ഇരുപത്തിയൊമ്പത്‌

ലിറ്റിൽ ഫ്ലവർ ഗേൾസ്‌ ഹൈസ്‌ക്കൂളിന്റെ മുന്നിൽ ബസ്സു നിന്നപ്പോൾ തിരക്കിൽനിന്ന്‌ ഒരുവിധം നൂണ്ടു പുറത്തിറങ്ങി.

ചൂടേറി വരുന്ന വെയിൽ നാളങ്ങളിൽ തളർന്നു കിടക്കുന്ന ഗ്രാമവീഥി. ഒഴുവുദിനത്തിന്റെ ആലസ്യത്തിൽ ഉറക്കം തൂങ്ങുന്ന സ്‌റ്റേഷനറിക്കട. ധ്യാനമൂകമായി നില്‌ക്കുന്ന സ്‌ക്കൂൾ കെട്ടിടങ്ങൾ.

ഉമയുടെ വീട്ടിലേയ്‌ക്കുളള ഇടവഴിയിലൂടെ നടക്കവെ അയാൾ ഓർത്തു. കാണുമ്പോൾ അവളുടെ കണ്ണുകളിൽ വിടർന്നേക്കാവുന്ന അവിശ്വസനീയതയുടെയും അമ്പരപ്പിന്റെയും പതറുന്ന തിരിനാളം. പിന്നെ മുഖത്തു മെല്ലെ വിരിയുന്ന നിലാവും മഴവില്ലും.

ചെങ്കല്ലും കരിങ്കൽച്ചില്ലുകളും ഇടകലർന്നുറച്ചു കിടക്കുന്ന പഞ്ചായത്തു വഴി. തേഞ്ഞ ചെരുപ്പിന്റെ പരിധികവിഞ്ഞു നില്‌ക്കുന്ന പാദാഗ്രത്തിൽ ഇടയ്‌ക്കു കൽമുനയേല്‌ക്കുമ്പോഴുളള വേദന! നിത്യവും ഉമയുടെ പാദസ്പർശമേല്‌ക്കുന്ന വഴിയാണല്ലോ എന്നോർക്കുമ്പോൾ ഹൃദയത്തിൽ അനുഭവപ്പെടുന്ന സുഗന്ധം.

ഇരുവശവും വീടുകൾ. ഇരുളടഞ്ഞ നാലുകെട്ടുകൾ. ചെറ്റക്കുടിലുകൾ, മനോഹരങ്ങളായ മണിമന്ദിരങ്ങൾ…

വഴിയെ കടന്നുപോകുന്നവർ പലരും അയാളെ ശ്രദ്ധിച്ചു. പരിചയമുളള ഒരു മുഖവും കണ്ടില്ല.

അസ്തിപഞ്ജരത്തിലെ വാരിയെല്ലുകൾപോലെ പൊളിഞ്ഞുതകർന്നു പത്തലുകൾ മാത്രമായി നില്‌ക്കുന്ന വേലി. പഴയൊരമ്പലത്തിന്റെ പ്രതീതിയുളവാക്കുന്ന, കാലത്തിന്റെ പൂപ്പൽ പിടിച്ചിരുണ്ട ഒരു നാലുകെട്ട്‌.

മുറ്റത്തു കൊത്തങ്കല്ലുകളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾ രണ്ടും അയാളെ കണ്ടപ്പോൾ എഴുന്നേറ്റ്‌ അകത്തേക്ക്‌ ഓടി. ഗോട്ടി കളിച്ചുകൊണ്ടിരുന്ന ആൺകുട്ടികൾ അയാളെ തീരെ ഗൗനിച്ചതുമില്ല.

‘ഉമയുണ്ടോ?’ ഇനാസി ചോദിച്ചു.

കാലിൽ ചൊറി പിടിച്ച വെളുത്തുമെലിഞ്ഞ ചെറുക്കൻ അയാളെ സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു.

‘ഒണ്ട്‌’

‘ഒന്നു വിളിക്കൂ…ഃ’

‘വല്യോപ്പോളേ… ഒരാളു വിളിയ്‌ക്കണ്‌.’ അവൻ കളിക്കുന്നതിനിടയ്‌ക്കു വിളിച്ചു പറഞ്ഞു.

