ഷെണായിയുടെ തിയേറ്റർ അലങ്കരിക്കാൻ ഇനാസി തയ്യാറാക്കിയ ആർട്ട്‌ഡിസൈൻ അംഗീകരിക്കപ്പെട്ടു. ഇനാസിയും നാലഞ്ചു സഹായികളും ഏതാനും തൊഴിലാളികളും ചേർന്ന് അതിന്റെ ജോലി ആരംഭിച്ചു. ഇനാസിയെ സംബന്ധിച്ചിടത്തോളം അതു തന്റെ കഴിവിന് നഗരത്തിൽ അംഗീകാരം നേടിയെടുക്കാനുളള ഒരു യജ്ഞമായിരുന്നു. ഒരു പരീക്ഷണഘട്ടമാണ്.
വിജയിച്ചാൽ ഭാവി സുഗമമാകും.
പരാജയപ്പെട്ടാൽ…..
ഇല്ല. പരാജയമുണ്ടാവില്ല…. അയാൾക്ക് ഉറച്ച ആത്മവിശ്വാസം തോന്നി. രാത്രിയും പകലും ഇനാസിയുടെ മനസ്സ് കലാസൃഷ്‌ടിയിൽ ബന്ധിക്കപ്പെട്ടു.
കുറെ ദിവസം ഇനാസി അവിടെത്തന്നെ താമസിച്ചു. വീട്ടിൽ പോകാൻ സൗകര്യപ്പെട്ടില്ല. ചെയ്യുന്ന ജോലിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാൻ സമയമുണ്ടായില്ല. ഊണും ഉറക്കവും മറന്ന് അയാൾ ജോലിയിൽ മുഴുകി. അതൊരു ജ്വരമായി. ഷേവുചെയ്യാൻ സമയം കിട്ടാതെ മുഖത്തുരോമം വളർന്നു നീണ്ടു. ഉമയെപ്പോലും മറന്നു.
പണിപൂർത്തിയായാൽ നഗരത്തിനൊരു തിലകക്കുറിയായിത്തീരുന്ന തിയേറ്ററിന്റെ മനോഹാരിതയെക്കുറിച്ച്, അതിൽ തനിക്കുളള പങ്കിനെക്കുറിച്ച് ഓർത്ത് ഇനാസി അഭിമാനം കൊണ്ടു. തനിക്കുണ്ടാകാനിരിക്കുന്ന പ്രശസ്തി….
പകലത്തെ ജോലി കഴിഞ്ഞ് സഹായികൾ പോയിക്കഴിഞ്ഞാൽ പിന്നെ ഇനാസി പ്ലാനും പണിയും നോക്കി തനിയെയിരുന്നു സ്വപ്നങ്ങൾ മെനഞ്ഞു.
കർമ്മനിരതമായ, ആവേശപൂർണ്ണമായ ദിവസങ്ങൾക്കുശേഷം പണിപൂർത്തിയായപ്പോൾ മാത്രമെ ഇനാസിയ്‌ക്ക് സ്വസ്ഥത ലഭിച്ചുളളൂ.
അഭിനന്ദനങ്ങളുടെ പൂക്കൾ വാരിയെറിഞ്ഞ് സഹൃദയർ സന്തോഷം പ്രകടിപ്പിച്ചു. തിയേറ്ററിന്റെ ഉദ്‌ഘാടനം നടക്കും മുമ്പുതന്നെ അതിന്റെ കലാഭംഗിയെക്കുറിച്ച് നഗരത്തിൽ ചർച്ചകൾ നടന്നു.
