മച്ചിലെ മാറാലകൾ സൃഷ്‌ടിച്ച അവ്യക്ത ചിത്രങ്ങളും അവയുടെ നിഴലുകളും നോക്കി ദാവീദ് കട്ടിലിൽ കിടന്നു. ചിലന്തിക്കുഞ്ഞുങ്ങളും ചെറുപ്രാണികളും ഗൗളികളും വിഹരിക്കുന്ന പഴയ മച്ച്. മച്ചിൻ മുകളിൽ എലികളുടെ സഞ്ചാരങ്ങളും സല്ലാപങ്ങളും ഇടയ്‌ക്കു കേൾക്കാം.
-ഇവയൊന്നും ശ്രദ്ധിക്കാൻ തനിക്കു സമയമില്ലായിരുന്നു. ഇപ്പോൾ രോഗം കൈകാലുകൾ ബന്ധിച്ചു തടവുകാരനാക്കിയിരിക്കുന്നു.
വിരസതയുടെ ഭാരം പേറിയ നിറവും ഗന്ധവും നഷ്‌ടപ്പെട്ട പകൽ. പിന്നെ നിശ്ശബ്‌ദമായി തുറിച്ചുനോക്കിയിരിക്കുന്ന കരിമ്പൂച്ചയെപ്പോലുളള രാത്രി. രാത്രിയുടെയും പകലിന്റെയുമിടയ്‌ക്ക് മരണമെന്ന കറുത്ത സ്വപ്‌നം പടർന്നുകയറുന്ന നിമിഷങ്ങൾ. മരണത്തിന്റെ സാമന്ദമായ കുളമ്പടിയൊച്ചകൾ പലപ്പോഴും കാതിൽ മുഴങ്ങി. മരണത്തിന്റെ ജീർണ്ണഗന്ധമുളള തണുപ്പും ചിലപ്പോൾ അനുഭവപ്പെട്ടു. എന്നിട്ടും അവിശ്വസനീയമാംവിധം ഒരു ഭീരുവിനെപ്പോലെ മരണം അകന്നുപോയി.
ജീവിതം ഇനിയും അനിശ്ചിതദൂരം നീണ്ടുകിടക്കുന്നു.
ഇടയ്‌ക്കിടയ്‌ക്ക് തലചുറ്റലും കിതപ്പും ഉണ്ടാകാൻ തുടങ്ങീട്ട് കുറച്ചു നാളായി. അതൊന്നും അത്ര ഗൗനിക്കാതെ കഴിച്ചുകൂട്ടിപ്പോന്നു. ഇപ്പോൾ സോഫിയ വരുത്തിവച്ച മാനസികാഘാതം താങ്ങാനാകാതെ തളർന്നു വീണുപോയി. ഇനാസി അപ്പോൾ എത്തിയില്ലായിരുന്നെങ്കിൽ താനിന്നു ശേഷിക്കില്ലായിരുന്നു.
ഇനാസി ഒരുപാടു ബുദ്ധിമുട്ടി. അവൻ ആത്മാർത്ഥതയും വിശ്വസ്ഥതയുമുളളവനാണ്. അവനെ താൻ വെറുതെ സംശയിച്ചു. അന്നമ്മയുടെ വാക്കുകളിലാണ് തനിക്കു ഇനാസിയെ സംശയിക്കേണ്ടിവന്നത്.
ബന്ധത്തിൽ അളിയന്റെ മകനായി വന്ന വിത്സനെയായിരുന്നു അന്നമ്മയ്‌ക്കു വിശ്വാസം. അവനാണ് തന്റെ മകളെ ചതിച്ചു കടന്നുകളഞ്ഞത്. ഇനാസിയെ ഇവിടെ നിന്നകറ്റാൻ അവൻ എന്തെല്ലാം ശ്രമം നടത്തി. അവനെ ഇനി കണ്ടാൽ….
ദാവീദിന്റെ മനസ്സിൽ രോഷം പുകഞ്ഞു.
ഇനാസിയെപ്പോലെയുളള നല്ല ചെറുപ്പക്കാരനെ വേറെ കണ്ടെത്താൻ വിഷമമാണ്. അവനെ ഒരു മകനെപ്പോലെ സ്‌നേഹിക്കാനും വിശ്വസിക്കാനും തനിക്കെന്നും കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അവനാണ് തനിക്കൊരു തുണ. താൻ തെറ്റിദ്ധരിച്ചതിൽ അവനു വിഷമവുമില്ല.
