എല്ലാവരും ഹൈറേഞ്ചിന്റെ പ്രകൃതിയുമായി പൊരുത്തപ്പെടാൻ തുടങ്ങിയിരുന്നു. പലരും ആദ്യമായി മലകൾ കാണുന്നവരാണ്. അവരുടെ കണ്ണുകളിൽ അത്ഭുതാഹ്ലാദങ്ങൾ വിടർന്നിരുന്നു.
വണ്ടി കിതച്ചു കൊണ്ടുനിന്നു.
‘പീരുമേട്…’ ആരോ വിളിച്ചു പറഞ്ഞു.
‘തേക്കടിയെത്തീല്ല, അല്ലെ?’
‘എത്താറായി.’
‘ഇരുന്നിരുന്നു മടുത്തു.’
‘നമുക്കിവിടെയിറങ്ങി ഊണു കഴിക്കാം.’ വിലാസിനിടീച്ചർ പറഞ്ഞു. ഭരതനാട്യം പ്രൊഫസ്സറാണ് അവർ.
‘മണി പതിനൊന്നല്ലെയായുളളൂ.’
‘അതെ; പക്ഷെ, ഇനി സമയമുണ്ടാവില്ല. ബോട്ട് പന്ത്രണ്ടരയ്‌ക്കാണ്. രണ്ടരമണിക്കൂർ ബോട്ടുയാത്രയ്‌ക്കു വേണം.’ സീരിസാർ വിശദമാക്കി.
എല്ലാവരും ബസ്സിൽ നിന്നിറങ്ങി. വർണ്ണങ്ങളും ശബ്‌ദങ്ങളും പരന്നൊഴുകി. വളകൾ ചിരിച്ചു. വലിയൊരാശ്വാസവും സുഖവും തോന്നി. ആൺകുട്ടികളും പെൺകുട്ടികളും വളരെ സ്വതന്ത്രമായി സംസാരിച്ചും ചിരിച്ചും നടന്നു.
എവിടെയാണു നല്ല ഭക്ഷണം കിട്ടുക? ബാലചന്ദ്രൻ മാസ്‌റ്റർ ഹോട്ടലുകൾ നോക്കിനടന്നു. ഹോട്ടൽ ഹൈറേഞ്ച് എന്ന വലിയ ബോർഡു കണ്ടു. ഹോട്ടലിന്റെ മുഖഭാവം ആകർഷകമായി തോന്നി. അകത്തു കയറിയപ്പോൾ മുഖഭാവഭംഗികൊണ്ടു കാര്യമില്ലെന്നു മനസ്സിലായി. സൗകര്യക്കുറവും വൃത്തിഹീനതയും. വേറെ അന്വേഷിച്ചു നടക്കാൻ സമയമില്ലാതിരുന്നതുകൊണ്ട് അവിടന്നു തന്നെ ഊണു കഴിച്ചു. കറികളുടെ എണ്ണം കൂടുതലുണ്ടായെങ്കിലും രുചികരമായതൊന്നുമില്ലായിരുന്നു.
‘പണം കബളിപ്പിച്ചെടുക്കാനുളള മാർഗ്ഗം!’ വിലാസിനിടീച്ചർ അമർഷത്തോടെ പറഞ്ഞു.
വീണ്ടും ബസ്സിൽ കയറി. കാട്ടുമരങ്ങൾക്കിടയിലൂടെ തേക്കടിയുടെ തടാകങ്ങളെയന്വേഷിച്ച് വണ്ടി ഓടി. വണ്ടിപ്പെരിയാറിന്റെ തീരത്ത്, ബോട്ടുകടവിനടുത്ത് വണ്ടിനിന്നു.
മലകളെ വലം വച്ചൊഴുകുന്ന പെരിയാർ. പച്ചക്കാടുകളണിഞ്ഞു നില്‌ക്കുന്ന മലകൾ. അവ്യക്തമായ ഒരുതരം ഭയത്തിന്റെ തണുപ്പ് കാടുകളെ ചുഴന്നു നിന്നു.
‘ബോട്ടു വന്നില്ലല്ലോ.’
