ഹോട്ടലിന്റെ കൗണ്ടറിൽ ഒരു തടവുകാരനെപ്പോലെ ഇനാസി ഇരുന്നു. അന്യതാത്വബോധവും അസ്വതന്ത്രതയും അയാളെ വീർപ്പുമുട്ടിച്ചു. പുറത്ത് നഗരം ഇരമ്പിമദിച്ചൊഴുകുന്നു. ശബ്‌ദങ്ങളുടെയും ചലനങ്ങളുടെയും നഗരം, അസ്വസ്ഥമായി ഇരമ്പുന്ന നഗരം.
ഹോട്ടലിനകത്ത് അപരിചിതരുടെ തിരക്ക്. നഗരവീഥിയിലെ പ്രവാഹത്തിൽനിന്ന് വിശപ്പും ദാഹവുമായി ആർത്തിപിടിച്ചു കയറി വരുന്ന മുഖങ്ങൾ.
ആരുമല്ലാത്ത അതിഥികൾക്കു തിരക്കിട്ടു വിളമ്പുന്ന ജോലിക്കാർ. എച്ചിലിലകൾ നീക്കിയും മേശതുടച്ചും കൈ കുഴഞ്ഞു നടക്കുന്ന അനാഥപ്പയ്യൻ അവന്റെ മുഖത്ത് സ്ഥായിയായി കാണപ്പെടുന്ന മടുപ്പ് ഇനാസി പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആർക്കും ആരോടും ഒരു ബന്ധവുമില്ല. സ്വന്തം വയറ്റിലെ തീ ശമിപ്പിക്കാൻ പണിയെടുക്കുന്ന നിസ്സഹായർ.
ഇവിടത്തെ അന്തരീക്ഷവും ചലനങ്ങളുമെല്ലാം തനിക്കു പൊരുത്തപ്പെടാനാകാത്തതാണ്. പക്ഷെ, ദാവീദ് ചേട്ടനെന്ന വലിയ മനുഷ്യന്റെ വ്യക്തിത്വം തന്നെയിവിടെ ഒരു കാർമ്മികനാക്കി തളച്ചിട്ടിരിക്കുന്നു. സ്‌നേഹം ചിലപ്പോൾ ചങ്ങലയാകാറുണ്ട്.
പകൽ പുറത്തിറങ്ങി സ്വതന്ത്രമായൊന്നു നടക്കാൻ ഇപ്പോൾ കൊതി തോന്നുന്നു. ഉമയെ പോയി കാണാൻ, അവൾ ഇവിടെ വന്നാൽ സ്വൈരമായൊന്നു ചുറ്റി നടക്കാൻ ഒന്നിനും സൗകര്യമില്ല.
ഹോട്ടലിന്റെ പ്രവർത്തനം തത്‌ക്കാലം താൻ നിർവ്വഹിക്കാതെ പറ്റില്ല. ഒരു കുടുംബത്തിന്റെ രക്ഷയാണത്, തന്റെ കടമയാണിത്.
കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ഹോട്ടൽ ജോലി തനിക്കു മടുത്തു. ഇപ്പോൾ ദാവീദ്‌ചേട്ടനോടു കൂടുതൽ ആദരവാണു തോന്നുന്നത്. എത്രയോ കാലമായി അദ്ദേഹം ഇവിടെ ഒരു തടവുകാരനെപ്പോലെ കഴിയുന്നു. യാതൊരു മടുപ്പും പറഞ്ഞു കേട്ടിട്ടില്ല. കൗണ്ടറിൽ തടവുകാരനായിരിക്കുന്നത് സ്വന്തം കർമ്മമായി അദ്ദേഹം സ്വീകരിച്ചു. അദ്ദേഹം ഹോട്ടൽ നടത്താൻ വിധിക്കപ്പെട്ടവനാണ്. അസ്വതന്ത്രതയും അന്യതാത്വബോധും അദ്ദേഹത്തെ പീഡിപ്പിക്കുന്നുണ്ടാവില്ല.
ചിത്രകലയിൽ ഡിപ്ലോമ പാസ്സായ തനിക്ക് ഹോട്ടലിന്റെ കൗണ്ടറിലിരിക്കേണ്ടി വന്നത് യാദൃശ്ചികം മാത്രം. ലാഭനഷ്‌ടങ്ങളുടെ കണക്കുകൾ കൂട്ടാൻ തനിക്കറിയില്ല. അറിയാമായിരുന്നെങ്കിൽ ഇളയപ്പന്റെ പീടികയിൽനിന്നു തനിക്കു പുറത്തു കടക്കേണ്ടി വരില്ലായിരുന്നു.
തനിക്കറിയാവുന്നത് വരകളുടെയും വർണ്ണങ്ങളുടെയും കണക്കുകളാണ്. രൂപഭാവങ്ങളുടെ സൃഷ്‌ടിയും അവയുടെ മൂല്യധാരണകളുമാണ്. എക്സ്‌പ്രഷനിസവും ഇംപ്രഷനിസവും റിയലിസവും സിംബോളിസവും ഒക്കെ പഠിച്ച് ഹോട്ടലിൽ വന്നിരുന്നു കച്ചവടം നടത്തുക!