നിരന്തരമായ ജോലിയും ചിന്തയും മൂലം ഇനാസി പരിക്ഷീണനായി. വീട്ടിൽ പോയി സുഖമായൊന്നുറങ്ങണമെന്നും രണ്ടുദിവസം വിശ്രമിക്കണമെന്നും അയാൾ ആഗ്രഹിച്ചു. അങ്ങനെ അയാൾ ഒരു സായാഹ്നത്തിൽ വീട്ടിലെത്തിയപ്പോഴേയ്‌ക്കും വല്ലാതെ തളർന്നുപോയിരുന്നു. ഉറങ്ങാത്ത രാത്രികളുടെയും അദ്ധ്വാനം നിറഞ്ഞ പകലുകളുടെയും ക്ഷീണഭാരം കൺപോളകളിൽ തൂങ്ങിനിന്നു.
മുറ്റത്തേയ്‌ക്കു കയറിച്ചെന്നപ്പോൾ ഉമ്മറത്താരുമില്ല. വാതിൽ അടഞ്ഞു കിടന്നു. അസ്വാസ്ഥ്യമായ ഒരു കനത്ത മൂകത വീടിനെ മൂടിക്കെട്ടിനിന്നു. വാതിൽ തുറന്ന് അയാൾ അകത്തു കയറി. ബാഗ് മേശപ്പുറത്തുവച്ച് അയാൾ കട്ടിലിലിരുന്ന് ഷർട്ടിന്റെ ബട്ടണുകൾ വിടർത്തിയപ്പോൾ അപ്പുറത്തെ മുറിയിൽനിന്ന് ഒരു തേങ്ങിക്കരച്ചിൽ കേട്ടു. പെട്ടെന്നു മനസ്സുണർന്നു.
ദാവീദുചേട്ടന്റെ അടക്കിപ്പിടിച്ചതെങ്കിലും തീഷ്‌ണമായ ശബ്‌ദമുയർന്നു.
‘എടീ, സത്യം പറഞ്ഞോ. ആരാണിതിനുത്തരവാദി?’
മറുപടിയില്ല. വീർപ്പുമുട്ടിക്കുന്ന മൗനത്തിൽനിന്ന് അടുത്ത നിമിഷം ഒരടിയുടെ ശബ്‌ദമുയർന്നു.
ഇനാസി പരിഭ്രമിച്ചു.
ദാവീദുചേട്ടൻ ഇങ്ങനെ രോഷാകുലനാകാൻ?
‘പറയില്ലേടി, നീ? പറയില്ലെ…?’
വീണ്ടും അടിയുടെ ശബ്‌ദം. കരച്ചിൽ.
ഉൽക്കണ്‌ഠയോടെ ഇനാസി എഴുന്നേറ്റ് അകത്തേയ്‌ക്കു ചെന്നു. അടുക്കളത്തളത്തിൽ മതിൽ ചാരിനിന്നു ബീന തേങ്ങിക്കരയുന്നത് ഇനാസി കണ്ടു.
എന്താണിവിടെ സംഭവിച്ചത്. ഇനാസിയ്‌ക്ക് ഒന്നും മനസ്സിലായില്ല, സോഫിയയും ദാവീദുചേട്ടനും അന്നമ്മച്ചേടത്തിയുമുളള ആ മുറിയിലേയ്‌ക്കു കടന്നുചെല്ലാൻ ഇനാസി മടിച്ചു.
‘നശിച്ചവളെ, നീയീ കുടുംബം തകർത്തു. സത്യം പറ. ആരാ നിന്നെ നശിപ്പിച്ചത്?’ അന്നമ്മയുടെ ശബ്‌ദം. അതൊരു കരച്ചിൽപോലെയായിരുന്നു.
സോഫിയ മിണ്ടുന്നില്ല.
ഇനാസിയ്‌ക്കു കാര്യം ഏതാണ്ട് ഊഹിക്കാൻ കഴിഞ്ഞു. താൻ ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു.
‘ഇനാസിയാണോടീ?’ അന്നമ്മയുടെ അടക്കിപ്പിടിച്ച ചോദ്യം.
