ജീവിതത്തിലെ വിലമതിക്കാനാകാത്ത മുത്തുകൾ നേടിയെടുത്ത സംതൃപ്തിയോടെ ഇന്നവൾ തിരിച്ചുവന്നിരിക്കുന്നു! ആനന്ദത്തിന്റെ കുങ്കുമപ്പാടം പൂത്ത മനസ്സുമായി അവൾ തോമസ്സിനോടു ചേർന്നിരിക്കുന്നു. തോമസ്സിന്റെ വലതുകരം അവളുടെ തോളിൽ വിശ്രമിക്കുന്നു. മാനസികമായും ശാരീരികമായും അവർ ഒരുതരം ലഹരിയ്‌ക്കു വിധേയരായിരിക്കുന്നു.
അടുക്കളയിൽ തനിയെ ജോലി ചെയ്യുന്ന അന്നമ്മയെ സഹായിക്കാൻപോലും സോഫിയ തയ്യാറാകുന്നില്ല. തോമസ്സിനെ വിട്ടുപോകാനുളള വൈമനസ്യം!
ഏതായാലും കളളു വച്ചു മൂപ്പിക്കേണ്ടെന്ന് ഇനാസി വിചാരിച്ചു. ഗ്ലാസ്സുകൾ എടുത്തുകൊണ്ടുവന്ന് കളളു പകർന്നപ്പോൾ തൊട്ടപ്പുറത്തെ മുറിയിൽ നിന്ന് ദാവീദ് വിളിച്ചു ചോദിച്ചു.
‘എന്താ ഇവിടെ കളളിന്റെ മണം…?’
ഇനാസി പരുങ്ങി. തോമസ്സ് ഇനാസിയുടെ മുഖത്തുനോക്കി. എന്തു പറയണമെന്നറിയാതെ വിഷമിക്കുമ്പോൾ ബീന പറഞ്ഞുഃ
‘അപ്പച്ചന് ഇത്തിരി വേണോ? തോമസ്സുചേട്ടൻ വന്നപ്പോൾ ഇനാസിചേട്ടൻ ഇത്തിരി വാങ്ങിയതാണ്.’
‘ങാഹാ…! കൊളളാമല്ലോ. ഇളേതോ മൂത്തതോ?’
ഇനാസി ഒരു ഗ്ലാസ്സു കളളുമായി ദാവീദിനടുത്തേയ്‌ക്ക് ചെന്നു.
‘ഇളംകളളാ. ചേട്ടൻ ഒരു ഗ്ലാസ്സ് കുടിച്ചുനോക്ക്.’
അപ്പോഴേക്കും തോമസ്സും സോഫിയയും ബീനയുമെല്ലാം അവിടെയെത്തി. ദാവീദിനു സന്തോഷമായി. സോഫിയയും തോമസ്സുംകൂടി ദാവീദിനെ താങ്ങിയെഴുന്നേല്പിച്ചിരുത്തി. ഇനാസി ഗ്ലാസ്സ് കൈയിൽ കൊടുത്തു. ദാവീദ് താത്‌പര്യപൂർവ്വം കുറേശ്ശെ കുടിച്ചു.
‘ഇതുകൊളളാമല്ലോ. മധുരമൊളളതാ.’
ഇനാസി ഓരോ ഗ്ലാസ്സ് തോമസ്സിനും സോഫിയയ്‌ക്കും കൊടുത്തു. ബീന ഒരിറക്കു കുടിച്ച് ചിറികോട്ടി ഗ്ലാസ്സ് വെറുപ്പോടെ നീക്കിവച്ചു.
‘അയ്യേ! എനിക്കൊന്നും വേണ്ടയിത്!’
സോഫിയ മടുപ്പോടെയാണെങ്കിലും തോമസ്സിന്റെ നിർബ്ബന്ധം മൂലം ഒരു ഗ്ലാസ്സു കുടിച്ചു.
‘അയ്യോ! ഉളളിലാകെ ഒരെരിച്ചിൽ! ഇപ്പത്തന്നെ കിടന്നുറങ്ങാൻ തോന്നണ്.’ സോഫിയ പറഞ്ഞു.
