‌ക്കും ഇനാസിയുടെ മുഖത്തേയ്‌ക്കും മാറിമാറി നോക്കി. ചുറ്റുമിരുന്ന്‌ ഊണുകഴിച്ചു കൊണ്ടിരുന്നവരും തലയെത്തിച്ചു നോക്കി.

‘എന്താ, ചോറിൽ വല്ലതും ഇഷ്‌ടക്കേടുണ്ടാകാവുന്നത്‌…? വേറെയെന്തെങ്കിലും….?’ ഹോട്ടലുടമസ്ഥൻ ചോദിച്ചു.

‘ഇല്ല. ഒന്നുമില്ല എനിക്കു സുഖമില്ല ഉണ്ണാൻ.’

കൈകഴുകി. കൗണ്ടറിൽ പൈസ കൊടുത്തു പുറത്തിറങ്ങി.

ആരുടെയും മുഖത്തുനോക്കാൻ ശക്തിയില്ലാതെ തലകുനിച്ചു നടന്നു. പിൻതുടരുന്ന സ്വന്തം നിഴലിന്റെ നീളം കൂടുകയും കുറയുകയും ചെയ്യുന്നത്‌ കണ്ട്‌ അവൻ അസ്വസ്ഥനായി.

തെരുവുകൾക്കു രാത്രിയുടെ ദുർഗ്ഗന്ധം. കളളക്കടത്തുകാരും വേശ്യകളും മോഷ്‌ടാക്കളും കൈക്കൂലികൊളളക്കാരും അഴിഞ്ഞാടുന്ന രാത്രിയുടെ ദുർഗ്ഗന്ധം.

വല്ലാത്ത ശ്വാസം മുട്ടൽ.

തിയേറ്ററിനു മുന്നിലെത്തിയപ്പോൾ പെട്ടെന്നു മുന്നിൽപ്പെട്ട കിഴവനെ കണ്ടു ഞെട്ടി. പുകയിലക്കറ പിടിച്ച നീണ്ട പല്ലകളുളള, ശരീരത്തിനിണങ്ങാത്ത വലിയ ഷർട്ടു ധരിച്ച കുഞ്ഞാണ്ടിയെന്ന കിഴവൻ ചെകുത്താൻ! സിനിമ കഴിഞ്ഞ്‌ ആളുകൾ പുറത്തിറങ്ങാൻ കാത്തു നില്‌ക്കുകയാണ്‌.

കിഴവന്റെ ദൃഷ്‌ടിയിൽ നിന്നു രക്ഷപ്പെടാൻ ഇനാസി പെട്ടെന്നു തെന്നി മാറി തലതിരിച്ചു നടന്നു. പക്ഷെ, കുഞ്ഞാണ്ടിയുടെ നരച്ച കഴുക ദൃഷ്‌ടിയിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞില്ല. നീളം കൂടിയ മെലിഞ്ഞ കാലുകൾ നീട്ടിവച്ച്‌ ഒരെട്ടുകാലിയെപ്പോലെ ആർത്തിപൂണ്ട കണ്ണുകളുമായി കിഴവൻ പാഞ്ഞുവന്നു തോളിൽ പിടിച്ചു.

‘നിക്കടാ ചെക്കാ നീ എവടക്കാ പരക്കം പായണ്‌?’

ഇനാസി നിന്നുപോയി. ആ കൈ തട്ടിമാറ്റാൻ അവനു കരുത്തില്ലായിരുന്നു.

കിഴവന്റെ പുകയിലക്കറ പിടിച്ച പല്ലുകളിലും നരച്ച ഇടുങ്ങിയ കണ്ണുകളിലും ചിരി. ഇനാസി തളർന്നു തലകുനിച്ചുനിന്നു.

‘എങ്ങനെണ്ട്‌? ഒത്തോ വല്ലതും?’ കിഴവൻ ചോദിച്ചു.

ഇനാസി രൂക്ഷമായി കിഴവനെ തുറിച്ചുനോക്കി. അതൊരു തമാശയാണെന്നു കിഴവനു തോന്നി.

‘ഗുരുദക്ഷിണ തന്നേക്കണം’ കിഴവൻ പറഞ്ഞു.