അയാൾ വല്ലായ്‌മയോടെ നിന്നു. മര്യാദയറിയാത്ത കുട്ടികൾ എന്നു മനസ്സിൽ തോന്നി.

അപ്പുറത്തെങ്ങോ തുണിയലക്കുന്ന സ്വരം കേൾക്കാമായിരുന്നു. അകത്തേക്കു മറഞ്ഞ പെൺകുട്ടികളുടെ മുഖങ്ങൾ വാതിൽപ്പാളികൾക്കടുത്തു കണ്ടു. നരച്ചു തുടങ്ങിയ മുടിയും വെളിച്ചം മങ്ങിയ കണ്ണുകളുമായി ഒരു മദ്ധ്യവയസ്‌ക പ്രത്യക്ഷപ്പെട്ടു. ഉമയുടെ അമ്മ. അവരെ ഇനാസി മുമ്പു കണ്ടിട്ടുണ്ട്‌. പക്ഷെ, അവർക്ക്‌ ഇനാസിയെ മനസ്സിലായില്ല.

‘ആരാ?’

‘ഞാൻ ഇനാസി.’

‘ഓ, എനിയ്‌ക്കു കണ്ണിനു കാഴ്‌ച കൊറവാട്ടോ.’ ക്ഷമാപണസ്വരത്തിലാണ്‌ അവർ പറഞ്ഞത്‌.

‘കയറി ഇരിക്കൂ. ഉമയെ വിളിക്കാം.’ അവർ വരാന്തയിലെ കസേര തുടച്ചു.

ഇനാസി ഇരുന്നു. ആ സ്‌ത്രീ അകത്തേയ്‌ക്കു പോയി. അയാൾ ചുറ്റും കണ്ണോടിച്ചു. തന്റെ ഇഷ്‌ടദേവതയുടെ ശ്രീകോവിൽ! വാതിലിനു മുകളിൽ വച്ചിരിക്കുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിനു പിന്നിൽ മാറാലകൾ പടർന്നിരിക്കുന്നു. മേൽത്തട്ടിലെ പലകകൾ ഇളകിപ്പോയിടത്ത്‌ ചിലന്തി വലപ്പടർപ്പുകൾ. തൂണുകളിലും ജനൽപ്പാളികളിലും ദ്രവിച്ചു തുടങ്ങിയ ശില്പവേലകൾ. ഭൂതകാലത്തിന്റെ താഴ്‌വരയിലുണ്ടായിരുന്ന പ്രതാപത്തിന്റെ മുദ്രകൾ. പൊടിയും പൂപ്പലും തുടച്ചുമിനുക്കി വാർണീഷിട്ടാൽ ഇവയ്‌ക്കെന്തു ഭംഗിയായിരിക്കും എന്ന്‌ ഇനാസി വിചാരിച്ചു.

‘ഇനാസി!’ ഉമ പ്രത്യക്ഷപ്പെട്ടു. കണ്ണുകളിൽ പരിഭ്രമത്തിന്റെയും വേദനയുടെയും ഇളകിയാടുന്ന തിരിവെട്ടം.

ഇനാസി മന്ദഹസിച്ചു. അവൾ മുഖം കുനിച്ചു.

മുണ്ടും ബ്ലൗസും മാത്രമായി ഗ്രാമീണ വീട്ടുവേഷത്തിലാണ്‌ അവൾ നില്‌ക്കുന്നത്‌.

വൈകാരിക സംത്രാസത്തിന്റെ നിമിഷങ്ങൾ.

ഇനാസി ഇത്ര പെട്ടെന്നു വരുമെന്ന്‌ അവൾ പ്രതീക്ഷിച്ചിരുന്നില്ല. അയാളെ നേരിടാൻ അവൾക്കു ശക്തിയില്ലായിരുന്നു. ഇനാസി ഉമയെ നിർന്നിമേഷനായി നോക്കിനിന്നു.

അവളുടെ കണ്ണുകളിലെ നെയ്‌ത്തിരിനാളം മങ്ങിയിരിക്കുന്നു. കവിൾത്തടങ്ങളിലെ തുടുപ്പും നിറവും മാഞ്ഞിരുന്നു. മെലിയുകയും നിറം മങ്ങുകയും ചെയ്തിരിക്കുന്നു.

‘ഉമയുടെ കത്തു കിട്ടിയിരുന്നു.’ അയാൾ പറഞ്ഞു.

