ഒരു ലോറി സ്‌റ്റാർട്ടാക്കിയ ശബ്‌ദം കേട്ടാണ് ഇനാസി ഞെട്ടിയുണർന്നത്. ഉറങ്ങുകയായിരുന്നു എന്നു പറയാനും വയ്യ. ഓടയുടെ ദുർഗന്ധവും കൊതുകുകളുടെ ആക്രമണവും നഗരത്തിന്റെ അധോലോകത്തുനിന്നുളള പേടിപ്പെടുത്തുന്ന ശബ്‌ദങ്ങളും ഇനാസിയിൽ അരക്ഷിതബോധമുണ്ടാക്കുമ്പോൾ എങ്ങനെ ഉറങ്ങാനാണ്. എങ്കിലും എപ്പോഴോ മയങ്ങിപ്പോയതായിരുന്നു.
കൂറ്റൻ കെട്ടുകൾ നിറച്ച ലോറി ഭീകരനായ ഒരു ഡ്രാഗനെപ്പോലെ നഗരത്തിന്റെ മാറിലൂടെ അലറിയിഴഞ്ഞുപോയി.
ഉറക്കത്തിന്റെ കറുത്ത പക്ഷിക്കുഞ്ഞ് പ്രജ്ഞയുടെ വാതിൽ തുറന്നു പറന്നുപോയപ്പോൾ ഇനാസി എഴുന്നേറ്റിരുന്നു. മൂടൽമഞ്ഞിന്റെ തണുപ്പിൽ കടത്തിണ്ണകളിൽ ചുരുണ്ടുകൂടിക്കിടന്നുറങ്ങുന്ന കുറെ മനുഷ്യർ. എവിടെ നിന്നെല്ലാമോ നഗരത്തിൽ അഭയം തേടിയെത്തിയവർ. തൊഴിൽ തേടിയെത്തിയവർ. വീടില്ലാത്തവർ, മേൽവിലാസമില്ലാത്തവർ. അവരിലൊരുവനായി താനും.
തെരുവുവിളക്കുകൾ നിശ്ശബ്‌ദമായി മിഴിതുറന്നു കാവൽനില്‌ക്കുന്നു. ഇപ്പോൾ ബഹളങ്ങൾ അടങ്ങിയിരിക്കുന്നു. കൈകാലുകളിലെ നഖങ്ങളൊതുക്കി സുഖദമായ തണുപ്പിൽ നഗരമെന്ന ഭീകരജന്തു ഉറങ്ങുന്നു.
അപ്സരാജ്വല്ലറിയുടെ വരാന്തയിലെ ഭ്രാന്തൻ രാജാവിരുന്നു ബീഡി വലിക്കുന്നു. അയാൾ രാത്രിയിൽ തീരെ ഉറങ്ങിയിട്ടില്ല. ചപ്പുചവറുകൾക്കിടയിൽനിന്നു ചികഞ്ഞെടുക്കുന്ന സിഗരറ്റുകുറ്റികളും ബീഡിത്തുമ്പുകളുമാണ് അയാൾ വലിച്ചുപുകയ്‌ക്കുന്നത്. കഴുത്തോളം നീണ്ടു കിടക്കുന്ന കറുപ്പും വെളുപ്പും ചേർന്ന മുടി, നരച്ച കനത്ത മേൽമീശയും നീണ്ടതാടിയും. മുട്ടിനു താഴെയിറക്കമുളള കീറിപ്പറിഞ്ഞ ഒരു സിൽക്കുജൂബ. തലയിൽ കിരീടംപോലെ മലർത്തിവെച്ച ഒരു പൊളിഞ്ഞ പ്ലാസ്‌റ്റിക്‌കൊട്ട. കൈയിലൊരു വടി. കണ്ണുകളിൽ അധികാരത്തിന്റെ ചുവന്ന കനൽ.
ഉറങ്ങുന്ന നഗരത്തിന്റെ രക്ഷകനായ രാജാവ്. പണ്ട് ഏതോ ചവിട്ടുനാടകത്തിന്റെ രാജാവായി അഭിനയിച്ചതിന്റെ ഓർമ്മകളിൽ ഇടയ്‌ക്ക് അയാൾ ചോടുകൾ ചവിട്ടിയാടുകയും പാടുകയും ചെയ്യും.