രണ്ടു മാസത്തോളം പൂർണ്ണവിശ്രമമെടുക്കണമെന്നാണ് ഡോക്‌ടറുടെ കർശ്ശനമായ നിർദ്ദേശം. പക്ഷെ, ഈ വിരസമായ കിടപ്പ്, നിഷ്‌ക്രിയത്വം, ഏകാന്തത… അതു തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.
ഇവിടെനിന്നു പോകാൻ ഇനാസിയും സമ്മതിക്കുന്നില്ല. തന്റെ കുടുംബജീവിതത്തിന്റെ ചുക്കാൻ അവൻ ഏറ്റെടുത്തിരിക്കയാണ്.
ഇനിയുളള തന്റെ ജീവിതത്തെക്കുറിച്ച് തനിക്ക് വലിയ പ്രത്യാശയൊന്നുമില്ല. മരണത്തെ കുറച്ചുകാലത്തേയ്‌ക്കുകൂടി അകറ്റി നിറുത്താനുളള ഒരു ശ്രമം. എത്ര ശ്രമിച്ചാലും ഒരിക്കൽ മരണത്തിന്റെ കറുത്തു കുറുകിയ വിരലുകൾ തന്റെ ഹൃദയത്തെ നിശ്ചലമാക്കും. അതിൽനിന്നു രക്ഷപ്പെടാനാവില്ല. മരണം അപ്രതിരോധ്യമാണെന്നറിയാമെങ്കിലും എല്ലാവരും മരണത്തെ ചെറുത്തുനില്‌ക്കാൻ യഥാശക്തി ശ്രമിക്കുന്നു. ജീവിതത്തോടുളള സ്‌നേഹമല്ലെ അതിനു പ്രേരകമായുളളത്? ദുഃഖങ്ങളും വേദനകളും ക്ലേശങ്ങളും അസ്വസ്ഥതകളും നിറഞ്ഞ ജീവിതത്തോട് മനുഷ്യന് ഇത്രയേറെ ആസക്തിയെന്താണ്? മരണാനന്തര സ്വർഗ്ഗീയ ജീവിതത്തെക്കുറിച്ച് യഥാർത്ഥത്തിൽ മനുഷ്യനു വിശ്വാസമില്ലെന്നല്ലേ അതിനർത്ഥം? മനുഷ്യന്റെ ജീവിതാഭിനിവേശം ചുറ്റുപാടുകളുമായി അലിഞ്ഞുചേർന്നിരിക്കുന്നു. അതുകൊണ്ട് ഈ ജീവിതത്തിൽനിന്നു വിട്ടുപോകാൻ ഇഷ്‌ടപ്പെടുന്നില്ല.
മരണം തനിക്കൊരിക്കലും ഒരു പേടിസ്വപ്‌നമായിരുന്നില്ല. ഉണരാത്ത ഒരുറക്കം. അനന്തമായ സുഷുപ്തി. പക്ഷെ, കടപ്പാടുകൾ ബാക്കിയാക്കിയിട്ടുകൊണ്ടു ജീവിതത്തിൽനിന്നു പിരിഞ്ഞു പോകേണ്ടി വരുന്നതിലുളള അസംതൃപ്തി.
സമാധാനത്തോടുകൂടി മരിക്കാൻ തനിക്കാവുമോ? ആവുമെന്നു തോന്നുന്നില്ല. കണ്ണുകളില്ലാത്ത തന്റെ മകൾ? അവൾ തന്റെ തീരാദുഃഖമാണ്. മരിച്ചാലും തന്റെ ആത്മാവിനെ ആ വേദന പിന്തുടർന്നുകൊണ്ടിരിക്കും.
തണൽമരമില്ലാത്ത മരുഭൂമിയിൽ വഴിയറിയാതെ അലയുന്ന നിസ്സഹായയായ ഒരു യുവതി. അവൾ എന്നും തന്റെ ഹൃദയത്തിലെ നീറുന്ന തീക്കനലാണ്.
വരും വരായ്‌കകളാലോചിക്കാതെ താത്‌ക്കാലിക വികാരങ്ങൾക്കനുസരിച്ചു ജീവിക്കുന്ന വിവേകമില്ലാത്ത മകൾ സോഫിയ! അവൾ വരുത്തിവച്ച അപമാനഭാരം!
വെറുമൊരു പാവം സ്‌ത്രീ മാത്രമായ ഭാര്യ അന്നമ്മ.
ഇനാസിയാണ് തന്റെ മനസ്സിനു കരുത്തു നല്‌കുന്നത്. പ്രശ്‌നങ്ങളെ ശാന്തമായി തരണം ചെയ്യാനും ഒതുക്കാനും അവൻ മിടുക്കനാണ്.