സന്തോഷം തുളുമ്പുന്ന സംസാരവും ചിരിയും കേട്ട് അകത്തുനിന്ന് അന്നമ്മ വന്നു. അപ്പോഴേയ്‌ക്കും ദാവീദ് വേഗം ഒന്നുമറിയാത്ത മട്ടിൽ കിടന്നു കളഞ്ഞു.
“എന്താ ഇവടൊരു മേളം….?‘ അന്നമ്മ ചോദിച്ചു.
’മണം കേട്ടിട്ടും അമ്മയ്‌ക്ക് മനസ്സിലായില്ലേ?‘ തോമസ്സ് ചോദിച്ചു.
ഇനാസി ഒരു ഗ്ലാസ്സുകളള് അന്നമ്മയുടെ നേരെ നീട്ടി.
’കൊണ്ടുപോയേ… എനിക്കപ്രം പണിയൊണ്ട്.‘ – ഗൗരവപൂർവ്വം നിരസിച്ചുകൊണ്ട് അന്നമ്മ തിരിഞ്ഞു നടന്നു. അവർ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.
’നമ്മള്‌ടെ സന്തോഷം അവൾക്കത്ര പിടിച്ചിട്ടില്ല.‘ ദാവീദ് ചിരിച്ചുകൊണ്ട് പറഞ്ഞു.
’അപ്പന് ഒരു ഗ്ലാസ്സുകൂടി വേണോ?‘ ഇനാസി ചോദിച്ചു. കൊടുക്കാൻ ഇഷ്‌ടമുണ്ടായിട്ടായിരുന്നില്ല ചോദിച്ചത്. കൂടുതൽ കുടിച്ചാൽ വല്ല കുഴപ്പവും ഉണ്ടാകുമോ എന്ന ആശങ്ക മനസ്സിൽ നിഴൽ വീഴ്‌ത്തിയിരുന്നു.
’വേണ്ട. നിങ്ങളോടൊപ്പം സന്തോഷത്തിൽ ഒന്നു പങ്കുചേരാൻ വേണ്ടിമാത്രം ഒരു ഗ്ലാസ്സ് കുടിച്ചെന്നേയുളളു ഞാൻ! നല്ല കളളുകുടിച്ച കാലം മറന്നു.‘ ദാവീദു പറഞ്ഞു.
മക്കളും മരുമകനും എല്ലാം ഒത്തുകൂടിയപ്പോൾ ദാവീദിന് വലിയ സന്തോഷവും ഉന്മേഷവും തോന്നി. സുഖമില്ലാതെ കിടപ്പായതിനുശേഷം എല്ലാവരോടും കൂടി ഒരു മേശയ്‌ക്കു ചുറ്റുമിരുന്ന് ഊണു കഴിക്കാൻ കഴിഞ്ഞിട്ടില്ല. ആഹാരം തനിയെ ഇരുന്ന് കഴിക്കുകയാണ് പതിവ്. രോഗിയല്ലേ. ഇന്ന് എല്ലാവരോടുമൊപ്പമിരുന്നുണ്ണാമെന്ന് ഒരാശ. ഇതുപോലെ എല്ലാവരും ഒത്തുചേരുന്ന ഒരു സുവർണ്ണാവസരം ഇനിയുണ്ടായില്ലെങ്കിലോ?
തന്റെ രോഗസ്വഭാവംതന്നെ അനിശ്ചിതമാണ്. സ്വന്തം നിഴലിൽ മറഞ്ഞിരിക്കുന്ന മരണം എപ്പോഴാണു കടന്നു പിടിക്കുന്നതെന്നറിയില്ല.
ഊണു വിളമ്പാൻ നേരമായപ്പോൾ ദാവീദ് വിളിച്ചു പറഞ്ഞു.
’അന്നമ്മേ, എനിക്കും മേശമേൽ വച്ചോളൂ. ഒപ്പമിരുന്നൊന്നുണ്ണണം.‘
അതുകേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി.
’എത്രനാളായി അപ്പന്റെയടുത്തിരുന്ന് ഒന്നുണ്ടിട്ട്!” സോഫിയ പറഞ്ഞു.
‘എരിവും പുളിയുമുളള കറി വായിൽ വച്ചിട്ടു നാളെത്രയായി! പാവയ്‌ക്കേം മോരും വെണ്ടയ്‌ക്കേം ഒക്കെത്തന്നെ കൂട്ടി ഞാൻ വെറുത്തു.’ ദാവീദു പറഞ്ഞു.