അവൾ മുഖം കുനിച്ചു. ചുണ്ടിൽ വേദന പുരണ്ട ഒരു മന്ദഹാസം. നനവൂറുന്ന കണ്ണുകൾ. എന്തൊക്കെയോ പ്രയാസങ്ങൾ മനസ്സിലൊതുക്കാൻ അവൾ പാടുപെടുകയായിരുന്നു.

പുറത്ത്‌ വെയിലിൽ നില്‌ക്കുന്ന രാജമല്ലിയുടെ മഞ്ഞപ്പൂക്കൾ താഴെ കൊഴിഞ്ഞു ചിതറിക്കിടക്കുന്നത്‌ അയാൾ കണ്ടു.

‘ഇനാസിയ്‌ക്കു ദേഷ്യം തോന്നീട്ടുണ്ടാവും ല്ലേ?’

‘ദേഷ്യമല്ല; സംഭ്രമമായിരുന്നു.’

അവൾ ദീർഘമായൊന്നു നിശ്വസിച്ചു. എന്നിട്ടു പറഞ്ഞുഃ

‘ഞാൻ മനസ്സിൽ മുറിവേല്പിച്ചു, ക്ഷിക്കുക. ഇനാസി ഇങ്ങോട്ടു വരണ്ടായിരുന്നു.’

‘കത്തു വായിച്ചിട്ട്‌ എനിക്കൊന്നും മനസ്സിലായില്ല.’ അയാൾ വേദനയോടെ പറഞ്ഞു.

മൗനം ഇരുൾച്ചിറകു വിടർത്തി മുറിയിൽ നിറഞ്ഞു നിന്നു. അതിന്റെ തണുപ്പ്‌ മുനകൂർത്ത്‌ വളർന്നു.

അവൾ തല കുനിച്ചു നിന്നാലോചിക്കുകയായിരുന്നു. എന്തു പറഞ്ഞാലാണു തന്റെ നിസ്സഹായത ബോധ്യമാവുക? ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും മനുഷ്യബന്ധങ്ങളുടെയും കുരുക്കുകളിൽ ചിറകറ്റു വീണുപിടയുന്ന ഈ പെലിക്കൻ പക്ഷിയുടെ നിസ്സഹായത ഇനാസിയ്‌ക്കു മനസ്സിലാകുമോ?‘

’എപ്പഴാ അവിടന്നു പോന്നത്‌?‘ അവൾ ചോദിച്ചു. അതൊരനാവശ്യ ചോദ്യമാണെന്ന്‌ അവൾക്കറിയാം. എങ്കിലും എത്ര നേരമാണു മൗനം തുടരുക.

’രാവിലെ.‘

മുമ്പൊക്കെ ഇനാസിയെ കണ്ടുമുട്ടുമ്പോൾ മനസ്സു വാചാലമാകുമായിരുന്നു. ഇപ്പോൾ മനസ്സിനെ അടിച്ചമർത്തി നിർത്തിയിരിക്കുകയാണ്‌.

’ഞാനിപ്പോ വരാം.‘ എന്നു പറഞ്ഞ്‌ അവൾ അകത്തേയ്‌ക്കു പോയി.

ഉത്‌ക്കണ്‌ഠയുടെ മുറിവേറ്റ പക്ഷി ഹൃദയത്തിന്റെ ചിറകടിച്ചു പിടഞ്ഞു. പുറത്ത്‌ മാവിന്റെ നഗ്നമായ ചില്ലകളിൽ പുളിയെറുമ്പുകൾ അരിച്ചു നടക്കുന്നതു നോക്കി ഇനാസി അസ്വസ്ഥതയോടെയിരുന്നു.

മേശപ്പുറത്ത്‌ ജന്മഭൂമി ആഴ്‌ചപ്പതിപ്പ്‌ ഭംഗിയായി അടുക്കിവച്ചിരിക്കുന്നതു കണ്ടു.