അന്വേഷിക്കാൻ സീരിമാസ്‌റ്ററോടൊപ്പം വിപിനും പോയി.
ഒരു പൊതിക്കെട്ട് ഇനാസിയുടെ കൈയിൽ കൊടുത്തുകൊണ്ട് ബാലചന്ദ്രൻ മാസ്‌റ്റർ പറഞ്ഞുഃ
‘ഇതെല്ലാവർക്കും കുറേശ്ശെ കൊടുത്തോളൂ.’
അതു കപ്പലണ്ടിയായിരുന്നു. ഇനാസി ഓടിനടന്ന് ഓരോ പിടിവാരിക്കൊടുത്തു. കുട്ടികൾ ചെറിയ ചെറിയ സംഘങ്ങളായി മരങ്ങൾക്കിടയിൽ മാറിനിന്നു സംസാരിച്ചു.
‘ബോട്ടിന് അരമണിക്കൂർ താമസമുണ്ട്. അതുവരെ ഇവിടമൊക്കെ ഒന്നു ചുറ്റി നടന്നു കാണാം.’-സീരിമാസ്‌റ്റർ തിരിച്ചു വന്നിട്ടു പറഞ്ഞു.
കാട്ടുമരങ്ങളുടെ കുളിരോലുന്ന തണലുകളിൽ കുട്ടികൾ ചിതറി. പൂത്തും കായ്‌ച്ചും നില്‌ക്കുന്ന അപരിചിതങ്ങളായ മരങ്ങൾ. സംസാരങ്ങളും ചിരിയും വളകിലുക്കങ്ങളും കൊണ്ട് താഴ്‌വര സജീവമായി.
ഇനാസി വളരെ കരുതലോടെ ഉമയേയും വിളിച്ച് കൂട്ടംവിട്ട് അകന്നു മാറി. തടാകത്തിലേയ്‌ക്കു ചാഞ്ഞുനില്‌ക്കുന്ന ഒരു മരത്തിന്റെ ചുവട്ടിൽ അവർ ഇരുന്നു. മഞ്ഞപ്പൂക്കളും വയലറ്റ് കായ്‌കളുമുളള മരം കുടപോലെ അവർക്കുമേലെ വിടർന്നു നിന്നു.
അവളുടെ ചുണ്ടിൽ തേൻപുഞ്ചിരിയും കണ്ണുകളിൽ പരിഭ്രമവും കവിൾത്തടങ്ങളിൽ വികാരവൈവശ്യത്തിന്റെ അരുണിമയും കണ്ടു. അവളെ നോക്കിയിരുന്നപ്പോൾ ഇനാസിയ്‌ക്ക് അടക്കാനാകാത്ത അഭിനിവേശം തോന്നി. അയാൾ അവളുടെ തോളിലൂടെ കൈയിട്ട് ചേർത്ത് കവിളിൽ കവിൾ ഉരുമ്മി.
‘ഉമാ…’
അവളാകെ കോരിത്തരിച്ചു എങ്കിലും പരിഭ്രമത്തോടെ പറഞ്ഞു.
‘ആരെങ്കിലും കാണും.’
‘നമ്മൾ തമ്മിൽ പ്രേമമാണെന്ന് എല്ലാവർക്കുമറിയാം.’
‘കേമായി! ഇയ്യാൾക്കൊരു നാണോല്യ’
‘ഞാൻ കൊളളരുതായ്‌മയൊന്നും ചെയ്‌തില്ലല്ലോ, നാണിക്കാൻ. പ്രേമമെന്ന വികാരം നാണിക്കത്തക്കതാണോ?’
അവളുടെ മുഖം ലജ്ജകൊണ്ടു ചുവന്നു.
‘ഇനാക്കങ്ങനെ പറയാം. ഞാനല്ലെ കളിയാക്കലുകൾ കേട്ടു ചൂളുന്നത്.’
കാട്ടുപൂക്കളുടെ സുഗന്ധവുമായി കുളിർകാറ്റ് അവരെ തലോടി.
‘അസൂയയുളളവർ കളിയാക്കട്ടെ; അതൊരു രസമല്ലെ.’ അയാൾ അവളുടെ കവിളിലെ നുണക്കുഴിയിൽ വിരൽത്തുമ്പുകൊണ്ടൊന്നു തോണ്ടി.