-ആലോചിക്കുമ്പോൾ ജീവിതം വലിയൊരു അസംബന്ധമായ തമാശയാണെന്നു തോന്നി.
ഒരു പറ്റം സുന്ദരികൾ താളലയ ചലനങ്ങളോടെ റോഡിലൂടെ കടന്നുപോയി. പലതരം മുഖങ്ങൾ വിവിധവേഷങ്ങൾ, നിറങ്ങൾ. എങ്കിലും എല്ലാ യുവതികളും സുന്ദരികൾ തന്നെ. സൗന്ദര്യം ഓരോരുത്തർക്കും ഓരോ തരത്തിലാണ്. താരതമ്യപ്പെടുത്തുമ്പോൾ മാത്രമെ സൗന്ദര്യത്തിന് ഏറ്റക്കുറച്ചിലുകളുളളൂ.
ഒരു സുഗന്ധംപോലെ ഉമയെക്കുറിച്ചുളള വിചാരം മനസ്സിൽ നിറഞ്ഞു. അവൾ ഇന്നൊന്നു വന്നെങ്കിൽ…. ഇനാസി മോഹിച്ചു. വ്യർത്ഥദിനങ്ങളുടെ, വേനൽച്ചൂടിൽ അവളുടെ സാന്നിദ്ധ്യത്തിന് ഒരു കുളിർമ്മയുണ്ട്. അവളെക്കുറിച്ചോർക്കാത്ത രാത്രികളും പകലുകളുമില്ല. മിന്നൽപ്പിണർപോലെ അപ്രതീക്ഷിതമായി അവൾ മനസ്സിൽ കടന്നുവരും. ഒരു വെളളപ്രാവിന്റെ നിഷ്‌ക്കളങ്ക സ്നേഹത്തോടെ മനസ്സിന്റെ വിഹായസ്സിൽ ചിലകടിച്ചു വട്ടമിട്ടുകൊണ്ടിരിക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. പിന്നെ മനസ്സിൽ ശേഷിക്കുന്നത് വിഷാദത്തിന്റെ നേർത്ത മൂടൽ മഞ്ഞാണ്. കുറെ സ്വപ്നങ്ങളും.
ഒട്ടിയ കവിൾത്തടങ്ങളും നരച്ച മുടിയുമുളള രാമേട്ടനെന്ന തപാൽ ശിപായിയുടെ മെലിഞ്ഞ രൂപം ആണിക്കാൽ വലിച്ചു നടന്നുവരുന്നതും കാത്ത് എന്തൊക്കെയോ പ്രതീക്ഷകളുമായി ഇരിക്കുക. ഉമയുടെ കൈപ്പടയിലുളള അഡ്രസ്സ് കാണാനുളള വെമ്പൽ. മിക്കവാറും ബുധനാഴ്‌ചയോ വ്യാഴാഴ്‌ചയോ ആണ് അവളുടെ കത്തു വരുക. എങ്കിലും ദിവസവും ആ കത്തിനുവേണ്ടി താൻ കാത്തിരിക്കുന്നു. അവളുടെ ഓരോ വാക്കും പരിപാവനമായ ഓരോ മുത്താണെന്നു തോന്നും. അവയെ ഹൃദയത്തിൽ താലോലിച്ചു കൊണ്ടു നടക്കുന്നതിൽ അനിർവചനീയമായ ഒരു സുഖമുണ്ട്.
ഊണു കഴിച്ചവരും ചായ കുടിച്ചവരും ബില്ലനുസരിച്ചുളള പൈസ തന്ന് ഇറങ്ങിപ്പോയിക്കൊണ്ടിരുന്നു. പകരം ആളുകൾ കയറിക്കൊണ്ടിരുന്നു.
പെട്ടെന്നൊരു ചെറുപ്പക്കാരൻ ബില്ലുമാത്രം നീട്ടിപ്പിടിച്ചുകൊണ്ടുനിന്നു. ഇനാസി ബില്ലുവാങ്ങി നോക്കി. ഒരു ഊണ്. രണ്ടുരൂപ അമ്പതുപൈസ. ഇനാസി അയാളുടെ മുഖത്തു നോക്കി, പൈസ ആവശ്യപ്പെടുന്നതുപോലെ.
അപരിചിതൻ മിഴിച്ചുനിന്നു; ദൈന്യമായി.
ഇരുപത്താറു വയസ്സു തോന്നിക്കുന്ന ഒരു മെലിഞ്ഞ യുവാവ് അഴുക്കും പൊടിയും പിടിച്ച ഷർട്ടും മുണ്ടും. വളർന്നു പാറിപ്പറക്കുന്ന മുടി. ആഴ്‌ചകളായി ഷേവുചെയ്യപ്പെടാത്ത മുഖം. വിളറിയ കണ്ണുകളിൽ ദൈന്യം. അയാളുടെ ചുളുങ്ങിയ ചുണ്ടുകൾ എന്തോ പറയാൻ വെമ്പി.