ആരുമറിയാതെ തിരുവല്ലയിൽ പോയി വിത്സനെ അന്വേഷിച്ചുവന്നു. സോഫിയയെ വിത്സനു വിവാഹം ചെയ്‌തുകൊടുത്തു പ്രശ്‌നം അവസാനിപ്പിക്കാനായിരുന്നു ആദ്യം ആലോചിച്ചത്. ആ ആലോചന നടക്കില്ലെന്നു മനസ്സിലായി. വിത്സൻ ബോംബെയിലേയ്‌ക്കു പോയി. സോഫിയ ഗർഭിണിയാണെന്നറിഞ്ഞപ്പോഴാണ് അവൻ നാടുവിട്ടത്. അവന്റെ ദുരുദ്ദേശ്യം വ്യക്തമാണ്. അവനെ വിശ്വസിച്ചു കാത്തിരുന്നാൽ അവളുടെ ജീവിതം തകരുമെന്നതിൽ സംശയമില്ല.
ഡോക്‌ടറോടു കാര്യങ്ങൾ തുറന്നുപറയാൻ മുൻകൈയെടുത്തത് ഇനാസിയാണ്. ദാവീദിന്റെ ഹൃദയാഘാതത്തിനു കാരണമായാണ് സോഫിയയുടെ പ്രശ്‌നം അവതരിപ്പിച്ചത്. തന്റെയും കുടുംബത്തിന്റെയും അഭിമാനം രക്ഷിക്കണമെന്നും അവളുടെ ഭാവി ഭദ്രമാക്കണമെന്നും താൻ ഡോക്‌ടർ സാമുവലിനോടഭ്യർത്ഥിച്ചു.
ഡോ.സാമുവൽ നല്ല മനുഷ്യനാണ്. അദ്ദേഹത്തിനു മനുഷ്യന്റെ ദുഃഖങ്ങളും വേദനകളും നിസ്സഹായതയും മനസ്സിലാകും. എത്ര നിസ്സാരമായി അദ്ദേഹം പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കി.
‘ഓ, ഇതൊന്നും വലിയ പ്രശ്‌നമല്ല. രണ്ടുദിവസം അവളെ ഹോസ്‌പിറ്റലിൽ അഡ്‌മിറ്റു ചെയ്താൽ മതി. ഒന്നും പേടിക്കാനില്ല.“ -ഡോ.സാമുവൽ ആശ്വസിപ്പിച്ചു.
ദാവീദ് അങ്ങനെ വിചാരപഥങ്ങളിലലയവെ, പുറത്ത് അകലെനിന്ന് അനുനിമിഷം അടുത്തു വരുന്ന ഒരിരമ്പൽ. വെളിച്ചം പെട്ടെന്നു മങ്ങി. ജനലിലൂടെയും വാതിലിലൂടെയും കാറ്റ് ശബ്‌ദമുണ്ടാക്കിക്കൊണ്ടിരച്ചു കയറി. മുറ്റത്തെ പ്ലാവിന്റെ പഴുത്ത ഇലകളും പൊടിയും മുറിയിൽ ചുറ്റിയലഞ്ഞു. മഴയുടെ ശബ്‌ദം വിദൂരതയിൽ നിന്നോടിയെത്തി. ആദ്യം ചെറിയ തുളളികളായാരംഭിച്ച മഴ വളരെവേഗം പെരുമഴയായി ആർത്തലച്ചു പെയ്‌തു. മഴയുടെ പശ്ചാത്തലത്തിൽ അന്തരീക്ഷം കനത്തു.
’ജനലടക്കണോ അപ്പാ?” ബീന ചോദിച്ചു.
അയാൾ ഒരു നിമിഷം അവളെ നോക്കി. തണുത്ത കാറ്റടിയൊഴിവാക്കാൻ ജനൽപ്പാളികളടച്ചാൽ കൊളളാമെന്നുണ്ട്. പക്ഷെ, തപ്പിത്തടഞ്ഞ് അവൾ അതിനു പോകണമല്ലോ.
‘വേണ്ട മോളെ…. സാരമില്ല.“
’തണുത്ത കാറ്റടിയേല്‌ക്കും… അതു നല്ലതല്ല.‘
അവൾ പതുക്കെ അന്തരീക്ഷത്തിൽ കൈകൾ പരതി നടന്നുചെന്നു ജനൽക്കതകുകൾ അടച്ചു. തണുത്ത കാറ്റിന്റെ പ്രവാഹം മുറിയിൽ നിലച്ചു. ജനൽക്കതകുകളിലെ ഇരുമ്പുകൊളുത്തുകൾ ആടി ശബ്‌ദിച്ചു.