തൊട്ടടുത്ത മുറിയിൽനിന്ന്‌ ഇടയ്‌ക്കു ചുമയും നേർത്ത ഞരക്കവും കേട്ടു. പ്രായമായ ആരോ ആണെന്നു തോന്നി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അകത്തുനിന്നൊരു വൃദ്ധ വടിയൂന്നി കൂനിക്കൂനി നടന്നു വന്നു മുന്നിൽനിന്നു. പ്രയാസപ്പെട്ടു നിവർന്ന്‌ ജരാജീർണ്ണമായ കണ്ണുകൾ മിഴിച്ച്‌ സൂക്ഷിച്ചുനോക്കി. അപരിചിതത്വത്തിന്റെ അമ്പരപ്പ്‌ നരച്ച മിഴികളിൽ പതറി.

’മോനേതാ…? യ്‌ക്കു കണ്ണുപിടിയ്‌ക്കാണ്ടായി.‘

’ഉമേടെ കൂടെ പഠിച്ചിരുന്നയാളാണ്‌.‘

’മാഷാവും ല്യേ?‘

’അല്ല.‘

വൃദ്ധയ്‌ക്കു ചുമ വന്നു. ചുമയ്‌ക്കാൻ ശക്തിയില്ലാതെ നെഞ്ചത്തു കൈവച്ച്‌ അവർ നിലത്തിരുന്നു. ഏതാനും നിമിഷനേരത്തെ തുടർച്ചയായ ചുമയോടെ വൃദ്ധ തളർന്നു. അവർ നിലത്തു കുത്തിയിരുന്നു. തന്റെ അമ്മയും ഇങ്ങനെയായിരുന്നല്ലോ ചുമച്ചിരുന്നതെന്ന്‌ ഇനാസി ഓർത്തു.

കുറച്ചു സമയത്തേയ്‌ക്ക്‌ വൃദ്ധ മിണ്ടാനാകാതെ ഇരുന്നു കിതച്ചു. കിതപ്പടങ്ങിയപ്പോൾ വൃദ്ധ പറഞ്ഞുഃ

’എടീ പമ്മൂ… ആ… വെത്തിലക്കിണ്ണം…‘

നിറം മങ്ങിയ നീലപ്പാവാട ധരിച്ച ഒരു മെലിഞ്ഞ പെൺകുട്ടി ക്ലാവുപിടിച്ച ഒരു വെറ്റിലത്താമ്പാളം കൊണ്ടുവന്നു വൃദ്ധയുടെ അരികിൽ വച്ചു. വൃദ്ധയുടെ ഉണങ്ങിവരണ്ട, മൊരിപിടിച്ച വിരലുകൾ വെറ്റിലത്താമ്പാളത്തിൽ പരതി നടന്നു. വാടിയ ഒരു വെറ്റിലയെടുത്തു നരച്ച തലമുടിയിൽ തുടച്ചു. പിന്നെ നൂറുതേച്ചു. അടയ്‌ക്കാക്കഷണങ്ങളും പുകയിലയും എടുത്തു വെറ്റിലയിൽ വച്ചു ചുരുട്ടി.

’ഒക്കെ വാടിക്കൊരണ്ടു. എടിയേ… ഇതൊന്നു ചതച്ചന്നേ മോളേ…‘

പെൺകുട്ടി വെറ്റിലചുരുൾ കല്ലിൽവച്ചു ചുറ്റിക കൊണ്ടു ചതച്ചു.

പുറത്ത്‌ വേനൽക്കാറ്റൂതിവിട്ട ദലമർമ്മരം.

നനഞ്ഞ കൈ തോർത്തിൽ തുടച്ചുകൊണ്ട്‌ ഉമ തിരികെയെത്തി. മുണ്ടുമാറ്റി സാരി ധരിച്ചിരുന്നു.

’ഇരുന്നു മുഷിഞ്ഞോ?‘ അവൾ ചിരിക്കാൻ ശ്രമിച്ചു.

’ഇല്ല. മുത്തശ്ശിയ്‌ക്കും സുഖല്ല, അല്ലേ?‘

’ഒന്നും പറയണ്ടാ. എന്നും ചികിത്സയാണ്‌.‘

’ഈശ്വരൻ അങ്ങു വിളിക്കാണ്ടിട്ടു നരകിപ്പിക്കാണ്‌. എനിക്ക്‌ വെറുത്തു ഈ ജീവിതം…. എന്താ ചെയ്യ! മുജ്ജന്മ പാപം വിടണ്ടെ…!‘ വൃദ്ധ പിറുപിറുത്തു.

