കഥകൾ ഒന്നോടിച്ചു നോക്കി അത്യാവശ്യം വേണ്ട കുറിപ്പുകൾ എഴുതിവച്ച് ഇനാസി പുറത്തേയ്‌ക്ക് നോക്കി. സന്ധ്യയുടെ വർണ്ണങ്ങൾ ഇരുളാൻ തുടങ്ങിയിരുന്നു. വൈദ്യുതവിളക്കുകൾ പ്രകാശിക്കാൻ തുടങ്ങി.
ഡ്രോയിംഗ് ഷീറ്റിൽ സ്‌കെച്ചുകളിട്ട് ബ്രഷ് ഇൻഡ്യനിങ്കിൽ മുക്കി അയാൾ വരച്ചുകൊണ്ടിരിക്കെ പ്യൂൺ കുട്ടികൃഷ്‌ണൻ വീണ്ടും വാതില്‌ക്കലെത്തി.
‘ഇല്ലസ്‌ട്രേഷൻ ആയോ സാർ?’
‘പത്തുമിനിട്ടു കഴിഞ്ഞു വരൂ.’
കുട്ടികൃഷ്ണൻ പറഞ്ഞുഃ ‘ഗോവിന്ദൻകുട്ടിമേനോൻ കാത്തിരിക്കയാണ്. ചിത്രം കണ്ടിട്ടേ പോണുളളത്രെ.’
‘ഓ, ധൃതി പിടിച്ചാലൊക്കുമോ?’
കുട്ടികൃഷ്‌ണൻ തിരിച്ചുപോയി.
ആഴ്‌ചപ്പതിപ്പിലെ നോവലുകൾ, കഥകൾ എന്നിവയ്‌ക്കനുയോജ്യമായ ചിത്രീകരണങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടവയാണ്. വായനക്കാർക്ക് താളുകൾ മറിക്കുമ്പോൾ താത്‌പര്യം ഉണ്ടാക്കുന്നതു ചിത്രങ്ങളാണ്. ചൈതന്യവും മിഴിവുമുളള ചിത്രങ്ങളിലൂടെയാണ് എഴുത്തുകാർ സങ്കല്പിക്കുന്ന കഥാപാത്രങ്ങളെ വായനക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെടുത്തുന്നത്. നോവലിലെ കഥാപാത്രങ്ങൾ വായനക്കാരുടെ സുപരിചിത രൂപങ്ങളാണ്. അവയ്‌ക്കു മാറ്റങ്ങൾ വരാൻ പാടില്ല.
ഇനാസിയുടെ ചിത്രങ്ങൾ വായനക്കാരുടെ അംഗീകാരവും പ്രശംസയും നേടിത്തുടങ്ങിയിട്ടേയുളളൂ. കൂടുതൽ പരിചയമായിട്ടില്ലാത്തതുകൊണ്ട് ഇനാസിയ്‌ക്കു കുറച്ചു കൂടുതൽ സമയം വേണ്ടിവരുന്നുണ്ട്. തൃപ്തിയാകാത്ത ചിത്രങ്ങൾ കീറിക്കളഞ്ഞ് വീണ്ടും വരയ്‌ക്കുകയും ചെയ്യാറുണ്ട്.
ആയിരക്കണക്കിന് വായനക്കാരുടെ കൈകളിലെത്താനുളളവയാണെന്ന ബോധം കൂടുതൽ ഉത്തരവാദിത്വം ഉളവാക്കുന്നതാണ്. ഫാനിന്റെ മൂളൽ ഒരു വണ്ടിന്റേതെന്നപോലെ തലയ്‌ക്കുമുകളിൽ കറങ്ങിപ്പറന്നു. പുറത്ത് നിരത്തിൽനിന്നുയരുന്ന വാഹനങ്ങളുടെ ഇരമ്പൽ. ഗ്രൗണ്ട് ഫ്ലോറിൽനിന്ന് അച്ചടിയന്ത്രത്തിന്റെ ആരവം. ഇടയ്‌ക്ക് എഡിറ്റർമാരുടെ മുന്നിലെ ഫോൺബെല്ലുകളുടെ ചിരിയും കരച്ചിലും.
