ഇരുപത്തിയേഴ്‌

കുന്നിൻ മുകളിലെ നടയടച്ച ക്ഷേത്രംപോലെ വീട്‌ മൂകമായി. വരാന്തയിലെ പ്രധാന വാതിലിനു മുകളിൽ ചുവരിൽ ദാവീദിന്റെ ചിത്രം. അതിൽ ഇലഞ്ഞിപ്പൂമാല കരിഞ്ഞു തൂങ്ങിക്കിടന്നു.

ഓയിൽ കളറിൻ ഇനാസി വരച്ച ചിത്രം.

ഒരു ജീവിതത്തിന്റെ അന്ത്യപരിണാമം.

മൗനത്തിന്റെ ഏകാന്ത തടവുകാരിയായി ബീന ചുമർ ചാരി തണുത്ത സിമന്റു തറയിലിരുന്നു. ഓർമ്മകൾ ഏതോ ചരമഗീതംപോലെ മനസ്സിലിഴഞ്ഞു. നിലച്ച ജീവിതത്തിന്റെ നിലയ്‌ക്കാത്ത പ്രതിദ്ധ്വനികൾ.

ജീവിതവുമായി ബന്ധിച്ചുനിർത്തിയിരുന്ന കണ്ണികൾ അറ്റുപോയിരിക്കുന്നു. ഇനിയുളളത്‌ അനിശ്ചിതവും ദുർബ്ബലവുമായ ഒരു കണ്ണിമാത്രം. അമ്മ.

ദാവീദിന്റെ മരണദുഃഖത്തിൽ തളർന്നുവീണ അന്നമ്മ ഇനിയും ഉണർന്നിട്ടില്ല. ഏതോ പേക്കിനാവിലെന്നപോലെ അർദ്ധമയക്കത്തിൽനിന്ന്‌ ഇടയ്‌ക്കിടെ ഞെട്ടിയുണരുന്ന വൃദ്ധ. കുറച്ചു ദിവസങ്ങൾകൊണ്ട്‌ അവരുടെ പ്രായം വളരെയേറെ വർദ്ധിച്ചു. കണ്ണുകൾ കുഴിയിലേയ്‌ക്കിറങ്ങി. മുഖത്തുചുളിവുകളേറി. മുടിയാകെ നരച്ചു.

ഇന്നലെവരെ സോഫിയയുണ്ടായിരുന്നു. എന്നും അവൾക്കിവിടെ തുണയ്‌ക്കു നിക്കാനാവില്ലല്ലോ. കണ്ണീരോടെ ഇന്നലെ വൈകുന്നേരം അവൾ തോമസ്സിന്റെ കൂടെ പടിയിറങ്ങി.

രാവിലെ ഇനാസിയും ഓഫീസിലേയ്‌ക്കു പോയതോടെ വീടുറങ്ങി.

ഓരോന്നാലോചിച്ചു വെറുതെയിരുന്ന ബീനയുടെ മനസ്സ്‌ ഭയത്തിന്റെ, ഉൽക്കണ്‌ഠയുടെ ഇരുളിൽ പുതഞ്ഞു ചിറകടിച്ചു ശൂന്യതയുടെ നിലയറ്റ കയത്തിലേയ്‌ക്കു വീണുകൊണ്ടിരിക്കുന്നതുപോലെ….

തലയ്‌ക്കുമുകളിൽ, ആകാശത്തിന്റെ അനന്തതയിൽ നിന്ന്‌ ഒഴുകിയെത്തുന്ന കൃഷ്‌ണപ്പരുന്തിന്റെ മൂകവിലാപം!

കിയാ… കീ… കിയാ….

അവളുടെ ഹൃദയം അസ്വസ്ഥമായി പിടഞ്ഞു. ശരീരമാകെയൊരു തരിപ്പ്‌.

സ്വന്തം ആത്മാവിന്റെ വിലാപമാണത്‌. ആരും കേൾക്കാത്ത, തനിക്കുമാത്രം തിരിച്ചറിയാവുന്ന തന്റെ വിലാപം…!

അവൾ ചെവിയുടെ വാതായനങ്ങൾ തുറന്നിട്ടു ആകാശത്തിലെമ്പാടും പരന്നൊഴുകുന്ന ആ വിലാപം മുഴുവൻ സ്വന്തം ആത്മാവിലേയ്‌ക്കാവാഹിക്കുവാൻ അവൾ ദാഹിച്ചു.

കൃഷ്ണപ്പരുന്തിനെ അവൾ ഒരിക്കലും കണ്ടിട്ടില്ല. അതിന്റെ രൂപമെന്താണെന്നറിയില്ല. നിറമറിയില്ല. ശബ്‌ദം മാത്രം തിരിച്ചറിയാം. കാക്കയുടെയും കോഴിയുടെയും നാരായണക്കിളിയുടെയും വണ്ണാത്തിപ്പുളളിന്റെയും മൂങ്ങയുടെയും ശബ്‌ദങ്ങളിൽനിന്ന്‌ വ്യത്യസ്തമായി അവളുടെ ആത്മാവിനെ തൊട്ടുണർത്തുന്ന സ്വരമാണത്‌. വികാരങ്ങളെ ജ്വലിപ്പിക്കുന്ന ശബ്‌ദം, പ്രപഞ്ചത്തിന്റെ ആത്മാവിൽ നിന്നൊഴുകിയെത്തുന്ന ദുഃഖഗീതിയായി അതു തന്റെ ഹൃദയത്തിൽ വന്നു നിറയുകയാണെന്ന്‌ അവൾക്കു തോന്നി.