ദാവീദ് ഊണു മേശയ്‌ക്കരികിൽ ചെന്നിരുന്നു. ബീനയേയും സോഫിയയേയും വിളിച്ച് ഇടവും വലവുമായി ഇരുത്തി. തോമസ്സും ഇനാസിയും മറുവശത്തുമിരുന്നു. അന്നമ്മ വിളമ്പാൻ മാറിനിന്നു.
‘അന്നമ്മേ, നീയുമിരിക്ക്.’ ദാവീദ് സ്‌നേഹവായ്‌പോടെ അന്നമ്മയുടെ മുഖത്തുനോക്കി.
‘ഞാൻ പിന്നെയിരുന്നോളാം. വിളമ്പിത്തരണ്ടെ?’
‘വിളമ്പാനുളളതെല്ലാം കൊണ്ടുവന്നു മേശമേൽ വയ്‌ക്ക്. എന്നിട്ടു നീയുമിരി.’
‘അതെ; അതുമതി. എല്ലാവർക്കും ഒപ്പമിരിക്കാം.’ ഇനാസി പറഞ്ഞു.
അന്നമ്മയുടെ മുഖം തെളിഞ്ഞു. എല്ലാവർക്കും സന്തോഷം നിറയുന്നതുപോലെ തോന്നി. എല്ലാവരുടെയും പാത്രത്തിൽ ദാവീദ് തന്നെ ഓരോ കയിൽ ചോറു വിളമ്പി.
സ്പൂണും പാത്രവും ഗ്ലാസ്സും കൂട്ടിയുരസുന്ന സ്വരവും ആഹ്ലാദം നിറഞ്ഞ ചിരിയും സന്തോഷത്തിന്റെ വാക്കുകളും എല്ലാം ചേർന്ന് സംഗീതാത്മകമായ ഒരന്തരീക്ഷം വിരചിതമായി.
‘ഇന്നു മനസ്സിനു നല്ല സുഖം! എത്ര നാളായി ഞാനെന്റെ മക്കളോടൊപ്പമിരുന്നു രണ്ടുവറ്റു തിന്നിട്ട്!’ ദാവീദിന്റെ മുഖമൊന്നു തെളിഞ്ഞു.
‘അപ്പന് കോഴി തിന്നാമോ?’ തോമസ് അല്പം ആശങ്കയോടെ ചോദിച്ചു.
“ഒരു കഷണം നല്ലതു നോക്കി വയ്യ്.‘ ഇനാസി പറഞ്ഞു.
’ഈ മീൻ അച്ചാറ് എവടന്നാ…? കൊളളാമല്ലോ.‘ ദാവീദ് കൊതിയോടെ നൊട്ടി നുണഞ്ഞു.
’അത് അപ്പനുവേണ്ടി ഞാൻ തയ്യാറാക്കിക്കൊണ്ടന്നതാ. നല്ല കണമ്പു വറുത്ത് അച്ചാറിട്ടതാ.‘ സോഫിയ സന്തോഷത്തോടെ അറിയിച്ചു.
’അപ്പോ നിനക്കെന്നെക്കുറിച്ചു വിചാരമൊണ്ടായിരുന്നു….!‘ ദാവീദ് ചിരിച്ചു.
’അതു പിന്നില്ലാതാണോ?‘
ഊണു കഴിഞ്ഞിട്ടും എഴുന്നേല്‌ക്കാൻ മടിച്ച് എല്ലാവരും വർത്തമാനവും ചിരിയുമായി ഇരുന്നു. ക്രമേണ ദാവീദിന്റെ മനസ്സ് കൂട്ടം പിരിഞ്ഞ് ഏകാന്തതയിലേയ്‌ക്ക് വഴുതി നീങ്ങി. ചിന്തകൾ വല നെയ്‌തു. മുഖം മെല്ലെ ംലാനമായി. കണ്ണുകൾ പതുക്കെ നനഞ്ഞു.
’അപ്പനെന്താ ആലോചിക്കണത്?‘ തോമസ് ചോദിച്ചു.
’ഏയ് ഒന്നൂല്ല.‘
അയാൾ മനസ്സിന്റെ വിചാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇടതുവശത്തിരുന്ന ബീനയുടെ തോളിൽ വാത്സല്യപൂർവ്വം തഴുകിക്കൊണ്ടിരിക്കെ മനസ്സ് അസ്വസ്ഥമായി. അന്നമ്മ അതു മനസ്സിലാക്കി. അവർ പറഞ്ഞു.