‘എന്റേരെ പൈസയില്ല.’ കരയുന്ന ഭാവത്തിൽ ഒരു കുറ്റവാളിയെപ്പോലെ അയാൾ നിന്നു.
പൈസയില്ലാതെ കയറിയിരുന്ന് ഊണു കഴിച്ചതെന്തിന് എന്നു ചോദിക്കാൻ തോന്നിയില്ല. മൂകമായി അയാളെത്തന്നെ നോക്കിയിരിക്കെ.
‘വെശപ്പു സഹിക്കാഞ്ഞിട്ടാണു സാർ.’
ഇടറിയ ശബ്‌ദം! നനയുന്ന കണ്ണുകൾ.
ഇനാസിയ്‌ക്കു സഹതാപം തോന്നി.
‘എന്തെങ്കിലുമൊരു ജോലി തരാമോ സാർ…?’
ആ ചോദ്യം ഇനാസിയെ ഞെട്ടിച്ചു. തന്റെ തായ്‌വേരിലെവിടെയോ ഒരാഘാതമേറ്റതുപോലെ തോന്നി. പിന്നിട്ട വഴിയിലൊരിടത്ത് താനുപേക്ഷിച്ച വാക്കുകൾ! അത് മറ്റൊരു ചെറുപ്പക്കാരനിൽനിന്നു അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയപ്പോൾ ചൂളിപ്പോകുന്നു. തന്റെ പ്രതിരൂപമാണ് മുന്നിൽ നില്‌ക്കുന്നതെന്നു തോന്നി.
അസ്വസ്ഥതയോടെ എന്തു പറയണമെന്നറിയാതെ വിഷമിക്കുമ്പോൾ അയാൾ പറയാൻ തുടങ്ങിഃ
‘ഐ.ടി.ഐ. പാസ്സായിട്ടുണ്ട്. ടൈപ്പുചെയ്യാനുമറിയാം. കുറെ ദിവസമായി ഞാനിവിടെ അലയുന്നു.’
അയാൾ സർട്ടിഫിക്കറ്റുകളുടെ പൊതിയഴിച്ചു തെളിവു തരാനൊരുങ്ങുന്നു.
‘അതൊന്നുമെടുക്കണ്ട. നിങ്ങൾക്കു പറ്റിയ ജോലിയൊന്നും ഇവിടില്ല. ഏതെങ്കിലും കമ്പനികളിൽ ചെല്ല്.’ ഇനാസി പറഞ്ഞു.
‘കുറെ കയറിയിറങ്ങി. ഒരു തെണ്ടിയോടുളള അവഗണനയും പുച്ഛവുമാണു ലഭിക്കുന്നത്. യൂണിയൻനേതാവിന്റെ ഒത്താശ, പണം, ഉന്നതാധികാരികളുടെ ശുപാർശ.. ഇതൊന്നുമില്ലാത്തവൻ വെറും തെണ്ടിയാണ്.’
പ്രസംഗമൊന്നും ഇവിടെ വേണ്ട. ഇറങ്ങിപ്പോകൂ എന്നു പറയാൻ ഇനാസിക്കു കഴിഞ്ഞില്ല.
‘പറ്റിയ ജോലിയെന്നല്ല, പട്ടിണിയിൽനിന്നു രക്ഷപ്പെടാൻ എന്തെങ്കിലുമൊരു ജോലി.’- അയാൾ കെഞ്ചി.
വർഷങ്ങൾക്കു മുമ്പ് ഒരു നേരത്തെ ഭക്ഷണത്തിനുളള ജോലിക്കുവേണ്ടി ഒരു യാചകനായി ഈ കൗണ്ടറിനു മുന്നിൽനിന്നു കെഞ്ചിയ താൻ തന്നെയല്ലെ ഇപ്പോൾ മുന്നിൽ നില്‌ക്കുന്നത്?
അനുഭവങ്ങൾ ആവർത്തിക്കുന്നു.
എന്തു പറഞ്ഞ് ഇയാളെ മടക്കി അയക്കുമെന്നറിയാതെ ഇനാസിയുടെ ഉളളുനീറി.
ചെറുപ്പക്കാരൻ തന്റെ ദയനീയമായ കുടുംബസ്ഥിതി വിവരിക്കാൻ തുടങ്ങി.
ഇനാസിയുടെ മൗനവും സഹിഷ്‌ണതയും അയാളിൽ എന്തെങ്കിലും പ്രതീക്ഷയുളവാക്കിയിരിക്കണം. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും അയാളെയൊന്നു പറഞ്ഞു വിട്ടാൽ മതിയെന്ന് ഇനാസിയ്‌ക്കു തോന്നി. എന്നാൽ അതിനു കഴിയാതെ ഇനാസി വീർപ്പുമുട്ടി.
‘ഇവിടെ ഒരു ജോലിയും തരാനില്ലല്ലോ. വേറെയെവിടേങ്കിലും നോക്ക്.’
