പതിനേഴ്‌

ഉത്സാഹത്തിമിർപ്പും ചിരിയും സംസാരവും പാട്ടും എല്ലാം ചേർന്നു ടൂറിസ്‌റ്റ്‌ ബസ്സിനെ ഒരു പ്രത്യേക ലോകമാക്കി മാറ്റി. കമ്പിയഴികൾക്കിടയിലൂടെ തണുത്ത കാറ്റ്‌ മൂളിപ്പാഞ്ഞു കയറിയപ്പോൾ ഷട്ടറുകൾ ഓരോന്നായി അടയ്‌ക്കപ്പെട്ടു. കാറ്റിന്റെ തണുത്ത, അസുഖകരമായ സ്‌പർശം സഹിച്ച്‌ ഇനാസി പുറത്തേക്കു നോക്കിയിരുന്നു.

ഇരുട്ടിൽ നിന്നു ബസ്സിന്റെ പ്രകാശം ചുരത്തുന്ന കണ്ണുകളിൽ അനാവൃതമാകുന്ന വിജനമായ തെരുവ്‌. ഉറങ്ങുന്ന ഏകാന്ത വീഥികൾക്കു കാവൽ നിൽക്കുന്ന വൈദ്യുത വിളക്കുകൾ. അടഞ്ഞ പീടികത്തിണ്ണകളിൽ മഞ്ഞുകൊണ്ടു ചുരുണ്ടുകൂടിയുറങ്ങുന്ന മനുഷ്യപുത്രന്മാർ, അനാഥർ, അശരണർ, തെരുവിന്റെ സന്തതികൾ, പിന്നെ ആടുകൾ, പശുക്കൾ, നിയോൺ വെളിച്ചത്തിൽ ശൂന്യതയിലേക്കു തുറിച്ചു നോക്കുന്ന പരസ്യങ്ങൾ, പീടികത്തിണ്ണകളിൽ ഉറക്കം വരാതെ എഴുന്നേറ്റിരുന്നു പിറുപിറുക്കുന്നവർ, കൊട്ടാര സദൃശമായ വീടുകൾക്കു മുന്നിൽ കാവൽ നിൽക്കുന്ന ഗൂർഖകൾ.

കടന്നുപോകുന്ന വഴികളിൽ നിന്നു മുഖം തിരിച്ച്‌ ഇനാസി ബസ്സിനകത്തു കണ്ണോടിച്ചു. പലരും തണുത്ത കാറ്റിന്റെ ലാളനയിൽ മയങ്ങി സീറ്റിൽ ചാരിക്കിടന്നുറങ്ങുന്നു. വലത്തെ സീറ്റിന്റെ ഇടതറ്റത്ത്‌ ഉമ തന്നെയും നോക്കിയിരിക്കുന്നു.

‘ഇനാസിയ്‌ക്ക്‌ ഉറക്കം വരുന്നില്ലെ?’

‘ഉറങ്ങിയാൽ ഉമയെ കണ്ടുകൊണ്ടിരിക്കുന്നതെങ്ങനെ?’

അവളുടെ കണ്ണുകളിൽ ലജ്ജയും സന്തോഷവും വിരിഞ്ഞു.

‘ഞാൻ ഉറക്കത്തിലും കാണാറുണ്ട്‌.’ അവൾ പറഞ്ഞു.

ബസ്സ്‌ ഒരേ വേഗത്തിൽ നാടുകൾ പിന്നിട്ടു മുന്നേറി.

ഉമയുടെ സ്‌കാഫിന്റെ അറ്റം തണുത്ത കാറ്റിൽ ഇളകിത്തുടിച്ചു. അത്‌ ഇനാസിയെ എത്തിപ്പിടിക്കാൻ ശ്രമിച്ചു. അവളുടെ നെറ്റിയിൽ ചുരുൾമുടിയിഴകൾ നൃത്തംവച്ചു. ഉമയുടെ പിന്നിലെ സീറ്റിലേക്ക്‌ ഇനാസി മാറിയിരുന്നു. ഉമയുടെ സാന്നിദ്ധ്യവും ഗന്ധവും ഇപ്പോൾ കൂടുതൽ ആസ്വദിക്കാം.

സ്വപ്നാത്മകമായ ഒരനുഭൂതിയിൽ അയാൾ മയങ്ങി. ആകാശ നീലിമയിലെ വെൺമേഘങ്ങൾക്കിടയിലൂടെ പാഞ്ഞുപോകുന്ന ഒരു സ്വർണ്ണ രഥത്തിൽ താനും ഉമയും ചേർന്ന്‌ അജ്ഞാതമായ ഒരു പ്രകാശ ഗോപുരത്തിലേക്കു പ്രയാണം ചെയ്യുകയാണെന്നു തോന്നി. താൻ ഒരു രാജകുമാരനും ഉമ ഒരു രാജകുമാരിയുമാണ്‌. മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന ഒരു കുട്ടിയുടെ സങ്കല്പമായിരുന്നു അത്‌.