അവൾ ചിരിച്ചു. ജലതരംഗംപോലെ ചിരിയുടെ സംഗീതം മലകളിൽ പരന്നു. അവളുടെ കണ്ണുകളിലുറ്റു നോക്കി അവനിരുന്നു. ജീവിതത്തിന്റെ സൗന്ദര്യം ആ കണ്ണുകളിൽ തിളങ്ങിയിരുന്നു. വാചാലമൂകമായ നിമിഷങ്ങൾ….!
കലാലയം അടച്ചു പിരിഞ്ഞാൽ ഉമയെ പിന്നെ കാണാൻ എവിടെയാണു സൗകര്യപ്പെടുക? ഉമയെ പിരിഞ്ഞ് എത്ര ദിവസം തനിക്കു കഴിയാനാവും? വിരഹവേദനയുടെ തീ മനസ്സിൽ എരിഞ്ഞുകൊണ്ടേയിരിക്കും.
‘ഉമേ, ഇനി നമ്മൾ എവിടെ വച്ചാണ് കാണുക?’ ഇനാസി ചോദിച്ചു.
‘ഞാനും അതാലോചിക്കയായിരുന്നു.’-അവളുടെ കണ്ണുകളിൽ നനവൂറി. മുഖം വിവർണ്ണമാകാൻ തുടങ്ങി.
‘ആഴ്‌ചയിൽ രണ്ടു ദിവസമെങ്കിലും തമ്മിൽ കാണാൻ കഴിഞ്ഞില്ലെങ്കിൽ…!’ അയാൾ പറഞ്ഞു.
പരിസരം മറന്ന് ഉമ ഇനാസിയുടെ മാറിൽ തലചായ്‌ച്ചു. അവളുടെ ചുടുനിശ്വാസങ്ങൾ അയാളുടെ കഴുത്തിൽ പൊളളലേല്പിച്ചു. ഗദ്‌ഗദത്തോടെ അവൾ മന്ത്രിച്ചു;
‘ഇനാസി എന്നെ മറന്നാൽ ഞാൻ ജീവിക്കില്ല.’
‘ഛെ! എന്തായിത്!’ അയാൾ അവളുടെ മുതുകു തലോടി. ജീവിതം വിലയേറിയതാണെന്ന അറിവിന് ഭാരമേറിയതായി അയാൾക്കു തോന്നി.
‘ഞാൻ കത്തെഴുതാം. നഗരത്തിൽ എവിടെയെങ്കിലും വച്ചു കാണാനും സൗകര്യമുണ്ടാക്കാം.’ അയാൾ ആശ്വസിപ്പിച്ചു.
‘എന്നെ മറക്കുമോ, ഇനാസീ?’ – അവൾ ഇനാസിയുടെ കണ്ണുകളിലുറ്റു നോക്കി ദയനീയമായി ചോദിച്ചു.
‘ഉമയ്‌ക്കെന്നെ വിശ്വാസമില്ലെ?’- ആ ചോദ്യം ഉളളിൽ തറച്ചു. അവൾ മുഖം കുനിച്ചു. ഒന്നും മിണ്ടിയില്ല.
ഇനാസി ഉയരങ്ങളിലേയ്‌ക്കു കടന്നുകയറുന്ന ഒരു കലാകാരനാണ്. ജീവിതത്തിന്റെ ലക്ഷ്യങ്ങളും ഗതിയും പെട്ടെന്നു മാറാൻ പാടില്ലായ്‌കയില്ല. തന്നോടുളള സ്‌നേഹം കൈവിടാതെ സൂക്ഷിക്കാൻ അയാൾക്കെന്നും കഴിയുമോ? ഉമയുടെ മനസ്സ് പിടഞ്ഞു.