അയാളുടെ മുഖത്തു നോക്കാൻ കരുത്തില്ലാതെ മുഖം തിരിച്ചാണ് ഇനാസി അതു പറഞ്ഞത്.
ചെറുപ്പക്കാരൻ ദൈന്യത്തിന്റെ പ്രതിരൂപമായി നിശ്ശബ്‌ദം നിന്നു.
ഇനാസി മേശ വലിപ്പിൽനിന്നു പത്തിന്റെ ഒരു നോട്ടെടുത്തു നീട്ടി.
‘ഇതു കൈയിലിരിക്കട്ടെ.’
അയാൾ അതു വാങ്ങാൻ മടിച്ചു. ഇനാസിയുടെ മുഖത്തുനോക്കി അയാൾ അമ്പരന്നുനിന്നു.
‘ഉം, ഇതു വാങ്ങൂ.’
‘വേണ്ട സാർ, വെറുതെ കാശുവേണ്ട.’ അയാളുടെ മുഖം സ്തോഭപൂർണ്ണമായി.
‘എന്നെ ഒരു ചേട്ടനായി കരുതി വാങ്ങിയാൽ മതി.’ ഇനാസി നിർബന്ധിച്ചു.
അയാൾ അതു വാങ്ങി. നന്ദി പറയാൻ വാക്കുകളില്ലാതെ നിന്ന അയാളുടെ കണ്ണുകൾ നനഞ്ഞു. അയാൾ പതുക്കെയിറങ്ങിപ്പോകുമ്പോൾ ഇനാസി മുഖം കുനിച്ചിരുന്നു.
വാഹനങ്ങളുടെ മുരൾച്ച. പൊടിയുടെ മണം.
പോസ്‌റ്റുമാൻ രാമേട്ടന്റെ മെലിഞ്ഞ രൂപം മുന്നിലെത്തി. രണ്ടു കവറും ഒരു ഇൻലന്റും മേശപ്പുറത്തിട്ട് അയാൾ തിരിച്ചുപോയി. ഇനാസി അവ എടുത്തുനോക്കി.
ഒന്ന് ഉമയുടെ കത്തുതന്നെ. ഉരുണ്ട ചെറിയ അക്ഷരങ്ങളുടെ പ്രത്യേക വടിവ് മറ്റാരുടേതുമല്ല. വിലമതിക്കാനാകാത്ത സമ്മാനം കിട്ടിയ സന്തോഷം തോന്നി. കവർ ശ്രദ്ധയോടെ വിടർത്തി. ഇളം നീലകടലാസ്സിൽ തുടിച്ചു നില്‌ക്കുന്ന അക്ഷരങ്ങളെ കണ്ണിൽ ചേർത്തു.
എന്റെ പ്രിയപ്പെട്ട ഇനാസീ,
അയച്ച കത്തു കിട്ടി. എന്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടെന്നു തോന്നുന്നത് ഇനാസിയുടെ കത്തു കിട്ടുമ്പോഴാണ്. അക്ഷരങ്ങളിലൂടെ ഞാനറിയുന്ന സ്‌നേഹം എന്റെ ശക്തിയായിത്തീരുന്നു.
നാം തമ്മിൽ കണ്ടിട്ട് നാളുകളേറെയായല്ലോ. ഒന്നു കാണാൻ കൊതിയാകുന്നു. പലപ്പോഴും ഞാനിരുന്നു വീർപ്പുമുട്ടുന്നു. സ്വപ്നം കണ്ടാൽ മാത്രം മതിയോ?
ദാവീദ്‌ചേട്ടൻ ആശുപത്രീന്നു പോന്നോ? ഹോട്ടലിൽ ഇനാസി തന്നെയാണോ ഇരിക്കുന്നത്? ജോലിക്കാര്യം എന്തായി? ഫസ്‌റ്റ്‌ക്ലാസ്സോടെ ഡിപ്ലോമ പാസ്സായ ഇനാസിയ്‌ക്ക് ഒരു ജോലി നേടാൻ പ്രയാസമുണ്ടാവില്ല. എന്റെ കാര്യം…. ഇവിടെയൊരു ഹൈസ്‌കൂളിൽ ഡ്രോയിംഗ് ടീച്ചറുടെ ഒരു വേക്കൻസിയുണ്ട്. ശ്രമിച്ചാൽ മിക്കവാറും കിട്ടിയേക്കും. ഇരുപത്തയ്യായിരം രൂപകൊടുക്കണമെന്നതാണ് പ്രശ്‌നം. എവിടന്നാണതുണ്ടാക്കുകയെന്ന് ഒരു പിടിയുമില്ല. അതാലോചിച്ച് എന്റെയും അച്ഛന്റെയും ഉറക്കം നഷ്‌ടപ്പെടുന്നു. മനസ്സിൽ തീയുമായാണു നടക്കുന്നത്.