ഇനാസി എഴുന്നേറ്റു പൈപ്പിനടുത്തു ചെന്നു തണുത്ത വെളളത്തിൽ മുഖം കഴുകുമ്പോൾ രാജാവു ഗർജ്ജിച്ചു.
‘യാരവിടെ? ശബ്‌ദമൊണ്ടാക്കാതെയിരിടെ…’
തണുപ്പുതോന്നി. മതിലിനോടു ചേർന്നു പുതച്ചുമൂടിയിരുന്നപ്പോൾ വരാനിരിക്കുന്ന പകലുകളെക്കുറിച്ചു ഭയം തോന്നി. കഴിഞ്ഞുപോയ പകലുകൾ ദുഃസ്വപ്‌നങ്ങളായി മനസ്സിൽ ചിതറികിടക്കുന്നു. നഗരത്തിന്റെ ഗ്രീഷ്‌മവാതമേറ്റു കരിഞ്ഞുവീണ തന്റെ സ്വപ്നങ്ങൾ.
രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ടു തന്റെ പ്രതീക്ഷകൾ അസ്‌തമിച്ചു തുടങ്ങി. വിശ്വാസങ്ങൾ നഷ്‌ടപ്പെട്ടു തുടങ്ങി. മെരുങ്ങാത്ത ജീവിത പ്രശ്‌നങ്ങളുടെ തീക്ഷ്‌ണമായ നഖക്ഷതങ്ങളേറ്റ് ഹൃദയരക്തം വാർന്നൊഴുകി. വിശപ്പിന്റെ അഗ്‌നിജ്വാലയിൽ സ്വയം ഉരുകി. രാത്രിയുടെ മടിത്തട്ടിൽ മയങ്ങിവീണ നിമിഷങ്ങൾ മാത്രമായിരുന്നു ആശ്വാസം.
ഈ നഗരത്തിലെ ദുർഗ്ഗന്ധം പതഞ്ഞൊഴുകുന്ന ഓടയിലെ ഒരു പുഴുവിനു തുല്യമായിരിക്കുന്നു താൻ. ഇനാസി ആലോചിച്ചു. താൻ ജീവിക്കണമെന്ന് മറ്റാർക്കാണ് താത്‌പര്യം? താൻ മരിക്കുന്നതിൽ ആർക്കാണു ദുഃഖം? തൊഴിലില്ലാത്ത, വരുമാനമില്ലാത്ത ഒരുവൻ ഇവിടെ വെറുമൊരു തെണ്ടിമാത്രമാണ്. താൻ ഒന്നുമല്ല ഇവിടെ.
തന്നെ സ്‌നേഹിക്കാൻ ഇവിടെയാരുമില്ല.
തന്റെ കഴിവു മനസ്സിലാക്കാൻ ആർക്കുമിവിടെ താത്‌പര്യമില്ല. പരസ്യക്കമ്പനികളിൽ ചെന്നപ്പോൾ അവിടെയെല്ലാം ആവശ്യത്തിലേറെ ജോലിക്കാരുണ്ടത്രെ!
രണ്ടുനേരത്തെ ഭക്ഷണവും തളരുമ്പോൾ തല ചായ്‌ക്കാനൊരിത്തിരി സ്ഥലവും മാത്രമെ തനിക്കു വേണ്ടൂ. അതിനുവേണ്ടി എവിടെയെല്ലാം അലഞ്ഞു. എന്തെങ്കിലും ചെറിയൊരു ജോലി…. ഹോട്ടലുകൾ, ജൗളിക്കടകൾ, സ്‌റ്റേഷനറികൾ…
ചിലർ താൻ പറയുന്നതെന്തെന്നു കേൾക്കാൻ പോലും ക്ഷമയില്ലാതെ ആട്ടിയോടിച്ചു. ചിലർ സഹതാപത്തോടെ തിരിച്ചയച്ചുഃ
‘സോറി ഇവിടിപ്പോ ഒരു ജോലിയും തരാനില്ല. വേറെയെവിടേങ്കിലും…’
ഇവിടെയെത്തിയപ്പോൾ നാണമെന്ന അദൃശ്യമായ ആവരണം ജീവിതാഭിനിവേശത്തിന്റെ വിടവിലെവിടെയോ ഊർന്നു വീണു. അന്തസ്സും അഭിമാനവുമൊക്കെ വെറും അർത്ഥമില്ലായ്‌മയായി തോന്നി. വെറും ഭംഗിവാക്കുകൾ.
ചിലർ പറയുംഃ മാനേജർ സ്ഥലത്തില്ല.