‘കാറ്റടിച്ചിട്ട്‌ വല്ലാതെ തണുക്കുന്നു.’ ഉമ പറഞ്ഞു.

ഇനാസി അവളുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു. ആ മുഖഭാവം അവൾക്കു വായിക്കാൻ കഴിഞ്ഞു.

-എന്തു ചെയ്യാം? പരസ്പരം തൊട്ടുരുമ്മി ചൂടുപകർന്ന്‌ ഒരു കൊമ്പിലിരിക്കാൻ മോഹിക്കുന്ന ഇണക്കിളികൾ. എന്നാണതു സഫലമാവുക? സാമൂഹ്യനീതിയുടെ അംഗീകാരം ലഭിക്കുന്ന ആ ശുഭ മുഹൂർത്തം ഒരു വലിയ സ്വപ്‌നമാണല്ലോ!

സംഗമസ്ഥാനം തേടിയൊഴുകുന്ന രണ്ടു നദികൾ.

ഉമ പിൻസീറ്റിൽ ചാരിയിരുന്നു. അവളുടെ ഗന്ധം താമരപ്പൂവിന്റെ പരിമളമായി അവന്റെ ഉളളം നിറഞ്ഞു.

ബസ്സിന്റെ മുൻഭാഗത്ത്‌ സംഗീത വിദ്യാർത്ഥികളാണ്‌. അവർ ഓരോരുത്തരായി മത്സരിച്ചു പാടുകയാണ്‌. ഉണർന്നിരിക്കുന്നവരെല്ലാം ആ പാട്ടിന്റെ താളത്തിൽ മുഴുകിയിരിക്കുകയാണ്‌. ഹൃദയത്തിൽ ഇക്കിളിയുണർത്തുന്ന പ്രേമഗാനങ്ങൾ. ഇനാസിയും ഉമയും ആ പാട്ടിന്റെ താളത്തിനൊപ്പം കൈകൊട്ടിക്കൊണ്ടിരുന്നു.

ദൂരങ്ങൾ പിന്നിട്ടു പോകുന്നതറിയുന്നില്ല.

ഒരു ചെറിയ ചായക്കടയുടെ മുന്നിൽ ബസ്സ്‌ കിതച്ചു നിന്നു. പുറത്തേക്കു നോക്കി. വൈക്കം. മയങ്ങിക്കിടക്കുന്നവരെല്ലാം ഉറക്കച്ചടവോടെ കോട്ടുവായിട്ടെഴുന്നേറ്റു. പുറത്ത്‌ മഞ്ഞു പടർന്ന ഇരുട്ട്‌.

ചൂടുളള കട്ടൻകാപ്പിയുടെ നവോന്മേഷത്തിൽ തെളിഞ്ഞുവരുന്ന പുതിയ പ്രഭാതത്തിന്റെ അങ്കുരം കണ്ടു.

വീണ്ടും എല്ലാവരും ബസ്സിൽ കയറിയപ്പോൾ ആകെ ഉണർവ്വുണ്ടായിരുന്നു. ബസ്സ്‌ ഇരമ്പിയൊഴുകാൻ തുടങ്ങി.

കിഴക്ക്‌ ഹൈറേഞ്ച്‌ മലകൾക്കപ്പുറം അല്പാല്പമായി വിടരുന്ന പ്രഭാതപുഷ്‌പം. പ്രഭാതത്തിലെ തണുപ്പിൽ ഉമ സീറ്റിൽ ചാരിയിരുന്നുറക്കമായി.

ഉണർന്നെഴുന്നേൽക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും നിഴലുകൾ പുറത്തു കണ്ടുതുടങ്ങി. അരണ്ട പ്രഭാതത്തിൽ അനാവൃതമാകുന്ന പ്രകൃതി സൗന്ദര്യം മൊത്തി കുടിക്കാൻ ഇനാസിയുടെ കണ്ണുകൾ ദാഹിച്ചു.

പച്ചപ്പട്ടുചേലയണിഞ്ഞ ഗ്രാമകന്യകമാർ കൂട്ടം ചേർന്നു നില്‌ക്കുന്നതുപോലെ കുലയ്‌ക്കാറായ വാഴത്തോട്ടം. തണുത്ത ഇളം കാറ്റിൽ വാഴക്കൈകൾ മൂകമായി അഭിവാദ്യമരുളി. കയ്‌പ്പവളളിച്ചെടികൾ പടർന്നു മനോഹരമായ പച്ചപ്പന്തലുകൾ. പിന്നെ, വെളളരിപ്പാടങ്ങൾ, ചീരത്തോട്ടങ്ങൾ, തളിർത്തുപൊങ്ങുന്ന നെൽപ്പാടങ്ങൾ.