അച്ഛനു വീണ്ടും സുഖമില്ലാതായി. ചികിത്സയിലാണ്. മനസ്സു വിഷമിക്കരുതെന്ന് ഡോക്‌ടർ പറയുന്നു. പക്ഷെ അശാന്തി പുകയുന്ന ജീവിതസാഹചര്യങ്ങളിൽ അച്ഛന് എങ്ങനെ സ്വസ്ഥത കിട്ടാനാണ്? എനിക്കു വല്ലാത ഉൽക്കണ്‌ഠയുണ്ട്…
ആളുകൾ കൗണ്ടറിനു മുന്നിൽ ബില്ലും പൈസയുമായി വന്നു കൂടിയപ്പോൾ ഇനാസിയ്‌ക്ക് അസഹ്യത തോന്നി. ഇതിനിടയ്‌ക്ക് ആരോ പൈസ തരാതെ കൈകഴുതി കടന്നു കളയുകയും ചെയ്‌തിരിക്കുന്നു. കത്തു മാറ്റിവച്ച് ഇനാസി പൈസ വാങ്ങി. തിരക്കവസാനിച്ചപ്പോൾ വീണ്ടും കത്തെടുത്തു നിവർത്തി.
‘ഇന്നലെ ദമയന്തിയുടെ കത്തുണ്ടായിരുന്നു. ഇനാസിയെ ചോദിച്ചിരിക്കുന്നു. നമ്മുടെ വിവാഹത്തിന് അവളെ ക്ഷണിക്കാൻ മറക്കരുതേ എന്നാവശ്യപ്പെട്ടിരിക്കുന്നു. എനിക്കു ചിരി വരുന്നു. നമ്മുടെ പ്രേമത്തെക്കുറിച്ചറിയാത്തവരാരുമില്ലെന്നു തോന്നുന്നു. അവസാനം എന്തൊക്കെ ആയിത്തീരുമോ എന്തോ? എനിക്കു വല്ലാത്ത ഉൽക്കണ്‌ഠ തോന്നാറുണ്ട്. ചിലപ്പോൾ ആലോചിക്കുമ്പോൾ എന്റെ ഹൃദയത്തിലൊരെരിച്ചിലനുഭവപ്പെടുന്നു….
കത്ത് അങ്ങനെ നീണ്ടുപോകുന്നു.
കൗണ്ടറിനു മുന്നിൽ വീണ്ടും ആളുകൾ.
ഒരു നെടുവീർപ്പോടെ കത്തു മാറ്റിവച്ചു.
ഗോപാലൻ നായരുടെ ക്ഷീണിച്ച മുഖം മനസ്സിൽ തെളിഞ്ഞുവന്നു. ദൈന്യമായ തളർന്ന കണ്ണുകൾ. ജീവിതപ്രാരാബ്‌ധങ്ങൾ ഇറക്കിവയ്‌ക്കാൻ ഒരത്താണി കാണാതെ തളർന്നുവീഴാൻ തുടങ്ങുന്ന ഒരു പാവം നല്ല മനുഷ്യൻ.
ഒന്നു പോയി കാണണം.
എങ്ങനെയാണിവിടെ നിന്നൊന്നു പോകാനാവുക? ഞായറാഴ്‌ചമാത്രമെ ഒരൊഴിവു കിട്ടൂ. അന്നു നൂറുകൂട്ടം കാര്യങ്ങളുണ്ടാകും. ഏതായാലും അടുത്ത ഞായറാഴ്‌ച ഒന്നുപോകുക തന്നെ. ഇനാസി തീരുമാനിച്ചു.
പോസ്‌റ്റുമാൻ തന്ന ടൈപ്പു ചെയ്‌ത അഡ്രസ്സോടുകൂടിയ നീണ്ട കവർ തുറന്നപ്പോൾ വിസ്‌മയസ്തബ്‌ധമായ തിളങ്ങുന്ന നിമിഷങ്ങൾ മുന്നിൽ പിടഞ്ഞുവീണു.
ഇന്റർവ്യൂവിനുളള ക്ഷണം.
ജന്മഭൂമി പത്രത്തിന്റെ ഓഫീസിൽ ഒരാർട്ടിസ്‌റ്റിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടു. പലതിനും അപേക്ഷകളയച്ച കൂട്ടത്തിൽ അവിടേയ്‌ക്കും അയച്ചു. കിട്ടിയാൽ ഭാഗ്യം.
പത്രമാപ്പീസിലെ ആർട്ടിസ്‌റ്റാകണമെന്നത് പണ്ടേയുളള ഒരു മോഹമാണ്. അറിയപ്പെടാത്ത ആയിരക്കണക്കിന് ആസ്വാദകരുടെ ജീവിതത്തിൽ സമ്പർക്കപ്പെടാനാവുമല്ലോ.
ടൈപ്പുചെയ്‌ത കത്തിൽ നോക്കിയിരുന്നപ്പോൾ എന്തെല്ലാമോ പ്രതീക്ഷകളുടെ ശിഥില ചിത്രങ്ങൾ മനസ്സിൽ മിന്നിത്തിളങ്ങി.
*************************************************
രാത്രി.