അവന്‌ കിഴവനെ അടിച്ചു കൊല്ലാനുളള ദേഷ്യം തോന്നി. അവൻ വിയർക്കുകയും വിറയ്‌ക്കുകയും ചെയ്‌തു. കിഴവൻ ഭാവഭേദമില്ലാതെ നില്‌ക്കുന്നു. ബാക്കി കീസയിലുണ്ടായിരുന്ന പൈസ വാരിയെടുത്ത്‌ കിഴവന്റെ നെഞ്ചത്തെറിഞ്ഞുകൊണ്ട്‌ അവൻ ആക്രോശിച്ചുഃ

‘ഒരു നശിച്ച ഗുരുദക്ഷിണ! കൊണ്ടുപോയി തൊലയ്‌ക്കു ചെകുത്താനെ!’

കിഴവൻ അമ്പരന്ന്‌ ഇനാസിയെ തുറിച്ചുനോക്കി.

ഇനാസി കിഴവനെ അവഗണിച്ചു കൊണ്ടു ധൃതിയിൽ നടന്നു. കിഴവൻ രോഷത്തോടെ പിറുപിറുത്തു.

നന്ദികെട്ടവൻ!

കുറച്ചകലെയെത്തി ഇനാസി തിരിഞ്ഞുനോക്കി. കുമ്പിട്ടു നടന്ന്‌ നാണയങ്ങൾ പെറുക്കിയെടുക്കുകയാണ്‌, കുഞ്ഞാണ്ടി.

കായൽത്തീരത്തുതന്നെ തിരിച്ചെത്തി. പുൽത്തകിടിയിൽ മലർന്നു കിടന്നു. നക്ഷത്രങ്ങളുടെ ദുർബ്ബലമായ കരസഹസ്രങ്ങൾ അവനെ തഴുകി. കായലിൽ നിന്നെത്തിയ തണുത്ത കാറ്റിൽ അവൻ മെല്ലെ മയങ്ങി.

അല്പമകലെയുളള പോഷ്‌ ഹോട്ടലിൽനിന്ന്‌ പാശ്ചാത്യസംഗീതോപകരണങ്ങളുടെ നേർത്ത വീചികൾ ഒഴുകിയെത്തി. ബാന്റിന്റെയും ബോങ്കോസിന്റെയും വയലിന്റെയും മദാലസഭാവമുണർത്തുന്ന സംഗീതം. മുറുകിവരുന്ന താളവും പതഞ്ഞുയരുന്ന ആവേശവും ഏതോ കാബറെ നർത്തകിയുടെ മദാലസമായ അംഗചലനങ്ങൾക്കു ശക്തി പകരുന്നു. ഞരമ്പുകളിൽ ആവേശത്തിന്റെ സംത്രാസങ്ങളുയർത്തുന്ന ശബ്‌ദവീചികൾ.

തിരക്കൊഴിഞ്ഞ മൂകമായ സർക്കാരാഫീസ്‌ കെട്ടിടങ്ങളുടെ നിഴൽപറ്റി തെരുവുവേശ്യകൾ പതുങ്ങി നടക്കുന്നു.

കായലിലെ ഓളങ്ങൾ കൽച്ചിറയിൽ വന്നലയ്‌ക്കുന്നു. അത്‌ ഏതോ ഒരു തേങ്ങലിന്റെ ഓർമ്മയുണർത്തുന്നു. വ്യക്തമായി ഓർക്കുന്നില്ല. മനസ്സിലെവിടെയോ ആഴ്‌ന്ന്‌ കിടക്കുന്ന ആ തേങ്ങൽ ആരുടെയാണ്‌? സ്വന്തം മനസ്സിലെ മോഹങ്ങളുടെ തേങ്ങലോ, തന്റെ അമ്മയുടെ ആത്മാവിന്റെ തേങ്ങലോ?

ചുവപ്പും കറുപ്പും പച്ചയും വെളുപ്പും നിറങ്ങൾ പടലങ്ങളായി മനസ്സിന്റെ കാൻവാസിൽ ചിതറിക്കിടന്നു. അവ അലിഞ്ഞു പരസ്പരം കലരാൻ തുടങ്ങി. അവസാനം എല്ലാം കൂടിക്കലർന്ന്‌ നിറമില്ലാത്ത ഇരുണ്ട ശൂന്യതയിലേയ്‌ക്ക്‌ ഇനാസി ആണ്ടുപോയി.

Generated from archived content: vilapam3.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുപത്തിയൊമ്പത്‌
Next articleമുപ്പത്‌
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here