’ഇനിയെഴുന്നേറ്റു കൈകഴുക്. മണി പതിനൊന്നായി.‘
’ഓ, അത്രേം നേരമായോ?‘ ഇനാസി ക്ലോക്കിലേയ്‌ക്കുനോക്കി.
എല്ലാവരും എഴുന്നേറ്റു.
വീണ്ടും അവർ നടുമുറിയിൽ ഒന്നിച്ചുകൂടി.
’മോളെ, ചീട്ടെടുക്ക്. നമുക്ക് കുറച്ചുനേരം റമ്മിക്കളിക്കാം.‘ ദാവീദ് പറഞ്ഞു. വല്ലപ്പോഴും നേരം പോക്കിന് അറിയാവുന്ന ഒരു വിനോദം അതുമാത്രമേയുളളൂ.
സോഫിയയ്‌ക്കും ഉത്സാഹമായി. അവൾ അലമാരയിൽനിന്നു ചീട്ടു കൊണ്ടുവന്നു കശക്കി മേശപ്പുറത്തുവച്ചു. ഇനാസിയും തോമസും ദാവീദും മേശയുടെ മൂന്നു വശത്തുമായി ഇരുന്നു.
’മണി പതിനൊന്നായി. ഇപ്പോഴാണോ ഇനി കളിക്കാൻ പോണത്? പോയിക്കിടന്നുറങ്ങാൻ പാടില്ലേ? സുഖമില്ലാത്തതാണ്…‘ അന്നമ്മ ശാസിച്ചു.
’നിനക്കുറക്കം വരുന്നെങ്കി നീ കെടന്നുറങ്ങ്. ഞങ്ങൾ കുറച്ചുസമയം കളിച്ചിട്ടേയിന്നുറങ്ങുന്നുളളു.‘ ദാവീദു പറഞ്ഞു.
ഇന്നെന്താ അസാധാരണമായ ഒരു സന്തോഷവും പെരുമാറ്റവും എന്ന് അന്നമ്മ ആശ്ചര്യപ്പെട്ടു. അവർക്കുറക്കം വന്നു. അവർ ദാവീദിന്റെ കട്ടിലിന്നു താഴെ പായ വിരിച്ചുകിടന്നു.
ദാവീദും മക്കളും കൂടിയിരുന്നു ചീട്ടുകളിച്ചു. ഒച്ചയും ചിരിയും വർത്തമാനവുമായി സമയം കടന്നുപോയി. ഉറങ്ങുന്ന കാര്യംതന്നെ അവർ വിസ്‌മരിച്ചു.
ബീനയ്‌ക്കും ഉറക്കം വന്നില്ല. കളിക്കുന്നിടത്ത്, ദാവീദിനരികിൽ അവരുടെ സംസാരം ശ്രദ്ധിച്ച് അവളിരുന്നു.
മണി പന്ത്രണ്ടടിക്കുന്നതുകേട്ട് അന്നമ്മ ഉണർന്നപ്പോഴും കളി അവസാനിച്ചിട്ടില്ല. അവർക്കു ദേഷ്യം കയറി. അവർ എഴുന്നേറ്റുചെന്ന് മേശമേൽനിന്നു ചീട്ടുവാരി.
’മതി കളിച്ചത്! മണി പന്ത്രണ്ടു കഴിഞ്ഞു!‘
പെട്ടെന്ന് എല്ലാവരും നിശ്ശബ്‌ദരായി.
’നമുക്കുറങ്ങാം മക്കളെ. നമ്മളുറങ്ങാഞ്ഞിട്ട് അവൾക്കു വിഷമം വേണ്ട.‘
ദാവീദ് എഴുന്നേറ്റു. സോഫിയ അപ്പന്റെ കൈക്കുപിടിച്ച് കട്ടിൽവരെ കൊണ്ടുചെന്നു.
എല്ലാവരും അവരവരുടെ കിടക്കകളെ അഭയം പ്രാപിച്ചു. നിശ്ശബ്‌ദതയുടെ ചിറകിനുകീഴിൽ അവർ ഒതുങ്ങി.