അയാൾ അവളുടെ മുടിയിൽ വിരലോടിച്ചു. സ്‌നേഹത്തോടെ അവളെ തഴുകി. ഏതോ സ്വപ്നങ്ങൾ കണ്ടുകൊണ്ടെന്നപോലെ ഇനാസി പറഞ്ഞുഃ
‘എനിക്കൊരു ജോലിയായാൽ പിന്നെ ഉമയെ സ്വന്തമാക്കി ഞാൻ എന്റെ കൂടെ താമസിപ്പിക്കും. ഒച്ചയും ആർഭാടവുമില്ലാതെ ഒരു രജിസ്‌റ്ററാപ്പീസിൽ വച്ചു നമുക്കു വിവാഹിതരാകാം.’
ഉമയ്‌ക്കു ചിരിയും കണ്ണീരും ഒപ്പം വന്നു. അവൾ ഒന്നും മിണ്ടിയില്ല.
കാറ്റ് ഒരു മൂളിപ്പാട്ടുമായി കടന്നുപോയി. പെരിയാൽ ലജ്ജയോടെ കുണുങ്ങിച്ചിരിച്ചൊഴുകി. കാട്ടുമരങ്ങൾ അവരുടെമേൽ പൂക്കൾ വർഷിച്ചു.
ഇനാസി അവളുടെ കണ്ണീരണിഞ്ഞ കവിൾത്തടങ്ങളിൽ ചുംബന മുദ്രചാർത്തി. അവൾ കോരിത്തരിച്ചു.
‘ബോട്ടു വരാറായിക്കാണും.’ ഇനാസി ഓർമ്മിപ്പിച്ചു. അവർ എഴുന്നേറ്റു. മരച്ചില്ലയിൽ നിന്നൊരു ചുവന്ന പൂവെടുത്ത് ഇനാസി അവളുടെ മുടിയിൽ തിരുകി.
തൊട്ടടുത്ത മരത്തിൽനിന്ന് നീലയും ചുവപ്പും നിറമുളള രണ്ടു പക്ഷികൾ ചിലച്ചുകൊണ്ടു പറന്നകന്നു. കാട്ടുപറവകളുടെ ശബ്‌ദങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരുന്നു.
ഉമ ഇനാസിയെ വിട്ട് വേഗം ഓടിപ്പോയി. ഇനാസിയോടുകൂടി മറ്റുളളവരുടെ മുന്നിൽ ചെല്ലാൻ അവൾക്കു നാണംതോന്നി. ബോട്ടുപാലത്തിനടുത്ത് അദ്ധ്യാപകരും കുട്ടികളും കൂടിനിന്നിരുന്നു. ഉമ ചെന്നപ്പോൾ ദമയന്തി ചോദിച്ചു.
‘മധുരം നുളളാൻ പോയി, അല്ലേ? കളളീ….!’
ഉമ ചൂളിപ്പോയി.
വത്സാമാത്യുവും ലീലാമ്മ ജോസഫും ഉമയെ നോക്കി എന്തോ രഹസ്യം പറഞ്ഞു.
പിന്നാലെയെത്തിയ ഇനാസിയെ പലരും ശ്രദ്ധിച്ചു. രാജശേഖരൻ ഒന്നിരുത്തി മൂളി.
‘ഒളിച്ചുകളിയൊക്കെ അറിയുന്നുണ്ട്…’
ഇനാസി അതു കേട്ടതായി നടിച്ചില്ല.
തെളിഞ്ഞ ജലവിതാനത്തെ ഇളക്കി മറിച്ചുകൊണ്ട് ബോട്ടുവന്നു. കുട്ടികൾ തിരക്കിട്ട് ബോട്ടിൽ കയറി.
കാടുകളെ ശിരസ്സിലണിഞ്ഞു നില്‌ക്കുന്ന മലകളെ ചുറ്റിയൊഴുകുന്ന പെരിയാർ തടാകം. ഇരുവശങ്ങളിലുമിരുന്ന കുട്ടികൾ നദിയിൽ കൈയെത്തിച്ച് ജലം കോരിക്കുടിച്ചു. എത്ര കുടിച്ചാലും മതിവരാത്ത നിർമ്മലജലം.
ബോട്ട് ഓളമുയർത്തി മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.