പരിസരബോധം നഷ്‌ടപ്പെടുന്നു. സ്വപ്നാത്മകമായ കണ്ണീരിൽ അവൾ നനയുന്നു.

മനസ്സിൽ ദുഃഖജ്വാലയുണരുമ്പോഴെല്ലാം അനന്തതയിൽ നിന്നെത്തുന്ന ആ വിലാപം ഒരശരീരിയായി അവളെ പുണരുന്നു. സ്വന്തം ആത്മാവിനെ ആരോ തഴുകിവിളിക്കുംപോലെ. സ്‌നേഹസാന്ത്വനംപോലെ.

ദാവീദിന്റെ മരണത്തോടെ ആ കൃഷ്ണപ്പരുന്തിന്റെ വിലാപം അവളിൽ ഒരൊഴിയാബാധയായി കുടിയേറിയിരിക്കുന്നു.

പെട്ടെന്ന്‌ അവൾ അമ്മയെക്കുറിച്ചോർത്തു. അമ്മ കഞ്ഞി കുടിച്ചില്ലല്ലോ. താനും കഞ്ഞി കുടിച്ചില്ലല്ലോ.

കല്യാണിച്ചേച്ചി ചൂടോടെ മേശപ്പുറത്തെടുത്തു വച്ച കഞ്ഞി ഇപ്പോൾ തണുത്തുറച്ചിട്ടുണ്ടാകും.

ഓ, അല്ലെങ്കിലിപ്പോൾ കഞ്ഞി കുടിക്കുന്നതെന്തിനാ?

എങ്കിലും അവൾ എഴുന്നേറ്റ്‌ അമ്മ കിടക്കുന്ന കട്ടിലിനടുത്തേയ്‌ക്ക്‌ തപ്പിത്തടഞ്ഞു ചെന്നു. അമ്മ ചുരുണ്ടു കിടക്കുകയാണ്‌. അവൾ വിളിച്ചു.

‘അമ്മേ… അമ്മേ….’

‘ങും….?’

‘കഞ്ഞി കുടിക്കണ്‌ല്ലേ? കല്യാണിച്ചേച്ചി കഞ്ഞി വിളമ്പി വച്ചിട്ട്‌ നേരമെത്രയായി?’

‘ങാ. മോളു കുടിക്ക്‌.’

അമ്മയുടെ ശബ്‌ദം വല്ലാതെ നേർത്തുപോയിരിക്കുന്നു.

മുറ്റത്ത്‌ ആടിന്റെ കരച്ചിലുയർന്നു. വിശന്നിട്ടാവും. സോഫിയയായിരുന്നു, ആടിനെ വളർത്തിയിരുന്നത്‌. ആടിനുവേണ്ട വെളളവും പുല്ലും ഇലയും കൊടുക്കുകയും മാറ്റിക്കെട്ടുകയും ഒക്കെ ചെയ്‌തിരുന്നത്‌ അവളാണ്‌. അവളുടെ ശബ്‌ദം കേൾക്കുന്നിടത്ത്‌ ആട്‌ എത്തുമായിരുന്നു.

അവളുടെ കല്യാണം മുതൽ ആടിനു കഷ്‌ടകാലമായി. പുല്ലും വെളളവും വേണ്ട സമയത്തു കിട്ടാതായി. അതിന്റെ കരച്ചിൽ പലപ്പോഴും ഉയരാൻ തുടങ്ങി.

‘അമ്മേ…’

‘ങും…“’

‘ആടു കരയണ്‌.’

‘കല്യാണിയോടു പറ, ആ കഞ്ഞി ആടിനു കൊടുക്കാൻ.’

‘അപ്പോ അമ്മ കഞ്ഞി കുടിക്കണില്ലേ?’

‘വേണ്ട; വെശപ്പില്ല.’

‘ഒന്നും കഴിക്കാണ്ടു കിടന്ന്‌ എണീക്കാൻ വയ്യാണ്ടായി…. വല്ല അസുഖോമായാ ആരാ നോക്കാൻ..?’

-അവളുടെ തൊണ്ടയിടറി.

അന്നമ്മ പതുക്കെ എഴുന്നേറ്റു. നടക്കുമ്പോൾ കണ്ണും തലയും ഇരുട്ടുന്നതുപോലെ തോന്നി. ഒരു വിധത്തിൽ ഊണു മുറിയിലെ മേശയ്‌ക്കരികിലെത്തി.