ഉമയുടെ മുഖം മങ്ങി. ദുഃഖം മരവിച്ചുണ്ടായ ഒരു നിർവ്വികാരതയാണ്‌ അവളുടെ മുഖത്ത്‌. തനിക്കറിയാത്ത എന്തൊക്കെയോ വേദനകൾ ഉളളിലടക്കിയാണ്‌ അവൾ നില്‌ക്കുന്നതെന്നു തോന്നി.

എന്തു ചെയ്താലാണ്‌ അവൾക്കു താനൊരാശ്വാസമാകുക? ഇനാസിയുടെ ഹൃദയം ആർദ്രമായി.

’സ്‌​‍്‌ക്കൂളിലെ ജോലിയൊക്കെ ഭംഗിയായി പോകുന്നോ?‘

’ഓ. രണ്ടോ മൂന്നോ കുട്ടികൾ കാണും ഒരു ക്ലാസ്സിൽ കുറച്ചൊക്കെ താത്‌പര്യമുളളവർ. ബാക്കിയൊളളവരുടെ പ്രതികരണം കാണുമ്പോ സങ്കടം വരും.‘

’സങ്കടപ്പെടാനൊന്നുമില്ല. എല്ലാ കുട്ടികളെയും ചിത്രകാരന്മാരാക്കാനാവില്ല. രണ്ടോ മൂന്നോ ഉണ്ടെന്നു പറഞ്ഞവരുടെ കഴിവു വളർത്താൻ ശ്രമിച്ചാമതി. അതേ നടക്കൂ…‘

’അതെ എങ്കിലും മറ്റുളളവരുടെ ദൃഷ്‌ടിയിൽ ഞാനൊക്കെ വെറുതെ നടന്നു ശമ്പളം വാങ്ങുന്നെന്നാ.‘

’അതൊന്നും കാര്യമാക്കേണ്ട. കൂടുതൽ ബുദ്ധിമുട്ടേണ്ടവർക്ക്‌ അല്പം അസൂയയും കാണും, പക്ഷെ, അവരെക്കൊണ്ടാകുമോ! നമ്മൾ ചെയ്യുന്ന ജോലി ചെയ്യാൻ…‘

അപ്പോഴേയ്‌ക്കും പത്മയും അമ്മയും കൂടി ചായയും പലഹാരങ്ങളും കൊണ്ടുവന്ന്‌ ഇനാസിയുടെ മുന്നിലെ മേശപ്പുറത്തു വച്ചു. മേശ ഇനാസിയുടെ അരികിലേയ്‌ക്കു വലിച്ചടുപ്പിച്ചുകൊണ്ട്‌ ഉമ പറഞ്ഞു.

’ചായ കുടിക്ക്‌.‘

പത്മയും അമ്മയും മുത്തശ്ശിയും ആ മുറിയിൽനിന്നു പുറത്തുപോയി. ഇനാസിയ്‌ക്കു വലിയൊരു വീർപ്പുമുട്ടു നീങ്ങിയതുപോലെ തോന്നി.

’ഞാൻ കരുതി, ജോലിയൊക്കെയായപ്പോൾ ആളൊന്നു നന്നായിരിക്കുമെന്ന്‌… എന്തുപറ്റി?‘ ഇനാസി ചോദിച്ചു.

’ഓ, എന്തു പറയാനാ. ഞങ്ങളുടെ തായ്‌വേരുമുറിഞ്ഞുപോയില്ലെ! ഒക്കെ എന്റെ വിധി…! അവൾ സാരിത്തുമ്പു കടിച്ച്‌ വിദൂരതയിലേയ്‌ക്കു നോക്കിനിന്നു.

‘അച്ഛന്റെ മരണം…. അതൊരു വിധിയാണെങ്കിൽ അതിനോടു പൊരുതലാണു ജീവിതം; തളർന്നു വീണ്‌ അടിമയാകുന്നതല്ല.’

‘തർക്കിക്കാനൊന്നും ഞാനില്ല. വിധിയോടു പൊരുതാൻ എനിക്കു ശക്തിയില്ല. അതെനിക്കല്ലേ അറിയൂ. സ്വപ്നങ്ങളും സങ്കല്പങ്ങളുമല്ലല്ലോ ജീവിതം….’ അവൾ പറഞ്ഞു.