പുറത്ത് നിലാവിന്റെ കസവു വിരിയിട്ട ഭൂമി. നിഴലുകൾ ചലനരഹിതമായി, ഏതോ രഹസ്യങ്ങളുടെ പ്രതീകങ്ങൾപോലെ മൂകമായി മയങ്ങിക്കിടക്കുന്നു.
ഊണു കഴിഞ്ഞ് ഒരു സിഗരറ്റ് വലിച്ചുകൊണ്ട് അയാൾ വരാന്തയിൽ പുറത്തേയ്‌ക്കു നോക്കിയിരിക്കുകയായിരുന്നു. ഹോട്ടലിൽ ചെന്നിരിക്കാൻ തുടങ്ങിയതിൽപ്പിന്നെയാണ് സിഗരറ്റ് വലി തുടങ്ങിയത്. ഇപ്പോൾ അതു തന്റെയൊരു സ്വഭാവമായിത്തീർന്നിരിക്കുന്നു. സിഗരറ്റിന്റെ മണം കാമുകിയുടെ ഗന്ധംപോലെ പ്രിയങ്കരമായിരിക്കുന്നു.
ബീന വാതിൽക്കർട്ടൻ നീക്കി പ്രത്യക്ഷപ്പെട്ടു.
’അപ്പൻ വിളിക്കണു.‘ അവൾ പറഞ്ഞു.
സിഗരറ്റുകുറ്റി മുറ്റത്തേയ്‌ക്കെറിഞ്ഞ് ചുണ്ടു തുടച്ചുകൊണ്ട് ഇനാസി അകത്തേയ്‌ക്കു ചെന്നു.
ദാവീദുചേട്ടൻ കട്ടിലിലിരിക്കുന്നു. തോളെല്ലുകൾ മുകളിലേയ്‌ക്കുയർന്നിരിക്കുന്നു. നെഞ്ചിലെ വാരിയെല്ലുകള തെളിഞ്ഞിരിക്കുന്നു. അവയിൽ ശ്വാസഗതിയുടെ നേർത്ത താളം. നരച്ച കുറ്റിരോമങ്ങൾക്കിടയിൽ വാർദ്ധക്യത്തിന്റെ നിഴൽ രേഖകൾ പടർന്നു കിടക്കുന്നു.
താനൊരു രോഗിയും വൃദ്ധനുമായിരിക്കുന്നു എന്ന അസ്വസ്ഥമായ ചിന്ത വേട്ടയാടാൻ തുടങ്ങീട്ടു കുറച്ചു ദിവസമായി. തനിക്കിനി പൂർവ്വസ്ഥിതി തിരിച്ചു കിട്ടില്ലെന്ന ഒരു വിശ്വാസം എങ്ങനെയോ മനസ്സിൽ ഒരു കിനാവളളിപോലെ കയറിപ്പറ്റിയിരിക്കുന്നു. ക്ഷീണിച്ച കൺപോളകൾ വിടർത്തി ഒന്നുനോക്കി. മുഖത്ത് ചിരിയുടെ തളർന്ന വെളിച്ചം.
’ഇരിക്ക്.‘
ഇനാസി അരികിലെ സ്‌റ്റൂളിലിരുന്നു.
മുറിയിൽ വെളിച്ചം മങ്ങിയിരുന്നു. ബൾബിനുചുറ്റും ഈയാംപാറ്റകളുടെ ഓണക്കളി. അവയെ വേട്ടയാടാൻ ചുമരിൽ പതിയിരിക്കുന്ന ഗൗളികൾ.
’മോനോടു ചെല കാര്യങ്ങൾ പറയാനാ.‘-ദാവീദു പറഞ്ഞു. ഒണരാത്ത ഉറക്കം എപ്പോഴാണുണ്ടാവുകയെന്നറിയില്ല. അതിനുമുമ്പ്…’
കിതപ്പിനിടയിൽ വാക്കുകൾ ഓരോന്നായി പെറുക്കി വയ്‌ക്കുകയാണ്.
‘മോനോടല്ലെ, എനിക്കു പറഞ്ഞേല്പിക്കാനുളളൂ…’
എന്താണാവോ പറഞ്ഞേല്പിക്കാൻ പോകുന്നത്? ഇനാസിയ്‌ക്ക് ഉൽക്കണ്‌ഠ തോന്നി.
‘സോഫിയയെ…. ഇനീമിങ്ങനെ നിർത്ത്യാപ്പറ്റില്ല. അവൾടെ കാര്യത്തിനെങ്കിലും ഒരു സമാധാനം വേണ്ടെ?’
ആ ചോദ്യം ഒരു നീണ്ട മൗനത്തിൽ ആഴ്‌ന്നുനിന്നു.
‘ബീനയ്‌ക്ക് ദൈവം തന്നെ തുണ. അല്ലാതെ ഞാനൊന്നും കാണുന്നില്ല.’
ഇനാസിയുടെ മനസ്സിൽ ഉൽക്കണ്‌ഠ ചിറകടിച്ചു. ശ്വാസമടക്കിയിരുന്നു.