അവൾ വാതിലിനടുത്തു മതിൽചാരി എന്തോ ആലോചിച്ചുകൊണ്ടുനിന്നു. തന്റെ കാണപ്പെടാത്ത കൃഷ്‌ണപ്പരുന്ത് ഇപ്പോൾ എവിടെയാവും എന്ന വിചാരമാകാം. ദാവീദ് മകളെ ഉറ്റുനോക്കിക്കിടന്നു. കണ്ണുകൾ കൂടിയുണ്ടായിരുന്നെങ്കിൽ തന്റെ മോളെങ്ങനെയിരുന്നേനേ…!
തനിക്കു സുഖമില്ലാതായതിൽപ്പിന്നെ അവളുടെ മുഖം തെളിഞ്ഞിട്ടില്ല. മുഖത്തുനിന്നു ദുഃഖത്തിന്റെ, ഉൽക്കണ്‌ഠയുടെ നിഴൽ മാഞ്ഞിട്ടില്ല. അവളുടെ സ്വരം വിഷാദത്തിന്റെ നനവേറ്റു നേർത്തുപോയിരിക്കുന്നു. അവളുടെ ചുണ്ടിലെ പുഞ്ചിരി കരിഞ്ഞു പോയിരിക്കുന്നു.
എന്റെ ചിറകറ്റ കിളിമകൾ! അവളെപ്പോഴും തന്റെ മുറിയിൽത്തന്നെയാണ്. മൂകമായി അവളിവിടെയെപ്പോഴും കാവലിരിക്കുന്നു. എന്നിട്ടും അവളിവിടെയുളള കാര്യം താൻ പലപ്പോഴും മറന്നുപോകുന്നു. ഇടയ്‌ക്ക് അവളുടെ നെടുവീർപ്പുകളും ദീർഘനിശ്വാസങ്ങളും അടർന്നു വീഴുമ്പോൾ, അവളുടെ സാമീപ്യം ചൂടുളള ഒരു സ്പർശം പോലെയറിയുന്നു.
മഴയുടെ സംഗീതം ശ്രവിച്ചുകൊണ്ട് മൂകയായി അവൾ നില്‌ക്കുന്നു. അവളുടെ ദുഃഖങ്ങളും വേദനകളും അവളിൽത്തന്നെയൊതുങ്ങിക്കിടക്കുന്നു. അവൾ ആരോടും ഒന്നും പറയാറില്ല. ആവശ്യങ്ങളും പരാതികളുമില്ല. ഏകാന്തതയും ദുഃഖങ്ങളും നിസ്സഹായതയും ഘനീഭവിച്ചുണ്ടായ ഒരു വല്ലാത്ത മൗനം അവളെയെപ്പോഴും എവിടെയും ഒറ്റപ്പെടുത്തി നിർത്തുന്നു.
പക്ഷേ, അവളുടെ നെടുവീർപ്പുകൾ, ശോകസാന്ദ്രമായ ഗാനങ്ങൾ-അവ ആത്മദുഃഖത്തിന്റെ തീവ്രമായ അഗ്നിപ്രസരമായാണ് അനുഭവപ്പെടാറുളളത്. അവളുടെ മൗനത്തിന്റെ ശൈത്യം മരവിപ്പുളവാക്കുന്നതാണ്.
അവളെക്കുറിച്ചാലോചിക്കാൻ തുടങ്ങുമ്പോൾ തന്റെ എല്ലാ സ്വസ്ഥതകളും നഷ്‌ടപ്പെടുന്നു.
മഴയല്പം ശാന്തമായി. നനഞ്ഞ ചിറകൊതുക്കിപ്പിടിച്ച് വൈറ്റ്‌ലഗോൺ കോഴികൾ ഇറക്കാലിയിൽ അനങ്ങാതെ വിറച്ചുനിന്നു. മുറ്റത്തു കെട്ടിനിന്ന വെളളത്തിൽകണ്ട സ്വന്തം പ്രതിഛായകൾ നോക്കി കോഴികൾ ആശങ്കയോടെ തല അങ്ങുമിങ്ങും ചലിപ്പിച്ചു.
ചായയുമായി അന്നമ്മ വന്നു. ദാവീദ് പതുക്കെ എഴുന്നേറ്റിരുന്നു. ചായ കൈയ്യിൽ കൊടുക്കുമ്പോൾ അന്നമ്മ ചോദിച്ചു.