‘അതൊക്കെയിരിക്കട്ടെ ഞാൻ വന്നത്‌ ഉമയുടെ വിധിയിൽ പങ്കുചേരുന്നതിനാണ്‌.’

‘എന്റെ സാഹചര്യങ്ങൾ ഇനിയും ഇനാസിക്കു മനസ്സിലായിട്ടില്ല.’ അവൾ ആത്മഗതമെന്നോണം പറഞ്ഞു. ഹൃദയത്തിന്റെ തേങ്ങൽ അതിലുണ്ടായിരുന്നു.

‘ഈ സാഹചര്യമൊക്കെ എനിക്കും മനസ്സിലാകും. ഇതിലും കടുത്ത അഗ്നിജ്വാലയിൽ വിരിഞ്ഞ പൂവാണ്‌ ഞാൻ. എന്നിൽനിന്ന്‌ ഉമ ഓടിയകലാൻ നോക്കണ്ട.“

’എന്റെ ജീവിതത്തിന്റെ ഈ മുൾപ്പടർപ്പിലേയ്‌ക്ക്‌ ഇനാസിയെക്കൂടി ബന്ധിച്ചു നിർത്താൻ ഞാൻ തയ്യാറല്ല. സ്‌നേഹവും ആത്മാർത്ഥതയുമുളളതുകൊണ്ട്‌ പറയുകയാണ്‌.‘

വികാരസ്തോഭം അവളുടെ മുഖത്തു പ്രകടമായി.

’എന്നോടു മാത്രമാണോ ഈ കാരുണ്യം?‘

ഇനാസി തന്നെ സംശയിക്കുന്നല്ലോ എന്ന്‌ അവൾക്കു തോന്നി. അവളുടെ കണ്ണുകൾ നനഞ്ഞു. അവൾ ഒന്നും മിണ്ടാതെനിന്നു.

’എന്താ ഉമ മിണ്ടാത്തത്‌?‘ അയാൾ വേദനയോടെ ചോദിച്ചു.

’ഞാനൊരു വിവാഹജീവിതം ഉപേക്ഷിച്ചിരിക്കുന്നു. എന്നെ തനിയെ വിട്ടേയ്‌ക്ക്‌.‘

’ഇത്രവേഗം അങ്ങനെയൊരു തീരുമാനത്തിന്റെ ആവശ്യമെന്ത്‌?‘

’ഞാൻ വളരെ ആലോചിച്ചാണ്‌ ഈ തീരുമാനമെടുത്തത്‌. ഈ വലിയ കുടുംബത്തിന്‌ ഞാനൊരൊറ്റത്തൂണാണ്‌.‘ അവൾ പറഞ്ഞു.

’മറ്റൊരു തൂണായി ഞാനും കൂടെ നില്‌ക്കാമല്ലോ. അല്ലെങ്കിൽപ്പിന്നെ നമ്മുടെ സ്‌നേഹത്തിനെന്താ അർത്ഥമുളളത്‌?‘

’വേണ്ട വേണ്ട.. ഐ ലൈക്ക്‌ ടു സ്‌റ്റാന്റ്‌ എ ലോൺ… സ്‌നേഹം ഒരു വലിയ ബാധ്യതയാക്കാൻ ഇനാസിയെ ഞാനനുവദിക്കില്ല.‘

’ബാധ്യതയില്ലാത്ത സ്‌നേഹം സ്‌നേഹമല്ല; ജീവിതമല്ല…‘ അയാൾ വികാരഭരിതനായി.

എന്തു പറയണമെന്നറിയാതെ അവൾ വീർപ്പുമുട്ടി നിന്നു.

’എന്തായാലും.. ഞാൻ വിവാഹം വേണ്ടെന്നു തന്നെ തീരുമാനിച്ചു കഴിഞ്ഞു. എന്നോടു ക്ഷമിക്കൂ…‘ അവൾ തേങ്ങി.

ഇനാസി മിണ്ടാതെ തരിച്ചിരുന്നു. മുറിവേറ്റ മനസ്സുമായി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു യുവതി കൈയിലൊരു നോട്ട്‌ബുക്കുമായി കയറി വന്നു. ഉമയുടെ മുഖഛായ. അല്പംകൂടി നിറമുണ്ട്‌.