ഇനാസിയുടെ അന്തരംഗത്തിൽ ഒരു സ്‌ഫോടനമുണ്ടായി. വികാരങ്ങളെ നിയന്ത്രിച്ച്, അയാൾ കാത്തുനിന്നു.
‘അവൻ കുറച്ചു ദിവസമായിട്ടിവിടെ വരുന്നില്ലല്ലോ. അവനെവിടെപ്പോയി?’ ദാവീദുചേട്ടൻ അലറി.
‘അവനെയിവിടെ വലിച്ചു കേറ്റിനിർത്തിയപ്പോഴേ ആളുകൾ പറഞ്ഞതാ, ഇക്കാലത്തിതൊക്കെ ആപത്തായിത്തീരുമെന്ന്!’ അന്നമ്മ പറഞ്ഞു.
ഇനാസി നിന്നു വിറച്ചു. അകത്തേയ്‌ക്കു കയറിച്ചെന്ന് മാതാപിതാക്കളുടെ മുന്നിൽ വച്ചുതന്നെ സോഫിയയോടു ചോദിക്കണമെന്നു തോന്നി, ‘ഞാനാണോ എന്ന്’. എങ്കിലും ബുദ്ധി വിലക്കി. അടങ്ങി നില്‌ക്കൂ; ക്ഷമയോടെ..
ദാവീദുചേട്ടന്റെ കോപം ആളിപ്പടർന്നു.
‘നിന്നെ ഞാൻ കൊല്ലും. എല്ലാറ്റിനേം ഞാനരിഞ്ഞുകളേം. സത്യം പറഞ്ഞോ. ഇനാസിയാണോടീ?’
‘അ…ല്ല..’
ഒരപകട സന്ധി തരണം ചെയ്തുവെന്ന് ഇനാസി ആശ്വസിച്ചു. അയാൾ വീർപ്പടക്കി നിന്നു.
‘പിന്നെ ആരാണ്?’
അവൾ മിണ്ടുന്നില്ല.
അന്നമ്മ തളർന്നു താഴെ കിടന്നു. അവർ തേങ്ങിക്കരഞ്ഞു.
ദാവീദ് അവളെ വീണ്ടും അടിച്ചു.
‘ചാകട്ടെ….! ചാകട്ടെ…!’ അന്നമ്മ പിറുപിറുത്തു.
അത്രയുമായപ്പോൾ ഇനാസിയ്‌ക്കു പിന്നെ അടങ്ങി നില്‌ക്കാൻ കഴിഞ്ഞില്ല. അയാൾ അകത്തേയ്‌ക്കു കയറിച്ചെന്നു.
‘ഇനിയടിക്കരുത്! അടിക്കരുത്..!’
ഇനാസി ദാവീദുചേട്ടന്റെ കൈക്കു കടന്നുപിടിച്ചു. ദാവീദുചേട്ടൻ ഇനാസിയുടെ കൈ തട്ടിത്തെറിപ്പിച്ചു. എന്നിട്ട് ഇനാസിയുടെ നേരെ തുറിച്ചുനോക്കി അലറി.
‘ഇവളെ ഞാൻ കൊല്ലും. നീയാരാ, തടയാൻ? പോ പുറത്ത്! പോകാനാ പറഞ്ഞത്…!’
ദാവീദുചേട്ടന്റെ കണ്ണുകളിൽനിന്നു തീപ്പൊരി ചിതറുകയായിരുന്നു.
ഇനാസി സ്തബ്‌ധനായി നിന്നു.
സോഫിയ അടിയേറ്റു കുഴഞ്ഞു താഴെ വീണു.
ദാവീദുചേട്ടൻ ഒരു ഭ്രാന്തനെപ്പോലെ വീണ്ടും അവളുടെ നേരെ തിരിഞ്ഞു കാലുയർത്തി.
‘സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ ഞാൻ ചവിട്ടിക്കൊല്ലും! പറയ്, ആരാണു നിന്നെ നശിപ്പിച്ചത്…?’