ചിത്രങ്ങൾ വരച്ചു ഫിനിഷ് ചെയ്തു മുന്നിൽവച്ച് ഇനാസി ആകെകൂടിയൊന്നു നോക്കി. കൊളളാം. ടേബിൾ ബെല്ലമർത്തി. കുട്ടികൃഷ്ണൻ ഓടിവന്നു. അയാൾ ചിത്രങ്ങളും കൊണ്ടുപോയപ്പോൾ ഇനാസി വാച്ചിൽ നോക്കി. മണി 7-05. എഴുന്നേറ്റ് ഫാൻ സ്വിച്ച് ഓഫാക്കി.
ശബ്ദങ്ങൾ കുറഞ്ഞെങ്കിലും നിഴലുകളുടെ തിരക്കേറിയ ചലനം റോഡിൽ വർദ്ധിച്ചിരുന്നു. നഗരത്തിനു മദാലസഭാവവും സൗന്ദര്യവും ഉണ്ടാകുന്നതു രാത്രിയിലാണ്.
തിരക്കിൽ ഒറ്റപ്പെട്ട് അരികുചേർന്നു നടക്കുമ്പോൾ ഇനാസി വിഷാദത്തോടെ ഓർത്തു.
-ഇന്നും ഉമയുടെ കത്തു വന്നില്ല. അവളെക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് ഉൽക്കണ്‌ഠയുണ്ട്. ഗോപാലൻനായരുടെ മരണത്തോടെ ഉമ ആകെ മാറിപ്പോയിരിക്കുന്നു. അതിനുശേഷം അവൾ തന്നെ കാണാൻ വന്നിട്ടില്ല.
ഗോപാലൻനായർ മരിച്ചപ്പോൾ താൻ പോയിരുന്നു. ശവസംസ്‌കാരം കഴിഞ്ഞാണു മടങ്ങിയത്.
വലിയൊരു കുടുംബം അനാഥമായി. മൂത്തമകളായ ഉമയുടെ തലയിലാണ് ഇനി അതിന്റെ ഭാരം. പറമ്പ് സർവ്വീസ് ബാങ്കിനു പണയപ്പെടുത്തി മാനേജർക്കു കോഴ കൊടുത്ത് ഡ്രോയിംഗ് ടീച്ചറുടെ ജോലി വാങ്ങാൻ തീരുമാനിച്ചിരുന്നു. നിയമനം കഴിഞ്ഞിട്ടുണ്ടാകും.
ഒരാളുടെ ശമ്പളംകൊണ്ട് വലിയൊരു കുടുംബം എങ്ങനെ പുലർത്താനാണ്! ഉദ്യോഗം വാങ്ങാൻ വേണ്ടി വന്ന കടങ്ങളും അതിന്റെ പലിശയും എത്ര കാലംകൊണ്ടാണ് വീട്ടാനാവുക? പാവപ്പെട്ട അദ്ധ്യാപകരുടെ ശാപഭാരത്തിന്മേലാണ് സ്വകാര്യ സ്‌കൂൾ മാനേജർമാർ അധികാര ഗർവ്വു പുലർത്തുന്നത്. അതും മാന്യമായ ജനസേവനമാണത്രെ! മാനേജർമാരുടെ പകൽക്കൊളളയ്‌ക്കു മുന്നിൽ അധികാരികളും സമൂഹവും മൗനം ദീക്ഷിക്കുന്നു-ഇനാസി അമർഷത്തോടെ വിചാരിച്ചു.