മധുരനാരങ്ങക്കൊട്ടയുമായി വിപിൻ സീറ്റുകൾക്കിടയിലൂടെ നടന്നു വിതരണം ചെയ്‌തു. പിന്നാലെ ഉണ്ണിയപ്പവും നുറുക്കും വിളമ്പി രാജശേഖരനും വർഗ്ഗീസും നടന്നു. ശാന്താമാത്യു മിഠായി വിളമ്പി നടന്നു. പ്രാതൽ ഉണർത്തിവിട്ട ആഹ്ലാദത്തിന്റെ അലകൾ ബസ്സിൽ. അതുവരെ മൂകരായിരുന്ന പലരും സംസാരിക്കാനും ചിരിക്കാനും തുടങ്ങി.

പഴത്തൊലിയും നാരങ്ങാത്തൊണ്ടും പുറത്തേയ്‌ക്ക്‌ തെറിച്ചുപോയിക്കൊണ്ടിരുന്നു. വഴിയെ പോയവർ ബസ്സിലേയ്‌ക്കു തുറിച്ചു നോക്കി.

പാട്ടും കൈകൊട്ടും മേളവും പൊട്ടിച്ചിരികളും സംസാരവുമായി ബസ്സ്‌ ഇരച്ചൊഴുകി. മുന്നോട്ട്‌, മുകളിലേക്ക്‌. ഹൈറേഞ്ചിലേക്കുളള കയറ്റം ആരംഭിച്ചിരിക്കുന്നു.

പുഴുങ്ങിയ താറാമുട്ട കൈയ്യിൽ വച്ച്‌ ഉമ മടുപ്പോടെ ഇനാസിയുടെ നേരെ തിരിഞ്ഞു ചോദിച്ചു.

‘വേണോ?’

‘എന്താ ഉമ കഴിക്കില്ലേ?’

‘എനിക്കിഷ്‌ടല്ലാ.’

ഇനാസി കൈ നീട്ടി. ഉമ കൊടുത്തു. പകരം ഇനാസി മധുരനാരങ്ങായുടെ പകുതി കൊടുത്തു.

‘എന്താണിവിടൊരു കച്ചോടം?’ ദമയന്തി ചോദിച്ചു. അടുത്തിരുന്ന പെൺകുട്ടികൾ ചിരിച്ചു. ഉമയുടെ കണ്ണുകൾ ലജ്ജകൊണ്ടു കൂമ്പി.

‘നഷ്‌ടക്കച്ചോടാവരുതെട്ടോ.’ ലീലാമ്മ ജോസഫ്‌ എന്ന നർത്തകി ഓർമ്മിപ്പിച്ചു.

‘ഐ വിഷ്‌ ഓൾ സക്സസ്‌!’ ദമയന്തി ഒരു കുസൃതിക്കടാക്ഷം തൊടുത്തുവിട്ടു.

‘ഓ, ഒന്നുപോ പെണ്ണെ!’ ഉമയ്‌ക്കു മധുരതരമായ ഒരു ശുണ്‌ഠി വന്നു.

ഇനാസിയുടെ ഉളളിൽ ഒരു കുളിരു വീശി.

‘ഓ, പെണ്ണിന്റെയൊരു കോപം! കണ്ണടച്ചു പാലുകുടിക്കുമ്പോ ആരും കാണുകേലെന്നാ പൂച്ചേടെ വിചാരം!’ കൊച്ചീക്കാരി വത്സാമാത്യു ഒരൊളിയമ്പെയ്‌തു.

‘അതെയതെ; പാവം പൂച്ച!’ ദമയന്തി ചിരിച്ചു.

‘അതിനു നിങ്ങൾക്കെന്തിനാ അസൂയ?’ ലീലാമ്മ ജോസഫ്‌ ചോദിച്ചുഃ ‘എല്ലാവർക്കും ആവാലോ?’

‘ഇതത്ര നിസ്സാരകാര്യമാണെന്നാണോ; കൊളളാം!’ പത്മ പറഞ്ഞു.

ഇനാസി ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ പുറത്തേക്കു നോക്കിയിരുന്നു. അവന്റെ മനസ്സിൽ തേന്മഴ പെയ്യുകയായിരുന്നു. ആനന്ദാനുഭൂതികളും സ്വപ്നങ്ങളും കിളർത്തുപൊങ്ങി.

-അറിയട്ടെ. എല്ലാവരും അറിയട്ടെ. ഉമയെ ഞാൻ സ്വന്തമാക്കിയിരിക്കുന്നുവെന്ന്‌!

എല്ലാവരുംകൂടി കളിയാക്കാൻ തുടങ്ങിയപ്പോൾ ഉമയ്‌ക്കു സങ്കടം തോന്നി. അവൾ മൂകയായി തലകുനിച്ചിരുന്നു.

Generated from archived content: vilapam17.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപതിനാറ്‌
Next articleപതിനെട്ട്‌
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English