രാവിലെയുണർന്നപ്പോൾ ദാവീദിനു പ്രത്യേകിച്ച് അസുഖമൊന്നും തോന്നിയില്ല. പുറത്ത് മൂടൽമഞ്ഞു പറന്നിരുന്നു. നനഞ്ഞവെളിച്ചത്തിൽ ഒറ്റയടിപ്പാതയിലൂടെ തല മൂടിപ്പുതച്ച പെണ്ണുങ്ങൾ പളളിയിലേക്ക് പോകുന്നതുകണ്ടു.
ഇന്നു ഞായറാഴ്‌ചയാണല്ലോ. ദാവീദ് ഓർത്തു! എത്ര നാളായി ഒന്നു പളളീപ്പോയീട്ട്! കുറച്ചു നടക്കുന്നതുകൊണ്ടു പ്രയാസമുണ്ടാവില്ല. ഒന്നു കുമ്പസാരിക്കണം. കുർബാന കൈക്കൊളളണം.
പല്ലുതേച്ച് മുഖവും കൈകാലുകളും കഴുകിയെത്തിയപ്പോൾ അന്നമ്മയും ബീനയും ഉടുത്തൊരുങ്ങുകയായിരുന്നു.
’ഞാനും വരണ്്ണ്ട് പളളീല്‌ക്ക്.‘
’നിങ്ങൾക്കു നടക്കാമ്പാടുണ്ടോ?‘
’നിന്നെക്കാൾ നന്നായി ഞാൻ നടക്കും.‘
’ഇന്നലെ കളളുകുടിച്ചതിന്റെ ഗുണമാകും.‘
ദാവീദ് സ്‌റ്റാന്റിൽനിന്നു മുണ്ടും ഷർട്ടുമെടുത്തു ധരിക്കാൻ തുടങ്ങി.
’അപ്പനിപ്പോ പളളീപ്പോകണ്ടാ. മഞ്ഞുവല്ലാതുണ്ട്.‘ ബീന പറഞ്ഞു.
’അതൊന്നും സാരമില്ല. തലേല് നാടൻമുണ്ടിട്ടാമതി.‘ ദാവീദ് പറഞ്ഞു. എത്രനാളായി ഞാനീ വീടിനകത്ത് തടവുകാരനായി കഴിയണത്! ഒന്നു പുറത്തിറങ്ങി നടക്കാൻ കൊതിയാവുകയാണ്.
’അങ്ങനെ പല കൊതീംണ്ടാകും. രോഗം വന്നാൽ അടങ്ങിയൊതുങ്ങിക്കഴിയണം. വല്ലതും വന്നിട്ടു പിന്നെ!‘ അന്നമ്മ വഴക്കു പറഞ്ഞു.
’നിങ്ങളെല്ലാംകൂടി എന്നെ നടക്കാൻ വയ്യാത്ത ഒരു കെഴവനാക്കുന്നു, അല്ലെ?‘- നാടൻ മുണ്ടുമടക്കി തോളിലിട്ടു.
’ഓ, ഒരിരുപത്തിരണ്ടുകാരൻ! നടക്ക്. ദൈവം കാക്കട്ടെ. പളളീല്‌ക്കല്ലെ‘ അന്നമ്മ നിസ്സഹായതയോടെ സമ്മതിച്ചു.
’എനിക്കൊന്നു കുമ്പസാരിക്കണം.‘
’അതിനാണെങ്കിൽ പറഞ്ഞാൽ കൊച്ചച്ചൻ ഇവടെ വരുമല്ലോ.‘ അന്നമ്മ പറഞ്ഞു.
’അത്രക്കൊന്നും അവശത എനിക്കില്ലന്നമ്മേ…!‘
’എന്നാ നിങ്ങടെ പാടുപോലാക്.‘ അന്നമ്മയ്‌ക്കു ശുണ്‌ഠി വന്നു.
’അപ്പൻ എന്തു പാപം ചെയ്‌തിട്ടാ കുമ്പസാരിക്കാൻ പോകുന്നത് എന്നു ചോദിക്കാൻ തോന്നി, ബീനയ്‌ക്ക്.