ഉമ ഇപ്പോൾ കുട്ടികളുടെ പ്രിയപ്പെട്ട പടംവര ടീച്ചറായിരിക്കുന്നു!- ആലോചിച്ചപ്പോൾ ഇനാസിയുടെ ചുണ്ടിലൊരു മന്ദഹാസത്തിന്റെ രശ്മി തിളങ്ങി. ഒരു മുഷിപ്പൻ പണിയാണത്. ആർട്ട്‌സ് കോളേജിൽ പഠിച്ചതൊക്കെ സ്‌കൂളിൽ അനാവശ്യമാകുന്നു. ചെറിയ കുട്ടികൾക്കുവേണ്ടി ചെറിയ ചെറിയ ചിത്രങ്ങൾ ബോർഡിൽ ചോക്കുകൊണ്ടു വരച്ചിട്ടു കാലം കഴിക്കേണ്ടി വരുക! കലാപരമായ ഉളള കഴിവും ഭാവനാശേഷിയും നശിക്കാൻ അതുമതി. പിന്നെ, ജീവിക്കാൻവേണ്ടി ഒരു ജോലി. ശമ്പളവും ഇൻക്രിമെന്റും ഗ്രേഡുമൊക്കെ മുറപോലെ കിട്ടും.
ജോലിയുടെ കാര്യത്തിൽ കുറച്ചുകൂടി ഭാഗ്യം തനിക്കാണ്. ഭാവനയും സർഗ്ഗശേഷിയും പ്രകടിപ്പിക്കാൻ കഴിയും. ചെയ്യുന്ന ജോലിയെക്കുറിച്ചു സംതൃപ്തിയ്‌ക്കു വകയുണ്ട്.
ഉമയെ അന്വേഷിച്ചുപോയി കാണാനും വിശേഷങ്ങളറിയാനും ഇപ്പോൾ സൗകര്യം കിട്ടുന്നില്ല. രണ്ടു കത്തുകളയച്ചിരുന്നു. മറുപടിയൊന്നും വന്നിട്ടില്ല. കത്തെഴുതാൻ സമയം കിട്ടാഞ്ഞിട്ടാവും.
റോഡിന്റെ ഇരുവശങ്ങളിൽനിന്നും എണ്ണമറ്റ പരസ്യങ്ങൾ വേശ്യകളെപ്പോലെ തുറിച്ചുനോക്കി. ചായം തേച്ച ചുണ്ടുകളും വിലകുറഞ്ഞ സൗന്ദര്യ വർദ്ധകവസ്‌തുക്കളും ഉപയോഗിച്ച് അണിഞ്ഞൊരുങ്ങിയിരിക്കുന്ന യൗവനം നഷ്‌ടപ്പെട്ട വേശ്യകളെപ്പോലെയാണ് പല പരസ്യങ്ങളും. പരസ്യങ്ങളുടെ കപടലോകമാണു നഗരം. പൊളളവാക്കുകളിൽ മധുരം പുരട്ടിക്കൊടുത്ത് മനുഷ്യരെ വിശ്വസിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്ത് ചൂഷണം ചെയ്‌തു തടിച്ചുകൊഴുക്കുന്ന വ്യവസായികളുടെയും കച്ചവടക്കാരുടെയും നഗരം.
‘മോനേ…! ഒരു ചായക്കു കാശ്…!’
-ആ ശബ്ദം ഇനാസിയെ പിടിച്ചുനിർത്തി.
ചുക്കിച്ചുളിഞ്ഞ, ജര ബാധിച്ച കൈനീട്ടി വൃത്തികെട്ട നിലത്ത് ചുരുണ്ടു കിടക്കുന്ന വൃദ്ധൻ. വ്രണങ്ങൾ പൊട്ടിയ മെലിഞ്ഞുണങ്ങിയ വിരലുകൾ വിറയ്‌ക്കുന്നു. നരച്ച പീളകെട്ടിയ കണ്ണുകൾ ഇനാസിയുടെ മുഖത്തു പതറിയിഴഞ്ഞു.
കുഞ്ഞാണ്ടി!