നദികൾ തിരുത്തിക്കുറിച്ച ഭൂമിശാസ്‌ത്രത്തിന്റെ മൂകസാക്ഷികളെപ്പോലെ തടാകത്തിൽ തലയുയർത്തി നില്‌ക്കുന്ന ജീവനില്ലാത്ത തേക്കുമരങ്ങൾ.
കാട്ടാനകൾ ചിന്നം വിളിച്ചലയുന്ന കാട്ടുപ്രദേശത്ത് സുഖം വിലയ്‌ക്കു നല്‌കുന്ന ഒരു കൊട്ടാരം. ഒരു വനയക്ഷിയെപ്പോലെ നിന്നു പുഞ്ചിരിച്ച് സഞ്ചാരികളെ മാടിവിളിക്കുന്ന ഹോട്ടൽ ആരണ്യ നിവാസ്സ്!
അകലെ തടാകതീരത്ത് കുട്ടികളോടൊത്ത് വെളളം കുടിക്കാനെത്തുന്ന കാട്ടാനകളെ കണ്ട് ഇനാസി ആവേശത്തോടെ കൈ ചൂണ്ടി.
‘ഉമേ, നോക്കൂ ആനകളും കുട്ടികളും…!’
എല്ലാവരും അങ്ങോട്ടു നോക്കി. പിടിയാനകളുടെ നടുക്ക് ഒരു ആടിനോളമുളള കുഞ്ഞാന. കുട്ടികൾക്കെല്ലാം വലിയൊരു കൗതുകമായി അത്. പിന്നെയും അല്പം നീങ്ങിയപ്പോൾ ഒരിടത്ത് ഏകനായിനിന്നു പുല്ലു തിന്നുന്ന ഒരു കാട്ടുപോത്തിനെ കണ്ടു. പിന്നെ കാഴ്‌ചകൾ അങ്ങനെ പലതും വന്നുകൊണ്ടിരുന്നു. പരിഭ്രമിച്ചോടുന്ന മാനുകൾ. മരച്ചില്ലയിലിരുന്നു കൊഞ്ഞനം കാണിക്കുന്ന കുരങ്ങുകൾ, പലതരം പക്ഷികൾ, കാട്ടുപൂച്ച… ഓരോന്നു കാണുമ്പോഴും കുട്ടികൾ ആഹ്ലാദാരവമുയർത്തുകയും തോന്നിയതൊക്കെ വിളിച്ചു പറയുകയും ചെയ്തു. കാട്ടുമൃഗങ്ങളുടെ താവളങ്ങൾക്കടുത്ത് ഡ്രൈവർ ബോട്ടു നിർത്തിനിർത്തിയാണ് ഓടിച്ചത്.
വണ്ടിപ്പെരിയാർ അണക്കെട്ടിനടുത്ത് ബോട്ടടുപ്പിച്ചു. എല്ലാവരും കരയ്‌ക്കുകയറി അണക്കെട്ടു കണ്ടു.
ജലയാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേയ്‌ക്കും കാടുകൾ ഇരുണ്ടുതുടങ്ങി. മലമുകളിൽ സന്ധ്യയുടെ രജതമേഘങ്ങൾ ഇറങ്ങി.
തിരിച്ചു ബസ്സിൽ കയറിയിരുന്നപ്പോൾ എല്ലാവരും തളർന്നു കഴിഞ്ഞിരുന്നു. ഉത്സാഹവും ഉന്മേഷവും കൊഴിഞ്ഞുപോയിരുന്നു. വിശപ്പും ഉറക്കവും എല്ലാവരെയും നിശ്ശബ്‌ദരാക്കി.
ബസ്സ് കിതച്ചുകൊണ്ട് ഒരു ഗർഭണിയെപ്പോലെ അലസമായി മലയിറങ്ങാൻ തുടങ്ങി. താഴ്‌വരകളിൽ മഞ്ഞും ഇരുട്ടും പടർന്നുകയറി. മലയിരുണ്ടു. കാഴ്‌ചകൾ നഷ്‌ടപ്പെട്ടപ്പോൾ എല്ലാവരും സീറ്റിൽ തല ചായ്‌ചു മയങ്ങാൻ തുടങ്ങി.
Generated from archived content: vilapam19.html Author: joseph_panakkal