’അനുജത്തിയാണ്‌; വാസന്തി.‘ ഉമ പരിചയപ്പെടുത്തി. വാസന്തി മന്ദഹസിച്ചു. അവളുടെ കൺപീലികൾ പിടഞ്ഞു.

’എന്തു ചെയ്യുന്നു?‘

’ടൈപ്പിനു പോകുന്നു.‘ വാസന്തി പറഞ്ഞു. അവൾ അകത്തേയ്‌ക്കു പോയി.

’ഇനിയൊരാൾ കൂടിയുണ്ട്‌ വിമല. പത്താം ക്ലാസ്സിൽ തോറ്റ്‌ ട്യൂട്ടോറിയലിൽ പോയിരിക്കയാണ്‌.‘

അവൾ പിന്നെ അനുജന്മാരെക്കുറിച്ചു പറഞ്ഞു. വലിയൊരു കുടുംബം. അവളുടെ വരുമാനം കൊണ്ടുമാത്രം കഷ്‌ടിച്ചു കഴിഞ്ഞുപോകുന്നു. എല്ലാവരെയും സ്വതന്ത്രമായ നിലനില്പുണ്ടാകുന്നതുവരെയെത്തിക്കാൻ ഉമ മാത്രമെയുളളൂ.

കുടുംബരക്ഷയ്‌ക്കുവേണ്ടി ജീവിതം ത്യാഗമാക്കാൻ തീരുമാനിച്ച ശക്തിമയി.

’ചായ തണുത്തിട്ടുണ്ടാകും.‘ അവൾ ഓർമ്മിപ്പിച്ചു. അയാൾ ഗ്ലാസ്സെടുത്തു.

’അപ്പോയന്റ്‌മെന്റ്‌ പാസ്സായില്ലേ?‘

’ഉവ്വ്‌. പുരയിടം പണയപ്പെടുത്തിയാണ്‌ മാനേജർക്കു കോഴ കൊടുത്തത്‌. അതിന്റെ ബാധ്യത തീരാൻ പത്തുകൊല്ലം വേണ്ടിവരും…‘ അവൾ വിഷാദം പുരണ്ട മന്ദഹാസത്തോടെ പറഞ്ഞു.

വെയിലിൽ ജ്വലിച്ചുനിന്ന രാജമല്ലിപ്പൂക്കൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

’അനുജത്തിമാർക്ക്‌ ഓരോ ജോലിയായാൽ ഉമയ്‌ക്കാശ്വാസമാകും.‘ അയാൾ പറഞ്ഞു.

’ഓ. ലോട്ടറി കിട്ടുന്നപോലുളള കാര്യമാണത്‌.‘ അവൾ ചിരിച്ചു.

അവസാനം അയാൾ എഴുന്നേറ്റു. അവളുടെ കൈ പിടിച്ചു ഉമ്മ വച്ചുകൊണ്ട്‌ അയാൾ പറഞ്ഞു.

’ഉമയോടുളള സ്നേഹം എന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഇടയ്‌ക്കു കത്തയക്കണം. കാണണം….‘

അവളുടെ കണ്ണുകൾ നിറഞ്ഞു; അയാളുടെയും.

’അമ്മേ. വാസന്തീ… പത്മൂ.. ഇനാസി പോകുന്നു.‘ അവൾ മുഖം തുടച്ചുകൊണ്ടു വിളിച്ചു പറഞ്ഞു.

അമ്മയും അനുജത്തിമാരും വാതില്‌ക്കൽ മുഖം കാട്ടി. ഇനാസി മുഖത്തു പുഞ്ചിരിയണിഞ്ഞ്‌ യാത്ര പറഞ്ഞിറങ്ങി. വഴിവരെ ഉമ കൂടെചെന്നു. വേർപിരിയുമ്പോൾ രണ്ടുപേരും വികാരഭരിതരായി.

പിന്നെ നീറിപ്പുകയുന്ന ഹൃദയവും ശൂന്യമായ മനസ്സുമായി അയാൾ നടന്നു. അയാൾ അകന്നകന്നു മറയുന്നത്‌ നിറമിഴികളോടെ നോക്കിനിന്ന അവൾ ഒരു ശിലാവിഗ്രഹമായി മാറി.

Generated from archived content: vilapam29.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുപത്തിയെട്ട്‌
Next articleമൂന്ന്‌
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English