വർഷങ്ങൾക്കുമുമ്പ് താൻ ഈ നഗരത്തിൽ അപരിചിതനായി അലഞ്ഞു തളർന്നു വീണപ്പോൾ തന്നെ വിളിച്ചുകൊണ്ടുപോയി ചോറു വാങ്ങിത്തന്ന കിഴവൻ! വേശ്യകളുടെ ഏജന്റായിരുന്ന വൃദ്ധൻ. ഇപ്പോൾ ഒന്നിനും വയ്യ. കൈകാലുകൾ തളർന്ന് നാവുകുഴഞ്ഞ് വീണുകിടക്കുന്നു.
‘വെശന്നു പ്രാണം പെടേണു മോനെ!’ വൃദ്ധൻ വല്ലാതെ കിതച്ചു.
ഇനാസിയ്‌ക്കു സഹതാപം തോന്നി. കീശയിൽനിന്ന് അഞ്ചുരൂപയെടുത്തു കൈയിൽ വച്ചുകൊടുത്തു.
വൃദ്ധന്റെ നരച്ച കണ്ണുകളിൽ അവിശ്വാസ്യതയുടെ തിളക്കം! തന്നെ വൃദ്ധനു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, ആശ്വാസം. ഒന്നുകൂടി ആ മനുഷ്യക്കോലത്തെ നോക്കി നടപ്പു തുടരുമ്പോൾ ഇനാസി വിചാരിച്ചു.
-അവകാശികളില്ലാത്ത ഒരു വൃദ്ധന്റെ ശവം മുനിസിപ്പാലിറ്റി ജോലിക്കാർ വലിച്ചു കൊണ്ടുപോകുന്ന ദിവസം ഇനി ദൂരെയല്ല.
ബീനാ ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ ഉളെളാന്നു പിടഞ്ഞു. ഹോട്ടലിന്റെ പേര് അനുപമ എന്നു മാറ്റപ്പെട്ടിരിക്കുന്നു. ഉടമസ്ഥനും ജോലിക്കാരും എല്ലാം മാറിയിരിക്കുന്നു. പുതിയ സംവിധാനം. പുതിയ പെയിന്റിംഗ്.
നഗരത്തിൽ സ്വന്തമെന്നു കരുതി കടന്നു ചെല്ലാനൊരിടമുണ്ടായതു നഷ്‌ടപ്പെട്ടിരിക്കുന്നു.
രണ്ടാഴ്‌ചമുമ്പാണ് ഒരു ശ്രീധരൻപിളള ഹോട്ടൽ കച്ചവടമാക്കിയത്.
ദാവീദ് ചേട്ടന്റെ ജീവിതത്തിലെ ഒരു വലിയ കാലഘട്ടം അവിടെ അവസാനിച്ചിരിക്കുന്നു.
ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മാറ്റങ്ങൾ വരുന്നുവെന്ന് ഇനാസി ഓർത്തു.
വീട്ടിലെത്തിയപ്പോൾ സോഫിയയുടെ ആഹ്ലാദം നിറഞ്ഞ ചിരിയും സംസാരവും കേട്ടു. തോമസ്സും സോഫിയയും വിരുന്നു വന്നിരിക്കുന്നു. ടേപ്പ് റെക്കോർഡറിൽ നിന്നൊഴുകുന്ന സംഗീതം ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
‘ഹലോ! അളിയനൊക്കെ എപ്പോ വന്നു?’ ഇനാസി സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുചെന്ന് തോമസ്സിനു കൈകൊടുത്തു.
‘ങാ! ഞങ്ങൾ അഞ്ചുമണിയോടെത്തി. അളിയനിന്നെന്താ ഇത്ര വൈകിയത്?’- തോമസ്സ് ചോദിച്ചു.
‘ഇന്നത്തെ ജോലി തീർന്നിറങ്ങാൻ കുറച്ചു വൈകി. പിന്നെ, യാത്രയൊക്കെ സുഖമായിരുന്നില്ലേ?’