‘എപ്പോ വരും സാർ?’
‘അറിയില്ല’-മുഖത്തു നോക്കാതെയുളള മറുപടി.
മാനേജരെ കാണാൻ പല പ്രാവശ്യം ചെല്ലുന്നു. ഒരിക്കലും കാണാനാവില്ല. ഇല്ലാത്ത മാനേജരുടെ നിഴൽ നേടി മടുക്കുമ്പോൾ പുതിയ നിഴലിനെ കണ്ടെത്തും. പ്രതീക്ഷകൾ മരീചികയിൽ അലഞ്ഞു തളർന്നു വീണ പകലുകൾ, രാത്രികൾ.
ആത്മവിശ്വാസം ചോർന്നു പോയിക്കഴിഞ്ഞു. ഇനിയിവിടെ തെണ്ടിത്തിരിഞ്ഞിട്ടു കാര്യമില്ല.
ചിത്രകലയിൽ ഒരു ഡിപ്ലോമയെങ്കിലും നേടാൻ തനിക്കു സാധിക്കുമെന്നു തോന്നുന്നില്ല. കാലൂന്നി നില്‌ക്കാനൊരിടമില്ലാതെ എങ്ങനെ പഠിക്കാനാണ്.
ഇളയപ്പന്റെയടുത്തേയ്‌ക്ക് തിരിച്ചു ചെല്ലുന്ന കാര്യം അതിലേറെ വിഷമം. ധൂർത്ത പുത്രന്റെ തിരിച്ചു ചെല്ലൽ പോലെ. പിന്നെ ഇളയപ്പന്റെ പീടികയിൽ സാമാനങ്ങൾ പൊതിഞ്ഞു കെട്ടികൊടുക്കുകയും പൈസകൂട്ടുകയും കുറയ്‌ക്കുകയും ചെയ്‌തു ജീവിതം ഉന്തി നീക്കുന്നതിനിടയ്‌ക്കു ചിത്രകലയെ മറക്കാം. വരകളും വർണ്ണങ്ങളും ഉണർത്തിയ മോഹങ്ങൾക്ക് അപരിചിതനാകാം.
എല്ലാം തന്റെ വിധിയായിരിക്കാം.
വീട്ടിൽ നിന്നുപോരുമ്പോൾ കൈയിലുണ്ടായിരുന്ന പൈസയെല്ലാം തീർന്നു. ഇന്നലെ വരെ ഹോട്ടലിൽ നിന്ന് ഒരു നേരം ഊണുകഴിച്ചു. വൈകുന്നേരം ഓരോ ചായ, രാത്രി പട്ടിണി പിന്നെ ദാഹിക്കുമ്പോഴും വിശക്കുമ്പോഴും പൈപ്പുവെളളം.
ഇവിടെയിനി പിടിച്ചു നില്‌ക്കാനൊരു മാർഗ്ഗമേയുളളു. ഒന്നുകിൽ വേശ്യകളുടെ ഏജന്റാവുക. അല്ലെങ്കിൽ കളളക്കടത്തു ബിസിനസ്സുകാരുടെ സ്വകാര്യച്ചരടുകളാകുക. അതും സാധിച്ചില്ലെങ്കിൽ മോഷ്‌ടിക്കുക. പക്ഷെ, അതിനൊന്നിനും തനിക്കു പ്രാപ്‌തിയില്ല, താൻ വെറുമൊരു സ്വപ്നജീവിയാണല്ലോ.
വലിയ അദ്ധ്വാനമില്ലാതെ പണം സമ്പാദിക്കാവുന്ന മാർഗ്ഗങ്ങളാണ് വേശ്യയുടെ ഏജന്റാകുന്നതും കളളക്കടത്തുകാരുടെ രഹസ്യദൂതനാകുന്നതും. പക്ഷെ, അതിനല്പം മനക്കട്ടി വേണം. അതു തനിക്കുണ്ടെന്നു തോന്നുന്നില്ല.