‘സോഫിയ്‌ക്ക് ഒരാലോചന വന്നട്ടൊണ്ടല്ലോ. അതിനെക്കുറിച്ചൊന്നന്വേഷിക്കണം.’
ഇനാസിയ്‌ക്ക് ആശ്വാസമായി.
‘ഇന്നു ചെറുക്കൻ വന്നു പെണ്ണിനെ കണ്ടു. പെണ്ണിനെ ഇഷ്‌ടപ്പെട്ടെന്നു പറഞ്ഞു. ഇനി നമ്മൾ പോയി അവരുടെ വീടും ചുറ്റുപാടുമൊക്കെ ചെന്നു കണ്ട് അന്വേഷിച്ചറിയണം. ബോധ്യപ്പെട്ടാൽ താമസിയാതെ നടത്തണം.’
ദാവീദ് നിലത്തുനിന്നു മിഴിയുയർത്തി പുറത്തേയ്‌ക്കു നോക്കിയിരുന്നു. അന്നമ്മ കട്ടിളപ്പടി ചേർന്നിരുന്നിരുന്നു.
‘ചെറുക്കനെങ്ങനെ?’ ഇനാസി ചോദിച്ചു.
‘തരക്കേടില്ല കൊറച്ചു കറുത്തിട്ടാണ്. സർക്കാരാപ്പീസില് ക്ലാർക്കാണ്. ചെലവിനുളള നെല്ലിനു കൃഷീണ്ടു.’ അന്നമ്മ പറഞ്ഞു.
ദാവീദ് ഒരു ചുരുട്ടെടുത്തു ചുണ്ടിൽ വച്ചു. തീപ്പെട്ടിക്കൊളളിയുരച്ചു തീ പിടിപ്പിക്കാൻ ശ്രമിച്ചു. തീ പിടിക്കും മുമ്പ് കൊളളി കെട്ടു മറ്റൊന്നുരച്ചു കത്തിച്ചു. അതുകണ്ട് അന്നമ്മ ദേഷ്യപ്പെട്ടു.
‘ചുരുട്ടു വലിക്കരുതെന്നു ഡോക്‌ടറു പറഞ്ഞില്ലെ! അനുസരിക്കണ്ട! വലിച്ചു കൂട്ടിക്കോ…!“
ദാവീദ് ഒരു ചെറുമന്ദഹാസത്തോടെ പുകയൂതിവിട്ടു. ചുരുട്ടിൻപുകയുടെ എരുവുളള ഗന്ധം വായുവിൽ പരന്നു.
’തോമസ്സെന്നാ ചെറുക്കന്റെ പേര്. ഇനാസിയെക്കാളും ഇത്തിരി ഉയരമൊണ്ട്. ഒരു നല്ല കുടുംബക്കാരന്റെ മുഖവാസനയൊണ്ട്.‘ – അന്നമ്മ പറഞ്ഞു. അവരുടെ മുഖത്ത് സന്തോഷഭാവം നിറയുന്നത് ഇനാസി കണ്ടു.
’അടുത്ത ഞായറാഴ്‌ച കാലത്ത് കുർബാന കഴിഞ്ഞ് ഇനാസീം വർഗ്ഗീസളിയനും കുഞ്ഞച്ചനും കൂടിപ്പോയി ചെറുക്കന്റെ വീടും കാര്യങ്ങളും കണ്ടറിഞ്ഞു വരണം.‘ ദാവീദു പറഞ്ഞു.
ഇനാസിക്കു സന്തോഷമാണു തോന്നിയത്. സോഫിയയുടെ വിവാഹം അധികം താമസിയാതെ നടത്തണമെന്ന് ദാവീദുചേട്ടനോടു പറയണമെന്നു താൻ വിചാരിച്ചിരുന്നതാണ്. അവളുടെ ജീവിതക്ഷതങ്ങൾ ഉണങ്ങാൻ അതേ മാർഗ്ഗമുളളൂ. കുറ്റബോധത്തിൽനിന്ന് അവൾക്കു മോചനം ലഭിക്കാനും അതുവേണം.
ഗോപാലൻ നായരെ കാണാൻ പോകണമെന്നുദ്ദേശിച്ചിരുന്നതാണ്. ഏതായാലും അതു മറ്റൊരു ദിവസമാകാം.
പെട്ടെന്ന് ഓർമ്മ വന്നത് ഗ്രേസിയെപ്പറ്റിയാണ്. ഏതേ ഉത്തരേന്ത്യൻ നഗരത്തിൽ, ദുർഗ്ഗന്ധവും മാലിന്യങ്ങളും അടിഞ്ഞു കിടക്കുന്ന കുടിലുകളിൽ കയറിയിറങ്ങി, അവിടങ്ങളിൽ ശുചിത്വവും സൗന്ദര്യവും സുഗന്ധവും വെളിച്ചവും സൃഷ്‌ടിക്കാൻ സേവന വ്യഗ്രതയോടെ നടക്കുകയാവും. നീലക്കരയുളള വെളളസാരിയണിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ക്രിസ്‌തുവിന്റെ മണവാട്ടിയായി, ദാരിദ്ര്യത്തിലും കഷ്‌ടപ്പാടിലും അവഗണിക്കപ്പെട്ട ഏഴകളുടെ ദേവതയായി ജീവിതത്തിന്റെ വിശുദ്ധമായ ഒരു മേഖലയിലൂടെ അവൾ കടന്നു പോകുന്നു.