‘ഓ, അപകടമൊന്നും കൂടാതെയിങ്ങെത്തി. ഞങ്ങൾ ബൈക്കിനാ പോന്നത്. സോഫിയയ്‌ക്കു വലിയ പേടി. എന്റെ രണ്ടു പക്കിനും അളളിപ്പിടിച്ചിട്ട് ഇപ്പോ എനിക്കു പക്കു വേദനയെടുത്തിട്ടു വയ്യ!’
-തോമസ്സ് രണ്ടു കൈകൊണ്ടും പക്കു തടവി.
‘ഇയാൾ പിന്നെ വലിയ ഗമയിൽ ഹൈസ്പീഡിലോടിച്ചാൽ എനിക്കു പേടിയാവില്ലേ?’
-സോഫിയയുടെ മുഖത്ത് ലജ്ജയും ആഹ്ലാദവും തുടിച്ചു.
‘ചേട്ടൻ തെറിച്ചുപോകാതിരിക്കാനാ സോഫിയ അളളിപ്പിടിച്ചത്.’ ബീന പറഞ്ഞു.
അതുകേട്ട് എല്ലാവരും ചിരിച്ചു.
‘ഏതായാലും സോഫിയ അളിയന്റെ പക്കിനു കുഴമ്പുതേച്ചു തിരുമ്മിക്കൊട്. നീരുവീഴ്‌ച മാറട്ടെ.’ ഇനാസി പറഞ്ഞു.
‘അതുപിന്നെ പറയാതെതന്നെ അവൾ ചെയ്യില്ലേ!’ ബീന പറഞ്ഞു.
‘അതൊക്കെയിരിക്കട്ടെ. ചേട്ടന്റെ വിശേഷങ്ങളെന്തൊക്കെയാണ്?’ സോഫിയ ചോദിച്ചു.
‘ഓ, എനിക്കെന്തു വിശേഷം? നിങ്ങൾക്കല്ലെ ഇപ്പോൾ വിശേഷങ്ങളുടെ കാലം.’
സോഫിയയുടെ കവിളിൽ ലജ്ജയുടെ കുങ്കുമം പടർന്നു. തല കുനിച്ചുനിന്നു ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
‘എന്തിനാ അസൂയ. ജോലിയായല്ലോ. ഉമയെ വിളിച്ചുകൊണ്ടു വന്നുകൂടെ?’
ഇനാസി ഒന്നു പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
‘ഉമയുടെ വിശേഷമെന്താ?’-സോഫിയ ഇനാസിയുടെ അടുത്തുചെന്ന് സൗമ്യമായി ചോദിച്ചു.
ഗോപാലൻനായർ മരിച്ചതും ഉമയ്്ക്കു സ്‌ക്കൂളിൽ ജോലിയായതുമെല്ലാം ഇനാസി പറഞ്ഞു.
‘ഞാൻ ജന്മഭൂമിയുടെ വായനക്കാരനാണ്‌ട്ടോ. അളിയൻ വരയ്‌ക്കുന്ന ചിത്രങ്ങൾ കൊളളാം. നന്നാവുന്നുണ്ട്.’ തോമസ്സ് പറഞ്ഞു.
‘സന്തോഷം’
‘എന്റെ സുഹൃത്തുക്കൾ പലരും അളിയന്റെ ആരാധകരാണ്.’ തോമസ്സ് പറഞ്ഞു.
‘ആർട്ടിസ്‌റ്റ് ഇനാസിയുടെ അളിയൻ എന്ന നിലയിലാണു പലരും ഇപ്പോൾ എന്നെ പരിചയപ്പെടുത്തുന്നത്.’ തോമസ്സ് പറഞ്ഞു.
‘എന്താ ബീനേ, അളിയനും അനിയത്തീം വന്നിട്ടു പരിപാടി? മീൻ വല്ലതും കിട്ടിയോ?’- ഇനാസി ബീനയോടു ചോദിച്ചു.