നഗരത്തിൽ എത്രയെത്ര പിമ്പുകൾ! കണ്ടാൽ മാന്യന്മാർ. നന്നായി ഉടുത്തൊരുങ്ങി മെഡിക്കൽറപ്പോ ഇൻഷൂറൻസ് ഏജന്റോ എന്നു തോന്നുമാറ് കൈയിൽ ഡയറിയുമായി, സർവ്വരോടും സൗഹൃദം ഭാവിച്ചു നടക്കുന്നവർ. അവരിലൊരാളായി ലോഡ്‌ജുകളിൽ, ഹോട്ടൽ മുറികളിൽ, ടൂറിസ്‌റ്റ് ബംഗ്ലാവുകളിൽ, തെരുവുകളിൽ കുഷ്‌ഠം ബാധിച്ച മനസ്സും കഴുകന്റെ കണ്ണുകളുമായി മനുഷ്യരെ വേട്ടയാടുക. കാമവെറിപൂണ്ട പുരുഷന്മാരെ മണത്തറിയുക അവരുമായി സൗഹാർദ്ദം സ്ഥാപിക്കുക. കളളക്കടത്തിന്റെ ലാഭമോഹ വലയത്തിലകപ്പെട്ട് നോട്ടുകെട്ടുകളുമായി നടക്കുന്നവരെ തിരിച്ചറിയുക. അവരെ രഹസ്യ സങ്കേതങ്ങളിലേയ്‌ക്കു കൂട്ടിക്കൊണ്ടു പോകുക.
പക്ഷെ, തനിക്കതിനു കഴിവില്ല. താനൊരു പാവം കലാപ്രേമി. ധാർമ്മിക മനസ്സാക്ഷിയുടെ മുന്നിൽ ശിരസ്സുകുനിച്ചു നടക്കാൻ കഴിവില്ലാത്തവൻ ഓടയിലെ ദുർഗ്ഗന്ധം ആത്മാവിൽ സംവഹിക്കാൻ ശക്തിയില്ലാത്തവൻ.
പക്ഷെ, ആദർശം കൊണ്ടു വിശപ്പുമാറ്റാനാവില്ല. ആദർശങ്ങളും ധർമ്മങ്ങളും വിശക്കാത്തവർക്കു ചേരുന്ന പട്ടുതൂവലുകളാണ്.
ജീവിക്കണമെങ്കിൽ എന്തു ചെയ്യാനും തയ്യാറാകണം. ഇന്നതേ ചെയ്യാൻ പാടുളളൂ എന്നില്ല. വേശ്യകളുടെ ഏജന്റായാലെ ജീവിക്കാൻ പറ്റൂ എങ്കിൽ അതാവുക തന്നെ വേണം. കളളക്കടത്തിനു ചരടുപിടിച്ചാലേ നിലനില്‌ക്കാനാവൂ എങ്കിൽ അതിനു തയ്യാറാകണം. ജീവിക്കാൻ വേണ്ടി മോഷ്‌ടിക്കുന്നതിനും നീതീകരണമുണ്ട്.
ജീവിതമാണു വലുത്. നിലനില്പാണു പ്രശ്‌നം.
സ്വന്തമായ നിലനില്പുളളവനു മാത്രമെ ആദർശത്തിനു വിലയുളളു. നന്മതിന്മാവിവേചനമുളളൂ. നിലനില്പില്ലാത്തവന് എല്ലാം അർത്ഥശൂന്യമാണ്.
ഇനി തീരുമാനിക്കാനുളളത് രണ്ടിലൊന്നാണ്. ഒന്നുകിൽ ചിത്രകാരനാകണമെന്ന മോഹമുപേക്ഷിച്ച് ധൂർത്തപുത്രനെപ്പോലെ തിരിച്ചു ചെല്ലുക. നട്ടെല്ലു വളച്ച്, ശിരസ്സുകുനിച്ച് ഇഷ്‌ടമില്ലാത്ത സംരക്ഷണം സ്വീകരിച്ച്, അടിമയായി, കിഴവൻ നായയെപ്പോലെ ഇളയപ്പന്റെ കാൽച്ചുവട്ടിൽ ചടഞ്ഞു കൂടുക.
അല്ലെങ്കിൽ ചിത്രകാരനാകുകയെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാൻ വേണ്ടി എന്തു ചെയ്യാനും തയ്യാറാകുക. ആദർശങ്ങളും ധാർമ്മിക വിചാരങ്ങളും ചവിട്ടിയരച്ച്, നന്മതിന്മാ വിവേചനമുപേക്ഷിച്ച് നഗരത്തിൽ ഉറച്ചുനിന്നു പൊരുതി ജീവിക്കുക.