വിവാഹജീവിതം സ്വപ്‌നം കാണാൻ അർഹതയില്ലാത്ത ജീവിതസാഹചര്യത്തിൽനിന്ന് അവൾ സ്വയം മോചനം നേടി. അവൾക്കുവേണ്ടി ഒന്നും ചെയ്യാൻ തനിക്കു കഴിഞ്ഞില്ല. ദൈവം അവൾക്കു നന്മ നല്‌കട്ടെ.
ഇനാസി അറിയാതെ നെടുവീർപ്പിട്ടു.
’എന്താണാലോചിക്കണത്?‘ ദാവീദ് ചോദിച്ചു.
’എനിക്കൊരിന്റർവ്യൂ ഉണ്ട്.‘
’എന്നാണ്; അടുത്ത ഞായറാഴ്‌ചയാണോ?‘
’അല്ല. അതു കഴിഞ്ഞാണ്.‘
പത്രമാപ്പീസിലെ ജോലിക്കാര്യം ഇനാസി വിശദീകരിച്ചു.
’ദൈവമനുഗ്രഹിക്കട്ടെ.‘
ദാവീദ് എന്തോ ആലോചനയിൽ മുഴുകി. ഹോട്ടൽ നടത്തിക്കൊണ്ടുപോകാൻ ഇനി പ്രയാസമാണ്. തനിക്കിനി അതിനാവുമെന്നു തോന്നുന്നില്ല. ഇനാസിയ്‌ക്ക് അതൊരു ബുദ്ധിമുട്ടാണ്. ഇപ്പോൾത്തന്നെ അയാൾക്കു ചിത്രം വരയ്‌ക്കാനൊന്നും സൗകര്യം ഇല്ലാതായിരിക്കുന്നു.
’നമ്മുടെ ഹോട്ടൽ ആർക്കെങ്കിലും വില്‌ക്കുന്ന കാര്യം ഒന്നാലോചിക്കണം.‘ ദാവീദ് പറഞ്ഞു.
ഇനാസിയ്‌ക്കു വല്ലായ്‌മ തോന്നി. എന്തു പറയണമെന്നറിയാതെ അയാൾ തരിച്ചുനിന്നു.
’പത്രത്തിൽ ഒരു പരസ്യം കൊടുത്തേര്. ആവശ്യക്കാർ വരട്ടെ.‘ ദാവീദ് പറഞ്ഞു.
’അതിപ്പോ വേണോ?‘ ഇനാസി ആശങ്കയോടെ ചോദിച്ചു.
’ഇനി ഹോട്ടൽ നടത്തിക്കൊണ്ടു പോകാൻ പറ്റില്ല മോനെ. വയ്യാത്ത ചൊമടെന്തിനാ എടുക്കണത്?‘
ദാവീദ് കിടന്നു. പുതപ്പെടുത്തു മൂടി.
’ചേട്ടാ, ഊണു കഴിക്കാൻ വരൂ.‘ – സോഫിയ വന്നു വിളിച്ചു.
ഇനാസി അവളെ സൂക്ഷിച്ചു നോക്കി. വിഷാദാത്മകമായ നിസ്സംഗഭാവം.
’ചെറുക്കനെ നിനക്കിഷ്‌ടമായോ?‘ ഇനാസി ചിരിച്ചുകൊണ്ടു ചോദിച്ചു.
എന്റെ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് എന്തു പ്രസക്തി എന്ന ചോദ്യം അവളുടെ കണ്ണുകളിൽ തളർന്നുകിടന്നു. ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു.
ഞായറാഴ്‌ച രാവിലെ വർഗ്ഗീസളിയന്റെയും കുഞ്ഞച്ചന്റെയും കൂടെ ഇനാസി തോമസ്സിന്റെ വീട്ടിൽപോയി. വീടും ചുറ്റുപാടും എല്ലാവർക്കും ഇഷ്‌ടമായി. നല്ല കുടുംബക്കാർ. തോമസ്സിന്റെ സ്വഭാവത്തെക്കുറിച്ചും നല്ല അഭിപ്രായങ്ങളാണ് അന്വേഷണത്തിൽനിന്നു ലഭിച്ചത്. കല്യാണം താമസിയാതെ നടത്തുന്നതിനെക്കുറിച്ചാലോചിക്കാമെന്ന ധാരണയോടെയാണ് അവർ തിരിച്ചുപോന്നത്.
സന്തോഷത്തോടെ വീട്ടിലെത്തിയപ്പോൾ ഗോപാലൻനായരുടെ ചരമ അറിയിപ്പ് ഇനാസിയെ കാത്തു കിടന്നിരുന്നു.
Generated from archived content: vilapam24.html Author: joseph_panakkal