‘അമ്മ കോഴിയെ കൊന്നതറിയാം. അതിന്റെ അവസാനത്തെ കരച്ചിലും പിടച്ചിലും എന്റെ കാതിലുണ്ട്.’ ബീന പറഞ്ഞു.
‘എങ്കിൽ അളിയന്റെ വക കുറച്ചു മധുരക്കളളു കൂടിയുണ്ടായാൽ സംഗതി കേമാകും.’ – തോമസ്സ് പറഞ്ഞു.
‘അതിനെന്താ… സന്ധ്യയ്‌ക്കു ചെത്തിയ ഇളംകളള് സോഫിയയ്‌ക്കും ഇഷ്‌ടമാണ്.’
‘ഓ, സ്വന്തം കൊതിയൊന്നും എന്റെ കേറോഫിൽ വേണ്ട. അളിയന്മാർ തമ്മിൽ കൂടിയാൽ മതി.’ സോഫിയ പറഞ്ഞു. എങ്കിലും മധുരക്കളള് ഒരു ഗ്ലാസ്സ് കിട്ടിയാൽ കുടിക്കണമെന്ന മോഹം അവൾക്കുണ്ട്.
ഇനാസി അപ്പോൾത്തന്നെ പുറത്തേയ്‌ക്കിറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞ് ഒരു പ്ലാസ്‌റ്റിക് കാനിൽ കളളുമായാണ് തിരിച്ചുവന്നത്.
‘അല്ലാ, അളിയൻ കാര്യമായിത്തന്നെ കണക്കിലെടുത്തല്ലോ!’ തോമസ്സ് പറഞ്ഞു.
സോഫിയ സെറ്റിയിലിരുന്ന് മുടി മാറിലേയ്‌ക്കെടുത്തിട്ട് അഴിച്ചുവിടർത്തി. ഇനാസി അവളെ ശ്രദ്ധിച്ചു. കല്യാണത്തിനുശേഷം അവൾ കുറച്ചുകൂടി സുന്ദരിയായിരിക്കുന്നു. മുഖം അല്പംകൂടി തുടുക്കുകയും കവിൾത്തടങ്ങൾക്കു ചുവപ്പുരാശിയേറുകയും ചെയ്‌തിരിക്കുന്നു. കണ്ണുകൾക്കു പ്രകാശം വർദ്ധിച്ചിട്ടുമുണ്ട്. ആകെക്കൂടി ഒരല്പം പ്രൗഢഭാവം.
പെണ്ണിന്റെ മനസ്സ് ഒരത്ഭുതപ്രതിഭാസമാണ്. വിത്സനെയും അയാളുടെ പ്രേമബന്ധം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെയുമെല്ലാം എത്രവേഗം അവൾക്കു വിസ്‌മരിക്കാൻ കഴിഞ്ഞു! ഒരുപക്ഷെ, വിസ്മരിക്കാനാവില്ലെങ്കിലും അതിന്റെ വൈകാര്യാഘാതത്തിൽ നിന്നു മോചനം നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഒന്നുമറിയാത്ത ഒരു പൊട്ടിപ്പെണ്ണായി കളിച്ചു നടന്നിരുന്നത് ഇന്നലെയെന്നപോലെയാണു തോന്നുന്നത്. ഒരു പുരുഷനെ സ്വന്തമാക്കിയതോടുകൂടി അവളിൽ വന്ന മാറ്റം…!
അന്നു കല്യാണപ്പന്തലിൽനിന്നു നിറമിഴികളുമായി തേങ്ങിക്കരഞ്ഞുകൊണ്ട് അന്നുവരെ അപരിചിതനായിരുന്ന വരന്റെ കൂടെ അവളിറങ്ങിയപ്പോൾ തന്റെ മനസ്സിലും എന്തെന്നില്ലാത്ത ഒരു ഉൽക്കണ്‌ഠ കനത്തുനിന്നിരുന്നു.
Generated from archived content: vilapam25.html Author: joseph_panakkal