ഒറ്റയൊറ്റയായ നിഴലുകൾ തെരുവിൽ അവിടവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങിങ്ങു ബീഡികത്തിക്കുന്നതിന്റെ തീപ്പാറലുകൾ. ചെറിയ ചെറിയ വാക്കുകൾ ആകാശത്തിലേയ്‌ക്ക് ചൂഴ്‌ന്നു നില്‌ക്കുന്നു. കെട്ടിടങ്ങളുടെ ചില മുറികളിൽ വെളിച്ചം. കാക്കകളുടെ പരുക്കൻ ശബ്‌ദം പാറി വീണു തുടങ്ങി.
കെട്ടിടങ്ങളുടെ വനാന്തരത്തിലെവിടെയോ ശിരസ്സിൽ കുരിശു ചുമന്നു നില്‌ക്കുന്ന പളളിയിൽ നിന്ന് മണിനാദം മുഴങ്ങി. ഇമ്പമാർന്ന ഒരശരീരിപോലെ അത് അന്തരീക്ഷത്തിലൊഴുകിപ്പരന്നു.
അടഞ്ഞ കെട്ടിടങ്ങളുടെ കാൽച്ചുവട്ടിൽ, മുറുക്കാൻ ചണ്ടികളുടെയും സിഗരറ്റ് കുറ്റികളുടെയും പഴത്തൊലികളുടെയും ചപ്പുചവറുകളുടെയും ഇടയിൽ പഴന്തുണിക്കെട്ടുകളായി ചുരുണ്ടു കൂടിക്കിടന്ന മനുഷ്യരൂപങ്ങൾ ഉയിർത്തെഴുന്നേറ്റു.
ഹിംസ്രജന്തുക്കളെപ്പോലെ മുരണ്ടുകൊണ്ട് വാഹനങ്ങൾ ഓടിത്തുടങ്ങി. ബസ്സ് സ്‌റ്റോപ്പുകളും റെയിൽവെ സ്‌റ്റേഷനുകളും ജന നിബിഡമാകാൻ തുടങ്ങി. ഹോട്ടലുകളും പെട്ടിക്കടകളും ഉണരുന്നു. നഗരമെന്ന മഹാവനത്തിൽ മൃഗങ്ങളും ഇഴജന്തുക്കളുമുണരുന്നു.
ഇനാസി തന്റെ ഭാണ്ഡവുമായി എഴുന്നേറ്റ് അലക്ഷ്യമായി നടന്നു. മനസ്സിലെ അസ്വസ്ഥതകളുടെ ഭാരം എവിടെയാണൊന്നിറക്കി വയ്‌ക്കുക?
പളളിമണിയുടെ സ്‌നേഹാദ്രമായ വിളി വീണ്ടും.
പളളിയിൽപോയി പ്രാർത്ഥിച്ചാൽ മനസ്സിനു ശാന്തി കിട്ടുമോ? തിരക്കും ബഹളവുമൊഴിഞ്ഞ, ആർത്തിയും ആവേശവുമില്ലാത്ത, ശാന്തമായ ഭക്തിയുടെ ഇളം നീലപ്രകാശം വിരിഞ്ഞു നിൽക്കുന്ന ദേവാലയാന്തരീക്ഷം.
ഹൃദയം പ്രത്യാശയുടെ വെളിച്ചം തേടുന്നു.
ചുറ്റിത്തിരിഞ്ഞു നടന്ന് അവസാനം പളളി കണ്ടെത്തി. ആകാശത്തിലേക്കു ശിരസ്സുയർത്തി നിശ്ശബ്‌ദ ഗംഭീരമായി നിൽക്കുന്ന പളളി. അനന്തതയെ ചുംബിക്കുന്ന തലപ്പാവിന്റെ അഗ്രത്തിൽ ദൈവപുത്രനു മരണശയ്യയായി തീർന്ന കുരിശ്. അവയിൽ കാക്കക്കാഷ്‌ഠത്തിന്റെ തിണർപ്പ്.
വിശാലമായ പളളിയകം. ആളുകൾ കുറവ്. മനോഹരമായി പെയിന്റു ചെയ്യപ്പെട്ട പുണ്യവാളന്മാരുടേയും പുണ്യവതികളുടേയും ആർഭാട ശില്പങ്ങൾ. അവയ്‌ക്കുമുന്നിൽ എരിഞ്ഞു പ്രകാശിക്കുന്ന മെഴുകുതിരികൾ, നേർച്ചപ്പെട്ടികൾ.