ദാവീദിന്റെ പിന്നാലെ അന്നമ്മയും ബീനയും വളരെ സാവധാനം നടന്നു. വളരെ നാളത്തെ തടവിൽനിന്നു മോചനം നേടിയ ആശ്വാസം തോന്നി ദാവീദിന്. അദൃശ്യമായ ചങ്ങലക്കുരുക്കുകളിൽനിന്നു മോചിതമായ പാദങ്ങൾ മഞ്ഞിന്റെ നനവുപറ്റിയ മണ്ണിൽ ആർത്തിയോടെ അമർന്നു. എത്ര നാളായി ഈ മണ്ണിലൂടെ നടന്നിട്ട്! എന്നേയ്‌ക്കുമായി നഷ്‌ടപ്പെട്ടു എന്നു കരുതിയ ശക്തി തിരിച്ചു കിട്ടിയെന്നു തോന്നി.
പളളിയിലെത്തുന്നതുവരെ പ്രയാസമൊന്നും തോന്നിയില്ല. കുർബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ മൂടൽമഞ്ഞു മാഞ്ഞിരുന്നു. ഇളംവെയിലിൽ ഭൂമിയാകെ കോരിത്തരിച്ചുനിന്നു.
‘അല്ല, ഇതാര്! ദാവീദ് ചേട്ടനോ!’
പരിചയക്കാർ പലരും ചിരിച്ചുകൊണ്ട് കുശലം ചോദിച്ച് അടുത്തെത്തി.
‘അസുഖമൊക്കെ മാറിയോ?’ കുരിയപ്പൻ കുമ്പാതിരി ചോദിച്ചു.
പരിചയക്കാരെയെല്ലാം കണ്ടപ്പോൾ ഉളളു കുളുർത്തു. ചിരിച്ചും കുറഞ്ഞ വാക്കുകളിൽ പതുക്കെ സംസാരിച്ചും അല്പനേരം നിന്നു. പിന്നെ പതുക്കെ നടക്കാൻ തുടങ്ങി. ധൃതിയുളളവർ യാത്ര പറഞ്ഞു വേഗം നടന്നുപോയി.
കുഴമണ്ണിലൂടെ നടക്കാൻ പ്രയാസം തോന്നി. പാദങ്ങൾ മണ്ണിൽ നിന്നുയർത്താൻ വല്ലാത്ത ഭാരംപോലെ. കിതപ്പനുഭവപ്പെട്ടു. നെറ്റിയിലും കഴുത്തിലും വിയർപ്പു പൊടിഞ്ഞു.
‘എന്താ, നടക്കാൻ വിഷമം തോന്നുന്നുണ്ടോ?’ അന്നമ്മ ഉത്‌ക്കണ്‌ഠയോടെ ദാവീദിന്റെ മുഖത്തുനോക്കി.
‘ഏയ്, ഒന്നൂല്ല.’
അന്നമ്മ കുട നിവർത്തി ഭർത്താവിന്റെ തലയ്‌ക്കുമേലെ ചൂടിക്കൊണ്ടു ചേർന്നു നടന്നു.
അയാൾ അപ്പോൾ നാല്പത്തഞ്ചു വർഷങ്ങൾക്കു മുമ്പത്തെ ഒരു ചിത്രം മനസ്സിൽ കാണുകയായിരുന്നു. കെട്ടും കഴിഞ്ഞ് പളളിയിൽനിന്ന് കുടുംബക്കാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുംകൂടി ഇറങ്ങിയ രംഗം! മണവാളനായി താൻ കുടയും ചൂടിച്ച് അന്നമ്മയെ ജനസമക്ഷം കൊണ്ടുനടന്നത്. അന്ന് അന്നമ്മയ്‌ക്കെന്തു നാണമായിരുന്നു! ഞൊറിഞ്ഞുടുത്ത മുണ്ടുംചട്ടയും കസവുനാടനുമായി തലയിൽ പുഷ്‌പകിരീടവും കൈയിൽ പൂച്ചെണ്ടുമായി ലജ്ജാനമ്രമുഖിയായി മന്ദംമന്ദം നടന്ന തുടുത്ത മണവാട്ടി!
ഇപ്പോൾ മുടി നരച്ച്, പല്ലുപലതും കൊഴിഞ്ഞ്, ഒട്ടിയ കവിളും ചുളിവു വീണ നെറ്റിയും മങ്ങിയ കണ്ണുകളുമായി തന്നെ കുട ചൂടിച്ചു കൊണ്ടുപോകുന്നു.