ഭയവിഹ്വലമായ കണ്ണുകളുയർത്തി വിക്കി വിക്കി അവൾ പറഞ്ഞുഃ
‘വിത്സൻചേട്ടൻ…’
ദാവീദ് നിന്നു കിതച്ചു. അയാൾ അന്നമ്മയുടെ നേരെ തുറിച്ചുനോക്കി. അന്നമ്മയുടെ മുഖം വിളറി. അവർക്കു പ്രജ്ഞ മങ്ങുകയായിരുന്നു.
വീശിയടിച്ച കാറ്റിൽ പുറത്ത് മരച്ചില്ലകൾ ആടിയുലഞ്ഞു. യുദ്ധത്തിൽ പരാജിതനായ രാജാവിനെപ്പോലെ ദാവീദുചേട്ടൻ തളർന്ന് കട്ടിലിലിരുന്നു. വിചാരപഥങ്ങളിൽ ചുഴലിക്കാറ്റടിച്ചു കയറി.
പരിഹാസത്തിന്റെ മുനകൂർത്ത നോട്ടവും ചിരിയും അപമാനകരമായ വാക്കുകളുടെ തീക്കനലുകളുമായി ലോകം തന്നെ വളയുന്നതായി അയാൾക്കു തോന്നി.
അയാളുടെ ശരീരമാകെ വിയർപ്പിൽ മുങ്ങി. വിയർപ്പ് ചാലുകീറി താഴേക്കൊഴുകി. നെഞ്ചിനകത്ത് അസ്വസ്ഥതയുടെ പുകച്ചിൽ. നെഞ്ച് സ്വയം തടകുന്നതു കണ്ട് ഇനാസി ഓടി അടുത്തുചെന്നു. ദാവീദിനെ കട്ടിലിൽ പിടിച്ചു കിടത്തി അയാൾ നെഞ്ചു തടകി.
‘എന്തുപറ്റി, എന്താ?’
‘ഒന്നുമില്ല… വയ്യ… വേദന…’
‘കുറച്ചു ജീരകവെളളം കൊണ്ടുവാ…’ ഇനാസി വിളിച്ചു പറഞ്ഞു.
അന്നമ്മയും സോഫിയയും അതു കേട്ടില്ലെന്നു തോന്നുന്നു. ബീന തപ്പിത്തടഞ്ഞ് അടുക്കളയിൽ ചെന്ന് ജീരകവെളളം ഒരു ഗ്ലാസ്സിൽ കൊണ്ടുവന്നു. ഇനാസി അതു കുറേശ്ശെ വായിലൊഴിച്ചു കൊടുത്തു.
ദാവീദിന്റെ മുഖത്ത് വല്ലാത്ത ക്ഷീണം നിഴലിച്ചു.
‘ബീന അപ്പന്റെ നെഞ്ചു തടവിക്കോളൂ. ഞാൻ പോയി ഡോക്‌ടറെ കൊണ്ടുവരാം.’ ഇനാസി പറഞ്ഞു.
ബീനയ്‌ക്കു കരച്ചിൽ വന്നു. അവൾ അടുത്തിരുന്നു നെഞ്ചു തടവിക്കൊണ്ട് പരിഭ്രാന്തിയോടെ തിരക്കി.
‘അപ്പന് എന്താ പറ്റിയത്… എന്താ…?’
ഇനാസി പുറത്തേയ്‌ക്കോടി. കുറച്ചു സമയത്തിനകം ഒരു ടാക്‌സികാറിൽ അയാൾ തിരിച്ചുവന്നു. അപ്പോൾ അന്നമ്മയും സോഫിയയും ദാവീദിനടുത്ത് പരിഭ്രാന്തരായി ഇരുന്നിരുന്നു.
ദാവീദിനെ താങ്ങിയെടുത്തു കാറിൽ കയറ്റി ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോയി.
Generated from archived content: vilapam21.html Author: joseph_panakkal