’മരുന്നു കുടിച്ചോ?‘
’ഇല്ല, ഞാനതു മറന്നുപോയി.‘
അന്നമ്മ ടീപ്പോയിമേലിരുന്ന ഗുളികക്കുപ്പിയെടുത്തു നോക്കീട്ടു പറഞ്ഞുഃ
’ഗുളിക തീർന്നല്ലോ. ഒരെണ്ണമുണ്ട്. എന്നിട്ടും മിണ്ടാതിരിക്കുവാ.‘ അവർ ഗുളികയെടുത്തു ദാവീദിന്റെ കൈയ്യിൽ കൊടുത്തു. അയാൾ അതു വായിലിട്ട് ഒരിറക്കു ചായയോടൊപ്പം വിഴുങ്ങി.
’വേദന വല്ലോം തോന്നിയോ ഇന്ന്?‘
’ഇല്ല.‘
’ഡോക്‌ടറു പറഞ്ഞതനുസരിച്ചു ക്ഷമയോടെ കൊറച്ചു ദെവസം കെടക്ക്.‘
ദാവീദ് മിണ്ടിയില്ല. താഴേയ്‌ക്കു നോക്കി എന്തോ ആലോചിച്ചുകൊണ്ടിരുന്നു.
’ഞാൻ ഡോക്‌ടറുടെയടുത്തു പോയി മരുന്നുമേടിച്ചു വരാം.‘ അന്നമ്മ പറഞ്ഞു.
ദാവീദ് ഒന്നും മിണ്ടിയില്ല.
’നിങ്ങളെന്താണിത്ര ആലോചിക്കുന്നത്?‘
’ഒന്നുമില്ല.‘
’അതുമിതും ആലോചിച്ച് സൂക്കേടുണ്ടാക്കരുത്.‘
അയാൾ മിണ്ടിയില്ല. മനസ്സിന്റെ വാതിലും ജനലും അടച്ചുപൂട്ടാനാവില്ല; വീർപ്പുമുട്ടുണ്ടാകും. വേണ്ടെന്നു വയ്‌ക്കുമ്പോൾ കൂടുതൽ ചിന്തിക്കേണ്ടിവരും.
അന്നമ്മ ഗ്ലാസ്സുമെടുത്തു തിരിച്ചു പോകുമ്പോൾ ചോദിച്ചു.
’സോഫിയെവിടെ?‘
’അവൾ അപ്രത്തിരുന്ന് എന്തോ വായിക്കുന്നുണ്ട്.‘
അവൾ വായിക്കട്ടെ അല്ലെങ്കിലെന്തെങ്കിലും പണിയെടുക്കട്ടെ. വെറുതെയിരുന്നാൽ മനസ്സ് ചെകുത്താന്റെ പണിപ്പുരയാകുമെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ.
’അന്നമ്മേ…‘ ഭാര്യയെ പെട്ടെന്നെന്തോ ഓർത്തു തിരിച്ചു വിളിച്ച് ദാവീദ് ചോദിച്ചു.
’എന്നാ അവളെ ആശൂത്രീക്കൊണ്ടുപോണത്?‘
’ബുധനാഴ്‌ച രാവിലെ ചെല്ലാനാ ഡോക്‌ടർ പറഞ്ഞത്.‘
’എന്തിനാന്നും പോണതും വരണതുമൊന്നും ആരോടും പറഞ്ഞേക്കല്ലേ കേട്ടോ.‘
’ഓ, ഞാനത്ര പോങ്ങത്തിയാണോ?‘ അന്നമ്മ മുഖം വീർപ്പിച്ച് തിരിച്ചുപോയി.
മഴ നില്‌ക്കുകയും അന്തരീക്ഷം തെളിയുകയും ചെയ്‌തു. ബീനയുടെ മനസ്സ് മെല്ലെ വിടർന്നു. തപ്പിത്തടഞ്ഞ് അവൾ പതുക്കെ മുറ്റത്തേയ്‌ക്കിറങ്ങി. മണ്ണിലെ നനവും വായുവിലെ ഈർപ്പവും അവളറിഞ്ഞു. ചെടിച്ചട്ടിയിലെ റോസിന്റേയും വേലിപ്പടർപ്പിലെ മുല്ലയുടേയും പൂമണത്തിനായി അവളുടെ നാസിക വിടർന്നു.
Generated from archived content: vilapam22.html Author: joseph_panakkal