ഓർത്തപ്പോൾ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
കിതപ്പുപെരുകി. വിയർപ്പ് ശക്തിയായ്. ശരീരത്തിനാകെയൊരു തളർച്ച. നെഞ്ചിനകത്ത് എന്തോ ഒരു പുകച്ചൽ…! വയ്യ…
‘അന്നമ്മേ…. എന്നെയൊന്നു പിടിച്ചോ…!’
‘അയ്യോ! എന്തുപറ്റി?’
അന്നമ്മയും ബീനയും പരിഭ്രാന്തരായി. അവർ ദാവീദിനെ താങ്ങിപ്പിടിച്ചു.
‘ഞാനെത്ര പറഞ്ഞതാ, നടക്കണ്ടാന്ന്! കേട്ടില്ല. എന്റെ മഞ്ഞുമാതാവേ…!’ അന്നമ്മ അസ്വസ്ഥയായി.
ദാവീദ് ഒന്നും മിണ്ടിയില്ല. ദയനീയമായി അന്നമ്മയെ നോക്കി. നെഞ്ചിനകത്ത് സംഭ്രമം പെരുകുന്നു. കാലുകൾ കുഴയുന്നു. കണ്ണിൽ ഇരുട്ടു പടരുന്നു….
നടക്കാൻ വയ്യെന്നു കണ്ട് അന്നമ്മ അയാളെ താങ്ങിപ്പിടിച്ചു നിലത്തിരുന്നു. അപ്പോഴും ദാവീദ് അന്നമ്മയെ ആശ്വസിപ്പിച്ചു.
‘ഓ, ഒന്നുമില്ല…. നീ വെഷമിക്കാതെ…’
പരിചയക്കാർ ആരൊക്കെയോ ഓടിയെത്തി. പിന്നാലെ പിന്നാലെ ആളുകൾ എത്തിക്കൊണ്ടിരുന്നു. വിവരമറിഞ്ഞ് സോഫിയയും തോമസ്സും ഇനാസിയുമെത്തി. വീശുകയും നെഞ്ചുതടകുകയും ചെയ്‌തുകൊണ്ടിരിക്കെ ഒരാൾ ടാക്‌സി വിളിച്ചുകൊണ്ടു വന്നു. ഇനാസിയും തോമസും കൂടി ദാവീദിനെ താങ്ങിയെടുത്ത് കാറിൽ കയറ്റി.
‘വീട്ടിലേക്കു പോയാ… മതി…’ ദാവീദ് പതുക്കെ ഉരുവിട്ടു.
‘വേണ്ട; ആശുപത്രിയിലേയ്‌ക്കു പോകട്ടെ.’ ഇനാസി പറഞ്ഞു.
ദാവീദിന്റെ തളർന്ന മിഴികൾ ബീനയുടെ മുഖത്തു പറ്റിനിന്നു. ആ കണ്ണുകൾ സാവധാനം നിറഞ്ഞു.
‘ഹ….ൻ…ന്റ…മോ…ളേ…!’
നാവു തളർന്നു. മിഴികൾ തളർന്നു. പതുക്കെ തല ഒരു വശത്തേയ്‌ക്കു ചരിഞ്ഞു. സ്‌ഫോടനാത്മകമായ ഒരു തണുത്ത നിമിഷം!
അന്നമ്മയുടെയും സോഫിയയുടെയും അടക്കി നിർത്തിയ തേങ്ങലുകൾ ചിറപൊട്ടി.
ദുഃഖത്തിന്റെ ഭീതിദമായ ചിറകടിയേറ്റ് ബീന നിരാലംബയായി പൊട്ടിക്കരഞ്ഞു. അവളുടെ തലയ്‌ക്കു മുകളിൽ ആകാശത്തിന്റെ അപാരതയിൽ മറ്റാരും കാണാത്ത അവളുടെ കൃഷ്‌ണപ്പരുന്ത് വലിയ ചിറകു വിരുത്തി ചുറ്റിപ്പറന്നു. അതിന്റെ വിലാപം അന്തരീക്ഷത്തിലാകെ, പ്രപഞ്ചമാകെ പിടിച്ചുലയ്‌ക്കുന്ന കൊടുങ്കാറ്റായി ഇരമ്പിയൊഴുകി.
Generated from archived content: vilapam26.html Author: joseph_panakkal