ഒരു സ്പൂൺ കഞ്ഞി കോരി വായിൽവച്ചു. വല്ലാതെ തണുത്തിരുന്നു. ഒരു രസവുമില്ല.

തലയ്‌ക്കു കൈതാങ്ങി അന്നമ്മ വെറുതെയിരുന്നു.

ആടിന്റെ ശബ്‌ദം മുറ്റത്തു വീണ്ടും ഉയർന്നു.

‘മോളെ, കല്യാണീ…’

കല്യാണി വേഗമെത്തി.

‘ഈ കഞ്ഞിയെടുത്ത്‌ ആ ആടിനുകൊട്‌…’

‘ആ ആടിനെ ആർക്കെങ്കിലും വിറ്റുകളയാമമ്മെ. ആരാ അതിനെയൊക്കെ നോക്കാൻ…’-ബീന പറഞ്ഞു.

‘ശര്യാ നീ പറഞ്ഞത്‌. ആരെക്കൊണ്ടാവും കെട്ടിവലിച്ചു നടക്കാൻ. വെറുതെ അതിന്റെ പ്രാക്ക്‌…’

കല്യാണി വട്ടച്ചെമ്പിൽ കാടിയും കഞ്ഞിയും ഒഴിച്ചു. പിണ്ണാക്കും തവിടും അതിൽ വാരിയിട്ടു. അതിളക്കി ആടിനു വച്ചുകൊടുത്തു. ആട്‌ ശബ്‌ദമുണ്ടാക്കിക്കൊണ്ട്‌ ആർത്തിയോടെ വലിച്ചു കുടിച്ചു. ഇടയ്‌ക്കു തലപൊക്കി കുടയുകയും ചീറ്റുകയും ചെയ്‌തു. ആടിന്റെ വയർ അല്പാല്പമായി വീർത്തുവന്നു.

അന്നമ്മ പതുക്കെ പുറത്തിറങ്ങി. നിരാലംബമായ ദുഃഖങ്ങളുടെ ഭാരംപേറി അവർ വേച്ചുവേച്ചു നടന്നു. വെയിലിന്റെ ചൂടേറ്റപ്പോൾ ഒരു സുഖം തോന്നി. കരിയിലകൾ കാൽക്കീഴിൽ ഞെരിയുന്ന സ്വരം കേട്ട്‌ അവർ പലപ്പോഴും ഞെട്ടി.

പൊടിയും മാറാലകളും പിടിച്ച, ഇരുൾ പതുങ്ങിക്കിടക്കുന്ന മുറികളിൽ വാർദ്ധക്യത്തിന്റെയും അനാരോഗ്യത്തിന്റെയും നിരാലംബബോധത്തിന്റെയും ഭാരംപേറി അവർ തപ്പിത്തടഞ്ഞു നടന്നു.

അയൽക്കാരി കല്യാണിയുടെ സഹായംകൊണ്ട്‌ അടുക്കളജോലികൾ നടന്നു.

വീട്ടിൽ ഇനാസിയുളളപ്പോൾ മാത്രമെ അന്നമ്മയ്‌ക്കും ബീനയ്‌ക്കും ഒരു ശക്തി അനുഭവപ്പെട്ടുളളു. ജീവനുളള ചില വാക്കുകൾ. എന്തെങ്കിലും ഒരോ ചലനം. ഒന്നുമില്ലെങ്കിൽ ചിലപ്പോൾ അയാൾ വെറുതെ പത്രം ഉറക്കെ വായിക്കും. അങ്ങനെയെങ്കിലും അന്തരീക്ഷത്തിന്‌ ഒരു ജീവനുണ്ടാകാൻ വേണ്ടിയാണ്‌.

രാത്രിയിൽ ഇനാസി നിർബന്ധിച്ച്‌ അന്നമ്മയെക്കൊണ്ടു കുറച്ചു കഞ്ഞി കുടിപ്പിക്കും. ബീനയോട്‌ എന്തെങ്കിലുമൊക്കെ തമാശ പറയും. വിളറിയതെങ്കിലും ഇടയ്‌ക്ക്‌ അവളിൽ ഒരു മന്ദഹാസം വിരിയിക്കാൻ അയാൾ ശ്രദ്ധിക്കുന്നു.

അങ്ങാടിയിലെ ഇറച്ചിക്കച്ചവടക്കാരൻ അവ്വക്കർ ഒരു ദിവസം ആടിനെത്തേടി അവിടെ വന്നു. അന്നമ്മയ്‌ക്ക്‌ വില പറയാനൊന്നുമറിയില്ലായിരുന്നു. അവ്വക്കർ തന്നെ വില നിശ്ചയിച്ചു. അയാൾ ആടിനെയും കൊണ്ടു പോകുമ്പോൾ അന്നമ്മയുടെ കണ്ണുനിറഞ്ഞൊഴുകി.

അങ്ങനെ ആടിന്റെ ശബ്‌ദവും അവിടെ ഇല്ലാതായി.

Generated from archived content: vilapam27.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുപത്തിയാറ്‌
Next articleഇരുപത്തിയെട്ട്‌
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here