ആശ്രയബോധത്താൽ കൂമ്പിയ താമരമൊട്ടുപോലെ ഇനാസി മുട്ടുകുത്തി നിന്നു.
ദൈവമേ… കരുണാനിധേ… എനിക്കൊരു രക്ഷാമാർഗ്ഗം തരണേ….
മെഴുകുതിരി വെളിച്ചത്തിന്റെ വൃത്തങ്ങൾ മാത്രം ചുറ്റും ഒഴുകി നടക്കുന്നതായി കണ്ടു.
പുറത്തിറങ്ങിയപ്പോൾ ആത്മവിശ്വാസം വീണ്ടുകിട്ടിയതുപോലെ തോന്നി.
നഗരത്തിന്റെ പടിഞ്ഞാറെ അതിര് കായൽത്തീരമാണ്. കല്ലുകെട്ടിയുയർത്തിയ ഇരുമ്പഴികളോടുകൂടിയ മതിലരികിൽ ചെന്നു നിന്നു. കായലിൽ ബോട്ടുകളും കടത്തുവഞ്ചികളും മത്സ്യബന്ധനം നടത്തുന്ന മുക്കുവരും, അകലെ തുറമുഖത്തു നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകളും.
മനോഹരമായ എത്രയെത്ര സീനറികളാണ് ചിതറിക്കിടക്കുന്നത്! വാർഫിൽ, വ്യക്തവും അവ്യക്തവുമായി ആകാശത്തിലേക്കു തലനീട്ടി നിൽക്കുന്ന അനേകം ക്രെയിനുകൾ, ശവപ്പറമ്പിൽ നിന്നുയർന്നുവന്ന രാക്ഷസന്മാരുടെ അസ്ഥികൂടങ്ങൾപോലെ. പുക തുപ്പി ജലവിതാനത്തിൽ ഉറങ്ങിക്കിടക്കുന്ന കൂറ്റൻ കപ്പലുകൾ. അവയുടെ ചുവട്ടിലൂടെ അരിച്ചു നീങ്ങുന്ന ഒച്ചുകളെപ്പോലുളള ചരക്കുവളളങ്ങൾ. ജലവിതാനത്തിൽ വീണുകിടക്കുന്ന പ്രതിഛായകൾ. ഓളങ്ങളിൽ ഇളകിതുളുമ്പുന്ന വെളിച്ചം. കായലിന്റെ ആഴ വ്യത്യാസങ്ങൾക്കനുസരിച്ചുണ്ടാകുന്ന നിറവ്യത്യാസങ്ങൾ.
ആഫ്രിക്കൻ പായലുകളുടെ ഒഴുകുന്ന പച്ചവിരിപ്പുകൾ.
എല്ലാം നോക്കി നിന്നപ്പോൾ ഹൃദയത്തിൽ സർഗ്ഗാത്മകതയുടെ ദാഹം ചുണ്ടുവിടർത്തി.
ഈ സീനറികൾ കാൻവാസിലൊന്നു പകർത്താൻ കഴിഞ്ഞെങ്കിൽ…
കാൻവാസു വാങ്ങാൻ കൈയ്യിൽ പൈസയില്ല. പക്ഷേ, വരയ്‌ക്കാതിരിക്കാൻ വയ്യെന്നു തോന്നി.
അയാൾ ഭാണ്ഡം താഴെയിറക്കിവച്ചു. കടലാസ്സുചുരുൾ നിവർത്തി മതിലിൽ പിൻ ചെയ്‌തു. കളർ ട്യൂബുകളും ബ്രഷുകളും എടുത്തുവെച്ചു. കുപ്പിയിൽ വെളളമെടുത്തു വച്ചു.
പെൻസിൽ മുനകൊണ്ട് അയാൾ കടലാസ്സിൽ ദൃശ്യങ്ങളുടെ സ്‌കെച്ചുകൾ കോറി.
ഇളംവെയിൽ കാരുണ്യപൂർവ്വം അയാളുടെ പുറം തലോടി.
പാലറ്റിൽ നിറങ്ങൾ ചാലിച്ച് ബ്രഷുകൊണ്ട് അയാൾ കടലാസ്സിലെ സ്‌കെച്ചുകൾക്കു ജീവൻ പകർന്നു.
വഴിയെപോയ ചില യാത്രക്കാർ കൗതുകപൂർവ്വം അയാളുടെ ചുറ്റും കൂടാൻ തുടങ്ങി.
Generated from archived content: vilapam2.html Author: joseph_panakkal